#മോക്ഷം തേടിയുള്ള യാത്ര#

ഡൽഹിയിൽ നിന്നു പുലർച്ചെ ശർമാജിയും ഭാര്യ കമലശർമയും കാറിൽ യാത്ര തിരിച്ചു. ഉത്തർപ്രദേശിലേ പ്രായാഗിൽ നടക്കുന്ന കുംഭമേളയാണ് ലക്‌ഷ്യം .... പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേള അതിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുളള സന്യാസിമാർ എത്തും. അലഹബാദിലേ പ്രയാഗിലെ ത്രിവേണി സംഗമത്തിൽ നടക്കുന്ന കുംഭമേളക്ക്‌ വളരെയേറെ പ്രാധാന്യമുണ്ട്... ഗംഗ, യമുന, സാങ്കൽപിക സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമം. കുംഭ മേളയിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുളള വിശ്വാസികളും എത്തും, ഹിമാലയസാനുക്കളിൽ നിന്നും കുംഭമേളയിൽ പങ്കെടുക്കാൻ മാത്രം ജനവാസമുളള സ്ഥലതേക്കു വരുന്ന ചില വിഭാഗക്കാരുണ്ട് അവയിൽ ഒന്നാണ് നാഗ സന്യാസിമാർ ..... അവരുടെ കൂട്ടത്തിൽ അവനും ഉണ്ടാക്കും --പരശുറാം ശർമ.

ഡൽഹിയിൽ സ്ഥിര താമസമാക്കിയ ഒരു റിട്ടയർഡ് ഐ. പി.എസ് ഉധ്യൊഗസ്തനാണ് റാം മനോഹർ ശർമ. അദ്ദേഹം ഏറ്റവും മികച്ച രീതിയിൽ തന്നെ തന്റെ ഉദ്യോഗ ജീവിതം പൂർത്തിയാക്കി, വിശ്രമ ജീവിതത്തിലേക്ക് കടന്നതായിരുന്നു. ജീവിതസായന്ഹത്തിന്റെ ഈ വേളയിൽ ശർമാജി തന്റെ സഹധർമിണി കമലയോടോത്ത് ഒരു തീർഥ യാത്രക്ക് ഇറങ്ങിയതാണ് പ്രയാഗിലേക്ക്‌..... ത്രിവേണി സംഗമത്തിലെക്ക്... ഈ യാത്ര ഒരു നിയോഗമാണ്. താങ്ങളുടെ ഏക മകനെ തേടിയുള്ള യാത്ര.. പരശുറാമിനെ ഒരു നോക്കു കാണാനുള്ള ആഗ്രഹത്തോടെയുള്ള യാത്ര...

ഒരു ഐ. പി. എസ് ഉദ്യോഗസ്ഥന്റെ മകൻ നാഗസന്യാസിയാവുക !!! ശർമാജിയുടെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുകി. പഠിക്കാൻ മിടുക്കനായിരുന്നു പരശു, സ്കൂളിലും കോളേജിലും പഠനത്തിലും മറ്റു മേഖലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറിയ കുട്ടി..... ചരിത്രത്തിൽ ഗവേഷണത്തിനായി ഹിമാലയ സാനുക്കളിൽ വസിക്കുന്ന സന്യാസിമാരെ കുറിച്ച് പ്രബന്ധം തയാറാക്കാൻ പോയ പരശുറാമിന്റെ ജീവിതത്തിന്റെ ഗതി എന്നന്നേക്കുമായി മാറി. ചിന്തകൾ ഇത്രത്തോളമായപ്പോഴെക്കും ശർമാജിയിൽ നിന്നും ഗദ്ഗദം ഉയർന്നു. കമല അദ്ദേഹത്തെ നോക്കി.... കുംഭമേളക്ക് പോകാനുള്ള തീരുമാനമായപ്പോൾ മുതൽ അവരും കണ്ണുനീരിലാണ്‌. ശർമാജി യുടെ മുഖഭാവം അവരെ കൂടുതൽ വേദനിപ്പിച്ചു . വാർധക്യത്തിൽ താങ്ങും തണലും ആവേണ്ട മകൻ !!!! --അവൻ ഇപ്പോൾ എവിടെയാണ് ??

ഗവേഷണപ്രബന്ധം തയാറാക്കുന്നതിനിടയിൽ എപ്പോഴാ അവന്റെ മനസ്സും സന്യാസത്തിലേക്ക്‌ ആകൃഷ്ടമായി. ദിവസങ്ങളോളം.... പിന്നെ മാസങ്ങളോളം പരശു അപ്രത്യക്ഷനായി. റാംമനോഹർ അവനെ തിരഞ്ഞു നടന്നു... പല സ്ഥലത്തും, മാസങ്ങൾക്ക് ശേഷം ശർമാജി ശ്മശാനത്തിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിലെ പൂജാരിയേ കണ്ടുമുട്ടി. ശർമാജിയുടെ കയ്യിലുള്ള ഫോട്ടോയിലെ സുമുഖനായ ചെറുപ്പക്കാരൻ അയാൾക്ക് പരിചിതനായിരുന്നു . രാത്രിക്കാലങ്ങളിൽ ശ്മശാനത്തിൽ നാഗസന്യാസിമാരുടെ കൂടെ വരുന്ന പുതിയ നാഗ അനുചരൻ... അങ്ങിനെ ശർമാജി ആ ഘോര സത്യം മനസിലാക്കി ..... "പരശു നാഗസന്യാസത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന യാതാർത്ഥ്യം ". ആ വൃദ്ധ പൂജാരി അന്ന് ശർമാജിയുടെ മുന്നിൽ നാഗസന്യാസത്തിന്റെ കഠിനവൃതം അനാവരണം ചെയ്തു. അയാൾ തുടർന്നും, "സാഹിബ്‌ജി, പശുപതി രൂപത്തിലുള്ള ശിവാരാധകരാണ് നാഗസന്യാസിമാർ, മലയിൽ വസിക്കുന്നവർ..... മനുഷ്യവാസമുളള സ്ഥലത്ത് ഒരിക്കലും വരാത്തവർ. "

അന്ന് രാത്രി ആ പൂജാരിയിൽ നിന്നു നാഗന്മാരെ പറ്റിയുള്ള പുറം ലോകമാറിയത്ത ചിട്ടവട്ടങ്ങളും ആചാരങ്ങളും.... എപ്പോഴെങ്ങിലുമൊക്കെ ആ ശൈവക്ഷേത്രവും നാഗസന്യാസിമാരുടെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്.
വൃദ്ധനായ ആ പൂജാരി നാഗസന്യാസിമാരെ പറ്റിയുള്ള തന്റെ അറിവിന്റെ ലോകം ശർമാജിക്ക് മുന്നിൽ തുറന്ന് വെച്ചു, "മഹാത്മൻ, കേൾക്കു...ഒരു നാഗസന്യാസി ആവണമെങ്കിൽ കഠിനമായ ബ്രഹ്മചര്യം ഭൗതികമായും മാനസികമായും അനുഷ്ഠിക്കേണ്ടതാണ്‌ . ഭൗതിക ലോകവുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു, എല്ലാ ഇച്ഛകളും ത്യജിച്ച് കഠിന പരീക്ഷണങ്ങൾ അതിജീവിച്ചവരെ മാത്രമേ നാഗസന്യാസിയാവാൻ വേണ്ടി തിരഞ്ഞെടുക്കുകയുള്ളൂ. സനാധന ധർമ പരിപാലനമാണ് നാഗന്മാരുടെ ജീവിതധർമം "

തന്റെ വെറ്റിലക്കറ പുരണ്ട പല്ല് പുറത്തേക്ക് കാണും വിധം ചിരിച്ചു കൊണ്ട് അതിശൈത്യം മറി കടക്കാൻ തന്റെ കീറിയ റജായി ( പുതപ്പ് ) ഒന്ന് കൂടി വലിച്ചു പുതച്ചു അയാൾ തുടർന്നു.,
"എനിക്കു അധികമൊന്നും അറിയില്ല സാഹിബ്, ഈ കൊച്ചനെ ഞാൻ അവരുടെ കൂടെ ഈ ഇടയിലാണ്‌ കാണാൻ തുടങ്ങിയത് ". ജീവച്ഛവം പോലെയിരിക്കുന്ന റാം മനോഹർ ശർമ തന്റെ കണ്ണുനീർ പോലും തുടക്കാനാവതെ തുടർന്നു,
"പറയു എനിക്ക് എല്ലാമറിയണം പറയു.... പണ്ഡിറ്റ്‌ജി, ഏതു മായയാണ് എന്റെ മോനെ കൊണ്ട് പോയത്‌ ?,പറയു..... "അയാൾ പിറുപിറുത്തു കൊണ്ടിരിന്നു. "ശരി കേൾക്കു മഹത്മൻ, നാഗസന്യാസിമാർ സായുധരായ അഭ്യാസികളാണ്. പേരിന് പോലും വസ്ത്രം ധരിക്കാതെ നടക്കുന്നവർ, മേലാസകലം ഭസ്മം പൂശി, എണ്ണിയാൽ ഒടുങ്ങാത്ത രുദ്രാക്ഷങ്ങളുടെ മാലയും, നീണ്ട ജടയും ഇവരുടെ പ്രത്യേകതയാണ്. പ്രകൃതിയിൽ നിന്നു കണ്ടെത്തിയ ഒറ്റമൂലികളാണ് അവരുടെ ആരോഗ്യം കാക്കുന്നത്‌. താങ്ങളുടെ മകന്റെ 'ദീക്ഷ' എടുക്കുന്ന ചടങ്ങാണ്‌ ഇവിടെ ദിവസങ്ങൾക്ക് മുൻപ് ഇവിടെ നടന്നത്. ഇനി അവൻ അഹം എന്ന ഭാവം പാടെ ത്യജിച്ചു, ഭഗവാൻ, ജനങ്ങൾ, രാഷ്‌ട്രം എന്നീ മൂന്ന് നാഗധർമങ്ങളുടെ പരിപാലനം ചെയ്യലാണ്‌ അയാളുടെ ജീവിതവൃതം . അഹം എന്ന ഭാവമുളളവൻ രാഷ്‌ട്രധർമ പരിപാലനത്തിനു യോഗ്യനല്ല. ഒരാൾ ദീക്ഷ എടുത്തു കഴിഞ്ഞാൽ പിന്നെ ഗുരു മുഖത്ത് നിന്നും മന്ത്രോപദേശം ലഭിക്കും, പിന്നെ ജീവിതകാലം മുഴുവൻ ആ നാഗസന്യാസിക്ക് സഹസ്രക്കൊടി തവണ ഉരുക്കഴിക്കേണ്ട മന്ത്രം ലഭ്യമായി....പിന്നെ തുടങ്ങുകയായി അയാളുടെ പ്രയാണം.... ഒരു നാഗസന്യാസി ഒരു ദിവസം ഏഴു വീട്ടിൽ നിന്നും മാത്രമേ ഭിക്ഷ സ്വീകരിക്കുകയുള്ളൂ ..... കിട്ടിയ ഭിക്ഷ കൊണ്ട് അവർ തൃപ്തരാകും, അല്ലെങ്കിലും അവർ പട്ടിണി കിടക്കും. ദീക്ഷ ചടങ്ങുകൾ കഴിഞ്ഞു അവർ മല കയറി, ഇനി കാണുക പ്രയാസമാണ്, " അയാൾ പറഞ്ഞു നിർത്തി. അന്ന് കണ്ണിരോടെ അവിടുന്ന് മടങ്ങിയ ശർമാജി ആ പൂജാരിയേ കണ്ടിട്ടില്ല.

പിന്നിടുള്ള ദിനങ്ങൾ കണ്ണുനീരിൽ കുതിർന്ന ദിനങ്ങൾ ആയിരുന്നു. ഏക പുത്രന്റെ വിയോഗം അവരിൽ ഏല്പിച്ച ആഘാതം വലുതായിരുന്നു. പെട്ടെന്ന് പ്രായം കൂടിയത് പോലെ തോന്നി അവർക്ക്. പരസ്പരം ആശ്വാസിപ്പിക്കാനാവാതെ ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്നു പിൻവാങ്ങി അവർ ജീവിച്ചു.... പക്ഷ കുറേ വർഷങ്ങൾക്ക് ശേഷം ആ പൂജാരി ശർമാജിയേ തേടി വന്നു., നാഗസന്യാസ സംഘത്തിന്റെ പ്രത്യേക ദൂതുമായി ..... പരശുവിന്റെ പിണ്ഡകർമത്തിനുള്ള ക്ഷണം... കരയാൻ പോലും ത്രാണിയില്ലാതെ ശർമ ദാമ്പതിമാർ വീണ്ടും ആ ശൈവ ചൈതന്യം കുടികോള്ളുന്ന ആ ക്ഷേത്രത്തിൽ എത്തി ചേർന്നു. പരശുവിന്റെ കൂടുകാരും എത്തിയിരിന്നു ആ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ. ക്ഷേത്രത്തിനു സമീപതു കൂടി ഒഴുകുന്ന നദിക്കരയിലായിരുന്നു മരണാനന്തര ചടങ്ങ്, ജീവിച്ചിരിക്കുന്ന പരശുറാം ശർമയുടെ പിണ്ഡകർമം..... പൂർണ്ണ നാഗസന്യാസി ആവാനുള്ള പരശുവിന്റെ പ്രയാണം. സ്വയം മൃതനായി സങ്കല്പിച്ചു സ്വന്തം കുടുംബക്കാർക്കും സമൂഹത്തിനും മുന്നിൽ പിണ്ഡം വെച്ചു ശ്രാദ്ധമൂട്ടിസ്വയം അവരിൽ നിന്നു വ്യതിചലിച്ചു ഒരു നാഗസന്യാസിയായി അവൻ പുനർജനിച്ചു. ശർമാജിയും ഭാര്യയും കണ്ണിരോടെ ആ ചടങ്ങിനു സാക്ഷ്യം വഹിച്ചു.
ജീവനോടെയുള്ള മകന്റെ പിണ്ഡം വെച്ചു ശ്രാദ്ധമൂട്ടുന്നചടങ്ങ്. അന്ന് പരശു അച്ഛനോടോ അമ്മയോടോ ഒരു വാക്ക് പോലും മിണ്ടിയില്ല.. ഒരു ചലനം പോലും ഉണ്ടായില്ല അയാളുടെ ഭാഗത്തു നിന്നും.... ഒരു നാഗസന്യാസി എന്ന നിലയിൽ പൂർണ്ണ മാനസിക പരിവര്ത്തനം വന്നു കഴിഞ്ഞിരുന്നു അയളിൽ. സ്വയം ഭാഗ്യഹീനരായ മാതാപിതാക്കളായി കരുതി മൗനത്തിന്റെ വാത്മീകത്തിൽ അമർന്നു അവർ.

വർഷങ്ങൾ അവർക്ക് ചുറ്റും കൊഴിഞ്ഞു വീണു.... ഒരു സായാഹ്നത്തിനു മികവേകാൻ അയാൾ വീണ്ടും എത്തി. ഈ തവണ കുംഭമേളയിൽ പരശുവിന്റെ സാനിധ്യം അറിയിച്ചു കൊണ്ടാണ് അയാളുടെ വരവ്. പോകുന്നില്ല എന്നായിരുന്നു ശർമാജിയുടെ തീരുമാനം.... പക്ഷെ കമലയുടെ കണ്ണുനീരിന്റെ മുന്നിൽ അയാൾ പരാസ്തനായി. ദൂരെ നിന്നു മകനെ ഒരു നോക്ക് കാണുവാനായി മാത്രം അവർ യാത്ര തിരിച്ചു.

കാർ വളവ് തിരിഞ്ഞു ഗസ്റ്റ് ഹൌസിൽ പോകാനുള്ള വഴിയിലേക്ക് കയറി. അവിടെയാണ് തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. റോഡിനു ഇരു വശവും തിങ്ങി നിറഞ്ഞ പുരുഷരവം... എങ്ങും കാവി പുതച്ച വീഥികൾ,..ജനസാഗരം സംഗമ തീരത്തെക്ക് ഒഴുക്കുന്നു.

ഒന്ന് വിശ്രമിച്ച ശേഷം അവർ ഇറങ്ങി നടന്നു... എങ്ങും എത്തിയില്ല അവരുടെ അന്വേഷണം... എങ്ങും ജടാധാരിക്കൾ... കണ്ണുനീരോടെ കമല തന്റെ ഭാരതാവിന്റെ കൈ പിടിച്ചു.....
അവർ തിരിച്ചു നടന്നു......

പിറ്റേന്ന് അതി രാവിലെ അവർ ഗംഗതീരത്തെക്ക് നടന്നു.. ത്രിവേണി സംഗമം !!!
ഗംഗ വെളുത്തു, യമുന കാളിന്ദിയായി കറുത്തിരുണ്ട് പച്ച നിറം, സരസ്വതിയുടെ അദൃശ്യസാനിധ്യം.... എല്ലാ മനസുകളെയും ഭക്തിയുടെ പരമകോടിയിൽ എത്തിച്ചിരിക്കുന്നു . വിശ്വാസിക്കളുടെ അണപൊട്ടി ഒഴുകുന്ന ഭക്തികൂടിയാണ് പ്രയാഗിലേ സംഗമം. കമലയുടെയും ശർമാജിയുടെയും മനതാരിലേ വാത്സല്യശൃഘലയിലെ മഞ്ഞ് ഉരുകി തുടങ്ങി ..
വീണ്ടും അവർക്കരികിൽ ആ ശൈവ പണ്ഡിതൻ എത്തി !!
"സാഹിബ്‌ജി, നേരത്തെ എത്തിയോ ? പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാകുംഭമേള, ത്രിവേണി സംഗമത്തിൽ നടക്കുന്ന മഹാസ്നാനം.... "അയാൾ പറഞ്ഞു തുടങ്ങി, "ഈ കുംഭമേളയിൽ പ്രധാന ദിവസങ്ങളിൽ ഘാട്ടുകളിൽ ( കടവ് ) സ്നാനത്തിനു ആദ്യ സ്ഥാനം നാഗ സന്യാസിമാർക്കാണ്‌. പൊതുവേ പുറം ലോകവുമായി ബന്ധമില്ലാത്ത ഇവർ കൂട്ടംകൂട്ടമായാണ്‌ മേളയിൽ ഷാഹി സ്നാനത്തിന് (പുണ്യ സ്നാനം ) വരിക. പൂർണ്ണ നഗ്‌നരായി നദിയിലേക്ക് എടുത്തു ചാടുന്ന നാഗസന്യാസിമാർ ഈ മേളയുടെ പ്രത്യേകതയാണ്. രാശിചക്രങ്ങളുടെ അത്യപൂർവ സൂര്യ മുഹൂർത്തങ്ങളിൽ ഗംഗയിൽ ഉരിതിരിയുന്ന ശക്തി ചൈതന്യം പകരാനും താങ്കളുടെ ആത്മീയ ശക്തിയെ പ്രോജ്വോലിപ്പിക്കാനുമാണ്അവർ മേളയിൽ മാത്രം പ്രത്യക്ഷപെടുന്നത്. മഹാ രഹസ്യത്തിന്റെ കലവറയാണ് ഇവർ. ഇവർ കുളിച്ചു കഴിഞ്ഞേ മറ്റുള്ളവർ സ്നാനത്തിനു മുതിരു... സ്നാനം കഴിഞ്ഞു അവർ എങ്ങോട്ടെന്നില്ലാതെ പോയ്‌ മറയും "

കുംഭമേളയുടെ പ്രത്യേകതയേ പറ്റി ആ വൃദ്ധ പൂജാരി പറഞ്ഞു കൊണ്ടിരിന്നു . ശർമ ദമ്പതിമാർ ശ്രദ്ധാപൂർവ്വം അത് കേട്ടിരുന്നു.

"പരശു വന്നിട്ടുണ്ടോ ?" വിക്കി വിക്കി കമല ചോദിച്ചു.
"ഉവ്വ് അമ്മേ വന്നിട്ടുണ്ട്, ഇപ്പോൾ അയാൾ 'പത്മതീർഥ'യാണ്.... കാണാം നമുക്ക് അദ്ദേഹത്തെ.. പക്ഷെ താങ്ങാനാകുമോ ആ ശിവതാണ്ടവന്റെ ഘോരത ? നാളെയാണ് 'ഷാഹിസ്നാനം ', ഇന്നു വൈകിട്ട് നമുക്ക് അവരെ ദർശിക്കാം.... "
കമല ഒന്നും മനസിലാവാതെ ഭർത്താവിനെ നോക്കി.
""എനിക്ക് വിട നൽകു "പണ്ഡിറ്റ്‌ജി ആ തിരക്കിലേക്ക്‌ ഊളിയിട്ടു.

ആ രണ്ടു ഹതാശർ ആ വഴികളിലൂടെ നടന്നു നീങ്ങി,താങ്ങളുടെ മോക്ഷ ലക്‌ഷ്യം തേടി, ജനങ്ങളുടെ ഇടയിലൂടെ അവരും നീങ്ങി.

തങ്ങളെ പിന്തള്ളി മുന്നേറുന്ന ജനകൂട്ടം ....
ചിലർക്ക് ജനിമൃതികളുടെ ഇടവേളയിലെ മിഥ്യയായ സത്യാന്വേഷണത്തിന്റെ വിളനിലമാണ്..കുംഭമേള, ചിലർക്ക് ലൗകികജീവിതത്തിന്റെ നൈമിഷിക നിഷ്ഫലതയേ ബോധ്യപെടുത്തലാണ്, ചിലർക്ക് അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളിൽ നിന്നും മുക്തി തേടിയുള്ള യാത്രയാണ് കുംഭമേള,... ഈ വൃദ്ധ ദമ്പതിമരാക്കട്ടെ തങ്ങളുടെ നഷ്ട ജീവിതതെ തേടിയുള്ള അന്വേഷണത്തിലും.... അവർ ആ തിരക്കിലൂടെ നടന്നു നീങ്ങി... അന്ന് വൈകിട്ട് അവർ പണ്ഡിറ്റ്‌ജിയേ കാത്തിരുന്നു. അദ്ദേഹം സന്ധ്യയ്‌ക്ക് എത്തി....

"നമുക്ക് പോകാം " വന്നതേ അയാൾ തിരക്ക് കൂട്ടി..
ആ കൂനുള്ള വൃദ്ധരൂപത്തിന്റെ പിറകെ അയാളെ പിന്തുടർന്ന് അവർ നടന്നു നീങ്ങി...
ഇരുട്ട് വീണു തുടങ്ങിയ, മന്ത്രോച്ചാരണത്തിന്റെ ശംഖധ്വനിയും ഭക്തിനിർഭരമായ ആ അന്തരീക്ഷത്തിൽ വിയർത്തു കുളിച്ചു അവർ നോവിന്റെ കൈതിരിയുമായി പണ്ഡിറ്റ്‌ജിയേ പിന്തുടർന്നു .....

പല കൂടാരങ്ങളും കടന്നു ഇരുട്ടിൽ കുറച്ചു ദൂരം മാറി ഒരു അഖാഡയിലേക്ക് (കൂടാരം ) അയാൾ ചെന്നു കയറി അണഞ്ഞ ഹോമകുണ്ഡത്തിന്റെ മങ്ങിയ വെളിച്ചത്തിൽ അവർ കണ്ടു അനവധി ഭസ്മ -ജട -രുദ്രാക്ഷധാരികൾ ആയ നാഗസന്യാസിമാർ !!!!
കുത്തി നിർത്തിയ ശൂലത്തിനു ചൂറ്റും ഹോമകുണ്ഡം തീർത്തു ഭക്തി നല്കുന്ന ലഹരിയുടെ പാരമ്യത്തിലാണ് അവർ.... ലോകക്ഷേമത്തിനും മോക്ഷപ്രാപ്തിക്കുമായി നിന്നു മാത്രം ഉറങ്ങുന്നവർ, ഉരിയാടതെ, ജലപാനമില്ലാതെ ദിനരാത്രങ്ങൾ കഴിക്കുന്നവർ, അതികഠിനസാധകം മൂലം ദൃഡഗാത്രമായവർ, അസാമാന്യ നേത്ര തിളക്കമുളളവർ..... നിസംഗഭാവത്തോടെ എല്ലാത്തിനെയും കാണുന്നവർ..... ഇതിൽ ഏതാണ് തങ്ങളുടെ പരശു അല്ല പത്മതീർഥ ?? ഒരു സന്യാസി പോലും അവരെ ശ്രദ്ധിച്ചില്ല... ആ അച്ഛനും അമ്മയും അവിടെ നിന്നും ഇറങ്ങി നടന്നു..

വൈകിയ നേരത്ത് മുറിയിൽ തിരിച്ചെത്തിയ ശർമാജിക്കും ഭാര്യക്കും അന്ന് രാത്രി ഉറങ്ങാനായില്ല... അവരുടെ മകന്റെ വേർപാട് അന്ന് ആദ്യമായി അവർ അംഗികരിച്ചു. .... അവരുടെ പരശു എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുന്നു..
പിറ്റേന്ന് അതി രാവിലെ അവർ ഘാട്ടിൽ സ്ഥാനം പിടിച്ചു. ഷാഹി സ്നാനത്തിനു ശേഷം മറ്റുള്ളവരുടെ സ്നാനം കഴിഞ്ഞു ഒരു കോണിൽ ആ വൃദ്ധ ദാമ്പതിമാർ തങ്ങളുടെ മകന് വേണ്ടി പിണ്ഡം വെച്ചു ശ്രാദ്ധമൂട്ടി മനം നൊന്ത് പ്രാർത്ഥിച്ചു. ആ സമയം ഷാഹി സ്നാനത്തിനു ശേഷം നാഗസന്യാസിമാർ ഒരു അതിശയം പോലെ ആരുടെയും കണ്ണിൽ പെടാതെ എവിടെയോ പോയി മറഞ്ഞു, ഇനി അടുത്ത കുംഭമേളക്കേ അവരെ കാണൂ. ഇങ്ങ് അകലെ ആ വൃദ്ധ മാതാപിതാക്കൾ പരസ്പരം താങ്ങായി ആ തിരക്കിൽ അലിഞ്ഞു ചേർന്നു.... പണ്ഡിറ്റ്ജി തന്റെ ഭാണ്ഡവും പേറി തന്റെ നിയോഗം നിറവേറ്റിയ ചാരിതാർത്ഥ്യത്തിൽ നടന്നു നീങ്ങി.... പിന്നീട് ഒരിക്കലും പണ്ഡിറ്റ്ജി ശർമാജിയേ തേടി വന്നില്ല....


സ്മിത പ്രകാശ്‌.
------=====----------Post has attachment
പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. തുലാമാസത്തിലെ ശക്തമായ മഴ. താഴെ മതിലിനോട് ചേർന്ന് വരിവരിയായി താൻ നട്ടുപിടിപ്പിച്ച റോസാച്ചെടികൾ മഴയുടെ പ്രഹരത്തിൽ കിടന്നുലയുന്നത് അവൾ കണ്ടു. അവയിൽ രാവിലെ വിരിഞ്ഞ, ഇണകളായിനിന്നിരുന്ന റോസാപ്പൂവുകളിൽ ഒന്ന് ഞെട്ടറ്റ് താഴെ ചളിയിൽ ഇതളുകൾ ചുറ്റും വിതറി കിടക്കുന്നത് അവൾ കണ്ടു.
കൂടുതല്‍ വായനക്കായി ചിത്രത്തില് ക്ലിക്ക് ചെയ്യൂ.

Post has attachment

#കൃഷ്ണകുമാരി ടീച്ചറും ഞങ്ങളും#
---=========------======---------

തൊണ്ണൂറുകളുടെ മധ്യത്തിലായിരുന്നു ഞങ്ങളുടെ ഹൈസ്കൂൾ വിദ്യാഭ്യാസം. അന്ന് ഞങ്ങളുടെ സ്കൂളിൽ ഹൈസ്കൂൾ വിഭാഗതിന്നു ഹിന്ദി പഠിപ്പിച്ചിരുന്നത് കൃഷ്ണകുമാരി ടീച്ചർ ആയിരുന്നു. മലയാള ഉച്ചാരണത്തോടെയുള്ള അവരുടെ ഹിന്ദി കേൾക്കാൻ ഇമ്പമുളളതായിരുന്നു. പാഠഭാഗങ്ങൾ എത്ര തന്നെ നന്നായി പഠിച്ചാലും ടീച്ചർ മാർക്ക്‌ തന്നിരുന്നില്ല..അപ്പോഴും ടീച്ചർ കുറച്ചു കൂടി നന്നായി എഴുതിയ ഉത്തര കടലാസ് മുന്നിൽ ഉദാഹരണമായി മാറ്റി വെക്കുമായിരുന്നു . ടീച്ചറുടെ സിദ്ധാന്തങ്ങളിൽ വിട്ടുവീഴ്ചയുടെ ഒരു തരിമ്പു പോലുമുണ്ടായിരുന്നില്ല. എന്തിനും ഏതിനും ടീച്ചറുടെ കടും പിടുത്തം പ്രസിദ്ധമായിരുന്നു. ടീച്ചറുടെ പീരീഡ്‌ ഞങ്ങൾ നേരത്തെ തന്നെ എഴുനേറ്റു നിക്കുമായിരുന്നു, ടീച്ചറെ സ്വീകരിക്കാൻ . മറ്റു ടീച്ചർമാർ വരുമ്പോഴേ എണിറ്റു അഭിവാദ്യം ചെയേണ്ടു. പക്ഷെ കൃഷ്ണ കുമാരി ടീച്ചർക്ക് അത് പോരായിരുന്നു . പിന്നെയും ഉണ്ട് നിയമാവലികൾ.... ടീച്ചറുടെ കണ്ണിൽ പെടാതെ ആർക്കും അവിടെ ചലിക്കാൻ ആവുമായിരുന്നില്ല.. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.


അന്നൊരിക്കൽ, ഒരുനാൾ സ്വപ്ന എന്ന ഞങ്ങളുടെ കൂട്ടുക്കാരി മുടി മുറിച്ചു. മുൻവശമൊക്കെ വെട്ടി സ്റ്റൈലിലാണ്‌ വന്നത്... ആദ്യത്തെ പീരീഡ്‌ തന്നെ ഹിന്ദി ക്ലാസ്സ്‌ ആയിരുന്നു. സ്വപ്നയുടെ തലയിലും വാതിൽക്കലുമായി ഞങ്ങൾ മാറി മാറി നോക്കി ഇരുന്നു. അങ്ങിനെ കൃഷ്ണകുമാരി ടീച്ചറുടെ വരവായി.. വന്നതും കോപ്പി നോക്കലാണ്‌ ആദ്യ പരിപാടി, ശ്വാസം അടക്കി പിടിച്ചാണ്‌ എല്ലാവരും ഇരിക്കുന്നത്. കൃഷണകുമാർ അന്ന് കോപ്പി വെച്ചിട്ടില്ല,അതിനു അവനു കയ്യിൽ ചൂടുള്ള സമ്മാനം കിട്ടുകയും ചെയ്തു. അത് കഴിഞ്ഞു ചോദ്യം ചോദിക്കലാണ്‌. പഠിച്ചവർ ആത്മവിശ്വാസത്തോടെ ഇരുന്നപ്പോൾ, പഠിക്കാത്ത വിരുദന്മാർ നോട്ട്ബുക്ക്‌ അടിയിൽ തുറന്ന് വെച്ചു ക്രമീകരണം നടത്തി തയ്യാറായി. അതിനും കഴിവില്ലാത്തവർ അടി വാങ്ങാൻ ആദ്യം തന്നെ ഒരുങ്ങി ഇരുപ്പായി. ടീച്ചറുടെ ചോദ്യം ചോദിക്കുന്ന ശൈലി തന്നെ പേടിപെടുത്തുന്നതായിരുന്നു ഉത്തരം അറിയുന്നവർ തന്നെ പറയുമ്പോൾ പേടി കൊണ്ട് തെറ്റിക്കുമായിരുന്നു... അപ്പോഴാണ്‌ ബുക്ക്‌ വിദ്യയും കൊണ്ട് ഇരിക്കുന്ന മിടുക്കർ !!!!!


ടീച്ചർ എത്രയൊക്കെ കണിശക്കാരി ആയിരുന്നൊ, അത്രയും സൂത്രക്കാരും ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു, അവരുടെ സൂത്രങ്ങൾ എന്നും ഫലിച്ചിരുന്നില്ല... എങ്കിലും മിക്കപ്പോഴും അവരും രക്ഷപെട്ടിരുന്നു. ചോദ്യം ചോദിച്ചു ടീച്ചർ സ്വപ്നേടെ മുന്നിൽ എത്തി, അവളെ ഒന്ന് നോക്കിയ ശേഷം അവളോട്‌ എണിറ്റു നിൽക്കാൻ പറഞ്ഞു, "കൊച്ചെ നീ വീട്ടിൽ നിന്നു തന്നെ യാണോ വരുന്നത് ?"ടീച്ചറുടെ ഹിന്ദി നോട്ട് ബുക്കിൽ ഇല്ലാത്ത ചോദ്യം കേട്ട് സ്വപ്ന അന്തം വിട്ടു നിൽപ്പാണ്‌. "കൊച്ചെ ഐശ്വര്യമുളള കൊച്ചുങ്ങൾ ഇങ്ങനെയാണോ ? ഈ മുടിയൊക്കെ വെട്ടി നീ എങ്ങോട്ടാ ? തറവാട്ടിൽ പിറന്ന പെങ്കൊച്ചുങ്ങൾ ഇങ്ങനെ ഒന്നും ചെയ്യാറില്ല, രണ്ടു വശം മുടി പിന്നിയിട്ട് മറ്റു കൊച്ചുങ്ങളെ പോലെ വന്നാൽ നിനക്കെന്തുവാ ?" ടീച്ചറുടെ നിരത്താതെയുള്ള ഭാഷണം കേട്ട് ഒന്നും മിണ്ടാതെ നില്പ്പാണ്‌ സ്വപ്നയും ഞങ്ങളും... ടീച്ചർ പിന്നെയും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . അന്ന് ചോദ്യം ചോദിക്കുന്ന സമയം മുഴുവൻ സ്വപ്നയുടെ മുടി അപഹരിച്ചു. പ്രത്യേകിച്ച് ആൺകുട്ടികൾക്ക് സന്തോഷമായി. മുറിച്ച മുടി വളർന്ന് വലുതാവുന്നവരെ സ്വപ്ന പിന്നുകൾ കൊണ്ട് തല്കാലം ഒതുക്കി വെച്ചു രക്ഷപെട്ടു....


അന്ന് ടീച്ചറുടെ അച്ചടക്ക നടപടികളുടെ ഭാഗമായി, മുടിയുടെ നീളം കുറക്കുന്നത് ഞങ്ങൾ പെൺകുട്ടികൾക്ക് പേടിയുള്ള കാര്യമായിരുന്നു. ടീച്ചറുടെ ഭാഷ്യത്തിൽ ഐശ്വര്യം കെട്ടുപോകുന്ന ഒരു പരിപാടി ആയിരുന്നു -മുടി വെട്ടൽ. അത് മാത്രമല്ല മുടി പിന്നൽ മുൻവശത്തെക്ക് ഇടുന്നതും ഒരു വലിയ കുറ്റം തന്നെ ആയിരുന്നു. ടീച്ചറുടെ മുന്നിൽ പെടാതെ ഞങ്ങൾ നടക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു, എങ്കിലും മുടിയുടെ കാര്യത്തിൽ എന്നും കർക്കശയായിരുന്നു ടീച്ചർ. പഠനകാര്യത്തിൽ അതിലും കർക്കശത കാട്ടിയിരുന്നു കൃഷ്ണകുമാരിടീച്ചർ. പരീക്ഷക്ക് എത്ര നന്നായി എഴുതിയാലും മാർക്ക്‌ ഇട്ടു തരാൻ ടീച്ചർക്ക് വലിയ പ്രയാസമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ ഭാഷ കൈകാര്യം ചെയ്യുന്ന ഭാവമായിരുന്നു അവർക്ക്, ഹിന്ദിയുടെ പ്രാധാന്യം ഞങ്ങളെയും ബോധ്യപെടുത്താൻ ടീച്ചർ നന്നേ ബുദ്ധിമുട്ടി . ഇതിൽ ഏറ്റവും ബുദ്ധിമാൻ മുൻ ബെഞ്ചിൽ ഇരിക്കുന്ന കൃഷ്ണകുമാറായിരുന്നു. മിക്ക വിഷയങ്ങളിൽ കഷ്ട്ടിച്ചു ജയിച്ചു നിൽക്കുന്ന അവനു, ഹിന്ദി എന്നും ഒരു ബാലികേറാമല ആയിരുന്നു. രാഷ്ട്ര ഭാഷ അവനെ നിരന്തരം വെള്ളം കുടിപ്പിച്ചു, രാത്രികൾ ചിന്തകൾ മൂലം നിദ്രവിഹീനമായി, പഠിക്കാനുള്ള വഴിയാലോചിച്ചല്ല, പരീക്ഷകടമ്പ മറി കടക്കാനുള്ള കുറുക്കു വഴികൾ ആലോചിച്ച് അവൻ നട്ടം തിരിഞ്ഞു. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം കൃഷണന്റെ ഡയറി കാണാതെയാവുന്നത്‌. ക്ലാസ്സിൽ എല്ലാവരുടെയും ബാഗ്‌ തപ്പലും,ക്ലാസ്സിൽ എല്ലായിടത്തും നോക്കലും ഒക്കെ കഴിഞ്ഞു , ഞങ്ങളോട് വീട്ടിലും നോക്കാനും പറഞ്ഞു.. ഫലം ഒന്നുമുണ്ടായില്ല. അവസാനം ക്ലാസ്സ്‌ടീച്ചർ അവനു പുതിയ ഡയറി കൊടുത്തു... പിന്നെ പ്രതേകിച്ചു ഒരു സംഭവ വികാസങ്ങളോനുമില്ലാതെ കുറച്ചു മാസങ്ങൾ കടന്നു പോയി.


ഒരു ദിവസം സാധാരണ പോലെ ക്ലാസ്സ്‌ തുടങ്ങി.. ക്ലാസ്സ്‌ ലീഡർ വിനിത ഡയറിയല്ലാം ഒതുക്കി വെച്ചു ടീച്ചറുടെ ടേബിൾ തുടച്ചു, ബോർഡ്‌ വൃത്തിയാക്കി വെച്ചു, ചൻച്ചൽ ടീച്ചർ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ... ടീച്ചർ എത്തി ഹാജർ വിളിച്ചു പിന്നെ ക്ലാസ്സ്‌ തുടങ്ങാനായി ടീച്ചർ തിരിഞ്ഞു, ടീച്ചറുടെ കൈതട്ടി ഡയറികൾ മുഴുവൻ വീണു.... അത് ശരിയാക്കി വെച്ചു, ടീച്ചറുടെ കയ്യിൽ ആദ്യം കിട്ടിയത് കൃഷ്ണകുമാറിന്റെ ഡയറിയാണ് ടീച്ചർ ഒന്ന് മറിച്ചു നോക്കിയപ്പോൾ മാർക്ക്‌ ലിസ്റ്റ് എഴുതിയ പേജിൽ ടീച്ചറുടെ ഒപ്പിനോക്കെ ഒരു മാറ്റം.... മാർക്കിനു അതിലും വലിയ മാറ്റം -- അവന്റെ ഇരുപതിനും പതിനഞ്ചിനും ഇടയിലുള്ള മാർക്കുകൾക്കെല്ലാം നാല്പതിനും നാല്പത്തിയഞ്ചിനും ഇടയിലുള്ള സംഖ്യകളിലേക്ക് സ്ഥാനകയറ്റം കിട്ടിയിരിക്കുന്നു. ടീച്ചറുടെ വിളി കേട്ട് എല്ലാം നഷ്ടപെട്ടവനെ പോലെ അവൻ ടീച്ചറുടെ അടുത്തേക്ക് ചെന്നു... എങ്കിലും കൃഷ്ണകുമാറിന്റെ വാക്ക്ചാതുര്യത്തിൽ അവൻ സ്വയം രക്ഷപെട്ടു.... കഴിഞ്ഞ കൊല്ലത്തിലേ ഡയറി അറിയാതെ വെച്ചതാണ് എന്ന കൃഷ്ണന്റെ ദയനീയമായാതും എന്നാൽ ശക്തവുമായ വാദം ഒടുവിൽ ജയിച്ചു.... ചൻച്ചൽ ടീച്ചറുടെ നല്ല മനസ്സിന് നന്ദി.....


പക്ഷെ സ്റ്റാഫ്‌ റൂമിൽ ഈ കഥ പാട്ടായി,, പിന്നെ വരവായി നമ്മുടെ കൃഷ്ണകുമാരി ടീച്ചർ !!!!! ടീച്ചർക്ക് കൃഷ്ണനെ സംശയം.. ടീച്ചർ ഹിന്ദി പീരീഡ്‌ വന്നിട്ട് കൃഷ്ണനെ ഒന്ന് വിരട്ടി, അന്ന് ചെറുവിരളോളം ഉണ്ടായിരുന്ന അവനെ ടീച്ചർ തന്റെ ആകാരവും കഠോര സ്വരവും കൊണ്ട് ഭീഷണിപെടുത്തുന്ന രീതിയിൽ ചോദ്യം ചെയ്തു.... എന്നിട്ടും അവൻ പിടിച്ചു നിന്നു... പഴയ ഡയറി അറിയാതെ മാറി വെച്ചതാണ് എന്നുള്ള മൊഴി മാറ്റിയില്ല അവൻ.... എല്ലാം കഴിഞ്ഞു ടീച്ചറുടെ വക ഒരു കൃഷ്ണന് അഭിനന്ദനവും കിട്ടി ,, "ആളു ചെറുതാണങ്കിലും ആളു ധൈരവനാണ് ട്ടോ.അവൻ സമതിച്ചില്ലല്ലോ അതല്ലേ കാര്യം..," എന്തായാലും ആ സംഭവത്തിനു ശേഷം കൃഷ്ണൻ കൃഷ്ണകുമാരി ടീച്ചറുടെ അരുമയായി. ടീച്ചറുടെ വിരട്ടലൊന്നും ഏൽക്കാത്ത ആൾ എന്ന നിലക്കു അവൻ പ്രശസ്തനുമായി..


പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കൃഷ്ണകുമാർ ആ രഹസ്യത്തിന്റെ ചെപ്പ് തുറന്നത്... അന്ന് സ്കൂൾ കാലഘട്ടത്ത് രണ്ടു ഡയറി സ്വന്തമായിട്ടുള്ള കാര്യം,-- മാർക്ക്‌ കൂട്ടിയിട്ട് വീട്ടുകാരെ പറ്റിക്കാൻ ഒന്നും, സ്കൂളിൽ ഒന്നും, അത് മനസിലാക്കിയ ടീച്ചർ അവനെ ചോദ്യം ചെയ്തതും എല്ലാം..... എന്നാലും അതൊക്കെ ഒരു രസകരമായ ഓർമ്മകളായി മനസ്സിൽ നിറഞ്ഞു നില്ക്കുന്നു.ഇന്നും കൃഷ്ണകുമാറും ഡയറിയും ഓർമയിൽ തെളിഞ്ഞ് നില്കുന്നു. ഇത് പോലുള്ള കുസൃതിതരങ്ങൾ ഒപ്പിക്കുന്നത്‌ മൂലം കൃഷ്ണകുമാർ ഏവരുടെയും അരുമയായിരുന്നു. പക്ഷെ കൃഷ്ണ കുമാരി ടീച്ചറുടെ കർകശസ്വഭാവം മൂലം വിരണ്ടു വിറച്ചു നിന്നവർ ആയിരുന്നു ഭൂരിപക്ഷം പേരും.. ഇന്നത്തെ പോലെ ശിശു പക്ഷ സിദ്ധാന്തങ്ങളും, ബോധന ശാസ്ത്രവും ഒന്നും തന്നെ ടീച്ചറുടെ അടുത്ത് വില പോയില്ല... ടീച്ചറുടെതായ പാഠ്യശൈലിയിലൂടെ ടീച്ചർ മുൻപോട്ട് തന്നെ നീങ്ങി, ആരാലും എതിർക്കപെടാതെ തിരുത്തപെടാതെ അവർ അനേകം വർഷം പഠിപ്പിച്ചു. പിന്നീട് പല വർഷങ്ങൾക്ക്‌ ശേഷം ടീച്ചറുടെ കുടുംബത്തിനു വന്ന ദുരന്തമറിഞ്ഞു സ്നേഹസഹായവുമായി ടീച്ചറുടെ സവിതത്തിൽ എത്താൻ എല്ലാവരും മത്സരിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. ഏറ്റവും രസകരമായ കാര്യം ഞങ്ങളിൽ ഭൂരിപക്ഷം പേരും അധ്യാപകരാണ്, ഒരു പക്ഷെ ഞങ്ങളിലേ മികച്ച അദ്ധ്യാപികമാരെ വാർത്തെടുക്കാൻ ടീച്ചറുടെ ശിക്ഷണം സഹായിച്ചിട്ടുണ്ടാകും,. ഒരു അധ്യാപകൻ /അദ്ധ്യാപിക പാലിക്കേണ്ട മൗലിക ധർമങ്ങൾ ടീച്ചർ ഞങ്ങളെ പഠിപ്പിച്ചു എന്നതിന്നു തെളിവായിരുന്നു ഇന്നു ഓരോ (ഞങ്ങളിലേ )
അധ്യാപകരും. ഇരുപതാം വർഷത്തിന്റെ നിരവിൽ ഞങ്ങൾ ഒത്തു കൂടിയപ്പോൾ പരസ്പരം ഏറ്റവും കൂടുതൽ പങ്കുവെച്ചത്‌ ഹിന്ദി പീരീഡുകളും കൃഷ്ണകുമാരി ടീച്ചറുടെ വിശേഷങ്ങളും ആയിരുന്നു. എല്ലാ അനുഭവ പാഠങ്ങൾക്കും ഞങ്ങൾ എല്ലാ അധ്യാപകരോടും കടപ്പെട്ടിരിക്കുന്നു.

(Nb:-യഥാർത്ഥ അനുഭവങ്ങളും കുറച്ചു ഭാവനയും ചേർത്തി എഴുതിയതാണ്‌)

സ്മിത പ്രകാശ്‌.
--------=====-------.Post has shared content

Post has attachment
ചെണ്ടുമല്ലിപ്പൂവുകൾക്കിടയിൽ നിന്നും പറന്നുയർന്ന ചിത്രശലഭങ്ങളെ നോക്കി അവൻ പറഞ്ഞു.
"റോസ് അവയുടെ ചിറകടികൾ നീ കണ്ണുചിമ്മുന്നപോലുണ്ട്"
അവൾ നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
"ചുമ്മാ ഓരോന്നു പറയല്ലേ ചേട്ടായി. ഹാ"
അവൾ ദ്വേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ നാസികത്തുമ്പത്ത് വീഴാനായി വെമ്പിനിന്നിരുന്ന വിയർപ്പുതുള്ളി പ്രഭാതസൂര്യന്‍റെ പ്രഭയിൽ തിളങ്ങുന്നത് അവൻ നോക്കിനിന്നു.
കൂടുതല്‍ വായനക്കായി ചിത്രത്തില് ക്ലിക്ക് ചെയ്യൂ..

Post has attachment

Post has shared content

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded