മൂലധനം
========
സ്വേദം മണക്കുന്ന
സാന്ധ്യപഥങ്ങളില്‍,
വിഷം മുറ്റിയ അണലികള്‍
ഉടലുകൾ‍ക്കായി കാത്തിരിക്കുന്നു.
ആദിമഗോത്രത്തുടികള്‍ പാടി,
ലാസ്യനൃത്തമാടുന്നു മുളങ്കാടുകള്‍.
അപഥസഞ്ചാരിണിയാം
അന്ധകാരം,പകലിനെ വേഗം പറഞ്ഞയച്ചഴിഞ്ഞാടിയെത്തി.
തെയ്,തിത്തെയ്,തിത്തിത്തെയ്
തിത്തിത്തിത്തേയ്.............
പുലവൃത്തം പാടി,
പടയണി തുള്ളി, മഴ
മുടിയഴിച്ചാടിത്തിമിര്‍ത്തെത്തി.
ഇരച്ചെത്തിയ മഴവെള്ളം
തൊടിയിലൂടിടവഴിയിലൂ-
ടൊഴുകുന്നതിന്‍ സ്വനം.
കുടിലിന്റെ തിണ്ണയ്ക്ക്,
അകത്തും പുറത്തും
തുള്ളിയ്ക്കൊരു കുടം
പെയ്യുന്ന നേരത്ത്,
കഞ്ഞിക്കലത്തില്‍ കൈയിട്ടുനോക്കി
കണ്ണുനിറഞ്ഞൊടുവില്‍
തളര്‍ന്നുറങ്ങുന്ന കാലി കലങ്ങള്‍.
ഉറങ്ങിയുണരുമ്പോഴേക്കും
മഴമാറി മാനം തെളിഞ്ഞിടുമോ ?
മടിക്കുത്തില്‍,അരിയ്ക്കുള്ള
വക വല്ലോം തടഞ്ഞിടുമോ ?
ഇരുട്ടത്ത്...... മഴയത്ത്
മണ്‍കുടിലിന്‍ തിട്ടയ്ക്ക്,
കിണ്ണം നിറയേ
കുമ്പിള്‍ നിറയേ
കഞ്ഞിവറ്റിന്‍റെ നിറചിന്തയില്‍,
കോരന്‍ മിഴിയടച്ചുകിടന്നു...

ഒറ്റപൂവിന്റെ കഠിന വസന്തം
============================
ഇടവപാതിയും തുലാവര്‍ഷവും
മാത്രമറിയാവുന്ന നിന്റെ
മിഴികള്‍ക്ക്, ഒരു വസന്തവു-
മായിട്ടാണ് ഞാന്‍ വരുന്നത്.
ഒറ്റപൂവിന്റെ കഠിന വസന്തം.
ജീവന്‍ പണയം വെച്ച്,
വെട്ടത്തെ തീവ്രമായി പ്രണയിക്കുന്ന
മഴപാറ്റയെ പോലെ,
ചൊടികളില്‍ കാത്തുവെച്ചിട്ടുള്ള
അമൃത് നിനക്കു പകര്‍ന്നു
തന്നിട്ടേ ഞാന്‍ പോകൂ...
എന്നും നമുക്ക് ഒന്നിച്ചിരിക്കാന്‍
കഴിയില്ലയെങ്കിലും, ഒരു
നിമിഷത്തെ സമാഗമം,
കാലത്തെ അതിവര്‍ത്തിക്കും
ദിക്കുകളെ അതിജീവിക്കും.
ആയുസ്സിലൊരു തവണ മാത്രം
ചുംബിച്ച് കടന്നു പോകുന്ന
വാല്‍നക്ഷത്രം പോലെ....
ഒരുനിമിഷത്തെ ഒത്തുചേരല്‍
നിനക്കു മുക്തിയും
എനിക്ക് തൃപ്തിയും നല്‍ക്കും.
പ്രപഞ്ചത്തിന്റെ ആദ്യനിമിഷ-
ത്തിലേക്കാവും നാം പോവുക..
ഒരു കണ്‍ചിമ്മലിന്റെ
ഒരു നുള്ള് അംശത്തിലേക്ക്,
അരിമണിയില്‍ നിന്നും
അണ്ഡകടാഹത്തോളം...........
ഒറ്റപൂവിന്റെ ഈ വസന്തം
നിനക്കുള്ള എന്റെ ആത്മാര്‍പ്പണമാണ്.

ശിവം 
-------------
നമ്മളൊക്കെ ശവങ്ങളാണ് 
രണ്ടുകണ്ണ് മാത്രമുള്ള ശവങ്ങള്‍ 
തുറക്കാത്ത മൂന്നാംകണ്ണ് 
വിസ്മൃതിയിലോളിപ്പിച്ചുവേച്ച്ച്ച് 
കാഴ്ചയുടെ മിഥ്യയില്‍ 
കാല്പനികതയുടെ കിനാവുകണ്ട് 
ജന്മങ്ങളുടെ ജഡതയില്‍ 
ജീവിക്കാതെ മരിക്കുന്ന ശവങ്ങള്‍ .
ശൃംഗാടകത്ത്തിലെ ഉറഞ്ഞശക്തിയായി
നിമീലിത ബോധമായി 
സമഷ്ടി ദര്‍ശനമായി 
ആ നീലോല്പല മിഴികള്‍ തുറന്നാല്‍ 
പിന്നെ ,
ഊര്‍ജ്ജത്തിന്റെ ഉന്മത്തനൃത്തമായി 
ജീവസ്പന്ദനങ്ങളില്‍ ഡമരുതാളമായി 
ശവത്തില്‍നിന്നു ശിവനായി ഉണരുകയാ

ധര്‍മ്മ പഥം 
=========

വെളിച്ചത്തിനു നിഴലുകളില്ല 
               ഇരുട്ടിനും 
വഴിയറിയാത്ത പഥികന്റെ 
ജെല്പനങ്ങളാണു നിഴലുകള്‍ 

ശലഭം പൂവിനോടും 
പുഴ കല്ലിനോടും 
കാറ്റ് മരത്തിനോടും 
മഴ മണ്ണിനോടും 
മൗനത്തിലാണു 

എന്റെ നിശബ്ദ നിമിഷങ്ങള്‍ 
അവനോടുള്ള നിരന്തര  
      സംസാരമാണ് 

ചക്രവാളങ്ങള്‍ക്കപ്പുറമോ 
വെണ്മേഘങ്ങള്‍ക്കിടയിലോ 
അല്ല അവന്‍ 

ഹൃദയ ഭിത്തികള്‍ക്കുള്ളില്‍ 
താമര തളികയില്‍ ഒരു 
ചെറുതരിയായി അവൻ 

 കടല്‍ മീനായി 
കൂര്‍മ്മമായി 
കാട്ടുപന്നിയായി
കാട്ടാളനായി 
കൃഷിക്കാരനായി 
കാര്‍വര്‍ണ്ണനായി 
തിരുഹൃദയ രക്തം 
ജീവന്റെ വീഞ്ഞായി 
പകര്‍ന്നവനായി 
മരുഭൂമിയിലെ 
കനിവിന്റെ 
നിരാകാരരൂപമായി 
പരമ കാരുണ്യവാനായി 
ത്യാഗപഥങ്ങളുടെ 
ബോധതലങ്ങളില്‍ 
സത്വനായി 
അവന്റെ വിശ്വരൂപം 

മൗന വാല്മീകങ്ങളില്‍ 
മനന മന്ത്രങ്ങളാല്‍ 
കിരാതന്‍ ഗന്ധര്‍വനാകുന്നു 

പക്വമായ ഫലം 
ഞെട്ടറ്റു വീഴുന്ന പോലെ 

ആ മിന്നല്‍പിണരിനായി 
കാത്തിരിക്കുകയാണ് 
എല്ലാം ഉടച്ച്ചുവാര്‍ക്കുന്ന
ആ മിന്നല്‍പിണരിനായി 
Posted by ANUP KM at 7:46 AM No com

മാലിന്യം 
=======

വിജനമാം വഴിയോരങ്ങളില്‍ 
തണല്‍  മരങ്ങള്‍ തന്‍ 
സുഖശീതളതകളില്‍ 
വരണ്ട മഴകാടുകളില്‍ 
ഒഴുകില്ലാ പുഴയില്‍ 

കാഴ്ചകളുടെ കോണുകളി
ലെല്ലാം ഉപേക്ഷികപ്പെട്ട 
അര്‍ബുദ  പൊതികള്‍
അഴുകിപരക്കുന്ന 
അളിഞ്ഞ ഗന്ധങ്ങള്‍ 

കൂടുമ്പോളെല്ലായിമ്പ 
ങ്ങളും പൊയ്പോയ 
കുടുംബങ്ങള്‍ തന്നിലെ
ചീഞ്ഞയസ്വാരസ്യങ്ങള്‍ 

അവിഹിതജന്മങ്ങള്‍ തന്‍ 
ചാപിളകളും മറുപിള്ളകളും
  
'ഉടുപ്പിട്ട' കോഴികള്‍ തന്‍ 
ആടയാഭരണങ്ങള്‍ 

ആര്‍ത്തവ പൊതികള്‍ 

ആഘോഷങ്ങളിലാകാശം 
നഷ്ടപ്പെട്ട ബലിയാടു- 
കളുടെ ഉടലറ്റ കബന്ധങ്ങള്‍ 

കുടിവെള്ളത്തിന്റെ 
വെള്ളംകുടിയുടെ 
ഒഴിഞ്ഞ കുപ്പികള്‍ 

വലിച്ചെറിയപ്പെട്ട ജീവിത 
ങള്‍ പോലും പെറുക്കിയെ
ടുക്കാത്ത  ആഡ്യകിറ്റുകള്‍ 

ഒരുനൂറൂ വര്‍ണ്ണങ്ങളില്‍ 
കൗതുകങ്ങളില്‍ 
ചീനക്കാരുടെ ചവറുകള്‍ 

കാഴ്ച്ചയുടെ കൊണുകളിലെല്ലാ 
 മീയുപേക്ഷികപെട്ട പൊതികള്‍ 

അരുത് സോദരാ അരുതുനീ 
യീഭ്രാന്തിനെ സംസ്കാരമെന്ന് 
മാത്രം വിളിക്കരുതേ 
എല്ലാ സത്തും വലിചൂറ്റി 
എറിയുന്ന കാമമാണിത് 
ഉപഭോഗകാമം

ചാക്കിലാക്കിയെല്ലാം 
വലിച്ചെറിയാം 
അച്ച്ഛനെ 
അമ്മയെ 
പ്രണയിനിയെ 
പ്രിയതമനെ 
കുരുന്നു മൊട്ടിനെ 
വിടരുന്ന പൂവിനെ 
പിറന്ന മണ്ണിനെ 

ലോകം സുഖമായിരിക്കട്ടെ 
(എന്റെ വീട് എന്റെ ലോകം )
ശാന്തി: ശാന്തി :  ശാന്തി :

മരണം 
-----------------------
വാസന്ത ഋതു വീണയില്‍ 
ശാരിക വിരല്‍ മീട്ടിടുമ്പോള്‍ 
വാല്മീകങ്ങളു ടഞ്ഞു പൊന്‍ 
ശലഭജാലങ്ങള്‍ വാഴ്വിന്‍ 
ആനന്ദമകരന്ദം നുകര്‍ന്നിടുമ്പോള്‍ 
ഹാ! ഹൃദയപുഷ്പമേ നിന്‍
സൗഗന്ധിക പ്രണയസ്മൃതി 
കളെന്‍ നാസാദലങ്ങളില്‍ 
പൂമഴയായി പെയ്തിറങ്ങുന്നു 

ഒരുപിടി വിങ്ങലായി കാലമെന്‍ 
കൈകുമ്പിളില്‍ പുണ്യാഹം 
തളിച്ചിടുമ്പോള്‍ നിയതിതന്‍ 
സുഖദുഃഖ ചതുരംഗകളങ്ങളില്‍ 
ഒരു കാലാളായി -കാവലാളായി 
ഊഴമറിഞ്ഞിനി ഞാനെത്ര നാള്‍ 

മിഴികളിലോരായിരം നിന്‍ 
നിനവുകളുമായി വിടചോല്ലുന്നു 
ഞാന്‍ , പ്രിയേ വസുധേ 
നീ തന്നോരാര്‍ദ്ര നിമിഷങ്ങള്‍ 
തന്‍ അപാരനിര്‍വൃതിയില്‍ 

വൈശേഷികം
===========
അവനെ കാണാന്‍ എനിക്ക്
സഞ്ചരിക്കേണ്ടത് കണ്ണുകള്‍
കൊണ്ടല്ല -ചിന്തകളിലൂടെയാണ്
സങ്കല്പനങ്ങളിലൂടെയാണ്

യാത്രയോ..ഒരു തരി പൊടിയുടെ
ആയിരത്തിലോരംശത്തിലെക്കും

അവന്‍ അവിടെയുണ്ടന്നാ
ണവര്‍ പറയുന്നത്
പറഞ്ഞതൊക്കെ പിന്നീടവർ
മാറ്റി പറഞ്ഞിട്ടുമുണ്ട്

അറിയില്ല
അറിവില്ലായ്മയുടെ
അളവുകോലാണവന്‍

എന്തായാലും യാത്ര തുടരുകയാണ്

കാരിരിമ്പിന്റെ കഠിനതയില്ലും
കരളിനിന്റെ സരളതയിലും
അവന്‍ നിലനിക്കുന്നു

താപമാനങ്ങളില്‍
ഹിമമായി..ജലമായി
ബാഷ്പകണമായി
അവന്റെ വേഷപകര്‍ചകള്‍

മൊഴിയുടെ ആഴങ്ങളില്‍
കാഴ്ച്ചയുടെ വെട്ടങ്ങളില്‍
ശബ്ദമായി ...വെളിച്ചമായി
അവന്റെ തരംഗകളിയാട്ടം

ചക്രവാളങ്ങള്‍ക്കപ്പുറമുള്ള
ശൂന്യതയില്‍ ശുദ്ധശൂന്യ
തയായി അവനുണ്ട്

അസ്തിത്വതിനപ്പുറം
അനിശ്ചിതത്വമാണ് നീ

നിഗൂഡതയിലെ ഗുപ്ത
സാന്നിധ്യമാണ് നീ

താണ്ഡവങ്ങളിലെ
ഉറഞ്ഞുതുള്ളുന്ന സര്‍വ്വ
സംഹാരോര്‍ജ്ജമാണ് നീ

കാലത്തിന്റെ ദേശത്തിന്റെ
ഗതീയതയുടെ അതിവിദൂര
സൂക്ഷ്മതയില്‍ നീ വസിക്കുന്നെന്നു
അവര്‍ പറയുന്നു

അവര്‍ പറഞ്ഞതൊക്കെ
മാറ്റി പറഞ്ഞിട്ടുമുണ്ട്

നെറുകയ്ക്കുള്ളിലെ ഒരുപിടി
ചോറിന്റെ മായകാഴ്ചയാണു
കൂട്ടുകാരാ നീയും ഞാനും

അത് നീയാകുന്നു
ഞാനും അതാകുന്നു *
ഈ കൂടിചേരലില്‍ നമ്മുടെ
യാത്രയും അവസാനിക്കട്ടെ

(*തത്ത്വമസി

കവി 
===

കവിത 
ദര്‍പ്പണം മാത്രമല്ല 
ദര്‍ശനവുമാകണം 

കവിത 
മഴമാത്രമല്ല 
ജലവുമാകണം 

കവിത 
നേര്‍ക്കഴ്ചകള്‍ മാത്രമല്ല 
അകകാഴ്ച്ചകളുമാകണം 

കവിത
പുഴമാത്രമല്ല 
ഒഴുക്കുമാകണം 

കവിത
പ്രാര്‍ത്ഥനമാത്രമല്ല 
പ്രസാദവുമാകണം 

കവിത
പ്രണയവും വിരഹവും മാത്രമല്ല 
മാനസാന്തരങ്ങളുമാകണം 

കവിത
ഗൃഹാതുരത്വം മാത്രമല്ല 
സ്വപ്നങ്ങളുമാകണം 

മനുജനും 
മരുഭൂമിയും 
മലകളും 
മരങ്ങളും മാത്രമല്ല 
കവിത

കവിത എല്ലാമാണ് 
എല്ലാം കവിതയും 

കവിയോ ....?
കവിതയാകണം 

കുറ്റവും  ശിക്ഷയും 
=============

യാത്രകള്‍ ആകസ്മികങ്ങളാണ് 
വഴിതെറ്റലുകളും 

കൂട്ടംതെറ്റി മേയുന്നത് 
അശ്രദ്ധയല്ല 
അനിവാര്യതയാണ് 

നൂല് പൊട്ടി പോയ 
   പട്ടവും 
കാറ്റിലണഞ്ഞു  പോയ 
  ചെരാതും 
തെറ്റു ചെയ്തവരല്ല 
വെറുതെ ശിക്ഷിക്കപെട്ടവരാണ് 

സ്മൃതി നാശം 
-------------------

'പേര്  ' എന്താണെന്നാണോ  ചോദിച്ചത് ?

ചെവി കൂര്‍പ്പിച്ച് 
നര കയറിയ തലയില്‍ 
കൈയോടിച്ച്ചുകൊണ്ട് 
പറഞ്ഞു 

അതേ ...
പട്ടംപറത്തിയപ്പോള്‍ 
നൂലുപൊട്ടി പോയതാണ് 

അതോ ....
കപ്പമാവില്‍ കയറിയപ്പോള്‍ 
തോലുരഞ്ഞു പോയതാണോ ?

കണ്ണുപൊത്തി 
കളിച്ചപ്പോള്‍ കുറ്റി-  
കാട്ടിലെവിടയോ 
കയറി ഇരുന്നതാവാം 

അല്ല ..അല്ല...
കഞ്ഞി കുടിച്ചു കഴിഞ്ഞു 
പ്ളാവിലയ്ക്കൊപ്പം 
അറിയാതെ 
എറിഞ്ഞു കളഞ്ഞതാവണം 

അറിയാം ...അറിയാഞ്ഞിട്ടല്ല 

പക്ഷേ ...
അക്ഷരങ്ങളുടെ വിടവുകളിലോ 
പുതിയ ഓര്‍മ്മകളിലോ 
അവന്‍ ഒളിച്ചു കളിക്കുകയാണ്  
Wait while more posts are being loaded