Post is pinned.Post has attachment
അങ്ങനെ സമ്മാനം എത്തിയേ....


Dedicating to all participants. Hearty thanks to Admins especially Rose.

# feelinghappy!!!!!!
PhotoPhotoPhoto
10/05/2017
3 Photos - View album

"രണ്ടു സത്യവും ഒരു നുണയും" എന്ന ഈ ഗെയിമിന്റെ വിജയിയായി രിക്കുന്നത് +Anil Karlo ആണ് . അനിലിന് ഞങ്ങൾ ഓരോരുത്തരുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഏകദേശം ഒരു വർഷത്തോളമായി രണ്ടു സത്യവും ഒരു നുണയും എന്ന ഈ ഗെയിം തുടങ്ങിയിട്ട്. ഒടുവിൽ 42 എപ്പിസോഡുകൊണ്ട് അതു പൂർത്തിയായിരിക്കുന്നു. ഒരു കൗതുകത്തിനും , അതോടൊപ്പം ഒരു വിനോദത്തിനും വേണ്ടി തുടങ്ങിയ ഈ ഗെയിം വേണ്ടവിധത്തിൽ മുൻപോട്ടു കൊണ്ടുപോകാൻ എന്നെ സഹായിച്ചുകൊണ്ട് , തുടക്കം മുതൽ എനിക്കൊപ്പം നിന്ന് പൂർണ്ണ പിന്തുണ നൽകി, എന്നോടൊപ്പം ഇത് നടത്തിക്കൊണ്ടുവന്ന അനിമേഷ് അണ്ണനും , രെഹ്നാജിക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു.

വളരെയേറെ നന്ദിയുണ്ട് ഇവിടുത്തെ ഓരോ അംഗങ്ങൾക്കും . ഈ ഗെയിമിൽ സഹകരിച്ചും, ഇതിൽ പങ്കെടുത്തും നിങ്ങൾ ഈ ഗെയിമിനെ ഒരു വിജയമാക്കി തീർത്തു. ഈ ഗെയിമിന്റെ തുടക്കം മുതൽ ഒടുവിൽ വരെ പങ്കെടുത്തവരിൽ ഒരാളാണ് +Mu Mu . 5 പോയിന്റ് മാത്രം വ്യത്യാസത്തിൽ രണ്ടാമതെത്തിയ +Kunjan praveen വളരെ സജീവമായിത്തന്നെ ഈ മത്സരത്തിൽ പങ്കെടുത്തു .അവസാനത്തെ ഏതാനും ചില മത്സരങ്ങൾ ഒഴികെ ബാക്കിയെല്ലാ മത്സരത്തിന്റെയും ഭാഗമായിരുന്നു +charath keerthy

ആദ്യ ചില മത്സരങ്ങൾക്ക് ശേഷം ഗെയിം തീരുവോളം തുടർച്ചയായി പങ്കെടുത്ത സ്മിത, അജ്മൽ , സജീവ് , സാക്ഷി, ജോ, സീസർ തുടങ്ങി കുറേപ്പേർ.
ഈ ഗെയിമിൽ ഒരിക്കലെങ്കിലും പങ്കെടുത്ത, ഇതിന്റെ ഭാഗമായ ഓരോരുത്തർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി അറിയിച്ചു കൊള്ളുന്നു.

ഈ മത്സരത്തിലെ വിജയിക്ക് എത്രയും വേഗം സമ്മാനം എത്തിക്കുന്നതായിരിക്കും.

ഒരിടവേളക്ക് ശേഷം വീണ്ടും മറ്റൊരു ഗെയിമുമായി എത്താമെന്ന പ്രതീക്ഷയോടെ

അനിമേഷ് , രെഹ്ന & റോസ്
+animesh xavier, +Rehna Khalid

Post has attachment
രണ്ടു സത്യവും ഒരു നുണയും എന്ന ഗെയിമിലെ ഏറ്റവും ഒടുവിലത്തെ പോയിന്റ് നില .

ഇതിലെ ടോപ് സ്‌കോറർ +Anil Karlo (102 Points)

Part -42

Todays Guest +Jayaram Damodaran

ജ്യോതിഷത്തില്‍ തീരെ വിശ്വാസം ഇല്ലെങ്കിലും ജീവിത്തിലെ ചില സംഭവങ്ങള്‍ നമ്മെ കുറച്ചെങ്കിലും വിശ്വസിക്കാന്‍ നിര്ബ്ബന്ധിതരാക്കും . അങ്ങിനെ മൂന്നു സംഭവങ്ങള്‍ (വെള്ളം , വാഹനം, അഗ്നി ) ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നു

1) വെള്ളം

നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം .അമ്മയുടെ ചേച്ചിയും കുട്ടികളും ഞങ്ങളോടൊപ്പം കൂട്ട് കുടുംബമായി ആയിരുന്നു താമസം അന്ന് . ജൂണ്‍ മാസം ..കര്‍ഷക കുടുംബമായതിനാല്‍ മുതിര്‍ന്നവര്‍ അമ്മയുടെ ചേച്ചി ഒഴികെ , എല്ലാവരും വയലില്‍ . ബാക്കി ഉള്ളവര്‍ സ്കൂളിലേക്കും .പോയി കഴിഞ്ഞിരുന്നു .ഞാനും ചേട്ടനും (വലിയമ്മയുടെ മകന്‍ ) പോകാന്‍ ബാക്കി . ആരെങ്കിലും വെള്ളം കോരി തന്നാലെ കുളിക്കാന്‍ പറ്റു. സാധാരണ ചേട്ടനാണ് അത് ചെയ്യാറ് . അന്ന് വൈകിയതിനാല്‍ കുളിച്ചു കഴിഞ്ഞ ഉടനെ ആള്‍ ഓടി . നീ ഇന്ന് കുളിക്കണ്ട എന്നും പറഞ്ഞു .
അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് കരുതി നേരെ കുടം കിണറിലേക്ക് താഴ്ത്തി . നിറഞ്ഞ കുടം മുകളിലേക്ക് വലിക്കുമ്പോ കയര്‍ കപ്പിയില്‍ കുടുങ്ങി .
കയര്‍ നേരെയാക്കാന്‍ കിണറിന്റെ പടിയില്‍ കയറിതേ ഓര്‍മ്മയുള്ളൂ
പിന്നെ കാണുന്നത് കിണറിലെ മീനിനെയാണ്
(വലിയമ്മ നിലവിളിക്കുന്നതും അയല്വക്കക്കാര്‍ തോട്ടില്‍ ഇറക്കാന്‍ ശ്രമിച്ചതും ഒന്നും നടക്കാതെ ) ഞാന്‍ മൂന്നാമതും മുങ്ങുന്ന സമയം അടുത്ത പറമ്പില്‍ കാളയെ മേയ്ക്കാന്‍ വന്ന വകയിലെ ഒരമ്മാവന്‍ നേരെ കിണറില്‍ ചാടി രക്ഷിചില്ലെങ്കില്‍ ഇന്നെഴുതാന്‍ ഈ ഞാന്‍ ഉണ്ടാവുമായിരുന്നില്ല
സംഭവം കഴിഞ്ഞ ഉടനെ കണിയാരെ വരുത്തലായി , പ്രശ്നം വെക്കലായി ..
കണിയാര്‍ ഉവാച:
ഈ ജാതകക്കാരനു വെള്ളം , അഗ്നി, വാഹനം എന്നിവയാല്‍ അപകടം സംഭവിക്കും ..
പോരെ ..സൈക്കിള്‍ പഠനം ഖുദാ ഗവ . സൈക്കിള്‍ നോക്കാന്‍ വിട്ടില്ല പിന്നെ അച്ഛന്‍ ....
2) വാഹനം

കാലം പിന്നെയും കടന്നു...കിണറില്‍ പല പ്രാവശ്യം വെള്ളം പൊങ്ങി . കൂട്ട് കുടുംബം അണുകുടുംബമായി ..
ഡിപ്ലോമക്ക് സീറ്റ് കിട്ടിയത് തിരൂരില്‍ . ചേര്‍ത്ത് തിരികെ പോകുമ്പോ അച്ഛന്‍ ഭഗവത് ഗീത തുറന്നു


.ബസ്സിലും വണ്ടിയിലും കയറുമ്പോ ശ്രദ്ധിക്കണം .ഒറ്റയ്ക്ക് പോകരുത് ....അര്‍ജുനനെ പോലെ എല്ലാം കേട്ട് തലകുലുക്കി.അച്ഛന്‍ പോയപ്പോ ഉപദേശവും കൂടെ പോയി .ഒരു ദിവസം സിനിമ കാണാന്‍ ഒറ്റയ്ക്ക് പുറപ്പെട്ടു .തെക്കും മുറിയില്‍ നിന്ന് ടൌണിലേക്ക് . ബസ്സില്‍ നല്ല തിരക്ക് . എങ്ങിനെയോ ബസ്സില്‍ കയറി ഡോറിനു ചാരി നിന്ന് . താഴെ പാലം വളവ് എത്തിയപ്പോ ഡോര്‍ തനിയെ തുറന്നു .അകത്തുള്ള ഞാന്‍ പുറത്തായി .ബസ്സുകാര്‍ അറിഞ്ഞ പോലുമില്ല .
ഭാഗ്യം എന്നല്ലാതെ . ഒരു പോറല്‍ പോലും പറ്റിയില്ല ആ വീഴ്ചയില്‍ . പറ്റിയിരുന്നെങ്കില്‍ പഠിത്തം അതിനോടെ തീരുമായിരുന്നു ..


അങ്ങിനെ വാഹനവും ആയി .. ഇനി അഗ്നി ബാക്കി


3) അഗ്നി

മംഗലാപുരം ജോലി ചെയ്യുന്ന സമയം ..കല്യാണം കഴിഞ്ഞു അധികം നാളുകള്‍ ആയിട്ടില്ല . ഒരു ഡിസംബര്‍ 8 ,സമയം ആറു ആ യികാണും മംഗലാപുരത്ത് പ്രശ്നം നടക്കുന്നു .Industrial Area യില്‍ ആണ് താമസം .അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന വര്‍ക്ക് അവിടെ ഒരു മരക്കമ്പനി ഉണ്ട്ട്.
വാതിലില്‍ തുടരെ മുട്ട് കേട്ട് തുറന്നപ്പോ അടുത്ത വീട്ടിലെ സ്ത്രീ .
അവരുടെ കമ്പനിക്കു തീ പിടിച്ചു .ഭര്‍ത്താവ് സ്ഥലത്തില്ല , പത്തില്‍ പഠിക്കുന്ന മകന്‍ കമ്പനിയിലേക്ക് പോയിട്ടുണ്ട്.കാണുന്നില്ല ഒന്ന് പോയി നോക്കാമോ എന്ന് .
ഡ്രസ്സ് മാറാന്‍ തുടങ്ങിയപ്പോ ഭാമ വിലക്കി . പ്രശ്നമല്ലേ പോകണ്ടാ ..
അത് വക വെക്കാതെ ഉടനെ പോയി . അവിടെ ചെന്നപ്പോ ആ പയ്യന്‍ ഒറ്റയ്ക്ക് ടാപ്പ് തുറന്നു വെള്ളം ഒഴിച്ച് തീ കെടുത്താന്‍ നോക്കുന്നു ..മരങ്ങള്‍ക്ക് തീ പിടിച്ചിട്ടില്ല . ഓഫീസിനടുത്ത വെയിസ്റ്റു കഷണങ്ങള്ക്കാന് തീ പിടിച്ചത് ഓഫീസില്‍ കേറാന്‍ ഒരു രക്ഷയുമില്ല ..അവനോടു തിരികെ വരാന്‍ പറഞ്ഞു . അവന്‍ ഒട്ടു കേള്‍ക്കുന്നുമില്ല ..അവനെ നിര്‍ബ്ബന്ധിച്ചു പിടിക്കാന്‍ മുന്നോട്ടു ആഞ്ഞതും വേസ്റ്റ് കൂനയില്‍ നിന്ന് രണ്ടു മരക്കഷണം മുന്നിലേക്ക്‌ വീണു . . അവനെ പിടിച്ചു മാറ്റുമ്പോഴേക്കും അവന്റെ തുണിക്ക് തീ പിടിച്ചിരുന്നു .അപ്പോഴേക്കും ഓടിക്കൂടിയ അടുത്ത ഫാക്ടറി ജോലിക്കാര്‍ വന്നു സഹായിച്ചു , അവനെ ഹോസ്പിറ്റലില്‍ കൊണ്ടു പോയി . ഒരു മാസത്തെ ആശുപത്രി വാസം വേണ്ടി വന്നു അവന്‍ സുഖപ്പെടാന്‍ ..
കയ്യിലെ ഒരു ചെറിയ പൊള്ളലുമായി ഞാന്‍ രക്ഷപ്പെട്ടു ..

അങ്ങിനെ അഗ്നിയും കഴിഞ്ഞു

രണ്ടു സത്യവും ഒരു നുണയും എന്ന ഗെയിമിന്റെ നാളെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത് +Jayaram Damodaran

Post has attachment
അടുത്ത മത്സരം വളരെ നിർണ്ണായകമാണ്. ഒരു പക്ഷേ അടുത്ത ഗെയിമോടു കൂടി ഇതിലെ വിജയിയെ കണ്ടെത്താൻ കഴിഞ്ഞേക്കാം.
41 മത്സരങ്ങൾ കഴിഞ്ഞപ്പോഴത്തെ പോയിന്റ് നില
+Anil Karlo- 96 Points, +Kunjan praveen-90 Points & +Mu Mu - 83 Points

പാർട്ട് - 41
+Ajmal Karayamuttam
ഇതാ രണ്ടു സത്യവും ഒരു നുണയും !

1. ഒരു പഴയ ഓർമ്മ

പ്ലസ് വണ്ണിൽ പഴയ സ്കൂളിൽ തന്നെ സീറ്റ് കിട്ടിയെങ്കിലും പഴയ കൂട്ടുകാർ കുറവായിരുന്നു. ക്ലാസ്സിലെ 3 മുസ്ലിം പെൺകുട്ടികളിൽ ഒരാൾ എന്റെ പഴയ ഫ്രണ്ട് ആയിരുന്നു.
എന്റെ സുഹൃത്തിന്റെ ലവർ ആണ് പേര് സാലിഹ . ബാക്കി രണ്ടു പേര് പുതുതായി വന്നവർ. അതിൽ ഒരുത്തി കാണാൻ സുന്ദരി പക്ഷെ എന്നെക്കാളും നല്ല ഉയരമുണ്ട്.
ഞാനും സാലിഹായും കൂടി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഈ സുന്ദരി വന്ന എന്നോട് ചോദിച്ചു ബ്രോക്കറാണല്ലേ എന്ന് . നിനക്ക് വേണോ?? ഞാൻ റെഡിയാണ്. അങ്ങനെ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി. കൂട്ടത്തിൽ അജിത്ത് എന്നൊരു ഫ്രണ്ടും ഉണ്ടായിരുന്നു.. ഇടക്കിടക്ക് കളിയാക്കി കൊണ്ട് ഞാൻ അവളോട് ഇഷ്ടമാണ് നിനക്കിഷ്ടമല്ലേ എന്നൊക്കെ ചോദിക്കാറുണ്ട്.. അപ്പോഴൊക്കെ വേറെ പലതു പറഞ്ഞ അവൾ വിഷയം മാറ്റികൊണ്ടിരുന്നു. ഞങ്ങൾ രണ്ടുപേരും ലൈൻ ആണെന്നാണ് ക്ലാസ്സിൽ മൊത്തം കരുതിയിരുന്നത് . ഒരു വെള്ളിയാഴ്ച ഞാൻ പള്ളീൽ പോയി വന്ന് കത്തിയടി തുടങ്ങി. അജിത്ത് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയി. അന്നും അവളോട് എന്തായി നമ്മുടെ കാര്യം എന്ന് ചോദിച്ചപ്പോ ഭയങ്കര വിഷമത്തോടെ ഡാ എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല എന്ന്പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു... ഞാൻ തമാശക്ക് ചോദിച്ചതാണ്. സംസാരിക്കാൻ എന്തെങ്കിലും വിഷയം വേണ്ടേ അതുകാരണം പറഞ്ഞതാണ്. ഒന്നന്നാമത് നിനക്ക് ഒടുക്കത്തെ ഹൈറ്റ്. പിന്നെ മിക്കവാറും 2 കൊല്ലത്തിനുള്ളിൽ നിന്റെ കല്യാണവും ഉണ്ടാകും.. അവൾ ഉണ്ടാക്കിയുള്ള ഒരു ചിരിയും ചിരിച്ചു ഷേക്ക് ഹാൻഡ് തന്നിട് പറഞ്ഞു ഇനി നമ്മൾ ബെസ്ററ് ഫ്രണ്ട് മാത്രം ആയിരിക്കും. ഭക്ഷണം കഴിച്ച് വന്ന അജിത്തിനോട് ക്ലാസ്സിലുള്ള ആരോ പറഞ്ഞൂ അവർ ഫ്രണ്ട് ആയെന്ന്,. അവൻ നേരെ എന്റെ അടുത്ത് വന്ന് പറഞ്ഞു "നീ ചെയ്തത് വളരെ മോശമായിപ്പോയി അവളോട് ഫ്രണ്ട് ആവുന്നതിന്ന് മുൻപ് എന്നോട് ഒന്ന് ചോദിക്കാമായിരുന്നു."
.. "എടാ ഞാൻ അതിന്ന് അവളെ അങ്ങനെ കണ്ടിട്ടില്ല. നിനക്കെന്താ വട്ടാണോ "
":നീ പോടാ @#$% ... നീ ഇനി എന്നോട് മിണ്ടേണ്ട.."
അന്ന് മുതൽ അവൻ എന്നോട് മിണ്ടീട്ടില്ല. പിന്നീടാണ് അറിഞ്ഞത് ഞാനും അവളും ലൈനാവാൻ അവൻ അമ്പലത്തിൽ പോയി പൈസ ഇട്ടിട്ടുണ്ടെന്നും ഞാൻ ഇല്ലാത്ത ടൈമിൽ അവളോട് പോയി എനിക്ക് വേണ്ടി റിക്വസ്റ് ചെയ്തിട്ടുണ്ടെന്നും... കാലങ്ങൾ കടന്നുപോയി. പ്ലസ്‌ടു കഴിഞ്ഞു . അവളുടെ കല്യാണം കഴിഞ്ഞു .. ഇന്ന് വരെ ഒരിക്കൽ പോലും സംസാരിക്കാതെ ഇപ്പോഴും ഒരു വലിയ നഷ്ടമായി ഒരു കൂട്ടുകാരനും


2. മറക്കാനാവാത്ത സമ്മാനം

പത്താം ക്ലാസ്സ് വെക്കേഷന്റെ ടൈം അന്ന് ഇന്റൽ ലേൺ പ്രോഗ്രാം എന്ന പേരിൽ അക്ഷയ വഴി ഒരു കോഴ്സ് നടന്നിരുന്നു. ഞാനും എന്റെ ഫ്രണ്ട് മിഥുനും ആ ക്ലാസ്സിന്ന് പോയിരുന്നു.. മൊത്തം 18 പേര്. ഓരോ ദിവസവും കണ്ട ഒരു കാഴ്ച്ച അന്നത്തെ ന്യൂസ് പേപ്പറിൽ നിന്ന് ഏറ്റവും സെലക്ട് ചെയ്ത ഒരു ന്യൂസ് അത് സെലക്ട് ചെയ്യാനുണ്ടായ കാരണം ഇതെല്ലം 18 പേരെക്കൊണ്ട് പറയിപ്പിച്ച കൊണ്ടാണ് ക്ലാസ് തുടങ്ങിയിരുന്നത്. പലരും സച്ചിൻ സിക്സടിച്ചതും വണ്ടി ആക്സിഡന്റ് ആയതും എല്ലാം അതിൽ പറഞ്ഞിരുന്നു. കോഴ്‌സിന്റെ അവസാനം പ്രോജക്ട് വർക്ക് ഉണ്ടായിരുന്നു. അത് 4 ഗ്രൂപ്പ് ആക്കിയായിരുന്നു. എന്റെ ഗ്രൂപ്പിൽ 2 ആൺകുട്ടികളും 2 പെൺകുട്ടികളും. വാട്ടർ പൊലൂഷൻ ആയിരുന്നു വിഷയം. അന്ന് പലസ്ഥലങ്ങളിൽ പോയി ആ വിഷയവുമായി ബന്ധപ്പെട്ട മൊബൈലിൽ എടുത്ത ഫോട്ടോകൾ ഒക്കെ വെച്ച ഒരു പ്രോജക്ട് തയ്യാറാക്കി.. ക്ലാസ്സിൽ നിന്ന് ജില്ലാ മൊത്തമുള്ള പരിപാടിയിലേക്ക് പോകാൻ ക്ഷണം കിട്ടി. അവിടെനിന്ന് അക്ഷയയുടെ ഏതോ വല്യ ഓഫീസർ ഒരു മാഡം ആയിരുന്നു. പ്രോജക്ട് കണ്ടു ഇഷ്ടപ്പെട്ട് ഞങ്ങളോട് ബാംഗ്ലൂരിലേക്ക് പോകാൻ റെഡിയായിക്കോളാൻ പറഞ്ഞു. ഞങ്ങളുടെയും കൊല്ലത്തുള്ള ഒരു പ്രോജെക്ടറും ആണ് സെലക്ട് ചെയ്തത്. അതിൽ നിന്നും എന്നെയും എന്റെ കൂടെ തന്നെ ഉള്ള ഒരു പെൺകുട്ടിയെയും സെലക്ട് ചെയ്തു. ബാംഗ്ലൂരിൽ ഇന്റലിന്റെ തലമൂത്ത ഓഫീസറുടെ മുന്നിൽ വെച്ച് 5 മിനിറ്റു പ്രോജെക്ട അവതരിപ്പിക്കണം. 5 ദിവസം അവിടെ താങ്ങണം. അങ്ങനെ വീട്ടുകാരുടെ സമ്മതമെല്ലാം വാങ്ങി ഞങ്ങൾ രണ്ട പേരും അവിടത്തെ സാറും പിന്നെ ആ മേഡവും ഇറങ്ങി . എന്റെ ജീവിതത്തിലെ ആദ്യത്തെ ട്രെയിൻ യാത്ര അതായിരുന്നു. അവിടെ ചെന്നു പ്രോജക്ട് അവതരിപ്പിച്ചു. അവിടന്ന് ഒരു ലാപ്ടോപ്പും സമ്മാനമായി കിട്ടി. ജീവിതത്തിലെ ഇതുവരെ കിട്ടിയതിൽ വെച്ച്ഏറ്റവും വലിയ സമ്മാനവും ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയാണ്

3. പ്രണയം

ഷോപ്പിൽ ഒരു ദിവസം ഒരു പെൺകുട്ടി ഫോട്ടോസ്റ്റാറ് എടുക്കാൻ വന്നു. എന്റെ ഒരു ഫ്രണ്ടിന്റെ ഫ്രണ്ടാണെന്ന് പറഞ്ഞ സ്വയം പരിചയപ്പെടുത്തി. പിന്നീട് ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ് വരികയും ഒരു പ്രോജെക്ട് വർക്കിന്ന് വേണ്ടി ഹെല്പ് വേണമെന്നും പറഞ്ഞു... പിന്നീട് സ്വാഭാവികമായുണ്ടാവുന്ന ചാറ്റിങ്ങിലൂടെ കൂടുതൽ പരിചയപ്പെട്ടു. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എന്നതിലുപരി വേറെ ഒരു അടുപ്പത്തിനും ഞാൻ നിന്നിരുന്നില്ല. പക്ഷെ അവളുടെ ചാറ്റിംഗിൽ പലപ്പോഴായി തോന്നിയ സ്പെല്ലിങ് മിസ്റ്റേക്കിൽ ഒരു ചെറിയ അകൽച്ച ഞാൻ കാണിക്കാൻ തുടങ്ങി. അകലും തോറും അവൾ ഇങ്ങോട്ട് അടുക്കുകയാണ് ഉണ്ടായത്. അവസാനം യെസ് ആയാലും നോ ആയാലും ഈ ബന്ധം അവസാനിപ്പിക്കരുത് എന്നു എന്നെകൊണ്ട് സമ്മതിപ്പിച്ചു അവൾ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു . ഒരു അന്യമതസ്ഥ ആയത്കൊണ്ടോ ഞാൻ ഒരിക്കലും ആ ഒരു തരത്തിൽ കാണാത്തത് കൊണ്ടോ നോ എന്ന് പറയാൻ എനിക്ക് അതികം ആലോചിക്കേണ്ടി വന്നില്ല. ആ ഒരു കാരണം കൊണ്ട് അവൾ കോളേജ് ഹോസ്റ്റലിൽ നിന്ന് 3 ദിവസം പുറത്ത് ഇറങ്ങാതെ റൂമിൽ തന്നെ കഴിച്ചുകൂട്ടി.. പിന്നീട്ട് പലപ്പോഴായുണ്ട ചാറ്റിങ്ങിലൂടെ ഇനി ഒരിക്കലും അങ്ങനെ പറയില്ല എന്ന് ഉറപ്പ് തന്നു വീണ്ടും പഴയ പോലെ തന്നെ ആയി. പക്ഷെ.. ഉള്ളിലെ സ്നേഹമല്ലേ... വീണ്ടും രണ്ട് വട്ടം ഇതേ പോലെത്തന്നെ ഇഷ്ടമെന്ന് പറഞ്ഞപ്പോൾ അവളുടെ നമ്പർ ബ്ലോക്ക് ചെയ്തു . പലപ്പോഴായി പല നമ്പറുകളിൽ നിന്നും മെസ്സേജുകൾ അയച്ചപ്പോഴും ആ നമ്പറുകളും ബ്ലോക്ക് ചെയ്തു . ഏകദേശം 5 മാസത്തോളം യാതൊരു കോണ്ടാക്റ്റും ഇല്ലാതെ ഇരുന്നു.. പുതിയ പിന്നീടെപ്പോഴോ ബ്ലോക്ക് മാറിപ്പോയി.. വീണ്ടും മെസ്സേജുകളും പൂരം.. അവളുടെ ചാറ്റിംഗിൽ നിന്നും മനസ്സിലായി അവൾക്ക് വരുന്ന ആലോചനകളെല്ലാം വേണ്ടന്ന് പറഞ്ഞു വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കാണെന്ന്. ഒറ്റ മകളായത് കൊണ്ടോ വളർത്തു ദോഷം കൊണ്ടോ വാശി ഭയങ്കര കൂടുതലാണ്. നല്ല രീതിയിലും ചീത്ത രീതിയിലും പറഞ്ഞ നോക്കി വെറുതെ നല്ലൊരു ജീവിതം പാഴാക്കി കളയണ്ട എന്ന്... രക്ഷ ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ വീണ്ടും നമ്പർ ബ്ലോക്ക് ആക്കി

നാളെ നടക്കുന്ന രണ്ടു സത്യവും ഒരു നുണയും എന്ന ഗെയിമിൽ പങ്കെടുക്കുന്നത്
+Ajmal Karayamuttam
മത്സരത്തിൽ പങ്കെടുത്തു പോയിന്റുകൾ നേടൂ

പാർട്ട് -40 തുടങ്ങുകയായി . മറക്കാതെ പങ്കെടുക്കുക , പോയിന്റുകൾ നേടുക
+Rajesh Karakodan

1.ഒരിക്കൽ ഒരു വൈകുന്നേരം

ഗള്‍ഫില്‍ എത്തിയതിനു ശേഷം ജീവിതത്തില്‍ വരുത്തിയ ഒരു മാറ്റമാണ് പതിവായി വൈകുന്നെരങ്ങളിലുള്ള നടത്തം.
ഞാന്‍ പതിവായി നടക്കാന്‍ പോകുന്ന പാര്‍ക്കിന്റെ സ്ഥാനം ഇവിടത്തെ അത്ര പ്രധാനമല്ലാത്ത ഒരു റോഡിന്‍റെ അരികിലാണ്. സാധാരണ നടക്കാറുള്ളത് പോലെ ഓരോന്നാലോചിച്ച് വേഗത്തില്‍ നടക്കും. കൂടുതലും ഒരു ശരാശരി പ്രവാസിയുടെ ചിന്തകളായതുകൊണ്ട് ഇവിടെ ചിന്തകളെ കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നടത്തത്തിന്റെ വേഗതയിലും, താളത്തിലും, എന്റെ ചിന്തകളിലും ശ്രദ്ധിച്ചു ഞാന്‍ നടക്കുമ്പോള്‍ കുറച്ചകലെയായി എനിക്കഭിമുഖമായി ഒരു പൂച്ച പാര്‍ക്കിലെ ഇടതൂര്‍ന്നു വളര്‍ന്ന പൂന്തോട്ടത്തില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടു. അതിന്റെ ലക്‌ഷ്യം പാര്‍ക്കിന്റെ ഞാന്‍ നടക്കുന്ന നടവഴി മുറിച്ചു കടന്നു തൊട്ടപ്പുറത്തുള്ള റോഡിന്‍റെ ഭാഗത്തേക്കാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ പൂച്ച മറുകണ്ടം ചാടിയാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും എന്ന് മനസ്സില്‍ ഞാന്‍ ഓര്‍ത്തു. അങ്ങനെ പൂച്ചയെ അതിനനുവദിക്കരുത് എന്നുറപ്പിച്ചു ഞാന്‍ എന്റെ നടത്തത്തിന്റെ വേഗത കൂട്ടി.
എന്റെ വെപ്രാളവും പെട്ടെന്ന് വേഗത കൂട്ടിയുള്ള നടത്തവും കണ്ടിട്ടാവണം പൂച്ച ഒന്ന് പരുങ്ങി ഓടാന്‍ ആരംഭിച്ചു. എന്നാപ്പിന്നെ അങ്ങനെ വിട്ടു കൊടുക്കാന്‍ ഞാനും കൂട്ടാക്കിയില്ല, കുതിച്ചോടി പൂച്ച മറികടക്കുന്നതിന് തലനാരിഴ വ്യതാസത്തില്‍ ഞാന്‍ പൂച്ചക്ക് മുന്നിലായി കടന്നു വേഗത കുറച്ചു സാധാരണ നടക്കാറുള്ളതുപോലെ നടക്കനാരംഭിച്ചതും ഒരു കാറിന്റെ ബ്രേക്ക്‌ ചെയ്ത ശബ്ദ ത്തിന്റെ അകമ്പടിയോടെ പൂച്ചയുടെ രോദനം കേട്ടു. എനിക്ക് കാര്യം മനസ്സിലായി ഞാന്‍ തിരിഞ്ഞു നോക്കാതെ നടത്തത്തിനു വേഗത വീണ്ടും കൂട്ടി.

2. ഫീസു കിട്ടാത്ത കേസ്

നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന കാലം. രാവിലെ ഓഫീസിലെത്തിയപ്പോള്‍ ഓഫീസിനു പുറത്ത് എന്നെയും കാത്ത് ഗോവിന്ദന്‍ എന്നയാള്‍ നില്‍ക്കുന്നു. കൂടെ ഭാര്യയും മകളും ഉണ്ട്. ഞാന്‍ ഓഫീസിലേയ്ക്ക് വരുന്ന വഴിയിലുള്ള ആദിവാസി കോളനിയിലാണ് ഇദേഹത്തിന്റെ വീട്. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും നിര്‍ത്താതെ പറഞ്ഞ് കൊണ്ടിരിക്കുന്നതിനാലാകും, പ്രാന്തന്‍ ഗോവിന്ദന്‍ എന്നാണ് നാട്ടിലുള്ള ആളുകള്‍ അദേഹത്തെ വിളിക്കാറ്. ഓഫീസ് തുറന്ന് അവരെയും കൂട്ടി അകത്ത് കയറിയിരുന്ന് കാര്യം അന്വേഷിച്ചു. കയ്യിലുണ്ടായിരുന്ന ചെറിയ കവറില്‍ ഉണ്ടായിരുന്ന ഒരു മാക്സി എനിക്ക് കാണിച്ചു തന്ന് മകളും ഭാര്യയും കരഞ്ഞുകൊണ്ട്‌ കാര്യം പറഞ്ഞു. മകളുടെ ഭര്‍ത്താവ് തലേന്ന് രാത്രി വെള്ളമടിച്ച് വന്ന് മകളുമായി വഴക്ക് കൂടുകയും, അതിനു ശേഷം ഉറങ്ങാന്‍ കിടന്ന മകളുടെ ഉടുത്തിരുന്ന മാക്സിയില്‍ തീ കൊളുത്തുകയുമായിരുന്നത്രേ. രാത്രിയില്‍ തന്നെ തീയണച്ച് ഓടി അച്ഛന്റെ വീട്ടിലേയ്ക്ക് മകള്‍ ഓടി വന്നു. മകളുടെ ഭര്‍ത്താവിനെ വെറുതെ വിടരുതെന്നും കേസ് കൊടുക്കണമെന്നും പറഞ്ഞ് വാശിയില്‍ ആയിരുന്നു. അവരോടു ഓഫീസിനു വെളിയില്‍ കാത്തു നില്‍ക്കാന്‍ പറഞ്ഞ് കോടതിയില്‍ പോകുന്ന വഴിയ്ക്ക് അവരെയും കൂട്ടി പോലീസ് സ്ടേഷനില്‍ പോയി എസ് ഐ യുമായി സംസാരിച്ച് നേരത്തെ തയ്യാറാക്കിയ പരാതി കൊടുത്തു. മകളുടെ ഭര്‍ത്താവിനെ കൂട്ടികൊണ്ട് വരാന്‍ ഒരു പോലീസുകാരനെ അയക്കാമെന്നു സമ്മതിച്ചു, പക്ഷെ പോലീസുകാരന് പോകാനുള്ള ഓട്ടോറിക്ഷയുടെ കാശ് കൊടുക്കണം. എല്ലാം തയ്യാറാക്കി കോടതിയിലേയ്ക്ക് പോകാനൊരുങ്ങിയ എന്റെയടുത്ത് ഗോവിന്ദന്‍ വന്ന് പോലീസ് കാരന് കൊടുക്കാനുള്ള പൈസ കടമായി ചോദിച്ചു. ഫീസും തരുന്നില്ല, കടവും കൊടുക്കണം. പോലീസ് സ്റെഷനില്‍ വച്ചായത് കൊണ്ടും, കോടതിയിലെത്താന്‍ താമസിച്ചത് കൊണ്ടും ഞാന്‍ ഓട്ടോയുടെ കാശ് ഗോവിന്ദന്റെ കയ്യില്‍ കൊടുത്ത് വേഗം അവിടെ നിന്ന് കോടതിയിലേയ്ക്ക് പോയി.
ഏതാണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോടതിയില്‍ ഗോവിന്ദന്‍ വന്ന് എന്നെ വിളിച്ചു. മകളുടെ ഭര്‍ത്താവിനെയും കൂട്ടി പോലീസ്കാരന്‍ സ്റെഷനില്‍ എത്തിയെന്നും, എസ് ഐയും പോലീസുകാരും എന്നെ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ അയാളെയും കൂട്ടി പോലീസ് സ്റെഷനില്‍ എത്തി. പോകുന്ന വഴിയില്‍ എന്നോട് അവനെ വെറുതെ വിടരുത്, പോലീസ്കാരോട് പറഞ്ഞ് നല്ല തല്ലുകൊടുപ്പിക്കണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ സറെഷനില്‍ എത്തിയ ഉടനെ അയാളുടെ ഭാര്യയും മകളും വന്നപ്പോള്‍ പോലീസ്കാരോട് അവനെ നല്ലവണ്ണം പേടിപ്പിച്ച് വിട്ടാല്‍ പോരെ എന്ന് ചോദിച്ചു. അവര്‍ക്കതോന്നും പോരാ അവന് നല്ല അടി തന്നെ കൊടുക്കണം എന്നൊക്കെ പറഞ്ഞ് നല്ല വാശിയിലായിരുന്നു.
എസ് ഐയെ കണ്ട് അവര്‍ മൂന്നു പേരുടെയും മുന്നില്‍ വച്ച് അവന് നല്ല അടികൊടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിച്ചു. പരിചയമുള്ള എസ്സ് ഐയായതിനാല്‍ രണ്ടു പോലീസ്കാരോട് പറഞ്ഞ് എന്നോടൊപ്പം അവരെയും കൂട്ടി അവന്റെ അടുത്തെത്തി അവനെ അവര്‍ പൊതിരെ തല്ലാന്‍ തുടങ്ങി. ആദ്യമൊക്കെ അടി കൊടുക്ക്‌, അടി കൊടുക്ക്‌ എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ച അവര്‍ പോലീസുകാരുടെ അടിയുടെ രീതികണ്ട് കരയാന്‍ തുടങ്ങി. മൂന്നുപേരും എന്റെ നേരെ തിരിഞ്ഞു അടിക്കാനല്ലേ പറഞ്ഞത് എന്റെ മോളുടെ കെട്ടിയോനെ കൊല്ലാന്‍ പറഞ്ഞോ എന്ന് ചോദിച്ച് എന്നോട് ഒച്ചയെടുക്കാന്‍ തുടങ്ങി. ഇവരുടെ ഭാവമാറ്റം കണ്ട പോലീസുകാരും ആകെ വല്ലാണ്ടായി. അവരും എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ഇതെന്താ വക്കീലെ നിങ്ങള്‍ പറഞ്ഞിട്ടല്ലേ അടി കൊടുക്കുന്നത്? ഇപ്പോഴെന്താ ഇവരിങ്ങനെ എന്ന് ചോദിക്കാന്‍ തുടങ്ങി. രണ്ടാളുടെയും ഇടയില്‍ ഞാന്‍ പെട്ട്പോയി എന്ന് പറഞ്ഞാല്‍ മതി. ഗോവിന്ദന്റെ മകളും ഭര്‍ത്താവും പരസ്പരം കെട്ടിപ്പിടിച്ച് വല്ല്യ ശബ്ദത്തില്‍ കരയാന്‍ തുടങ്ങി, കോറസ്സായി ഭാര്യയും. ശബ്ദം കേട്ട എസ് ഐ ഓടി വന്ന് എന്നോട് എന്ത് ആളുകളെയാ നിങ്ങള്‍ കൂട്ടി കൊണ്ട് വന്നത്? ഞങ്ങളും കുടുങ്ങുമല്ലോ വക്കീലെ എന്ന് പറയാന്‍ തുടങ്ങി. ഞാന്‍ മകളുടെ ഭര്‍ത്താവിനെ ഒഴിവാക്കി വിടാന്‍ പറഞ്ഞു. കേസ്സില്ലാന്ന്‍ പറഞ്ഞു മകളുടെയും ഭര്‍ത്താവിന്റെയും ഒപ്പ് മേടിച്ച് പോലീസുകാര്‍ അവരെ പറഞ്ഞു വിട്ടു. എസ്സ് ഐയോട് കുറച്ചു നേരം കൂടെ സംസാരിച്ച് സ്റെഷന് വെളിയില്‍ ഞാന്‍ ഇറങ്ങിയപ്പോള്‍ പ്രതിയും പരാതിക്കാരും അവിടെ എന്നെ കാത്തുനില്‍ക്കുന്നു. അവര്‍ക്ക് തിരിച്ചു പോകാന്‍ കാശില്ലാത്രേ. കയ്യിലുള്ള കാശ് കൊണ്ട് അവര്‍ എല്ലാവരും ഭക്ഷണം കഴിച്ചുപോലും. അവരോടു ഫീസ്‌ ചോദിക്കണം എന്നൊക്കെ ചിന്തിച്ചു വന്ന എനിക്ക് അവരുടെ യാത്രാകാശ് വീണ്ടും കടമായി കൊടുക്കേണ്ടി വന്നു.
അതിനു ശേഷം വേരെയൊരു സ്ഥലത്ത് കണ്ടപ്പോള്‍ ഗോവിന്ദനോട് ഞാന്‍ ഫീസില്ലെങ്കിലും കൊടുത്ത കാശെങ്കിലും തരണം എന്ന് പറഞ്ഞു. മകളുടെ ഭര്‍ത്താവിനെ പോലീസ്കാരെ വെച്ച് ഞാന്‍ അടിപ്പിച്ചുവത്രേ. അതുകൊണ്ട് കാശ് ഞാന്‍ അങ്ങോട്ട്‌ കൊടുക്കാനുണ്ട് പോലും. അങ്ങനെ എന്റെ കടമായി കൊടുത്ത കാശ് ഗോവിന്ദ.

3. ഒരു പള്ളിപ്പെരുന്നാൾ

പ്രീഡിഗ്രിക്ക് പഠിക്കുന്നകാലം. വീട്ടിനടുത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ പെരുന്നാള്‍ ദിവസം. എന്റെ വല്ല്യമ്മയുടെ മകന് നാട്ടില്‍ ഒരു ടീം ഉണ്ട്. വല്ല്യമ്മയോട് രാത്രി പരിപാടിക്ക് പോകാന്‍ സമ്മതം ചോദിച്ച അവനോടു ഞാനും കൂടെ ഉണ്ടെങ്കില്‍ പൊയ്ക്കോ എന്ന്‍ സമ്മതം കിട്ടി. അവന്റെ നിര്‍ബന്ധം സഹിക്കാതെ ഞാനും പോയി. പള്ളിയിലേക്ക് പോകുന്നെന്നു പറഞ്ഞവന്‍ എന്നെയും കൂട്ടി നേരെ പോയത് അവന്റെ ടീമിന്റെ പെരുന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലത്തെയ്ക്കായിരുന്നു. വെള്ളമടിച്ച് ഫുള്‍ ഫിറ്റ്‌ ആയ അവര്‍ എല്ലാവരും, തീരെ അടിക്കാത്ത ഞാനും. പെട്ടു പോയെന്നുപറഞ്ഞാ മതി. പിന്നെ അടുത്തുള്ള ഒരു തെങ്ങിന്‍ തോപ്പില്‍ കടന്ന് കുറെ കരിക്കുകള്‍ അടിച്ചു മാറ്റി, കുറെ ആളുകള്‍ ചേര്‍ന്ന് ഓടിച്ചു വിട്ടു. അങ്ങനെ പള്ളിപ്പെരുന്നാള്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്ന വഴിയില്‍ ഉള്ള റെയില്‍വേ ഗേറ്റ്മാന്‍റെ കാബിന്‍ ഞങ്ങളുടെ കൂടെയുള്ള വിരുതന്‍ തമാശയ്ക്ക് പുറത്തൂന്നു ലോക്ക് ചെയ്തു. റെയില്‍വേ ഗേറ്റ് അടക്കാന്‍ കഴിയാതെ കുറെ ട്രെയിന്‍ ലേറ്റ് ആയി. ഗേറ്റ്മാന്‍ ഫോണ്‍ ചെയ്ത്റിഞ്ഞ സ്ടേഷന്‍ മാസ്റര്‍ പോലീസ് സ്റെഷനില്‍ കമ്പ്ലൈന്റ് ചെയ്തു. അന്ന് രാത്രിയും പിറ്റെന്നുമായി പോലീസ് കൂടെയുണ്ടായിരുന്നവരെയൊക്കെ പൊക്കി. സംഘത്തിലെ പുതിയ ആളായത് കൊണ്ടാകണം എന്നെ പിടിച്ചില്ല. ഞാന് മാത്രം പുറത്തും ബാക്കിയുള്ളവര്‍ പോലീസ് സ്റെഷനിലും.... പിന്നീട് അങ്ങനെയുള്ള പരിപാടിക്ക് ഞാന്‍ പോയിട്ടില്ല.

രണ്ടു സത്യവും ഒരു നുണയും എന്ന ഗെയിമിന്റെ ചൊവ്വാഴ്ച നടക്കുന്ന പാർട്ട് -40 ൽ പങ്കെടുക്കുന്നത് +Rajesh Karakodan
Wait while more posts are being loaded