Post has attachment
അതിശയംതന്നെ അശീതിപ്പകലിരവുകൾ
ശ്രീവത്സൻ തീയ്യാടി പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ അശീതി ആഘോഷത്തെ കുറിച്ച് എഴുതുന്നു. വായിച്ച് അഭിപ്രായം പറയുമല്ലൊ.
http://kathakali.info/ml/article/Kalamandalam_Gopi_Aseethi

നാള്‍ തോറും വളരുന്ന നവയൌവനം
---------------------------------------------
മനോജ്‌ കുറൂര്‍
കുട്ടിക്കാലത്ത്‌ ചിത്രകഥകളായി പുരാണേതിഹാസങ്ങള്‍ വായിച്ചിരുന്നപ്പോള്‍ മുന്നിലുള്ള നിശ്ചലമായ വരകള്‍ മായും. പകരം നളന്റെയും അര്‍ജ്ജുനന്റെയും ഭീമന്റെയുമൊക്കെ സ്ഥാനത്ത്‌ മറ്റു ചില ചലനചിത്രങ്ങള്‍ തെളിയും. ആ കഥാപാത്രങ്ങള്‍ക്കൊക്കെ അന്നേ അരങ്ങില്‍ പരിചിതമായിരുന്ന കഥകളിവേഷങ്ങളുടെ രൂപം. നായകകഥാപാത്രങ്ങള്‍ക്കെല്ലാം പച്ചവേഷത്തിലുള്ള കലാമണ്ഡലം ഗോപിയുടെ ഛായ. രുക്മാംഗദനും ധര്‍മ്മപുത്രരും ഭീമനുമെല്ലാം ഒരേയൊരാള്‍ മാത്രം; കലാമണ്ഡലം ഗോപി! ഏറെ പതിറ്റാണ്ടുകള്‍ കഴിഞ്ഞ്‌ ഇന്നു കാണുമ്പോഴും കാലം ആ ആണഴകിനെ തീണ്ടിയിട്ടില്ല. രൂപത്തിനെന്നപോലെ അരങ്ങുപെരുമാറ്റത്തിനും തിളക്കം കൂടിയിട്ടുണ്ടെങ്കിലേയുള്ളു. കലാമണ്ഡലം ഗോപിക്ക്‌ എണ്‍പതു വയസ്സാകുന്നത്‌ രേഖകളില്‍ മാത്രം.
തീര്‍ച്ചയായും കലാമണ്ഡലം ഗോപി മാത്രമായിരുന്നില്ല അന്നുകണ്ട കഥകളിനടന്‍മാര്‍. ഈ ക്ളാസ്സിക്കല്‍ കലയിലെ വീരനായകന്‍മാരിലേക്ക്‌ ആധുനിക മനുഷ്യന്റെ സംഘര്‍ഷങ്ങള്‍ കൂടി സന്നിവേശിപ്പിച്ച മഹാനടനായിരുന്നു കലാമണ്ഡലം കൃഷ്ണന്‍ നായര്‍. ഭാവവൈവിധ്യത്തിലൂന്നിയ മുഖാഭിനയമായിരുന്നു അദ്ദേഹത്തിന്റെ കല. അതേ കാലത്തുതന്നെ ലയാത്മകമായ ശരീരചലനങ്ങളിലൂടെ കഥകളിയുടെ സൌന്ദര്യശാസ്ത്രത്തിനു പുതിയ മാനങ്ങള്‍ നല്‍കാന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്കുമായി. ഇരുവരുടെയും പ്രസക്തി അംഗീകരിച്ചുകൊണ്ടുതന്നെ മുഖവും ശരീരവും ചേര്‍ന്ന തികവുള്ള കഥാപാത്രാവിഷ്കാരം അരങ്ങില്‍ സംഭവിച്ചത്‌ ഗോപിയിലൂടെയാണെന്ന്‌ കലാസ്വാദകര്‍ അന്നേ വിധിയെഴുതി. എന്നാല്‍ കൃഷ്ണന്‍ നായരുടെ ഭാവവൈവിധ്യത്തിനു പകരം ഭാവസമഗ്രതയിലൂന്നിയ മുഖാഭിനയവും രാമന്‍കുട്ടിനായരുടെ അനര്‍ഗളമായ ശരീരവിന്യാസത്തിനു പകരം ചടുലവും മന്ദവുമായ വേഗങ്ങളിടകലര്‍ന്ന ശരീരക്രിയകളുമാണ്‌ ഗോപി താരതമ്യേന ഉപയോഗിക്കുന്നത്‌. അങ്ങനെ കഥകളിയിലെ നായകകഥാപാത്രങ്ങള്‍ക്ക്‌ സ്വകീയമായ ഒരരങ്ങുഭാഷ നിര്‍മ്മിക്കുന്നതിലൂടെ ഈ കലയുടെ സമകാലികമായ പരിവര്‍ത്തനദശയിലെ ഏറ്റവും പ്രധാന കണ്ണിയായിത്തീരുന്നു കലാമണ്ഡലം ഗോപി.
കലാമണ്ഡലം ഗോപിയെ വിലയിരുത്തുക അത്ര എളുപ്പമല്ല. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സങ്കേതപരമായ കൃത്യത ഒരു വശത്ത്‌. പ്രണയിക്കുകയും ഉന്‍മാദം കൊള്ളുകയും വിലപിക്കുകയുമൊക്കെച്ചെയ്യുന്ന കഥാപാത്രങ്ങളുടെ ലൌകികസ്വഭാവസവിശേഷതകള്‍ മറുവശത്ത്‌. കഥാപാത്രവുമായി താദാത്മ്യം സംഭവിച്ചുവെന്നു പോലും ധരിച്ചുപോകാവുന്ന അനുഭവതീവ്രതയിലും അരങ്ങിനെക്കുറിച്ചും അതിലെ ചലനവിനിമയത്തെക്കുറിച്ചുമുള്ള സമ്പൂര്‍ണമായ ബോധ്യമാണ്‌ ഗോപിയുടെ കരുത്ത്‌. മാനുഷികമായ ചലനങ്ങളെ കഥകളിയരങ്ങിന്റെ ഭാഷയിലേക്ക്‌ ഈ നടന്‍ വിവര്‍ത്തനംചെയ്യുന്നത്‌ അത്രമേല്‍ സ്വാഭാവികമായാണ്‌.
ഇരുപതാം നൂറ്റാണ്ടിലെ കഥകളിയുടെ ചരിത്രം മാറ്റിയെഴുതിയ പട്ടിക്കാന്തൊടി രാവുണ്ണിമേനോന്റെ ആദ്യകാലശിഷ്യനായ തേക്കിന്‍കാട്ടില്‍ രാവുണ്ണി നായരാണ്‌ കലാമണ്ഡലം ഗോപിയുടെ ആദ്യഗുരുനാഥന്‍. എങ്കിലും അതേ ശിഷ്യപരമ്പരയിലെ കണ്ണികളായ കലാമണ്ഡലം പദ്മനാഭന്‍ നായരും കലാമണ്ഡലം രാമന്‍കുട്ടി നായരുമാണ്‌ ഗോപിയിലെ നടനെ രൂപപ്പെടുത്തിയത്‌. പഴയ മട്ടിലുള്ള കഥകളിയഭ്യാസത്തിന്‌ ചില സവിശേഷതകളുണ്ട്‌. വിദ്യാര്‍ത്ഥികളെ സാമാന്യമായി അഭ്യസിപ്പിക്കുന്നതിനൊപ്പം അവരിലോരോരുത്തരുടെയും മെയ്യിന്റെയും മുഖത്തിന്റെയും പ്രത്യേകതകള്‍ കണ്ടറിഞ്ഞ്‌, അവരെ പാകപ്പെടുത്തിയെടുക്കുന്നതാണ്‌ അതിലൊന്ന്‌. ഇത്തരത്തിലൊരു പരിചരണം ഗോപിക്കു ലഭിച്ചത്‌ പദ്മനാഭന്‍ നായരില്‍നിന്നാണ്‌. കളരിയിലെന്നപോലെ അരങ്ങിലും നടനെ പ്രാപ്തനാക്കുക എന്ന ധര്‍മ്മമാവാം രാമന്‍കുട്ടി നായര്‍ നിര്‍വഹിച്ചത്‌. പക്ഷേ ഗോപി ഇക്കാര്യത്തില്‍ ഒരുപടി കൂടി കടക്കുന്നു. കഥകളിയുടെ ആവിഷ്കാരസവിശേഷതകള്‍ നിലനിര്‍ത്തുന്നതിനൊപ്പംതന്നെ സ്വന്തമായ ഒരഭിനയപദ്ധതികൂടി അദ്ദേഹം രൂപപ്പെടുത്തിയെടുക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഈ കലാകാരന്റെ പ്രതിഭയുടെ ഘടകങ്ങളെ എണ്ണിപ്പറയുന്നതു കലാസൌന്ദര്യത്തെ വേര്‍തിരിച്ചു വിശദീകരിക്കുന്നതുപോലെ ശ്രമകരവുമാകുന്നു.
പെട്ടെന്ന്‌ ഉത്സാഹഭരിതനാവുകയും അതേ വേഗത്തില്‍ കോപിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഗോപിയാശാന്റെ സ്വഭാവത്തില്‍ ചില കാല്പനികമുദ്രകളുണ്ട്‌. കഥകളിസ്ഥലത്തു വളരെനേരത്തെ അദ്ദേഹമെത്തും. വേഷമൊരുങ്ങുന്നതിനുള്ള നിഷ്കര്‍ഷ പ്രധാനം. അതിനിടയില്‍ സംസാരിക്കുന്നതുതന്നെ അപൂര്‍വം. വേഷം തീര്‍ന്നെഴുന്നേറ്റ്‌ അരങ്ങിലെത്തിയാല്‍ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരാളാവും. അദ്ദേഹത്തോളം മുതിര്‍ന്ന സഹകലാകാരന്‍മാര്‍പോലും കരുതല്‍ കാണിക്കുന്ന വിധത്തിലുള്ള ആ രൂപാന്തരപ്രാപ്തിയില്‍ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്‌. സുഭഗമായ തന്റെ വേഷംകൊണ്ട്‌, ശൈലീഭദ്രമായ ഒരു നില കൊണ്ട്‌, മാസ്മരികമായ ഒരു നോട്ടംകൊണ്ട്‌, ചടുലമായ ഒരു മുദ്രകൊണ്ട്‌ അദ്ദേഹം അരങ്ങിനെ തന്റെ വരുതിയിലാക്കും. നടനും കഥാപാത്രവുമൊന്നാകുന്ന താദാത്മീകരണത്തിലേക്കുപോലും അദ്ദേഹത്തിന്റെ അവതരണം ചെന്നുചേര്‍ന്നെന്നുമിരിക്കും.
കഥകളി സങ്കേതപ്രധാനമായ ഒരു ദൃശ്യകലയാണല്ലൊ. ലോകസാധാരണമായ മനുഷ്യാവസ്ഥകളെ കലാസങ്കേതങ്ങളിലൂടെ അസാധാരണമാക്കിത്തീര്‍ക്കുകയെന്നതാണ്‌ ഈ കലയുടെ രീതി. ഉടലിന്റെ ഓരോ ഭാഗത്തെയും വേഷവിധാനത്തിലൂടെ വലുപ്പപ്പെടുത്തുന്നതില്‍ത്തന്നെ അതുണ്ട്‌. കഥാപാത്രങ്ങളുടെ സംഭാഷണത്തിന്റെ സ്ഥാനത്ത്‌ കൈമുദ്രകളും അവയ്ക്കിണങ്ങുന്ന ഉടല്‍വടിവുകളുമാണ്‌. ഇത്തരത്തിലുള്ള ഒരു കലയില്‍ ലൌകികമായ വികാരങ്ങളും പെരുമാറ്റങ്ങളും ഉള്‍ച്ചേര്‍ക്കുക ശ്രമകരമാണ്‌. കഥകളിയുടെ ഈ പ്രത്യേകത ചോര്‍ന്നുപോകാതെതന്നെ ലൌകികമായ വികാരവിചാരങ്ങളെ ആവിഷ്കരിക്കുന്നതിലൂടെയാണ്‌ കലാമണ്ഡലം ഗോപി ജനപ്രിയനായ കലാകാരനാകുന്നത്‌. കലാപരമായ ഈ സംഘര്‍ഷത്തെ ലഘൂകരിക്കാനും ആസ്വാദനത്തെ വൈകാരികമായ സംവേദനമാക്കാനും അദ്ദേഹത്തിനു സ്വന്തമായ ചില രീതികളുമുണ്ട്‌.
അരങ്ങില്‍ നളചരിതം രണ്ടാം ദിവസം കഥ. വനാന്തരീക്ഷം. രാത്രികാലം. അതിന്റെ പേടിപ്പെടുത്തുന്ന വിജനതയില്‍ ദമയന്തിയെ വിട്ടുപോകാനൊരുങ്ങുന്ന നളനായി കലാമണ്ഡലം ഗോപി. മുന്നില്‍ ഇരുണ്ടു കനത്ത വര്‍ത്തമാനകാലം. സങ്കടങ്ങള്‍, നിസ്സഹായതകള്‍. അവയെ ത്വരിപ്പിക്കാനായി തികട്ടിവരുന്ന ഓര്‍മ്മകള്‍, നടുക്കുന്ന കാഴ്ചകള്‍, നരകത്തില്‍നിന്നെന്നപോലെ വന്നുപോകുന്ന ഒച്ചകള്‍. അകലേക്കു പാഞ്ഞുപോകണമെന്നു തോന്നുന്നുവെങ്കിലും അതു സാധ്യമാകുന്നില്ല. എങ്കിലും പോകാതെവയ്യ. മറ്റൊരാശ്രയമില്ലാതെ, ചൂടുവെള്ളത്താല്‍ നനയ്ക്കപ്പെട്ട ഒരു മുല്ലവള്ളി വേരറ്റുപോയ ഒരു കാട്ടുപാഴ്മരത്തെ ആശ്രയിക്കുന്നതുപോലെ, തന്നില്‍ മാത്രം വിശ്വസിച്ചു മടിയില്‍ക്കിടന്ന പ്രിയതമ അപ്പോഴും ഉണര്‍ന്നിട്ടില്ല. അവളെ ഉപേക്ഷിക്കാതെ വയ്യ; ഉപേക്ഷിക്കാനും വയ്യ- ആവര്‍ത്തിക്കപ്പെടുന്ന ജീവിതസന്ദര്‍ഭങ്ങളിലൂടെ നളചരിതം നരചരിതംതന്നെയാകുന്നു. ശോകവും നിസ്സഹായതയുംകൊണ്ട്‌ ഉന്‍മാദത്തോളമെത്തുന്ന ഇത്തരം അനുഭവങ്ങളെയാണ്‌ ഗോപി അരങ്ങില്‍ അനശ്വരമാക്കാറുള്ളത്‌. ഒരു ക്ളാസ്സിക്കല്‍ കലയുടെ സങ്കേതബദ്ധത അദ്ദേഹത്തിനു പരിമിതിയാവുന്നില്ല; പകരം അത്‌ അപാരമായ സാധ്യതയാവുകയാണു ചെയ്യുന്നത്‌. വിട്ടുപോകാനും പോകാതിരിക്കാനും സാധ്യമാവാത്ത സംഘര്‍ഷത്തില്‍, പടിപടിയായി വേഗതകൂടി, ഇനി മുറുകുവാനാവില്ല എന്ന മട്ടില്‍ കനത്ത മേളത്തിന്റെ പശ്ചാത്തലത്തില്‍, മുന്നിലുറങ്ങുന്ന പ്രിയപ്പെട്ടവളിലേക്കും അനിശ്ചിതമായ ഭാവിയിലേക്കും മാറിമാറി ഉള്ളും ഉടലുമുലഞ്ഞ്‌, ഒടുവില്‍ കണ്ണുകള്‍പൊത്തി ഓടിയകലുന്ന കലിബാധിതനായ നളന്‍- നളചരിതത്തിലെ വേര്‍പാടിന്റെ ദാരുണതയെ അതിന്റെ ആത്യന്തതകളിലറിയണമെങ്കില്‍ ഗോപിയുടെ അവതരണം കാണണം.
ചലനത്തിന്റെ കലയായ കഥകളിയില്‍ താളം എന്ന കലാസങ്കേതത്തിന്‌ വലിയ സ്ഥാനമുണ്ട്‌. അസാമാന്യമായ താളബോധമുള്ള നടനാണ്‌ കലാമണ്ഡലം ഗോപി. താളബദ്ധമായ മേളത്തെയും ഗീതത്തെയും തന്റെ രംഗാവിഷ്ക്കാരപദ്ധതിക്കു സമര്‍ത്ഥമായി ഉപയോഗിക്കാന്‍ ഗോപിയെ പ്രാപ്തനാക്കുന്നത്‌ ഈ താളബോധമാണ്‌. അരങ്ങു മറക്കുന്ന അഭ്യാസപ്രകടനത്തിലൂടെ ധൂര്‍ത്തടിക്കുന്നതിനല്ല ഇദ്ദേഹം താളബോധത്തെ ഉപയോഗിക്കുന്നത്‌; പകരം താനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെയും രംഗത്തിന്റെയും അവസ്ഥകള്‍ക്കനുസൃതമായി പരമ്പരാഗതസങ്കേതങ്ങളെ സ്വകീയമായി വ്യാഖ്യാനിക്കുന്നതിനാണ്‌. അതായത്‌ കഥകളിയിലെ ചിട്ടപ്രധാനമായ പതിഞ്ഞപദങ്ങളിലോ ഇതരസങ്കേതങ്ങളിലോ അദ്ദേഹം സമൂലമായ പരിവര്‍ത്തനങ്ങളൊന്നും വരുത്തുന്നില്ല. എങ്കിലും മറ്റൊന്നുണ്ട്‌; സങ്കേതപ്രധാനമായ കലാഘടകങ്ങളെത്തന്നെ മിഴിവുറ്റതാക്കാന്‍ തന്റെ കലാപരമായ വ്യക്തിസത്തയെ അവയിലേക്കു സന്നിവേശിപ്പിക്കുന്ന രീതികളാണ്‌ അദ്ദേഹം പരീക്ഷിക്കാറുള്ളത്‌.
ഉദാഹരണമായി കിര്‍മ്മീരവധം എന്ന കഥയിലെ ആദ്യരംഗം നോക്കുക. ചൂതില്‍ത്തോറ്റ ധര്‍മ്മപുത്രരും പാഞ്ചാലിയും വനത്തിലെത്തുകയാണവിടെ. നെറ്റി മുതല്‍ നഖം വരെ പൊള്ളിക്കുന്ന വേനല്‍ച്ചൂട്‌. വരണ്ട കാറ്റില്‍ ഉയര്‍ന്നുപറക്കുന്ന പൊടികൊണ്ടു മേലാകെമൂടിയ നിസ്സഹായരായ കഥാപാത്രങ്ങള്‍. പ്രവേശനസമയത്ത്‌ സ്ഥായിയായ ശോകമെന്ന വികാരത്തിനൊപ്പം കഠിനമായ വേനല്‍ച്ചൂടുള്ള വനാന്തരീക്ഷത്തെക്കൂടി അവതരിപ്പിക്കാന്‍ ഗോപി പ്രവേശനത്തിനായുള്ള മേളത്തിലെ ഉചിതമായ സ്ഥാനം തിരഞ്ഞെടുക്കുന്നു. രൂക്ഷവും ചടുലവുമായ ഒരു ഭാവപ്പകര്‍ച്ചയാണവിടെ. തുടര്‍ന്നു വീണ്ടും സ്ഥായിയായ ശോകത്തിലേക്ക്‌. അതിനു നിശ്ചലതയോടടുത്ത മന്ദചലനങ്ങളാണ്‌. അതായത്‌ സ്ഥിരമായി നില്‍ക്കുന്ന ശോകഭാവത്തിനു മന്ദമായ ചലനങ്ങളും വന്നുപോകുന്ന വികാരങ്ങള്‍ക്കു ചടുലചലനങ്ങളും നല്‍കിക്കൊണ്ട്‌, വിവിധവേഗതകളെ ക്രമപ്പെടുത്തിക്കൊണ്ട്‌, ആ രംഗത്തിന്റെ വൈകാരികതയെ അദ്ദേഹം നാടകീയമായി പുനര്‍നിര്‍മ്മിക്കുന്നു. ഇതേ രീതിതന്നെ തുടര്‍ന്നുള്ള സംഭാഷണഭാഗമായ പദത്തിന്റെ അവതരണത്തിലും കാണാം.
മറ്റൊന്ന്‌ സുഭദ്രാഹരണം എന്ന കഥയാണ്‌. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കളിയരങ്ങിലേക്കു മടങ്ങിവന്ന ഈ കഥയിലെ അര്‍ജ്ജുനന്‍ മറ്റു പ്രധാനകഥാപാത്രങ്ങളെപ്പോലെ അരങ്ങില്‍ സജീവമായത്‌ കലാമണ്ഡലം ഗോപി ആ വേഷം ഏറെയിടങ്ങളില്‍ അവതരിപ്പിച്ചതിലൂടെയാണ്‌. അതിലെ പ്രസിദ്ധമായ മാലയിടല്‍രംഗംതന്നെ നോക്കുക. ലജ്ജ, വിനയം, ഭക്തി, പശ്ചാത്താപം, അദ്ഭുതം എന്നിങ്ങനെ വിവിധഭാവങ്ങളുടെ സഞ്ചാരത്തിനിടയിലും മദ്ദളവും ചെണ്ടയുടെ വലന്തലയും ഉപയോഗിച്ചുള്ള ഹരം പിടിപ്പിക്കുന്ന മേളത്തില്‍ സ്വയം രമിച്ചുകൊണ്ടാണ്‌ പ്രധാനഭാവങ്ങളായ രതിയും ഉത്സാഹവും ഇദ്ദേഹം ആവിഷ്ക്കരിക്കുന്നത്‌. മേളത്തിന്റെ ക്രമികമായ കാലപരിണാമവും നടന്റെ ചലനങ്ങളിലെ ലയപരിണാമവും എങ്ങനെ പരസ്പരം ചേര്‍ന്നുപോകുന്നുവെന്ന്‌ അനുഭവിച്ചുതന്നെ അറിയേണ്ടിവരും.
പല കഥകളിലെ വിവിധഭാവങ്ങളിലുള്ള പതിഞ്ഞ പദങ്ങളുടെ അവതരണത്തില്‍ ഇദ്ദേഹം കൈക്കൊള്ളുന്ന അഭിനയപദ്ധതിക്ക്‌ സാമാന്യമായ ചില സ്വഭാവങ്ങളുണ്ട്‌. സ്ഥാായിയായ ഭാവം വിളംബലയത്തില്‍ നിലനിര്‍ത്തുക, ഒപ്പം സഞ്ചാരീഭാവങ്ങള്‍ക്ക്‌ ചലനങ്ങളിലൂടെ ദ്രുതലയത്തിലുള്ള ചടുലത നല്‍കി അവയ്ക്കു ക്ഷണികമായ വിദ്യുല്‍പ്രകാശം നല്‍കുക എന്നതാണ്‌ അതിന്റെ പൊതുരീതി. പദത്തില്‍ത്തന്നെ കാലപരിണാമം വരുന്ന ഭാഗങ്ങളില്‍ ഇദ്ദേഹത്തിന്റെ അഭിനയത്തിന്‌ സവിശേഷശോഭ കൈവരുന്നു. കാലകേയവധത്തിലെ 'ജനക തവ ദര്‍ശനാല്‍' എന്ന പദത്തില്‍ അടന്ത താളത്തിന്റെ ഒന്നാം കാലത്തില്‍നിന്ന്‌ രണ്ടാം കാലത്തിലേക്കു കാലപരിണാമം വരുത്തി അവതരിപ്പിക്കുന്ന 'കുടിലതയകതാരില്‍' എന്ന ഭാഗത്തെ കുടിലത, അരിപടലം, ഒടുക്കുവാനായി എന്നീ മുദ്രകള്‍ ദ്രുതലയവിന്യാസത്തിലൂടെ ചടുലതയുടെ തീക്ഷ്ണശോഭയാര്‍ജ്ജിക്കുന്നത്‌ അനന്യമായ അനുഭവമാണ്‌. നളചരിതം രണ്ടാം ദിവസത്തില്‍ സമാനഘടനയുള്ള 'ഇന്ദ്രാദികളും വന്നു വലച്ചു' എന്ന ഭാഗവും ഇത്തരത്തില്‍ത്തന്നെ അരങ്ങനുഭവമാകുന്നത്‌ ഈ നടനെ സംബന്ധിച്ച്‌ സ്വാഭാവികംമാത്രം.
സവിശേഷമായ ചലനദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും സൃഷ്ടിക്കാനുള്ള കൌതുകമാണ്‌ ഗോപിയുടെ രംഗാവതരണങ്ങള്‍ക്കുള്ള മറ്റൊരു സവിശേഷത. നളചരിതം മൂന്നാം ദിവസത്തിലെ ഇന്ദുമൌലീഹാരമേ എന്ന ഭാഗത്തെ നാഗഭൂഷിതനായ നടരാജന്റെ ദൃശ്യവത്ക്കരണത്തില്‍ ഇതാണു കാണുക. നളചരിതം ഒന്നാം ദിവസത്തില്‍ നാരദനോടുള്ള പദത്തിലെ 'വരവെങ്ങുനിന്നിപ്പോള്‍' എന്ന ഭാഗത്ത്‌ വീണമീട്ടിവരുന്ന നാരദന്റെ വരവ്‌ വിശദാംശങ്ങളോടെ അവതരിപ്പിക്കുമ്പോള്‍ സംഗീതത്തെത്തന്നെ അദ്ദേഹം ദൃശ്യവത്കരിക്കുന്നു. ചടുലമായ ചലനങ്ങളെ പെട്ടെന്നു നിശ്ചലമാക്കുക, നിശ്ചലമായ നിലയില്‍നിന്നു ദ്രുതചലനങ്ങളിലേക്കെത്തുക എന്നിങ്ങനെ അംഗചലനത്തില്‍ വരുത്തുന്ന ലയവിന്യാസങ്ങള്‍ കലാമണ്ഡലം ഗോപിയെ ജനപ്രിയമാക്കുന്ന വേഷങ്ങളില്‍ ആവര്‍ത്തിച്ചു പ്രയോഗിക്കപ്പെടുന്ന കലാതന്ത്രമാണ്‌. നളചരിതം, കര്‍ണശപഥം തുടങ്ങിയ കഥകളിലെ നാടകീയമുഹൂര്‍ത്തങ്ങളില്‍ ഇവയുടെ സമൃദ്ധി കാണാം. മുദ്രകളുടെ കാര്യത്തിലുമുണ്ട്‌ ഇത്തരത്തിലുള്ള ലയപരിണാമങ്ങള്‍. അതിലൂടെ സംസാരഭാഷയിലുണ്ടാകുന്ന സ്വരഭേദങ്ങള്‍പോലെ അവയുടെ ചലനം കൂടുതല്‍ നാടകീയമാകുന്നു. പദാവതരണത്തില്‍ ഓരോ വാക്കും ഉച്ചരിക്കുന്ന സമയത്തുതന്നെ അതിന്റെ മുദ്ര മുഴുമിപ്പിക്കുന്നതിനുള്ള ശ്രദ്ധയാണു മറ്റൊന്ന്‌. ചിട്ടപ്രധാനമായ കഥകളിലെ ഇതരകലാസങ്കേതങ്ങള്‍ ജനപ്രിയകഥകളില്‍ ഇണക്കിച്ചേര്‍ക്കുന്നതിനുമുണ്ട്‌ ഏറെ ഉദാഹരണങ്ങള്‍. അത്തരത്തില്‍ കഥകളിയിലെ ഈ രണ്ടു സമാന്തരധാരകളെയും കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ കലാമണ്ഡലം ഗോപിക്കാവുന്നു. വേഷമൊരുങ്ങുന്നതില്‍ മുതല്‍ രംഗോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍വരെ ഇത്രത്തോളം സൂക്ഷ്മതയുള്ള നടന്‍മാര്‍ കുറയും. അവരില്‍ത്തന്നെ ആസ്വാദകരെ വരുതിയിലാക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്യുന്ന മാന്ത്രികസിദ്ധിയുള്ളവര്‍ അത്യപൂര്‍വം. നായകവേഷങ്ങളുടെ അവതരണത്തില്‍ കഥകളിയുടെ സമകാലികാവസ്ഥയില്‍ പ്രധാനസ്ഥാനം കലാമണ്ഡലം ഗോപിക്കാവുന്നത്‌ ഇക്കാരണങ്ങള്‍കൊണ്ടാണ്‌.
പച്ചവേഷങ്ങള്‍ മാത്രമല്ല, കത്തി, കരി, താടി, മിനുക്ക്‌ എന്നീ വിഭാഗങ്ങളിലുള്‍പ്പെടുന്ന വേഷങ്ങളും ഗോപിയാശാന്‍ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അരങ്ങുകള്‍ക്കു കൂട്ടുവേഷങ്ങളിലൂടെ മിഴിവുനല്‍കിയ മഹാനടന്‍മാരെപ്പറ്റിയും ഓര്‍ക്കാതെവയ്യ. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ നളനൊപ്പമുള്ള ഗോപിയുടെ പുഷ്കരന്‍ അത്തരത്തിലൊന്നാണ്‌. ഗോപിയാശാന്റെ നളനും ബാഹുകനുമൊപ്പം ഉണ്ണായിവാര്യരുടെ ദമയന്തിയെ അതേ ആഴത്തിലുള്ള കഥാപാത്രബോധത്തോടെ അരങ്ങിലെത്തിച്ച കോട്ടയ്ക്കല്‍ ശിവരാമനാണു മറ്റൊരാള്‍. ഗോപിയാശാന്റെ ഗുരുനാഥന്‍മാരായ രാമന്‍കുട്ടി നായരും പദ്മനാഭന്‍ നായരും അദ്ദേഹത്തിനൊപ്പം ഏറെ വേദികള്‍ പങ്കിട്ടിട്ടുണ്ട്‌. അരങ്ങില്‍നിന്നു മറഞ്ഞെങ്കിലും ഓര്‍മ്മയില്‍നിന്നു മായാത്ത ഇവരുടെയെല്ലാം അനുഗ്രഹാശിസ്സുകളും എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ നാളുകളില്‍ ഗോപിയാശാനൊപ്പം ഉണ്ടാവാതെവയ്യ. കലാമണ്ഡലം ഗോപി ഇനിയും ഏറെക്കാലം ഇതേ യുവത്വത്തോടെ രംഗത്തു തുടരേണ്ടതുണ്ട്‌. അതിനായി കേരളത്തിലെ കലാലോകത്തോടൊപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു.

Post has attachment
ഗുജറാത്തി പദങ്ങളൊക്കെ അതറിഞ്ഞു പാടുക; ഹിന്ദുസ്ഥാനി രാഗങ്ങള് വച്ചിട്ട്…അതിന്റെ മധുരം…എന്താ പറയുക! അക്ഷരം, ച്ചാൽ.. സ്വതേ സൌത്തിന്ത്യൻസ് നോർത്തിന്ത്യൻ ഭാഷയിൽ പാടുമ്പോ ഒരു സുഖക്കുറവുണ്ടാവുമല്ലോ? മൂപ്പരങ്ങനെയല്ല, എല്ലാം എഴുതിയെടുത്ത് ഇരുന്നു പഠിച്ച്, അതെന്താണ് പറയുന്നത്, എന്താണ് പറയേണ്ടത്… ‘ശ്യാമരംഗ് സമീപേ ന ജാവോ മാരെ, ആവോ സഖീ’, ച്ചാൽ ശ്യാമന്റെ അടുത്തേക്ക്, കൃഷ്ണന്റെയടുത്തേക്ക് ഞാൻ പോവില്ല. കറുത്തതിനെയൊന്നും ഞാൻ കാണില്ല, കറുപ്പിനോടു മുഴുവൻ എനിക്കു വെറുപ്പാണ്, പക്ഷെ ഞാൻ ശ്യാമന്റെയടുത്തേക്ക് പോവുകാണ്. ഈ വിരഹനായികമാരുടെ… അതൊക്കെ മൂപ്പരുടെ കേൾക്കണം. അതിന്റെ അനുഭവം പറഞ്ഞാൽ പറ്റില്ല.

പ്രശസ്ത നർത്തകൻ കോട്ടക്കൽ ശശിധരൻ, ശ്രീ വെണ്മണി ഹരിദാസിനെ പറ്റി എഴുതുന്നു.
http://kathakali.info/ml/article/Venmani_Haridas_Part1

വായിച്ച് അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലൊ.

Post has attachment
രണ്ട് നാലു ദിവസം മുൻപ് പറഞ്ഞപോലെ കഥകളി ലോകത്തിനായി ഞങ്ങൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഒരു മൊബൈൽ അപ്പ്ലിക്കേഷൻ ഇറക്കിയിരിക്കുന്നു. ഇതിൽ പ്രചാരത്തിൽ ഉള്ള 41 ആട്ടക്കഥകളുടെ സഹിത്യവും അതോടൊപ്പം ഓഡിയോയും കഥകളി പരിപാടികളുടെ ലിസ്റ്റും ഒക്കെ ചേർന്നതാണു ഈ അപ്പ്ലിക്കേഷൻ.

അതിന്റെ ലിങ്ക് ഇതാ.

https://play.google.com/store/apps/details?id=com.vtm.kathakali&hl=en

ഈ ലിങ്ക് പ്ലേസ്റ്റോർ ( playstore) തുറക്കും.. സാധാരണ പോലെ അപ്പ്ലിക്കേഷൻ അവിടുന്ന് download ചെയ്യാം. അതിനു ശേഷം ആപ്പ്‌ തുറന്നു സെറ്റിങ്ങ്സ്‌ മെനുവിൽ പോയാൽ ആട്ടക്കഥ സാഹിത്യം ഫോണിലേക്ക്‌ download ചെയ്യാം. ( update button). ആ ഫയൽ ഏകദേശം 5 mb വരുന്നത്‌ കൊണ്ട്‌ വൈഫൈ വഴി ഇറക്കുമതി ചെയ്യുന്നതാവും അഭികാമ്യം.

ബീറ്റ വേർഷൻ എങ്കിലും വൃത്തി ആയി പെർഫോം ചെയ്യേണ്ടതാണ്. ആൻഡ്രോയിഡിന്റെ 5.0ൽ പഴയ പതിപ്പുകളിൽ ചിലപ്പോൾ മലയാളം റെന്ററിങ്ങിൽ ചില പ്രശ്നങ്ങൾ കണ്ടേയ്ക്കാം.
മുൻപ് പറഞ്ഞപോലെ kathakali.info & kathakalipadam.com എന്നീ രണ്ട് സൈറ്റുകളിലെ വിവരങ്ങൾ ഈ അപ്പ്ലിക്കേഷനിലൂടെ നിങ്ങളുടെ മൊബൈലിൽ എത്തിയ്ക്കുകയാണ് ചെയ്യുന്നത്. അതിൽ സാഹിത്യം വായിക്കാം. അതിനു ഇന്റെർനെറ്റ് ആവശ്യമില്ല. മറ്റ് പലതിനും ആവശ്യം വന്നേയ്ക്കാം.

ഫീഡ്ബാക്ക് ഫോമിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ മറക്കരുത്. കൂടാതെ അപ്പ്ലിക്കേഷൻ പ്രശ്നങ്ങളും അതിലൂടെ അറിയിക്കാം. ഫീഡ്ബാക്ക് ഫോം അല്ലാതെ kathakalilokam@gmail.com എന്ന മെയിലിലും നിങ്ങൾക്ക് നിർദ്ദേശങ്ങളും മറ്റും അയക്കാവുന്നതാണ്.
അപ്പ്ലിക്കേഷനെ പറ്റി കൂടുതൽ അറിയാൻ അപ്പ്ലിക്കേഷന്റെ FaQ/Help page നോക്കുക.
നിങ്ങൾ ഓരോരുത്തരുടേയും അഭിപ്രായനിർദ്ദേശങ്ങളും മറ്റും അറിയാൻ കൗതുകത്തോടെ,

ഒരു കൂട്ടം കഥകളിഭ്രാന്തന്മാർ.

Post has attachment
https://www.facebook.com/kathakalipadam/posts/1425436827477609
കഥകളി ഡിജിറ്റൽ മീഡിയയിൽ സാന്നിദ്ധ്യം അറിയിച്ച് കൊല്ലങ്ങൾ കഴിഞ്ഞു. പലരുടേയും കൊല്ലങ്ങൾ ആയുള്ള പരിശ്രമം തന്നെ ആണ് 'കഥകളിയുടെ തിരമൊഴി'
ഇന്നുകാണുന്ന രീതിയിൽ സാന്നിദ്ധ്യമാക്കിയത്. അതിനു എല്ലാവർക്കും നന്ദി അറിയിക്കട്ടെ.
എന്നാൽ ഇന്ന് ലോകം നമ്മടെ കൈപ്പിടിയിലേക്ക് ചുരുങ്ങുകയാണ്. എല്ലാം നമ്മുടെ കയ്യിലെ മൊബൈലിൽ വിരലോടിച്ചാൽ കിട്ടുന്ന പരുവത്തിൽ ആയിരിക്കുന്നു.
അതിനാൽ തന്നെ കഥകളിയേയും മൊബൈലിലേക്ക് കൊണ്ടുവരാൻ ഒരു ശ്രമം തുടങ്ങിയിട്ട് മാസങ്ങൾ ആയി. ഇപ്പോൾ അത് ഫലപ്രാപ്തിയിലേക്ക് എത്തിയിരിക്കുന്നു.
ദിവസങ്ങൾക്കുള്ളിൽ കഥകളിയ്ക്ക് ആയുള്ള ഒരു മൊബൈൽ അപ്പ്ലിക്കേഷൻ റിലീസ് ചെയ്യപ്പെടും. എന്നാൽ അത് ആൻഡ്രോയ്ഡ് മൊബൈൽ പ്ലാറ്റ്ഫോമിലേ ഇപ്പോൾ
തൽക്കാലം ലഭ്യമാകൂ എന്ന് ആദ്യമേ പറയട്ടെ. ഇതിനായി ഞങ്ങളോട് സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നതിനോടൊപ്പം, അപ്പ്ലിക്കേഷന്റെ ചില സ്ക്രീൻഷോട്ടുകൾ
താഴെ കൊടുക്കുന്നു. http://kathakali.info & http://kathakalipadam.com എന്നീ സൈറ്റുകളിലെ വിവരങ്ങൾ നിങ്ങളുടെ മൊബൈലിൽ വിരൽത്തുമ്പിലേക്ക് എത്തിയ്ക്കുക
എന്നതാണ് ഈ അപ്പ്ലിക്കേഷൻ ചെയ്യുന്നത്.
അപ്പ്ലിക്കേഷൻ റിലീസ് ചെയ്ത ശേഷം വിശദമയ കുറിപ്പോടെ വീണ്ടും വരാം.

Post has attachment

ദ്യോവിൽക്കാർമുകിലൊത്തു കൂടിയിടിതൻ നാദം മുഴങ്ങുന്ന പോൽ -
രാവിൽക്കേൾക്കുമൊരട്ടഹാസമൊടു തൻ നോട്ടത്തിലാളുന്ന തീ!
ഭൂവിൽത്തൻ പദമൂന്നിടുന്ന സമയം ഭൂമണ്ഡലം ഞെട്ടുമാ-
റേവം ബാലി വരുന്നുവെങ്കിലതു താൻ കോട്ടയ്ക്കലെദ്ദേവദാസ് !!

- കോട്ടയ്ക്കൽ പ്രദീപ്

Post has attachment
Very best selection

Post has attachment
Best songs

Post has attachment
ഇന്ന് കലാമണ്ഡലം ഹൈദരാലി ദിവസം...
ഇത്രയ്ക്കങ്ങ്‌ട്‌ വേണായിരുന്നോ ദൈവമേ? എന്ന് ഹൃദയത്തിൽ തട്ടി ചോദിച്ച് സങ്കടപ്പെട്ട ദിവസം ഓർക്കുന്നു ഞാൻ. ഇപ്പോഴും ആ ഭാഗത്ത് കൂടെ കാറിൽ പോകുമ്പോൾ ഹൈദരാലിയെ ഓർമ്മ വരും. അത് ഞങ്ങൾ തമ്മിൽ ദീർഘനിശ്വാസത്തിന്റെ ബാക്ക്ഗ്രൗണ്ടോടെ പറയാറുമുണ്ട്..

ഒരു പഴയ വീഡിയോ കാണാം.. ഒന്നാം ദിവസം.

https://www.youtube.com/watch?v=A_K3dO5_pnc
Wait while more posts are being loaded