മാറുന്ന ആരോഗ്യ രംഗം

എൻറെ ചെറുപ്പകാലത്ത് പാലക്കാട് നാലൊ അഞ്ചൊ ഡോക്ടർമ്മാരെ ഉള്ളു. കുട്ടികളുടെ ഡോക്ടർമ്മാരായ രാമസ്വാമി ഡോക്ടർ അല്ലെങ്കിൽ ശിവദാസ് ഡോക്ടർ. ഇനി പീഡിയാട്രീഷ്യൻ തന്നെ വേണ്ടെങ്കിൽ അച്യുതനുണ്ണി ഡോക്ടറൊ, ഹക്കീം ഡോക്ടറൊ ഉണ്ട്. നമ്മൾ ചെല്ലുന്നു. ഡോക്ടർ ടെസ്‌‌റ്റ് എഴുതി തരുന്നു. ടെസ്‌‌റ്റുകൾ ടൌണിൽ തന്നെയുള്ള ഏതെങ്കിലും ഡയഗ്ണോസ്‌‌റ്റിക് സെൻററിൽ ചെയ്യുന്നു. അഡ്മിറ്റാവണമെങ്കിൽ ശാരദാ നേഴ്‌‌സിങ് ഹോമൊ, വെങ്കിടേശ്വരാ ഹോസ്പിറ്റലൊ ഉണ്ട്. ഇതേ ഡോക്ടർമ്മാർ രാവിലെ ഈ ഹോസ്‌‌പിറ്റലുകളിൽ റൌണ്ട്‌‌സിനു വരും. രോഗികളോട് സംസാരിക്കും. തിരിച്ച് വീട്ടിൽ ചെന്ന് പ്രാക്ടീസ് ആരംഭിക്കും.ടൌണിലെ സ്പെഷിലിസ്‌‌റ്റുകളും ഇതേ രീതിയാണ് അവലംബിച്ചിരുന്നത്. അവർ രോഗികളെ വീട്ടിൽ കാണും. ടെസ്‌‌റ്റുകൾ കുറിക്കുന്നത് ഡയഗ്നോസ്‌‌റ്റിക് സെൻററുകളിൽ ചെയ്യും. അഡ്മിറ്റ് ചെയ്യുന്ന രോഗികളെ രാവിലെ റൌണ്ട്‌‌സിൽ കാണും.

ഇതാണ് ട്രഡീഷണൽ പ്രാക്ടീസ്.

ട്രഡീഷണൽ പ്രാക്ടീസിൽ ഡോക്ടർമ്മാർ എന്നാൽ ഓണ്ട്രപ്പ്രണേഴ്‌‌സാണ്. സ്വയം സംരംഭകരാണ്. ഒരു ചെറിയ ക്ലിനിക് ഇട്ടിരുന്ന് എട്ട് പത്ത് കൊല്ലം കഷ്ടപ്പെട്ടാൽ നല്ല ഒരു വരുമാന മാർഗ്ഗമാണ്. ഒരു 1990 കളിൽ വരെ പഠിച്ചിറങ്ങിയ ഡോക്ടർമ്മാർക്ക് വേറൊന്നും ആലോചിക്കണ്ട. ജോലി തെണ്ടി നടന്ന് ബുദ്ധിമുട്ടണ്ട. ഒരു ചെറിയ പ്രാക്ടീസ് ബിൽഡ് ചെയ്തെടുക്കണ്ട ബുദ്ധിമുട്ടേ ഉള്ളു. അന്ന് ഡോക്ടർമ്മാരുടെ ഫീസും തുച്ഛമാണ്. ഹക്കീം ഡോക്ടറുടെ ഫീസ് 5 രൂപ ആയിരുന്നു. കാർഡിയോളജിസ്‌‌റ്റ് മുതൽ എത്ര വലിയ സ്പെഷ്യലിസ്‌‌റ്റാണെങ്കിലും 50 രൂപയൊ അതിനു താഴെയായിരുന്നു ഫീസ്.

ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ഈ സ്ഥിഥി മാറിയത്. 1990 കൾടെ തുടക്കം തൊട്ട് എവിഡെൻസ് ബേസ്ഡ് മെഡിസിൻ കൈവരിച്ച അഭൂതപൂർവ്വമായ കുതിച്ചു ചാട്ടമാണ് ഇതിന് കാരണം. രോഗ നിർണ്ണയത്തിന് ഉപയോഗിക്കുന്ന പുതിയ ഉപകരണങ്ങൾ കണ്ട് പിടിക്കുന്ന തോത് ഈ കാലയളവിൽ വർദ്ധിച്ചു. 1991 തൊട്ട് 2003 വരെ അപ്ലൈ ചെയ്ത പേറ്റൻറുകൾ അതിനു മുന്നിലുള്ള ദശകത്തേക്കാൾ രണ്ടിരട്ടി ആയിരുന്നു. പുതിയ മരുന്നുകളുടെ പേറ്റൻറുകളും മൂന്നിരട്ടി വർദ്ധിച്ചു.

തത്സമയം കേരളത്തിലെയും, ഇൻഡ്യയിലെയും ഡോക്ടർമ്മാർ ലോകത്ത് മെഡിസിനിൽ ഉപയോഗിക്കുന്ന ബെസ്‌‌റ്റ് പ്രാക്ടീസ്സസ്സ് അവലംബിക്കണ്ടി വന്നു. ഇതിന് വിഘാതമായി നിന്നത് ഈ ഡയഗ്നോസ്‌‌റ്റിക് സെൻററുകളാണ്. ഇൻഡ്യയിൽ ഒരു ഡയഗ്നോസ്‌‌റ്റിക് സെൻറർ തുടങ്ങാൻ കാശു ചിലവ് മാത്രമേ ഉള്ളു. ഒരു ലൈസൻസ്സും വേണ്ട അക്രഡിറ്റേഷനും വേണ്ട. ചുരുക്കം ചില ഡയഗ്നോസ്‌‌റ്റിക് സെൻററുകൾ അവർ അവലംബിച്ച ക്വാളിറ്റി സ്‌‌റ്റാൻഡേർഡ് പാലിക്കാൻ സ്വയം നിർബന്ധിച്ച് അക്രഡിറ്റേഷൻ എടുത്തു. ഇൻഡ്യിൽ 1% താഴെ ഡയഗ്നോസ്‌‌റ്റിക് ലാബുകൾക്കെ ആക്രഡിറ്റേഷനുള്ളു. ഈ ചാത്തൻ സെൻററുകൾ വരുത്തി വെച്ച എററുകൾക്ക് പഴി കേൾക്കണ്ടത് ഡോക്ടർമ്മാരും. ഇന്നും ഇൻഡ്യയിൽ National Accreditation Board for Testing and Calibration Laboratories എന്നൊരു ലൈസെൻസിങ് അക്രഡിറ്റേഷൻ ബോഡി ഉണ്ടെങ്കിലും, അക്രഡിറ്റേഷൻ നിർബന്ധമില്ല.

ഇതേ സമയത്ത് വേറൊന്നു കൂടെ ഇൻഡ്യയിൽ സംഭവിച്ചു. 1999 ആരോഗ്യ രംഗത്ത് ഫോറിൻ ഇൻവെസ്‌‌റ്റ്‌‌മെൻറ് തുറന്നു കൊടുത്തു. അതോടെ വിദേശ നിക്ഷേപം സ്വീകരിച്ച് അനേകം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാണ് കേരളത്തിൽ മുളച്ച് പൊന്തിയത്. കുത്തഴിഞ്ഞ ക്വാളിറ്റി സ്‌‌റ്റാൻഡാർഡ് ഇല്ലാത്ത ഡയഗ്നോസ്‌‌റ്റിക് സെൻററുകൾ കൊടി കുത്തി വാഴുന്ന സീനിലേയ്‌‌ക്കാണ് ഈ കുത്തകകളുടെ വരവ്. അവർ ഇത്തരം സർവ്വീസുകൾ കണ്‌‌സോളിഡേറ്റ് ചെയ്തു. എല്ലാം ഒരു കുടക്കീഴിലാക്കി. കൄത്യമായ ക്വാളിറ്റി സ്‌‌റ്റാൻഡാർഡുകൾ അവലംബിച്ചതോടെ ഡോക്ടർമ്മാർ രോഗികളെ പരിശോധനകൾക്ക് ഇങ്ങോട്ട് അയച്ചു തുടങ്ങി. ഒരു ഡോക്ടറെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ ഒരു മാറ്റമായിരുന്നു ഇത്. രോഗ നിർണ്ണയത്തിൻറെ ക്വാളിറ്റി ഉയർന്നതോടെ ഡോക്ടർമ്മാരുടെ ആത്മവിശ്വാസവും ഇരട്ടിച്ചു.

ഇത്രയും ആയപ്പോൾ ഈ ഹോസ്‌‌പിറ്റലുകൾ അടവ് മാറ്റി. പുറത്ത് പ്രൈവറ്റ് പ്രാക്ടീസു ചെയ്തിരുന്ന ഡോക്ടർമ്മാരെ ശമ്പളക്കാരാക്കി മാറ്റുക എന്ന അടവിലേയ്‌‌ക്ക് ചുവടു മാറി. ദിവസം 100 - 150 രോഗികളെ കാണുകയും, വീക്കെൻഡുകളും അവധി ദിവസം പോലും വീട്ടിൽ സ്വസ്ഥമായി ഇരിക്കാൻ സാധിക്കാതിരുന്ന ഡോക്ടർമ്മാർക്ക് ഇത് വലിയൊരു ആശ്വാസമായി. രോഗികൾ ഹോസ്‌‌പിറ്റലിലേയ്‌‌ക്ക് എത്തി തുടങ്ങി. ഹോസ്‌‌പിറ്റലുകൾ/ക്ലിനിക്കുകൾ ആരോഗ്യ പരിപാലനം ഒരു പ്രീമിയം സർവ്വീസാക്കി. 25 രൂപ ഫീസ് കൊടുത്ത് ഡോക്ടറെ വീട്ടിലെ ക്ലിനിക്കിൽ ചെന്ന് കണ്ടവർ, 250 രൂപ ഫീസു നൽകി ഹോസ്‌‌പിറ്റലിൽ ചെന്ന് വരി നിന്നു. ഡോക്ടർമ്മാർക്കും സൌകര്യമായി. ചികിത്സ കഴിഞ്ഞ് കൈനീട്ടി ചമ്മണ്ട. ഫീസൊക്കെ ക്യാഷ് കൌണ്ടറിൽ അടച്ചാണ് രോഗി ഡോക്ടറുടെ മുന്നിൽ എത്തുന്നത് തന്നെ. 100 - 150 പേരെ കാണുന്ന സ്ഥാനത്ത് നാലിലൊന്ന് പേരെ കണ്ടാൽ ഡോക്ടർക്ക് വീട്ടിലെ പ്രാക്ടീസിൽ നിന്നു ലഭിച്ച വരുമാനം തന്നെ ഉണ്ടാക്കാം. ഡോക്ടർമ്മാരുടെ ശമ്പളം RVU (Relative Value Unit) ആശ്രയിച്ചായതിനാൽ ശമ്പളം വേരിയബിളും ആണ്. കാണുന്ന രോഗികൾക്ക് അനുസരിച്ച് ശമ്പളം കൂടുകയൊ കുറയുകയൊ ചെയ്യാം. അതിനാൽ ഫിക്സഡ് സാലറി എന്ന ബർഡനുമില്ല.

പട്ടണങ്ങളിൽ ഒക്കെ ആരോഗ്യ രംഗം ഈ രീതിയിൽ മാറി കൊണ്ടിരിക്കുന്നു. കൂടുതലും സ്പെഷ്യലിസ്‌‌റ്റ് ഡോക്ടർമ്മാരാണ് ഹോസ്പിറ്റലുകാരുടെ ശമ്പളക്കാരായി മാറിയത്. പ്രൈമറി കെയർ/പീഡിയാട്രിക് ഡോക്ടർമ്മാർ ഗ്രാമ പ്രദേശങ്ങളിൽ പ്രൈവറ്റ് പ്രാക്ടീസുമായി ഇപ്പോഴും ഉണ്ട്. അടുത്ത പടി ഇവരെയും കൂടി സിസ്‌‌റ്റത്തിലേയ്‌‌ക്ക് ചേർക്കുന്നതാണ്. അതിനായി ഉടൻ ഉണ്ടാകാൻ പോകുന്ന ഒരു മാറ്റം ഗ്രാമങ്ങളിലും, സിറ്റിയുടെ പ്രാന്ത പ്രദേശങ്ങളിലും ഔട്ട് റീച്ച് ക്ലിനിക്കുകളുമായി ഈ കോർപ്പറേറ്റുകൾ വരും. പ്രൈമറി കെയർ/പീഡിയാട്രിക് ഡോക്ടർമ്മാരും ശമ്പളക്കാരായി മാറും. ഈ ഡോക്ടർമ്മാരുടെ റെഫറലുകൾ വഴി സിറ്റികളിൽ സ്‌‌ഥിഥി ചെയ്യുന്ന ആശുപത്രികളിൽ രോഗികളെ നിറയ്‌‌ക്കുന്ന രീതിയാണ് വരാൻ പോകുന്നത്.

ആദ്യ കാലങ്ങളിൽ ഡോക്ടർമ്മാർക്ക് വമ്പിച്ച സാമ്പത്തിക ലാഭം ഉണ്ടാക്കിയ ഈ സിസ്‌‌റ്റം ഇപ്പോൾ അവർക്കു തന്നെ പാരയായി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇപ്പോൾ പഠിച്ചിറങ്ങുന്ന ഡോക്ടർമ്മാർക്ക്. ഈ സിസ്‌‌റ്റത്തിനകത്ത് കയറി കൂടുക എന്നത് ചില്ലറ പാടല്ല. ഈ പറഞ്ഞ പ്രശസ്ത ഹോസ്പിറ്റലുകളിലൊക്കെ കണ്‌‌സൾട്ടൻറ് എന്ന പേരിൽ കുറേ താപ്പാനകൾ കയറി കൂടിയിട്ടുണ്ട്. പുതിയ ഒരാളെ ഈ സിസ്റ്റത്തിൻറെ ഭാഗമാകാൻ അവർ സമ്മതിക്കുന്നില്ല. അതിനാൽ ഒന്നുകിൽ കണ്‌‌സൾട്ടൻറിൻറെ ആസിസ്‌‌റ്റൻറ് ആയി ഒരു നിശ്ചിത മാസ ശംപളത്തിൽ ജോലി ചെയ്യുകയൊ, അല്ലെങ്കിൽ സിറ്റിയുടെ പ്രാന്ത പ്രദേശങ്ങളിലേയ്‌‌ക്കൊ ഗ്രാമങ്ങളിലെ ചെറിയ ഹോസ്‌‌പിറ്റലുകളിലേയ്‌‌ക്കൊ പിൻവാങ്ങുകയൊ നിവൄത്തിയുള്ളു. എത്ര പേരെടുത്ത് പ്രഗത്ഭനായാലും പ്രശസ്തമായ ഹോസ്പിറ്റലിലെ താപ്പാനകൾ മരിച്ച് സീറ്റൊഴിയാതെ അവിടങ്ങളിൽ കയറി പറ്റുക അസാദ്ധ്യമാണ്.

രോഗികൾക്ക് മികച്ച രോഗ നിർണ്ണയവും, ചികിത്സാ സൌകര്യവും നൽകി ഈ ഹോസ്പിറ്റലുകൾ ഒരു വാല്യു പ്രൊപ്പോസിഷൻ നൽകുന്നുണ്ട്, വിസ്മരിക്കുന്നില്ല. പക്ഷെ അതോടൊപ്പം മെഡിക്കൽ ചിലവുകളിൽ സുതാര്യത മൊത്തമായി നഷ്ടപ്പെട്ടു. മെഡിക്കൽ ഇൻഷുറൻസ്സ് ഉള്ളവർക്കും, ഇല്ലാത്തവർക്കും വെവ്വേറെ ഫീസ്, ഒരേ സർവ്വീസുകൾക്ക് തന്നെ പല ടയർ ഫീ സിസ്‌‌റ്റം തുടങ്ങി രോഗികളുടെ സാമ്പത്തിക സ്ഥിഥി ചൂഷണം ചെയ്യുന്ന സിസ്‌‌റ്റം ഇവർ അവലംബിച്ചു തുടങ്ങി. മോഹന വൈദ്യൻ, വടക്കഞ്ചേരി പോലുള്ള ഉഡായിപ്പുകൾ ഈ ഫീൽഡിൽ ആൾക്കാരെ പറ്റിക്കാൻ കയറിക്കൂടിയത് ഇങ്ങനെയാണ്. വൈദ്യരും, വടക്കഞ്ചേരിക്കും ഫീസിൽ വൻ സുതാര്യത ആണ്. വയറിളക്കം മുതൽ ക്യാൻസ്സറിനു വരെ 5000 രൂപയിൽ താഴെയെ ചിലവുള്ളു.

കോർപ്പറേറ്റുകൾ ആരോഗ്യ രംഗത്തെ കാണുന്നത് ഒരു ഫ്രീ മാർക്കെറ്റ് കമ്മോഡിറ്റി ആയാണ്. കമ്മോഡിറ്റി എന്ന തലത്തിലേയ്‌‌ക്ക് മാറുമ്പോൾ രോഗിക്ക് തൻറെ ചികിത്സ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടെന്ന അനുമാനമാണ്. അതായത് വിശന്നിരിക്കുന്ന ഒരുത്തന് തട്ടു കടയിൽ നിന്നൊ ഫൈവ് സ്‌‌റ്റാർ ഹോട്ടലിൽ കയറി വിശപ്പു മാറ്റാം. ഫൈവ്‌‌ സ്‌‌റ്റാറിൽ കയറിയാൽ അവിടെ ലഭിക്കുന്ന സൌകര്യങ്ങൾക്ക് അനുപാതികമായി പ്രീമിയം നൽകണം. ഹോസ്‌‌പിറ്റലുകളും ഈ രീതിയിലുള്ള ഒരു വാല്യു പ്രൊപ്പോസിഷനാണ് മുന്നോട്ട് വെയ്‌‌ക്കുന്നത്. ഒന്നാലോചിച്ചാൽ എത്ര അസംബന്ധമാണ് ഈ വാദം എന്ന് മനസ്സിലാകും. രോഗിയായി കിടക്കുന്ന ഒരുത്തന് പലപ്പഴും തൻറെ ഫ്രീ വിൽ ഉപയോഗിക്കാൻ പറ്റില്ല. അതിനാൽ തന്നെ അവൻ സർവ്വീസ് തിരഞ്ഞെടുക്കുന്നത് മാർക്കെറ്റിൻറെ നിയമങ്ങൾ അനുസരിച്ചല്ല. മാത്രമല്ല, ഒരു പൌരൻറെ ആരോഗ്യത്തിന് ഒരു കോർപ്പറേറ്റ് മൂല്യം നിശ്ചയിക്കുന്നത്ര അശ്ലീലം വേറെ ഇല്ല. ശക്തമായ പബ്ലിക് ഹെൽത് പോളിസികൾ ഇല്ലാത്ത രാജ്യങ്ങളിലൊക്കെ ഇതേ രീതിയിലാണ് ആരോഗ്യ രംഗം പരിണമിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യവും, പ്രാഥമിക വിദ്യാഭ്യാസവും പോയിൻറ് ഓഫ് ഡെലിവറിയിൽ ഫ്രീ ആയിരിക്കണം. ഇവ രണ്ടും സ്‌‌റ്റേറ്റിൻറെ ബാദ്ധ്യതയുമാണ്. പൌരൻറെ അവകാശവും.
Shared publiclyView activity