Profile cover photo
Profile photo
രഞ്ജിത് ആൻറണി
About
രഞ്ജിത് ആൻറണി's interests
രഞ്ജിത് ആൻറണി's posts

ലിബറൽ ഡയലമ

ചോരകുടിയൻമാർ !!!

എനിക്ക് ഫേസ്ബുക്കിൽ ഫ്രണ്ട്സും ഫോളോവേഴ്‌‌സുമായി ഏകദേശം പന്തീരായിരം പേരുണ്ട്. അതിൽ പലരും വല്ലപ്പോഴും ഫേസ്ബുക് പോളിസിക്കാരാണ്. ആഴ്ചയിൽ ഒരു മണിക്കൂർ ഫേസ്ബുക് ഉപയോഗിക്കുന്നവർ ഇക്കൂടെ ഒരു 10,000 പേരു കാണുമെന്ന് വിചാരിക്കുന്നു. ഫേസ്ബുക് തങ്ങളുടെ അൽഗോരിതത്തെ കുറിച്ച് പരസ്യമാക്കിയ ഡാറ്റ അനുസരിച്ച് ഞാൻ ഒരു പോസ്‌‌റ്റ് എഴുതിയാൽ അത് 8% പേരെ കാണാൻ സാദ്ധ്യത ഉള്ളു. നല്ല പോലെ പഠിച്ചെഴുതുന്ന പോസ്‌‌റ്റുകൾക്ക് ഒരു 800 - 900 ലൈക്കുകളാണ് സാധാരണ കിട്ടാറ്. വളരെ അധികം മ്യുച്ചൽ ഫ്രണ്ട്സ് ഉള്ളവർ ഷെയർ ചെയ്താൽ ചിലപ്പോൾ 1000 ലൈക് കടക്കും. 130 ഷെയർ മിനിമം ഉണ്ടെങ്കിലെ 1000 കടക്കു എന്നാണ് ഞാൻ കരുതുന്നത്. പക്ഷെ സംഘ പരിവാറിനെ വിമർശിച്ചാൽ ആ പോസ്‌‌റ്റുകൾ പറക്കും. ഷെയറുകൾ 1000 കടക്കും. ലൈക്കുകൾ മൂവായിരവും. ലൈക്ക് ചെയ്യുന്നവരും ഷെയർ ചെയ്യുന്നവരിലുമൊന്നും ഒരു മ്യുച്ചൽ ഫ്രണ്ട് പോലും ഇല്ലാത്തവർ ഉണ്ട്. ഇവരിതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

ഒരൽപ സമയമെടുത്തു ഇതിൻറെ ഗുട്ടൻസ് കണ്ട് പിടിക്കാൻ. ഈ ഷെയർ ചെയ്യുന്നവരൊക്കെ ഒരു പ്രത്യേക ഐഡിയോളജി പിൻതുടരുന്നവരാണ്. സലഫിസ്‌‌റ്റുകൾ, സുഡാപ്പികൾ, ഇസ്ലാമിസ്‌‌റ്റുകൾ അങ്ങനെ ആടു മേയ്‌‌ക്കൽ ടീമുകൾ വരെ അടങ്ങുന്ന വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് ഈ പോസ്‌‌റ്റുകൾ പ്രചരിക്കുന്നത്.

കുറ്റബോധം കൊണ്ട് തല താഴുന്ന നിമിഷം.

ആർ.എസ്.എസ്, സംഘപരിവാർ സുഹൄത്തുക്കൾ എനിക്കുണ്ട്. ഓഫ് ലൈനിലും ഓണ് ലൈനിലും. എൻറെ ഒരു വ്യക്തിപരമായ അനുഭവത്തിൽ ഇവരിൽ 50% പേരും റേസിസ്‌‌റ്റുകളല്ല. ഇവർ സംഘപരിവാരുകാരു പോലുമല്ല. അവർ വെറും മോഡി ഭക്തർ മാത്രമാണ്. ഇൻഡ്യ അമേരിക്ക പോലെ ആകണം എന്നാഗ്രഹിക്കുന്ന പാവം നിഷ്കളങ്കർ മാത്രമാണ്. ഇവർ അരാഷ്ട്രീയരും അല്ല. അവർ അരാഷ്ട്രീയരുടെ ഒരു ഡേഞ്ചറസ് വേർഷനായ രാഷ്ട്രീയ നിരക്ഷരരാണ് (Political illiterate). ചരിത്രം, ഭൂമിശാസ്‌‌ത്രം, സോഷ്യൽ സൈൻസ്, ഇക്കണോമിക്സ് തുടങ്ങി മനുഷ്യൻറെ എക്സിസ്‌‌റ്റൻസ്സിനെ വ്യാഖ്യാനിക്കാൻ ഉപയോഗിക്കുന്ന എല്ലാ സങ്കേതങ്ങളിലും അജ്ഞരാണ്. Kummanam, a true Indian. Modi is great, എന്നൊക്കെ പോസ്‌‌റ്റിട്ട് വെറുപ്പിക്കും എന്നല്ലാതെ അവരാരും റേസിസ്‌‌റ്റുകളല്ല. മോഡിയെ സപ്പോർട്ട് ചെയ്യണമെങ്കിൽ RSS നെയും സംഘപരിവാറിനെയും ഡിഫൻറ് ചെയ്യണമെന്ന് അവർക്ക് തോന്നുന്നത് ഈ രാഷ്ട്രീയ നിരക്ഷരത കൊണ്ടാണ്. നല്ല വറുത്ത ബീഫ് ചവച്ചരച്ച് തിന്നോണ്ട് ബീഫ് ബാനിനെ ന്യായീകരിക്കും. അമേരിക്കൻ പൌരനായിരിക്കും, പക്ഷെ ഇൻഡ്യൻ ദേശീയതയിൽ ഊറ്റം കൊള്ളും. പാവങ്ങളാണ് അവർ.

ഇസ്ലാമിസ്‌‌റ്റുകൾ അതല്ല. അവർ 100% പേരും കട്ട റേസിസ്‌‌റ്റുകളാണ്. ആൻറി സെമറ്റിസമാണ് അവരുടെ പോളിസി. യഹൂദ വിരോധം; അത് എക്സ‌‌റ്റെൻറ് ചെയ്ത് ക്രിസ്ത്യൻ, ഹിന്ദു വിരോധവും. ഇവർക്ക് അവർ ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളോടൊ, ഭരണകൂടത്തോടൊ ഒരു ബഹുമാനവുമില്ല. ലോകം ഒരു ഇസ്ലാമിക് കാലിഫേറ്റിനു കീഴിൽ എത്തുന്നത് സ്വപ്നം കാണുന്നവരാണ് അവർ.

എന്നാൽ മുസ്ലീങ്ങൾ, രാജ്യത്തോടും ഭരണഘടനയോടും, നിയമങ്ങളോടും ബഹുമാനമുള്ള സാദാ പൌരൻമ്മാരാണ്. ഒരു ന്യൂനപക്ഷമെന്ന നിലയിൽ ഇൻഡ്യയിലെ ദളിതരുടെ ഹ്യുമണ് ഡെവലപ്മെൻറ് ഇൻഡക്സിനോട് സമാനമായ ഇൻഡക്സുകൾ ഉള്ള ഒരു കമ്യൂണിറ്റിയാണ്. സംഘപരിവാർ ഇസ്ലാമിസ്‌‌റ്റുകളെ എതിർക്കുന്നു എന്ന വ്യാജേന ലക്ഷ്യമിടുന്നത് ഈ ഗ്രൂപ്പിനെ ആയാതിനാലാണ് മുസ്ലീങ്ങളെ അനുകൂലിച്ച് എഴുതണ്ടി വരുന്നത്. ഇസ്ലാമിസ്‌‌റ്റുകൾക്ക് നിയമ ഭയമുള്ള സാദാ മുസ്ലീം പൌരൻമ്മാരെ വെറുപ്പാണ്. പക്ഷെ സംഘപരിവാറിനെ വിമർശിക്കുന്ന പോസ്‌‌റ്റുകളുമായി അവർ മുസ്ലീമിൻറെ തലത്തിൽ നിന്ന് താദാത്മ്യപ്പെടും. ആ പോസ്‌‌റ്റുകൾ ഷെയർ ചെയ്ത് ഇരവാദവും കുത്തി നിറച്ചാൽ അവരുടെ അജണ്ടകൾ നടപ്പാകും.

മുസ്ലീമും, ഇസ്ലാമിസ്‌‌റ്റുകളും തമ്മിലുള്ള വത്യാസം എല്ലാ കാലത്തും സ്വയം അറിയാമായിരുന്നു. ചില സമയത്ത് എഴുത്തിൽ ആ വത്യാസം കൄത്യമായി പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇസ്ലാമിസ്‌‌റ്റുകളും, മുസ്ലീമും തമ്മിലുള്ള വത്യാസം കൄത്യമായി വിവരിച്ച KJ Jacob ന് നന്ദി

സംഘപരിവാറിനെ എതിർക്കുന്ന ചർച്ചകൾ ഇസ്ലാമിസ്‌‌റ്റുകൾ ഹൈജാക് ചെയ്യുന്നത് പതിവു കാഴ്ചയാണ്. പലപ്പഴും അവരുമായുള്ള ചർച്ചയിൽ ചിലപ്പോൾ അവരുടെ വാദങ്ങൾ സമ്മതിച്ചു കൊടുക്കണ്ടീതായിട്ടും വരും. ചർച്ചകളിൽ അവർ ഇസ്ലാമിസ്‌‌റ്റുകളല്ല. സാദാ മുസ്ലീമായാണ് അവതരിക്കുക. ലിബറൽ ആശയങ്ങളിലൂന്നി സംഘപരിവാർ ആശയങ്ങളെ എതിർക്കുന്നവർ ഈ ചതി കുഴിയിൽ വീണും പോകും. ലിബറലുകൾ ഇസ്ലാമിസ്‌‌റ്റ് പ്രീണനമാണെന്ന് എതിർവാദക്കാർ വിധിയെഴുതും.

ഇതൊരു ഊരാക്കുടുക്കാണ്. ഒരു വല്ലാത്ത ഡയലമ.

മനുഷ്യൻ തങ്ങളുടെ പ്രൊഡക്ടിവിറ്റിയുടെ പീക്കിൽ നിൽക്കുന്ന സമയമാണ് ഇത്. 20 ആം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ലോകം അനുഭവിച്ച സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതയ്‌‌ക്ക് സമാനമായ ഒന്നും ഇപ്പോഴില്ല. എന്നാൽ ചരിത്രം ചവറ്റു കൊട്ടയിലെറിഞ്ഞ ആശയങ്ങൾ പിന്നെയും പിന്നെയും തലപൊക്കി വരുന്നത് എന്തു കൊണ്ടാണ് ?. ഹിറ്റ്‌‌ലറും, മുസ്സോളിനിയും പരീക്ഷിച്ച തോറ്റ ആശയമാണ് സംഘപരിവാർ/RSS. കുരിശു യുദ്ധത്തിനിറങ്ങിയ കത്തോലിക്കർ പരക്കെ തോറ്റ് പോയെന്ന് മാത്രമല്ല, കത്തോലിക്കാ സഭ ഛിന്നഭിന്നം ആയി പോകുവേം ചെയ്തു. അപ്പോഴതാ വരുന്നു ഐസിസ്, സലഫിസ്‌‌റ്റുകൾ, ആടു മേയ്‌‌ക്കൽ ടീംസ്. വിജാതീയരെ നശിപ്പിച്ച് കത്തോലിക്കാ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു കുരിശുയുദ്ധം. ഐസിസ് അതെ ഐഡിയോളജിയുമായി പുനരവതരിച്ചിരിക്കുന്നു.

ഐറണി എന്താണെന്ന് വെച്ചാൽ 20 ആം നൂറ്റാണ്ട് സമ്മാനിച്ച മഹത്തായ ജനാധിപത്യം എന്ന ആശയം തന്നെയാണ് ഈ തീവ്ര ആശയങ്ങൾ പിന്നെയും തലപൊക്കാൻ കാരണമായി എനിക്കു തോന്നുന്നത്. ജനാധിപത്യം രാഷ്ട്രീയത്തിൽ മാത്രമല്ല. ജീവിതത്തിൻറെ എല്ലാ മേഖലയിലേയ്‌‌ക്കും ജനാധിപത്യ ആശയങ്ങൾ എത്തിയിട്ടുണ്ട്. ജോലി സ്ഥലത്ത് നമ്മൾ ജനാധിപത്യ മര്യാദകൾ പ്രതീക്ഷിക്കുന്നു. ടെക്നോളജിയിൽ ജനാധിപത്യം എത്തി. ഓപ്പണ് സോഴ്‌‌സ്, ഓപ്പണ് സ്പെക് പോലുള്ള ആശയങ്ങൾ ദൈനം ദിനം നമ്മൾ ഉപയോഗിക്കുന്നു. അറിവിലും ജനാധിപത്യം കൈയ്യേറി. വിക്കിപീഢിയ ഒക്കെ അതിനുദാഹരണം.

ജാനധിപത്യ ആശയം കൈയ്യേറിയ വേറൊരു മേഖല അക്രമം ആണ്. ഇന്ന് ആർക്കു വേണമെങ്കിലും ആക്രമണം പ്ലാൻ ചെയ്ത് എക്സിക്യുട്ട് ചെയ്യാം. ഏതെങ്കിലും ഐഡിയോളജി ഫ്രേം വർക്കിൻറെ പിൻബലം ഉണ്ടെങ്കിൽ അക്രമം പ്ലാൻ ചെയ്യാനും നടത്താനും കുറച്ച് എളുപ്പം ഉണ്ടെന്ന് മാത്രം. ഒരു ബോബുണ്ടാക്കണമെങ്കിൽ സ്‌‌റ്റെപ് ബൈ സ്‌‌റ്റെപ് ഇൻസ്‌‌ട്രക്ഷൻ ഇൻറർനെറ്റിൽ കിടപ്പുണ്ട്. ദേ ഒരു കഷ്ണം ബീഫ് ഇന്നയാളുടെ വീട്ടിലുണ്ടെന്ന് ഒരു വാട്സാപ് ഗ്രൂപ്പിൽ മെസ്സേജിട്ടാൽ മതി. അവനെ തല്ലി കൊല്ലാൻ ആളു കൂടും. ഇവരുപയോഗിക്കുന്നത് ജനാധിപത്യത്തിലെ സൌകര്യങ്ങളാണ്.

സംഘപരിവാറും, ഇസ്ലാമിസ്‌‌റ്റുകളും രണ്ടും ജനാധിപത്യത്തിനു ഭീഷണിയായാണ് ഞാൻ കരുതുന്നത്. ഏറ്റവും വലിയ ഭീഷിണി ഏതാണെന്ന് ചോദിച്ചാൽ ഒരു പൊടിക്ക് മുൻതൂക്കം ഇസ്ലാമിസ്‌‌റ്റുകൾക്കാണ്. ജനാധിപത്യപരവും, ലിബറലും ഓപ്പണുമായ ഒരു സമൂഹം ഉണ്ടാകണമെന്നാഗ്രഹിച്ചാണ് ഞാൻ എഴുതുന്നത്. പക്ഷെ ഞാൻ ഡിഫൻറ് ചെയ്യുന്ന ജനാധിപത്യം എന്ന ആശയം ഉപയോഗിച്ച് തന്നെ ഒരു തീവ്ര വിഭാഗം മൈലേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. അവർ എൻറെ എഴുത്തുകൾ അതിനായി വിനയോഗിക്കുന്നു.

അതിനാൽ ലേശം അച്ചടക്കം പാലിക്കാൻ തീരുമാനിച്ചു. സംഘപരിവാർ/RSS ൻറെ അടിസ്ഥാന ആശയങ്ങളെ വിമർശിച്ച് അടുത്തൊന്നും എഴുതുന്നില്ലെന്ന് തീരുമാനിച്ചു. ഇങ്ങനെ ഓപ്പണായി വിമർശിക്കുന്ന പ്രവണത 2016 ൽ ഈ പരിപാടി തുടങ്ങിയപ്പോൾ ഇല്ലായിരുന്നു. പക്ഷെ ട്രംപിൻറെ ഇലക്ഷനാണ് അത് തെറ്റിച്ചത്. എൻറെ ഇഷ്ടങ്ങൾ, ഓണ്ട്രപ്രണർഷിപ്, ലീഡർഷിപ്, ചരിത്രം, ഇക്കണോമിക്സ്, സോഷ്യൽ സൈൻസ്, പൊളിറ്റിക്സ് (പ്രായോഗിക രാഷ്ട്രീയമല്ല പൊളിറ്റിക്സ്) , ടെക്നോളജി ഒക്കെ ആണ്. ഇഷ്ടങ്ങളിലേയ്ക്ക് തിരിച്ച് പോകട്ടെ.

മാറുന്ന ആരോഗ്യ രംഗം

എൻറെ ചെറുപ്പകാലത്ത് പാലക്കാട് നാലൊ അഞ്ചൊ ഡോക്ടർമ്മാരെ ഉള്ളു. കുട്ടികളുടെ ഡോക്ടർമ്മാരായ രാമസ്വാമി ഡോക്ടർ അല്ലെങ്കിൽ ശിവദാസ് ഡോക്ടർ. ഇനി പീഡിയാട്രീഷ്യൻ തന്നെ വേണ്ടെങ്കിൽ അച്യുതനുണ്ണി ഡോക്ടറൊ, ഹക്കീം ഡോക്ടറൊ ഉണ്ട്. നമ്മൾ ചെല്ലുന്നു. ഡോക്ടർ ടെസ്‌‌റ്റ് എഴുതി തരുന്നു. ടെസ്‌‌റ്റുകൾ ടൌണിൽ തന്നെയുള്ള ഏതെങ്കിലും ഡയഗ്ണോസ്‌‌റ്റിക് സെൻററിൽ ചെയ്യുന്നു. അഡ്മിറ്റാവണമെങ്കിൽ ശാരദാ നേഴ്‌‌സിങ് ഹോമൊ, വെങ്കിടേശ്വരാ ഹോസ്പിറ്റലൊ ഉണ്ട്. ഇതേ ഡോക്ടർമ്മാർ രാവിലെ ഈ ഹോസ്‌‌പിറ്റലുകളിൽ റൌണ്ട്‌‌സിനു വരും. രോഗികളോട് സംസാരിക്കും. തിരിച്ച് വീട്ടിൽ ചെന്ന് പ്രാക്ടീസ് ആരംഭിക്കും.ടൌണിലെ സ്പെഷിലിസ്‌‌റ്റുകളും ഇതേ രീതിയാണ് അവലംബിച്ചിരുന്നത്. അവർ രോഗികളെ വീട്ടിൽ കാണും. ടെസ്‌‌റ്റുകൾ കുറിക്കുന്നത് ഡയഗ്നോസ്‌‌റ്റിക് സെൻററുകളിൽ ചെയ്യും. അഡ്മിറ്റ് ചെയ്യുന്ന രോഗികളെ രാവിലെ റൌണ്ട്‌‌സിൽ കാണും.

ഇതാണ് ട്രഡീഷണൽ പ്രാക്ടീസ്.

ട്രഡീഷണൽ പ്രാക്ടീസിൽ ഡോക്ടർമ്മാർ എന്നാൽ ഓണ്ട്രപ്പ്രണേഴ്‌‌സാണ്. സ്വയം സംരംഭകരാണ്. ഒരു ചെറിയ ക്ലിനിക് ഇട്ടിരുന്ന് എട്ട് പത്ത് കൊല്ലം കഷ്ടപ്പെട്ടാൽ നല്ല ഒരു വരുമാന മാർഗ്ഗമാണ്. ഒരു 1990 കളിൽ വരെ പഠിച്ചിറങ്ങിയ ഡോക്ടർമ്മാർക്ക് വേറൊന്നും ആലോചിക്കണ്ട. ജോലി തെണ്ടി നടന്ന് ബുദ്ധിമുട്ടണ്ട. ഒരു ചെറിയ പ്രാക്ടീസ് ബിൽഡ് ചെയ്തെടുക്കണ്ട ബുദ്ധിമുട്ടേ ഉള്ളു. അന്ന് ഡോക്ടർമ്മാരുടെ ഫീസും തുച്ഛമാണ്. ഹക്കീം ഡോക്ടറുടെ ഫീസ് 5 രൂപ ആയിരുന്നു. കാർഡിയോളജിസ്‌‌റ്റ് മുതൽ എത്ര വലിയ സ്പെഷ്യലിസ്‌‌റ്റാണെങ്കിലും 50 രൂപയൊ അതിനു താഴെയായിരുന്നു ഫീസ്.

ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ഈ സ്ഥിഥി മാറിയത്. 1990 കൾടെ തുടക്കം തൊട്ട് എവിഡെൻസ് ബേസ്ഡ് മെഡിസിൻ കൈവരിച്ച അഭൂതപൂർവ്വമായ കുതിച്ചു ചാട്ടമാണ് ഇതിന് കാരണം. രോഗ നിർണ്ണയത്തിന് ഉപയോഗിക്കുന്ന പുതിയ ഉപകരണങ്ങൾ കണ്ട് പിടിക്കുന്ന തോത് ഈ കാലയളവിൽ വർദ്ധിച്ചു. 1991 തൊട്ട് 2003 വരെ അപ്ലൈ ചെയ്ത പേറ്റൻറുകൾ അതിനു മുന്നിലുള്ള ദശകത്തേക്കാൾ രണ്ടിരട്ടി ആയിരുന്നു. പുതിയ മരുന്നുകളുടെ പേറ്റൻറുകളും മൂന്നിരട്ടി വർദ്ധിച്ചു.

തത്സമയം കേരളത്തിലെയും, ഇൻഡ്യയിലെയും ഡോക്ടർമ്മാർ ലോകത്ത് മെഡിസിനിൽ ഉപയോഗിക്കുന്ന ബെസ്‌‌റ്റ് പ്രാക്ടീസ്സസ്സ് അവലംബിക്കണ്ടി വന്നു. ഇതിന് വിഘാതമായി നിന്നത് ഈ ഡയഗ്നോസ്‌‌റ്റിക് സെൻററുകളാണ്. ഇൻഡ്യയിൽ ഒരു ഡയഗ്നോസ്‌‌റ്റിക് സെൻറർ തുടങ്ങാൻ കാശു ചിലവ് മാത്രമേ ഉള്ളു. ഒരു ലൈസൻസ്സും വേണ്ട അക്രഡിറ്റേഷനും വേണ്ട. ചുരുക്കം ചില ഡയഗ്നോസ്‌‌റ്റിക് സെൻററുകൾ അവർ അവലംബിച്ച ക്വാളിറ്റി സ്‌‌റ്റാൻഡേർഡ് പാലിക്കാൻ സ്വയം നിർബന്ധിച്ച് അക്രഡിറ്റേഷൻ എടുത്തു. ഇൻഡ്യിൽ 1% താഴെ ഡയഗ്നോസ്‌‌റ്റിക് ലാബുകൾക്കെ ആക്രഡിറ്റേഷനുള്ളു. ഈ ചാത്തൻ സെൻററുകൾ വരുത്തി വെച്ച എററുകൾക്ക് പഴി കേൾക്കണ്ടത് ഡോക്ടർമ്മാരും. ഇന്നും ഇൻഡ്യയിൽ National Accreditation Board for Testing and Calibration Laboratories എന്നൊരു ലൈസെൻസിങ് അക്രഡിറ്റേഷൻ ബോഡി ഉണ്ടെങ്കിലും, അക്രഡിറ്റേഷൻ നിർബന്ധമില്ല.

ഇതേ സമയത്ത് വേറൊന്നു കൂടെ ഇൻഡ്യയിൽ സംഭവിച്ചു. 1999 ആരോഗ്യ രംഗത്ത് ഫോറിൻ ഇൻവെസ്‌‌റ്റ്‌‌മെൻറ് തുറന്നു കൊടുത്തു. അതോടെ വിദേശ നിക്ഷേപം സ്വീകരിച്ച് അനേകം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാണ് കേരളത്തിൽ മുളച്ച് പൊന്തിയത്. കുത്തഴിഞ്ഞ ക്വാളിറ്റി സ്‌‌റ്റാൻഡാർഡ് ഇല്ലാത്ത ഡയഗ്നോസ്‌‌റ്റിക് സെൻററുകൾ കൊടി കുത്തി വാഴുന്ന സീനിലേയ്‌‌ക്കാണ് ഈ കുത്തകകളുടെ വരവ്. അവർ ഇത്തരം സർവ്വീസുകൾ കണ്‌‌സോളിഡേറ്റ് ചെയ്തു. എല്ലാം ഒരു കുടക്കീഴിലാക്കി. കൄത്യമായ ക്വാളിറ്റി സ്‌‌റ്റാൻഡാർഡുകൾ അവലംബിച്ചതോടെ ഡോക്ടർമ്മാർ രോഗികളെ പരിശോധനകൾക്ക് ഇങ്ങോട്ട് അയച്ചു തുടങ്ങി. ഒരു ഡോക്ടറെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ ഒരു മാറ്റമായിരുന്നു ഇത്. രോഗ നിർണ്ണയത്തിൻറെ ക്വാളിറ്റി ഉയർന്നതോടെ ഡോക്ടർമ്മാരുടെ ആത്മവിശ്വാസവും ഇരട്ടിച്ചു.

ഇത്രയും ആയപ്പോൾ ഈ ഹോസ്‌‌പിറ്റലുകൾ അടവ് മാറ്റി. പുറത്ത് പ്രൈവറ്റ് പ്രാക്ടീസു ചെയ്തിരുന്ന ഡോക്ടർമ്മാരെ ശമ്പളക്കാരാക്കി മാറ്റുക എന്ന അടവിലേയ്‌‌ക്ക് ചുവടു മാറി. ദിവസം 100 - 150 രോഗികളെ കാണുകയും, വീക്കെൻഡുകളും അവധി ദിവസം പോലും വീട്ടിൽ സ്വസ്ഥമായി ഇരിക്കാൻ സാധിക്കാതിരുന്ന ഡോക്ടർമ്മാർക്ക് ഇത് വലിയൊരു ആശ്വാസമായി. രോഗികൾ ഹോസ്‌‌പിറ്റലിലേയ്‌‌ക്ക് എത്തി തുടങ്ങി. ഹോസ്‌‌പിറ്റലുകൾ/ക്ലിനിക്കുകൾ ആരോഗ്യ പരിപാലനം ഒരു പ്രീമിയം സർവ്വീസാക്കി. 25 രൂപ ഫീസ് കൊടുത്ത് ഡോക്ടറെ വീട്ടിലെ ക്ലിനിക്കിൽ ചെന്ന് കണ്ടവർ, 250 രൂപ ഫീസു നൽകി ഹോസ്‌‌പിറ്റലിൽ ചെന്ന് വരി നിന്നു. ഡോക്ടർമ്മാർക്കും സൌകര്യമായി. ചികിത്സ കഴിഞ്ഞ് കൈനീട്ടി ചമ്മണ്ട. ഫീസൊക്കെ ക്യാഷ് കൌണ്ടറിൽ അടച്ചാണ് രോഗി ഡോക്ടറുടെ മുന്നിൽ എത്തുന്നത് തന്നെ. 100 - 150 പേരെ കാണുന്ന സ്ഥാനത്ത് നാലിലൊന്ന് പേരെ കണ്ടാൽ ഡോക്ടർക്ക് വീട്ടിലെ പ്രാക്ടീസിൽ നിന്നു ലഭിച്ച വരുമാനം തന്നെ ഉണ്ടാക്കാം. ഡോക്ടർമ്മാരുടെ ശമ്പളം RVU (Relative Value Unit) ആശ്രയിച്ചായതിനാൽ ശമ്പളം വേരിയബിളും ആണ്. കാണുന്ന രോഗികൾക്ക് അനുസരിച്ച് ശമ്പളം കൂടുകയൊ കുറയുകയൊ ചെയ്യാം. അതിനാൽ ഫിക്സഡ് സാലറി എന്ന ബർഡനുമില്ല.

പട്ടണങ്ങളിൽ ഒക്കെ ആരോഗ്യ രംഗം ഈ രീതിയിൽ മാറി കൊണ്ടിരിക്കുന്നു. കൂടുതലും സ്പെഷ്യലിസ്‌‌റ്റ് ഡോക്ടർമ്മാരാണ് ഹോസ്പിറ്റലുകാരുടെ ശമ്പളക്കാരായി മാറിയത്. പ്രൈമറി കെയർ/പീഡിയാട്രിക് ഡോക്ടർമ്മാർ ഗ്രാമ പ്രദേശങ്ങളിൽ പ്രൈവറ്റ് പ്രാക്ടീസുമായി ഇപ്പോഴും ഉണ്ട്. അടുത്ത പടി ഇവരെയും കൂടി സിസ്‌‌റ്റത്തിലേയ്‌‌ക്ക് ചേർക്കുന്നതാണ്. അതിനായി ഉടൻ ഉണ്ടാകാൻ പോകുന്ന ഒരു മാറ്റം ഗ്രാമങ്ങളിലും, സിറ്റിയുടെ പ്രാന്ത പ്രദേശങ്ങളിലും ഔട്ട് റീച്ച് ക്ലിനിക്കുകളുമായി ഈ കോർപ്പറേറ്റുകൾ വരും. പ്രൈമറി കെയർ/പീഡിയാട്രിക് ഡോക്ടർമ്മാരും ശമ്പളക്കാരായി മാറും. ഈ ഡോക്ടർമ്മാരുടെ റെഫറലുകൾ വഴി സിറ്റികളിൽ സ്‌‌ഥിഥി ചെയ്യുന്ന ആശുപത്രികളിൽ രോഗികളെ നിറയ്‌‌ക്കുന്ന രീതിയാണ് വരാൻ പോകുന്നത്.

ആദ്യ കാലങ്ങളിൽ ഡോക്ടർമ്മാർക്ക് വമ്പിച്ച സാമ്പത്തിക ലാഭം ഉണ്ടാക്കിയ ഈ സിസ്‌‌റ്റം ഇപ്പോൾ അവർക്കു തന്നെ പാരയായി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇപ്പോൾ പഠിച്ചിറങ്ങുന്ന ഡോക്ടർമ്മാർക്ക്. ഈ സിസ്‌‌റ്റത്തിനകത്ത് കയറി കൂടുക എന്നത് ചില്ലറ പാടല്ല. ഈ പറഞ്ഞ പ്രശസ്ത ഹോസ്പിറ്റലുകളിലൊക്കെ കണ്‌‌സൾട്ടൻറ് എന്ന പേരിൽ കുറേ താപ്പാനകൾ കയറി കൂടിയിട്ടുണ്ട്. പുതിയ ഒരാളെ ഈ സിസ്റ്റത്തിൻറെ ഭാഗമാകാൻ അവർ സമ്മതിക്കുന്നില്ല. അതിനാൽ ഒന്നുകിൽ കണ്‌‌സൾട്ടൻറിൻറെ ആസിസ്‌‌റ്റൻറ് ആയി ഒരു നിശ്ചിത മാസ ശംപളത്തിൽ ജോലി ചെയ്യുകയൊ, അല്ലെങ്കിൽ സിറ്റിയുടെ പ്രാന്ത പ്രദേശങ്ങളിലേയ്‌‌ക്കൊ ഗ്രാമങ്ങളിലെ ചെറിയ ഹോസ്‌‌പിറ്റലുകളിലേയ്‌‌ക്കൊ പിൻവാങ്ങുകയൊ നിവൄത്തിയുള്ളു. എത്ര പേരെടുത്ത് പ്രഗത്ഭനായാലും പ്രശസ്തമായ ഹോസ്പിറ്റലിലെ താപ്പാനകൾ മരിച്ച് സീറ്റൊഴിയാതെ അവിടങ്ങളിൽ കയറി പറ്റുക അസാദ്ധ്യമാണ്.

രോഗികൾക്ക് മികച്ച രോഗ നിർണ്ണയവും, ചികിത്സാ സൌകര്യവും നൽകി ഈ ഹോസ്പിറ്റലുകൾ ഒരു വാല്യു പ്രൊപ്പോസിഷൻ നൽകുന്നുണ്ട്, വിസ്മരിക്കുന്നില്ല. പക്ഷെ അതോടൊപ്പം മെഡിക്കൽ ചിലവുകളിൽ സുതാര്യത മൊത്തമായി നഷ്ടപ്പെട്ടു. മെഡിക്കൽ ഇൻഷുറൻസ്സ് ഉള്ളവർക്കും, ഇല്ലാത്തവർക്കും വെവ്വേറെ ഫീസ്, ഒരേ സർവ്വീസുകൾക്ക് തന്നെ പല ടയർ ഫീ സിസ്‌‌റ്റം തുടങ്ങി രോഗികളുടെ സാമ്പത്തിക സ്ഥിഥി ചൂഷണം ചെയ്യുന്ന സിസ്‌‌റ്റം ഇവർ അവലംബിച്ചു തുടങ്ങി. മോഹന വൈദ്യൻ, വടക്കഞ്ചേരി പോലുള്ള ഉഡായിപ്പുകൾ ഈ ഫീൽഡിൽ ആൾക്കാരെ പറ്റിക്കാൻ കയറിക്കൂടിയത് ഇങ്ങനെയാണ്. വൈദ്യരും, വടക്കഞ്ചേരിക്കും ഫീസിൽ വൻ സുതാര്യത ആണ്. വയറിളക്കം മുതൽ ക്യാൻസ്സറിനു വരെ 5000 രൂപയിൽ താഴെയെ ചിലവുള്ളു.

കോർപ്പറേറ്റുകൾ ആരോഗ്യ രംഗത്തെ കാണുന്നത് ഒരു ഫ്രീ മാർക്കെറ്റ് കമ്മോഡിറ്റി ആയാണ്. കമ്മോഡിറ്റി എന്ന തലത്തിലേയ്‌‌ക്ക് മാറുമ്പോൾ രോഗിക്ക് തൻറെ ചികിത്സ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടെന്ന അനുമാനമാണ്. അതായത് വിശന്നിരിക്കുന്ന ഒരുത്തന് തട്ടു കടയിൽ നിന്നൊ ഫൈവ് സ്‌‌റ്റാർ ഹോട്ടലിൽ കയറി വിശപ്പു മാറ്റാം. ഫൈവ്‌‌ സ്‌‌റ്റാറിൽ കയറിയാൽ അവിടെ ലഭിക്കുന്ന സൌകര്യങ്ങൾക്ക് അനുപാതികമായി പ്രീമിയം നൽകണം. ഹോസ്‌‌പിറ്റലുകളും ഈ രീതിയിലുള്ള ഒരു വാല്യു പ്രൊപ്പോസിഷനാണ് മുന്നോട്ട് വെയ്‌‌ക്കുന്നത്. ഒന്നാലോചിച്ചാൽ എത്ര അസംബന്ധമാണ് ഈ വാദം എന്ന് മനസ്സിലാകും. രോഗിയായി കിടക്കുന്ന ഒരുത്തന് പലപ്പഴും തൻറെ ഫ്രീ വിൽ ഉപയോഗിക്കാൻ പറ്റില്ല. അതിനാൽ തന്നെ അവൻ സർവ്വീസ് തിരഞ്ഞെടുക്കുന്നത് മാർക്കെറ്റിൻറെ നിയമങ്ങൾ അനുസരിച്ചല്ല. മാത്രമല്ല, ഒരു പൌരൻറെ ആരോഗ്യത്തിന് ഒരു കോർപ്പറേറ്റ് മൂല്യം നിശ്ചയിക്കുന്നത്ര അശ്ലീലം വേറെ ഇല്ല. ശക്തമായ പബ്ലിക് ഹെൽത് പോളിസികൾ ഇല്ലാത്ത രാജ്യങ്ങളിലൊക്കെ ഇതേ രീതിയിലാണ് ആരോഗ്യ രംഗം പരിണമിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യവും, പ്രാഥമിക വിദ്യാഭ്യാസവും പോയിൻറ് ഓഫ് ഡെലിവറിയിൽ ഫ്രീ ആയിരിക്കണം. ഇവ രണ്ടും സ്‌‌റ്റേറ്റിൻറെ ബാദ്ധ്യതയുമാണ്. പൌരൻറെ അവകാശവും.

സെൻകുമാറിനെ കൊണ്ട് ഒരു ഗുണമുണ്ടായി. കോപ്പി പേസ്‌‌റ്റുകാർ ഒക്കെ ഡാറ്റ ചെകഞ്ഞ് ബുദ്ധിമുട്ടുകയാണ്. അവർക്ക് ഒരു എക്സെർസ്സൈസ് പറഞ്ഞു തരാം. കണക്ക് ഇഷ്ടമുള്ളവർക്ക് ശരിക്കും ഇഷ്ടപ്പെടും.

സെൻകുമാറിൻറെ കണക്കനുസരിച്ച് 50% ശതമാനത്തിൽ താഴെയാണ് ഹിന്ദുക്കളുടെ ലൈവ് ബെർത്ത് സ്‌‌റ്റാറ്റിസ്‌‌റ്റിക്സ്. നിങ്ങൾ ചെയ്യണ്ടത് ഇത്രയുമാണ്. ഈ ശതമാനത്തിൽ ജാതി അനുസരിച്ച് പിരിച്ചെഴുത്. ഈ ജനിക്കുന്ന ഹിന്ദുക്കളിൽ എത്ര ദളിത്, ഈഴവ കുട്ടികൾ ഉണ്ടെന്ന് കണ്ട് പിടിക്കൂ. എൻറെ ഒരു അനുമാനത്തിൽ ഈ പറഞ്ഞ ലോജിക് അനുസരിച്ച് 2050 ആകുമ്പോൾ ഹിന്ദുക്കൾ മുഴുവൻ ദളിതർ/ഈഴവ ജാതി ആയിരിക്കും എന്നൊരു തിയറിക്ക് സ്കോപ് ഉണ്ട്.

എൻറെ ഊഹമാണ്. ഡാറ്റ ഒന്നുമില്ല. ഹിന്ദുക്കൾ എന്നൊരു ബ്ലാങ്കറ്റ് മതവുമായി മുസ്ലീങ്ങളുടെ ഡെവലപ്മെൻറ് ഇൻഡക്സുകളെ അളക്കുന്നതിൽ അപാകതയുണ്ടെന്ന് തോന്നുന്നു.

Post has attachment
ഇതാണു ഞങ്ങടെ മീമി. മീമിയെ കുറിച്ച്‌ മുൻപ്‌ എഴുതിയിരുന്നു. https://goo.gl/uFWxQQ
Photo

Post has attachment
Photo

നേഴ്‌‌സുമാർ, ജെൻഡർ ഇനിക്വാലിറ്റിയുടെ ഇരകൾ

കംപ്യൂട്ടർ പ്രോഗ്രാമിങ് ഇന്ന് “ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള” ജോലിയാണ്. ഹോളിവുഡ് സിനിമകളിലെ ഒരു പ്രോഗ്രാമർ എന്നാൽ, തടിച്ച്, മുടി നീട്ടിയ, താടി വളർത്തിയ, സദാസമയവും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്ന ഒരു ആണായിരിക്കും. ഒരു മൂന്ന് ദശകങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല കഥ. പ്രോഗ്രാമിങ് എന്നത് സ്‌‌ത്രീകളുടെ കുത്തകയായിരുന്നു. ഏറ്റവും പ്രസിദ്ധരായ പല പ്രോഗ്രാമേഴ്‌‌സ്സും സ്‌‌ത്രീകളാണ്. പ്രശസ്തരായ പ്രോഗ്രാമേഴ്‌‌സിനെ കുറിച്ച് പറയുമ്പോൾ ഡോ: ഗ്രേസ് ഹോപ്പറിനെ കുറിച്ച് പറയാതെ പോകാനും ഒക്കില്ല. അവരുടെ റിസേർച്ചാണ് COBOL എന്ന പ്രോഗ്രാമിങ് ലാങ്വേജിൻറെ പിറവിക്ക് വഴി തെളിച്ചത്.

ഡോ ഹോപ്പറോട് 1960 കളിൽ ഒരു ഇൻറർവ്യുവർ ചോദിച്ചു. എന്തു കൊണ്ടാണ് പ്രോഗ്രാമിങ്ങിൽ സ്ത്രീകൾ കൂടുതൽ ?. അതിന് അവരുടെ ഉത്തരം ഇന്ന് ഏതൊരു സ്‌‌ത്രീ പക്ഷ വാദിയെയും ചൊടിപ്പിക്കും. “പ്രോഗ്രാമിങ് എന്നാൽ കഞ്ഞീം കറീം വെയ്‌‌ക്കുന്ന പോലാണ്. ആദ്യം പ്ലാൻ ചെയ്യണം. പിന്നെ ചേരുവകൾ ചേർത്ത് അടുപ്പത്ത് വെച്ച് വേകുന്ന വരെ വെയിറ്റ് ചെയ്യണം. ഒരു സ്‌‌ത്രീക്ക് ഇത് സ്വാഭാവികമായി ലഭിച്ച സ്കില്ലാണ്”. സ്‌‌ത്രീ എന്നാൽ കഞ്ഞീം കറിയും വെയ്‌‌ക്കുന്നവൾ എന്ന പൊതുബോധത്തെ തൄപ്തിപ്പെടുത്തുന്നതായിരുന്നു ഹോപ്പറുടെ മറുപടി.

പ്രോഗ്രാമിങ് ജോലികൾ, കാര്യം സ്‌‌ത്രീകളുടെ കുത്തകയായിരുന്നെങ്കിലും അതിന് ഇന്നത്തെ ഗ്ലാമർ ഒന്നും ഇല്ലായിരുന്നു. ശമ്പളവും. ഈ മേഖലയിലേയ്‌‌ക്ക് പുരുഷൻമ്മാർ എത്തി തുടങ്ങിയതോടെയാണ് ഗ്ലാമറും, പണവും, സ്‌‌റ്റോക് ഓപ്ഷനുകളും, ഷെയർ വെസ്‌‌റ്റിങ്ങും ഒക്കെ ഉണ്ടായി തുടങ്ങിയത്.

നേഴ്‌‌സിങ് ജോലികൾക്കും ഇതാണ് പ്രശ്നം. അത് സ്‌‌ത്രീകൾക്കുള്ള ജോലിയായാണ് നമ്മുടെ പൊതുബോധം വിലയിരുത്തിയിരിക്കുന്നത്. അനുകമ്പയും, ദയയും, ഒക്കെയുള്ള മാലാഖമാർ ആവണമെങ്കിൽ സ്‌‌ത്രീ ആയിരിക്കണമല്ലൊ. സ്‌‌ത്രീ ആണെങ്കിൽ അവർക്ക് ശമ്പളവും കുറച്ചു കൊടുത്താൽ മതി.

എല്ലാ തൊഴിൽ മേഖലയിലും ഈ അസമത്വം പ്രകടമാണ്. കമ്പനി സി.ഇ.ഒ മാരുടെ ഇടയിൽ പോലും സ്‌‌ത്രീകളായ സി.ഇ.ഒ മാർക്ക് ഏകദേശം 20% കുറവാണ് ശമ്പളം. ഡോക്ടർമ്മാർ, HR എക്സിക്യുട്ടീവുകൾ, എഞ്ചിനീയർമ്മാർ എന്ന് വേണ്ട ഏത് മേഖലയിലും സ്ത്രീകൾക്ക് അതേ ജോലി ചെയ്യുന്ന പുരുഷൻമ്മാരെ കാളും ശമ്പളം കുറവാണ്. നേഴ്‌‌സിങ് മേഖലയിൽ തന്നെ ആണ് നേഴ്‌‌സുമാർ പെണ് നേഴ്‌‌സുമാരെക്കാൾ ശമ്പളം വാങ്ങുന്നുണ്ട്. ഡിപ്പാർട്ട്‌‌മെൻറ് ഓഫ് ലേബറിൻറെ കണക്കനുസരിച്ച് ആണ് നേഴ്‌‌സുമാർക്ക് ആഴ്‌‌ചയിൽ ആവറേജ് $100 എങ്കിലും കൂടുതലാണ്.

ലോകം മുഴുവനും നേഴ്‌‌സുമാരുടെ സ്ഥിഥി ഇതാണ്. അതിന് കുറച്ചെങ്കിലും മാറ്റം വന്നു കൊണ്ടിരിക്കുന്നത് അമേരിക്കയിലും, യു.കെയിലും, അയർലണ്ടിലുമാണ്. ഈ മാറ്റങ്ങൾ സ്വാഭാവികമായി സംഭവിച്ചതല്ല. നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെയും, തൊഴിൽ സമരങ്ങളിലൂടെയുമാണ് അവർ അത് നേടിയെടുത്തത്. നേഴ്‌‌സുമാർ ഇവിടങ്ങളിൽ യൂണിയനൈസ്‌‌ഡ് ആണെന്നതാണ് കാരണം. ഇവിടെ ഹോസ്‌‌പിറ്റൽ മുതലാളിമാരോട് യൂണിയനാണ് ശമ്പളം നിഗോഷിയേറ്റ് ചെയ്തു തീരുമാനിക്കുന്നത്. അത്തരം യൂണിയനുള്ള ആശുപത്രികളിൽ നേഴ്‌‌സ് ടു രോഗി അനുപാതങ്ങൾക്ക് ഒക്കെ ഒരു കണക്കുണ്ട്. യൂണിയനുകളിൽ ചേരാത്ത ആശുപത്രികളും ഉണ്ട്. പക്ഷെ നേഴ്‌‌സിങ് മേഖലയിലെ ലേബർ നിയമങ്ങൾ സ്‌‌റ്റാൻഡൈസ് ചെയ്യാൻ യൂണിയനുകൾ ലോബി ചെയ്യുന്നത് കൊണ്ട് യൂണിയനിൽ ഇല്ലാത്ത ആശുപത്രികളിലും നേഴ്‌‌സുമാർക്ക് ന്യായമായ ശമ്പളം ലഭിക്കുന്നുണ്ട്.

അതായത് ഈ നേഴ്‌‌സിങ് സമരം വെറും തൊഴിൽ സമരമല്ല. ഇത് ഒരു ജൻഡർ ഇക്വാലിറ്റിക്ക് വേണ്ടിയുള്ള സമരമാണ്. ഈ സമരം ജയിച്ചേ പറ്റു. ഈ സമരം വിജയിക്കണ്ടത് നേഴ്സുമാരുടെ വിജയം മാത്രമല്ല, തൊഴിൽ എടുത്ത് ജീവിക്കുന്ന ഏത് സ്ത്രീയുടെയും വിജയം ആയിരിക്കും. !!

Post has attachment
എല്ലാ വേനലിലും വരുന്ന ആമക്കുട്ടൻ. ടോബി എന്തൊ ഉരുട്ടി കളിക്കുന്നത്‌ കണ്ട്‌ ചെന്ന് നോക്കീതാണു. നമ്മുടെ സ്ഥിരം വിസിറ്റർ മിസ്റ്റർ ആമ കുട്ടൻ.

ഇതിനെ പതിയെ എടുത്ത്‌ അമ്മയുടെ തോളത്ത്‌ കൊണ്ട്‌ വെയ്ക്കും. അപ്പൊ അമ്മ കാറി കൂവി ഓടും. മൂന്നു കൊല്ലം സ്ഥിരമായി ചെയ്യുന്ന കീഴ്‌വഴക്കമാണു. അമ്മയെ പേടിപ്പിച്ചതിനു ശേഷം കയിൽ വിശ്രമിക്കുന്ന ആമ. 😀
Photo

ഗോ രക്ഷകരുടെ വീഢിയോകൾ

കഴിഞ്ഞ മൂന്നു മാസമായി ഒരു പുതിയ ട്രെൻഡ് ശ്രദ്ധിക്കുന്നു. പശു കടത്തുന്നവരെയൊ, പശു ഇറച്ചി കൈവശം വെച്ചു എന്നു കരുതുന്നവരെയൊ ആക്രമിക്കുന്ന വീഢിയോകൾ കൂടുന്നു. കഴിഞ്ഞ ആഴ്ച ഞാൻ ഒരു ചെറിയ പഠനം നടത്തി വരികയായിരുന്നു. ഓരോ പ്രാവശ്യം ഫേസ്ബുക്കിൽ ലോഗിൻ ചെയ്യുമ്പഴും ആവറേജ് രണ്ട് പുതിയ വീഡിയോകൾ എങ്കിലും കാണുന്നു. ഇത് വരെ കാണാത്ത രണ്ട് വീഡിയോകളെന്നാണ് ഉദ്ദേശിച്ചത്. സ്‌‌ട്രീമിൽ റിപ്പീറ്റ് ചെയ്തു വരുന്നവ കൂട്ടിയിട്ടില്ല.

ഈ വീഢിയോകളിൽ പൊതുവായ ചില സാമ്യങ്ങളുണ്ട്. അത് ഷൂട്ട് ചെയ്തിരിക്കുന്ന വിധം. കാര്യം വീഡിയൊ ഷെയർ ചെയ്യുന്നത് ഗോ രക്ഷകരെയും, സംഘപരിവാർ സംഘടനകളെയും എതിർക്കുന്നവരാണ്. പക്ഷെ ആ വീഡിയോകൾ ഷൂട്ട് ചെയ്തിരിക്കുന്നത് ഈ അക്രമങ്ങളിൽ പങ്കെടുത്ത ആരോ ആണ്. ദൂരെ മറഞ്ഞിരുന്ന് വീഡിയൊ എടുത്തതല്ലെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം. ചില സമയത്ത് തല്ലുന്ന ആളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് അടിച്ചു ചോര തെറിക്കുന്നതൊക്കെ അതു പോലെ ചിത്രീകരിച്ചിരിക്കുന്നു. ചില വീഡിയോകളിൽ മുൻപിൽ പോകുന്ന ലോറിയെ ചെയ്‌‌സ് ചെയ്യുന്ന വീഡിയൊ വരെ ഉണ്ട്. അതായത് അക്രമകാരികളോടൊപ്പം അവരുടെ കാറിൽ തന്നെയുള്ള ആരോ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

കാര്യം മനസ്സിലായൊ ?. ഈ വീഢിയോകൾ ഹിന്ദു സേനയുടെ റിക്രൂട്ട്‌‌മെൻറ് വീഢിയോകളാണ്. അല്ലാതെ ഇവരുടെ അതിക്രമങ്ങൾ ലോകത്തിനു എക്സപോസ് ചെയ്യാനായി ഏതൊ നല്ലൊരു മനുഷ്യൻ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചവ അല്ല.

ഹിന്ദു സേനകൾ/സംഘപരിവാർ സംഘടനകൾ ഐസിസിൻറെ തന്ത്രങ്ങൾ അതു പോലെ സ്വീകരിച്ചു തുടങ്ങി എന്ന് വ്യക്തം. ഐസിസ് സന്ദേശം പ്രചരിപ്പിക്കുന്ന ട്വിറ്റർ ഹാൻഡിലുകളും, ഫേസ്ബുക്ക് പേജുകളും ഒക്കെയുണ്ട്. അവിടെ വരുന്ന വീഡിയോകളുമായി വല്ലാത്ത സാമ്യം തോന്നുന്നു. ഐസിസ് വീഡിയോകളിൽ പരസ്യമായ ശിരസറുക്കൽ, ഒരാളെ അടച്ചിട്ട ഇരുമപ് കൂടുകൾ വെള്ളത്തിൽ മുക്കുന്ന വീഡിയോകൾ, വലിയ കെട്ടിടങ്ങളിൽ നിന്ന് ആൾക്കാരെ താഴേയ്‌‌ക്കെറിഞ്ഞ് കൊല്ലുന്ന വീഢിയോകൾ ഒക്കെയാണ്.

ഇത്ര നീചമായ കൄത്യങ്ങൾ എങ്ങനെ ഒരു സംഘടനയുടെ മാർക്കെറ്റിങ്ങിന് ഉപയോഗിക്കും എന്ന് അത്ഭുതം ഉണ്ടല്ലെ ?. എനിക്കും ഉണ്ടായിരുന്നു. പക്ഷെ ഒന്നാലോചിച്ചു നോക്കു. എത്ര സിനിമകളിൽ നായകൻ ചെയ്യുന്ന ഒരു ക്രൈമിനെ നമ്മൾ ന്യായീകരിച്ചിരിക്കുന്നു. ഓഹ് അത് വില്ലൻ നായകൻറെ സഹോദരിയെ ബലാൽസംഗം ചെയ്തിട്ടല്ലെ ?, അത് അയാൾ നായകൻറെ അപ്പനെ കൊന്നതിനു പ്രതികാരം ചെയ്തതല്ലെ. മനുഷ്യരിങ്ങനെ ആണ്. ഒരു ക്രിമിനലിനോട് അനുഭാവ പൂർവ്വം നിലപാടെടുക്കാൻ മനുഷ്യന് എളുപ്പം കഴിയും. സ്വയം ന്യായീകരിക്കാൻ ഉതകുന്ന എന്തെങ്കിലും ഒരംശം കണ്ടെത്തിയാൽ ഏത് ഹീന പ്രവർത്തികളെയും മനുഷ്യന് സപ്പോർട്ട് ചെയ്യാൻ പറ്റും. അത് ഹീറോയിസമായി കാണാനും നമുക്ക് സാധിക്കും. ഈ ക്രൈം ചെയ്യുന്നവനെ ഹീറോ ആക്കാനും അവൻറെ ഹീറോയിസം ആരാധിക്കാനും നമുക്ക് പറ്റും. സിനിമ കഴിഞ്ഞ് ഇറങ്ങി വന്ന് ആ നായകനായി സങ്കൽപ്പിച്ച് എത്ര പ്രാവശ്യം സ്വപ്നം കണ്ടിട്ടുണ്ടെന്ന് നിങ്ങൾ ആലോചിച്ചു നോക്കു !!!

പറഞ്ഞ് വന്നത് ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ക്രൂരതകളല്ല. ഒരു ഹീറോയിസമാണ്. അത് ആരാധന ആയി മാറുന്നു. ആ ആരാധന ആവേശമായും സ്വയം അത്തരം ഹീറോയിക് പ്രവർത്തികൾ ചെയ്യാനും നിങ്ങളെ സജ്ജരാക്കുന്നു. ഇതാണ് ഇത്തരം റിക്രൂട്ട്‌‌മെൻറ് വീഢിയോകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

ജീവിത കാലം മുഴുവൻ ബീഫു തിന്നവർ വരെ ഇന്ന് ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്ന് പറയുന്നു. ബീഫ് ഉള്ളിക്കറി ആക്കുന്നു. ബീഫ് തിന്നുന്നത് എന്തൊ മ്ലേച്ഛമാണെന്ന ഒരു പൊതു ബോധം സൄഷ്ടിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇതൊക്കെ വിവരും വിദ്യാഭ്യാസവും ഉള്ളവരുടെ കാര്യമാണ്. സെൽഫ് എസ്‌‌റ്റീം തീരെ ഇല്ലാത്ത, താൻ ജീവിച്ചിരിക്കുന്നതിൻറെ അർത്ഥം എന്തെന്ന് സ്വയം പരതി ഇരിക്കുന്ന ഒരുത്തന് ഗോ രക്ഷകനായി ആയുധം എടുക്കാൻ ഒട്ടും ആലോചിക്കണ്ട. അവൻ ഇരിട്ടി വെളുക്കുമ്പോൾ ഹീറോ ആവുകയാണ്. ഹീറോ ആയി എന്ന് അവന് തോന്നുകയാണ്.

പറഞ്ഞ് വന്നത്, ഈ വീഢിയോകൾ ഷെയർ ചെയ്യുന്നവർ ഇവരുടെ മാർക്കെറ്റിങ്ങിന് കൂട്ട് നിൽക്കുകയാണ്. ആൾക്കാർ ഷെയർ ചെയ്യുന്നു എന്ന് കണ്ടാൽ അത്തരം വീഢിയോകൾ ഫേസ്ബുക് പ്രൊമോട്ട് ചെയ്തു തുടങ്ങും. ഫേസ്ബുക്കിൻറെ അൽഗോരിതം അങ്ങനെയാണ്. അതിനാൽ നിങ്ങൾ അറിയാതെ അത്തരം വീഢിയോ വഴി ഇവർക്ക് രാജ്യം നീളേ ഹീറോ മാരെ സൄഷ്ടിക്കാൻ സാധിക്കുന്നു. ആദ്യമാദ്യം യു.പി യിൽ നിന്നൊക്കെയുള്ള സംഭവങ്ങളാണ് വീഢിയോയിൽ കണ്ടിരുന്നത്. ഇപ്പോൾ കർണ്ണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള വീഢിയോകൾ വന്ന് തുടങ്ങി. അതായത്, ഈ മാർക്കെറ്റിങ് ഫലം കണ്ടു തുടങ്ങി എന്നർത്ഥം. പശു ബെൽറ്റിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്‌‌ക്ക് കടന്നിരിക്കുന്നു. സഹ്യനിപ്പുറം കേരളത്തിലെത്താൻ അധികം കാത്തിരിക്കണ്ട എന്ന് ചുരുക്കം. !!

കരീർ ഗൈഡൻസിൻറെ പ്രസക്തി.

പത്ത് പന്ത്രണ്ട് വർഷം പഴക്കമുള്ള കഥയാണ്. ജോലി മാറി കാലിഫോർണ്ണിയയിലെ ഫ്രെസ്നൊ എന്ന സ്ഥലത്ത് താമസിക്കുന്ന സമയം. അവിടെ ഒരു കൊച്ച് യൂണിവേഴ്‌‌സിറ്റിയുണ്ട്. ഫ്രെസ്‌‌നൊ സ്‌‌റ്റേറ്റ് യൂണിവേഴ്‌‌സിറ്റി. പഞ്ചാബ്, ഹരിയാന, യു.പി എന്നിവടങ്ങളിൽ നിന്നുള്ള അനേകം കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. ഇവരൊക്കെ MS പോലുള്ള ഗ്രാഡ്വേറ്റ് കോഴ്‌‌സുകൾ (നാട്ടിൽ പോസ്‌‌റ്റ് ഗ്രാജ്വേറ്റ്) പഠിക്കുന്നവരാണെന്നാണ് ഞാൻ കരുതിയത്. അല്ല. ഭൂരിപക്ഷവും അണ്ടർ ഗ്രാഡ് (ബാച്ചിലർ ഡിഗ്രി) ക്ക് വന്നവരാണ്. അതും നമ്മൾ ലോകത്തൊന്നും കേൾക്കാത്ത കോഴ്‌‌സുകൾ.

ഞാൻ നാട്ടിൽ എൻട്രൻസ് എഴുതി തോറ്റ് തോറ്റ് മൂന്നാം ചാൻസ്സിലാണ് എഞ്ചിനീറിങ്ങിന് കയറിയത്. അതും അക്കൊല്ലം ആദ്യമായി സ്വാശ്രയ കോളേജ് ആരംഭിച്ചത് കൊണ്ട്. അപ്പൻ ആ വർഷം (1993) റിട്ടയർ ചെയ്ത കൊണ്ട് 1 ലക്ഷം രൂപ തികച്ചെടുക്കാൻ ഉണ്ടായി. അന്ന് ഒരു ലക്ഷം കെട്ടി വെയ്‌‌ക്കണം നാലു കൊല്ലം കഴിയുമ്പോൾ തിരിച്ചു കിട്ടും. ഇതായിരുന്നു സ്കീം. അങ്ങനെയാണ് ഞാൻ എഞ്ചിനീറിങ്ങിന് ചേർന്നത്. അക്കൊല്ലവും എഞ്ജിനീറിങ്ങിന് കിട്ടിയിരുന്നില്ലെങ്കിൽ എന്തു ചെയ്യണം എന്ന് ഒരെത്തും പിടിയില്ലായിരുന്നു.

എൻറെ അതേ സമയത്ത് ഫ്രെസ്നൊ സ്‌‌റ്റേറ്റിൽ എഞ്ചിനീറിങ്ങ് പഠിച്ച കുറേപ്പേരെ ഞാൻ പരിചയപ്പെട്ടു. മിക്കവരും എൻറെ അപ്പൻറെ സാമ്പത്തിക സാഹചര്യത്തേക്കാൾ വളരെ താഴ്ന്നവർ. നോർത്തിൻഡ്യയിലെ കർഷക കുടുംബങ്ങളിൽ നിന്നൊ, താഴ്‌‌ന്ന ഗവണ്മെൻറ് ഉദ്യോഗസ്ഥരുടെയൊ മക്കൾ. ഇവരാരും നാട്ടിൽ ഒരു വർഷം പോലും എഞ്ചിനീറിങ് മെഡിസിൻ എൻട്രൻസ്സൊന്നും എഴുതി ബുദ്ധിമുട്ടിയിരുന്നില്ല. അവർ എഴുതിയത് SAT എന്ന പരീക്ഷയാണ്. ആദ്യ സെമസറ്റർ ഫീസടയ്‌‌ക്കാനുള്ള ആസ്തി കാണിച്ചാൽ ഒരു സെമസ്‌‌റ്ററിൻറെ ഫീസ് ബാങ്കും തരും. ആ രെഖ കാണിച്ചാൽ വിസയും കിട്ടും. ഇത് അന്ന് (93-97) ഇൻഡ്യൻ രൂപയിൽ 2.5 ലക്ഷം രൂപയെ വരു. അങ്ങനെയാണ് ഇവരൊക്കെ വണ്ടി കയറി ഫ്രെസ്നൊ സ്‌‌റ്റേറ്റിൽ എത്തിയത്. അവർ ഇവിടെ വന്ന് ഗ്യാസ് സ്‌‌റ്റേഷനിലും, ചില മൈക്കാട് പണിക്കൊക്കെ (ഇല്ലീഗൽ ആയി) പോയി ബാക്കി സെമസ്‌‌റ്ററുകൾക്കുള്ള പണം ഒപ്പിക്കും. ചിലർ അമേരിക്കയിലുള്ള അവരുടെ ബന്ധുക്കളിൽ നിന്ന് സാമ്പത്തിക സഹായവും തേടും. പഠിച്ച് ജോലി കിട്ടിയാൽ തിരിച്ചു കൊടുക്കാമെന്ന ധാരണയിൽ.

ഈ SAT എന്ന സംഭവം ഞാൻ ആദ്യമായി കേൾക്കുകായണ്. ഒന്നോർക്കണം, അമേരിക്കയിൽ എത്തിയിട്ട് 5 കൊല്ലം കഴിഞ്ഞിരുന്നു. GRE, TOFFEL മുതലായ പരീക്ഷകളെ കുറിച്ച് എഞ്ചിനീറിങ് ഫൈനൽ ഇയർ ആയപ്പോൾ അറിഞ്ഞു. പക്ഷെ SAT എന്ന ഒരു ഓപ്ഷൻ ഉള്ളതു പോലും അറിയില്ലായിരുന്നു. അതും പോട്ടെ, ഈ ബാങ്കിൽ വിദേശ വിദ്യാഭ്യാസത്തിന് വായ്‌‌പ നൽകുമെന്ന് പോലും അന്നാണ് അറിയുന്നത്. നമുക്ക് ബാങ്ക് എന്നത് വിഷുവിന് പുത്തൻ നോട്ട് മാറാൻ പോകുന്ന സ്ഥലമായിരുന്നു. വീട് പണിക്ക് അദ്ധ്യാപക കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും, പ്രൊവിഡൻറ് ഫണ്ടിൽ നിന്നുമൊക്കെയാണ് അപ്പൻ ലോണ് സംഘടിപ്പിച്ചത്. ബാങ്കെന്നാൽ മദ്ധ്യവർഗ്ഗത്തിന് പ്രാപ്യമായിരുന്ന ഒരു സംഗതിയെ ആയിരുന്നില്ല കേരളത്തിൽ.

ഇവരും ഞാനുമായ വത്യാസം എനിക്ക് മനസ്സിലായി. ഇൻഫർമ്മേഷനിലേയ്‌‌ക്കുള്ള ആക്സസ്സ് ആണ് ഞാൻ എൻട്രൻസ് എഴുതുന്ന സമയത്ത് ഇല്ലാതിരുന്നത്. എൻറെ സഹപാഠികളായിരുന്ന (ഗവ: വിക്ടോറിയ കോളേജ്, പാലക്കാട്) ഒരൊറ്റ ഒരുത്തനും SAT എന്ന് അന്ന് കേട്ടിരിക്കില്ല, ഉറപ്പുണ്ട്. എല്ലാവരും പി.സി തോമസ്സിൻറടുത്ത് പോകുന്നു. ഞാനും പോയി. എല്ലാവരും എൻട്രൻസ് എഴുതി, ഞാനും എഴുതി. ഈ ഒരു ലിമിറ്റഡായൊരു വിവര കൈമാറ്റമേ ഞാനുൾപ്പെട്ട ആ സോഷ്യൽ സർക്കിളിൽ ഉണ്ടായിരുന്നുള്ളു. അതേ സമയം നോർത്തിൻഡ്യയിൽ നിന്നും, ആന്ധ്രയിൽ നിന്നുമുള്ളവർ ഇൻഡ്യയിൽ കിടന്ന് തായം കളിക്കാൻ മെനക്കെട്ടില്ല. അവരിൽ ആരോ ഒരാൾ ഒരു 10-20 വർഷം മുന്നെ എങ്ങനെയൊ അമേരിക്കയിലേയ്‌‌ക്ക് കടക്കാമെന്ന് മനസ്സിലാക്കി. ആ വിവരം വേറൊരാൾക്ക് നൽകി. അങ്ങനെ 1993 ആയപ്പോഴേയ്‌‌ക്കും എങ്ങനെ കോളേജിൽ അപ്ലൈ ചെയ്യണം, ഏത് ബാങ്കിൽ ലോണിന് അപ്ലൈ ചെയ്യണം, വിസാ ഇൻറർവ്യുവിന് ചെല്ലുമ്പോൾ എന്തൊക്കെ പറയണം, പറയണ്ട തുടങ്ങി ആ പ്രോസ്സസ്സിലെ മൈന്യൂട്ട് ഡീറ്റെയിലുകൾ വരെ ഡോക്കുമെൻറ് ചെയ്ത് വാമൊഴിയായി പിറകെ വരുന്നവർക്ക് കൈമാറി. പുറകെ വരുന്നവന് ആ ഓരോ സ്‌‌റ്റെപ്പുകൾ 1,2,3 എന്ന് എണ്ണി എണ്ണി എക്സിക്യുട് ചെയ്താൽ മതി.

എനിക്ക് അപ്രാപ്യമായതും ഇവർക്കൊക്കെ പ്രാപ്യമായിരുന്നതും, ഇൻഫോർമ്മലായൊരു ഈ വിവര കൈമാറ്റ ശൄംഘലയാണ്. ഇത്രയുമെ കരീർ ഗൈഡൻസ് എന്നത് കൊണ്ട് പ്രതീക്ഷിക്കണ്ടു. ഒരു വിവര കൈമാറ്റ ശൄംഖല. അത് നയാപൈസ ചിലവില്ലാതെ ആരെങ്കിലും വൊളൻറീർ ചെയ്തു നൽകുന്നു എങ്കിൽ, സ്വീകരിക്കണം.

കരീർ ഗൈഡൻസ് കൌണ്സിലർ എന്നൊരു പദവി ഇവിടെയും യൂറോപ്പിലെയും സ്കൂളുകളിൽ എല്ലാമുണ്ട്. പഠന നിലവാരത്തിലും, അഭിരുചിയിലും വിവിധ ശ്രേണിയിൽ നിൽക്കുന്ന വിദ്യാർത്ഥികളെ, ഏതൊക്കെ കോളേജുകളിൽ അപ്ലൈ ചെയ്യണം. എങ്ങനെ പേഴ്‌‌സണൽ സ്‌‌റ്റേറ്റ്‌‌മെൻറുകൾ തയ്യാറാക്കണം എന്ന് കൄത്യമായ ഡയറക്ഷൻ നൽകുന്നവരാണ് ഇവർ. അഞ്ച് പൈസ ചിലവില്ല. ഇവർ ചെയ്യുന്ന സേവനം എന്തുമാത്രം എഫക്ടീവാണെന്ന് വ്യക്തിപരമായി തന്നെ അറിയാം. നമ്മുടെ സ്കൂളുകളിൽ ഇല്ലാത്തതും ഇതാണ്. അതിനാൽ വർഷാ വർഷം നെഹൄ കോളേജിലൊക്കെ ചേരാൻ ആൾക്കാർ ഇടിയാണ്. ഇന്ന് ലോകത്തിൽ (പ്രത്യേകിച്ച് യൂറോപ്പിൽ) അഞ്ച് പൈസ ചിലവില്ലാതെ പഠിക്കാം. റഷ്യ പോലുള്ള രാജ്യങ്ങളിൽ എഞ്ചിനീറിങ്ങിന് കേരളത്തിലെ കോളേജുകളിലെ മാനേജ്മെൻറ് സീറ്റുകളുടെ ഫീസെ ഉള്ളു. പക്ഷെ നമുക്ക് ഇടിമുറികൾ ഉള്ള കോളേജ് തന്നെ വേണം. ഇതല്ലാതെ ലോകത്ത് വേറെ ഓപ്‌‌ഷനുകൾ ഉണ്ടെന്ന് പറയുന്നവനോട് പുച്ഛവും.

ജനാധിപത്യത്തിലെ പോലീസ്

വൈപ്പിനിലെ പോലീസ് അതിക്രമത്തിൻറെ വീഢിയൊ വെള്ളിയാഴ്ച തൊട്ട് സ്‌‌ട്രീമിൽ കണ്ടിരുന്നു. അത് പൊങ്ങി വരുമ്പോഴൊക്കെ സ്ക്രോൾ ചെയ്ത് വിടാറാണ് പതിവ്. ഗോ രക്ഷകരുടെ അതിക്രമങ്ങളുടെ വീഢിയൊ വരുമ്പഴും ഓടിച്ചു വിടും. ഇന്നലെ ധൈര്യം സംഭരിച്ച് വീഢിയൊ കണ്ടു. ഇന്നലെ ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുൻപാണ് കണ്ടത്. വേണ്ടീരുന്നില്ല എന്ന് തോന്നി. രണ്ട് പോലീസ്കാർ തൂക്കി പിടിച്ചിരിക്കുന്ന വ്യക്തിയുടെ നട്ടെല്ലിൻറെ താഴെയുള്ള ആ അടി മനസ്സിൽ നിന്ന് മാഞ്ഞ് പോയില്ല. ബ്രൂട്ടൽ !!

പോലീസ് കാരോട് ബഹുമാനമേ ഉള്ളു. മറിച്ചൊരു അഭിപ്രായം ആർക്കെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു കാര്യം ഞാൻ പറയാം. നട്ടപ്ര വെയിലുള്ള ദിവസം വെറുതെ ടൌണിലേയ്‌‌ക്ക് ഇറങ്ങുക. ട്രാഫിക് ഡ്യുട്ടി ചെയ്യുന്ന ഒരു പോലീസുകാരനെ നിരീക്ഷിക്കുക. വേണേൽ ചൂടിൽ നിന്ന് രക്ഷപെടാൻ എ.സി യുള്ള ജ്യുസ് കടയിൽ കയറി ഇരുന്നോളു. എന്നിട്ട് മുന്തിരി ജ്യുസും കുടിച്ചിരുന്ന് ഈ പാവങ്ങൾ പണി ചെയ്യുന്നത് കാണുക. ജനാധിപത്യത്തിലെ ഒരു പോലീസ് എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് കാണാം.

ജനാധിപത്യത്തിൽ പോലീസിൻറെ റോൾ നീതി വിതരണമാണ്. നീതി നിർവ്വഹണമല്ല. ജനങ്ങൾക്ക് നീതി ന്യായമായി വീതിച്ചു കൊടുക്കുക എന്നതാണ് പോലീസിൻറെ ചുമതല. പല ജനാധിപത്യ രാജ്യങ്ങളിലും പോലീസിലെ എക്സിക്യുട്ടീവുകൾ ജനപ്രതിനിധികളാണ്. അമേരിക്കയിലെയും, ബ്രിട്ടനിലെയും ഷെരിഫ് മാർ ഉദാഹരണം. നമ്മുടെ എസ്.പി, പോലീസ് കമ്മീഷ്ണർമാർ ഒക്കെ ജനങ്ങൾ തിരഞ്ഞെടുക്കുന്നവരാണ്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവൻ അതെ കമ്യൂണിറ്റിയിൽ നിന്നായിരിക്കും. അതിനാൽ അവർക്ക് സ്വന്തം അയൽക്കാരനെ വായുവിൽ തൂക്കി നിർത്തി ചന്തിക്ക് അടിക്കാൻ കൈ പൊങ്ങില്ല. ഷെരീഫ് മാരല്ലാതെ ടൌണ് പോലീസും ഉണ്ട്. അവരെ നിയമിക്കുന്നതും കൌണ്ടിയാണ് (നമ്മുടെ പഞ്ചായത്). അവർക്കുള്ള വേതനവും മറ്റും നിശ്ചയിക്കുന്നതും ഈ ജനപ്രതിനിധികൾ അടങ്ങുന്ന പഞ്വായത്താണ്. ജനാധിപത്യ രീതിയിൽ പോലീസ് സേനയെ വാർത്തെടുക്കണ്ടത് ജനാധിപത്യത്തിൻറെ ആവശ്യമാണെന്നാണ് പറഞ്ഞ് വന്നത്. ആ വീഢിയോയിൽ ഒരു അപ്പനെയും മക്കളെയും സ്വന്തം കരവലയത്തിൽ സംരക്ഷിച്ചു കൊണ്ട് പോകുന്ന സി.ഐ യെ കാണാം. അതാണ് പോലീസിലെ ജനാധിപത്യ മുഖം.

നീതി നിർവ്വഹണത്തിന് പട്ടാളം മതിയല്ലൊ. പോലീസിൻറെ ആവശ്യമില്ല. ഒരു ജനാധിപത്യ രാജ്യവും സ്വന്തം പ്രജകളുടെ നേരെ പട്ടാളത്തെ ഉപയോഗിക്കില്ല എന്ന തത്വത്തിൽ നിന്നാണ് പോലീസ് സേന ഉണ്ടാകുന്നത് തന്നെ. അവരും പട്ടാളത്തെ പോലെ പെരുമാറി തുടങ്ങിയാൽ പിന്നെ പോലീസിനു പ്രസക്തിയില്ലല്ലൊ. രാജ്യം പോലീസ് സ്‌‌റ്റേറ്റ് ആയി മാറാൻ അധികം താമസമില്ല.

ഇതിനൊരു മറുവശം പോലീസിൽ രാഷ്ട്രീയ ഇടപെടൽ പാടില്ല എന്ന ന്യായമാണ്. പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ തൊട്ട് എന്തൊ ഈ ഉപദേശം മനസ്സിലേയ്‌‌ക്ക് ഏറ്റെടുത്ത പോലാണ്. യതീഷ് ചന്ദ്രൻമ്മാർ ഉണ്ടാകുന്നത് പോലീസ് സേന അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം കൊണ്ടാണ്. പോലീസ് എന്നാൽ ജനപ്രതിനിധികളുടെ ഇടപെടൽ ആവശ്യമായ ജനാധിപത്യത്തിലെ എക്സിക്യുട്ടീവിൻറെ ഭാഗമാണ്. റവന്യു/സിവിൽ നിയമങ്ങളിൽ ജനപ്രതിനിധികൾ ഇടപെടുന്ന പോലെ പോലീസിലും ഈ ജനപ്രാതിനിധ്യം പ്രകടമാകണം. അവരെ അഴിച്ചു വിടാൻ പാടില്ല.

യതിഷ് ചന്ദ്രൻ ഈസ് എ സിക് ഗൈ. ബുള്ളി ചെയ്യപ്പെട്ട ഒരു ബാല്യമായിരിക്കും അയാളുടേത്. അതിൻറെ ചൊരുക്ക് തീർക്കുന്ന ഒരു മാനസിക രോഗിയാണ് ഇവൻ. പോലീസിൽ ചേർന്നില്ലെങ്കിൽ ഗോ രക്ഷ സേനയ്‌‌ക്ക് ഒരു മുതൽ കൂട്ടായെനെ. കൂളിങ് ഗ്ലാസ്സിന് പകരം ഒരു കാവി തോർത്തും, വായിൽ ഇട്ടിരിക്കുന്ന പുകലയും മാത്രമേ ഇവന് വത്യസ്തനാക്കുന്നുള്ളു. ഭീരുക്കളാണിവർ. ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിക്കുന്നവനാണ് ഗോ രക്ഷകൻ. അവൻറെ കാക്കിയിട്ട ഒരു രൂപം മാത്രമാണ് യതീഷ് ചന്ദ്രൻ. ഇവന് പറ്റിയൊരു പോസ്‌‌റ്റുണ്ട്. ഒഫീഷ്യൽ ലാങ്വേജസ് ൻറെ സെക്രട്ടറി. ശ്രേഷ്ഠ ഭാഷ ഡിപ്പാർട്‌‌മെൻറ്. അവിടെ സെക്രട്ടറിയാക്കി ഒരു പത്തു കൊല്ലം അങ്ങ് ഇരുത്തണം. പൊതു ജനവുമായി ഒരു സമ്പർക്കവുമില്ലാത്ത ഈ പോസ്‌‌റ്റ് മാത്രമേ ഈ ചെറ്റയ്‌‌ക്ക് ഉതകൂ.
Wait while more posts are being loaded