ഗുരുത്വതരംഗ ഗവേഷണം ഇന്ത്യയിലെത്തുമ്പോള്‍

ഭൗതികശാസ്ത്രത്തില്‍ ഗുരുത്വതരംഗമാണ് ഇപ്പോള്‍ താരം. ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നുപോയത് അടുത്തയിടെ ഗവേഷകര്‍ മൂന്നാംതവണയും രേഖപ്പെടുത്തി. ഇതോടെ ഒരുകാര്യം വ്യക്തമായി, 'ഗ്രാവിറ്റേഷണല്‍ അസ്‌ട്രോണമി' എന്ന പുതിയൊരു പഠനമേഖലയിലേക്ക് ചുവടുവെക്കുകയാണ് ശാസ്ത്രലോകം. ഈ പുതിയ മേഖലയില്‍ ഇന്ത്യന്‍ ഗവേഷകരും പ്രധാന പങ്ക് വഹിക്കും.

1915ല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഗുരുത്വതരംഗങ്ങള്‍ പ്രവചിച്ചത്. ഗാലക്‌സികള്‍ തമ്മില്‍ കൂട്ടിയിടിക്കുക, തമോഗര്‍ത്തങ്ങള്‍ പരസ്പരം നിഗ്രഹിച്ച് ഒന്നാവുക, ന്യൂട്രോണ്‍ താരങ്ങള്‍ കൂട്ടിമുട്ടുക തുടങ്ങിയ അത്യന്തം പ്രക്ഷുബ്ധമായ പ്രാപഞ്ചികസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനങ്ങള്‍, സ്ഥലകാല ജ്യാമിതിയില്‍ ഓളങ്ങളായി പ്രകാശവേഗത്തില്‍ സഞ്ചരിക്കുമെന്ന് ഐന്‍സ്റ്റൈന്‍ പ്രവചിച്ചു. അതാണ് ഗുരുത്വതരംഗങ്ങള്‍ (Gravitational waves ).

ഒരു നൂറ്റാണ്ടിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റം വേണ്ടിവന്നു, ഐന്‍സ്‌റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താന്‍! 1994 ല്‍ അമേരിക്കയില്‍ ആരംഭിച്ച 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍-വേവ് ഒബ്‌സര്‍വേറ്ററി' (LIGO) ആദ്യമായി ഗുരുത്വതരംഗങ്ങളെ തിരിച്ചറിഞ്ഞ കാര്യം 2016 ഫെബ്രുവരി 11 ന് ലോകമറിഞ്ഞു. ഭൂമിയില്‍ നിന്ന് 290 കോടി പ്രകാശവര്‍ഷമകലെ രണ്ട് തമോഗര്‍ത്തങ്ങള്‍ അത്യന്തം സംഘര്‍ഷഭരിതമായി കൂടിച്ചേര്‍ന്നപ്പോഴുണ്ടായ ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നുപോയ കാര്യം 'ലിഗോ' രേഖപ്പെടുത്തുകയായിരുന്നു. ആയിരത്തോളം ഗവേഷകരുടെ പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമമാണ് ഫലം കണ്ടത്. പിന്നീട് രണ്ടുതവണ കൂടി ഗുരുത്വതരംഗങ്ങള്‍ കടന്നുപോയത് ലിഗോ രേഖപ്പെടുത്തി.

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ലിഗോ പദ്ധതിയില്‍ നിലവില്‍ രണ്ട് നിരീക്ഷണകേന്ദ്രങ്ങളാണുള്ളത്-അമേരിക്കയില്‍ പടിഞ്ഞാറന്‍ വാഷിങ്ടണിലെ ഹാന്‍ഫോഡിലും, ലൂസിയാനയിലെ ലിവിങ്ടണിലും സ്ഥാപിച്ചിട്ടുള്ളവ. ലിഗോയുടെ മൂന്നാമത്തെ നിരീക്ഷണകേന്ദ്രം വരുന്നത് ഇന്ത്യയിലാണ്. ഭൂഗോളത്തിന്റെ മറുഭാഗത്ത് മൂന്നാം പരീക്ഷണശാല വരുന്നതോടെ, ഓരോ തവണ ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നു പോകുമ്പോഴും മൂന്ന് നിരീക്ഷണം വീതം ലിഗോയ്ക്ക് സാധ്യമാകും. 'ഗ്രാവിറ്റേഷണല്‍ അസ്‌ട്രോണമി' (Gravitational Astronomy) എന്ന പുത്തന്‍ പഠനമേഖലയില്‍ ലോകോത്തര ഗവേഷണം നടത്താനുള്ള സുവര്‍ണാവസരമാണ് 'ലിഗോ-ഇന്ത്യ' വഴി ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന് ലഭിക്കുന്നത്.

ഗുരുത്വതരംഗ പഠനരംഗത്തുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ കൂട്ടായ്മയായ 'ഇന്‍ഡിഗോ' (INDIGO) ആണ് 'ലിഗോ-ഇന്ത്യ' പദ്ധതിയില്‍ സഹകരിക്കുന്നത്. ഗാന്ധിനഗറിലെ 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ച്' (IPR), പൂണെയിലെ 'ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്' (IUCAA), ഇന്‍ഡോറിലെ 'രാജ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി' (RRCAT) എന്നീ സ്ഥാപനങ്ങള്‍ ലിഗോ-ഇന്ത്യ പദ്ധതിയില്‍ സഹകരിക്കും.

ലിഗോയുടെ ഇന്ത്യന്‍ പരീക്ഷണശാലയ്ക്ക് 2016 ഫെബ്രുവരി 17 ന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതിനായുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും അമേരിക്കയും 2016 മാര്‍ച്ച് 31 ന് ഒപ്പിട്ടു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍ പെട്ട ഔന്‍ധിലാണ് ലിഗോ-ഇന്ത്യ പദ്ധതി വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലേഖനം പൂര്‍ണരൂപത്തില്‍ ഇവിടെ: https://goo.gl/DMWyY5

#Ligo #gravitationalwaves

Photo
Shared publiclyView activity