'ഇപ്പോൾ തന്നെ ഭാവിയിലേയ്‌‌ക്ക് ഒരു പ്രവചനം നടത്താനും ഞാൻ തയ്യാറാണ്. 2024 ലെ ഇലക്ഷനിൽ യോഗി ആദിത്യാനന്ദ ആയിരിക്കും ഇൻഡ്യൻ പ്രധാനമന്ത്രി'
യോഗി ആദിത്യനാഥ് = മോഹൻലാൽ - വിനായകൻ

1960 കൾ. രണ്ടാം ലൊകമഹായുദ്ധത്തിലെ യുദ്ധ കുറ്റവാളികളുടെ വിചാരണ നടക്കുന്ന സമയം. അതിൽ കേണൽ അഡോൾഫ് എയ്കമാൻറെ വിചാരണ ലോക മാദ്ധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ച ഒന്നാണ്. ഹോളോകോസ്‌‌റ്റിൻറെ സൂത്രധാരൻ എന്ന പേരിൽ കുപ്രസദ്ധി ആർജ്ജിച്ച എയ്‌‌ക്മാൻ ജറുസലേമിലാണ് വിചാരണ നേരിട്ടത്. എയ്‌‌ക്മാൻറെ വാദം; അദ്ദേഹം മുകളിൽ നിന്നുള്ള ഉത്തരുവുകൾ അനുസരിക്കുക മാത്രമേ ചെയ്തുള്ളു എന്നതാണ്. മറ്റു യുദ്ധകുറ്റവാളികളുടെയും വാദങ്ങളും ഇത് തന്നെയായിരുന്നു.

മൈലുകൾ അകലെ, ഇങ്ങ് കണക്ടിക്കറ്റിലെ യെയിൽ യൂണിവേഴ്‌‌സിറ്റിയിലെ പ്രഫസർ സ്‌‌റ്റാൻലി മിൽഗ്രിമിനെ ഈ വാദങ്ങൾ ആകർഷിച്ചു. മറ്റുള്ളവരുടെ ആജ്ഞയ്‌‌ക്ക് ഒരു മനുഷ്യൻറെ സ്വതന്ത്ര മനസ്സിനെ സ്വാധീനിക്കാൻ കഴിയുമൊ എന്ന് മിൽഗ്രിം അത്ഭുതപ്പെട്ടു !!. ഇത് തെളിയിക്കാനായി അദ്ദേഹം ഒരു പരീക്ഷണം നടത്തി. 635 പേരെ പങ്കെടുപ്പിച്ചു നടത്തിയ പരീക്ഷണമാണ് മിൽഗ്രിം എക്സപിരിമെൻറ് എന്ന പേരിൽ പ്രസിദ്ധമായത്.

ഇതിലെ പരീക്ഷണാർത്ഥി ഒരു വളണ്ടിയറാണ്. അയാളാണ് പരീക്ഷണത്തിലെ ടീച്ചറുടെ റോൾ. വിദ്യാർത്ഥിയും, ടീച്ചറുടെ മേലധികാരിയുടെ വേഷം ഇടുന്ന എകസ്പിരിമെൻററും (അതോറിറ്റി ഫിഗർ) മിൽഗ്രിം ഏർപ്പാടാക്കിയ നടൻമ്മാരാണ്. പരീക്ഷണം ഇത്രയേ ഉള്ളു. വിദ്യാർത്ഥിയെ ഒരു ഇലക്ട്രിക് ചെയറിൽ കെട്ടിയിടും. വിദ്യാർത്ഥിയ്‌‌ക്ക് ഹൄദസ്ഥമാക്കാൻ ചില പദ ദ്വയങ്ങൾ (Word pairs) നൽകും. ടീച്ചർ പദം ചോദിക്കുമ്പോൾ വിദ്യാർത്ഥി അതിനെതിരെ കുറിച്ച പദം ഉത്തരമായി പറയണം. തെറ്റിയാൽ ടീച്ചർ ഒരു സ്വിച് അമർത്തും. വിദ്യാർത്ഥിക്ക് ഷോക്കടിക്കും. ഒരോ തെറ്റിനും 15v വീതം കൂട്ടും. അങ്ങനെ മാക്സിമം 450v വരെ പോകും.

ഈ ഇലക്ട്രിക് കസേര ഒറിജിനലല്ല. പക്ഷെ വളണ്ടിയറായ ടീച്ചറെ ആദ്യം കസേരയുടെ പ്രവർത്തനം വിവരിച്ചു കൊടുക്കുന്ന സമയത്ത് ഒരു ചെറിയ ഷോക് അടുപ്പിക്കും. ടീച്ചർക്ക് കസേര ഒറിജനലാണെന്ന് ബോദ്ധ്യപ്പെടാൻ. അതിനു ശേഷം വിദ്യാർതഥിയെ (നടൻ) കസേരയിൽ ബന്ധിക്കും. ടീച്ചറും (വളണ്ടിയർ), എക്സപിരിമെൻററും (നടൻ) വേറൊരു മുറിയിലേയ്‌‌ക്ക് പോകും. ടീച്ചർക്ക് വിദ്യാർത്ഥിയെ കാണാൻ സാധിക്കില്ല. പക്ഷെ മറ്റെ മുറിയിൽ നിന്നുള്ള ശബ്ദങ്ങൾ കേൾക്കാം. ഒരോ തെറ്റിനും 15 വോൾട്ട് ഇൻക്രിമെൻറിലുള്ള സ്വിച്ചുകളും സ്ഥാപിച്ചിട്ടുണ്ട്. ടീച്ചർ ചോദ്യം ചോദിച്ചാൽ വിദ്യാർത്ഥി (നടൻ) മനപ്പൂർവ്വം തെറ്റിക്കും. ടീച്ചർ ഷോക് നൽകും. അഥവാ ടീച്ചർ ഷോക് നൽകാൻ വിസ്സമ്മതിച്ചാൽ എക്സപിരിമെൻറർ (നടൻ, അതോറിറ്റി ഫിഗർ) ടീച്ചർ ഷോക് നൽകിയെ പറ്റു എന്ന് വ്യക്തമായും ശക്തമായ ഭാഷയിലും ഓർമ്മിപ്പിക്കും.
ഈ പരീക്ഷണത്തിൻറെ റിസൾട് മിൽഗ്രിമിനെ ഞെട്ടിച്ചു. 65% പേരും 450v വരെ ഷോക് നൽകാൻ വിമുഖത കാണിച്ചില്ല. അതോറിറ്റി ഫിഗർ ആയ എക്സപിരിമെൻററുടെ ആജ്ഞയ്‌‌ക്ക് അനുസൄതമായി ഭൂരിപക്ഷം പേരും മറ്റൊരു സഹ ജീവിയെ ദ്രോഹിക്കാൻ വൈമനസ്യം കാണിച്ചില്ല.

സോഷ്യൽ സൈക്കോളജിയിലെ ഒരു വഴിത്തിരുവായിരുന്നു മിൽഗ്രിമിൻറെ പരീക്ഷണം.

ഈ പരീക്ഷണത്തിൻറെ വിവിധ വേരിയേഷനുകൾ കഴിഞ്ഞ 60 കൊല്ലത്തിൽ പലരും നടത്തി. എല്ലാപ്പഴും റിസൾട്ടുകൾ ഒരേ പോലെ. ഈ പരീക്ഷണത്തിൻറെ വെളിച്ചത്തിൽ ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയാം. മനുഷ്യൻ ഒരു അതോറിറ്റി ഫിഗറിൽ നിന്ന് ആജ്ഞ സ്വീകരിക്കുമ്പോൾ സഹജീവികളോട് യാതൊരു അനുകമ്പയും പ്രകടിപ്പിക്കില്ല.

ഈ പരീക്ഷണം ടോട്ടലിറ്റേറിയൻ സ്‌‌റ്റേറ്റിലെ മനുഷ്യരുടെ മനോഗതികൾ പഠിക്കാനുള്ള ഒരു ടൂളായി സോഷ്യൽ സയിൻറിസ്റ്റുകൾ ഉപയോഗിച്ചു. ഇവിടങ്ങളിലെ ജനങ്ങൾ ആജ്ഞകൾ അനുസരിക്കാൻ വെമ്പുന്ന കൂട്ടർ മാത്രമല്ല, അധികാരികൾ ആവശ്യപ്പെടാതെ തന്നെ അനുസരണ പ്രകടിപ്പിക്കാൻ തയ്യാറാകും. ഈസ്‌‌റ്റ് ജർമ്മനിയിലെ കമ്യൂണിസ്‌‌റ്റ് ഭരണത്തിലും, ഗൾഫിലെ രാജ വാഴ്ചയുള്ള ജനവിഭാഗങ്ങളിലും ഇത്തരം ശീലം പ്രകടമാണ്. അധികാരികൾ ആവശ്യപ്പെടാതെ അവരാഗ്രഹിക്കുന്നത് നൽകാൻ വെമ്പുന്ന ഈ പ്രവണതയെ ആണ് Pre-emptive obediance എന്ന് വിളിക്കുന്നത്.

യു.പി ഇലക്ഷൻ റിസൾട്ടും ഈ Pre-emptive obediance ലേയ്‌‌ക്ക് വീണു പോയ ജനത്തിൻറെ വികാരമായെ കാണാൻ പറ്റു. ഇലക്ഷനിൽ ബി.ജെ.പി അവലംബിച്ച തന്ത്രം FUD എന്ന് വിളിക്കും. Fear, Uncertainity, Death. മാർക്കെറ്റിങ്ങിലെ ഏറ്റവും എളുപ്പമുള്ള സങ്കേതമാണ് FUD. ഇൻഡ്യയിൽ 80% വരുന്ന മജോറിറ്റി ഹിന്ദുക്കളെ തങ്ങൾ രാജ്യത്ത് യതാർത്ഥത്തിൽ മൈനോരിറ്റിയാണെന്ന് ധരിപ്പിക്കുകയാണ് Fear വഴി സാധിച്ചത്. പത്തൊ-അമ്പതൊ കൊല്ലത്തിനു ശേഷം ഇൻഡ്യ മുസ്ലീം രാജ്യമായി മാറുമെന്ന് പറഞ്ഞ് ഫലിപ്പിച്ചതിലൂടെ Uncertainity യും ഉണ്ടാക്കി. ജിഹാദികൾ നിങ്ങളെ കൊല്ലാൻ വരുന്നു എന്ന് ധരിപ്പിച്ചതോടെ Death എന്ന വികാരവും മുതലെടുക്കാൻ പറ്റി. അങ്ങനെ FUD ൻറെ അനന്ത സാദ്ധ്യതകളെ ബി.ജെ.പി യു.പിയിൽ ചൂഷണം ചെയ്തു. ഇതിലെ രസം FUD എന്നത് ഹിന്ദുക്കൾക്ക് മാത്രമല്ല, മുസ്ലീം സമുദായത്തിലേയ്‌‌ക്കും പടർന്നു. ഇവരെ തിരഞ്ഞെടുക്കുന്നതാണ് തങ്ങൾക്കും നല്ലതെന്ന് അവർക്കും തോന്നി. അവരിലും പ്രവർത്തിച്ചത് ഈ FUD ൻറെ പ്രതിഫലനമാണ്. ദിയോബന്ദ് പോലെ 70% മുസ്ലീങ്ങളുള്ള നിയോജകമണ്ഠലത്തിലും ബി.ജെ.പി ജയിച്ചു എന്നത് FUD ൻറെ ഇഫക്ടീവ്നസ്സിൻറെ ദൄഷ്ടാന്തമാണ്. അധികാരമില്ലാത്ത ബി.ജെ.പിയാണ് അവർക്ക് അപകടം എന്ന് അവർക്ക് മനസ്സിലാവുന്നുണ്ട്. അതിനാൽ മനുഷ്യ സഹജമായ Pre-emptive obedience അവർ കാണിച്ചു. ബി.ജെ.പി ജയിച്ചു കയറി.

ഇത് വളരെ നാളത്തെ ഒരു സോഷ്യൽ എഞ്ചിനീറിങ്ങിലൂടെ ബി.ജെ.പി കൈവരിച്ച നേട്ടമാണ്. 1998 ൽ പൊഖ്രാൻ സ്ഫോടനത്തിനു ശേഷം നടന്ന ഇലക്ഷൻ ഓർക്കുക. നിലവിലുള്ള ബി.ജെ.പി സർക്കാരുകൾക്ക് ഭരണം നഷ്ടപ്പെട്ട വർഷമാണ്. എല്ലാ അനുകൂല ഘടകങ്ങളുണ്ടായിട്ടും ബി.ജെ.പി തോറ്റത് ഒറ്റ കാരണം കൊണ്ടാണ്. ഉള്ളി വില. ഉള്ളി വില മാത്രമാണ് ആ ഇലക്ഷൻറെ റിസൾട്ടിൽ പ്രതിഫലിച്ചത്. ജനങ്ങൾക്ക് ആലോചിക്കാൻ കഴിവില്ലെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. പക്ഷെ 2017 ൽ ഡീമോണിറ്റൈസേഷൻറെ ബുദ്ധിമുട്ടുകൾ, വിലവർദ്ധന ഒന്നും ഇലക്ഷനിൽ പ്രതിഫലിച്ചില്ല. അതിനർത്ഥം ജനങ്ങൾ Pre-emptive obedience ന് സജ്ജരാക്കുന്ന രീതിയിലുള്ള സോഷ്യൽ എഞ്ചിനീറിംഗ് ഫലിച്ചു എന്നർത്ഥം.

Pre emptive obedience ൻറെ ഉദാഹരണം തേടി യു.പി വരെ പോകണ്ട. മോഹൻലാലിൻറെ അടുത്ത കാലത്തെ നിലപാടുകൾ ശ്രദ്ധിച്ചാൽ മതി. മോഹൻലാൽ എന്ന വ്യക്തി ഒരു സംഘ പരിവാർ ആരാധകനാണെന്ന് തോന്നുന്നില്ല. പക്ഷെ അദ്ദേഹം ഒരു ടോട്ടലിറ്റേറിയൻ ഗവണ്മെൻറിലെ പ്രജകളിൽ സ്വതസിദ്ധമായി കണ്ടു വരുന്ന Pre-emptive obedience കാണിച്ചു തുടങ്ങി എന്നേ ഉള്ളു. മോഹൻലാൽ ഒരു വ്യക്തി അല്ല. ഒട്ടുമിക്ക മദ്ധ്യ-ഉപരിവർഗ്ഗ ശ്രേണിയിലെ പ്രജകളിലും ഈ അനുസരിക്കാൻ വെമ്പൽ കൊള്ളുന്ന ആൾക്കാരെ കാണാം. ഇവിടെയാണ് വിനായകൻറെ പ്രസക്തി. വിനായകൻറെ ഇൻറർവ്യുവിൽ മുഴച്ച് നിന്നത് അനുസരണക്കേടാണ്. സ്‌‌റ്റാറ്റസ് ക്വോയോടുള്ള ബഹുമാനമില്ലായ്‌‌മയാണ് നമ്മൾ കേട്ടത്.

സമൂഹത്തിൽ വിനായകൻമ്മാർ കുറയുന്നതും മോഹൻലാൽമാർ കൂടുന്നതുമാണ് ടോട്ടലിറ്റേറിയൻ സ്‌‌റ്റേറ്റിൻറെ ആദ്യ ലക്ഷണം. അവിടങ്ങളിലാണ് യോഗി ആദിത്യാനന്ദയെ പോലുള്ളവർക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്ന അവസ്ഥ വരുന്നത്. ഇപ്പോൾ തന്നെ ഭാവിയിലേയ്‌‌ക്ക് ഒരു പ്രവചനം നടത്താനും ഞാൻ തയ്യാറാണ്. 2024 ലെ ഇലക്ഷനിൽ യോഗി ആദിത്യാനന്ദ ആയിരിക്കും ഇൻഡ്യൻ പ്രധാനമന്ത്രി. ഇതൊരു അതിശയോക്തി അല്ല. യാതാർത്ഥ്യമാണ്. 
Shared publiclyView activity