ചായാമന്‍സയെന്ന മെക്‌സിക്കന്‍ ഇലക്കറി ഉപയോഗിച്ച നാള്‍ മുതല്‍ ഞാനതിന്റെ ഫാനാണ്. അതിന് പല കാരണങ്ങളുണ്ട് -

1. കേരളത്തിലെ കാലാവസ്ഥയില്‍, കഠിനമായ വേനലില്‍ പോലും വളരാനുള്ള ആ ചെടിയുടെ കഴിവ്.

2. മറ്റ് ഇലക്കറികളെല്ലാം, രണ്ടോമൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ മാത്രം വിളവ് നല്‍കുന്നവയാണെങ്കില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും വിളവ് നല്‍കാനുള്ള ചായാമന്‍സയുടെ ശേഷി.

4. മറ്റ് ഏത് ഇലക്കറികളെക്കാളും മികച്ച സ്വാദ്, പോഷകഗുണങ്ങള്‍.

5. കീടങ്ങള്‍ ആക്രമിക്കില്ല എന്ന പ്രത്യേകത. അതുകൊണ്ട് കീടനാശിനി ഉപയോഗിക്കാത്ത ഇലക്കറി ഉപയോഗിക്കാം. (ലേശം ഹൈഡ്രോ സൈനയ്ഡ് ഉള്ളതാണ് ഇതിന് കാരണം. അതുകൊണ്ട് കുറഞ്ഞത് 10 മിനുറ്റെങ്കിലും വേവിക്കാതെ ചായാമന്‍സ കഴിക്കാന്‍ പാടില്ല).

എനിക്ക് അഡ്വ.ആര്‍.സജു നല്‍കിയ കമ്പുകള്‍ നട്ട് വളര്‍ന്ന ശേഷം, അതില്‍നിന്ന് കഴിയുന്നത്ര പേര്‍ക്ക് നടാനുള്ള കമ്പുകള്‍ ഞാന്‍ നല്‍കി. കോഴിക്കോട് മാതൃഭൂമി നഗരം പേജില്‍ ചായാമന്‍സയെപ്പറ്റി ഞാനെഴുതിയ കോളം ഒട്ടേറെപ്പേരെ ആ ഇലക്കറിയിലേക്ക് ആകര്‍ഷിച്ചു.

ഓഫീസിലെ കോഴിക്കോട്ടുകാരിയ ഒരു കക്ഷി എന്റെ കൈയില്‍ നിന്ന് നടാനുള്ള കമ്പ് കൊണ്ടുപോയിട്ട്, പിറ്റേദിവസം കണ്ടപ്പോള്‍ സന്തോഷത്തോടെ അറിയിച്ചു -

'ഞാനത് ഇന്നലെ തന്നെ കുഴിച്ചിട്ടു, കേട്ടോ'.

'ങേ, കുഴിച്ചിട്ടോ...അതെന്തിന്. നടാനല്ലേ കൊണ്ടുപോയത്'.

'അതിന് തന്നെയാ ഞങ്ങള്‍ കുഴിച്ചിടുന്നത്'.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ട് എത്തി താമസം തുടങ്ങിയ കാലത്ത് അടുത്തുള്ള പച്ചക്കറിക്കടയില്‍ പോയ കാര്യം ഞാനോര്‍ത്തു. ലൂസി തന്ന ലിസ്റ്റ് നോക്കി ഓരോന്നോരോന്നായി വാങ്ങുന്നതിനിടെ ഒരാളത്തി പച്ചക്കറി പീഠികക്കാരനോട് ഇങ്ങനെ പറഞ്ഞു: 'അര കിലോ ആണി'.

പച്ചക്കറിക്കടയില്‍ വന്നാണോ ആണി ചോദിക്കുന്നത് എന്ന് എനിക്ക് അല്‍ഭുതപ്പെടാന്‍ പോലും അവസരം നല്‍കാതെ, കടക്കാരന്‍ അരക്കിലോ ഞാലിപ്പൂവന്‍ പഴം തൂക്കി പൊതിഞ്ഞ് ആണി ചോദിച്ചയാള്‍ക്ക് നല്‍കി.

വിശ്വാസം വരാതെ ഞാന്‍ കടക്കാരനോട് ആ ഞാലിപ്പൂവന്‍ പഴക്കുലയെ ചൂണ്ടി ചോദിച്ചു: 'ഇതന്താ'.

എന്നെ അല്‍പ്പനേരം നോക്കിയിട്ട് കടക്കാരന്‍ പറഞ്ഞു; 'ആണിപ്പൂവന്‍!'

അന്ന് തീര്‍ന്ന ഭാഷാസംശയം ചായാമന്‍സ കുഴിച്ചിട്ടു എന്ന് കേട്ടപ്പോള്‍ വീണ്ടും ഉണര്‍ന്നു എന്നുമാത്രം.
Shared publiclyView activity