Profile cover photo
Profile photo
joseph antony
5,896 followers
5,896 followers
About
joseph antony's interests
View all
joseph antony's posts

ഹോളിവുഡ് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയ കാലംമുതല്‍ എനിക്ക് തോന്നിയിട്ടുള്ള സംഗതിയാണ് - ഹോളിവുഡില്‍ എത്ര വലിയ താരമാണെങ്കിലും, കഥാപാത്രമായാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുക. അഭിനയിക്കുകയാണെന്ന് കാണുന്നവര്‍ക്ക് തോന്നുകയേ ഇല്ല.

അതേസമയം, മലയാള സിനിമയില്‍ ഏത് വലിയ താരമാണെങ്കിലും 'അഭിനയം' പ്രകടമായിരിക്കും. നെടുങ്കന്‍ ഡയലോഗുകളും മാനറിസങ്ങളും ചേര്‍ന്ന് അഭിനയം നമ്മളെ അനുഭവിപ്പിക്കും.

---- ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ദൃക്‌സാക്ഷിയും തൊണ്ടിമുതലും' ഇന്ന് കണ്ടപ്പോഴുണ്ടായ തോന്നല്‍ ഇതാണ്. മേല്‍സൂചിപ്പിച്ച 'അഭിനയ' യുഗത്തില്‍ നിന്ന് മലയാള സിനിമ കരകയറാന്‍ തുടങ്ങിയിരിക്കുന്നു!

തീര്‍ച്ചയായും അഭിനന്ദനങ്ങള്‍!

(* ചിത്രം തുടങ്ങുമ്പോള്‍ നന്ദിയും കടപ്പാടും കാണിക്കുന്നിടത്ത് പ്രദര്‍ശിപ്പിച്ച ഒരു സംഗതി ശ്രദ്ധേയമായി തോന്നി....'പരസ്യകല: ഓള്‍ഡ് മങ്ക്‌സ്').
Post has attachment
കൂട്ടവംശനാശം 6.0

അമൂല്യമായ ഒരു നിധി നഷ്ടപ്പെട്ട തോന്നലാണ് 'സുവര്‍ണ തവള'യെക്കുറിച്ച് അറിയുമ്പോള്‍ മിക്കവര്‍ക്കും ഉണ്ടാവുക. ആഗോളതാപനം മൂലം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ആദ്യജീവിയെന്ന് ശാസ്ത്രലോകം വിധിയെഴുതിയ അതിനെക്കുറിച്ച് കുറ്റബോധത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. കോസ്റ്റാറിക്കയിലെ കോടക്കാടുകളില്‍ കഴിഞ്ഞിരുന്ന സുവര്‍ണ തവളയെ 1989 മെയ് 15ന് ശേഷം ആരും കണ്ടിട്ടില്ല. ആ ജീവി നേരിട്ട ദുര്‍വിധിയെപ്പറ്റി ഓസ്‌ട്രേലിയന്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ടിം ഫ്‌ളാനെറി ഇങ്ങനെ അഭിപ്രായപ്പെട്ടു: 'നമ്മുടെ കല്‍ക്കരി നിലയങ്ങളും കൊട്ടാരസമാനമായ കാറുകളുമുപയോഗിച്ചാണ് നമ്മള്‍ സുവര്‍ണ തവളയെ കൊന്നത്; അവ ജീവിച്ചിരുന്ന വനം ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് നിരത്തിയാലെന്നപോല!'

കഴിഞ്ഞയാഴ്ച പുറത്തുവന്ന ഒരു പഠനഫലം വായിക്കുമ്പോള്‍ സുവര്‍ണ തവള ( golden toad ) മനസിലെത്തും, അതുപോലെ മറ്റ് അനേകം ജീവിവര്‍ഗങ്ങള്‍ നേരിടുന്ന ഉന്‍മൂലന ഭീഷണിയും. സുവര്‍ണ തവളയെപ്പോലെ ചെറിയൊരു പ്രദേശത്ത് മാത്രമുള്ള അപൂര്‍വ്വ ജീവികള്‍ മാത്രമല്ല, നമ്മുക്ക് ചുറ്റുമുള്ള സാധാരണ ജീവിവര്‍ഗങ്ങളും വലിയ തോതില്‍ ഉന്‍മൂലന ഭീഷണി നേരിടുന്നു എന്നാണ്, മെക്‌സിക്കന്‍ ഗവേഷകനായ ജെരാര്‍ദോ സെബാലോസിന്റെ നേതൃത്വത്തില്‍ നടന്ന പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

ഭൂമുഖത്തെ ജീവിവര്‍ഗ്ഗങ്ങള്‍ 'ജൈവഉന്‍മൂലന'ത്തിന്റെ പിടിയിലാണെന്ന് പഠനം പറയുന്നു. അതുവഴി, കരുതിയതിലും വേഗത്തില്‍ 'ആറാമത്തെ കൂട്ടവംശനാശം' ( sixth mass extinction ) അരങ്ങേറുകയാണ്. ഭൂമിയില്‍ ഇതിനു മുമ്പ് അഞ്ച് പ്രാവശ്യം കൂട്ടവംശനാശം സംഭവിച്ചു എന്നാണ് കണക്കാക്കിയിട്ടുള്ളത്. അവയ്‌ക്കൊന്നുമില്ലാത്ത ഒരു സവിശേഷത ഇപ്പോഴത്തെ കൂട്ടവംശനാശത്തിനുണ്ട്. ഇതുവരെ ഉണ്ടായവയ്‌ക്കെല്ലാം കാരണം പ്രകൃതിയില്‍ സംഭവിച്ച മാറ്റങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതില്‍ മനുഷ്യനാണ് ഒന്നാംപ്രതി. ജനസംഖ്യാപെരുപ്പവും മനുഷ്യന്റെ അമിത ഉപഭോഗവുമാണ് മറ്റ് ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. ഇത് ആത്യന്തികമായി മനുഷ്യസംസ്‌കാരത്തിന് തന്നെയാണ് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് 'പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

പഠനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ ( IUCN ) പട്ടികയിലുള്ള 27,500 ജീവിവര്‍ഗങ്ങളുടെ വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. അവയില്‍ മൂന്നിലൊന്ന് ഭാഗം ജീവികളുടെയും ആവാസവ്യവസ്ഥ സമീപ പതിറ്റാണ്ടുകളില്‍ വന്‍തോതില്‍ ശോഷിച്ചതായി കണ്ടു. അപൂര്‍വ്വയിനങ്ങളുടെ മാത്രമല്ല, സാധരണ ജീവിവര്‍ഗങ്ങളുടെ അംഗസംഖ്യയില്‍ സംഭവിക്കുന്ന കുറവും ഗവേഷകര്‍ കണക്കിലെടുത്തു. ആവാസവ്യവസ്ഥകളുടെ നഷ്ടം മൂലം സാധാരണ ജീവിയിനങ്ങളുടെ അംഗസംഖ്യ വളരെ വേഗം ശോഷിച്ചുവരികയാണെന്ന് പഠനത്തില്‍ കണ്ടു. ആയിരക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളില്‍ മൂന്നിലൊന്നിന്റെയും അംഗസംഖ്യ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. ഇവയൊന്നും വംശനാശ ഭീഷണി നേരിടുന്നതായി പരിഗണിക്കാത്ത ഇനങ്ങളാണ്. സമീപകാലത്ത് അംഗസംഖ്യയില്‍ 50 ശതമാനം വരെ കുറവുണ്ടായ ജീവിവര്‍ഗ്ഗങ്ങളുമുണ്ട്.

സെബാലോസ് നല്‍കുന്ന ഒരു ഉദാഹരണം നോക്കുക: 'മെക്‌സിക്കോ സിറ്റിയില്‍ ഞങ്ങളുടെ വീട്ടില്‍ കുരുവികള്‍ എല്ലാ വര്‍ഷവും കൂടുകൂട്ടൂമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി കുരുവികളെ അവിടെ കാണാനില്ല'. വേറൊരു ഉദാഹരണം സിംഹങ്ങളുടേതാണ്. ആഫിക്കയിലും തെക്കന്‍ യൂറോപ്പിലും പശ്ചിമേഷ്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലുമാണ് സിംഹങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയുള്ളത്. ഈ മേഖലകളില്‍ സിംഹങ്ങളുടെ എണ്ണം വളരെയേറെ കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കരയിലെ സസ്തനികളില്‍ പകുതിയെണ്ണത്തിന്റെയും ആവാസവ്യവസ്ഥ 80 ശതമാനം വരെ നഷ്ടപ്പെട്ടു. സസ്തനികളും പക്ഷികളും ഉഭയജീവികളും വന്‍തോതില്‍ ഇത്തരത്തില്‍ നാശമടഞ്ഞു. കരുതിയതിലും വേഗത്തില്‍ 'ആറാമത്തെ കൂട്ടവംശനാശം' അരങ്ങേറുകയാണെന്ന നിഗമനത്തിലെത്താന്‍ ഇതാണ് ഗവേഷകരെ പ്രേരിപ്പിച്ചത്.

ലേഖനം പൂര്‍ണരൂപത്തില്‍ വായിക്കാന്‍: https://goo.gl/XyCq1B
#MassExtinction


Photo

Post has attachment
ഗുരുത്വതരംഗ ഗവേഷണം ഇന്ത്യയിലെത്തുമ്പോള്‍

ഭൗതികശാസ്ത്രത്തില്‍ ഗുരുത്വതരംഗമാണ് ഇപ്പോള്‍ താരം. ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നുപോയത് അടുത്തയിടെ ഗവേഷകര്‍ മൂന്നാംതവണയും രേഖപ്പെടുത്തി. ഇതോടെ ഒരുകാര്യം വ്യക്തമായി, 'ഗ്രാവിറ്റേഷണല്‍ അസ്‌ട്രോണമി' എന്ന പുതിയൊരു പഠനമേഖലയിലേക്ക് ചുവടുവെക്കുകയാണ് ശാസ്ത്രലോകം. ഈ പുതിയ മേഖലയില്‍ ഇന്ത്യന്‍ ഗവേഷകരും പ്രധാന പങ്ക് വഹിക്കും.

1915ല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഗുരുത്വതരംഗങ്ങള്‍ പ്രവചിച്ചത്. ഗാലക്‌സികള്‍ തമ്മില്‍ കൂട്ടിയിടിക്കുക, തമോഗര്‍ത്തങ്ങള്‍ പരസ്പരം നിഗ്രഹിച്ച് ഒന്നാവുക, ന്യൂട്രോണ്‍ താരങ്ങള്‍ കൂട്ടിമുട്ടുക തുടങ്ങിയ അത്യന്തം പ്രക്ഷുബ്ധമായ പ്രാപഞ്ചികസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനങ്ങള്‍, സ്ഥലകാല ജ്യാമിതിയില്‍ ഓളങ്ങളായി പ്രകാശവേഗത്തില്‍ സഞ്ചരിക്കുമെന്ന് ഐന്‍സ്റ്റൈന്‍ പ്രവചിച്ചു. അതാണ് ഗുരുത്വതരംഗങ്ങള്‍ (Gravitational waves ).

ഒരു നൂറ്റാണ്ടിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റം വേണ്ടിവന്നു, ഐന്‍സ്‌റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താന്‍! 1994 ല്‍ അമേരിക്കയില്‍ ആരംഭിച്ച 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍-വേവ് ഒബ്‌സര്‍വേറ്ററി' (LIGO) ആദ്യമായി ഗുരുത്വതരംഗങ്ങളെ തിരിച്ചറിഞ്ഞ കാര്യം 2016 ഫെബ്രുവരി 11 ന് ലോകമറിഞ്ഞു. ഭൂമിയില്‍ നിന്ന് 290 കോടി പ്രകാശവര്‍ഷമകലെ രണ്ട് തമോഗര്‍ത്തങ്ങള്‍ അത്യന്തം സംഘര്‍ഷഭരിതമായി കൂടിച്ചേര്‍ന്നപ്പോഴുണ്ടായ ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നുപോയ കാര്യം 'ലിഗോ' രേഖപ്പെടുത്തുകയായിരുന്നു. ആയിരത്തോളം ഗവേഷകരുടെ പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമമാണ് ഫലം കണ്ടത്. പിന്നീട് രണ്ടുതവണ കൂടി ഗുരുത്വതരംഗങ്ങള്‍ കടന്നുപോയത് ലിഗോ രേഖപ്പെടുത്തി.

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ലിഗോ പദ്ധതിയില്‍ നിലവില്‍ രണ്ട് നിരീക്ഷണകേന്ദ്രങ്ങളാണുള്ളത്-അമേരിക്കയില്‍ പടിഞ്ഞാറന്‍ വാഷിങ്ടണിലെ ഹാന്‍ഫോഡിലും, ലൂസിയാനയിലെ ലിവിങ്ടണിലും സ്ഥാപിച്ചിട്ടുള്ളവ. ലിഗോയുടെ മൂന്നാമത്തെ നിരീക്ഷണകേന്ദ്രം വരുന്നത് ഇന്ത്യയിലാണ്. ഭൂഗോളത്തിന്റെ മറുഭാഗത്ത് മൂന്നാം പരീക്ഷണശാല വരുന്നതോടെ, ഓരോ തവണ ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നു പോകുമ്പോഴും മൂന്ന് നിരീക്ഷണം വീതം ലിഗോയ്ക്ക് സാധ്യമാകും. 'ഗ്രാവിറ്റേഷണല്‍ അസ്‌ട്രോണമി' (Gravitational Astronomy) എന്ന പുത്തന്‍ പഠനമേഖലയില്‍ ലോകോത്തര ഗവേഷണം നടത്താനുള്ള സുവര്‍ണാവസരമാണ് 'ലിഗോ-ഇന്ത്യ' വഴി ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന് ലഭിക്കുന്നത്.

ഗുരുത്വതരംഗ പഠനരംഗത്തുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ കൂട്ടായ്മയായ 'ഇന്‍ഡിഗോ' (INDIGO) ആണ് 'ലിഗോ-ഇന്ത്യ' പദ്ധതിയില്‍ സഹകരിക്കുന്നത്. ഗാന്ധിനഗറിലെ 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ച്' (IPR), പൂണെയിലെ 'ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്' (IUCAA), ഇന്‍ഡോറിലെ 'രാജ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി' (RRCAT) എന്നീ സ്ഥാപനങ്ങള്‍ ലിഗോ-ഇന്ത്യ പദ്ധതിയില്‍ സഹകരിക്കും.

ലിഗോയുടെ ഇന്ത്യന്‍ പരീക്ഷണശാലയ്ക്ക് 2016 ഫെബ്രുവരി 17 ന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതിനായുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും അമേരിക്കയും 2016 മാര്‍ച്ച് 31 ന് ഒപ്പിട്ടു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍ പെട്ട ഔന്‍ധിലാണ് ലിഗോ-ഇന്ത്യ പദ്ധതി വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലേഖനം പൂര്‍ണരൂപത്തില്‍ ഇവിടെ: https://goo.gl/DMWyY5

#Ligo #gravitationalwaves


Photo

Post has attachment
തലച്ചോറിന്റെ കര്‍മപദ്ധതിയിലെ ഊടുവഴികള്‍

ഇന്ത്യന്‍ നരവംശശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട്ടുകാരനായ എല്‍.കെ.അനന്തകൃഷ്ണയ്യര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ രണ്ട് വോള്യങ്ങളായി ഒരു പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു-'ദി കൊച്ചിന്‍ ട്രൈബ്‌സ് ആന്‍ഡ് കാസ്റ്റ്‌സ്'. കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ സാംസ്‌കാരിക പരിസരങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പരിണാമത്തെക്കുറിച്ചും അര്‍പ്പണബുദ്ധിയോടെ വര്‍ഷങ്ങളോളം നേരിട്ട് നടത്തിയ വിവിരശേഖരണത്തിന്റെയും പഠനത്തിന്റെയും ഫലമായിരുന്നു ആ ഗ്രന്ഥം. ജാതിവ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന ശ്രേണിയിലുള്ള കാടര്‍, പറയര്‍, പുലയര്‍ മുതല്‍ ഉയര്‍ന്ന ജാതിക്കാരായ ക്ഷത്രിയരും നമ്പൂതിരിയും വരെ ആ ഗ്രന്ഥത്തില്‍ ഇടംനേടി. പരസ്പരം അത്രയൊന്നും മനസിലാക്കാനാവാതെ, ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവിലും തീണ്ടാപ്പാടകലങ്ങളുടെ കുരുക്കിലും കാലങ്ങളായി അകപ്പെട്ട് കിടന്ന കേരളീയര്‍ക്ക്, പരസ്പരം തിരിച്ചറിയാനുള്ള ആധികാരിക മാര്‍ഗമായി മാറി അനന്തകൃഷ്ണയ്യരുടെ ഗ്രന്ഥം.

ഇപ്പോള്‍ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ അന്ന് അനന്തകൃഷ്ണയ്യര്‍ നടത്തിയ അന്വേഷണത്തെ മറ്റൊരു രൂപത്തില്‍ മുന്നോട്ടുനയിക്കുകയാണ് ശാസ്‌ത്രോലോകം. കാടുംമേടും കയറി ആളുകളെ നേരിട്ടുകണ്ടുള്ള വിവരശേഖരണവും പര്യവേക്ഷണങ്ങളുമാണ് അനന്തകൃഷ്ണയ്യര്‍ നടത്തിയതെങ്കില്‍, മലയാളിയുടെ ജിനോമിലൂടെയുള്ള പര്യവേക്ഷണമായി ഇന്നത് മാറിയിരിക്കുന്നു. മലയാളിയുടെ ജാതിമത ബന്ധങ്ങളെ ജനിതകതലത്തില്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഡോ.ബാനര്‍ജിയും സഹപ്രവര്‍ത്തകരും നടത്തുന്ന പരിശ്രമങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് എതിരന്‍ കതിരവന്‍ 'മലയാളിയുടെ ജനിതകം' എന്ന തന്റെ ഗ്രന്ഥം ആരംഭിക്കുന്നത്. ആ അധ്യായത്തിന്റെ തലവാചകം ഇതാണ്: 'മലയാളിയുടെ ജാതിമതബന്ധങ്ങള്‍ മോളിക്യുലാര്‍ ജനിതകശാസ്ത്രം തുറക്കുന്ന കാണാപ്പുറങ്ങള്‍'. 'പറയി പെറ്റ പന്തിരുകുലം' എന്നത് വെറുമൊരു മിത്ത് മാത്രമല്ലെന്നും മലയാളിയുടെ ജനിതകത്തില്‍ അതിനൊരു സമാന്തരം ദര്‍ശിക്കാനാകുമെന്നും, ഈ അധ്യായത്തില്‍ തെളിവുകള്‍ നിരത്തി ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ഇത്തരം ഈടുറ്റ ഒരു ഡസണ്‍ ശാസ്ത്രലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

ആല്‍വിന്‍ ടോഫ് ളര്‍ 'ഫ്യൂച്ചര്‍ ഷോക്ക്' എന്ന തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്ന അവസ്ഥയുണ്ടല്ലോ; പ്രതീക്ഷിക്കാത്ത വേഗത്തില്‍ ഭാവി നമുക്ക് മുന്നിലെത്തുമ്പോഴുണ്ടാകുന്ന സംഭ്രമം, അതിനോട് സമരസപ്പെടാനുള്ള തൊന്തരവ്. ഇത്തരം അവസ്ഥയെ സമചിത്തതയോടെ നേരിടാന്‍ സാധാരണക്കാരെ പ്രപ്തമാക്കുകയാണ് ശാസ്ത്രമെഴുത്തുകാരുടെ കടമയെന്ന് പറയാറുണ്ട്. 'ഭാവിസംഭ്രമങ്ങള്‍' ഏറ്റവുമധികം അരങ്ങേറുന്ന മേഖലയാണ് ജനിതകശാസ്ത്രം. ജനിതകപഠനങ്ങള്‍ എങ്ങനെ മനുഷ്യപ്രകൃതിയെ നിര്‍ണയിക്കുന്നു എന്നാന്ന് എതിരന്‍ കതിരവന്‍ തന്റെ ഗ്രന്ഥത്തിലെ ഭൂരിഭാഗം ലേഖനങ്ങളിലൂടെയും പറയുന്നത്. അതില്‍ മലയാളിയുടെ ജനിതകബന്ധം മാത്രമല്ല, ചിരിയുടെ തന്മാത്രാതല ജനിതകബന്ധങ്ങളും അക്രമവാസന ജനിതകതലത്തില്‍ എങ്ങനെ ഉരുത്തിരിയുന്നു എന്നതും സ്വവര്‍ഗ്ഗാനുരാഗമെന്നത് എന്തുകൊണ്ട് ജൈവികമാകുന്നു എന്നതുമൊക്കെ ആധികാരികമായി ചര്‍ച്ചചെയ്യുന്നു. ഇടത്തോ വലത്തോ എന്നത് ഭ്രൂണത്തിന്റെ തീരുമാനമാണെന്ന കാര്യം വിശദീകരിക്കുമ്പോഴും, ഇരട്ടവാലന്റെ ലിംഗപ്രതിസന്ധി ചര്‍ച്ചചെയ്യുമ്പോഴും, ജനിതകശാസ്ത്രത്തിന്റെ കാണാപ്പുറങ്ങളിലേക്കാണ് എഴുത്തുകാരന്‍ നമ്മളെ നയിക്കുന്നത്. ഇതിലൂടെ ശാസ്ത്രമെഴുത്തുകാരന്റെ യഥാര്‍ഥ ധര്‍മം തന്നെയാണ് എതിരന്‍ കതിരവന്‍ നിര്‍വ്വഹിക്കുന്നത്.

അക്രമവാസനയുടെ ജനിതകത്തെക്കുറിച്ചുള്ള 'പാരമ്പര്യമഹത്ത്വം അഥവാ ഗുണ്ടകള്‍ ഉണ്ടാകുന്നത്' എന്ന അധ്യായത്തിലെ ഒരു ഭാഗം നോക്കുക: 'പരസ്പരം ഉത്പാദിപ്പിച്ച് സൃഷ്ടികളെ നിര്‍മിക്കുന്ന ഒരു ജനസമൂഹത്തിലെ എല്ലാ ജീനുകളുടെയും സമാഹാരമാണ് ജീന്‍പൂള്‍. ഓരോ ജീനും നിശ്ചിത അനുപാതത്തില്‍ അടങ്ങിയിരിക്കും ഈ ജീന്‍കുളത്തില്‍. ഒരു തെമ്മാടി ജീന്‍ ഈ കുളത്തില്‍ പുളയ്ക്കുന്നുണ്ടോ? സമയം കിട്ടിയാല്‍ അക്രമാസക്തിയില്‍നിന്നും ഊര്‍ജ്ജംകൊണ്ട ചിറകുമായി പറന്നുയരുമോ ഈ ജീന്‍? അമ്മയുടെ മടിയില്‍ക്കിടന്ന് കൊഞ്ചുന്ന, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി നടക്കുന്ന നിര്‍മലഹൃദയരായ സേതുമാധവന്‍മാരെ കീരിക്കാടന്‍ ജോസിന്റെ കൊലയാളിയാക്കുമോ ഈ ജീന്‍? ഉവ്വ് എന്നൊരു കൃത്യം ഉത്തരമില്ല. ക്രിമിനല്‍ പെരുമാറ്റത്തിന് ഉപോദ്ബലകമാകുന്ന ഒരേയൊരു ജീന്‍ ഇല്ലതന്നെ.....തെളിവുകള്‍ സമര്‍ഥിക്കുന്നത് പല ജീനുകളുടെ സമുച്ചയമോ ജനിതകമായ മുന്‍ നിശ്ചയങ്ങളോ ആണ് ക്രിമിനല്‍ സ്വഭാവത്തിന്റെ നിദാനം എന്നാണ്' (പേജ് 35).

കൂടുതല്‍ അധ്യായങ്ങളും ജനിതകവുമായി ബന്ധപ്പെട്ടതാണെങ്കിലും, ആ വിഷയത്തിന് പുറത്തുള്ള ചില സംഗതികളും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ തേനി മലനിരകളില്‍ സ്ഥാപിക്കുന്ന ന്യൂട്രിനോപരീക്ഷണശാലയെപ്പറ്റി ഉയരുന്ന വിവാദങ്ങള്‍ എത്ര അര്‍ഥശൂന്യവും യുക്തിക്ക് നിരക്കാത്തതുമാണെന്ന കാര്യം വിശദീകരിക്കുകയാണ് 'ന്യൂട്രിനോ നിരീക്ഷണശാല ആയുധനിര്‍മ്മാണത്തിനല്ല' എന്ന അധ്യായത്തില്‍. ഫെര്‍മി ലാബിലെ ഗവേഷകനായ നവനീത് പി.യുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട ഈ അധ്യായത്തില്‍ എന്താണ് ന്യൂട്രിനോ എന്നതു മുതല്‍ എന്തുകൊണ്ട് ന്യൂട്രിനോ പരീക്ഷണശാല പാരിസ്ഥിതികമോ സാമൂഹികമോ ആയ വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്നകാര്യം വരെ ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ഇതുപോലെ താത്പര്യമുണര്‍ത്തുന്നതാണ്-പ്രത്യേകിച്ചും മലയാളികളെ സംബന്ധിച്ച്-'മദപ്പാടിന്റെ കാമശാസ്ത്രം' എന്നത്. ആനകള്‍ക്ക് മദമിളകുന്നതും അതുവഴി സംഭവിക്കുന്ന സംഗതികളും മലയാളികള്‍ക്ക് പരിചിതമാണ്. എന്താണ് മദമിളകല്‍ എന്നും അതിന്റെ ശാസ്ത്രമെന്തെന്നും വിവരിക്കുകയാണ് ഈ ഭാഗത്ത്. 'ലൈംഗീകോത്തേജനത്തിന്റെ പരിണിതി മാത്രമാണ് മദംപൊട്ടല്‍' എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. 'ബന്ധനത്തിലാക്കപ്പെട്ട ആനകള്‍ വിനിമയോപാധികള്‍ ഇല്ലാതെപോയോ അതിരുകടന്നുപോയോ സംഭ്രമത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ദൃഷ്ടാന്ത'മാണിതെന്ന് ലേഖകന്‍ പറയുന്നു. ഇതുപോലെ മലയാളികള്‍ക്ക് അറിയാന്‍ ഏറെ താത്പര്യമുള്ള മറ്റൊരു വിഷവും ഗ്രന്ഥകാരന്‍ ചര്‍ച്ചചെയ്യുന്നുണ്ട്. കരള്‍രോഗത്തിന്റെ ശാസ്ത്രമാണത്. കരള്‍രോഗത്തിന്റെ കാര്യത്തില്‍ മദ്യപാനത്തെയാണ് മലയാളികള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതെങ്കിലും, യാഥാര്‍ഥ്യം അതല്ലെന്ന് തെളിവുകളും കണക്കുകളും നിരത്തി ലേഖകന്‍ സമര്‍ഥിക്കുന്നു. അതോടൊപ്പം മദ്യപാനം കരളിനെ എങ്ങനെ അപകടപ്പെടുത്തുന്നു എന്നതും വിശദീകരിക്കുന്നുണ്ട്.

സെല്‍ ബയോളജിയില്‍ പി എച്ച് ഡി നേടുകയും നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ സീനിയര്‍ സയന്റിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോട്ടയം മീനച്ചല്‍ സ്വദേശിയായ എതിരന്‍ കതിരവന്‍, ശാസ്ത്രം, സിനിമ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ബ്ലോഗുകളെഴുതിയാണ് ആദ്യം വായനക്കാര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. ബ്ലോഗെഴുത്തിന്റെ ഒരു സവിശേഷത, പരമ്പരാഗത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എഡിറ്റ്‌ചെയ്ത് ഇസ്തിരിക്കിട്ട രചനാരൂപങ്ങളാവില്ല അവ എന്നതാണ്. അനൗപചാരികമായ ഭാഷാശൈലിയാണ് ബ്ലോഗെഴുത്തിനെ ശ്രദ്ധേയമാക്കുന്നത്. ആ ശൈലി 'മലയാളിയുടെ ജനിതകം' എന്ന ഈ ഗ്രന്ഥത്തിലുടനീളം ദര്‍ശിക്കാം. മറ്റൊരു സവിശേഷത, എഴുതിയ ഓരോ ഭാഗത്തിന്റെയും ആധികാരികത ഉറപ്പാക്കുന്ന റഫറന്‍സുകള്‍ കണിശതയോടെ നല്‍കിയിരിക്കുന്നു എന്നതാണ്. മലയാളഗ്രന്ഥങ്ങളില്‍ പലപ്പോഴും ഉദാസീനമായി വിട്ടുകളയാറുള്ള ഒരു സംഗതിയാണിത്. വായിച്ച വിഷയം കൂടുതല്‍ വിശദമായി മനസിലാക്കണമെങ്കില്‍, ഗ്രന്ഥകാരന്‍ നല്‍കിയ റഫറന്‍സുകളിലൂടെ പര്യടനം നടത്തിയാല്‍ മതി.

ഗ്രന്ഥത്തില്‍ ചില ഭാഗങ്ങളില്‍ ശാസ്ത്രമെഴുത്തുകാരന്‍ എന്നതിലുപരി ശാസ്ത്രജ്ഞനായി ഗ്രന്ഥകാരന്‍ മാറുന്നില്ലേ എന്ന് സംശയം തോന്നും. സാങ്കേതികപദാവലികളും ദുര്‍ഗ്രാഹ്യതയും ചിലയിടത്ത് വന്നുഭവിക്കുന്നതിന്റെ കാരണമിതാണ്. അത്തരം ഭാഗങ്ങള്‍ ഒന്നിലേറെ തവണ വായിച്ചാലേ ചിലപ്പോള്‍ കാര്യം വ്യക്തമായി എന്ന് വരൂ. മലയാളിയുടെ ജനിതകബന്ധങ്ങള്‍ വിവരിക്കുന്ന ആദ്യ അധ്യായത്തിലെ ചിലഭാഗങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഈ വിമര്‍ശനം ഉന്നയിക്കുമ്പോഴും, ഒരുകാര്യം സൂചിപ്പിക്കാതെ വയ്യ. ജനിതകശാസ്ത്രം പോല ദുര്‍ഘടമായ ഒരു ശാസ്ത്രമേഖലയെ മലയാളത്തില്‍ ലളിതമായി വിവരിക്കുക എന്നത് അത്ര എളുപ്പമല്ല എന്നകാര്യം. അതിനുള്ള ശ്രമമാണ് ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ളത്, മിക്കവാറും വിജയിച്ചിട്ടുള്ളത്.

(മലയാളിയുടെ ജനിതകം, എതിരന്‍ കതിരവന്‍. ഡിസി ബുക്‌സ്, പേജ് 136. വില. 120 രൂപ)

* കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ് 2, 2017) പ്രസിദ്ധീകരിച്ചത്.
+Ethiran Kathiravan
Photo

Post has attachment
ലോകത്തെ ആദ്യ വനനഗരം ( forest City ) ചൈനയിലെ ലിയോക്‌ച്ചോയില്‍ ഒരുങ്ങുകയാണ്. ഹരിതനിര്‍മിതികള്‍ നടത്തി പ്രസിദ്ധരായ ഇറ്റാലിയന്‍ ഗ്രൂപ്പ് 'സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി'യാണ് വനനഗരം നിര്‍മിക്കുന്നത്.

ലിയോക്‌ച്ചോയ്ക്ക് വടക്ക് 432 ഏക്കര്‍ പ്രദേശത്തായി പൂര്‍തിയാകുമ്പോള്‍ നാല്പതിനായിരം വൃക്ഷങ്ങള്‍ വനനഗരത്തിലുണ്ടാകും, പത്തുലക്ഷം ചെടികള്‍ വേറെയും! ഒരുവര്‍ഷം പതിനായിരം ടണ്‍ കാര്‍ബണ്‍ ഡൈയോക്‌സയിഡും അമ്പത്തേഴ് ടണ്‍ മാലിന്യങ്ങളും ആഗിരണം ചെയ്യാന്‍ വനനഗരത്തിന് കഴിയും. ഒപ്പം തൊള്ളായിരം ടണ്‍ ഓക്‌സിജന്‍ പുറത്തുവിടും.

കാട് നശിപ്പിച്ച് കോണ്‍ക്രീറ്റ് കാടുകളുണ്ടാക്കിയ ആധുനിക മനുഷ്യന്‍ അതിന് പ്രായിശ്ചം ചെയ്യാനൊരുങ്ങുകയാണ്, വനനഗരങ്ങളും തൂക്കുവനങ്ങളും പോലുള്ള നിര്‍മിതികള്‍ സൃഷ്ടിച്ചുകൊണ്ട്...!
#forestcity


Post has attachment
വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍

സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികള്‍ നടത്തുന്ന ഇടപെടലുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ അമ്പരന്നിരുന്നു. ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളും ശക്തിപ്രാപിച്ചതോടെ, ഇത്തരക്കാരുടെ ഇടപെലുകളും സാന്നിധ്യവും വര്‍ധിച്ചു. അതുകൊണ്ട് തന്നെ മതമൗലികവാദികളുടെ നിലപാടുകള്‍ ഇപ്പോള്‍ എന്നെ അമ്പരിപ്പിക്കാറില്ല.

സംഘികളും സുഡാപ്പികളും ക്രിസ്ത്യന്‍ മൗലികവാദികളും (ഇക്കൂട്ടര്‍ക്കുള്ള ചുരുക്കപ്പേര് എനിക്കറിയില്ല!) സോഷ്യല്‍ മീഡിയയില്‍ വിദഗ്ധമായി ഇടപെടുന്നു. മതപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ഇവരെല്ലാം. എങ്കിലും, അവര്‍ ഉന്നയിക്കുന്ന വാദഗതികള്‍ക്കും ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങള്‍ക്കും അടിസ്ഥാനപരമായി ഏറെ സാമ്യമുണ്ട് എന്നകാര്യം സൂക്ഷിച്ച് നോക്കിയാല്‍ മനസിലാകും. ഉദാഹരണത്തിന്, വടക്കേയിന്ത്യയില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ഏതെങ്കിലും ഗോരക്ഷകര്‍ ഒരു ഇതര മതക്കാരനെ തല്ലിക്കൊന്നാല്‍, സംഘികള്‍ ഉടന്‍ അത് ന്യായീകരിക്കുക കശ്മീരി പണ്ഡിറ്റുകളുടെയും അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരുടെയും കാര്യം പറഞ്ഞിട്ടാകും. അതുപോലെ, ഏതെങ്കിലും പാശ്ചാത്യനഗരങ്ങളില്‍ ഇസ്ലാമിസ്റ്റുകള്‍ ചാവേര്‍ ആക്രമണം നടത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്താല്‍ സുഡിപ്പികള്‍ പലസ്തീനിലും ഇറാഖിലും പാശ്ചാത്യര്‍ നിരപരാധികളായ മുസ്ലീങ്ങളെ വേട്ടയാടുന്നു എന്നുപറഞ്ഞാകും അതിനെ ന്യായീകരിക്കുക. കൂട്ടത്തില്‍ ജൂതന്മാരെയും കുറ്റപ്പെടുത്തും. എന്നുവെച്ചാല്‍, പദാവലികളിലും പ്രമേയത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും മതമൗലികവാദികളുടെ അടിസ്ഥാന സമീപനം ഏതാണ്ട് തുല്യമാണ്.

തന്റെ മതമൊഴികെ ലോകത്തുള്ള മറ്റ് മതങ്ങളും ആശയസംഹിതകളുമെല്ലാം വിലകുറഞ്ഞതും തെറ്റുമാണെന്ന വികല മനോഭാവമാണ് മതമൗലികവാദികള്‍ വെച്ചുപുലര്‍ത്തുന്നത്. മനുഷ്യന്‍ എന്ന സാര്‍വ്വലൈകികത്വം മതമൗലികവാദിക്ക് അന്യമാണ്. മറ്റുള്ള സര്‍വതിനെയും വെറുക്കാനാണ് അവര്‍ക്ക് ലഭിക്കുന്ന പരിശീലനം. ബഹുസ്വരത അവരെ വല്ലാതെ പ്രകോപിപ്പിക്കും. മതനിരപേക്ഷത പോലുള്ള സങ്കല്‍പ്പങ്ങളെയാണ് അവര്‍ ഏറ്റവുമാദ്യം വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുക. തന്റെ മതം, തന്റെ വിശ്വാസം-അതുമാത്രമാണ് സത്യം, ബാക്കിയെല്ലാം അന്ധവിശ്വാസം എന്ന് ഉറച്ച് വിശ്വസിക്കാന്‍ അവര്‍ മടിക്കാറില്ല. തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും രാഷ്ട്രീയലക്ഷ്യങ്ങള്‍ സഫലീകരിക്കാനും വസ്തുതകളെ എങ്ങനെ വളച്ചൊടിക്കാനും പച്ചക്കള്ളങ്ങള്‍ പടച്ചുവിടാനും മതമൗലികവാദികള്‍ യാതൊരു മടിയും കാട്ടാറില്ല. ഓരോ മതങ്ങളിലുമുള്ളതായി വിലയിരുത്തപ്പെടുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും ലാഞ്ചനപോലും, ആ മതങ്ങളിലെ തീവ്രവാദികളില്‍ കാണാത്തതെന്തെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. യുക്തിയുടെയോ മനുഷ്യത്വത്തിന്റെയോ അംശങ്ങളെല്ലാം തലച്ചോറില്‍ നിന്ന് ഊറ്റിക്കളഞ്ഞ അവസ്ഥയാണവരുടേത്. വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍.

മേല്‍സൂചിപ്പിച്ച അവസ്ഥയിലേക്ക് ഒരു മതമൗലികവാദി എങ്ങനെ പരിണമിച്ചെത്തുന്നു എന്നറിയണമെങ്കില്‍, Ed Husain രചിച്ച 'The Islamist: Why I Joined Radical Islam in Britain, What I Saw Inside and Why I Left' എന്ന ഗ്രന്ഥം വായിക്കണം. ബ്രിട്ടനിലെ ഇസ്ലാമിക മതമൗലികവാദമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. പതിനാറാം വയസ്സില്‍ തീവ്രഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രവര്‍ത്തകനാവുകയും അഞ്ചുവര്‍ഷത്തിന് ശേഷം തീവ്രനിലപാടുകളോട് വിടവാങ്ങി സാധാരണ മുസ്ലീമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത വ്യക്തിയാണ് ഗ്രന്ഥകാരന്‍. ആ അനുഭവമാണ് അങ്ങേയറ്റം ഹൃദയസ്പര്‍ശിയായി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 288 പേജുണ്ട്. പക്ഷേ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാം. അത്രയ്ക്കും വായനാക്ഷമാണ്.

2007ല്‍ ബ്രിട്ടനിലിറങ്ങിയ ഈ പുസ്തകം ഇപ്പോഴും പ്രസക്തമാണെന്ന് പറയുന്നത് ശരിയാകില്ല. ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ് എന്നേ പറയാനാകൂ. ബ്രിട്ടനില്‍ ഇപ്പോള്‍ അടിക്കടിയുണ്ടാകുന്ന ഭീകാരാക്രമണത്തിന്റെ യഥാര്‍ഥ കാരണങ്ങളും പശ്ചാത്തലവും ഈ ഗ്രന്ഥം കാട്ടിത്തരും. ബ്രിട്ടനിലെ ഇസ്ലാമിക മൗലികവാദത്തിന്റെ വളര്‍ച്ചയാണ് ഈ ഗ്രന്ഥം വരച്ചിടുന്നതെങ്കിലും, ഇന്ത്യയില്‍ ജീവിക്കുന്ന നമുക്കും ഇത് വളരെ വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നു. കാരണം, മതമൗലികവാദം ആത്യന്തികമായി ഒന്നാണ്...അത് മനുഷ്യവര്‍ഗ്ഗത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മൗലികവാദം ഹൈന്ദവമായാലും ഇസ്ലാമികമായാലും ക്രൈസ്തവമാണെങ്കിലും, അതിന്റെയല്ലാം പ്രവര്‍ത്തനരീതി ഒന്ന് തന്നെയാണ്. രാഷ്ട്രീയലാഭത്തിനായി മതത്തെ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന അപകടമാണ് ഈ ഗ്രന്ഥം വരച്ചുകാട്ടുന്നത്.

തീവ്രവാദിയുടേത് മാത്രമല്ല, തീവ്രവാദം വെടിഞ്ഞ് ദൈവത്തെ അന്വേഷിക്കുന്ന ഒരു യഥാര്‍ഥ മതവിശ്വാസിയുടെ ചിത്രവും ഈ പുസ്തകം കാട്ടിത്തരുന്നു. ഒപ്പം ഇസ്ലാമിനെക്കുറിച്ചും അതിലെ വിവിധ വിഭാഗങ്ങള്‍ ആശയപരമായി എങ്ങനെ വ്യത്യസ്ത കൈവഴികളിലെത്തി എന്നും സാമാന്യമായ വിവരം നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. ജാമാഅത്തെ ഇസ്ലാമി, മുസ്ലീം ബ്രദര്‍ഹുഡ്, ഹിസ്ബുത് താഹിര്‍, വഹാബിസം, സൂഫിസം എന്നിങ്ങനെയുള്ള മുസ്ലീം വിഭാഗങ്ങള്‍ ആത്മീയതതലത്തിലും രാഷ്ട്രീയതലത്തിലും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന സങ്കല്‍പ്പം 1990 കളില്‍ ബ്രിട്ടനിലൊക്കെ ശക്തിയാര്‍ജിച്ചതെങ്ങനെ എന്നറിയാനും ഈ ഗ്രന്ഥം വായിച്ചാല്‍ മതി.

മതമൗലികവാദത്തിന്റെ ശക്തി ലോകത്ത് വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം.

(Muralee Thummarukdy ആണ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ ഗ്രന്ഥം എല്ലാവരും വായിക്കണമെന്ന് ശുപാര്‍ശ ചെയ്തത്, നന്ദി).

Photo

Post has attachment
ആമ്പറില്‍ ഉറങ്ങുന്ന ചരിത്രം

ദിനോസറിന്റെ രക്തംകുടിച്ച ശേഷം ആമ്പറിനുള്ളില്‍ കുടുങ്ങി കോടിക്കണക്കിന് വര്‍ഷം സൂക്ഷിക്കപ്പെട്ട കൊതുക്. അതിന്റെ വയറ്റില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ദിനോസര്‍ ഡി.എന്‍.എ. അതുപയോഗിച്ച് ദിനോസറുകളെ പുനസൃഷ്ടിക്കുന്നതായിരുന്നു സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത് 1993ല്‍ റിലീസ് ചെയ്ത 'ജുറാസിക് പാര്‍ക്കി'ന്റെ പ്രമേയം.

ആമ്പറും അതിനുള്ളില്‍ കുടുങ്ങിയ ജീവികളും മറ്റൊരു കാലത്തുമില്ലാത്ത വിധം ശാസ്ത്രശ്രദ്ധ നേടാന്‍ ആ സിനിമ വഴിവെച്ചു. ആമ്പര്‍ ഫോസിലുകളില്‍ നിന്ന് പ്രാചീന ജീവികളുടെ ഡി.എന്‍.എ.വേര്‍തിരിച്ചെടുത്തതായി ഒട്ടേറെ ഗവേഷകര്‍ അവകാശപ്പെട്ടു. പത്തുകോടി വര്‍ഷം പഴക്കമുള്ള ഡി.എന്‍.എ.വരെ വേര്‍തിരിച്ചതായുള്ള അവകാശവാദങ്ങള്‍ വന്നതോടെ, പ്രാചീനജീവികള്‍ നിറഞ്ഞ ഒരു ജുറാസിക് പാര്‍ക്കായി ലോകം ഭാവിയില്‍ പരിണമിക്കുന്നത് പലരും സ്വപ്‌നംകണ്ടു.

പത്തുലക്ഷം വര്‍ഷത്തിലധികം പഴക്കമുള്ള ഫോസിലുകളില്‍ നിന്ന് ഡി.എന്‍.എ.സാമ്പിളുകള്‍ വേര്‍തിരിച്ചെടുക്കുക പ്രയാസമാണെന്ന നിലവിലുണ്ടായിരുന്ന ധാരണയ്ക്ക് വിരുദ്ധമായിരുന്നു 1990 കളിലെ പല ഗവേഷകരുടെയും അവകാശവാദങ്ങള്‍. പിന്നീട് പക്ഷേ, കാര്യങ്ങള്‍ വ്യക്തമായിത്തുടങ്ങി. ആ അവകാശവാദങ്ങള്‍ മിക്കതും പൊള്ളയാണ്. പത്തുലക്ഷത്തിന് മേല്‍ പഴക്കമുള്ള സാമ്പിളില്‍ നിന്ന് ഡി.എന്‍.എ.വീണ്ടെടുക്കുക എളുപ്പമല്ല. 1990 കളിലെ ആവേശം ക്രമേണ കെട്ടടങ്ങി. ആമ്പറിനുള്ളില്‍ നിന്ന് ഡി.എന്‍.എ.സാമ്പിളുകള്‍ വേര്‍തിരിച്ചെടുക്കല്‍ സിനിമയിലേതുപോലെ അത്ര എളുപ്പമല്ലെന്ന് ഇപ്പോള്‍ ഗവേഷകര്‍ക്കറിയാം.

ഡി.എന്‍.എ.വേര്‍തിരിച്ചെടുക്കുക ബുദ്ധിമുട്ടാണെങ്കിലും, പ്രാചീനലോകത്തെ കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ ആമ്പര്‍ ഫോസിലുകള്‍ നല്‍കാറുണ്ട്. ഒരുപക്ഷേ, മറ്റ് മാര്‍ഗങ്ങള്‍ വഴി ഫോസിലാകാന്‍ സാധ്യതയില്ലാത്ത ജീവികളും സസ്യങ്ങളുമാണ് ആമ്പറുകളില്‍ നിന്ന് ഫോസില്‍രൂപത്തില്‍ ലഭിച്ചിട്ടുള്ളത്. യാദൃശ്ചികമായി മരപ്പശയില്‍ കുടുങ്ങുന്ന ജീവികള്‍, പശ ഉറച്ച് കട്ടപിടിച്ച് ആമ്പറാകുമ്പോള്‍ അതില്‍ ഫോസിലായി സമാധിയിലാകും. അടുത്തയിടെ മ്യാന്‍മറില്‍ നിന്ന് ലഭിച്ച ഒരു ആമ്പര്‍ കട്ടയ്ക്കുള്ളില്‍ കണ്ടത് പത്തുവര്‍ഷം മുമ്പത്തെ ഒരു പക്ഷിക്കുഞ്ഞ് കേടുകൂടാതെ ഇരിക്കുന്നതാണ്! ശരിക്ക് പറഞ്ഞാല്‍ ആമ്പറിന്റെ സുവര്‍ണഹൃദയത്തില്‍ ചരിത്രം സമാധിയിലാണ്....ആമ്പറില്‍ കുടുങ്ങിയ ജീവികള്‍ ശാസ്ത്രത്തെ പ്രാചീനകാലത്തേക്ക് കൈപ്പിടിച്ച് നടത്തുന്നു!

ആമ്പറിനുള്ളില്‍ കുടുങ്ങിയ ജീവികളെപ്പോലെ കൗതുകകരമാണ് ആമ്പറും. ഓ, അത് മരപ്പശയല്ലേ എന്ന് പലരും കരുതും. പക്ഷേ, അത് ശരിയല്ല. മരപ്പശ കട്ടപിടിച്ച് അനുകൂലമായ സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിന് വര്‍ഷം പിന്നിടുമ്പോഴാണ് ആമ്പറായി രൂപപ്പെടുക. ഇനിയും ഈ പ്രക്രിയയുടെ രസതന്ത്രം ശാസ്ത്രലോകത്തിന് വ്യക്തമായി പിടികിട്ടിയില്ല....ലിങ്ക്: https://goo.gl/CUL6dJ

http://digitalpaper.mathrubhumi.com/1259964/Mathrubhumi/27-June-2017#page/27
#amber

(ആമ്പറില്‍ കുടുങ്ങിയ കൊതുകാണ് ചിത്രത്തില്‍)

Photo

ഒരു രാത്രി മുഴുക്കെ വേട്ടക്കാരുടെ കൈയിലകപ്പെട്ട് അങ്ങേയറ്റത്തെ ക്രൂരതകള്‍ക്കിരയായ നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറഞ്ഞ ആ മഹാനുണ്ടല്ലോ, അയാളാണ് മക്കളേ മഹാന്‍!


Post has attachment
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഐ എസ് ആര്‍ ഒ യുടെ ഉപഗ്രഹവിക്ഷേപണങ്ങള്‍ വൈകാറുണ്ട്.

കാലാവസ്ഥ മോശമായതുകൊണ്ട് ഐ എസ് ആര്‍ ഒ യെക്കുറിച്ചുള്ള പുസ്തകങ്ങളും വൈകുമെന്ന് ഇപ്പോഴാ അറിയുന്നത്.

എന്താ കഥ, അല്ലേ!

Photo

Post has attachment
സാധാരണഗതിയില്‍ ജൂണ്‍ ആദ്യവാരത്തില്‍ തന്നെ നിറയേണ്ടതാണ് നെയ്യാര്‍ഡാം തടാകം. ഇതിപ്പോള്‍ ജൂണ്‍ 26 ആയിട്ടും തടാകം പകുതി പോലുമായിട്ടില്ല. ഇത്തവണ കാലവര്‍ഷം എത്ര കുറവാണെന്ന് അമ്പൂരിയിലെ വീട്ടില്‍ നിന്ന് അല്‍പ്പം മുമ്പ് പെങ്ങള്‍ ത്രേസ്യാമ്മ അയച്ചുതന്ന ഈ ചിത്രം വ്യക്തമാക്കുന്നു.
#monsoonfailure
Photo
Wait while more posts are being loaded