Profile cover photo
Profile photo
വെള്ളെ ഴുത്ത്
6,388 followers
6,388 followers
About
Posts

Post has attachment
കെ ആർ മീരയുടെ പുസ്തകം 'ഭഗവാന്റെ മരണ'ത്തെ ആസ്പദമാക്കി ഹസീം അമരവിള സംവിധാനം ചെയ്ത നാടകത്തെപ്പറ്റി നല്ല അഭിപ്രായമാണ് എമ്പാടും ഉയരുന്നത്. ഖസാക്കിന്റെ ഇതിഹാസത്തിൽ ദീപൻ ശിവരാമൻ ഒരു വച്ചതുപോലെയൊരു കാഴ്ചപ്പകിട്ട്, അതിന്റെ സസ്പെൻസോടെ വേദിയിലും പുറത്തുമായി ഒരുക്കി , മറ്റൊരു തരത്തിൽ ഹസീമും ഈ നാടകത്തിൽ ഒരുക്കിവച്ചിട്ടുള്ളതാണ് നാടകത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളെ ഗുണാത്മകമാക്കുന്ന ഒന്നാമത്തെ ഘടകം. ഡിസി പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പുറം ചട്ടതന്നെ നോക്കുക. വെടിയുണ്ട തറഞ്ഞതുപോലെ നിർമ്മിച്ചിരിക്കുന്ന കവറിന്റെ പ്രാഥമികാനുഭവവും ഈ 'സ്പെക്ടാക്കിൾ'തന്നെ. അതു വേണം. കാലം അതൊക്കെ ആവശ്യപ്പെടുന്നുണ്ട്.

കൽബുർഗിയുടെ കൊലയാണ് മീരയുടെ കഥയുടെ ബീജം. കെ എസ് ഭഗവാനു നേരെ വന്ന ഭീഷണിയും, യഥാർത്ഥത്തിൽ സ്വർഗത്തിന്റെ കാവൽക്കാരനായ 'ഭഗവാനെ' സംരക്ഷിക്കാൻ എന്ന വ്യാജേന ഗുണ്ടകൾ ഇറങ്ങി പൂണ്ടു വിളയാടുന്ന സമകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവും കൂടി ചേർത്ത് വച്ച് കഥ ധ്വന്യാത്മകതയ്ക്ക് മാനങ്ങളും രാഷ്ട്രീയത്തിനു അർത്ഥഭേദങ്ങളും രചിക്കുന്നു. സോഷ്യൽ റിയലിസത്തിന്റെ ഛായയിൽ ഭീതിയല്ല ഉയിർപ്പിലാണ് കഥ പതാകയും പിടിച്ചോടുന്നത്, ഭഗവദ്ഗീത കത്തിക്കണമെന്നു പറഞ്ഞ പ്രൊഫ. ഭഗവാനെ കൊല്ലാൻ വരുന്ന അമര എന്ന ചെറുപ്പക്കാരൻ, അവിടെ ഒരു പുസ്തക ഷെൽഫ് മറിഞ്ഞു വീണ് കാലിനു പരിക്കുപറ്റി വിശ്രമിക്കുമ്പോൾ ഭഗവാന്റെ വാക്കുകളും ആ വീട്ടിൽ നടക്കുന്ന ചർച്ചകളും മതഗ്രന്ഥങ്ങളുമായി പരിചയപ്പെടാൻ ഇടയാവുന്നതും അങ്ങനെ മനം മാറ്റമുണ്ടായി അയാൾ തന്നെ കൊലയ്ക്കായി പറഞ്ഞയച്ച മല്ലപ്പയെ രണ്ടു കാലിലും വെടിവച്ച് സമാനമായ സാഹചര്യത്തിൽ കൊണ്ടുവന്നിട്ട് പ്രൊഫസർ ഭഗവാന്റെ സാന്ത്വനശുശ്രൂഷയും വചന ശുശ്രൂഷയും ആവോളം അനുഭവിച്ച് നല്ല മനുഷ്യനാകാൻ സഹായിക്കുന്നതുമാണ് കഥാതന്തു. ഇടയ്ക്ക് മല്ലപ്പ മറ്റൊരു ക്രൂരതകൂടി കാണിക്കുന്നുണ്ട്. കൊല നടത്തിയിട്ടുവന്നാൽ നൽകാമെന്നു വാക്കു കൊടുത്ത അമരയുടെ കാമുകിയായ ദളിത് പെൺകുട്ടിയെ റെയിൽവേസ്റ്റേഷനിലിട്ട് കൊല്ലുന്നു. അങ്ങനെ മതം രാഷ്ട്രീയത്തിന്റെ മുഖ്യസ്ഥാനത്തുവന്നു നിന്ന് പല്ലിളിക്കുന്നതിന്റെ കുഴപ്പം ഇന്നലെ പിറന്നു വീണകുട്ടിക്കുപോലും മനസിലാവുന്ന സാഹചര്യം ചുറ്റും നില നിൽക്കുന്നതിനാൽ ഈ പ്രശ്നം പ്രമേയമാക്കുന്ന നാടകത്തെപ്പറ്റി രണ്ടഭിപ്രായം ഉണ്ടാവേണ്ട കാര്യമില്ല.

കഥയെ നാടകത്തിലേയ്ക്കെടുത്തിരിക്കുന്നത് നാടക റിഹേഴ്സൽ ക്യാമ്പിലെ സമാനമായ ചില തർക്ക വിതർക്കങ്ങളുടെയും പടല പിണക്കങ്ങളുടെയും നടുവിലൂടെയാണ്. നാടകത്തിൽ ഭഗവാനല്ല, റിഹേഴ്സൽ ക്യാമ്പിനും സംവിധായകനുമാണ് പ്രാധാന്യം എന്നും പറയാം. ഇന്ത്യയുടെ വർത്തമാന രാഷ്ട്രീയ - സാമൂഹിക സ്ഥിതിയെ മീര കഥയിലെടുത്തതുപോലെ, മീരയുടെ കഥയിലെ സമാനസ്ഥിതിയെ ഹസീം നാടകത്തിലെടുത്തിരിക്കുന്ന രീതിയാണ് പക്ഷേ യഥാർത്ഥ പ്രശ്നം. നാടകം അരങ്ങിലിരിക്കാതെ സദസ്സിലേക്ക് ഇറങ്ങി വരുന്നു. കഥ കഴിഞ്ഞാലും 'നാടകം' തീരുന്നില്ല. തിയേറ്റർ വിട്ട് ഇറങ്ങിപോകാൻ അവസാനം പോലീസുകാർ വന്നു പറയുന്നു. ഇറങ്ങി വരുന്ന വഴിയിൽ പോലീസിന്റെ ലുക്കൗട്ട് നോട്ടീസുകൾ കാണികൾ കാണുന്നു. ഒടുവിൽ ഇടവഴിയുടെ അറ്റത്ത് സംവിധായകൻ വെടിയേറ്റ് മരിച്ചു കിടക്കുന്നതും അവർ കണ്ട് അന്തം വിടുന്നു. അഭിനേതാക്കളെയും മറ്റും പരിചയപ്പെടുത്തുന്നത് തെരുവിലാണ്. അങ്ങനെ കഥയിലെ കൽബുർഗിയുടെ മരണം, നാടകത്തിൽ നാടകസംവിധായകന്റെ മരണമാകുന്നു. കൽബുർഗിയെ കൊന്നത് രാഷ്ട്രീയ ഗുണ്ടകളാണ്. ഇവിടെ സംവിധായകനെ കൊല്ലുന്നത് പോലീസാണ്.

എന്താണ് വേണ്ടത്? ആളുകൾ നാടകത്തിലൂടെ കഥ വായിക്കുകയാണോ സമകാല രാഷ്ട്രീയസാഹചര്യം മനസിലാക്കുകയാണോ ചെയ്യേണ്ടത്? സംവിധാനമികവിനും അപൂർവതയ്ക്കും കാണികളുടെ അനുഭവത്തിനും പുറത്താണ് കാര്യങ്ങൾ. നാടകത്തിന്റെ അടിസ്ഥാനം സ്ക്രിപ്റ്റ് ആണ്. അത് എഴുതിയുണ്ടാക്കിയതുതന്നെ ആവണമെന്നില്ല. എങ്കിലും അതുണ്ട്. കഥാപാത്രങ്ങളുടെ വളർച്ച, വ്യക്തിത്വം എന്നിവ പൂത്തുലയുന്നത് ആ ബെയിസിൽ നിന്നാണ്. അല്ലെങ്കിൽ ഒരു വാക്ക്, ഒരു ഉചിതമല്ലാത്ത നോട്ടം, ആംഗ്യം എന്നിവ കലാസൃഷ്ടിയുടെ ആന്തരികമായ ഐക്യത്തെ നശിപ്പിക്കും. 'ഭഗവാന്റെ മരണം' എന്ന നാടകത്തിലെ സംവിധായക കഥാപാത്രം ഉപദേശ പ്രസംഗങ്ങൽ നടത്തുന്ന ആളാണ്. നാടകം അയാളുടെ ആവശ്യമല്ല. മറിച്ച് നടീനടന്മാരുടെ ആവശ്യമാണ്. അതിൽ ഏറ്റവും പ്രധാനം ആ സ്റ്റേജ് മാനേജർ എന്ന പാവം കഥാപാത്രത്തിന്റെയാണ്. ഈ സംവിധായകനാവട്ടെ, ആളുകൾ തമ്മിൽ കലഹിക്കുന്നതു കണ്ടിട്ട് ഒരിക്കൽ നാടകം സംവിധാനം ചെയ്യുന്നില്ലെന്ന് പറഞ്ഞ് പിണങ്ങിപോയ ശിശുതുല്യ മനസ്കനാണ്. പിന്നെ ആളുകൾ മാപ്പു പറഞ്ഞ് കാലുപിടിച്ചിട്ടാണ് ( അയ്യോ അച്ഛാ പോവല്ലേ, അയ്യോ മാമാ പോവല്ലേ..) അയാൾ 'ഇനി ചെയ്യല്ല് കേട്ടാ' എന്നും പറഞ്ഞ് സംവിധാനത്തിനൊരുങ്ങുന്നത്. ഇതു മാത്രമല്ല. പ്രൊഫസറുടെ റോൾ അഭിനയിക്കുന്ന കഥാപാത്രം, മധ്യവയസ്കൻ, ക്യാമ്പിലെ രണ്ടു ഭിന്നമതക്കാരായ അഭിനേതാക്കൾ കല്യാണം കഴിച്ചു വന്നപ്പോൾ ശക്തമായി എതിർക്കുകയും, അത്താപിത്താ പറയുകയും സംവിധായകൻ അതല്ല ഇത്, ഇതല്ല അതെന്ന് സാരോപദേശം ചെയ്ത ഉടൻ മനസ്സുമാറി.. അവരെ സ്വീകരിക്കുകയും ചെയ്യുന്നത് രോമാഞ്ചത്തോടെ നമുക്ക് കാണാനാകും. പിന്നീട് ഇദ്ദേഹമാണ് വന്നു നിന്ന് നാടകം അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നത് എന്നുകൂടി വരുമ്പോൾ കഥാപാത്രത്തിന്റെ മാനസികവികാസത്തെ കുറിച്ച് കഠിനമായി നമ്മൾ സംശയാലുക്കളാകാനുള്ള സാധ്യത തുറന്നു കിട്ടും.

കലാരൂപം എന്ന നിലയിൽ അതിലുള്ള ഇത്തരം ദുർബലരായ കഥാപാത്രങ്ങൾക്കുനേരെ അതിക്രമം ഉണ്ടാവുമ്പോൾ അതിൽ താദാത്മ്യം പ്രാപിക്കാനായി അധികമൊന്നും കാണികളുടെ പക്കൽ ഉണ്ടാവില്ലെന്നതാണ് സത്യം. ഇവരുടെ വിഭാവനയിൽ വന്നിട്ടുള്ള തകരാറ് അവിടെ തുടങ്ങി അവിടെ അവസാനിക്കുന്ന ഒന്നല്ല. ഇന്ത്യൻ സമകാലിക സാഹചര്യത്തെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന കഥയെ നാടകമാക്കുമ്പോൾ വരുന്ന പാളിച്ച ചിലപ്പോൾ തിരിഞ്ഞു കൊത്തുന്ന പാമ്പുമായി മാൠആം എന്നതിനു നാടകത്തിൽ തെളിവുകളുണ്ട് . നേരത്തെ പറഞ്ഞതുപോലെ ആവിഷ്കാരസ്വാതന്ത്ര്യത്തെ വിലങ്ങുവയ്ക്കുകയും പ്രദർശനം തടയുകയും ചെയ്യുന്ന വിവരദോഷിയായ മർദ്ദകയന്ത്രം എന്ന നിലയ്ക്കാണ് നാടകത്തിൽ പോലീസ് കടന്നു വരുന്നത്. ഗുണ്ടകൾ കയ്യാളുകളാകുന്നതിനേക്കാൾ മാരകമാണ് പോലീസ് കിങ്കരവൃത്തികൾ നടപ്പാക്കുന്നത്. നാടക സംവിധായകൻ പോലീസിന്റെ വെടിയേറ്റ് മരിക്കുന്നതിനും നാടകപ്രവർത്തകരെ അവസാനം പോലീസ് കാണാനില്ലാത്തവരാക്കുകയും ചെയ്യുന്നതിന് യുക്തിസഹമായ കാരണം നാടകത്തിലില്ല. സമകാലാവസ്ഥ നാടകത്തേക്കാൾ ഭീകരമാണെന്നും ഉത്കണ്ഠാകുലമാണെന്നുമുള്ള കാര്യം നമ്മുടെ ഭാവനയിൽനിന്നാണ് കണ്ടെടുക്കേണ്ടത്. എന്നാൽ വില്ലത്തരത്തെ മതഭീകരരിൽനിന്നും പോലീസിലേക്കുള്ള നാടകത്തിലെ വച്ചുമാറ്റം വർത്തമാന കേരളത്തിന്റെ സ്ഥിതിയിൽ വേറൊരു അർത്ഥമാണ് ഉത്പാദിപ്പിക്കുന്നത്. പോലീസ് വില്ലൻ സ്ഥാനത്താവുമ്പോൾ, നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന നമ്മുടെ പോലീസിനെയും കെവിന്റെയും ശ്രീജീവിന്റെയും ശ്രീജിത്തിന്റെയും കൊലപാതകികളെയും പുതുവൈപ്പിനിലെയും കീഴാറ്റൂരിലെയും സമരങ്ങളെ അവർ നേരിട്ട രീതിയും അടുത്തകാലത്ത് കേരളത്തിൽ ഒരു സിനിമയ്ക്ക് സെൻസർ അനുമതി കിട്ടാതിരുന്നതും മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനെതിരെയുള്ള മതസ്പർദ്ധ കേസും പോലീസിലെ തന്നെ അടിമപ്പണിയും പൊതുവായ അവരുടെ പ്രവർത്തന പെരുമാറ്റ രീതികളും എല്ലാം ചേർത്തു വച്ചാൽ കിട്ടുന്ന ഒരു അവസ്ഥയിലേക്കാണ് നാടകം കൊണ്ടുപോകുന്നത്. അവിടെ നിന്ന് ഭരിക്കപ്പെടുന്നവരിൽ എത്താൻ നമുക്ക് പ്രയാസമുണ്ട്. അതിനു കാരണങ്ങളുണ്ട്. മീര അഭിമുഖത്തിൽ പറയുന്നത് 'ഭഗവാന്റെ മരണം' എന്ന കൃതിയെ ഏറ്റവും ഇഷ്ടപ്പെട്ടത് ഇടതുപക്ഷാനുഭാവികളാണെന്നാണ്. ആ അനുഭവം വച്ച് മുൻ പിൻ നോക്കാതെ നാടകത്തെ സമീപിച്ചാൽ നാക്കു കുടുങ്ങും എന്നാണു പറഞ്ഞത്. കാരണം നാടകം മറ്റൊരു ചിഹ്നവ്യവസ്ഥയിലാണ് ഊന്നുന്നത്. ഇതാണ് സാംസ്കാരിക വായനയുടെ പ്രശ്നം. ഭരണകൂട ഭീകരത ലക്ഷ്യമാക്കുന്ന നാടകം സാർവലൗകികമായി ഏതു ഭരണകൂടത്തിനുമുള്ള വിമർശനമാകാമല്ലോ എന്നാണ് ഈ പറഞ്ഞതിന്റെ ഒരു എതിർവാദം. യോജിക്കുന്നു.
യെസ്. അപ്പോൾ വേദിയിൽ ബസവണ്ണയ്ക്ക് ഒപ്പം വരേണ്ട ചിത്രങ്ങൾ, ഷെൽഫിൽ മതഗ്രന്ഥങ്ങൾക്ക് ഒപ്പം ഇരിക്കേണ്ട പുസ്തകങ്ങൾ ഇങ്ങനെ ചില ചെറിയ മാറ്റങ്ങൾ നാടകത്തിൽ വരുത്തേണ്ടതുണ്ട്.. അത്രേയുള്ളൂ..

(Rajesh Radhakrishnan -ന്റെ ചിത്രം)
Photo
Add a comment...

നിർമ്മാണത്തിനും സംവിധാനത്തിനും പുറമേ രോഷ്നിദിനകർ ഒരു ജോലി കൂടിയെടുത്തിട്ടുണ്ട് 'മൈ സ്റ്റോറി' എന്ന സിനിമയിൽ, അത് കഥാപാത്രങ്ങളുടെ വേഷവിതാനങ്ങളുടെ ചുമതലയാണ്. 'എന്റെ സിനിമയെ ആളുകൾ കൂവിതോൽപ്പിക്കുന്നേ' എന്ന മുറവിളിയാണ്. ഇതിനെല്ലാം പുറമേ അവർ ചെയ്യുന്ന മറ്റൊരു ജോലി. സമകാല സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ ചിലപ്പോൾ വർക്കൗട്ട് ആയേക്കാവുന്ന ഒരു പ്രൊമോഷണൽ ടെക്നിക്കാണ് അതും. രണ്ടു ദിവസം മുൻപ് തന്റെ സിനിമയെപ്പറ്റി ആയമ്മ വിശദീകരിക്കുന്ന അഭിമുഖം വായിച്ചാൽ ഒരു കാര്യം, ഈ മേഖലയെപ്പറ്റി അവർക്കുള്ള അജ്ഞതയോ പരിചയമില്ലായ്മയോ ഏതിനാണോ മുൻതൂക്കം അത്, വളരെ വ്യക്തമാണ്. മുഖ്യമന്ത്രിയെ കണ്ടാണ് ചലച്ചിത്രം പൂർത്തിയാക്കിയതെന്നൊക്കെ പറഞ്ഞാണ് അനുഭവവിവരണം അവസാനിക്കുന്നത്.

അതെന്തെങ്കിലുമാവട്ടെ, പതിനെട്ടുകോടിയോളം ചെലവഴിച്ച്, ശങ്കര രാമകൃഷ്ണന്റെ സ്ക്രിപ്റ്റിനാൽ ഉണ്ടാക്കിയ സിനിമ, സ്ത്രീ സംവിധായികയുടെ സാന്നിദ്ധ്യത്താൽ സ്ത്രൈണത പൂത്തുലയുന്നതാവണം ആളുകൾ എന്നു ശഠിക്കുന്നത് എന്തിനാണാവോ? പ്രണയത്തിന്റെ കാല്പനികഭാവം ഉള്ളിൽ സൂക്ഷിക്കുന്ന സ്ത്രീയെ ശങ്കർ രാമകൃഷ്ണൻ രൂപകല്പന ചെയ്യുകയും രോഷ്നി അതിനു അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ അണിയിക്കുകയും ചെയ്തു ആകർഷകമാക്കാൻ നോക്കി എന്നു വിചാരിച്ചാൽ പോരേ.. 7 അടിസ്ഥാന പ്ലോട്ടുകളായി ലോകത്തിലെ എല്ലാ കഥകളുടെയും കമ്മട്ടത്തെ തിരിച്ച ലെവിസ്ട്രോസിനെ കടമെടുത്താൽ 'മൈ സ്റ്റോറിയുടെ' ചട്ടക്കൂട് കേറ്റ് വിൻസ്ലെറ്റും ലിയണാഡോയും അഭിനയിച്ചു തള്ളിയ ടൈറ്റാനിക്കിന്റെയാണ്.. വേദനിക്കുന്ന കോടീശ്വരികളുടെയും കോടീശ്വരന്മാരുടെയും സംഘർഷഭരിതവും സത്യസന്ധതയിൽ അധിഷ്ഠിതവുമായ ജീവിതവും നല്ലൊരു കാഴ്ചവസ്തുവാണെന്ന തിരിച്ചറിവാണ് സിനിമയുടെ അടിസ്ഥാന ആകർഷണം. നായകൻ ജയ് രണ്ടാം സ്ഥാനത്താണ്, കഥ കൊണ്ടുപോകുന്നതും സർവജ്ഞാനിയായി അവസാനം എല്ലാം പൊറുത്തുകൊടുക്കുന്നതും ഒന്നാം പാർവതിയായ താരയാണ്. രണ്ടാം പാർവതി (ഹിമ) ജീൻസ് നിക്കറൊക്കെയിട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. മദ്യപാനത്തിന്റെ സ്വാതന്ത്ര്യവുമുണ്ട്. മാത്രമല്ല, കഥാഗതിയുടെ പരിണാമം ശുഭാന്തമാക്കിത്തീർക്കുന്നതിൽ കാർമ്മികത്വം വഹിക്കുന്നതാണ് നായകത്വമെങ്കിൽ അത് ഈ ഹിമയ്ക്ക് അവകാശപ്പെടാവുന്നതാണ്. അത്രയ്ക്ക് സ്വതന്ത്രാഭിലാഷയും പുകാസയുമാണ് ഗഡി. താരങ്ങളുടെ കുടിലവൃത്തിക്കാരിയായ 'അമ്മ' കഥാപാത്രത്തിനു പകരം ഇവിടെ കുടിയനും ചൂഷകനുമായ അച്ഛനാണ്. (മണിയൻ പിള്ളരാജു) വില്ലൻ ഡേവിഡ് ഈപ്പന്റെ (ഗണേഷ് വെങ്കിട്ടരാമൻ)മുഴുവൻ വില്ലത്തരവും ഒതുങ്ങി, കാലിന്റടിയിൽ വാലു ചുരുട്ടി താരയുടെ മുന്നിൽ നിൽക്കുന്നതായി സിനിമയിൽ പരാമർശമുണ്ട്. താരയുടെ കൂടെ കഴിഞ്ഞ വർഷമത്രയും അങ്ങനെയായിരുന്നത്രേ.. എന്നിട്ടും പരിശുദ്ധപ്രേമത്തിന്റെ പേരിൽ നരച്ച തലയുമായി കാഞ്ചനമാല മൊയ്തീന്റെ അടുത്തേയ്ക്കു പോകുന്നിടത്താണ് നമ്മുടെ കണ്ണു നിറയുന്നത്. ജയ് കൃഷ്ണൻ സുപ്പർ താരമായിട്ടും, ആള് പൃഥ്വീരാജായിട്ടും, നായകത്വം കുറച്ചേയുള്ളൂ, മാത്രമല്ല വില്ലന്റെ അതേ പരുങ്ങൽ പുള്ളിക്കാരനിലും ദൃശ്യമാക്കിയിട്ടുണ്ട്, വില്ലനു കൊടുത്ത വാക്കിന്റെ ബലത്തിൽ താരയോട് ചെയ്ത ചതിയുടെ പേരിലാണ് ആ പരുങ്ങൽ. യാത്രയ്ക്കിടയിൽ താരയുടെ കനമുള്ള ബാഗുമൊക്കെ സ്വമേധയാ ചുമന്ന് സ്ത്രീത്വത്തോടുള്ള തന്റെ വിധേയത്വം വ്യക്തമാക്കാൻ നായകൻ ജയ് കൃഷ്ണൻ സന്നദ്ധനാവുന്നത് പുതിയ (യുവാക്കളുടെ) തലമുറയ്ക്കുള്ള ശക്തമായ ഒരു സന്ദേശമായി അനുഭവപ്പെടാതിരിക്കില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. അവനവനിൽ(-വളവളിൽനിന്നും) നിന്നു രക്ഷപ്പെടുക എന്നതാണ് ആത്മാവിഷ്കാരത്തിനു മുതിരുമ്പോൾ എടുക്കേണ്ട ആദ്യ നിർബന്ധം. അല്ലെങ്കിൽ നമ്മുടെ നൂൽബന്ധമില്ലാത്ത ഭാവനകൾ കഥാപാത്രങ്ങളായി രൂപം പ്രാപിച്ച് ആളുകളെ ബോറടിപ്പിക്കും. സന്തോഷ് പണ്ഡിറ്റൊക്കെ ഒരു പരിധിവരെ കാര്യമറിയാതെ ചെയ്തുകൂട്ടുന്നത് അതാണ്. ഗൗരവത്തോടെ പണം ഉണ്ടാക്കുന്ന മനുഷ്യൻ വില്ലനും വേലയും കൂലിയുമില്ലാതെ തമാശപറഞ്ഞ് നടക്കുന്ന ലീലാവിലാസിയായ പുരുഷൻ നായികയ്ക്ക് പ്രിയപ്പെട്ടവളും സാന്ത്വനവുമൊക്കെയായി മാറുന്ന ക്ലീഷേകൾ മലയാളത്തിൽ എന്ന് അവസാനിക്കുമോ എന്തോ? കേരളത്തിലെ സിനിമകളിലെ സ്ത്രീവാദപരിസരത്തിന്റെ ഭാവനാത്മക മുഖ്യ അജണ്ടകളിലൊന്ന് സ്ത്രീവിധേയത്വമാണ്. പെണ്ണിന്റെ സൗന്ദര്യമാണ് വിധേയത്വത്തിനടിസ്ഥാനം. പക്ഷേ സദാചാരസംഹിതകൾ അക്ഷരമ്പ്രതി വിടാതെ പാലിക്കുകയും ചെയ്യുന്നു. അതെന്തൊരദ്ഭുതം! ഒരുത്തന് അവന്റെ പെണ്ണു നഷ്ടപ്പെട്ടാൽ തീർന്നു എന്ന മട്ടിൽ ഒരു ഡയലോഗും സിനിമയിലുണ്ട്.. "അവന്റെ പെണ്ണ് "! യാന്ത്രികപുനരുത്പാദനത്തിന്റെ കാലത്ത് ഒറ്റ മാനങ്ങളിൽനിന്ന് (വൺ ഡയമെൻഷണൽ) അനുഭവങ്ങൾ സ്വരൂപിക്കാൻ ശ്രമിച്ചാൽ ഇതിലധികം കനമുള്ള പലഹാരം ഒന്നും എവിടെനിന്നും കിട്ടില്ലെന്നതാണ് സത്യം. അതിനെപൊക്കി അട്ടത്തു വയ്ക്കാതിരുന്നാൽ അത് അതിന്റെ ജീവിതം ജീവിച്ചോളും. അല്ലാതെ ഗംഭീരമായതിനെ കൂവി തോത്പിക്കുന്നു എന്നൊക്കെയുള്ള ആക്രാന്തനിശ്വാസങ്ങൾക്ക് സ്കോപ്പിവിടെയുണ്ടെന്നു തോന്നുന്നില്ല.
Add a comment...

ഭാര്യ എന്ന സീരിയലിൽ ഇന്നലെ സ്ത്രീയും പുരുഷനുമായ രണ്ട് പോലീസ് ഓഫീസർമാർ ഇരുന്ന് വളരെ ഗുരുതരമായ ഒരു കാര്യം ചർച്ച ചെയ്യുന്നതു കണ്ടു. മരിച്ചു എന്നു കരുതുന്ന ഒരാളെപ്പറ്റിയാണ്. അയാളെ പോലീസുകാരനും പേടിയാണ്. പക്ഷേ അയാൾ മരിച്ചിട്ടില്ലെന്ന് ഒരു വാർത്ത പരക്കുന്നുണ്ട്. സ്ത്രീയായ ഉയർന്ന ഉദ്യോഗസ്ഥ പറയുന്നു, എനിക്കു ജ്യോതിഷത്തിലൊന്നും വിശ്വാസമില്ലെങ്കിലും ഏതോ കോവിലിലെ തന്ത്രി ‘ഉഴിത്തിരൻ നമ്പൂതിരി‘ പറയുന്നത് അച്ചട്ടാത്രേ. അയാൾ പറഞ്ഞത്രേ, ലവൻ മരിച്ചിട്ടില്ല തിരിച്ചു വരും എന്ന്. അതുകൊണ്ട് താൻ ഒന്നു സൂക്ഷിച്ചോ എന്ന്. പറയുന്നത് അങ്കലാപ്പും സന്ത്രാസവുമായിരിക്കുന്ന മറ്റേ പോലീസുകാരനോടാണ്. കുറ്റാന്വേഷകരായ പോലീസുകാരാണിരുന്ന് തന്ത്രിയുടെ മഹത്വം പറയുന്നത്.

വെൺപാലവട്ടം ക്ഷേത്രത്തിൽ പുതിയൊരുതരം ചണ്ഡികാസഹസ്രയാഗം നടക്കാൻ പോകുന്നതിന്റെ പരസ്യം കെ എസ് ആർ ടി സി ബസിൽ വരെയുണ്ട്. നരസിഹ അഡിഗയുടെ നേതൃത്വത്തിൽ 200 ഓളം പൂജാരിമാ‍രിരുന്ന് ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന യത്നമാണ് പ്രസ്തുത യാഗം. (ഇവിടെങ്ങും ഉള്ള ആളാണെന്ന് തോന്നുന്നില്ല വരവാണ്...) ഈ ദിവസങ്ങളിലൊക്കെ പഴയ ഗ്രന്ഥങ്ങളിലുള്ള മന്ത്രം കൂട്ടായി പറയും കൂടെ അഗ്നിയിൽ നെയ്യ് എണ്ണ എള്ള് തുടങ്ങിയ തീറ്റിസാധങ്ങൾ എടുത്തിട്ട് കത്തിക്കുകയും ചെയ്യും.. കിലോ കണക്കിനാണ്. മനുഷ്യന് മറ്റു രീതിയിൽ തിന്നാനുള്ള വകകളാണ് ഇതുപോലെ എരിഞ്ഞു തീരുന്നത്. ഭാരതീയ ചിന്തയിൽ ‘ ഇദം ന മമ‘ എന്നും പറഞ്ഞ് തീയിൽ അർപ്പിക്കുന്ന തീറ്റിസാധങ്ങൾക്ക് പിടിച്ചാൽ കിട്ടാത്ത അർത്ഥമാണത്രേയുള്ളത്. ‘ഇവിടെ നമുക്ക് ലഭിക്കുന്നതു വല്ലതും നമ്മൾ കൊണ്ടുവന്നതാണോ‘ എന്ന് ചെയ്യുന്നവരെയും കാണുന്നവരെയും ഓർമ്മിപ്പിക്കുന്ന കലാപരിപാടിയാണത്. അങ്ങനെയാന് മനുഷ്യന്റെ വസ്തുവകകളിലുള്ള മമതബോധം ഇല്ലാതാക്കുന്നത് എന്നാണ് വയ്പ്പ്. ഈ ഉടമസ്ഥാവകാശത്തിൽ അധിഷ്ഠിതമായ മമതാബോധം ആരുടെതാണ്? അതില്ലാതാവുന്നതുകൊണ്ട് ആർക്കാണ് ഗുണം അതൊക്കെയാൺ അടിസ്ഥാനചോദ്യങ്ങൾ. പണ്ട് അതില്ല. ഇപ്പോൾ ചിന്തയ്ക്ക് കുറവൊന്നും ഇല്ല. എങ്കിലും ബസിനു പിറകേ പട്ടി ഓടുന്നതുപോലെ കുറച്ച് ഓടിയില്ലെങ്കിൽ നെടുമുടി വേണു മണിചിത്രത്താഴിൽ പറയുന്നതുപോലെ “മനസിനൊരു സമാധാനവുമില്ലാ..“

ക്ഷേത്രങ്ങളിൽ ഇടവിട്ട് ഇടവിട്ട് നടക്കുന്ന അർച്ചനകളും യജ്ഞങ്ങളും നോക്കിനിന്നാൽ ഒരു കാര്യം മനസിലാകും. ഒട്ടും ഉത്പാദനപരമല്ല സംഗതി. പ്രയോജനം കിടക്കുന്നത് വിശ്വാസത്തിൽ മാത്രമാണ്. കുറച്ചുപേർ രാവും പകലും ഇല്ലാതെ ഒരിടത്ത് കൂടിയിരുന്ന് എന്തൊക്കെയോ പറയുന്നു, ചെയ്യുന്നു. അതും നോക്കി കുറേ പേർ ഇരിക്കുന്നു.. അതിനുവേണ്ടുന്ന പണം കോടികളാണ്. ആളുകൾക്ക് അതു വച്ചുകൊടുക്കാൻ സന്തോഷമേയുള്ളൂ. എല്ലാവർക്കും അറിയാവുന്ന ഇക്കാര്യം പറയാനല്ല വന്നത്. ഇതിന്റെ ഒരു മിമിക്രിയാണ് ബിഗ്ബോസെന്നും പറഞ്ഞ് ടി വിയിൽ നടക്കുന്നതെന്ന് പറയാൻ വരികയായിരുന്നു. നോക്കുമ്പോൾ മൂന്നെണ്ണം അരയിൽ കയറുകെട്ടിയൊക്കെ കളിക്കുന്നു. പോളി മറ്റൊരുത്തനെ വാട്സാപ്പിലോ മറ്റോ ബ്ലോക്ക് ചെയ്തെന്ന് കള്ളം പറഞ്ഞതിനെപ്പറ്റി വേറൊരാൾ മറ്റൊരാളോട് സംസാരിക്കുന്നു. ക്ഷേത്രങ്ങളിലും പള്ളികളിലും വഴിപാടുകൊടുക്കുന്നവരെപ്പറ്റി രണ്ടുപേരിരുന്ന് നടത്തുന്ന വിശകലനം വാട്സാപ്പിൽ പറക്കുന്നു.. ആകെ ജഗപൊക! വിശകലനം നേരത്തേ പറഞ്ഞ രണ്ടിടത്തും പശ്ചാത്തലം ആത്മീയതയാണെങ്കിൽ ഇവിടെയത് ഭൗതികതയാണെന്ന വ്യത്യാസം മാത്രമെയുള്ളൂ. ഒരു പണിയും ഇല്ലാതെ 100 ദിവസം കുറേപേർ ഒരു വീട്ടിൽ കഴിഞ്ഞുകൂടുകയും അവർ പരദൂഷണം പറയുകയും തത്വം വിളമ്പുകയും കളിക്കുകയും ചെയ്യുന്നത് നാഴിക വിനാഴിക കണക്കിൽ വിളമ്പി കണ്ടുംകേട്ടുംകൊണ്ടിരിക്കുന്നത് മറ്റേ വകകൾ പോലെ പുണ്യം കിട്ടാനാണെന്ന് ആരും തട്ടി വിടുമെന്നു തോന്നുന്നില്ല. പിന്നെ? ജീവിതാവബോധം പൂത്തുലഞ്ഞ് പുഷ്കലമാകാനാണോ? പിന്നെ? മനുഷ്യൻ എന്ന പരീക്ഷണവസ്തുവിനെ വ്യത്യസ്തമായ സാഹചര്യത്തിൽവച്ച് അതിന്റെ പ്രതികരണങ്ങൾ സൂക്ഷമായി നോക്കിക്കണ്ട് പഠിക്കാനോ? ഒളിഞ്ഞു നോട്ടത്തിന്റെ സുഖമാണ് അടിസ്ഥാനപരമായി സാമാനം വിളമ്പികൊടുക്കുന്നത്. ചണ്ഡികാസഹസ്രയാഗം പോലെ കുറേപേരുടെ കോപ്രായങ്ങളും ഒന്നും ഉണ്ടാക്കുന്നില്ല. പക്ഷേ ആളുകൾക്ക് അതു സമ്മതിക്കാൻ മടിയാണ്.. ഭാവനയ്ക്കില്ലാത്ത മതിപ്പാണ് യാഥാർത്ഥ്യത്തിന്... ആത്മീയതയ്ക്കില്ലാത്ത പ്രതിബദ്ധതയാണ് ഭൗതികതയ്ക്ക്... കോപ്പാണ്!!
Add a comment...

അന്യഭാഷയിലെ സമാസങ്ങൾക്ക് പത്രങ്ങൾ വഴി മലയാളത്തിന്റെ സംഭാവന വരും കാലങ്ങളിൽ പ്രത്യേകം പഠിക്കേണ്ട വ്യാകരണമേഖലയാവുമെന്നാണൊരു തോന്നൽ. മാതൃഭൂമിയിലും മനോരമയിലും ഇംഗ്ലണ്ടിന്റെ ജയം 'വിൻ ഗ്ലീഷ്' എന്ന തലക്കെട്ടിലാണ്. ചെറിയ വ്യത്യാസം മനോരമയിൽ ദീർഘമില്ല (വിൻ ഗ്ലിഷ്) മാതൃഭൂമിയിൽ അതുണ്ട് (വിൻ ഗ്ലീഷ്). ഭാഷവച്ച് ദേശീയതയെ സംബോധന ചെയ്യുന്ന പതിവിനു കുഴപ്പമൊന്നുമില്ല. പക്ഷേ ഇതൊക്കെ ഇംഗ്ലീഷിന്റെ തന്നെ പദപ്പെട്ടിയിലേക്കാണല്ലോ എടുക്കാച്ചരക്കുകളായി ചെന്നു വീഴുക എന്നാലോചിക്കുമ്പോഴാണ്.. ഇംഗ്ലീഷ് എന്നാണ് മലയാളത്തിലെ പ്രയോഗം. ആ നിലയ്ക്ക് ഇംഗ്ലിഷ് എന്ന് മനോരമ ദീർഘം കുറച്ചെതെന്തിനാണോ എന്തോ? സ്വീഡൻ കാരുടെ കളിപോലെ ഇവിടെ ഭാഷാപരമായ ജാഗ്രതയില്ലായ്മതന്നെ പ്രശ്നം. മാതൃഭൂമിക്ക് ആ പ്രശ്നമില്ല. ഇംഗ്ലീഷിനുള്ള മലയാളവ്യാകരണത്തിന്റെ സംഭാവനയിൽ അവരു ഒരു ഗോൾ ഒരു ദീർഘംകൊണ്ട് കൂടുതലടിച്ചു. അല്ലെങ്കിൽ ഒരു ചീപ്പറ തലക്കെട്ടിന്റെ കാര്യത്തിൽ മനോരമയുമായി ഒത്തുകളിച്ചു എന്ന ആരോപണംകൊണ്ട് ആകെ നാറിവശംകെട്ടേനേ.. കഷ്ടിച്ചു രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ.
Add a comment...


രണ്ടാമതു ഹരിയോർമ്മ പുരസ്കാരം വിഷ്ണുവിനാണ്. ആദ്യത്തേതിനെപ്പറ്റിപോലും അറിയാതെ ഇതിപ്പോൾ രണ്ടാമതെത്തിയിരിക്കുന്നു. വിഷ്ണുവിനാണെന്നത് സന്തോഷകരമാണ്.അഭിനന്ദനങ്ങൾ.. വിഷ്ണുപ്രസാദിന്റെ ആദ്യസമാഹാരം ‘കളം+ പ്രാന്തത്തി‘ പ്രസിദ്ധീകരിക്കുന്ന സമയത്ത്, ഹരിയായിരുന്നു സ്വാഗതം പറഞ്ഞതെന്ന കാര്യംപോലും മറന്നുപോയിരിക്കുന്നു. ഇന്ന് ഇതൊക്കെ പ്രശാന്ത് കളത്തിൽ ഒരു പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചപ്പോഴാണ്. ‘ചിന്ത‘യിൽ അതിനെപ്പറ്റി എഴുതിയതൊക്കെ ഒന്നുകൂടി വായിച്ചു നോക്കി. അന്ന് ‘ചിന്ത‘ വെബ് മാഗസീന്റെ ഭാരവാഹിയും ആയിരുന്നു.
അതൊക്കെ ഒരു കാലം !
:)
ഒരു കാലം !!! - ആ വാക്ക് മനഃപൂർവം പറഞ്ഞതാണ്. ഹരിയുടെ ബ്ലോഗ് ഇപ്പോഴും ഉണ്ട്.. (മരിച്ചവന്റെ ലോകത്ത് മിച്ചമെന്താണ്?) അതിന്റെ ആമുഖവാചകം അവിടെത്തന്നെയുണ്ട് :

“പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന്‌ ആനന്ദത്തോടെ പറയുന്നത്‌ നിരന്തര പരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച്‌ തന്നെയല്ലേ?“

ഹരിയെ അത്ര പരിചയമില്ല. സിദ്ധാന്തം ഉറക്കെപ്പറയുന്ന കൊക്കുകളുടെ കൂട്ടത്തിനിടയിൽ കാക്കയായി ചെന്നിരുന്നിട്ടുണ്ട് എന്നല്ലാതെ.. പക്ഷേ ഈ വാക്യം.. അതിലെ ‘നിരന്തര പരാജയം‘ എന്നത് വേട്ടയാടുന്ന ഒന്നാണ്. സ്ഥാനത്തും അസ്ഥാനത്തും മനസിൽ കേറിവരും. ഹരി മറ്റെന്തോ ഉദ്ദേശിച്ചാണ് എഴുതിയിരിക്കുന്നത്. ഒരു പക്ഷേ അതു വ്യക്തിപരം‌പോലുമല്ല. ഒരു കൂട്ടം ഒന്നിച്ച് രാഷ്ട്രീയമായോ സാംസ്കാരികമായോ ഒക്കെ പരാജയപ്പെടുന്നതിനെപ്പറ്റിയാകാം. പക്ഷേ ‘പരാജയം‘ എന്ന വാക്ക് ഒറ്റപ്പെടുന്ന വ്യക്തികളുടെ സ്വന്തമാണ്. അത് ഇന്ന നിലയ്ക്കെന്ന് നമുക്ക് ആർക്കും വിശദീകരിച്ചുകൊടുക്കാനാവില്ല. നെറ്റ്ഫ്ലിക്സിലെ ലസ്റ്റ് സീരിസിലെ ഒരു എപ്പിസോഡിൽ അടിമസ്വഭാവമുള്ള രഹസ്യബന്ധം കൂട്ടുകാരനുമായി വച്ചു പുലർത്തുന്ന ഭാര്യയോട്, കഥകളൊന്നും അറിയാത്ത ഭർത്താവ് പറയുന്നു, ഒളിപ്പിച്ചുവയ്ക്കുന്ന രഹസ്യങ്ങളാണ് ഏകാന്തയ്ക്കു കാരണം എന്ന്. അയാൾ സ്വന്തമായൊരു തത്ത്വശാസ്ത്രം ഉണ്ടാക്കിയോ എന്നും ചോദിച്ച് ഭാര്യ പരിഹസിക്കുന്നും ഉണ്ട്. കുറ്റബോധം ഏകാന്തതയ്ക്കു കാരണമാകുന്നതിനെപ്പറ്റി മറ്റൊരു തത്ത്വശാസ്ത്രവും ഉണ്ട്. ആധുനികതയുടെ മധ്യാഹ്നത്തിൽ “ചിറകു നീർത്തുവാനാവാതെ തൊണ്ടയിൽ പിടക്കുന്ന ഏകാന്തരോദനത്തിന്റെ‘ മുലപ്പാലു കുടിച്ചാണു ഞങ്ങളുടെ തലമുറയ്ക്ക് പ്രായമായത്. ഉണ്ടാവും.. ഏകാന്തത ഞങ്ങൾക്ക് കൗമാരസിദ്ധമാണ്.. (തൂക്കുമരങ്ങൾ ഞങ്ങൾക്ക് എന്നു പറയും പോലെ)

പ്രശാന്ത് കളത്തിൽ, ഇന്ന് പഴയ ആ ഒന്നിച്ചു ചേരലിന്റെ ഓർമ്മ ഒരു പോസ്റ്റിലൂടെ ഉണർത്തിയ ദിവസം തന്നെയാണ് ‘എന്തുമാത്രം അടാറ് പരാജയമാണ് ഞാൻ‘ എന്ന ബോധത്തിലേക്ക് തമ്പാനൂരു ചെന്നു നിന്ന് ഉണർന്നതും. അവിടെ ‘മൈ സ്റ്റോറി‘ എന്ന പൃഥ്വീരാജ്- പാർവതി സിനിമകാണാൻ പോയതാണ്. സിനിമ കണ്ടില്ല. പറ്റിയില്ല. പകരം ഒരേ കല്ലിൽ തട്ടി പല പ്രാവശ്യം മൂക്കിടിച്ചു വീഴുന്നതിനെപ്പറ്റിയും മറ്റുള്ളവരുടെ നേർവഴി മുട്ടിക്കാൻ പാകത്തിൽ തൊലിയുരിഞ്ഞ് ജീവിക്കുന്നതിനെപ്പറ്റിയും ചിന്താവശനായി തിരിഞ്ഞു നോക്കുന്നു. കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും “നിരന്തരപരാജയത്തിന്റെ ഭൂതകാലം തന്നെയാണ്..“
അതും എമ്മാതിരി പരാജയം !
(ഒരർത്ഥത്തിൽ ഈ പോസ്റ്റു പോലും! 🤨)
Add a comment...

മതജീവിതത്തിനും സാമൂഹികജീവിതത്തിനും ഇടയിലുള്ള തിരഞ്ഞെടുപ്പിന്റെ സംഘർഷമാണ് ഒരു പക്ഷേ ഉമ്മറിന്റെ പോസ്റ്റിന്റെ ഹേതു. ( ലിങ്ക് താഴെ) പക്ഷേ യുക്തി ഒട്ടും ഉമ്മറിന്റെ കൂടെയല്ല, മദ്രസ്സയിലെ ആ ഉസ്താദുമാരുടെ കൂടെയാണ്. ആധുനികതയുടെ യുക്തി വേറേയാണ്. അവിടെ നിന്നുകൊണ്ട് മതത്തെ തന്റെ കൂട്ടിലേക്ക് - നിലപാടുതറയിലേക്ക് കേറ്റാൻ ശ്രമിക്കുന്നതൊക്കെ ഒരുതരം ഭാവനാ വിലാസമായി തീരുകയേ ഉള്ളൂ. മതത്തിന്റെ ആധുനികവത്കരണം ഏട്ടിലെ പശുക്കളാണ്, ബൈബിളോ ഗീതയോ വിലക്കുന്ന ഒരു ആചാരത്തെ അതേപടി സ്വീകരിച്ചുകൊണ്ട് വീണ്ടും ബൈബിൾ ക്ലാസിലോ ഗീതാക്ലാസിലോ പോകണം എന്നു ശാഠ്യം പിടിക്കുന്നതുപോലെയാണല്ലോ ചലച്ചിത്രാഭിനയത്തിനും പൊട്ടുതൊടലിനും ശേഷം വീണ്ടും മതം ഹൃദയംഗമമായി പഠിക്കാനായി മദ്രസ്സയിൽ പോകണമെന്ന് ആഗ്രഹിക്കുന്നതും. ഉമ്മർ സ്വാഭാവികമായും മതത്തിന്റെ നല്ലത് ചീത്ത എന്നീ രണ്ട് അംശങ്ങൾ വച്ചുകൊണ്ട് നല്ലതിന്റെ ഭാഗത്തുനിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ( മദ്രസയിൽ പഠിക്കുകയും എന്നാൽ മതപരമായ സഹിഷ്ണുതയോടെ ആധുനിക ജീവിഅതം നയിക്കുകയും..) പക്ഷേ അതിനങ്ങനെ രണ്ടു ഭാവങ്ങളൊന്നും ഇല്ലെന്നതാണ് സത്യം. അല്പം പോലും തെറ്റാതെ ഭൂതകാലപ്രമാണങ്ങളിൽ കടുത്ത, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസ്യത ആവശ്യപ്പെടുന്ന മതങ്ങളിൽ കുട്ടിക്കാലത്തേ കുട്ടികളെക്കൊണ്ട് തിരുകി വച്ചിട്ടു ഉസ്താദുമാരെ (പുരോഹിതന്മാരെ, പൂജാരികളെ ) കുറ്റം പറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ? മതം ഏതായാലും ഇതൊക്കെയാണവസ്ഥ..

തീർത്തും മതേതരമാണല്ലോ നമ്മുടെ വ്യവസ്ഥ. നമ്മുടെ സ്കൂളുകളുടെ കാര്യം നോക്കുക. കൗമാരത്തെ മൊത്തം യൂണിഫോമിനകത്ത് കേറ്റി നിർത്തുകയും മുടി വെട്ടിക്കുക, വസ്ത്രാദികളിലെ ഫാഷൻ ഒഴിവാക്കുക തുടങ്ങിയ നിഷ്ഠകൾ കർശനമായി പാലിച്ചു വരുന്നുണ്ട് 2000 നു ശേഷമുള്ള കേരളം. ജനാധിപത്യവും ആധുനികമായ പൗരബോധവും ഉറച്ചിട്ട് ഏതെങ്കിലും കുട്ടി യൂണിഫോം എന്ന അനുഷ്ഠാനം ഒഴിവാക്കിയാൽ സ്കൂളുകളിൽ നിന്നും പുറത്താവും. അവിടത്തെ പുരോഹിതർ ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് അയാൾക്ക് വിലക്ക് നടപ്പിലാക്കും. ഉറപ്പല്ലേ? ഇപ്പോൾ പ്രാർത്ഥനപോലും മ്ലേച്ഛമാണെന്ന് വച്ചിട്ട് കേരളഗാനം പ്രാക്ടീസ് ചെയ്യുന്ന സ്കൂളുകളിലെ സ്ഥിതിയിതാണ്. അപ്പോഴാണ് ഒരു മദ്രസ്സ. ആധുനികസമൂഹം ഇത്രമേൽ ആചാരനിഷ്ഠമാണെങ്കിൽ ആധുനികശാസ്ത്രയുക്തികളൊന്നും നേരാവണ്ണം പഠിച്ചിട്ടില്ലാത്ത പാവം മതങ്ങളെ, അവറ്റകളുടെ അജ്ഞതയെയും ഹുങ്കിനെയും മുൻനിർത്തി 'ജീവിച്ചു പൊയ്ക്കോട്ടെ, ഇനി എത്രകാലം!' എന്ന നിലയ്ക്ക് വെറുതേ വിട്ടുകൂടേ? കുറഞ്ഞപക്ഷം, നമുക്കു പറ്റിയതല്ലെങ്കിൽ കൂട്ടുകൂടാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണ്ടേ?
Add a comment...

ബ്ലോഗിലൂടെ അദ്ധ്യപികമാരെ അധിക്ഷേപിച്ചു എന്ന പി ടി എ വൈസ് പ്രസിഡന്റിന്റെ പരാതിയെ തുടർന്ന് റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി മുകളിലേക്ക്, വ്യക്തമായി പറഞ്ഞാൽ മന്ത്രിയാപ്പീസിലേക്ക് വിട്ട ഒരു റിപ്പോർട്ട് വിവരാവകാശം വഴി എടുത്തത് ഇവിടെ ഇരിപ്പുണ്ട്. ബ്ലോഗ് എന്താണെന്നോ അതിലെന്താണ് എഴുതിയിരിക്കുന്നതെന്നോ എന്താണ് അതിൽ കുറ്റകരമായിട്ടുള്ളതെന്നോ പ്രസ്തുത ഡയറക്ടർക്ക് അറിയില്ല. പകരം എന്താണ് ബ്ലോഗ് എന്നതിനുള്ള നിർവചനമൊക്കെ എഴുതി വച്ചിട്ട്, അതിന്റെ മഹത്വമൊക്കെ അതേപടി പകർത്തി വച്ചിട്ട് അവസാന വരിയിൽ വേണമെങ്കിൽ ബ്ലോഗെഴുത്തുകാരനെ സ്ഥലം മാറ്റാവുന്നതാണ് എന്നാണ് നിഗമിച്ചിരിക്കുന്നത്. എന്തിന്? അത്തരം ചോദ്യങ്ങൾ സർക്കാർ സംവിധാനത്തിലില്ല. ഇതാരെങ്കിലും വായിച്ചു നോക്കുമെന്നും തോന്നുന്നില്ല. വായിച്ചാൽ മനസിലാവുന്നതായി അതിലൊന്നും ഇല്ല. അതായത് പരാതിക്ക് ആസ്പദമായ ബ്ളോഗോ (അതു പരാതിക്കാരനും അറിയില്ല, അയാൾ ‘ഫ്ലോഗ്‘ എന്നൊക്കെയാണ് പറയുന്നത്..) പരാതിയുടെ കാതലോ ഒന്നും അന്വേഷണ വിധേയമാവുന്നില്ല. ഉയർന്ന ഉദ്യോഗസ്ഥന്റെ/സ്ഥയുടെ ടി വിഷയത്തിലുള്ള അറിവുപോലും പരിഗണനാവിഷയമാകുന്നില്ല. ആലോചിച്ചാൽ വല്ലാത്ത ദുരന്തവും പ്രഹസനവുമാണിത്. പക്ഷേ ആരും ആലോചിക്കില്ല. അതു നിർബന്ധമാ..

കോടിയേരിയെ വിമർശിച്ചതിന്റെ പേരിൽ- അല്ല. പോസ്റ്റ് ഷെയർ ചെയ്തതിന് - ജീവനക്കാരനു സസ്ൻപെൻഷൻ നൽകിയതുമായി ബന്ധപ്പെട്ട് ഇന്നലെ എൻ ജി ഓ അസോസിയേഷൻ ധർണ്ണ നടത്തിയിരുന്നു. അനുകമ്പ മുൻ നിർത്തി സർക്കാർ നിയമനങ്ങൾ നടത്തുമ്പോൾ ജോലിയില്ലാതെ പി എസ് സി പരീക്ഷയെഴുതി കാത്തിരിക്കുന്ന ആയിരങ്ങളുടെ ഭാവിയെന്താവും എന്ന ചോദ്യമാണ് സർക്കാറിനെതിരെയുള്ള വിമർശനമായി തീർന്നതെന്ന് പത്രം എഴുതുന്നു. സ്വാഭാവികമായ ഒരു ആശങ്കയാണത്. ഏതു സമയവും രാഷ്ട്രീയമായി വഴിതെറ്റാവുന്ന ഒരു നയവുമാണത്. അനുകമ്പയും സഹതാപവും സർക്കാർ ഭാഗത്തു നിന്ന് വേണ്ടെന്നു പറയാനാവില്ല. കുറച്ചുപേരത് അർഹിക്കുന്നുമുണ്ട്. പക്ഷെ കാര്യങ്ങളിൽ ഒരു പൊതുനയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇതുപോലെ സർക്കാർ സർവീസിൽ കയറിപ്പറ്റിയവർ നിസ്സാരരോഗങ്ങളുടെ പേരിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവിഹിതമായ സ്ഥലമാറ്റ സൗജന്യങ്ങൾ വാങ്ങിക്കൂട്ടുന്നത് അങ്ങാടിയിൽ പാട്ടാണ്. ആ ഒരൊറ്റ പ്രശ്നത്തിലാണ് ഹയർ സെക്കന്ററി സ്ഥലം മാറ്റം വർഷങ്ങളായി കോടതിയും കേസും അനോമിലിയുമായി നീളുന്നത്. ഇതൊക്കെ നടപ്പുശീലമായിരിക്കുമ്പോഴും ശരികേടുകൾ ചൂണ്ടിയാൽ അയാൾ ശിക്ഷിക്കപ്പെടും എന്നു കൂടി വരുന്നത് ദ്രാവിഡ് പറയുമ്പോലെ എന്തൊരു കഷ്ടമാണ് ! നേരത്തെ സർക്കാറിനെ വിമർശിക്കാൻ പാടില്ലായിരുന്നുവെങ്കിൽ ഇപ്പോൾ പാർട്ടി സെക്രട്ടറിയെയും വിമർശിക്കാതെയായിരിക്കുന്നമട്ടിൽ ജനാധിപത്യം വളർന്ന് പൂത്തുലയുന്നു.
കുറ്റങ്ങൾ കണ്ടു പിടിക്കുന്നതിന്റെയും അന്വേഷണത്തിന്റെയും ഒരു മാതൃകയാണ് ആദ്യം മുകളിൽ കൊടുത്തത്. നിയമങ്ങൾ അണുവിട തെറ്റാതെ നടപ്പിലാക്കാൻ വിധിക്കപ്പെട്ട ഉദ്യോഗസ്ഥക്രമങ്ങൾ.. ഇതിലൂടെ കടന്നുപൊയി നിരപരാധിത്വം തെളിയിച്ച് കാലുപിടിച്ച് അകത്തു കയറണം.. പോലീസ് സ്റ്റേഷനുകളിലെ സ്പോൺസേർഡ്- അബ്സേർഡ് കൊലക്കുറ്റങ്ങളിലും സംശയിക്കപ്പെടുന്നവർക്ക് ഇതുതന്നെ ശിക്ഷ. സസ്പെൻഷൻ ! ശരിക്കുമൊരു വാഴയ്ക്കാ ജനാധിപത്യത്തിന്റെ മണം വീശുന്നില്ലേ?
Add a comment...

ആയിരത്തിലധികം പാസുകൊടുത്ത് സ്പെയിൻ ഇന്നലെ റിക്കോർഡ് ഇട്ടപ്പോൾ കളി ബോറായി. 5 ഗോളെങ്കിലും രണ്ട് മൂന്നെന്നോ നാല് ഒന്നെന്നോ മട്ടിലടിച്ചാലും രസമാണ്. ഓരോ ഗോളിനും ശേഷമുള്ള കാണികളുടെ ആവേശം കമന്ററി ബോക്സിന്റെ ആവേശം കോച്ചിന്റെ ആവേശം വിശകലനം എതിരാളികളുടെ നിരാശ വിജയാളികളുടെ തോറ്റം പാട്ട്.. ഇന്നലെ പിന്നിലേക്കും സമാന്തരമായും സ്പെയിനികൾ കിണ്ടിക്കളിക്കുമ്പോൾ ഇതൊന്നുമില്ല. കോട്ടുവായിട്ട് കീഴ്ത്താടി നോവാൻ തുടങ്ങി. ഗാലറിയിലിരുന്ന് ആളുകൾ ബെർഗർതിന്നാൻ തുടങ്ങി. കളിയിലോ ആവേശമില്ല തീറ്റിയിലെങ്കിലും അതുണ്ടാവട്ടെ എന്ന് ഷൈജു ദാമോദരന്റെ കുത്തുവാക്ക്...

ബോറടിപ്പിച്ച് ഊപ്പാടാക്കിയ കളിയാണ് പിന്നെയും എക്സ്ട്രാ ടൈമിലേക്ക് നീളുന്നത്. നോക്കുമ്പോൾ ആ സമയത്തും മുൻപ് ലോകത്തെ കിടുകിടാ വിറപ്പിച്ച സ്പെയിങ്കാരന്മാർ വന്നു നിന്നു പാസു തട്ടി കളിക്കുന്നു. ഒന്നരമണിക്കൂർ സമയം കിട്ടിയിട്ടും ഗോളടിക്കാതെ നീട്ടിപ്പരത്തിയവർക്ക് വീണ്ടും അതേ പരത്തലിനായി സമയം നീട്ടിക്കൊടുക്കുന്നത് അക്രമമാണ്. ക്രൂരതയാണ്. ചൈനീസാണ്.. രണ്ടുവർഷം ക്ലാസിലിരുന്നിട്ടും 18 മാർക്ക് എഴുതി വാങ്ങിക്കാൻ പറ്റാത്ത എന്തിരവന്മാർക്ക് 2 ആഴ്ച സമയം കൊടുത്ത് സേ പരീക്ഷ എഴുതിക്കുമ്പോലെയൊരു തമാശയാണത്. ഫിഫ കേൾക്കുന്നുണ്ടോ? നോക്കൗട്ടിൽ സീറോ സീറോയോ - ഒന്നോ ഒന്നോ - സമനിലയാണെങ്കിൽ ടിക്കെറ്റെടുത്തും ഉറക്കം കളഞ്ഞും ഇരിക്കുന്ന മനുഷ്യരെ ബോറടിപ്പിക്കാതെ നേരെ പെനാലിറ്റിയിലേക്ക് പോകണം. അടിക്കാരനും പിടിക്കാരനും തമ്മിലുള്ള ഏർപ്പാടണല്ലോ അടിസ്ഥാനപമായി ഫുട്ബോളം. പറഞ്ഞു വന്നാൽ കിരിക്കറ്റും അതുതന്നെ. ബാക്കിയൊക്കെ വച്ചുകെട്ടുകളാണ്. കുലിക്കിക്കുത്തു വഴി വിജയിയെ തെരെഞ്ഞെടുക്കുന്നതും ഉചിതം തന്നെ. അതു മതി. വേറെ ഡെക്കറേഷനൊന്നും വേണ്ട. ഫിഫ കേൾക്കുന്നുണ്ടോ?
Add a comment...

പൂവല്ല പൂന്തളിരല്ലാ... മാനത്തെ മഴവില്ലല്ലാ...........എന്ന്...

പോസ്റ്റ് ഏതായാലും കേറി ഗോളടിക്കുന്നത് മൊത്തം ഷൈജു ദാമോദരനാണ്..!!!
Add a comment...

ജൂൺ 21 നാണ് പതിനൊന്നാം തരം ക്ലാസുകൾ ആരംഭിച്ചത്. ഇത്തവണ പ്ലസ് വൺ, പ്ലസ് ടു പരീക്ഷാഫലങ്ങൾ നേരത്തെ വന്നു. അതിന്റെ അഭിമാന-സന്തൊഷങ്ങൾക്കൊപ്പം വേറൊരു കെണി പിണഞ്ഞു. അതായത്, പ്ലസ് വൺ ക്ലാസുകൾ തുടങ്ങേണ്ട സമയത്തുതന്നെ പരീക്ഷാ അനുബന്ധ ജോലികളും അദ്ധ്യാപകർക്ക് വന്നുപെട്ടു. പരീക്ഷ കഴിഞ്ഞാൽ പിള്ളേർക്ക് വർഷം നഷ്ടപ്പെടാതിരിക്കാൻ, സേവ് എ ഇയർ എന്ന ‘സേ‘. പരീക്ഷാപേപ്പർ നോട്ടത്തിലെ ക്രമക്കേടുകൾ പരിഹരിക്കാൻ പുനർ മൂല്യ നിർണ്ണയം. പ്ലസ് വൺ പരീക്ഷയെഴുതിയവർക്ക് ഇമ്പ്രൂവ് മെന്റ്, ജയിച്ച് കോളേജിലേക്ക് പോകുന്നവർക്ക് മാർക്ക് ലിസ്റ്റ് വിതരണം, ടി സി കൊടുക്കൽ... പുതിയ ക്ലാസുകൾ 21 തുടങ്ങിയെങ്കിലും ഏകജാലകം വഴി സ്കൂളു മാറി വരുന്നവർക്കും കോഴ്സുമാറുന്നവർക്കും പ്രവേശനം, സ്കൂളിൽനിന്നു മാറിപോകുന്നവർക്കുള്ള സർട്ടിഫിക്കേറ്റു വിതരണം, പിടിഎ ഫണ്ടിത്യാദികൾ തിരിച്ചുകൊടുക്കൽ.. സ്കൂളുകളിൽ ആകെ ജഗപൊക...

ചുരുക്കത്തിൽ പ്ലസ് വൺ ക്ലാസു തുടങ്ങിയാലും അദ്ധ്യാപകർക്കു ക്ലാസിൽ പോകാൻ നേരമില്ലാതായി. പരീക്ഷാ സൂപ്പർ വിഷനും പേപ്പർ നോട്ടവുമൊക്കെയായി സ്കൂളിൽതന്നെ പോകാൻ പറ്റുന്നില്ല. കാര്യക്ഷമമായി പരീക്ഷ നടന്നതുകൊണ്ടോ സമയബന്ധിതമായി ഫലം പുറത്തുവന്നതുകൊണ്ടോ ഉള്ള പ്രയോജനം മൊത്തം പോയി. പത്താം ക്ലാസ് ജയിച്ച് ഉത്കണ്ഠയോടെ പുതിയ സ്കൂളിൽ പദമൂന്നിയിരിക്കുന്ന കൗമാരക്കാർ കാണുന്നത് വെറുതേ കിടക്കുന്ന ക്ലാസുകളാണ്. കൂടുതൽ സമയവും പ്പി ടി അല്ലെങ്കിൽ ബഹളമുണ്ടാക്കാതെ ക്ലാസിൽ തന്നെ ഇരിക്കുക. അവധി കൊടുക്കാമെന്നു വച്ചാൽ എത്ര ദിവസം കൊടുക്കും? അദ്ധ്യാപകരില്ല. ഇന്നലെ ഒരു വീട്ടിൽ ചെന്നപ്പോൾ അവിടത്തെ അമ്മൂമ്മ ഭയങ്കര ബഹളം. അവിടത്തെ കൊച്ചിന്റെ പുതിയ സ്കൂളിൽ കഴിഞ്ഞ ഒരാഴ്ചയായി സാറന്മാർ ഇല്ലത്രേ. 10 വരെ അൺ എയിഡഡ് സ്കൂളിൽ പ്രശസ്തമായി നിലയിൽ കൊച്ചിനെ പഠിപ്പിച്ചിട്ട്, പ്രതിബദ്ധത നിമിത്തവും മറ്റും സർക്കാർ സ്കൂളിൽ കൊണ്ടു ചേർത്തപ്പോൾ കിട്ടിയ അനുഭവം ഇതാണത്രേ. തുടക്കം തന്നെ ഇങ്ങനെയായാൽ കൊച്ചിന്റെ ഭാവിയെന്താവും എന്നാണ് ആയമ്മയുടെ ചോദ്യം. ആദ്യത്തെ ആഴ്ച സ്കൂളിൽനിന്നു ലഭിച്ച അനുഭവത്തിൽ തകർന്നിരിക്കുകയാണ് പ്രസ്തുത കുടുംബം.. അപ്പോഴേ ആയമ്മ മകനോട് പറഞ്ഞതാണ് പത്രവാർത്തയൊന്നും കണ്ട് പ്രതിബദ്ധനാവല്ലേ ആവല്ലേ എന്ന് കേട്ടില്ല. ഇപ്പോൾ അനുഭവിച്ചോ.. !!! എന്നാണ് പ്രാക്ക്.

കുറേ വിശദീകരിക്കേണ്ടി വന്നു എന്താണ് സംഭവം എന്ന്, പഴയതുപോലെ അദ്ധ്യാപകരാരും ക്ലാസിൽ വരാത്തതല്ല, ഇതാണ് കാര്യം എന്നൊക്കെ. എന്തൊക്കെ അവകാശപ്പെട്ടാലും, ഒരു സ്ഥാപനത്തിലെയും ആളൊഴിഞ്ഞ കസേരകൾ കണ്ട് പൊതുജനം നല്ല അഭിപ്രായം പറയുമെന്നു വിചാരിക്കുന്നത് ശരിയല്ല. സ്കൂൾ പ്രവേശനം, പരീക്ഷാ നടത്തിപ്പ്, പുനർമൂല്യ നിർണ്ണയം, ടി സി കൊടുപ്പ്, സർട്ടിഫിക്കേറ്റ് വാങ്ങി വയ്പും വിതരണവും, യൂണിഫോം വിതരണം, എൻ എസ് എസി (നാഷണൽ സർവീസ് സ്കീം എന്ന ഉടായിപ്പ്) ന്റെയും മറ്റും ആഭിമുഖ്യത്തിലുള്ള പ്രോജക്ട് കൊണ്ടു പിടിച്ച് നടപ്പാക്കൽ, വായനാമാസം, പ്രവേശനോത്സവം, ലഹരി വിരുദ്ധത തുടങ്ങിയ ആചരണങ്ങൾ ... പ്ലസ് വൺ പൊതു വാർഷിക പരീക്ഷ സ്കൂളുകൾക്ക് ഉണ്ടാക്കിവയ്ക്കുന്ന ബാധ്യത ചെറുതല്ല. (മുൻപ് അതില്ലായിരുന്നു) എല്ലാം കൂടി ഒരാഴ്ചയിൽ കൊണ്ടുവന്നുകെട്ടിയാൽ പാലം പൊളിയും.

എല്ലാം കൂടി ( നടന്നോളും എന്നു വിചാരിച്ച് ) കുത്തിത്തിരുകുക എന്നാണിതിനെ പറയേണ്ടത്. ഈ ലോകത്ത് കോടാനുകോടി രോഗാണുകളുണ്ടായിട്ടും മനുഷ്യൻ അദ്ഭുതകരായി അവറ്റകളെ വെട്ടിച്ചു ജീവിച്ചു പോകുന്നില്ലേ? അതുപോലെയൊരു സർക്കസാണ്, ഓഫീസ് സ്റ്റാഫ് എന്നൊരു സംവിധാനമേയില്ലാത്ത ഹയർ സെക്കന്ററിയിൽ ഇതെല്ലാം ഞാണിന്മേൽ കളിപോലെ നടന്നുപോകുന്നത്.. കാര്യങ്ങൾ എങ്ങനെ എന്ന് ആരും അറിയുന്നില്ലെങ്കിലും എങ്ങനെയെങ്കിലുമൊക്കെ വർഷാവർഷം സംഗതികൾ അവിടെ നടന്നുപോകുന്നുണ്ട്.. അതു മതി..
Add a comment...
Wait while more posts are being loaded