കേരള പരിപ്രേക്ഷ്യ രൂപരേഖ - 2030  (Kerala Perspective Plan - 2030 - ഇത് ഇങ്ങനെ തന്നെയാണോ എന്തോ വിവർത്തിക്കേണ്ടത് !)  ന്റെ കരട്  കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടലിൽ നല്ല ജിൽ ജിൽ ന്ന് ലഭ്യമാണ്. അടുത്ത ഇരുപതു കൊല്ലത്തെ കേരളത്തിന്റെ വികസന മാതൃകകളെ വാർത്തെടുക്കാൻ വേണ്ടിയുള്ള ഒരു ഗംഭീര ശ്രമമാണത്. തീർച്ചയായും വിവിധ മേഖലകളിലായി വർഗ്ഗീകരിച്ചിരിക്കുന്ന അതിലെ മുൻഗണനകളെ പറ്റി തർക്കങ്ങളും വിയോജിപ്പുകളുമുണ്ടാവാം.  എന്നാലും സാകല്യേനയുള്ള ഒരു ദീർഘകാല വീക്ഷണം രൂപപ്പെടുത്താനും അത് ജനസാമാന്യത്തിനെത്തിക്കാനുമുള്ള ആ ശ്രമത്തെ അഭിനന്ദിച്ചേ മതിയാവൂ. 

ഒക്ടോബർ 21 മുതൽ നവംബർ 8 വരെ നമുക്കെല്ലാവർക്കും നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ആ സൈറ്റിൽ ഉണ്ടായിരുന്നു. ഇവിടെയാണ്  എനിക്ക്  സങ്കടമുള്ളത്. ഇത്രയും ഗ്രാന്റ് ആയ ഒരു വീക്ഷണത്തെ പറ്റി അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ പൊതു ജനങ്ങൾക്ക് അഭിപ്രായം  പറയാൻ വെറും 19 ദിവസം മതിയോ? ഞാൻ  ഇതിനെ പറ്റി അറിഞ്ഞതു തന്നെ ഇന്നലെയാണ്. അതു പോലെ ഒട്ടനവധി ആൾക്കാർ വളരെ വൈകി അറിഞ്ഞവരായിരിക്കും. അല്ലെങ്കിൽ ഇനിയും അറിയാത്തവരുണ്ടാവും. 918 പേജുകളുള്ള ആ ഡോക്യുമെന്റ് ഒരാവർത്തിയെങ്കിലും ഒന്ന് മനസ്സിരുത്തി വായിക്കാൻ തന്നെ രണ്ടു മൂന്നു ദിവസമെടുക്കും. അതിനെ പറ്റി ചിന്തിക്കാനും ചർച്ചകൾ സംഘടിപ്പിക്കാനും ആശയ രൂപീകരണം നടത്താനും ആഴ്ചകളെടുക്കും. പെരിഫെറൽ ആയ ചിന്തകൾ പോരല്ലോ അഭിപ്രായങ്ങളായി സമർപ്പിക്കേണ്ടത്.

എന്നിരുന്നാലും സൈറ്റിലെ കമന്റ് ബോക്സ് ഇപ്പോഴും തുറന്നു കിടക്കുന്നുണ്ട്. ആരെങ്കിലും നോക്കുമോ എന്നറിയില്ല. ഐഡിയാ ബോക്സ് എന്ന ഒരു ഓപ്ഷൻ മുഖ്യമന്ത്രിയുടെ സൈറ്റിലുമുണ്ട്

അതു കൊണ്ട്, ഒരു പ്രചാര വേല പോലെ ഇത് ഒരു ചർച്ചയാക്കുക. സോഷ്യൽ മീഡിയ വഴി ഓരോരോ മേഖലകളിൽ അഭിപ്രായ രൂപീകരണം നടത്തുക. നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളും സംഘടനകളുമൊക്കെ വഴി സർക്കാറിനെ നമ്മുടെയൊക്കെ അഭിപ്രായങ്ങൾ കേൾക്കുവാൻ നിർബന്ധിതരാക്കുക. കഴിയുന്നിടത്തോളം അഭിപ്രായങ്ങൾ ഐഡിയാ ബോക്സിലും കരട് രേഖയുടെ കമന്റ് ബോക്സിലും ഇടുക. വേറേ ആർക്കും വേണ്ടിയല്ല. നമുക്കെല്ലാം വേണ്ടി തന്നെ. ഇത്തരമൊരു സുവർണ്ണാവസരം പാഴാക്കിയിട്ട് പിന്നെ കരഞ്ഞിട്ട് കാര്യമില്ല. 

സഖാക്കളേ, സുഹൃത്തുക്കളേ, സഹോദരങ്ങളേ, വരുവിൻ കമന്റിടുവിൻ (ഇവിടെയല്ല.. ലവിടെ) !

ലിങ്കുകൾ താഴെ.

വിഷൻ 2030 - http://www.kerala.gov.in/index.php?option=com_content&view=article&id=4720&Itemid=2919

ഐഡിയാ ബോക്സ് (മുഖ്യമന്ത്രിയുടെ സൈറ്റ്) : http://www.keralacm.gov.in/index.php/component/content/article/51-vision/90-vision-2030-idea-box

#kerala2030
Shared publiclyView activity