Profile cover photo
Profile photo
Calvin H
7,170 followers -
another free human being
another free human being

7,170 followers
About
Posts

Post has attachment
Add a comment...

അറുബോറും അശ്ലീലവുമായ സിനിമാക്കാഴ്ചകളിൽ നിന്ന് ഒരു ‌മോചനമാണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും'. സിനിമയെക്കുറിച്ച് കൂടുതൽ അഭിപ്രായം എഴുതേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഓണലൈനിൽ പൊതുവെ മികച്ച അഭിപ്രായങ്ങൾ മാത്രമേ കാണുന്നുള്ളൂ. മഹേഷ് പോലെ സിനിമാറ്റിക് ആയ ഫൺ പ്രതീക്ഷിച്ചു പോയ ഒരു പക്ഷത്തിന്റെ നേരിയ നിരാശ മാത്രം അപൂർവമായി കാണാം. അതൊഴിച്ചു നിർത്തിയാൽ അനേകം നല്ല അഭിപ്രായങ്ങൾ ആണ് ചുറ്റും. ഓൺലൈനിലെ അഭിപ്രായങ്ങൾ ടിക്കറ്റ് വില്പന ആയി മാറണമെന്നില്ല എന്നത് കൊണ്ട് കാണാൻ താല്പര്യമുള്ളവർ പിന്നത്തേയ്ക്ക് മാറ്റിവെയ്ക്കാതെ എളുപ്പമെളുപ്പം തിയേറ്ററിലേയ്ക്ക് ചെല്ലുന്നതാവും ഉചിതം.

നിരവധി രീതിയിൽ ആസ്വദിക്കാനും ആസ്വാദനം എഴുതാനും സാധിക്കുന്ന സിനിമ ആണ് തോണ്ടിമുതൽ. കഥാപാത്രങ്ങൾ തമ്മിലുള്ള പവർ റിലേഷനെ മുൻ നിർത്തി എഴുതാം. മനുഷ്യാവസ്ഥ എന്ന നിസ്സഹായതയെ മുൻ നിർത്തി എഴുതാം. ബ്യൂറോക്രസിയും അധികാരവും മുൻ നിർത്തി കാഫ്കസ്കു ആയ നിരീക്ഷണങ്ങൾ ആവാം. പൂർണമായും ഏയ്സ്തറ്റിക് ആയ ആസ്വാദനം എന്ന നിലയിൽ ചെറിയ സംഭവങ്ങളും കഥയും ഉപയോഗിച്ച് പതിയെ ലെൻസിന്റെ വട്ടം വലുതാക്കി വലിയ ലോകത്തെ എങ്ങിനെ സംവിധായകൻ കാഴ്ചക്കാരനു മുന്നിലേക്ക് തുറന്നു വെയ്ക്കുന്നു എന്ന് വിശദമായി പഠിക്കാം. സ്ഥലത്തെയും സമയത്തെയും വിദഗ്ധമായും എന്നാൽ കാഴ്ചക്കാരനു മനസിലാക്കാൻ ബുദ്ധിമുട്ടില്ലാത്ത വിധം ലളിതമായും സിനിമയെന്ന കാന്വാസിലേയ്ക്ക് എങ്ങിനെ പകർത്തിയിരിക്കുന്നു എന്നതും പ്രധാനമാണ്. ഇവയിലേതെങ്കിലും ഒന്നിൽ ഒതുങ്ങാതെ ഒരേ സമയം എല്ലാ വശങ്ങളെയും പരിചയപ്പെടുത്തുന്ന ആസ്വാദനം മാത്രമേ ഈ സിനിമയെ സംബന്ധിച്ച് പൂർണമാകൂ.

അത്തരമൊന്നെഴുതാൻ തൽക്കാലം അശക്തനായത് കൊണ്ട് ഒരേ ഒരു രംഗത്തെ മുൻ നിർത്തി ഒരു ചെറിയ മാർക്സിയൻ വായന മാത്രം പങ്കു വെയ്ക്കുന്നു. രണ്ട് മനുഷ്യർ തമ്മിൽ ചെറിയ തർക്കം ഉന്തിലും തള്ളിലും കലാശിച്ചത് പരിഹാരത്തിനായി പോലീസ് സ്റ്റേഷനിലെത്തുന്ന ഒരു രംഗം. ഒരു കമ്പനിയുടെ മൊബൈൽ ടവർ തന്റെ പറമ്പിൽ സ്ഥാപിച്ച് ചെറിയ അധികവരുമാനം നേടാം എന്ന് ഒരാൾ കരുതുന്നു. ( supposedly) പാരിസ്ഥിതിക പ്രത്യാഘാതമോർത്ത് അയാൾ അത് വേണ്ടെന്ന് വെയ്ക്കുന്നു. അയാളുടെ അയൽക്കാരൻ അവസരം മുതലാക്കി ടവർ സ്വന്തം പറമ്പിലാക്കുന്നു, താമസം വേറെ വീട്ടിലാക്കുന്നു. ആദ്യത്തെയാളുടെ പരാതി 'ഇപ്പൊ വരുമാനം മൊത്തം അയാൾക്കും റേഡിയേഷൻ മൊത്തം എനിക്കും ' എന്നാണ്. (മൊബൈൽ ടവർ ശരിക്കും പാരിസ്ഥിതിക അപകടമാണോ എന്നത് ഇവിടെ വിഷയത്തിനു പുറത്താണ്).

മൂലധനം ഇന്ന് മനുഷ്യരോട് ചെയ്യുന്നത് ഇതാണ്. ബംഗാളിൽ ഒരു കാർഫാക്റ്ററി സ്ഥാപിക്കാൻ സർക്കാർ പരമാവധി സഹായം ചെയ്തില്ലെങ്കിൽ ഗുജറാത്ത് അത് ചെയ്യും. കേരളം മുൻ പിൻ ചിന്തിക്കാതെ വിഴിഞ്ഞം പദ്ധതി അപ്രൂവ് ചെയ്തില്ലെങ്കിൽ തമിഴ്‌നാട് അത് കൊണ്ടുപോകും എന്നതാണ് ഭീഷണി. ഇവിടെ കോമൺ ഇന്ററസ്റ്റ് എന്നത് ചിന്തിക്കാൻ മനുഷ്യർക്ക് അവകാശമില്ല. ന്യൂക്ലിയാർ പ്ലാന്റായാലും തുറമുഖമായാലും അതിന്റെ തിന്മയും നന്മയും ഒരുമിച്ച് അനുഭവിക്കേണ്ടവരാണ് കേരളത്തിൽ ഉള്ളവരും തമിഴ്നാട്ടിൽ ഉള്ളവരും. കേരളത്തിൽ പ്രകൃതിനശീകരണം നടന്നാൽ തമിഴ്നാടിനു കൂടെ ഭീഷണിയാണ്, തിരിച്ചും. പദ്ധതികൾ കൊണ്ടുള്ള ഗുണവും ഉണ്ടെങ്കിൽ ഇരുകൂട്ടർക്കും അവകാശപ്പെട്ടതാകണം, അതാണ് ശരി. അല്ലെങ്കിൽ തന്നെ കേരളത്തിൽ ഉള്ളവർ തൊഴിലിനു ചെന്നൈയിലും കോയമ്പത്തൂരും പോകുമ്പോൾ തമിഴ്നാട്ടുകാർ പല ആവശ്യങ്ങൾക്കും കേരളത്തിലും താമസത്തിനെത്തുന്നു. പരസ്പരസഹകരണമുണ്ടാകേണ്ടിടത്ത് അനാവശ്യമായ പരസ്പരമൽസരമാണ് ഉണ്ടാകുന്നത്. ഗ്ലോബലൈസേഷനു ശേഷം ഇത് വർദ്ധിക്കുകയാണ് ചെയ്യുന്നത്. മൂലധനത്തിനു സ്വന്തം താല്പര്യങ്ങൾ നടക്കണമെന്നേയുള്ളൂ. മനുഷ്യർ സഹകരിക്കുന്നതിനു പകരം സദാ മൽസരത്തിൽ ഏർപ്പെടുന്നതാണ് അതിനു സൗകര്യം. നമ്മളതിനു തഞ്ചത്തിൽ നിന്നു കൊടുക്കുകയും ചെയ്യുന്നു.

ദാറ്റ്സ് ഓൾ ഫോർ റ്റുഡേ. സൈനിങ് ഓഫ്.
Add a comment...

കൈ എത്തും ദൂരത്ത്.

കൊഡൈക്കനാൽ എന്ന് സംശയിക്കാവുന്ന ഒരു മലമ്പ്രദേശത്ത് കമ്പ്യൂട്ടർ പഠിക്കാനായി സച്ചിൻ മാധവൻ എത്തുന്നയിടത്താണ് കഥ തുടങ്ങുന്നത്. കമ്പ്യൂട്ടർ പഠിക്കാൻ എ‌ന്തിനാണ് കൊഡൈക്കനാലിൽ നായകൻ പോകുന്നത് എന്ന് ചോദിക്കരുത്. അതിനു കൊച്ചിയിൽ വല്ല ജിടെക്കിലും ചെന്നാൽപ്പോരേ. അല്ലെങ്കിൽ തന്നെ അക്കാലത്ത് കൊഡൈക്കനാലിൽ എവഡഡേ കമ്പ്യൂട്ടർ. പക്ഷെ എന്തോ അവിടെ ചെന്ന് ഒറ്റയ്ക്ക് താമസിച്ച് കമ്പ്യൂട്ടർ പഠനം നടത്താനാണ് സച്ചിൻ മാധവന് ആഗ്രഹം. എന്റൂഹം : സച്ചിനു സ്വാമിയുടെ ബിസിനസ് ഉണ്ട്. മാധവാ മഹാദേവാ! അതിന്റെ കൃഷി രഹസ്യമായി നോക്കി നടത്താൻ ആണ് അവിടെ ഒറ്റയ്ക്ക് വന്ന് താമസിക്കുന്നത്. ഒരൂഹമാണ്. അല്ലെങ്കി ആരെങ്കിലും ഈ നല്ല പ്രായത്തിൽ വീട്ടുകാരെ ഉപേക്ഷിച്ച് കുന്നുമ്പുറത്ത് കേറുമോ.

അവിടെ വെച്ച് സച്ചിൻ മാധവൻ സുഷമയെ കാണുന്നു. കമ്പ്യൂട്ടർ പഠിക്കാൻ പോയവനു ദേ അപ്പോഴേക്കും പ്രേമം. പിന്നെ പാട്ടായി. ഗ്രൂപ് ഡാൻസായി. സാൽസ ആയി. പക്ഷെ സുഷമ ഓള്രെഡി എൻ ഗേജ്ഡ്. അതിനാൽ സച്ചിൻ മാധവൻ സ്വന്തം പ്രണയം മനസിനുള്ളിൽ ഒളിച്ചു വെയ്ക്കുന്നു. അപ്പൊഴാണ് സുഷ്മായുടെ അമ്മ ( രേവതി) കുവൈത്തിൽ നിന്നും നാട്ടിലെത്തുന്നത്. അമ്മ ഒരുമാതിരി സുഗതകുമാരി ലൈൻ ആണ്. പെൺകുട്ടികൾ വീട്ടിനു പുറത്ത് ഇറങ്ങിയാൽ പ്രേമിക്കാൻ ആയിരിക്കും എന്നാണ് അവരു സങ്കല്പിച്ചിരിക്കുന്നത്. തള്ളയുടെ ശല്യം സഹിക്കാൻ വയ്യാതെ സുഷമ സച്ചിനോടൊത്ത് പ്രേമമെന്ന മട്ടിൽ ഒളിച്ചോടുന്നു. ഇവരു പ്രേമല്ല ജസ്റ്റ് ഫ്രണ്ട്സാണ്. അതവർക്ക് മാത്രമേ അറിയൂ.

അങ്ങനെ അവർ ഒളിച്ചോടി സച്ചിന്റെ വേറെ ചില ഫ്രണ്ട്സിന്റെ കൂടെ ഒളിച്ച് താമസിക്കുന്നു. ഈ ഫ്രണ്ട്സിൽ ഒരുത്തൻ ഇലോൺ മസ്ക് (Elon Musk) ആണ്. ചന്ദ്രനിൽ ചെന്ന് പാർക്കാം, വീനസിൽ ഫ്ലാറ്റ് വാങ്ങാം എന്നൊക്കെയാണ് ലൈൻ. എല്ലാം ഫുൾ ടൈം കഞ്ചാവാണെന്ന് സെറ്റപ് കണ്ടാൽ അറിയാം. എന്റൂഹം : സച്ചിൻ മാധവന്റെ കൊടൈക്കനാൽ കൃഷിയുടെ കൊച്ചിയിലെ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് ഇവന്മാർ. ഫ്രീക്കൻസ് ഓഫ് ദ എറ. ഇതും ഒരൂഹമാണ്.

ഞങ്ങൾ വെറും ഫ്രണ്ട്സാഡാ എന്ന പുക ഇങ്ങനെ തുടരുമ്പോൾ അവർക്കിടയിലേക്ക് ഗോപിവക്കീൽ എത്തുന്നു (മമ്മൂട്ടി). സുഷമയുടെ അമ്മയുടെ ഏയ്ജന്റ് ആണ്. സച്ചിനും സുഷമയും പ്രേമത്തിൽ അല്ല എന്ന് മുദ്രക്കടലാസിൽ ഒപ്പിട്ട് തരണമെന്ന് ഗോപിവക്കീൽ പറയുന്നു. ഇയാൾ എല്ലെൽബി പാസായിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാം. കേട്ടപാതി സച്ചിൻ അടപടലേ ഒപ്പിടുന്നു.

അപ്പ ലാണ്ടെ സുഷമയ്ക്ക് ഇദ്. മറ്റേ സംഗതി. രുക്കു പറയുന്ന ലവ്സ്. കണ്ണും കണ്ണും തമ്മിലടിത്താൽ കാതൽ എൻട്ർ് അർത്തം. ശു-ക്-രി-യാ. ലവ്സ് ലവ്സ്. അങ്ങനെ ഒപ്പിട്ടു തരാൻ ഒന്നും പറ്റില്ല, ഒത്താൽ സച്ചിനുമായി ഒരു ലവ്വൊക്കെ ആകാം എന്നാണ് തന്റെ ആഗ്രഹം എന്ന് സുഷ്മാ തറപ്പിച്ചു പറയുന്നു. ദാറ്റ്സ് മ ഗേൾ.

ഗോപിവക്കീൽ എല്ലെൽബി പാസായിട്ടില്ലെങ്കിലും അത്യാവശ്യം തക്കിട തരികിട ഒക്കെ അറിയാം. ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തെളിവ് കിട്ടിയില്ലെങ്കിൽ പ്രതികളെ മാറ്റിയിരുത്തി വെവ്വേറെ കഥകളിറക്കി പേടിപ്പിക്കണം എന്ന കേരള പോലീസ് ലൈൻ ഗോപിവക്കീൽ മനസിലാക്കി വെച്ചിട്ടുണ്ട്. സുഷമയോട് ഓക്കെ പറഞ്ഞ് ഗോപിവക്കീൽ സച്ചിനെ മാത്രം മാറ്റി നിർത്തി അങ്ങേയറ്റം പുതിയതും വിശ്വാസ്യവും ആയ ഒരു കദനകഥ പറയുന്നു.

സുഷമയുടെ അച്ഛനു കാൻസർ ആണ് ( സിദ്ധിക്). ഓസ്ട്രേലിയയിൽ ചികിൽസയിൽ ആണ്. വിവരം പ്രായപൂർത്തിയായ മകളെ അറിയിച്ചിട്ടില്ല , മകളെ ഒന്നും അറിയിക്കാറില്ല ( അമ്മയ്ക്ക് ഗോപിവക്കീൽ ആണല്ലോ നിയമോപദേശം).

ഇന്ത്യയിലൊക്കെ ഹെൽത് ഇൻഷൂറൻസിനു പ്രീമിയം ആയി കാശാണല്ലോ അടയ്ക്കുന്നത്.ഓസ്ട്രേലിയയിൽ അങ്ങനെ അല്ല. അവിടെ പ്രീമിയം ആയി മകളെ ഡോക്ടർക്ക് കെട്ടിച്ച് കൊടുക്കാറാണ് പതിവ്. അച്ഛനെ ചികിൽസിക്കുന്ന ഡോക്ടർക്ക് സുഷമയെ കെട്ടിച്ച് കൊടുക്കാൻ ഇരിക്കയാണ്.

സ്റ്റോറി ഗ്യാസാണെന്ന് സച്ചിനു മനസിലായെങ്കിലും ലെറ്റ്സ് പ്ലേ വിത് ഇറ്റ് എന്ന് ലവൻ കരുതുന്നു. ബന്ധത്തീന്നു ഞാൻ ഒഴിയാം പക്ഷെ ഒരൂസം സുഷമയെ പ്രേമിച്ചിട്ടേ ബന്ധം ഒഴിയൂ എന്ന് സച്ചിൻ പറയുന്നു (കള്ളാ). അങ്ങനെ എങ്കിൽ അങ്ങനെ എന്ന് ഗോപിവക്കീൽ സമ്മതിക്കുന്നു. (സത്യത്തീ ഇയാളു ലോകോളേജിന്റെ ഗേറ്റ് കണ്ടിട്ടുണ്ടോ ആവോ).

അങ്ങനെ ഒരൂസം സെറ്റപ്പൊക്കെ ആയി പാട്ടൊക്കെ പാടി മരമൊക്കെ ചുറ്റി ലൈനൊക്കെ അടിച്ച ശേഷം സച്ചിൻ ബ്രേക്കപ്പ് വിളിക്കുന്നു. സീൻ ശോകം.

പിന്നെ സുഷമയുടെ കല്യാണത്തിനു ക്ഷണം സച്ചിനു കിട്ടുന്നു. പോയിക്കളയാമെന്നാൻ അവൻ. സിമ്പിളായി പോകാൻ ഇഷ്ടമല്ലാത്തത് കൊണ്ട് ഹൗസ്ബോട്ടൊക്കെ പിടിച്ച് ചെല്ലുന്നു. ബോട്ടിൽ കണ്ടവരെ ഒക്കെ കുമ്മനടിക്കാൻ കൂടെ കൂട്ടുന്നു. അവടെ‌ വീട്ടുകാർക്ക് അങ്ങനേലും പണിയണ്ടേ?

അവിടെ ചെല്ലുമ്പോഴാണ് സച്ചിൻ അറിയുന്നത്. സത്യത്തിൽ താനാണത്രെ വരൻ! ക്ഷണം ക്ഷണനമായി. തേച്ചിട്ട് മുങ്ങാമെന്ന പ്ലാൻ വെറുതെയായി. ആപിന്നെ എന്തേലുമാട്ടെ എന്ന് കരുതി സച്ചിൻ സുഷമയെ കെട്ടി അരവിന്ദനയനാ എന്ന് തിരുവാതിര ഒക്കെ കളിച്ചേച്ചും കഥ ശുഭാന്ത്യമാകുന്നു.

ഷാനു എന്ന പുതിയ താരത്തെ മലയാളത്തിനു സമ്മാനിച്ച സിനിമ. ഷാനുവിനെ പിന്നെ മലയാളിക്ക് കയ്യെത്തുന്ന ദൂരത്ത് കണ്ടിട്ടില്ല എന്നേയുള്ളൂ. നേരെ അമേരിക്കയ്ക്ക് പോയി. നാടുവിടുന്ന ദുൽക്കർ സൽമാൻ ഐപിഎസ് ആയി തിരിച്ചു വരുന്ന പോലെ, റൂമിൽ ചെന്ന് ഡോക്ടർ ജെകിൽ ഹൈഡായി തിരിച്ചു വരുന്ന പോലെ പോയ ഷാനു പിന്നെ വന്നത് ഫഹദായിട്ട്. അപ്പപ്പാ!
Add a comment...

തെറ്റ് മനുഷ്യസഹജമാണ്. പൊറുത്തുകൊടുക്കുന്നത് ദൈവീകവും.

ശരിയാണ് പൊറുക്കാനാവാത്ത തെറ്റ് തന്നെയാണ് നിരുപമാ രാജീവിനോട് കുഞ്ചാക്കോ ബോബൻ ചെയ്തത്. വിളഞ്ഞു കിടക്കുന്ന പച്ചക്കറികളെ ടെറസിലുപേക്ഷിച്ച് വിദേശരാജ്യത്തെ സുഖസൗകര്യങ്ങളെ തേടിപ്പോകാൻ ഒരു കർഷകഹൃദയത്തിനും സാധിക്കില്ല. ഒരു ഭർത്താവും അങ്ങിനെ ചെയ്യരുതായിരുന്നു.

പക്ഷെ ആ തെറ്റിനു പ്രായശ്ചിത്തം അന്നു മുതൽ ചെയ്യുന്നുണ്ട് കുഞ്ചാക്കോ. ടേയ്ക് ഓഫിൽ ഭാര്യ പാർവതിയ്ക്ക് വേണ്ടി എന്തെല്ലാം കുഞ്ചാക്കോ ചെയ്തില്ല. ഒരക്ഷരം എതിർത്തു പറഞ്ഞില്ല. എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു. എന്ന് മാത്രമോ ഭാര്യയുടെ ആദ്യഭർത്താവിലെ കുട്ടിയ്ക്ക് ഒരു ഇത്തിരി മനഃസമാധാനം കിട്ടാനായി മൊസൂളിലെ ഷെല്ലുകൾക്കിടയിലേക്ക് താമസം വരെ മാറ്റി.

അതോടെ എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തമായി എന്ന് സമാധാനിച്ച്‌വെറുതെ ഇരിക്കാൻ കുഞ്ചാക്കോ തയ്യാറായില്ല. അവിടെയാണ് ആ മനസിന്റെ വിശാലത നമ്മൾ മനസിലാക്കേണ്ടത്. ടേയ്ക് ഓഫിൽ സ്വന്തം ഭാര്യയ്ക്ക് വേണ്ടി ഇത്രയും ചെയ്ത ശേഷം രാമന്റെ ഏദൻ തോട്ടത്തിൽ അന്യന്റെ ഭാര്യയ്ക്ക് വേണ്ടി വരെ എത്രമേൽ സഹായം ചെയ്യാൻ അദ്ദേഹം തയ്യാറായി. സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ആരും എക്സ്പയറി ഡേയ്റ്റ് നിശ്ചയിക്കരുതെന്ന് അത്രയധികം ഉറപ്പോടെ പറയാൻ തയ്യാറായി. എന്തിന് സ്വന്തം നിലയിൽ കാട്ടിൽക്കയറി പച്ചക്കറി പോലും വളർത്തി മാസാമാസം മാലിനിയുടെ വീട്ടിൽ എത്തിച്ചു. നിരുപമയോട് മാത്രമല്ല പച്ചക്കറികളോട് പോലും തെറ്റു തിരുത്താനുള്ള ഒരു മനസുണ്ടായി.

ഇനിയെങ്കിലും കുഞ്ചാക്കോ ബോബനോട് ക്ഷമിച്ചൂടെ നമുക്ക്? ഒരു പാവമല്ലേ അയാൾ?

പി.എസ്‌ : തപ്പണ്ട, ടൊരെന്റി വന്നിട്ടില്ല. തിയേറ്ററിലേ ഉള്ളൂ.
Add a comment...

ദൃശ്യവും കെയറോഫ് സൈറാബാനുവും രണ്ട് സിനിമകളല്ല. രണ്ടും ഒരേ കഥ തന്നെ. കോപ്പിയടി എന്നല്ല ഉദ്ദേശിച്ചത്. ദൃശ്യം ഉണ്ണിയപ്പമാണെങ്കിൽ സൈറാബാനു പനിയാരം ആണ് അത്രയേ ഉള്ളൂ വ്യത്യാസം. അച്ചൊന്ന് തന്നെ. മർഡർ കേസിൽ നിന്നും മകളെ രക്ഷിക്കേണ്ടി വരുന്ന അച്ഛൻ. മകനെ രക്ഷിക്കേണ്ടി വരുന്ന (വളർത്ത്) അമ്മ. സൂപ്പർ സ്റ്റാറിന്റെ എതിരാളി ഐപിഎസ് ഉദ്യോഗസ്ഥയും വളർത്തുദോഷം പേറുന്ന മകന്റെ പ്രേതവും ആണെങ്കിൽ ലേഡി സൂപ്പർ സ്റ്റാറിന്റെ എതിരി ഹൈ പ്രൊഫൈൽ അഡ്വക്കേറ്റും വളർത്തുദോഷം പേറുന്ന മകന്റെ ജീവിതവും ആകുന്നു. മരിച്ചയാളിന്റെ മൃതദേഹം കണ്ടെത്താൻ സാധിക്കുന്നില്ല എന്ന ലൂപ് ഹോൾ ആണ് ലാലേട്ടൻ മകളെ നിയമത്തിൽ നിന്നും രക്ഷിക്കാൻ ഉപയോഗിക്കുന്നത്. മൃതദേഹം ഇല്ലാതെ മർഡർ ട്രയൽ പ്രയാസമാണ്. മൃതദേഹത്തിന്റെ ഐഡന്റിറ്റി ലഭ്യമല്ല എന്ന ലൂപ് ഹോളിലാണ് മഞ്ജു വാര്യർ മകനെ രക്ഷിക്കുന്നത്. ഹൈ പ്രിവില്യേജ്ഡ് ആയ വനിതകളിൽ നിന്നും ബുദ്ധി ഉപയോഗിച്ച് മക്കളെ രക്ഷിക്കുന്ന രക്ഷിതാവ് എന്ന ഹീറോ ഇവിടെ ആവർത്തിക്കുന്നു.

ഉണ്ണിയപ്പത്തിനു മധുരം ഉള്ളത് കൊണ്ട് വെറുതെ കഴിക്കാം. പനിയാരം ചമ്മന്തി കൂട്ടി കഴിക്കേണ്ടി വരും.

അമല ഒരിക്കൽ മലയാളത്തിൽ വന്നപ്പോൾ ശോഭനയുടെ കഥാപാത്രം കുത്തുകൊണ്ട് മരിച്ചു. പിന്നെ വന്നപ്പോൾ ശ്രീവിദ്യാമ്മ സ്വന്തം തൊഴിലാളികളുടെ ഗൂഢാലോചനയ്ക്ക് ഇരയായി മരിച്ചു. കാലമേറെക്കഴിഞ്ഞ് വീണ്ടും വന്നപ്പോൾ ഒരു ബംഗാളി വണ്ടി തട്ടി മരിച്ചു. ദയവ് ചെയ്ത് അമല ഇനി മലയാളത്തിലേക്ക് വരരുത്. ഓരോ ജീവനും വിലപ്പെട്ടതാണ്.
Add a comment...

ഡാൻസിന്റെ എബിസിഡി അറിയില്ലെങ്കിലും സായിബാബയെത്തോൽപ്പിക്കുന്ന കേശഭാരമൊക്കെ വളർത്തി ബൈസെപ്സും ആബ്സുമൊക്കെ ഉണ്ടാക്കി ദേഹത്ത് ടാറ്റൂ ഒക്കെ കുത്തി പബിൽ ചെന്ന് 'ലുങ്കി ഡാൻസ് ലുങ്കിഡാൻസ് ഹൊയ് ഹൊയ്' എന്ന് തലങ്ങും വിലങ്ങും ഡാൻസ് കളിക്കേണ്ടി വരുന്ന ഫ്രീക്കന്മാരുണ്ടല്ലോ. പാവത്തുങ്ങടെ അതേ അവസ്ഥയാണ് ആണ്മയിലുകൾക്ക്. വൺ നൈറ്റ് സ്റ്റാൻഡ് ഒപ്പിക്കാൻ ഉള്ള ഓരോ പാടുകൾ. ഈ പീലിഭാരമൊക്കെ വെച്ച് അങ്ങടുമിങ്ങടും 'ധീം തനന നന, നാ ധിരനന വാ മദനവദനാ' എന്ന് കുലുങ്ങാൻ ഉള്ള കഷ്ടപ്പാടൊന്നോർത്തേ. പോത്തീസിൽ നിന്ന് വാങ്ങിയ സാമദ്രോഹിപ്പട്ട് പോലെ നീണ്ട് പാരാവാരമായിക്കിടക്കുന്ന പീലിഭാരം. ഒരു മലയാളി നവവധുവിന്റെ അത്രയും ആലഭാരങ്ങൾ.

നിലനില്പിനായി വളർത്തി പരിപാലിച്ച് ക്ഷീണിച്ച് കൊണ്ട് നടക്കുന്ന പീലി ഇന്ന് വംശനാശഭീഷണിയ്ക്ക് കാരണമാണ് എന്നത് വേറൊരു ദുരന്തം. ഉണ്ണിക്കണ്ണന്റെ തിരുമുടിയിൽ ചാർത്താൻ ഭക്തർക്കെല്ലാം പീലി വേണം. നോട്ടുബുക്കിൽ വെച്ച് പ്രസവിപ്പിക്കാൻ കുട്ടികൾക്ക് വേണം. റിട്ടയേഡ് നായികമാർക്ക് നൃത്തശില്പത്തിനു വേണം. സൂഫിവര്യന്മാർക്കും അവധൂതന്മാർക്കും ഭക്തരെ അനുഗ്രഹിക്കാൻ വേണം. എല്ലാത്തിനും ഓടിച്ചിട്ട് പിടിക്കുന്നത് പാവം ആണ്മയിലിനെ.

ലൈംഗികാകർഷണയന്ത്രം കൊണ്ട് ഇത്രയൊക്കെ ദുരന്തം അനുഭവിക്കേണ്ടി വരുന്ന മയൂരകുമാരന്മാരെ ആണു സാറെ നിങ്ങൾ നിത്യബ്രഹ്മചാരിയാക്കിയത്. 'കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായ് വന്നവൻ' എന്ന് ബാബുരാജിന്റെ ഈണത്തിൽ വിശേഷിപ്പിച്ചത്. രാജസ്ഥാനിൽ നിന്ന് പ്രകാശം പരത്തിയത്. സങ്കടമൊണ്ട്.
Add a comment...

"What we observe is not nature itself, but nature exposed to our method of questioning." - Werner Heisenberg

അജിത്, രാഗേഷ് എന്നിവർ അഞ്ജനയെ ലുലുമാളിൽ വെച്ചാണ് കണ്ടു മുട്ടുന്നത്. ഒരു ശനിയാഴ്ച. എന്ന് പറയുമ്പോൾ രാഗേഷ് തലേ ദിവസം അഞ്ജനയെ കാണാം എന്ന് പറഞ്ഞുറപ്പിച്ചിരുന്നതാണ്. സാഹചര്യങ്ങൾ രാവിലെ തന്നെ രാഗേഷിനെ അജിതിനു മുമ്പിൽ എത്തിച്ചതാണ്. അങ്ങിനെ അഞ്ജനയെ കാണുമ്പോൾ അജിതിനെയും അയാൾക്ക് കൂടെക്കൂട്ടേണ്ടി വന്നതാണ്. ദൈവമെന്തിനാണ് തന്നോടിങ്ങനെ ക്രൂരത കാണിക്കുന്നത് എന്ന് ഇത്തരം അവസരങ്ങളിൽ രാഗേഷ് ചിന്തിക്കാറുണ്ട്. അപ്പോൾ തന്നെ പശ്ചാത്തപിച്ച് ദൈവത്തോട് മാപ്പ് അപേക്ഷിക്കാറുമുണ്ട്.

അഞ്ജനയെ രാഗേഷ് ഏതാനും മാസങ്ങൾക്കു മുന്പ് കാക്കനാട് ഓഫീസിനടുത്ത് എവിടെയോ വെച്ച് പരിചയപ്പെട്ടതാണ്. അത് എങ്ങിനെ പരിചയത്തിലേക്കും സൗഹൃദത്തിലേക്കും വളര്ന്നു എന്ന് അയാൾക്കിപ്പോൾ ഓർത്തെടുക്കാൻ ആകുന്നുമില്ല. അതിനു ഒരു കാരണമുണ്ട്. അത് അഞ്ജനയുടെ സൗന്ദര്യമാണ്. അതായത് രാഗേഷ് ഇപ്പോൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അസാധാരണമായ ഒരു മനോനിലയിൽ ആണ്. കെട്ടിമാറാപ്പ് ഇനിയും ഒഴിവാക്കാൻ സാധിക്കാത്ത 'ലേറ്റ് റ്റ്വന്റീസ്' കാരൻ എന്ന നിലയിൽ സമപ്രായക്കാരിൽ നിന്നും അയാൾ സ്ഥിരം കളിയാക്കലുകൾ ഏറ്റു വാങ്ങുന്നു. ഇക്കാര്യത്തിൽ അയാൾ സ്വയം മനോസംഘർഷം അനുഭവിക്കുകയും ചെയ്യുന്നു. അഞ്ജനയുടെ സൗന്ദര്യത്തിലും ഭാവഹാവാദികളിലും രാഗത്തിന്റെയും ആസക്തിയുടെയും അംശങ്ങളിൽ രാഗേഷ് കാണുന്നു. അല്ലെങ്കിൽ അയാൾ അങ്ങിനെ കരുതുന്നു.

ഇത് നീണ്ട ആഴ്ചാവസാനം ആയത് മൂലം കൂടെ താമസിക്കുന്നവർ എല്ലാം സ്വന്തം വീടുകളിലേക്ക് തലേന്ന് തന്നെ പോയിരിക്കുന്നു. ഒഴിഞ്ഞ വീട്. ചുറ്റുപാടുകളിൽ തന്നെ പൊതുവെ ആളുകൾ കുറയുന്ന വാരാന്ത്യം. ലുലുമാളിൽ വെച്ച് കാണാം എന്നാണ് അഞ്ജനയോട് പറഞ്ഞുറപ്പിച്ചതെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞ് ഇരുവര്ക്കും ഉച്ചയോടെ രാഗേഷിന്റെ പാർപ്പിടത്തിലേക്ക് പോകാനായേക്കും എന്നായിരുന്നു അയാളുടെ കണക്കു കൂട്ടൽ . അതിനിടയിലാണ് ഇപ്പോൾ അജിത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്.

അജിത് രാഗേഷിന്റെ സ്കൂൾ കാലം മുതലേയുള്ള കൂട്ടുകാരനാണ്. ഇപ്പോഴും ഒരുമിച്ച് ഒരേ കമ്പനിയിൽ ഒരേ പ്രൊജക്റ്റിൽ ജോലി ചെയ്യുന്നു. രാഗേഷിനെപ്പോലെ അജിതും 'വിര്ച്വൽ ഓൺകോളിൽ ' ആണ്. അതായത് അവധിദിവസമാണെങ്കിലും സിസ്റ്റത്തിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ ഓഫീസിലേക്ക് ഓടിയെത്തണം എന്നാണ് വ്യവസ്ഥ. അങ്ങിനെ ഒരു ഫോൺ കോൾ ഉണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് ഇത്തരം വാരാന്ത്യങ്ങൾ വീട്ടിലോ മാളിലോ ഒക്കെ ആയി ചിലവഴിക്കുന്നത്. എന്നാൽ ചില നശിച്ച ദിവസങ്ങളിൽ സിനിമയ്ക്കിടയിൽപ്പോലും ഓഫീസിൽ നിന്നും ഫോൺ വന്ന് രാഗേഷിനിറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്.

അര മണിക്കൂറോളം മൂവരും പല വിഷയങ്ങളും സംസാരിച്ചു. ഡൊണാൾഡ് ട്രമ്പിന്റെ വിസാ നയങ്ങൾ മുതൽ കറൻസി നിരോധനത്തിന്റെ പ്രയോജനങ്ങൾ വരെ പല വിധ വിഷയങ്ങളും കടന്നുവന്നു. അതിനിടയിലെപ്പോഴോ രാഗേഷിനെ അസ്വസ്ഥനാക്കിക്കൊണ്ട് അവര്ക്കിടയിലെ സംസാരവിഷയം അയാളായി മാറി. അജിത് രാഗേഷിന്റെ സ്കൂൾ കാലകഥകൾ ലേശം പൊലിപ്പിച്ച് തന്നെ പറയാൻ തുടങ്ങി. പൊട്ടിച്ചിരികളുടെ അകമ്പടിയോടെ അഞ്ജന അതെല്ലാം ആസ്വദിക്കുന്നത് കണ്ടിരിക്കാനേ രാഗേഷിനു സാധിക്കുന്നുള്ളൂ. അയാൾ പേടിച്ച പോലെ ഒരു കാമുകി പോലും ഇല്ലാതിരുന്ന അയാളുടെ ഭൂതകാലത്തെപ്പറ്റിയും കെട്ടിമാറാപ്പിനെപ്പറ്റിയും എല്ലാം ഭംഗ്യന്തരേണ അജിത് അവതരിപ്പിച്ചു. രാഗേഷിന്റെ ചീറ്റിപ്പോയ എല്ലാ പ്രണയാഭ്യർത്ഥനകളുടെ ചരിത്രവും അഞ്ജനയ്ക്കു മുന്പിൽ അനാവൃതമായി.

"ഇവൻ പണ്ട് നാട്ടിലുള്ള ഒരു യക്ഷിയെപ്പോലും പ്രപ്പോസ് ചെയ്തിട്ടുണ്ട്" പൊട്ടിച്ചിരിയോടെ ആ കഥയും പുറത്തെടുക്കാൻ അജിത് തയ്യാറായി.

അവരുടെ നാട്ടിൻപുറം. ഇരുവരുടെയും കൗമാരകാലം. ക്രിക്കറ്റ് കളിക്കിടെ ബോൾ ചെന്നു വീണത് അടുത്തുള്ള യക്ഷിയമ്പലത്തിന്റെ ചുറ്റുവളപ്പിൽ. മതിലിൽ വീണാൽ സിക്സർ , മതിലിനപ്പുറം പോയാൽ ഔട് എന്ന നിയമത്തിൽ രാഗേഷ് ഔട്ടായി. ബോൾ ചെന്നെടുക്കേണ്ട ബാധ്യതയും ബാറ്റ് ചെയ്ത രാഗേഷിനു തന്നെ. ഒറ്റയ്ക്കത്ര ധൈര്യം പോരാത്തത് കൊണ്ട് രാഗേഷും അജിതും പിന്നെയും രണ്ട് പേരും അകത്തേയ്ക്ക്. കാട്. വള്ളിപ്പടർപ്പുകൾ. പന്ത് കാണുന്നില്ല. സന്ധ്യയായില്ലെങ്കിൽപ്പോലും ഇരുട്ട്. അതിനിടയിൽ ആരോ ആ അമ്പലത്തിലെ യക്ഷിയെപ്പറ്റിയുള്ള മിത് അവതരിപ്പിക്കുന്നു. യക്ഷിയോട് ആർക്കും പ്രണയാഭ്യർത്ഥന നടത്താം. പ്രേമം അറിയിച്ചാൽ അയാളുടെ കിടപ്പുമുറിയിൽ അന്ന് രാത്രി യക്ഷിയെത്തും. അനുരാഗതീവ്രതയുടെ ഒരു രാത്രി. അതിസുന്ദരിയായ യക്ഷിയോടൊപ്പം. പിന്നെ മരണം. സുന്ദരമായ വേദനയില്ലാത്ത മരണം. പല്ലും നഖങ്ങളും മുടിയും മാത്രമാവും പിറ്റേന്ന് ബാക്കിയാവുക. പതിറ്റാണ്ടു മുന്പ് അങ്ങിനെ എത്ര പേർ മരണപ്പെട്ടിരിക്കുന്നു.

"എനിക്കിഷ്ടമാണ്. ഇന്ന് രാത്രി അങ്ങോട്ടേയ്ക്ക് വന്നേക്കാമോ?" എന്ന് എന്ത് ധൈര്യത്തിലാണ് രാഗേഷ് അപ്പോൾ അവിടെ വെച്ച് അമ്പലത്തിന്റെ ദിശയിലേക്ക് നോക്കി പറഞ്ഞതെന്ന് അയാൾക്കു തന്നെ അറിയില്ല. വ്യക്തമായ ചിന്തയ്ക്ക് ശേഷമല്ല അയാളങ്ങനെ പറഞ്ഞത്. ആ നിമിഷത്തിന്റെ വൈകാരികതയിൽ കൗമാരചാപല്യം വെളിവായിപ്പോയതാണ്. സ്വബോധം വീണ്ടെടുത്ത് അയാൾ തിരിഞ്ഞ് നോക്കിയപ്പോൾ അജിത് അടക്കം കൂട്ടുകാർ എല്ലാം ഓടുന്ന കാഴ്ചയാണ് കണ്ടത്. ഏതാനും നിമിഷങ്ങൾ കൂടെ ചലിക്കാതെ അയാൾ അവിടെ നിന്നു. അമ്പലത്തിനകത്തു നിന്നും പൊട്ടിച്ചിരികൾ ഉയരുന്നതായി അയാൾക്ക് തോന്നി. ശക്തിയായി കാറ്റു വീശുകയും മരങ്ങളും ചില്ലകളും ആടിയുലയുകയും ചെയ്തു. സൂര്യൻ നേരത്തെ അസ്തമിച്ചതായി തോന്നി. സമയത്തെക്കുറിച്ച് അയാള്ക്ക് ധാരണ നഷ്ടപ്പെട്ടിരുന്നു. ഇരുട്ട് കനത്തുവെന്നത് അയാൾ അറിഞ്ഞു. ചുറ്റും പാമ്പുകൾ ഇഴഞ്ഞുനടക്കുന്നതായി രാഗേഷിനു അനുഭവപ്പെട്ടു. അമ്പലത്തിൽ നിന്നും ചിലങ്കയുടെ ശബ്ദം തന്റെയടുത്തേക്ക് നടന്നു നീങ്ങുന്നതായി അയാൾക്ക് തോന്നി. സ്ഥൈര്യം വീണ്ടെടുത്ത് അയാള്‌തിരിഞ്ഞോടി. മതിൽ മറിഞ്ഞു ചാടിക്കടക്കാൻ ശ്രമിച്ചു. ഒരു നിമിഷം കാലുകൾ വഴുക്കി. വലിയ ശബ്ദത്തോടെ അയാൾ മതിലനപ്പുറം ഒരു കരിങ്കല്ലിന്മേൽ നടുവു തല്ലി വീണു. എഴുന്നേറ്റു പിടിച്ച് വേദന കാര്യമാക്കാതെ അയാൾ വീട്ടിലേക്കോടി.

അന്നു രാത്രി രാഗേഷിനു ഉറങ്ങാൻ സാധിച്ചില്ല. അതിനു ശേഷമുള്ള അനേകം രാത്രികളും. ഏത് നിമിഷവും തന്നെത്തേടി ചിലങ്കളുടെ ശബ്ദം എത്തുമെന്ന് അയാൾ ഭയന്നു. ജീവിക്കാനുള്ള അതിയായ ആഗ്രഹം ഉണ്ടായി. പകൽ ക്ലാസുകളിൽ ഇരുന്ന് അയാൾ ഉറക്കം തൂങ്ങി. രാത്രികൾ കണ്ണുകൾ ചിമ്മാതെ കഴിച്ചു കൂട്ടി. കരിങ്കല്ലിൽ തട്ടി പരിക്കുപറ്റിയ നട്ടെല്ലിന്റെ വേദന നിത്യജീവിതത്തിന്റെ ഭാഗമായി. ജീവൻ തിരിച്ച് തരാനും ചെയ്ത തെറ്റിനു മാപ്പു തരാനും ദൈവത്തോട് മനസുരുകി അപേക്ഷിച്ചു. സമീപപ്രദേശത്തെ ക്ഷേത്രങ്ങളിൽ നിത്യസന്ദർശകനായി. കൈകളിലെ ചുവന്നതും കറുത്തതുമായ ചരടുകളുടെ എണ്ണം കൂടി വന്നു. ക്രമേണ ഭയം അയാളെ വിട്ടൊഴിയാൻ തുടങ്ങി. കോട്ടയ്ക്കലിൽ ചെന്ന് നടത്തിയ തിരുമ്മലിൽ നടുവേദനയ്ക്കും ശമനമുണ്ടായി. അടുത്ത മണ്ഡലകാലത്ത് മല കയറി വന്നതോടെ പേടി പൂർണമായും നീങ്ങി. കൂട്ടുകാർക്കിടയിൽ എന്നും ആ കഥ പരിഹാസച്ചുവയോടെ നേരിടേണ്ടി വന്നു എന്ന് മാത്രം.

അതാണിപ്പോൾ അജിത് അഞ്ജനയ്ക്ക് മുന്പിൽ പറയാൻ തുടങ്ങുന്നത്. അയാൾ ആംഗ്യം കൊണ്ടും വാക്കു കൊണ്ടും വിലക്കി. ഒരു ചെറുചിരിയോടെ അജിത് നിശ്ശബ്ദനായി. പെട്ടെന്ന് ഫോൺ ചിലമ്പിച്ചു. ഓഫീസിൽ നിന്നാണെന്ന് കണ്ടു രാഗേഷിന്റെ മുഖം വിളറി. ഒരല്പം മാറി നിന്ന് ഫോണെടുത്തു. നേ‌‌ര്ത്ത ശബ്ദത്തിൽ അഞ്ജനയും അജിതും എന്തോ പറഞ്ഞു ചിരിക്കുന്നത് സംസാരിത്തിനിടയിൽ ഒളികണ്ണിൽ അയാൾ കണ്ടു. ഓഫീസിൽ സിവിയാരിറ്റി വൺ പ്രൊഡക്ഷൻ ഇഷ്യൂ. ഭാഗ്യത്തിനു രാഗേഷിന്റെ ഏരിയയിൽ അല്ല. അജിതിന്റെയാണ്. ഒരുപക്ഷേ ദൈവം തന്നെയാകാം ഈ ഇഷ്യൂ പ്രൊഡക്ഷനിൽ തീർത്തതെന്ന് അയാൾ കരുതി. ഫോണ്‌ അജിതിനു കൈമാറുകയും കാര്യഗൗരവൗം ഉൾക്കൊണ്ട് ഉടൻ അയാള്‌അവരെ വിട്ട് ഓഫീസിലേയ്ക്ക് തിരിക്കുകയും ചെയ്തു.

പിന്നെയേറെ നേരം രാഗേഷിനു അഞ്ജനയുമായി സ്വകാര്യമായി സംസാരിക്കുവാൻ അവസരമുണ്ടായി. രാഗേഷിന്റെ പൂർവകാലത്തെപ്പറ്റിയുള്ള അഞ്ജനയുടെ പരിഹാസങ്ങളാണ് കൂടുതലും പിന്നീടുണ്ടാണ്ടയത് എന്നത് അയാളെ അലോസരപ്പെടുത്തിയില്ല. ചില ഓഫ് കളർ ജോക്കുകൾ പങ്കുവെയ്ക്കാനും അഞ്ജനയോട് അയാൾക്കുള്ള രാഗം സൂചിപ്പിക്കാനും ആണ് അയാൾ ആ അവസരത്തെ പ്രയോജനപ്പെടുത്തിയത്. അറിയാതെ എന്ന മട്ടിലുണ്ടായ ചില വിരൽ സ്പര്ശങ്ങൾ കൂടെ കൈമാറിക്കഴിഞ്ഞ ശേഷം അഞ്ജനയോട് ഇനി വീട്ടിൽ ചെന്നിരുന്നു സംസാരം തുടരാം എന്ന് പറയാൻ ഉള്ള ധൈര്യവും അയാൾക്കുണ്ടായി. അങ്ങിനെയാണ് എളുപ്പത്തിൽ ഒരു ലഞ്ച് എന്ന ധാരണയോടെ ഒരു പിസായും രണ്ട് കുപ്പി കോളയും വാങ്ങി അവർ ഉച്ചവെയിലു മൂക്കും മുന്പെ രാഗേഷിന്റെ ഫ്ലാറ്റിൽ എത്തിയത്.

പിസാ കഴിച്ചു തീര്ത്ത ശേഷം വീട്ടിലും അവർ സംഭാഷണം തുടര്ന്നു. ഇത്തരം അവസരങ്ങളിൽ എന്ത് ചെയ്യണം എന്ന് ഏതൊക്കെയോ‌ ഡേറ്റിങ്ങ് വെബ്സൈറ്റുകളിൽ വായിച്ച ടിപ്പുകൾ ഓർത്തെടുക്കാൻ രാഗേഷ് ശ്രമിച്ചു. പക്ഷെ അവയിൽ ഒന്നുപോലും പരീക്ഷിച്ച് നോക്കാൻ അയാൾ ധൈര്യപ്പെട്ടില്ല. കൈകൾക്കും മറ്റും പെട്ടെന്ന് തളർച്ച അനുഭവപ്പെട്ടതായി അയാൾക്കു തോന്നി. അഞ്ജനയുടെ മുഖത്ത് തെളിഞ്ഞു നിന്ന മന്ദഹാസം അയാളെ കൂടുതൽ തള‌‌ർത്തുകയാണ് ചെയ്തത്. വിയർത്തുകൊണ്ട് അയാൾ അരികിലെ ബീൻബാഗിലേക്ക് വീണു. അവ‌‌ർക്കിടയിൽ പെട്ടെന്ന് സംസാരിക്കാൻ വിഷയങ്ങളിൽ ഇല്ലാതായ പോലെ അയാൾക്ക് തോന്നി.

ഷെൽഫിൽ നിന്നും അലസമായി ഒരു പുസ്തകം പറിച്ചെടുത്ത് അഞ്ജന അയാൾക്കു മുന്പിലെ സോഫയിൽ ഇരുന്നു. അവൾക്കരികിൽ ചെന്ന് ഇരിക്കാൻ അയാൾ ആഗ്രഹിച്ചു. വിറച്ചുകൊണ്ട് അയാൾ ബീൻ ബാഗിൽ നിന്നും എഴുന്നേൽക്കുവാൻ തുടങ്ങി. നട്ടെല്ലിനു താഴെ നിന്നും ഒരു വേദന അരിച്ചു കയറി അയാളെ കീഴ്പ്പെടുത്തി. ഉച്ചത്തിൽ ദൈവത്തെ വിളിച്ച് കൊണ്ട് അയാൾ ബീൻ ബാഗിലേയ്ക്ക് തന്നെ നിലം പതിച്ചു.

"അയ്യോ‌ എന്ത് പറ്റി?"

"ഏയ് ഒന്നുമില്ല. ചെറിയൊരു നടുവേദന. സ്ഥിരമായി ഉള്ളതാ"

"അന്ന് അമ്പലത്തിൽ നിന്നും മതിലു ചാടി നടുവും തല്ലി വീണു ശേഷമാണോ ഇങ്ങനെ വേദന തുടങ്ങിയത്?"

"അതെ. ഒരു വിധം മാറിയതായിരുന്നു. ഇപ്പോൾ എന്നും ഇരുന്നുള്ള ജോലിയല്ലേ. വീണ്ടും തുടങ്ങി. ബീൻബാഗിൽ ഇരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളതാണ്. ഇത് റൂം മേറ്റ്ന്റെയാണ്. പെട്ടെന്ന് ഓർക്കാതെ ഇരുന്നു പോയി. സാരമില്ല തല്ക്കാലം ശരിയായെന്ന് തോന്നുന്നു.".

"ഏതായാലും ഇവിടെ വന്നിരിന്നോളൂ"

ഒരിക്കൽക്കൂടെ മനസിൽ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് അയാൾ അവള്ക്കരികിൽ ചെന്നിരുന്നു. പുസ്തകം വായിക്കുന്നു എന്ന മട്ടിൽ ഇരുന്ന അഞ്ജനയുടെ വിരലുകളിൽ അയാൾ സ്പർശിച്ചു. മുടികളിൽ വിരലുകൾ ഓടിച്ചു. നെറ്റിയിലും കവിളുകളിലും തലോടി. അഞ്ജന അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. അതേ നിമിഷം ഏതോ ചില ചിന്തകൾ രാഗേഷിനെ വലയക്കാൻ തുടങ്ങി.

"അന്ന് നടുവു തല്ലി വീണ കാര്യം താനെങ്ങനെ അറിഞ്ഞു?"

മറുപടിയായി അഞ്ജന ഉറക്കെ പൊട്ടിച്ചിരിച്ചു. "നീ ഫോണിൽ സംസാരിയ്ക്കുമ്പോൾ അജിത് പറഞ്ഞതാണെടോ".

രാഗേഷ് നെടുവീർപ്പിട്ടു.

"എന്തേയ് പേടിച്ചു പോയോ?"

"ഏയ് " ഒരു ഇളിഭ്യത മറയ്ക്കാനെന്ന വണ്ണം രാഗേഷ് ചിരിക്കാൻ ശ്രമിച്ചു.

അന്ന് വീണ കാര്യം താനൊരിക്കലും അജിതിനോടോ സ്വന്തം വീട്ടുകാരോട് പോലുമോ പറഞ്ഞിട്ടില്ലല്ലോ എന്ന് സംശയത്തോടെ അയാൾ ഓർത്തു. കുളിമുറിയിൽ വീണ കള്ളക്കഥയാണ് വീട്ടുകാരോട് മാത്രം വേദനയുടെ കാരണമായി പറഞ്ഞത്. അഞ്ജനയെ താൻ എവിടെ വെച്ചാണ് പരിചയപ്പെട്ടത് എന്ന് ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു. മാസങ്ങള്ക്ക് മുന്പ് എവിടെയോ. കണ്ടപ്പോഴെല്ലാം കമ്പനി പരിസരങ്ങൾക്കു വെളിയിലോ‌ അല്ലെങ്കിൽ സിറ്റിയിൽ വെച്ചോ മാത്രമാണ് എന്ന് അയാൾ ഭയത്തോടെ മനസിലാക്കി. തങ്ങൾക്ക് പരിചയമുള്ള മറ്റ് പരസ്പരസുഹൃത്തുക്കളാരും ഇല്ല എന്നതും അയാള്‌ ആ നിമിഷത്തിൽ തിരിച്ചറിഞ്ഞു. ഏത് കമ്പനിയിലാണ് ജോലിയെന്ന് അവളോട് ചോദിച്ചിരുന്നുവോ എന്നും അവൾ മറുപടി പറഞ്ഞിരുന്നോ‌എന്നും അയാള്ക്ക് ഓ‌‌ര്മ വന്നില്ല. ഒരിക്കലും അവളുടെ കഴുത്തിൽ ഐഡി കാർഡ് കണ്ടിരുന്നില്ല എന്ന് അയാൾ സംശയിച്ചു. ഇനിയൊരു ചോദ്യം കൂടുതൽ പരിഹാസങ്ങളെ സൃഷ്ടിക്കും എന്ന ചിന്ത അയാളെ തളർത്തി.

അഞ്ജന അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കയാണ്. അനിർവചനീയമായ ഒരു വശ്യത അവളുടെ ചിരിയിൽ രാഗേഷ് തിരിച്ചറിഞ്ഞു. അവളുടെ കയ്യിലെ പുസ്തകമേതെന്ന് അയാൾ ഒളികണ്ണെറിഞ്ഞു നോക്കി. ജോൺ ഗ്രിബിന്റെ In Search of Schrodinger's Cat എന്ന തലക്കെട്ട് പ്രയാസപ്പെട്ട് മനസിൽ വായിച്ചു കഴിയുമ്പോഴേക്കും സ്വബോധം നഷ്ടപ്പെട്ട് അയാൾ അവളുടെ മടിയിലേക്ക് വീഴാൻ തുടങ്ങിയിരുന്നു.

Disclaimer : This is a true story. The events depicted took place in Ernakulam in 2017. At the request of the survivors, the names have been changed. Out of respect for the dead, the rest has been told exactly as it occurred.
Add a comment...

Post has attachment
ഒരു തോക്കും ഒരു കട്ടിലും ഒരു ക്യാമറയും രണ്ട് അഭിനേതാക്കളും - ഇത്രയും കിട്ടിയാൽ താൻ ഒരു സിനിമാ പിടിച്ച് കാണിച്ച് തരാം എന്ന് ആൽഫ്രഡ് ഹിച്കോക്ക് അഭിപ്രായപ്പെട്ടു എന്നാണ് കഥ. ശരിയാണോ എന്നറിയില്ല. ഹിച്കോക്കിനെപ്പോലെ ഒരാൾക്ക് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഒരു നല്ല സിനിമ പിടിക്കാൻ വമ്പൻ ക്യാന്വാസും ബഡ്ജറ്റും സാബു സിറിലും ആവശ്യമില്ല എന്നത് എന്തായാലും സത്യമാണ്. അവസാനമായി സംവിധാനം ചെയ്ത 'Family Plot' എന്ന സിനിമയിലും ഈ സിനിമ മിനിമലിസത്തിന്റെ മാജിക് കാണാം. അന്ധവിശ്വാസങ്ങൾ, ക്രൈം, ഇത് രണ്ടും പശ്ചാത്തലമാകുന്ന അന്തരീക്ഷത്തിന്റെ മൂഡ് സൃഷ്ടിക്കാനുംഅതിലേക്ക് കാഴ്ചക്കാരനെ പിടിച്ചിടാനും ഏതാനും മിനിട്ടുകൾ മതി സംവിധായകന്.
നന്നായി എഴുതിയ തിരക്കഥയും നല്ല ദൃശ്യഭാഷയുമാണ് ഈ ഫിലിമിന്റെയും നട്ടെല്ല്. ചുരുങ്ങിയ എണ്ണം കഥാപാത്രങ്ങളേയുള്ളൂ. അവർക്കിടയിൽ പരസ്പരം ഇഴപിരിയുന്നതും ആകാംക്ഷ ഉളവാക്കുന്നതുമായ ഒരു പ്ലോടാണ് സിനിമയുടേത്. അതിൽ അന്ധവിശ്വാസത്തിന്റെ അന്തരീക്ഷം ഉണ്ട്. ക്രൈമുണ്ട്, ക്രിമിനൽസ് ഉണ്ട്‌. ഡിറ്റക്റ്റീവ് സിനിമയുടെ അംശങ്ങളുണ്ട്. അതിന്റെ മുകളിൽ ഹിച്കോകിന്റെ കൃത്യതയാർന്ന വിഷ്വൽ ഗ്രാമർ കൂടെയുണ്ട്.

ഉദാഹരണത്തിന് ജോർജ് എന്ന (കപട) ഡിറ്റക്റ്റീവും മിസിസ് മാലോണിയും തമ്മിൽ സെമിത്തേരിയിൽ വെച്ചുള്ള ഒരു കാറ്റ് ആൻഡ് മൗസ് കളി. ഡിറ്റക്റ്റീവിന്റെ കയ്യിൽ പെടാതെ രക്ഷപ്പെടണം എന്നതാണ് മിസിസ് മലോണിയുടെ ആവശ്യമെങ്കിൽ അവരെ ഇന്റ്രൊഗേയ്റ്റ് ചെയ്യണം എന്നതാണ് ജോർജിന്റെ ആവശ്യം. ഇരുവരുടെയും ശരീരചലനങ്ങൾ ഒരു ബേഡ്സ് ഐ വ്യൂ ഷോട്ടിലൂടെയാണ് ഹിച്കോക് ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ചലിക്കുന്നേയില്ല. പരിമിതവിഭവം കയ്യിലുള്ള ഒരു സംവിധായകൻ ചെയ്യുക ഇവിടെ ക്യാമറ തലങ്ങും വിലങ്ങും കുലുക്കുക ആവും. ഒപ്പം ഇഷ്ടം പോലെ ഷോട് ബ്രേയ്ക് ചെയ്തുകൊണ്ടേയിരിക്കും. If you cannot convince them, confuse them എന്ന തത്വമായിരിക്കും പിന്തുടരുന്നത്. അത്തരം തരികിട പരിപാടികൾ ഹിച്കോക്കിനു ആവശ്യമില്ല. തീർത്തും നിശ്ചലമായ ഒരു ഫ്രയിമിനുള്ളിൽ കഥാപാത്രങ്ങളുടെ ചലനങ്ങളും ശരീരഭാഷയുമുപയോഗിച്ച് കാഴ്ചക്കാർക്ക് സ്ക്രീനിൽ നടക്കുന്നതെന്ത് എന്ന് എളുപ്പം മനസിലാക്കാവുന്ന ദൃശ്യഭാഷയാണ് ഈ സീനിൽ ഹിച്കോക് ഉപയോഗിക്കുന്നത്. നല്ല സിനിമയുടെ ലക്ഷണം പ്രേക്ഷകനെ കൺഫ്യൂസ് ചെയ്യിക്കാതെ കാഴ്ചകളെ അവതരിപ്പിക്കാൻ കഴിയുക എന്നതാണ്.

(സ്യൂഡോ-ആർട് സിനിമകളിൽ ക്യാമറ നിശ്ചലമാക്കി വെയ്ക്കുന്ന ഏർപ്പാടുണ്ട്. ക്യാമറ ഏതെങ്കിലും മരച്ചില്ലയ്ക്കുള്ളലോ ഫാനിന്റെ മണ്ടയ്ക്കോ കൊണ്ട് കെട്ടിത്തൂക്കി അഞ്ച് മിനിട്ട് ഒരേ ഫ്രെയിമിൽ വല്ലതുമൊക്കെ കാണിക്കും. അത് ഫിലിം മേയ്ക്കിങ് അല്ല കാപട്യമാണ്).

ജോർജും കാമുകിയും മദ്യലഹരിയിൽ ബ്രേയ്ക് പൊട്ടിയ കാറിൽ ചുരമിറങ്ങുന്ന മറ്റൊരു രംഗം. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായമില്ലാതെ ചിത്രീകരിച്ച ഈ രംഗത്തിൽ - കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷം , കാറിന്റെ വേഗത, അളന്നു മുറിച്ച എഡിറ്റിങ്. ഇത്രയും കൊണ്ട് 'എഡ്ജോഫ് സീറ്റ്' എന്ന് വിശേഷിപ്പിക്കുന്ന തരം ത്രില്ലിങ് സീക്വൻസ് സൃഷ്ടിച്ചിരിക്കുന്നു. അതാണ് സിനിമ.
Photo
Add a comment...

ഓർബിന്ദോ സെൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ വളരെ വൈകിയിരുന്നു. മഴ അയാളെ നനച്ചു. നിറഞ്ഞൊഴുകിയ ഫുട്പാത്തിൽ കാലുകൾ വഴുക്കി. വീടെത്തിയതും കുളിയെക്കുറിച്ചല്ലാതെ മറ്റൊന്നും അയാൾക്ക് ചിന്തിച്ചില്ല. ഹീറ്ററിന്റെ സ്വിച് ഓൺ ചെയ്ത ശേഷം അയാൾ കലണ്ടറിൽ പരതി. ഓഗസ്റ്റ് രണ്ട്. ഇനിയും ഒന്നര മാസം. സെപ്റ്റംബർ പകുതിയാവും കേരളത്തിലെ നീണ്ട അവധി തുടങ്ങുവാൻ. ബംഗാൾ വരെയുള്ള യാത്രയെക്കുറിച്ചുള്ള ചിന്തകൾ തന്നെ അയാളെ ക്ഷീണിപ്പിച്ചു.

ഷവറിനു കീഴെ ചെറുചൂടുവെള്ളം സുഖം അനുഭവിച്ച് അയാൾ നിന്നു. വളരെ ദിവസങ്ങളായി ആ വീട്ടിൽ അയാൾ അനുഭവിച്ചു പോന്ന ഭീതിയുടെ സാന്നിദ്ധ്യം പൊടുന്നനെ വർദ്ധിച്ചതായി അയാൾക്ക് തോന്നി. ഏതോ രണ്ട് കണ്ണുകൾ അയാളെ പിന്തുടരുന്നു. പിറകിൽ എന്തോ ശബ്ദം. ഞെട്ടിത്തിരിഞ്ഞ ഓർബിന്ദോയുടെ മുഖത്തെ പേശികൾ വലിഞ്ഞ് മുറുകി. തൊണ്ടയിൽ കുരുങ്ങിപ്പോയൊരു നിലവിളി അയാളെ ശ്വാസം മുട്ടിച്ചു. രക്തം കിട്ടാതെ തലച്ചോറിലെ കോശങ്ങൾ വെപ്രാളപ്പെട്ടു. ഹൃദയഭിത്തികൾ തകരുന്നതായി അയാൾക്ക് തോന്നി.

വർഷങ്ങൾക്കു ശേഷം.

ഉച്ചമയക്കത്തിലേക്ക് കണ്ണുകൾ പൂട്ടിയതായിരുന്നു ആദി. അപ്പൊഴാണ് ഇടത്തെക്കയ്യിൽ റിസ്റ്റ്_വെയർ കലമ്പിയത്. കോളെടുക്കാൻ അയാൾ ശബ്ദനിർദ്ദേശം നൽകി. റിസ്റ്റ്_വെയറിൽ നിന്നും ഹോളോഗ്രാഫിക് ഇമേജ് അന്തരീക്ഷത്തിലേക്കുയർന്നു. ആരോണും ദിയയും വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടു.

"ഞങ്ങൾ വരുന്നു . കേരളത്തിലേക്ക്"

തുടർന്ന് ആരോൺ വിശദീകരിച്ചു. ആരോണിന്റെ ജോലിമാറ്റം. മുംബൈ മടുത്ത ദിയ. ഒരു മാറ്റം. വേരുകളിലേക്ക് ഒരു മടങ്ങിവരവ്. അഞ്ചാറുമാസത്തെ അസൈന്മെന്റ്.

"ഞാൻ എന്നാൽ ഇവിടെ അക്കൊമൊഡേഷൻ അന്വേഷിക്കാം"

" നോ വറീസ്. അതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ചു. നീ അവിടെ ചെന്ന് ഫൈനലൈസ് ചെയ്താൽ മതി".

ആദിയ്ക്ക് ലൊക്കേഷൻ അയച്ചുകൊടുക്കാൻ തന്റെ ഇന്റലിജന്റ് അസിസ്റ്റന്റിനോട് ആരോൺ നിർദ്ദേശിച്ചു. നിമിഷങ്ങൾക്കകം‌ ആദിയുടെ ഹോളോഗ്രാഫിക് പ്രൊജക്ഷനിൽ സാറ്റലൈറ്റ് ലൊക്കേഷൻ മാപ്പും വീടിന്റെ വീഡിയോയും പ്രത്യക്ഷപ്പെട്ടു. ആ കെട്ടിടം കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ഉൽക്കണ്ഠ ഉടലെടുത്തു അയാളുടെ മനസിൽ. പഴയ കാല കെട്ടിടം. അമ്പതുവർഷങ്ങൾ എങ്കിലും പഴക്കം ഉണ്ടാവണം. ഇപ്പോൾ ഇത്തരം വീടുകൾ ആരും നിർമ്മിക്കാറില്ല.

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. അന്ന് തന്നെ ആദി ക്ലീനിങ് സർവീസ് വഴി വീട് വൃത്തിയാക്കിച്ചു. പിറ്റേന്ന് വെളുപ്പിനു തന്നെ ഹൈപ്പർലൂപ് ട്രെയിൻ വഴി ആരോണും ദിയയും രാജക്കാട് എത്തി. മുംബൈയിൽ നിന്നും രാജക്കാട് വരെ കഷ്ടിച്ച് 20 മിനിട്ടാണ് എടുത്തത്.

ആരോണും ദിയക്കുമൊപ്പം ആദി പുതിയ വാടകവീട്ടിൽ എത്തി.

" ഫന്റാസ്റ്റിക് മാൻ. ജസ്റ്റ് ഏസ് ഐ എക്സ്പക്റ്റഡ്"

"പഴയ കെട്ടിടങ്ങളോടും സാധനങ്ങളോടും വല്ലാത്ത ക്രേസ് ആണിവൾക്ക്"

"ആർക്കിയോളജി എന്ന പേരും പറഞ്ഞ് ലണ്ടനിൽ കുറേ കൊല്ലം കോളേജ് കേറിയിറങ്ങിയത്‌ വെറുതെ ആണോ മാഷേ?"

ഇങ്ങനെ തുടങ്ങി കുറേ ക്ലീഷേ സംഭാഷണങ്ങൾ അവർക്കിടയിൽ നടന്നു. ശേഷം മൂവരും കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി.

ഇക്കഴിഞ്ഞ വർഷങ്ങളിലെപ്പോഴോ പുതുതായി ഇൻസ്റ്റാൾ ചെയ്ത ബയോമെട്രിക് ലോക്കിങ് സിസ്റ്റത്തിന്റെ ഇന്റർഫേയ്സിൽ ആരോൺ കൈപ്പത്തി പതിപ്പിച്ചു. ദൂരെ കടവാതിലുകൾ ഒച്ചയോടെ പറന്നുയർന്നു. വാതിൽ തുറക്കാൻ
ആരോൺ ശബ്ദനിർദ്ദേശം നൽകി. തൽസമയം തന്നെ വംശനാശം വരാതെ ബാക്കി ആയ ഒരു മൂങ്ങ എവിടെയോ ഉറക്കെ കരഞ്ഞു. വാതിൽ തുറന്നതും അകാരണമായി ദിയ ഉച്ചത്തിൽ നിലവിളിച്ചു. കരിമ്പൂച്ച വർഗത്തിലെ അവസാന കണ്ണിയായ ഒരുവൻ മച്ചിൽ നിന്നും താഴേക്ക് ചാടി എങ്ങോ ഓടിമറഞ്ഞു.
ഞെട്ടലിൽ ആദി പുറകോട്ടു മാറി. ആരോൺ മാത്രം അചഞ്ചലനായി നിന്നു.

ദുർന്നിമിത്തങ്ങൾ ഇടയ്ക്കിടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരുന്നെങ്കിലും ആദ്യദിവസങ്ങൾ പൊതുവേ ശാന്തമായിരുന്നു. ഇടയ്ക്കിടെ ജമ്പ് സ്കെയറുകൾ ആരോണിനും ദിയക്കും അനുഭവപ്പെടുന്നതായി സംവിധായകൻ കാണിക്കുന്നുണ്ട്. ഈ സമയങ്ങളിൽ അവർക്കൊപ്പം പ്രേക്ഷകരും ഞെട്ടും.

കുളിമുറിയിൽ എപ്പോഴും തന്നെ ആരുടെയോ കണ്ണുകൾ പിന്തുടരുന്നു എന്ന തോന്നൽ ദിയയ്ക്കുള്ളിൽ ശക്തമായി. ചെറിയ ഹാലൂസിനേഷനുകൾ പിന്നെ ന്യൂറോസിസ് ആയി വളർന്നു. പ്രേതസാന്നിദ്ധ്യം ആരോണിനും അനുഭവപ്പെട്ടു. ദിയയിൽ മാറ്റങ്ങൾ പ്രകടമായി. ശേഷം ദിവസങ്ങളിൽ ആരോണിനു അനുഭവപ്പെട്ട ജമ്പ് സ്കേയറുകളിൽ അധികവും ദിയയുടെ സൃഷ്ടികളായിരുന്നു. വിവരം മനസിലാക്കിയ ആദി ആലത്തൂരാൻ തിരുമേനിയ്ക്ക് സന്ദേശമയച്ചു. യുക്തിവാദി കൂടി ആയ ആരോൺ മുംബൈയിലെ തന്റെ സുഹൃത്തും മനഃശാസ്ത്രചികിൽസകനും ആയ ഡോക്ടർ അബ്രഹാമിനാണ് മെസേജ് അയച്ചത്. അബ്രഹാമിന്റെ വെയറെബൗട്സ് ആർക്കും അറിയാമായിരുന്നില്ല. തന്റെ ആർട്ടിഫിഷ്യൽ പേഴ്സണൽ അസിസ്റ്റന്റിനോട് ആരോൺ കയർത്തു എന്ന് തന്നെ പറയാം. "ഐ വാണ്ട് അബ്രഹാം ഇമ്മീഡിയറ്റ്ലി". റിസ്റ്റ് വേയറിനെ നോക്കി ആരോൺ ഒച്ച ഉയർത്തി നിർദ്ദേശം നൽകി. ബേബിക്കുട്ടൻ എന്നായിരുന്നു ആരോണിന്റെ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ പേര്. ബേബിക്കുട്ടൻ സൈബർലോകത്ത് തലങ്ങും വിലങ്ങും പരതിയാണ് പഴയ ഒരു മെയിൻഫ്രേം സെർവറിൽ നിന്നും അബ്രഹാം ഡോക്ടറുടെ വിവരങ്ങൾ തപ്പിയെടുത്തത്.

അബ്രഹാം ഡോക്ടറുടെ വരവ് ഡ്രമാറ്റിക് ആയിരുന്നു. മുംബൈയിൽ നിന്നും ഹൈപ്പർലൂപ്പിൽ കോട്ടയത്തേക്ക്. കോട്ടയത്ത് നിന്നും ഓട്ടോ പിടിച്ച് ശബരിമല. അവിടെ നിന്നും സെൽഫ് ഡ്രവിങ് യൂബറിൽ രാജക്കാട്. അബ്രഹാം എത്തുന്നു ആരോണിനെ കെട്ടിപ്പിടിക്കുന്നു. വീട്ടുമുറ്റത്ത് പിന്നെ തമാശയും കളിയും ഒക്കെ ആയി. ആ സമയത്ത് തന്നെയാണ് ആലത്തൂരാൻ തിരുമേനിയും ആയി ആദിയും അങ്ങോട്ടെത്തുന്നത്.

ആലത്തൂരാനു ഡോക്ടറെ അത്രയ്ക്ക് ബോധിച്ചില്ല. അനിഷ്ടം മറച്ചു വെച്ചുമില്ല. ഇവിടത്തെ ബാധയെ ഒഴിപ്പിക്കൽ തന്റെ ജോലിയാണെന്ന് ആലത്തൂരാൻ. സൈക്യാട്രിയോടൊപ്പം പാരസൈക്കോളജിയിലും വേദാന്തത്തിലും പിടിപാടുള്ള തന്നോടോ ബാലാ എന്നായി അബ്രഹാം. എന്നാൽ പരീക്ഷിച്ചറിയണം എന്നായി ആലത്തൂരാൻ. ആദ്യംതന്നെ കഠിനമായ ഒരു ചോദ്യമാണെറിഞ്ഞത്. മറുപടിയായി അബ്രഹാം ' തസ്യോത്സംഗേ പരിണത ഇവ സ്രസ്ത ഗംഗാദുകൂലാം, ന ത്വം ദൃഷ്ട്വാ ന പുനരളകാം ജ്ഞാസസ്യേ കാമചാരിൻ ' എന്ന് ശ്ലോകമുരുവിട്ടു. ഇനി ജികെ പരീക്ഷിക്കാം എന്ന് കരുതി തിരുമേനി അടുത്ത ചോദ്യമെറിഞ്ഞു.

"മലയാളികളുടെ ട്രാവൽ ഫോട്ടോസിൽ ഏറ്റവും കൂടുതൽ കാണുന്ന വസ്തു ഏത്? താജ്മഹാൽ? ഊട്ടിയിലെ മരം? എയ്ഫൽ ടവർ?"

അബ്രഹാം ഡോക്ടർ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു - " കഴുത്തിൽ ചുറ്റിയ തോർത്ത്"

ഇനിയൊന്നും ചോദിച്ചറിയാൻ ഇല്ലെന്നായി ആലത്തൂരാൻ.

അങ്ങിനെയാണ് കംബൈൻഡ് ആയി പ്രേതത്തെ നേരിട്ട് കളയാം എന്ന് തീരുമാനമായത്. അബ്രഹാം ഡോക്ടർ ഹോംവർക്‌ നന്നായി ചെയ്ത ശേഷമായിരുന്നു വന്നത്. ഈ വീട്ടിൽ മുൻപ് നടന്ന ദുരൂഹമരണങ്ങളുടെ ഒരു ലിസ്റ്റ് അയാൾ തയ്യാറാക്കിയിരുന്നു. ഓർബിന്ദോ സെൻ എന്ന ബംഗാളി യുവാവ് ആയിരുന്നു അവസാനമായി മരിച്ചത്. ഷവറിനു കീഴെ ഹൃദയം പൊട്ടി മരിച്ച് കിടക്കുക യായിരുന്നു. കേരളത്തിലെ ആദ്യകാല ബംഗാളി കുടിയേറ്റ തൊഴിലാളിയുടെ മകൻ. അതിനു മുമ്പും ഒട്ടേറെ മരണങ്ങൾ.

"പക്ഷേ ഇതിന്റെ തുടക്കം ഇവിടെയൊന്നുമല്ല". അബ്രഹാം പറഞ്ഞു. " അതറിയാൻ നമുക്ക് ഒരിടം വരെ പോകേണ്ടതുണ്ട്"

ആലത്തൂരാനും ആരോണിനും ഒപ്പം അബ്രഹാം ഡോക്ടർ പോയത് മോനിച്ചൻ എന്ന പൗരനു അരികിൽ ആയിരുന്നു. ഹീ വോസ് ഓൾഡ് ആൻഡ് വീക്. പക്ഷെ മോനിച്ചനു പറയാൻ ഒരുപാടു കഥകൾ ഉണ്ടായിരുന്നു. വളരെ വളരെ വർഷങ്ങൾക്ക് മുൻപ് മോനിച്ചന്റെ ചെറുപ്പകാലം. അന്ന് ജോർജുകുട്ടി എന്ന ഒരു കേബിൾ ഓപറേറ്ററിന്റെ അസിസ്റ്റന്റ് ആയി മോനിച്ചൻ ജോലി ചെയ്തിരുന്നത്. ആ നാടിനെ ആകെ ഇളക്കിമറിച്ച ഒരു മാൻ മിസിങ് കേസിൽ ജോർജു കുട്ടി പ്രതി ചേർക്കപ്പെട്ടത്.

"ഏറെക്കാലം ആരുമറിഞ്ഞില്ല. വരുൺ പ്രഭാകർ എന്ന ആ ചെറുപ്പക്കാരനു എന്ത് സംഭവിച്ചെന്ന്. ജോർജുകുട്ടിച്ചായൻ കൊന്ന് കുഴിച്ചിട്ടു എന്നായിരുന്നു ജനസംസാരം". മോനിച്ചൻ ഒന്ന് ചുമച്ചു. സിറ്റുവേഷൻ ഒന്നുകൂടെ ഡ്രമാറ്റിക് ആക്കി. " നിങ്ങളിപ്പൊ താമസിക്കുന്ന ആ പഴയ വീടുണ്ടല്ലോ, അത് പണ്ടൊരു പോലീസ് സ്റ്റേഷനായിരുന്നു. അതിന്റെ തറയ്ക്കടിയിലാ ജോർജുകുട്ടി ആ പയ്യനെ കുഴിച്ചിട്ടതെന്നാ പറയപ്പെടുന്നത്"

ഈ ഡയലോഗ് പറഞ്ഞ് തീർന്നതും അന്തരീക്ഷത്തിൽ മിന്നലടിച്ചു. ഇടിയും വെട്ടി.

ഫുൾ കഥ വിശദമായിത്തന്നെ മോനിച്ചൻ എല്ലാവരോടുമായി പറഞ്ഞു.

"അവിടെ എത്രയെത്ര ദുർമരണങ്ങൾ. മിക്കതും ഓഗസ്റ്റ് രണ്ടാം തീയതിയോട് അടുപ്പിച്ച്"

"ജോർജ് കുട്ടിയ്ക്കും കുടുംബത്തിനും പിന്നെ എന്ത് സംഭവിച്ചു"

"എല്ലാവരും തീർന്നു. ഒക്കെ ദുർമരണങ്ങൾ ആയിരുന്നു. എളേയത് മാത്രം മക്കളും പേരക്കുട്ടികളും ആയി വിദേശത്ത് എവിടെയോ ആണെന്ന് കേട്ടു. മൂത്തത് മറ്റൊരു മാൻ മിസിങ് കേയ്സായിരുന്നു. ശവം പോലും കിട്ടിയില്ല. വരുൺ പ്രഭാകരനെപ്പോലെ തന്നെ"

അവിശ്വനീയമായ വിവരങ്ങളും ആയി അവർ തിരിച്ചു പോയി. അബ്രഹാം ഡോക്ടർ ആലത്തൂരാൻ തിരുമേനിയോട് ആ രഹസ്യം പങ്കു വെച്ചു. വരുണിന്റെ പ്രേതം കൂടിയത് ദിയയിൽ അല്ല. ആരോണിലാണ്. അതിന്റെ വൈബ്രേഷൻ തനിക്ക് കിട്ടിയിട്ടുണ്ട്. ഇനി ചികിൽസയും എക്സോർസിസവും മറ്റുമാണ് പ്രതിവിധി. അടുത്ത ആഗസ്റ്റ് രണ്ടിനാണ് ക്രിയ ചെയ്യാൻ ഉത്തമം. താൻ കുറച്ച് ബിസി ആയിരിക്കുമെന്ന് ആലത്തൂരാൻ പറഞ്ഞു. വല്ല ഉച്ചാടനമോ ആവാഹനമോ അത്യാവശ്യമാണെങ്കിൽ വരാം എന്ന് വ്യക്തമാക്കി. വേണ്ടി വരില്ല എന്ന് അബ്രഹാം സൂചിപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങൾ ഉദ്വേഗജനകവും മറ്റുമായിരുന്നു. ജമ്പ് സ്കേയറുകളുടെ എണ്ണം കൂടിവന്നു. ദിയയോട് അബ്രഹാം രഹസ്യം പങ്ക് വെച്ചു. ആരോണിൽ ആണ് പ്രേതം. ദിയക്കാണ് എക്സോർസിസം എന്ന ഭാവേന മുറിക്കുള്ളിൽ ആരോണിനെ വരുത്തി എക്സോർസിസം ചെയ്യും.

ഓഗസ്റ്റ് രണ്ടാം തീയതി രാത്രി മുൻ നിശ്ചയിച്ച പ്രകാരം ആദി, ആരോൺ, അബ്രഹാം, ദിയ മുതലായവർ മുറിക്കുള്ള എക്സ് ഹ്യുമേഷൻ നടത്ത് വരുൺ പ്രഭാകരന്റെ റിമെയ്ൻസും മറ്റും പുറത്തെടുത്തു. രഹസ്യമായിട്ടായിരുന്നു. എക്സോർസിസം തുടങ്ങാൻ തയ്യാറായി. അപ്പൊഴാണ് അബ്രഹാം ഡോക്ടറുടെ ഭാവം മാറിയത്. അലറിക്കൊണ്ട് വായുവിലൂടെ സർക്കസൊക്കെ കാണിച്ച് അയാൾ എല്ലാവരെയും അടിച്ച് നിലത്തിട്ടു. ദിയയെ കൊല്ലാൻ വേണ്ടി മുന്നോട്ടാഞ്ഞു.

അന്നിമിഷം. ബാക്ഗ്രൗണ്ട് മ്യൂസിക്കോടെ ആലത്തൂരാൻ അവിടെ പ്രത്യക്ഷപ്പെട്ടു. മന്ത്രവും മറ്റും ഉപയോഗിച്ച് അബ്രഹാമിനെ കീഴ്പെടുത്തി തളച്ച് സൈഡിലേക്കിട്ടു. വൻ യുദ്ധമായിരുന്നു. ഗ്രാഫിക്സും വിഎഫ്.എക്സും ഒക്കെ ഉണ്ടായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് എല്ലാം ശാന്തമായപ്പോൾ ആലത്തൂരാൻ തിരുമേനി ആരോൺ, ആദി, ദിയ എന്നിവരെ അടുത്തിരുത്തി കഥകൾ വിശദമായി പറഞ്ഞു കൊടുത്തു. ആദ്യദിവസം അബ്രഹാമിനെ കണ്ടപ്പോൾ തന്നെ പ്രേതസാന്നിദ്ധ്യം തിരുമേനിക്ക് മനസിലായതാണ്. പിന്നെ മിണ്ടിയില്ല എന്നേ ഉള്ളൂ. തിരക്കാണെന്ന് പറഞ്ഞ് മുങ്ങിയ തിരുമേനി പശ്ചാത്തലത്തിൽ ഡിറ്റക്റ്റീവ് വർക്കും കവിടി വെയ്പും നടത്തി സത്യങ്ങൾ മനസിലാക്കി.

വരുൺ പ്രഭാകറിന്റെ പ്രേതം ഏതാനും നാൾക്ക് മുന്നേ കേരളം വിട്ടിരുന്നു. തന്റെ പഴയ മൊബൈൽ ഫോൺ പോയ വഴിയെ പൂനെയ്ക്ക് പോയതാണ്. മഹാരാഷ്ട്രയിൽ വെച്ച് എസ്ര എന്നൊരു ജ്യൂതപ്രേതത്തെ പരിചയപ്പെടുന്നു. എസ്രയും കേരളത്തിൽ നിന്ന് മഹാരാഷ്ട്ര എത്തിയ പഴയൊരു കേസ് കെട്ട് പ്രേതമാണ്. എസ്ര വരുൺ പ്രഭാകരനെ കാപ്പ എന്ന സംഘടനയിൽ ചേർക്കുന്നു.

"കാപ്പ?" അതെന്താണെന്ന് ദിയ ചോദിച്ചു.

"കോസ്റ്റൽ ഏരിയ പെണ്ണുങ്ങളെ പറ്റിച്ച് പടമായ പ്രേതങ്ങളുടെ അസോസിയേഷൻ. CAPPPA. കന്യാകുമാരി മുതൽ കറാച്ചി വരെ മെമ്പർഷിപ്പുണ്ട്. "

അങ്ങനെയാണ് എസ്ര വരുണിനെ എങ്ങിനെ മനുഷ്യരുടെ ദേഹത്ത് കയറാം എന്ന് പരിശീലിപ്പിക്കുന്നത്. ഒറ്റ പ്രശ്നമേ ഉള്ളൂ. മനസും ശരീരവും നേരെ ചേരാത്ത വട്ടന്മാരുടെ ദേഹത്തെ കയറാൻ പറ്റൂ. ചിരിയാഗഞ്ചിൽ ഒരു മാർവാഡിക്കടയിൽ പാരാസൈക്കോളജി എന്നൊക്കെപ്പറഞ്ഞ് തേരാപ്പാരാ നടക്കുന്ന അബ്രഹാം ഡോക്ടറെ വരുൺ പ്രഭാകർ കാണുന്നു. അവിടെ വെച്ചാണ് ഡോക്ടറെ വരുൺ ബാധിക്കുന്നത്. ബാധ കയറിയ അബ്രഹാം ഡോക്ടറാണ് കേരളത്തിൽ എത്തിയത്.

അങ്ങനെ പ്രശ്നങ്ങളെല്ലാം സോൾവാക്കി ആലത്തൂരാൻ സ്ഥലം വിടുന്നു. അസൈന്മെന്റ് തീർന്നത് കൊണ്ട് ആരോണും ദിയയും മുംബൈക്കും മടങ്ങുന്നു. പക്ഷെ ആലത്തൂരാൻ പറഞ്ഞ കഥയിൽ എന്തൊക്കെയോ ലൂപ് ഹോൾസില്ലേ എന്ന സംശയമായി ആദിയ്ക്ക്. സംതിങ് സംവേർ റോങ്. അതെന്താണെന്ന് കണ്ടുപിടിക്ക‌ണം എന്ന വാശിയായി അയാൾക്ക്.
Add a comment...

വാട്ടേഴ്സൺ വേണ്ടെന്നു വെച്ച ശതകോടികൾ


വളരെ സാധാരണം എന്ന് വിളിക്കാവുന്ന വരകൾ ആയിരുന്നു ബിൽ വാട്ടേഴ്സന്റേത് (അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം). ഒരു കാർട്ടൂൺ കോളത്തിനായി പല സിൻഡിക്കേറ്റിങ് ഏയ്ജൻസികൾക്കയച്ച ആശയങ്ങൾ പല തവണ നിരാകരിക്കപ്പെട്ട ശേഷമാണ് കാല്വിൻ ആൻഡ് ഹോബ്സ് യൂണിവേഴ്സൽ സ്വീകരിക്കുന്നത്. കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ കാർട്ടൂൺ ഹിറ്റായി. കണക്കിലധികം പത്രങ്ങളിലെ സ്ഥിരം കോളമായി മാറി. ഇത്രയും സാധാരണ കഥ. സ്വന്തം അധ്വാനം കൊണ്ട് വിജയിച്ച എല്ലാവർക്കും പറയാനുണ്ടാകും ഇത് പോലെ ഒരു കഥ.

വാട്ടേഴ്സന്റെ കഥ പക്ഷെ ഇവിടെ അവസാനിക്കുന്നില്ല. പുള്ളി തന്റെ വരയെ പതുക്കെ മെച്ചപ്പെടുത്തി എടുക്കുന്നു. വര തെളിയുന്നു. ആശയങ്ങൾ മികച്ചതാവുന്നു. ആകെ പത്ത് കൊല്ലമാണ് കാർട്ടൂൺ വരച്ചത്. അതിനിടെ രണ്ട് തവണ ആറേഴ് മാസങ്ങൾ നീണ്ടു നിൽക്കുന്ന ഇടവേളകൾ എടുത്തു. ഓരോ ഇടവേളകളിലും സ്വയം മെച്ചപ്പെടുത്തി. വാട്ടേഴ്സനു വേണമെങ്കിൽ ഹിറ്റായ കഥാപാത്രങ്ങളെ വെച്ച് എത്ര കാലം വേണമെങ്കിലും എന്തെങ്കിലും തമാശ ഒക്കെ വരച്ചു വെച്ച് കാലം കഴിക്കാമായിരുന്നു. അയാളത് ചെയ്തില്ല.

രണ്ടാമത്തെ അവധിക്കു ശേഷം ഞായറാഴ്ച പ്രസിദ്ധീകരിക്കുന്ന സ്ട്രിപ്പുകൾ അരപ്പേജിൽ അച്ചടിക്കുക ആണെങ്കിൽ മാത്രമേ സ്ട്രിപ് തരൂ എന്ന് വാട്ടേഴ്സൻ കട്ടായം പറഞ്ഞു. സിൻഡിക്കേറ്റും പിന്തുണ നൽകി. അനുസരിക്കുക അല്ലാതെ പത്രങ്ങൾക്ക് നിവൃത്തി ഉണ്ടായിരുന്നില്ല. അരപ്പേജ് പത്രങ്ങളെ സംബന്ധിച്ച് വലിയൊരു സ്പേയ്സാണ്. കാല്വിൻ ആൻഡ് ഹോബ്സില്ലാത്ത പത്രങ്ങൾ സർക്കുലേഷനിൽ പിന്തള്ളിപ്പോകും എന്ന് ഉറപ്പായിരുന്നു. പത്രങ്ങൾക്ക് സമ്മതിക്കേണ്ടി വന്നു. വെറുതെ വായിച്ചു ചിരിക്കാൻ ഉള്ള കോളമല്ല, ഒരു ആർട് വർക് എന്ന നിലയിൽ മൂല്യമുണ്ടാകണം കാർട്ടൂണിന് എന്നതായിരുന്നു വാട്ടേഴ്സന്റെ നിലപാട്. പിന്നീടുണ്ടായ അരപ്പേജ് സ്റ്റ്രിപ്പുകൾ ഒന്നാന്തരം കലാസൃഷ്ടികളാണ്. വിഷ്വൽ മീഡിയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ആ സ്ട്രിപ്പുകൾ വാട്ടേഴ്സൻ വരച്ചത്. കാർട്ടൂൺ എന്ന കലാരൂപത്തിന്റെ തന്നെ പ്രസക്തിയും പ്രൗഡിയും ഉയർത്തിപ്പിടിക്കാൻ വാട്ടേഴ്സന്റെ വിഷൻ സഹായിച്ചു. He revived the artform. ഇന്റർനെറ്റ് വിപ്ലവം ഒന്നു മാത്രമാണ് പിന്നീട് വീണ്ടും പത്രങ്ങളിലെ കാർട്ടൂണിന്റെ മൂല്യം കുറച്ചു കളഞ്ഞത്.

വരച്ച് വരച്ച് സ്വരം നന്നാക്കിയ ശേഷം വാട്ടേഴ്സൻ ഒരു സുപ്രഭാതത്തിൽ 'ഹൈ നോട്ടിൽ' സ്ട്രിപ് അവസാനിപ്പിച്ചു സ്വന്തം സ്വകാര്യജീവിതത്തിലേക്കും പെയിന്റിങ് ജോലികളിലേക്കും പിൻ വാങ്ങി.

വാട്ടേഴ്സൻ ഒരിക്കലും കാല്വിൻ ആൻഡ് ഹോബ്സിനെ മെർച്ചന്റൈസ് ചെയ്തില്ല. മില്യൺ കണക്കിനു ഡോളറുകൾ സമ്പാദിക്കാവുന്ന ബിസിനെസ്. അതാണ് കമ്പോളകേന്ദ്രീകൃതസമൂഹത്തിന്റെ ഈറ്റില്ലമായ അമേരിക്കയിൽ വാട്ടേഴ്സൻ വേണ്ടെന്നു വെച്ചത്. ഉദാഹരണമായി വാൾട് ഡിസ്നി കഥാപാത്രങ്ങളെ തട്ടിയല്ലാതെ അമേരിക്കയിൽ ജീവിക്കാൻ സാധിക്കില്ല. എങ്ങും എവിടെയും എല്ലാത്തിലും. പോപ് കൾച്ചറിനെ മുതലാളിത്തം രൂപപ്പെടുത്തിയിരിക്കുന്നത് എന്തിനെയും ഉല്പന്നകേന്ദ്രീകൃതമാക്കാൻ ഉള്ള പ്ലാറ്റ്ഫോം എന്ന നിലയിലാണ്. സ്റ്റാർ വാർ സിനിമയുടെ ഉപജ്ഞാതാവായ ജോർജ് ലൂക്കാസ് ആ സിനിമയ്ക്ക് കണക്കിലധികം പ്രതിഫലം നൽകാൻ തയ്യാറായ 20 സെഞ്ച്വറി ഫോക്സിനോട് അത് നിരസിച്ച ശേഷം സ്റ്റാർ വാർസ് മെർചന്റൈസിങ്ങിനുള്ള അവകാശമാണ് പകരം വാങ്ങിച്ചത്. ശതകോടികളാണ് ഇത് വഴി ജോർജ് ലൂക്കാസ് സമ്പാദിച്ചത്. അത്തരം സാധ്യതയാണ് വാട്ടേഴ്സൻ വേണ്ടെന്ന് വെച്ചത്. പുസ്തകങ്ങൾ അല്ലാതെ പാവയും റ്റീഷർട്ടും റ്റൂത്ത്പേസ്റ്റും ചോക്ലേറ്റും ഡമ്മിയും ബെഡ്ഷീറ്റും കലണ്ടറും കപ്പു സോസറും ടിഷ്യൂ പേപ്പറും ഒന്നുമായി വാട്ടേഴ്സന്റെ കഥാപാത്രങ്ങളെയോ ചിത്രങ്ങളെയോ എവിടെയും കാണില്ല (അംഗീകൃതമല്ലാതെ സൃഷ്ടിക്കപ്പെടുന്നുണ്ടാകും).

ഒരു ഹിപ്പോക്രാറ്റ് അല്ല കക്ഷി. പ്രശസ്തി കിട്ടാൻ വേണ്ടി പ്രശസ്തി ഇഷ്ടമല്ല എന്ന് പറഞ്ഞതായിരുന്നില്ല. കാർട്ടൂൺ വര നിർത്തിപ്പോയ വാട്ടേഴ്സൻ പിന്നീട് ഒരു ദൃശ്യമാധ്യമങ്ങളിലും റിയാലിറ്റി ഷോകളിലും ചെന്നില്ല. സ്വന്തം സ്വകാര്യതയിൽ ജീവിക്കുന്നു‌.
ഒട്ടും പ്രീച്ചിങ് അല്ലാത്ത ടോണിൽ സോഷ്യൽ കമന്ററികൾ ധാരാളം കാർട്ടൂണുകളിൽ കാണാം. അതെ. ആ കാർട്ടൂണുകൾക്ക് ഒരു നിലപാടുണ്ട്. ഒരു രാഷ്ട്രീയമുണ്ട്. ഒരു കാഴ്ചപ്പാടുണ്ട്. കെട്ടുകാഴ്ചകളെ വാട്ടേഴ്സൻ കളിയാക്കുന്നു. മാർക്കറ്റിങ് ഗിമ്മിക്കുകളെ പലവട്ടം പരിഹസിക്കുന്നു. കമ്മോഡറ്റൈസേഷനെയും യാന്ത്രികജീവനരീതികളെയും വിമർശിക്കുന്നു. കോൺഫ്ലേക്സിന്റെ മുകളിൽ കാല്വിന്റെ ചിത്രം അച്ചടിക്കാൻ അനുവാദം കൊടുത്തിരുന്നെങ്കിൽ ഇല്ലാതായിപ്പോവുക കാർട്ടൂണിന്റെ ആ നിലപാടുതലം ആയിരുന്നു.

വൾഗറായ നിലവാരത്തിൽ ഉള്ള മെർച്ചന്റൈസിങ് ഇന്ന് ഇന്ത്യയിലും വ്യാപകമാണ്. ഏത് രംഗത്തും പൊതുവെ രണ്ടാംകിടയോ മൂന്നാം കിടയോ ആയ സൃഷ്ടികളായിരിക്കും പൊതുവെ തരം താണ രീതിയിൽ എങ്ങും സ്വയം വിൽക്കുന്നത്. ഒന്നാം തരം സൃഷ്ടികൾ അപൂർവമായേ സ്വയം അങ്ങിനെ താഴാറുള്ളൂ. ഇന്ത്യയിൽ തന്നെ നോക്കുക റാ-വൺ മുതൽ ബാഹുബലി വരെയുള്ള സിനിമകൾ, ചോട്ടാ ഭീം പോലെ ഉള്ള കാർട്ടൂണുകൾ, ക്രിക്കറ്റിൽ തന്നെ രണ്ടാം തരമായ ഐപിഎൽ മാച്ചുകൾ. ബൗണ്ടറികൾ ചുരുക്കി വെയ്ക്കുന്നു. കൂടുതൽ സിക്സറുകൾ‌. ഓരോ സിക്സറിനുമൊപ്പം ഏതെങ്കിലും ബ്രാൻഡിന്റെ പേരു പറയേണ്ടി വരുന്ന കമന്റേറ്റർമാർ. ഒന്നെടുത്താൽ രണ്ട് ഫ്രീ എന്ന നിലയിലാണ് ഐപിഎൽ റ്റീമുകളുടെ പരസ്യകരാർ. മൂന്ന് താരങ്ങൾ ജഴ്സിയിട്ട് എത്തുന്ന ഒരേ തരം പരസ്യങ്ങൾ വ്യാപകമായത് ഇങ്ങനെയാണ്. അങ്ങേയറ്റം വൾഗറായ ഒരു മോഡലിൽ ആണ് ലളിത് മോഡി ഐപിഎൽ ഡിസൈൻ ചെയ്തത്. മോഡിയെ പറഞ്ഞുവിട്ട ശേഷവും ബിസിസിഐ അത് തന്നെ തുടരുന്നു.

ഇന്ന് ഏത് ചാനൽ ആയാലും വിരാട് കോഹ്ലിയെ ഒരു തവണ എങ്കിലും കാണാതെ ഒരു മണിക്കൂർ ടിവി കാണൽ അസാധ്യമായിരിക്കും. പോരെങ്കിൽ ഇപ്പ മഞ്ച് മച്ചാ ക്രഞ്ച്‌ മച്ചാ ബാഹുബലി. ബാഹുബലി പുട്ടി. ബാഹുബലി പുട്ടുപൊടി. ബാഹുബലി ബിസ്കറ്റ്. ബാഹുബലി റ്റിഷ്യൂ പേപ്പർ. അശ്ലീലമാണീ മാർക്കറ്റിങ്.

കുറഞ്ഞ സമയം കൊണ്ട് കഴിയുന്നത്ര പ്രകൃതിവിഭവങ്ങളെ മനുഷ്യർക്ക് ഗുണമില്ലാത്ത എന്തെങ്കിലും ഉല്പന്നമാക്കി മാറ്റുക. ബാഡ് പ്രൊഡക്റ്റ്സ് നീഡ് മോസ്റ്റ് അഡ്വർട്ടൈസിങ് എന്നാണ് തത്വം. താരങ്ങളെയും രണ്ടാം തരം സിനിമകളെയും ചവറുകളെ പ്രൊമോട്ട് ചെയ്യാൻ ആണ് മാർക്കറ്റ് ഉപയോഗിക്കുന്നത്. നിലയും വെളിവുമില്ലാത്ത ഉപഭോഗം, അതിനു വേണ്ടിയുള്ള മാർക്കറ്റ് സിസ്റ്റം. ആവശ്യമുള്ളത്രയും പ്രകൃതിയിൽ നിന്നും സ്വീകരിക്കുക എന്നല്ല, ആവശ്യത്തെ കൃത്രിമമായി സൃഷ്ടിച്ച് എങ്ങിനെയും പ്രകൃതിയെ ചൂഷണം ചെയ്യുക എന്നതാണ് ഇന്നിന്റെ പ്രൊഡക്ഷൻ സ്റ്റ്രാറ്റജി.

മനുഷ്യന്റെ സാംസ്കാരിക ഇടത്തിനു മൂല്യപരമായ ഉയർച്ച നൽകാൻ പ്രാപ്തിയുള്ളതായിരിക്കണം ആർട്. ഒരു തരി എങ്കിലും മനുഷ്യസംസ്കാരത്തെ മുകളിലേക്ക് പിടിച്ച് ഉയർത്താൻ ചരിത്രത്തിൽ കാല്വിൻ ആൻഡ് ഹോബ്സിനു കഴിഞ്ഞിട്ടുണ്ട്. പോപ്പുലർ ആയ മറ്റു പലതും മനുഷ്യരെ വൾഗർ ആയ കമ്പോളവൽക്കരണത്തിലേക്ക് തള്ളിത്താഴ്തുകയാണ് ചെയ്യുന്നത്. വാട്ടേഴ്സൻ ഒരു റോൾ മോഡൽ ആകേണ്ട വ്യക്തിയും കലാകാരനും ആകുന്നത് അത് കൊണ്ടാണ്.

Add a comment...
Wait while more posts are being loaded