പപ്പായ നിരപരാധിയാണ് .. :(

മലേഷ്യയിൽ ഡെങ്കിപ്പനി ബാധിച്ച ഒരു രോഗി പെഗാഗ (Pegaga) എന്ന് ഇംഗ്ലീഷിൽ പറയുന്ന ചെടിയുടെ ഇലച്ചാർ കുടിച്ച് പ്ലേറ്റ്ലറ്റ് എണ്ണം കൂടി ഡെങ്കിപ്പനിയിൽ നിന്നും രക്ഷപ്പെട്ടകഥ അദ്ദേഹം തന്നെ ഒരു ഇ-മെയിൽ വഴി പ്രചരിപ്പിക്കുകയുണ്ടായി. പെഗാഗ എന്നാൽ നമ്മൾ മുത്തിൾ, കുടങ്ങൽ എന്നൊക്കെ വിളിക്കുന്ന Centella asiatica എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന സസ്യമാണ്. ഡെങ്കിപ്പനിയെ പറ്റി അധികമാർക്കും അറിവില്ലാത്ത സമയമായിരുന്നു അത്. ഡോക്ടർമാർക്കു പോലും ഡെങ്കിയുടെ ഗതി വിഗതികളെ സംബന്ധിച്ച് വലിയ നിശ്ചയമുണ്ടായിരുന്നില്ലാ. അന്നാ മെയിലിന് വലിയ പ്രചാരം കിട്ടി.

ഈ ഇമെയിൽ ഇന്ത്യയിലെത്തിയപ്പോൾ ആർക്കും ഈ പെഗാഗ എന്താണന്നറിയില്ലായിരുന്നു. ഏതോ ഒരു വിരുതൻ അത് കൂടുതൽ പരിചയമുള്ള പപ്പായ (Papaya) എന്ന് തിരുത്തി. ഈയൊരു മണ്ടത്തരത്തിൽ നിന്നാണ് പപ്പായ ചികിത്സയുടെ തുടക്കം തന്നെ. ഇപ്പോൾ പപ്പായ ഇലച്ചാറുമുതൽ ഗവൺമെന്റ് സ്പോൺസേഡ് പപ്പായ എക്സ്ട്രാക്റ്റ് ഗുളികകൾക്ക് വരെ വമ്പൻ മാർക്കറ്റാണ്. പപ്പായയിൽ നിന്ന് ഡെങ്കിക്ക് ഒറ്റമൂലി കണ്ടുപിടിച്ച വിരുതന്മാർ വരെയുണ്ട്.

ഇന്നിപ്പോൾ മാതള നാരങ്ങ, കിവി, പാഷൻഫ്രൂട്ട് എന്നിവയ്ക്കും രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ എണ്ണം കൂട്ടാനാകുമെന്ന് യാതൊരു ശാസ്ത്രീയമായ തെളിവിന്റെയും പിൻബലമില്ലാതെ പലരും പറയുന്നുണ്ട്. നാളെ ഈ ലിസ്റ്റിന്റെ നീളം കൂടാനും സാധ്യതയേറെയാണ്.

ഡെങ്കിപ്പനി = പ്ലേറ്റ്ലറ്റ് കുറയൽ എന്ന് വിശ്വസിച്ചു വച്ചേക്കുന്ന ഇതര വൈദ്യശിരോമണികളും അവരെ വിശ്വസിക്കുന്ന പൊതുജനവും ഈ പണ്ടാരം എങ്ങനെയും പൊക്കിയിട്ടേ അടങ്ങുള്ളൂ എന്ന് പറഞ്ഞ് പപ്പായയിൽ വലിഞ്ഞ് കേറിയാൽ എന്തുചെയ്യാൻ പറ്റും. അവരോടൊക്കെ ഒരുകാര്യം മാത്രേ പറയാനുള്ളൂ..

പപ്പായ നിരപരാധിയാണ് ..
അതിനെ മനപ്പൂർവ്വം കുടുക്കിയതാണ്..
ഇതിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്..

#stand_with_papaya

Vellanadan Diary

(പെഗാഗ സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട്- ഡോ. സജികുമാറിന്റെ ലേഖനം, നമ്മുടെ ആരോഗ്യം മാസിക)
Photo
Shared publiclyView activity