Profile

Cover photo
Chief Minister's Office, Kerala
Worked at Government of Kerala
151 followers|90,441 views
AboutPostsPhotosYouTube

Stream

 
കേരളത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് പ്രധാനമന്ത്രിയേയും ഭക്ഷ്യവകുപ്പ് മന്ത്രിയേയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നത്തില്‍ നേരിട്ടിടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

കുറേ വര്‍ഷങ്ങളായി കേരളത്തിന് 16.02 ലക്ഷം മെട്രിക്‍ ടണ്‍ ഭക്ഷ്യധാന്യമാണ് റേഷന്‍ വിഹിതമായി കേന്ദ്രം നല്‍കികൊണ്ടിരുന്നത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം ഈ വിഹിതം 14.25 ലക്ഷം മെട്രിക്‍ ടണ്‍ ആയി വെട്ടിക്കുറച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇത്രയേ സാധിക്കുകയേ ഉള്ളൂ എന്നാണ് കേന്ദ്രം പറയുന്നത്. അവര്‍ ഉന്നയിക്കുന്ന തടസ്സം ഇത് മാത്രമാണ്.

കേരളത്തിന്റേത് സവിശേഷമായ ഒരു സാഹചര്യമാണ്. സംസ്ഥാനത്തിന്റെ ആകെ ആവശ്യത്തിന്റെ 15% ഭക്ഷ്യധാന്യം ഉല്പാദിപ്പിക്കുവാന്‍ മാത്രമേ നമുക്ക് സാധിക്കുന്നുള്ളൂ. രാജ്യത്തിന് ഒട്ടേറെ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകള്‍ അധികമായി കൃഷി ചെയ്യുന്നത് മൂലമാണിത്. ഇതിന് ബദലായിട്ടാണ് കേന്ദ്രം അധിക ഭക്ഷ്യധാന്യ വിഹിതം കേരളത്തിന് തന്നുകൊണ്ടിരുന്നത്. 1997ല്‍ ലക്ഷ്യാധിഷ്ഠിത റേഷനിങ്ങ് സമ്പ്രദായം നടപ്പിലാക്കിയപ്പോഴും കേരളത്തിന്റെ പ്രത്യേകസാഹചര്യം മാനിച്ച് ഈ അധിക റേഷന്‍ വിഹിതം നിലനിര്‍ത്തിയിരുന്നു.

എന്നാല്‍ 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിക്കപ്പെട്ടിട്ടില്ല. അതിന്റെ ഫലമായിട്ടാണ് അത് വരെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അധിക ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കപ്പെട്ടത്. പാര്‍ലമെന്റ് പാസാക്കിയ ഉടനേ തന്നെ സംസ്ഥാനത്ത് ഈ നിയമം നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഈ പോരായ്മകള്‍ നേരത്തേ തന്നെ കണ്ടുപിടിക്കുകയും പരിഹരിക്കപ്പെടുകയും ചെയ്യുമായിരുന്നു. എന്നാലതിന് പകരം അവധി ചോദിക്കുകയും അത് നീട്ടിവാങ്ങിക്കൊണ്ടിരിക്കുകയുമായിരുന്നു മുന്‍കാലങ്ങളില്‍ ചെയ്തുകൊണ്ടിരുന്നത്. ഇതാണ് പൊടുന്നനെ ഒരു പ്രതിസന്ധിയുണ്ടാകുവാന്‍ കാരണമായത്.

ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വസ്തുതകള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അധികവിഹിതം പുനഃസ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ നേരിട്ട് ഇടപെടണമെന്നാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. അനുകൂലമായ പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. സംസ്ഥാനം നേരിടുന്ന റേഷന്‍ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

 ·  Translate
4
1
Add a comment...
 
ഒരുവശത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതദുരിതങ്ങള്‍ ഉണ്ടാക്കുന്ന ദുഃഖവും മറുവശത്ത് അവര്‍ക്ക് അല്‍പം ആശ്വാസം പകരാന്‍ കഴിയുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയത്തിലെത്തിയല്ലോ എന്ന സന്തോഷവുമാണ് ഇപ്പോൾ അനുഭപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മിച്ച 36 വീടുകളുടെ താക്കോല്‍ദാനം ഇന്ന് കാസർകോട് നടന്നു. 108 വീടുകള്‍ നിര്‍മിക്കുന്നതിനായി 15 ഏക്കര്‍ ഭൂമിയുടെ ഉപയോഗാനുമതിയാണു ട്രസ്റ്റിന് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബാക്കിയുള്ളവയുടെ പണി ദ്രുതഗതിയില്‍ നടന്നുവരുന്നു.

കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍, പെരിയ, കിനാനൂര്‍, കരിന്തളം, എന്‍മകജെ എന്നീ പഞ്ചായത്തുകളിലായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് മിനി ടൗണ്‍ഷിപ്പ് മാതൃകയില്‍ 108 വീടുകളും അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കുന്നത്. കേവലംവീടുകള്‍ മാത്രമല്ല അതിനോടു ചേര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഹെല്‍ത്ത് ക്ലിനിക്‍, ആംഫി തിയറ്റര്‍, ബാലഭവന്‍ എന്നിവയുമുണ്ടാകും. 50,000 ലിറ്ററിന്റെ കുടിവെള്ള പദ്ധതി, സ്വയംതൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ടൗണ്‍ഷിപ്പാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്ന സത്യസായി ട്രസ്റ്റിന്റെ 'സായിപ്രസാദം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.

1996ലെ നായനാര്‍ സര്‍ക്കാരാണ് കാസര്‍കോട്ടെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം അവസാനിപ്പിച്ചത്. മരുന്നുതളി നിര്‍ത്തിച്ചുവെങ്കിലും അതുവരെ തുടര്‍ന്നുവന്ന വിഷപ്രയോഗം നിരവധി പേരെ രോഗികളാക്കി. ചെറുതും വലുതുമായ വൈകല്യങ്ങളുമായി ഒട്ടേറെ കുട്ടികള്‍ പിറന്നു. ആത്മഹത്യകള്‍ ഉള്‍പ്പെടെ നാലായിരത്തോളം മരണങ്ങള്‍. ഇനിയും ഇതെത്രകാലം എന്ന ചോദ്യത്തിനുമുന്നില്‍ ഒരു ജനത അമ്പരപ്പോടെ നിന്നു.

കാസര്‍കോട് ജില്ലയിലെ കിഴക്കുഭാഗത്തെ 11 പഞ്ചായത്തുകളാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖല. 2006ലെ ഇടതുപക്ഷ മുന്നണി സര്‍ക്കാരാണ് ദുരിതബാധിതര്‍ക്കുള്ള ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. അയ്യായിരത്തിലധികം പേരുടെ പട്ടിക തയ്യാറാക്കി സഹായധനവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിച്ചു. എന്നാല്‍, തുടര്‍ന്നുവന്ന സര്‍ക്കാര്‍ പട്ടികയില്‍ വരുത്തിയ മാറ്റംമറിച്ചിലുകളും സഹായവിതരണത്തിലെ മെല്ലേപ്പോക്കും സ്ഥിതി കൂടുതല്‍ വഷളാക്കി. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഈ ദുരിതബാധിത മേഖലകളില്‍ ഒരു പകല്‍നീണ്ട സന്ദര്‍ശനം നടത്തിയിരുന്നു. എൽ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയ്യുമെന്ന് അന്ന് ഉറപ്പു നൽകിയിരുന്നു. അത് പാലിക്കാന്‍ ഇന്ന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നതും.

ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പത്തുകോടി രൂപയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വകയിരുത്തിയത്. ഇവര്‍ ചികിത്സയ്ക്കായി എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് മൂന്നുമാസത്തേക്കു മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ 127 പേര്‍ക്ക് ഒരു ലക്ഷം രൂപാ വീതം ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കി രണ്ടു വര്‍ഷത്തോളം കാത്തിരുന്നിട്ടും സഹായം ലഭിച്ചില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണു ഫണ്ട് അനുവദിക്കാന്‍ നിര്‍ദേശിച്ചത്.

ദുരന്തബാധിത പഞ്ചായത്തുകളിലുള്ളവര്‍ക്കു പുറമെ സമീപ പഞ്ചായത്തുകളിലുള്ള ദുരിതബാധിതർക്കും സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണമുണ്ണാന്‍ 1000 രൂപ പ്രത്യേക അലവന്‍സ് നല്‍കിയിരുന്നു. കാസര്‍കോട് ജില്ലയിലെ അയ്യായിരത്തോളം പേര്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിച്ചത്. ആശ്വാസകിരണമടക്കമുള്ള ക്ഷേമപദ്ധതികളില്‍ മുന്‍ സര്‍ക്കാര്‍ 10 മാസത്തെ കുടിശ്ശികയാണ് വരുത്തിയത്. ഇതും നല്‍കിയതു എല്‍ഡിഎഫ് സര്‍ക്കാരാണ്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധി കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ നീതിയുടെ വെളിച്ചം തെളിയുന്നതിനു പര്യാപ്തമാണ്. കാസര്‍കോടിനു മാത്രമല്ല, മാരക കീടനാശിനികളുടെ ദുരന്തഫലം അനുഭവിക്കുന്ന രാജ്യത്തെ എല്ലാ ദുരിതബാധിതര്‍ക്കും പ്രതീക്ഷയുണര്‍ത്തുന്ന വിധിയാണിത്. ജീവിതംതന്നെ ദുരന്തമായി മാറിയവര്‍ക്ക് ആശ്വാസം പകരാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഇനി ഒഴിഞ്ഞുമാറാനാകില്ലെന്നതാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിയുടെ പ്രാധാന്യം. ദുരന്തബാധിത ലിസ്റ്റില്‍പ്പെട്ട 5400 പേര്‍ക്ക് അഞ്ചുലക്ഷം രൂപ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെണന്നാണല്ലോ കോടതി പറഞ്ഞത്. മൂന്നു മാസത്തിനകം കമ്പനികള്‍ കൊടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നാണ് വിധിയിൽ പറയുന്നത്.

ആറുവര്‍ഷത്തെ നിയമയുദ്ധമാണ് സുപ്രീംകോടതിയില്‍ നടന്നത്. ഇതോടെ എന്‍ഡോസള്‍ഫാന്‍ കാരണം ആരും രോഗബാധിതരായിട്ടില്ലെന്ന കീടനാശിനി കമ്പനികളുടെയും കേന്ദ്ര കൃഷിവകുപ്പിന്റെയും വാദങ്ങള്‍ നിരാകരിക്കപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ടെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

ദുരന്തത്തിന്റെ വ്യാപ്തിവച്ച് അളന്നാല്‍ ഈ നഷ്ടപരിഹാരത്തുക നാമമാത്രമാണ്. കാരണം തലമുറകളിലേക്ക് പടരുന്ന ദുരന്തമാണല്ലോ ഇത്. അതുപോലും നല്‍കാതിരിക്കാനും വര്‍ഷങ്ങളോളം വൈകിപ്പിക്കാനും ചിലര്‍ ശ്രമിച്ചു എന്നത് ദുഃഖകരമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്ര പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതിനോടു മുഖംതിരിക്കുന്ന നിലപാടാണ് അവര്‍ കൈക്കൊള്ളുന്നത്. 450 കോടിയോളം രൂപയുടെ പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാർ കേന്ദ്രത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതവഗണിച്ചുകൊണ്ടു കീടനാശിനി ഉല്‍പാദകര്‍ക്കൊപ്പം നില്‍ക്കുന്നതിനാണ് അവര്‍ താല്‍പര്യം കാട്ടുന്നത്.

തീരാവേദനകള്‍ പേറുന്ന ഇരകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നു ഉറപ്പുനല്‍കുന്നു. ദുരിതബാധിതര്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍ ഊര്‍ജിതമായി നടത്തുന്നതിനും ആവശ്യമായ ചികിത്സാ സഹായം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ മുന്നിലുണ്ടാവുമെന്ന് ഉറപ്പുനല്‍കുന്നു.
 ·  Translate
4
1
Noufal Edappal's profile photo
 
തള്ളുകളെല്ലാം തൊണ്ട നനയാതെ വിഴുങ്ങാൻ ഇതുപാർട്ടി ക്ലാസ് അല്ലെന്ന് ഓർക്കുന്നത് നന്നായിരിക്കും
https://plus.google.com/photos/...
 ·  Translate
Add a comment...
 
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത അനുദിനം വര്‍ദ്ധിച്ചുവരുകയാണ്. എന്നാല്‍, ഇതിനനുസരിച്ചുള്ള വൈദ്യുതി ഉല്പാദനം നടക്കുന്നില്ല. നമുക്ക് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനത്തോളവും അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുകയാണ്. 30 ശതമാനത്തോളം വൈദ്യുതി മാത്രമേ സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്നുളളൂ. ഈ സ്ഥിതിയില്‍ മാറ്റം വരുത്താനുതകുന്ന എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

മലബാറിലെ ആദ്യത്തെ സ്വകാര്യ-ചെറുകിട ജലവൈദ്യുത നിലയം പതങ്കയത്ത് ഇന്നലെ ഉദ്ഘാടനം ചെയ്തു. മിനാര്‍ ഇസ്പാറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ചെറുകിട ജലവൈദ്യുതി പദ്ധതിയാണ് പതങ്കയം. എട്ടു മെഗാവാട്ടാണ് ഈ പദ്ധതിയുടെ സ്ഥാപിതശേഷി. ഇവിടെനിന്നും പ്രതിവര്‍ഷം 25.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവഴിഞ്ഞി പുഴയാണ് ഈ പദ്ധതിക്കായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

പ്രദേശത്തെ ജനങ്ങളുടെ സഹകരണം ഉറപ്പാക്കി പൂര്‍ത്തീകരിച്ച പദ്ധതി എന്ന നിലയ്ക്കാണ് പതങ്കയം പദ്ധതി വ്യത്യസ്തമാകുന്നത്. നാട്ടുകാരുടേയും രാഷ്ട്രീയ സാമൂഹിക മത-സാംസ്കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍ പൂര്‍ത്തീകരിച്ച ഈ പദ്ധതിയ്ക്കായി താരതമ്യേന കുറഞ്ഞ അളവിലാണ് ഭൂമിയും ഉപയോഗപ്പെടുത്തിയിട്ടുള്ളത്. നാടിന്റെ വികസനത്തിനായി ഒരേ മനസ്സോടെ നില്‍ക്കാന്‍ തയ്യാറായ പതങ്കയത്തെ ജനതയെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.

കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് ഏറെ യോജിച്ചതാണ് ചെറുകിട ജലവൈദ്യുത പദ്ധതികള്‍. മറ്റു സംസ്ഥാനങ്ങളില്‍ ലഭ്യമായ ഫോസില്‍ ഇന്ധനങ്ങളൊന്നും കേരളത്തില്‍ വേണ്ടത്ര അളവില്‍ ലഭ്യമല്ല. പലവിധ കാരണങ്ങളാല്‍ വന്‍കിട ജലവൈദ്യുതി നിലയങ്ങള്‍ ഏറ്റെടുത്തു നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നമുക്കുള്ളത്. ഈ സാഹചര്യത്തിലാണ് ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

കെഎസ്ഇബിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് ചെമ്പുകടവ്-3, ചെമ്പുകടവ്-4, ഓലിക്കല്‍ പൂവാരംതോട്, മരിപ്പുഴ-1, മരിപ്പുഴ-2 തുടങ്ങിയവ. പതങ്കയം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം എട്ടു മെഗാവാട്ടിന്റെ ആനക്കാംപൊയില്‍ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും നടക്കുകയാണ്. തൊട്ടടുത്ത് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്റെ നേതൃത്വത്തില്‍ 4.5 മെഗാവാട്ടിന്റെ അരിപ്പാറ ചെറുകിട പദ്ധതിയുടെ നിര്‍മ്മാണം നടന്നുവരുന്നു. ഈ നിലയില്‍ വൈദ്യുതി ഉല്പാദന രംഗത്ത് കെഎസ്ഇബിയോടൊപ്പം സ്വകാര്യസംരംഭകരേയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സ്വകാര്യ സംരംഭകര്‍ എന്നു കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. രണ്ടുഘട്ട ടെണ്ടര്‍ നടപടികളിലൂടെ തികച്ചും സുതാര്യമായാണ് ജലവൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള സ്വകാര്യ സംരംഭകരെ കണ്ടെത്തുന്നത്. ബിഒറ്റി അടിസ്ഥാനത്തില്‍ പദ്ധതി ഏറ്റെടുക്കുന്ന സംരംഭകര്‍ക്ക് 30 കൊല്ലത്തേക്ക് പദ്ധതി നടത്തുന്നതിനുള്ള അവകാശമാണ് നല്‍കുന്നത്. ഇങ്ങിനെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് ബോര്‍ഡ് വാങ്ങുന്നത്. 30 വര്‍ഷത്തിനുശേഷം പദ്ധതി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തിരിച്ചേല്‍പ്പിക്കണം. ഇതാണ് നടപടിക്രമം.

ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ നിര്‍മിക്കുന്നതില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ രാജ്യമാണ് ചൈന. ഒരു ലക്ഷത്തിലധികം മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ചെറുകിട ജലവൈദ്യുതി പദ്ധതികളിലൂടെ ചൈന കൈവരിച്ചിട്ടുള്ളത്. ഇത്തരം പദ്ധതികള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ നാട്ടിന്‍പുറങ്ങളിലെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് പോലും നിര്‍മിച്ചു വില്‍ക്കാന്‍ പാകത്തില്‍ സാങ്കേതികവിദ്യ ജനകീയമാക്കി എന്നതാണ് ചൈനയുടെ നേട്ടം.

കേരളത്തിലും ഇത്തരത്തില്‍ ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വൈദ്യുതി നിലയങ്ങള്‍ തുടങ്ങുന്നതിന് 1996ലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ശ്രമിച്ചകാര്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അതിന്റെ ഭാഗമായി 15 ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ നിര്‍മ്മിക്കുന്നതിന് ചൈനീസ് സര്‍ക്കാരുമായി കെഎസ്ഇബി ധാരണയില്‍ എത്തിയിരുന്നു. അതില്‍ നാലു പദ്ധതികള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഈ നാലുപദ്ധതികളും ഇന്നും ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ആദ്യത്തെ നാലു കൊല്ലത്തിനുള്ളില്‍ത്തന്നെ ഇവ നിര്‍മ്മിക്കുന്നതിന് ചെലവായ പണം തിരികെ ലഭിച്ചുവെന്നതും അഭിമാനകരമായ കാര്യമാണ്.

ഇത്ര ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടും ബാക്കിയുള്ള പതിനൊന്ന് പദ്ധതികള്‍ ഉപേക്ഷിക്കാനാണ് പിന്നീട് അധികാരത്തില്‍ വന്നവര്‍ തീരുമാനിച്ചത്. ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുകിട വൈദ്യുതിനിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണ തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്നും പാതിവഴിയില്‍ നില്‍ക്കുന്ന പല പദ്ധതികളും ഇതിനോടകംതന്നെ പൂര്‍ത്തിയാക്കുവാന്‍ നമുക്ക് കഴിയുമായിരുന്നു.
 ·  Translate
2
Add a comment...
 
കരള്‍-ഉദര സംബന്ധിയായ രോഗങ്ങളുടെ നിര്‍ണയത്തിനും ചികിത്സയ്ക്കുമായുള്ള കോഴിക്കോട് സഹകരണ ആശുപത്രിയിലെ ചികില്‍സാകേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ഒട്ടേറെ പേര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാന്‍ സഹകരണ ആശുപത്രികളുടെ സാന്നിദ്ധ്യം സഹായകമാണ്. സ്വകാര്യമേഖലയിലെ ചൂഷണത്തില്‍നിന്നും രോഗികള്‍ക്കു ആശ്വാസം പകരാന്‍ ഇവയ്ക്കു കഴിയും. 'ആശ്വാസം കീശ ചോര്‍ത്താതെ' എന്ന മുദ്രാവാക്യമാണ് കോഴിക്കോട് സഹകരണ ആശുപത്രി മുന്നോട്ടുവെയ്ക്കുന്നത്. ലോകോത്തര നിലവാരമുള്ള ആധുനികചികിത്സ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ലാഭേച്ഛയില്ലാത്ത ഇത്തരം നിലപാടുകളാണ് സഹകരണപ്രസ്ഥാനങ്ങളുടെ കരുത്ത്.
കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായിക-സാമ്പത്തിക മേഖലകളില്‍ സഹകരണപ്രസ്ഥാനങ്ങള്‍ നല്‍കിവരുന്ന സംഭാവനകള്‍ അവഗണിക്കാവുന്നതല്ല. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കടന്നെത്താത്ത സേവനമേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുജനസേവനരംഗങ്ങളില്‍ സഹകരണപ്രസ്ഥാനങ്ങളും മികച്ച പങ്കാളിത്തമാണ് വഹിക്കുന്നത്. അത്തരമൊരു പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ ജില്ലാ സഹകരണ ആശുപത്രി
 ·  Translate
3
Add a comment...
 
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോല്‍സവം ഈ വര്‍ഷം കണ്ണൂര്‍ വെച്ചാണ് നടത്തുന്നത്. കേരളത്തിലൂടെയൊഴുകുന്ന നദികളുടെ പേരിട്ട പതിനാറ് വേദികളിലായാണ് കലോല്‍സവം സംഘടിപ്പിക്കപ്പെടുന്നത്. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഇരുന്നൂറ്റിയമ്പതോളം ഇനങ്ങളില്‍ പന്ത്രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്. കലോല്‍സവത്തിൻറെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയാണിത്.

എന്നാല്‍ ഇത് മാത്രമല്ല ഇത്തവണത്തെ കലോല്‍സവത്തിൻറെ സവിശേഷത. രജിസ്റ്റ്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റുകളുടെ അച്ചടിയും വരെ ഐറ്റി@സ്കൂളിൻറെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വഹിക്കപ്പെടുന്ന ഹൈടെക് കലോത്സവം കൂടിയാണ് ഇന്ന് തുടങ്ങുന്ന അമ്പത്തിയേഴാമത് സ്കൂള്‍ കലോല്‍സവം.

പഠനപ്രക്രിയയ്ക്ക് പുറത്തുള്ള ഒരു സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാട് ഇന്ന് മാറികഴിഞ്ഞു. സമഗ്രമായ ഒരു വിദ്യാഭ്യാസ കാഴ്ചപ്പാടിൻറെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായാണ് നമ്മുടെ കരിക്കുലവും സിലബസും ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകള്‍ ഉള്‍പ്പടെ വ്യക്തിത്വത്തിൻറെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയും വികാസവുമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസപ്രക്രിയയുടെ അനിവാര്യമായ ഭാഗമാണ് കലാസാഹിത്യ
പ്രവര്‍ത്തനങ്ങളും അവയുടെ സമ്മേളനം ഒരുക്കുന്ന മേളകളും.

എന്നാല്‍, കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഈ വിദ്യാഭ്യാസപരമായ ധര്‍മം വിസ്മരിച്ചുപോയാല്‍ അത് ഇവയുടെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിന് തുല്യമാകും. പങ്കെടുക്കുന്നവരുടെ കലാപരമായ കഴിവുകളുടെ യഥാതഥമായ പ്രകാശനം എന്നതിനപ്പുറം അനാരോഗ്യകരമായ മത്സരത്തിൻറെയും പണക്കൊഴുപ്പിൻറെ യും പ്രകടനമായി കലോത്സവവേദികള്‍ മാറുന്നുവെന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. അത്തരം പരാതികള്‍ ഒഴിവാക്കുന്നതിന് ഗ്രേഡിങ് സമ്പ്രദായം ആവിഷ്കരിക്കുകയും കലാപ്രതിഭ-കലാതിലകങ്ങള്‍ പോലുള്ള പട്ടങ്ങള്‍ ഒഴിവാക്കുകയും മാന്വലുകള്‍ പലവട്ടം പരിഷ്കരിക്കുകയും ചെയ്തുവെങ്കിലും ഇപ്പോഴും അത്തരം ആക്ഷേപങ്ങള്‍ അവിടവിടെ ഉയരാറുണ്ട്. വിവിധ തലങ്ങളിലായി നടന്ന ഈ വര്‍ഷത്തെ കലോത്സവങ്ങളുടെ വിലയിരുത്തലിൻറെ അടിസ്ഥാനത്തില്‍ അത്തരം വിവാദങ്ങളും പരാതികളും ഒഴിവാക്കുന്നതിന് ആവശ്യമെങ്കില്‍ കലോല്‍സവ മാന്വലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.

വിദ്യാഭ്യാസ പ്രക്രിയ എന്നതിലുപരി നമ്മുടെ സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുകയെന്ന വലിയയൊരു ധര്‍മ്മം കൂടി കലോത്സവം നിര്‍വ്വഹിക്കുന്നുണ്ടെന്നുള്ളത് കാണാതിരിന്നുകൂടാ. കേരളത്തിൻറെ നിരവധിയായ തനതുകലകളും നാടന്‍ കലകളും ഈ മേളകളില്‍ മത്സര ഇനങ്ങളായി വരുന്നത് അന്യം നിന്നുപോകുമായിരുന്ന അത്തരം കലകളുടെ പുനരുജ്ജീവനത്തിന് ഏറെ സഹായിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനപ്രക്രിയയിലൂടെ വിവിധ ഇനങ്ങളില്‍ പ്രാവീണ്യം നേടി കലോത്സവങ്ങളില്‍ വിജയികളാവുന്നവര്‍ ആ രംഗത്തെ പ്രഗത്ഭ കലാകാരന്‍മാരും കലാകാരികളുമായി മാറുന്ന ചരിത്രവും നമ്മുടെ മുന്‍പില്‍ ഉണ്ട്. നമ്മുടെ കാലത്തെ മഹാഗായകരും മഹാനടന്‍മാരും മികച്ച നര്‍ത്തകീ-നര്‍ത്തകരും സംഗീതജ്ഞരും എഴുത്തുകാരും ചിത്രകാരന്‍മാരും നാടന്‍ കലാരംഗത്തെ പ്രഗത്ഭരുമുള്‍പ്പെടെ നിരവധിപേര്‍ യുവജനോത്സവ വേദികളിലൂടെ കടന്നുവന്നവാരണെന്നത് ഇവയുടെ പ്രസക്തി ഒന്നുകൂടി ഉറപ്പിക്കുന്നു.

അതേസമയം, ഇതില്‍നിന്നു വിഭിന്നമായി, മത്സരരംഗത്ത് തിളങ്ങിയ പലരും പിന്നീട് ആ മേഖലയില്‍ കാര്യമായി മുന്നോട്ടുപോകാത്ത സ്ഥിതിയുണ്ടെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്. ഓരോയിനങ്ങളിലും പരിശീലനം നേടുന്നത് മത്സരിച്ച് വിജയിക്കാന്‍ വേണ്ടിമാത്രമാകരുത്. മറിച്ച്, തങ്ങള്‍ പരിശീലിക്കുന്ന ഇനങ്ങളില്‍ വലിയ കാലകാരന്മാരായി മാറാനും ആ രംഗത്ത് മികച്ച സംഭാവന ചെയ്യാനും കഴിഞ്ഞാലേ ഈ മേളകള്‍കൊണ്ടുള്ള പൂര്‍ണ പ്രയോജനം നാടിനു ലഭിക്കൂ. കലോത്സവത്തില്‍ മത്സരിക്കുന്ന ഓരോരുത്തരും ഈ ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
 ·  Translate
2
1
Add a comment...
 
സ്കൂള്‍ കലോത്സവങ്ങളിലെ അപ്പീലുകള്‍ നീതിപൂര്‍വ്വകമായി തീര്‍പ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പിനും, കലോത്സവവേദികളിലെ ഒത്തുകളികളും കയ്യാങ്കളിയും ഇല്ലാതാക്കാന്‍ ഫലവത്തായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും നടപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പു മന്ത്രിക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും വിധിനിര്‍ണ്ണയവുമെല്ലാം നിരീക്ഷിക്കാന്‍ വിജിലന്‍സ് വകുപ്പ് ഡയറക്ടറോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്കൂള്‍ കലോത്സവവേദികളില്‍ തഴയപ്പെട്ടുവെന്ന് തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അനര്‍ഘ. ഐ.എസ്. എന്ന കുട്ടി കത്തെഴുതിയിരുന്നു. കത്ത് ലഭിച്ച ഉടനെ കുട്ടിയെ നേരില്‍ കാണാന്‍ ക്ഷണിച്ചു.
സബ്ജില്ലാ കലോത്സവത്തില്‍ കേരളനടനത്തിന് ഒന്നാംസ്ഥാനവും 'എ' ഗ്രേഡും ലഭിച്ച കുട്ടിക്ക് ജില്ലാ കലോത്സവത്തില്‍ അംഗീകാരം നിരസിച്ചുവെന്നും സ്ഥാനവും ഗ്രേഡും നല്‍കുന്നത് കലോത്സവ മാഫിയയുടെ താല്പര്യമനുസരിച്ചു മാത്രമാണെന്നുമാണ് അനര്‍ഘ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷത്തെ ജില്ലാകലോത്സവത്തില്‍ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനമാണ് അനര്‍ഘക്കു ലഭിച്ചത്. അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. എന്നാല്‍ ലോകായുക്തയുടെ ഉത്തരവിലൂടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനായ കുട്ടിക്ക് 'എ' ഗ്രേഡോടെ രണ്ടാംസ്ഥാനം നേടാനായി. ഇതില്‍ നീസരമുണ്ടായ ചില വ്യക്തികള്‍ വരുംവര്‍ഷം സബ്ജില്ലയിലേ തെരഞ്ഞെടുക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഈ വര്‍ഷം അത് പ്രാവര്‍ത്തികമായെന്നും കുട്ടി പറഞ്ഞു. വിധിനിര്‍ണ്ണയത്തിലും അപ്പീലുകളിലും കലോത്സവമാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും. ഈ വര്‍ഷം ജില്ലാകലോത്സവത്തില്‍ കേരളനടനത്തിലും കുച്ചുപ്പുടിയിലും താന്‍ പിന്തള്ളപ്പെട്ടത് അട്ടിമറിയിലൂടെയാണെന്നും അനര്‍ഘ സങ്കടപ്പെട്ടു.
ഒന്നേകാല്‍ വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനര്‍ഘയെ വളര്‍ത്തുന്നത് അമ്മാവനാണ്. നാലാഞ്ചിറയില്‍ ഓട്ടോ ഡ്രൈവറായ ഇദ്ദേഹം അനര്‍ഘയെ തന്‍റെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം വളര്‍ത്തി പഠിപ്പിക്കുകയാണ്. പഠനത്തിലും നൃത്തത്തിലും ഏറെ മികവു കാണിക്കുന്ന ഈ കുട്ടിയുടെ പഠനചെലവ് പോലും താങ്ങാനാവാത്ത ഇദ്ദേഹത്തിന് ഓരോ ഇനത്തിലും പണം അടച്ച് അപ്പീലുകള്‍ ഫയല്‍ ചെയ്യാനാകുന്നില്ല.
ഇക്കാര്യത്തിൽ വിഷമിക്കേണ്ടതില്ല എന്നും, കുട്ടിയിലെ നര്‍ത്തകിയെ ആർക്കും ഇല്ലാതാക്കാനാവില്ലെന്നും അനര്‍ഘയെ ആശ്വസിപ്പിച്ചു. എങ്കിലും കുട്ടികളെ മാനസികമായി തളർത്തുന്ന ഇത്തരം പരാതികൾ ഉണ്ടാവാൻ പാടില്ല. ഇത് സർക്കാർ ഗൗരവമായി എടുക്കുകയാണ്.
 ·  Translate
10
1
Add a comment...
 
കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ട് 16 വര്‍ഷം പിന്നിട്ടുവെങ്കിലും രോഗാതുരത വിട്ടൊഴിയുന്നില്ല. തല വളരുന്ന, ജനിതക വൈക്യലത്തോടുകൂടിയ കുഞ്ഞുങ്ങള്‍ പിറന്നുവിഴുന്നു. രോഗബാധിതരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും സര്‍ക്കാര്‍ അതീവപ്രാധാന്യമാണ് കല്‍പിക്കുന്നത്.

ദുരിതബാധിതര്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്രശ്നമാണ് മെഡിക്കല്‍ ക്യാമ്പിന്റെയും ചികിത്സാ സൗകര്യത്തിന്റെയും അപര്യാപ്തത. ഇതു രണ്ടും പരിഹരിക്കുന്നതിനു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കുന്ന ഐപി ബ്ലോക്‍ ഇപ്രകാരം എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയ ഒരു പദ്ധതിയാണ്. എട്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ അശുപത്രിയില്‍ നിലവില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വിവിധ സ്പെഷ്യാലിറ്റികള്‍, ലാബ്, എക്സ്റേ-സ്കാനിങ്ങ് അടക്കമുളള സൗകര്യങ്ങള്‍ ഒരു കുടക്കീഴിലാകും.

കാസര്‍ഗോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ സാമൂഹ്യസേവന പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണ് 235 പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രത്യേകപാക്കേജ് പ്രഖ്യാപിച്ചത്. ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നത് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വളരെയധികം ആശ്വാസം പകരും. വിദഗ്ദ്ധചികിത്സക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന രീതിക്ക് ഇതോടെ അറുതിവരുമെന്നാണ് മനസ്സിലാക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതുണ്ട്. പരമ്പരാഗത ചികിത്സാരീതികളും പ്രതിരോധപ്രവര്‍ത്തനവും പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ആരോഗ്യശുശ്രൂഷ ഒരു ധാര്‍മികപ്രവര്‍ത്തനം കൂടിയാണെന്നു ഡോക്റ്റര്‍മാര്‍ മനസ്സിലാക്കണം. മുന്നിലിരിക്കുന്ന രോഗിയെ കേവലം കച്ചവട മനസ്സോടെ മാത്രം പരിശോധിക്കുന്ന ചിലരുണ്ടെന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മനുഷ്യജീവനുമായി ബന്ധപ്പെട്ട ശാസ്ത്രമാണ് ഡോക്റ്റര്‍മാരാണ് കൈകാര്യം ചെയ്യുന്നത്. ധാര്‍മികതയുടെ അവസാനത്തെ കാവലാളുകളാണ് ഡോക്റ്റര്‍മാര്‍ എന്ന ജനങ്ങളുടെ പ്രതീക്ഷ കൈമോശം വരുത്തേണ്ടതല്ലെന്ന തിരിച്ചറിവ് അതുകൊണ്ടുതന്നെ എല്ലാവര്‍ക്കുമുണ്ടാകേണ്ടതുണ്ട്.

ആതുരശുശ്രൂഷാ രംഗത്തെ സംബന്ധിച്ച് ഈ സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതാകട്ടെ സാധാരണക്കാരോടൊപ്പം നില്‍ക്കുന്നതാണുതാനും. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സാലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടി സ്ഥാപിച്ചിട്ടുള്ളവയാണ്. സ്വകാര്യ ആശുപത്രികള്‍ക്കു നേട്ടം കൊയ്യാനായി സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനോ ഒഴിവുകള്‍ നികത്താതിരിക്കാനോ, അടിസ്ഥാന സൗകര്യങ്ങള്‍ അവഗണിക്കാനോ സര്‍ക്കാര്‍ തയ്യാറാകില്ല എന്നുറപ്പ് നല്‍കട്ടെ.
 ·  Translate
1
Noufal Edappal's profile photo
 
പദ്ധതി വിഹിതവിനിയോഗം സംബന്ധിച്ച അവലോകനയോഗത്തില്‍ പങ്കെടുത്തു. ബജറ്റ് എസ്റ്റിമേറ്റിന്റെ മൂന്നിലൊന്ന് ഭാഗംമാത്രം സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ചെലവഴിക്കാനാവും വിധം പദ്ധതി വിഹിത വിനിയോഗം പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചു.

മാര്‍ച്ച് മാസത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ പതിനഞ്ച് ശതമാനമായി ചെലവ് പരിമിതപ്പെടുത്തണം. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ഇക്കാര്യം നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കും.

ധനാഭ്യര്‍ത്ഥനകള്‍ക്കും പൊതുവില്‍ ഇതു ബാധകമാകണം. പ്രതിമാസചെലവ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന വകുപ്പുകള്‍ കൃത്യമായി അങ്ങനെതന്നെ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാക്കണം. ഇ-ലെഡ്ജര്‍ സംവിധാനം പാലിക്കാനും കഴിയണം.

സെക്രട്ടറിമാരും വകുപ്പുമേധാവികളും കേന്ദ്രത്തിലെ ഡയറക്ടര്‍, ജോയന്റ് സെക്രട്ടറി, അഡീ. സെക്രട്ടറി തുടങ്ങിയവരുമായി നിരന്തര ബന്ധം പുലര്‍ത്തണം. കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് അര്‍ഹമായ വിഹിതം നേടിയെടുക്കാനും പുതിയ പദ്ധതികളും മറ്റും സംബന്ധിച്ച് വിവരങ്ങള്‍ അറിയാനും ഇത് സഹായകമാവും.

കേന്ദ്ര ഗ്രാന്റുകള്‍ കൃത്യമായി വര്‍ധിപ്പിച്ചു വാങ്ങിയെടുക്കുന്നതിലും അവയുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കുന്നതിലും അതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യസമയത്തു കേന്ദ്രത്തില്‍ കൊടുക്കുന്നതിലും വകുപ്പ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

പിന്നാക്ക, ന്യൂനപക്ഷ, വ്യത്യസ്ത ശേഷിയുള്ള വിഭാഗങ്ങള്‍ക്കുള്ള പദ്ധതിവിഹിതത്തിന്റെ വിനിയോഗം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോജക്ടുകള്‍ക്കും സ്‌കീമുകള്‍ക്കും ഭരണാനുമതി നല്‍കാനുള്ള കാലതാമസം പദ്ധതിച്ചെലവിനെ ബാധിക്കാനിടവരരുത്. ഭരണാനുമതി നല്‍കാന്‍ ബാക്കിയുള്ള വകുപ്പുകള്‍ കാരണം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.
 ·  Translate
1
Add a comment...
 
മന്ത്രിസഭാ തീരുമാനങ്ങള്‍

1. ജനുവരി 26-ന് റിപ്പബ്ലിക്‍ ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സല്യൂട് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ സല്യൂട് സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ.

കൊല്ലം: പി. തിലോത്തമന്‍
പത്തനംതിട്ട : കടകംപളളി സുരേന്ദ്രന്‍
ആലപ്പുഴ : മാത്യൂ റ്റി. തോമസ്
കോട്ടയം : ജി. സുധാകരന്‍
ഇടുക്കി : എം. എം. മണി
എറണാകുളം : റ്റി. എം. തോമസ് ഐസക്ക്
തൃശ്ശൂര്‍ : രാമചന്ദ്രന്‍ കടന്നപ്പളളി
പാലക്കാട് : എ. കെ. ബാലന്‍
മലപ്പുറം : റ്റി. പി. രാമകൃഷ്ണന്‍
കോഴിക്കോട് : വി. എസ്. സുനില്‍കുമാര്‍
വയനാട് : ഡോ. കെ.റ്റി. ജലീല്‍
കണ്ണൂര്‍ : എ. കെ. ശശീന്ദ്രന്‍
കാസര്‍ഗോഡ് : ഇ. ചന്ദ്രശേഖരന്‍

2. ജനുവരി 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായ ആക്ഷന്‍പ്ലാനോടെ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും പുനരാരാംഭിക്കാന്‍ തീരുമാനിച്ചു. 2012 ഫെബ്രുവരി 8ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരം 30.10.2012ല്‍ പുറപ്പെടുവിച്ച ജി.ഒ.(എം.എസ്.) 409/2012/റവന്യൂ എന്ന ഉത്തരവു പ്രകാരമാണ് സംസ്ഥാനത്തെ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തിയത്.

3. ധനകാര്യവകുപ്പു നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കുവിധേയമായി കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിനു നബാര്‍ഡില്‍ നിന്നും 500 കോടി രൂപയുടെ റീഫൈനാന്‍സ് സഹായം കൈപ്പറ്റുന്നതിനു സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

18 ജനുവരി 2017
 ·  Translate
1
Add a comment...
 
മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍, വിശേഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനകാര്യത്തിലുള്ള ഉന്നമനത്തില്‍ മര്‍കസ് സ്ഥാപനങ്ങള്‍ വഹിച്ചുപോരുന്ന പങ്ക് ചെറുതല്ല. കോഴിക്കോട് മര്‍ക്കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്തു.
മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. എല്ലാ മതവും സ്നേഹത്തിനും സഹോദര്യത്തിനും ഊന്നല്‍ നല്‍കുന്നതാണ്. എന്നാൽ വര്‍ഗീയത മറ്റ് മതസ്ഥരെ ശത്രുവായി കാണാനാണ് പ്രേരിപ്പിക്കുന്നത്. ഇളം മനസ്സുകളെ വര്‍ഗീയമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ആപത്താണ്. സഹപാഠികളെ വര്‍ഗീയകാഴ്ചപ്പാടോടെ ശത്രുവായി കാണുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നത് ശരിയായ കാര്യമല്ല. വിദ്യാര്‍ത്ഥികളില്‍ മതനിരപേക്ഷ മൂല്യങ്ങളും മനുഷ്യസ്നേഹവും വളര്‍ത്തുക എന്നത് കൂടി ആയിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസം കച്ചവടവല്‍കരിക്കപ്പെടുന്നത് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ലാഭം എന്നത് ഇക്കാലത്ത് വിദ്യാഭ്യാസമേഖലയില്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന ഒരു പദമാണ്. "ലാഭകരമല്ലാത്ത വിദ്യാഭ്യാസസ്ഥാപനം" എന്ന ഒരു പ്രയോഗം തന്നെ നിലവിലുണ്ട്. വിദ്യാഭ്യാസത്തിന്റെ ലാഭം കാര്യക്ഷമതയുളള ചിന്താശേഷിയുള്ള പുതുതലമുറയെ സൃഷ്ടിക്കുന്നതിലാണ്. വിദ്യാര്‍ത്ഥികളെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിലും കൂടി വരികയാണ്. ഇതിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലുന്ന പ്രവണതയും കണ്ടുവരുന്നു. ഇത്തരം നിലപാടുകള്‍ മാനേജ്‌മെന്റുകള്‍ അവസാനിപ്പിക്കണം.
സംഘടിക്കാനും പ്രതിഷേധിക്കാനുമുളള അവകാശം ഏതൊരു പൗരനെന്നപോലെ വിദ്യാര്‍ത്ഥിക്കുമുണ്ട്. വിദ്യാഭ്യാസമേഖലയിലെ തിരുത്തല്‍ ശക്തികളായാണ് വിദ്യാര്‍ത്ഥികളുടെ സംഘടനകള്‍ നിലനിന്നുപോന്നിട്ടുളളത്. ഇക്കാരണത്താല്‍ തന്നെ വിദ്യാലയ പരിസരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ മാറ്റി നിര്‍ത്താനാവില്ല.

 ·  Translate
1
Add a comment...
 
1956ല്‍ സി.എം.ഐ സന്യാസി സമൂഹത്തിന് കീഴില്‍ സ്ഥാപിതമായി, ഇന്ന് വജ്രജൂബിലിയില്‍ എത്തിനില്‍ക്കുന്ന ദേവഗിരി സെന്റ് ജോസഫ്സ് കോളേജിന് മികച്ച ശിഷ്യസമ്പത്താണുള്ളത്. അദ്ധ്യാപനം ആത്മ സമര്‍പ്പണമായി കരുതിയ വലിയൊരു അദ്ധ്യാപകനിര തന്നെ ഈ ക്യാമ്പസ്സിലുണ്ടായിരുന്നു എന്നത് തന്നെയാണതിന്റെ കാരണവും.
അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളില്‍ ഒരിക്കലും ആശാസ്യമല്ലാത്ത പ്രവണതകളാണ് ഈ അടുത്ത കാലങ്ങളിലായി പലയിടത്തും നാം കണ്ടുവരുന്നത്. വിദ്യാഭ്യാസത്തെ കച്ചവടമായി കാണുന്ന മാനേജമെന്റുകളും അര്‍പ്പണമനോഭാവമില്ലാത്ത അദ്ധ്യാപകനിരയും വിദ്യാഭ്യാസരംഗത്ത് ചുവടുറപ്പിക്കുന്നു. എണ്ണത്തില്‍ ചെറുതാണെങ്കിലും, ഇക്കൂട്ടര്‍ സമൂഹത്തെ പിറകോട്ട് നയിക്കും. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥിപക്ഷത്ത് നില്‍ക്കുകയെന്നത് ഏതൊരു ജനാധിപത്യസര്‍ക്കാരിന്റേയും ഉത്തരവാദിത്തമാണ്.
പ്ലസ്‌റ്റൂവിനു ശേഷമുള്ള ഒരു പഠനമാര്‍ഗം എന്ന നിലയില്‍ മാത്രം കണ്ടാല്‍ പോരാ ഉന്നതവിദ്യാഭ്യാസത്തെ. നാടിന്റെയും ലോകത്തിന്റെയും നന്മയ്ക്കായി, വികസനത്തിനായി വിജ്ഞാന സംബന്ധിയായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കലാണത്. അതിനു വേണ്ടത്ര കഴിയുന്നുണ്ടോ എന്ന നിലയ്ക്കുള്ള ഒരു ആത്മപരിശോധന ഉണ്ടാവണം.
ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമായാണു ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. പൗരന്റെ സമഗ്രമായ വ്യക്തിത്വവികസനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ വികസനം ആണ് അതുദ്ദേശിക്കുന്നത്. ഇതുണ്ടാക്കിയെടുക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയണം. ഇതു സാധ്യമാവുന്നുണ്ടോ?
സ്വകാര്യസര്‍വകലാശാലകളുടെ ആരംഭവും വിദേശസര്‍വകലാശാലകളുടെ കടന്നുവരവും ഇന്നിവിടെ നിലനില്‍ക്കുന്ന വിദ്യാഭ്യാസസമ്പ്രദായത്തെ ഒക്കെ എങ്ങനെ ബാധിക്കും? ഇക്കാര്യവും ചര്‍ച്ച ചെയ്യപ്പെടണം.
സ്വയം അറിവാര്‍ജിക്കാനും അത് സമൂഹത്തിന്റെ സമൃദ്ധിക്കും ഐശ്വര്യത്തിനും വിനിയോഗിക്കാനും കഴിയുന്ന തലമുറകളുണ്ടായാലേ ക്ഷേമരാഷ്ട്ര സ്വപ്നം സഫലമാവൂ.
കേവലം പഠനവിഷയങ്ങള്‍ക്കപ്പുറത്തേക്കു പോയി ഇത്തരം ഗൗരവമുള്ള സമകാലികവിഷയങ്ങള്‍ കൂടി കാമ്പസുകളില്‍ ചര്‍ച്ച ചെയ്യപ്പെടണം. അധിനിവേശത്തിന്റെ സംസ്കാരത്തിനെതിരായ ചെറുത്തുനില്‍പ്പ് കാമ്പസുകളിലുണ്ടായാലേ ക്ഷേമരാഷ്ട്ര സ്വപ്നത്തിന്റെ സാഫല്യത്തിനുള്ള ഉപകരണമാക്കി വിദ്യാഭ്യാസത്തെ മാറ്റാനാവൂ.
സി.എം.ഐ സന്യാസി സമൂഹം എന്നും സമൂഹത്തെക്കുറിച്ച് പൊതുവിലുള്ള കരുതലിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസരംഗത്ത് ഇടപെട്ടിട്ടുള്ളത്. അവരുടേതടക്കമുള്ള സ്ഥാപനങ്ങളുണ്ടായതു കൊണ്ടുമാത്രം ഉന്നത വിദ്യാഭ്യാസം കരഗതമായ എത്രയോ തലമുറകളുണ്ട്. അത്തരം സേവനമനോഭാവം വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കായി മാത്രം കാണുന്നവര്‍ക്കുണ്ടാകുമോ എന്നത് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമൊക്കെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
 ·  Translate
2
Add a comment...
 
അക്രഡിറ്റേഷന്‍ സംബന്ധിച്ച ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ സ്ഥാപനത്തിലെ വിദ്യാഭ്യാസം ഒന്നാന്തരമാണ് എന്നതാണ് നമ്മുടെ പൊതുവിലയിരുത്തല്‍. അങ്ങനെ നോക്കുമ്പോള്‍ വിജ്ഞാനോല്‍പ്പാദനത്തെ വ്യക്തമായി നിര്‍ണയിക്കുന്ന സൂചികയായി അക്രഡിറ്റേഷന്‍ മാറുന്നുവോ എന്നുകൂടി പരിശോധിക്കപ്പെടേണ്ടതാണ്. ഒരു സ്ഥാപനത്തിന്റെ സാമൂഹികമായ പങ്കിനെ, അതായത് സാമൂഹികമായും സാമ്പത്തികമായും താഴ്ന്ന നിലയിലുള്ള വിഭാഗങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസമെത്തിക്കുന്നതില്‍ സ്ഥാപനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ ജനകീയവല്‍ക്കരണത്തില്‍ നടത്തുന്ന ഇടപെടലുകളെ കൂടി ഗ്രേഡ് നിശ്ചയിക്കുന്നതില്‍ മാനദണ്ഡമാക്കുന്നത് നന്നായിരിക്കും. അങ്ങനെ പരിഗണിച്ചാല്‍ തലശ്ശേരിയിലെ ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് അത്തരത്തിലൊന്നാണ്.
ഉത്തര കേരളത്തിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രമാണ് ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്. ഭേദചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും ആധുനികവിദ്യാഭ്യാസം നല്‍കുന്നതിനായി തലശ്ശേരി തുറമുഖത്തെ മാസ്റ്റര്‍ അറ്റന്റന്‍ഡ് ആയിരുന്ന എഡ്വേര്‍ഡ് ബ്രണ്ണന്‍ നിക്ഷേപിച്ച 8900 രൂപ ഉപയോഗിച്ച് 1862 സെപ്തംബര്‍ ഒന്നിന് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് നാം കാണുന്ന രൂപത്തിലേയ്ക്ക് വളര്‍ന്നിരിക്കുന്നത്. ചെറിയ മാറ്റമൊന്നുമല്ലിത്. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഓരോ ഘട്ടത്തിലേയും മാറ്റം ഈ കലാലയത്തിന്റെ പഠനാന്തരീക്ഷത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
ജനാധിപത്യകേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ കാലത്താണ് ഇന്നു കാണുന്നിടത്തേക്ക് ബ്രണ്ണന്‍ കോളേജ് മാറ്റിസ്ഥാപിക്കപ്പെട്ടത്. അന്ന് കോളേജ് കെട്ടിടനിര്‍മാണം ത്വരിതഗതിയില്‍ ആക്കിയതും ആ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമായിരുന്നു. കേരളാ, കോഴിക്കോട് സര്‍വ്വകലാശാലകള്‍ക്ക് പുറമേ കണ്ണൂര്‍ സര്‍വ്വകലാശാലാ സ്ഥാപിച്ചതു മുതല്‍ ഈ സ്ഥാപനം അതിനോട് അഫിലിയേറ്റ് ചെയ്യപ്പെട്ട നിലയിലായി. പുതിയ നിരവധി ഡിഗ്രി, പിജി, കോഴ്സുകള്‍ ആരംഭിച്ചു. വളര്‍ച്ചയുടെ ഒരു തുടര്‍പ്രക്രിയ ഇവിടെ ഉണ്ടായിട്ടുണ്ട്. ആ പ്രക്രിയയിലെ പുതിയ കണ്ണിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ മന്ദിരം. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം എന്നതിലുപരി പുതിയ ചിന്തകള്‍ ഊട്ടിയുറപ്പിക്കാനുള്ള വിജ്ഞാനസ്രോതസ്സ് എന്ന നിലയ്ക്കു കൂടി ഇത് പ്രയോജനപ്പെടണം.
ബോധനശാസ്ത്രപരവും സാമൂഹികവുമായ എന്തുള്ളടക്കമാണ് നാം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് എന്ന തിരിച്ചറിവ് അധ്യാപകര്‍ക്കുണ്ടാകണം. എന്നാല്‍ മാത്രമേ സമൂഹത്തിന് പ്രയോജനപ്പെടുന്ന വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. എന്നുവച്ചാല്‍ വിദ്യാഭ്യാസം വിജ്ഞാനസംവേദനോപാധിയെന്ന നിലയില്‍ മാത്രമായിരുന്നാല്‍ പോരാ, സമൂഹനിര്‍മിതിക്കുള്ള ഉപകരണം കൂടിയാവണം. സമൂഹത്തിനു കൂടി പ്രയോജനപ്രദമാകുന്ന ജ്ഞാനത്തിന്റെ ഉല്‍പ്പാദനമേഖലയായി മാറണം വിദ്യാഭ്യാസമേഖല. ഇതു മനസ്സില്‍ വെച്ചുകൊണ്ടാവും ഉന്നതവിദ്യാഭ്യാസരംഗത്ത് നയനിലപാടുകള്‍ എടുക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാരിനു സവിശേഷ നിഷ്കര്‍ഷയുണ്ട്. സാമൂഹികപശ്ചാത്തലസൗകര്യങ്ങളില്‍ ഉയര്‍ന്ന ഗുണനിലവാരം ഉണ്ടാക്കേണ്ടതുണ്ട് എന്ന കാര്യത്തിലും സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ആ വഴിക്കേ വിചാരിക്കുന്ന അര്‍ത്ഥത്തില്‍ ഉന്നതവിദ്യാഭ്യാസരംഗം നവീകരിക്കപ്പെടൂ. അത് മുന്നില്‍ കണ്ടാണ് ഈ രംഗത്തെ കാലാനുസൃതമാറ്റത്തിനായി സര്‍ക്കാര്‍ 'പൊതു വിദ്യാഭ്യാസ നവീകരണ യജ്ഞ'വുമായി മുന്നോട്ടു പോകുന്നത്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ പലഭാഗത്തുനിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് അത്തരം ദുഷ്പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല. അതുമാത്രമല്ല വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വ്യക്തി വികാസത്തെ തടസ്സപ്പെടുത്തുന്ന പ്രവണതകള്‍ക്ക് ഈ സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയില്ല.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് കാലാനുസൃതമായ പരിഷ്ക്കാര നടപടികള്‍ വേണം. സാമൂഹികവിദ്യാഭ്യാസത്തിന്റെ വിപുലമായ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് പുതിയ കാലമുയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടാന്‍ കൂടി കഴിയണം. കോര്‍പ്പറേറ്റ് വിദഗ്ദ്ധര്‍ കരുതുന്നതുപോലെ തൊഴിലിടങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മാത്രമല്ല ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടേണ്ടത്. തൊഴിലിടങ്ങളിലടക്കമുള്ള സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ മൊത്തമായി കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസമാണ് ഈ ഹൈറ്റെക്‍ യുഗത്തില്‍ രൂപപ്പെടേണ്ടത്.
 ·  Translate
4
1
Add a comment...
Story
Tagline
There is a People's Alternative
Work
Employment
  • Government of Kerala
    Chief Minister