Profile cover photo
Profile photo
M ASHRAF
341 followers
341 followers
About
M's posts

Post has attachment
മാടായിപ്പള്ളിയുടെ ചരിത്രപ്രാധാന്യം ഉള്‍ക്കൊണ്ട് പുതുതലമുറക്ക് പകര്‍ന്നു നല്‍കാനും സംരക്ഷിക്കാനും നടപടികളുണ്ടാകണമെന്ന പ്രശസ്ത എഴുത്തുകാരന്‍ ജമാല്‍ കടന്നപ്പള്ളി എഴുതിയ കുറിപ്പിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.
പള്ളിക്കമ്മിറ്റിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം വീണ്ടും നിര്‍ദേശിക്കുന്നു.

Post has attachment
പള്ളിയില്‍ ഭജനമിരിക്കാന്‍ രജിസ്‌ട്രേഷനും തിരക്കും
വാര്‍ത്ത വായിക്കാം...

Post has attachment
വെറുപ്പിനെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ ജിഹാദാണ് ആഘോഷവേളകളിലെ പരസ്പര പങ്കാളിത്തമെന്ന തിരിച്ചറിവ് നേടാനാണ് കാലം ആവശ്യപ്പെടുന്നത്. ഇഫ്താറും പെരുന്നാളുമൊക്കെ വെറുപ്പിന്റെ ശക്തികള്‍ക്കെതിരായ പോരാട്ടമാക്കി മാറ്റണം.

Post has attachment
മാടായിപ്പള്ളി ചരിത്രാന്വേഷികളെ നിരാശപ്പെടുത്തുന്നുവെന്ന കുറിപ്പിന് ജമാല്‍ കടന്നപ്പള്ളി ഒരു അനുബന്ധം കൂടി എഴുതിയിരിക്കുന്നു.
ഇവിടെ വായിക്കാം

Post has attachment

Post has attachment
മാടായിപ്പളളി: ചരിത്രം മാപ്പ് നല്‍കില്ല - -ജമാല്‍ കടന്നപ്പള്ളി

Post has attachment
പെണ്ണുകെട്ടാന്‍ പോയവര്‍ പലരും
നാട്ടില്‍ കറങ്ങി നടക്കുന്നു.
ലീവ് തീരുന്നല്ലോ എന്ന
ആധിയോടെ...

അവധിക്ക് പോയവര്‍
പെണ്ണില്ലാതെ മടങ്ങുന്നു
ജിദ്ദ- പെണ്ണുകെട്ടാനാണ് പോയതെങ്കിലും കഴിഞ്ഞ നവംബറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു മടങ്ങേണ്ടിവന്ന പെരിന്തല്‍മണ്ണ സ്വദേശി ആസാദ് ഈയാഴ്ച വീണ്ടും നാട്ടിലേക്ക് പോകുകയാണ്. മുപ്പതിലേറെ വിവാഹാലോചന നടത്തിയ ശേഷം തീരുമാനിച്ചുറപ്പിച്ച നിക്കാഹ് നടത്താനാണ് ഈ യാത്ര. ഇപ്പോള്‍ 15 ദിവസം മാത്രമാണ് കമ്പനി അനുവദിച്ചിരിക്കുന്ന അവധി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കല്യാണം നടത്താനായി മൂന്ന് മാസത്തെ അവധി ഒപ്പിച്ചാണ് പോയിരുന്നത്. പത്രത്തില്‍ പരസ്യം നല്‍കിയും ബ്രോക്കര്‍മാര്‍ വഴിയും ആലോചന നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ രണ്ടര മാസമെടുത്തു.
നൂറുകൂട്ടം നിബന്ധനകളുണ്ടായതു കൊണ്ടൊന്നുമല്ല ആസാദിന് മുപ്പതിലേറെ ആലോചന നടത്തേണ്ടി വന്നത്. ആദ്യ ആലോചന തന്നെ ആസാദിന് ഇഷ്ടമായിരുന്നു. കുടുംബക്കാരി പറഞ്ഞ പെണ്ണിനെ അന്വേഷിച്ചു ചെന്നപ്പോള്‍ ആ കുട്ടിയെ അവളുടെ പതിനഞ്ചാം വയസ്സില്‍ മറ്റൊരു ഗള്‍ഫുകാരന്‍ ബുക്ക് ചെയ്തുവെച്ചതാണ്. വരുന്ന ജൂണില്‍ അവള്‍ക്ക് 18 തികയുമ്പോള്‍ ആ ഗള്‍ഫുകാരനെത്തി കെട്ടും.
ആസാദ് നടത്തിയ പല വിവാഹാലോചനകളുടേയും അവസ്ഥ ഇതായിരുന്നു. ഒടുവില്‍ ബുക്ക് ചെയ്യപ്പെടാത്ത ഒരു കുട്ടിയെ കണ്ടെത്തിയപ്പോള്‍ അവള്‍ക്ക് 18 തികയാന്‍ ഫെബ്രുവരി 18 കഴിയണം. വിവാഹം കഴിഞ്ഞയുടനെ മടങ്ങേണ്ടിവരുമല്ലോ എന്ന് സങ്കടപ്പെടുന്ന ആസാദിനെ വിസിറ്റ് വിസയെടുത്ത് അവളെ ഇങ്ങോട്ട് കൊണ്ടുവരാമല്ലോ എന്നു പറഞ്ഞാണ് കൂട്ടുകര്‍ ആശ്വസിപ്പിക്കുന്നത്.
ഒറ്റപ്പാലം സ്വദേശി മുഹമ്മദിനും 25 ആലോചന നടത്തിയ ശേഷം കണ്ടെത്തിയ പെണ്ണിനെ കെട്ടാതെ തിരികെ പോരേണ്ടിവന്നു. എന്‍ഗേജ്‌മെന്റ് നടത്തിയ പെണ്‍കുട്ടിക്ക് 18 തികയുന്ന അന്നാണ് അയാള്‍ ഇനി വീണ്ടും വിമാനം കയറുന്നത്.
അവധിക്കാലവും വിവാഹവും കൂടിക്കുഴഞ്ഞ് പ്രയാസമനുഭവിക്കുന്ന അനേകം പ്രവാസി ചെറുപ്പക്കാര്‍ ഇവര്‍ മാത്രമല്ല. ജില്ലകള്‍ മാറിപ്പോയിട്ടുപോലും പെണ്ണിനെ കിട്ടാനില്ല. നേരിട്ടുകണ്ട ശേഷം മാത്രം മതി ആലോചനയെന്ന് തീരുമാനിച്ച് രണ്ടോ മൂന്നോ മാസം അവധി സംഘടിപ്പിച്ച് നാട്ടില്‍ പോയവര്‍ അതുപോലെ ഗള്‍ഫിലേക്ക് തിരിച്ചുവരുന്നു.
ശൈശവ വിവാഹത്തിനെതിരെ കേരളം കൂടുതല്‍ ജാഗ്രത കൈവരിച്ചതോടെയാണ് മുന്‍കൂട്ടിയുള്ള ബുക്കിംഗും എന്‍ഗേജ്‌മെന്റുമൊക്കെ വര്‍ധിച്ചത്. ഇതുകാരണം വേഗത്തില്‍ പോയി വിവാഹം നടത്തി മടങ്ങാമെന്ന് കൊതിച്ച് വിമാനം കയറുന്നവര്‍ അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിക്കുന്നു.
ബ്രോക്കര്‍മാര്‍ വഴിയും അല്ലാതെയും അവശേഷിക്കുന്നവര്‍ 23-നും 25-നും മേല്‍ പ്രായമുള്ള യുവതികള്‍ മാത്രമാണെന്ന് മുഹമ്മദ് പറഞ്ഞു. ആലോചനകള്‍ നീണ്ടുനീണ്ട് അവധി തീരാറായാല്‍ പൂര്‍ണ സംതൃപ്തിയോടെയല്ലാതെ വിവാഹം നടത്തി മടങ്ങുന്നവരുമുണ്ടെന്ന് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് ജില്ലക്കാരനായ മുഹമ്മദ് തൃശൂര്‍ ജില്ലയിലെ ചേലക്കരയിലാണ് ഒടുവില്‍ വധുവിനെ കണ്ടെത്തിയത്.
എല്ലാ ജില്ലകളിലും ശൈശവ വിവാഹം തടയാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ശൈശവ വിവാഹം വര്‍ധിച്ചുവെന്ന് പരാതിയുള്ള മലപ്പുറം ജില്ലയില്‍ പോലും ഏതാനും വര്‍ഷങ്ങളായി ശൈശവ വിവാഹം ഗണ്യമായി കുറഞ്ഞു. ചൈല്‍ഡ് ലൈനും ഷാഡോ പോലീസും വരെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നു. ശൈശവ വിവാഹം പൊതുജനങ്ങള്‍ക്ക് നേരിട്ട് കലക്ടറെയോ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാം.
18 വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ രണ്ട് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ശൈശവ വിവാഹം നടത്തിക്കൊടുക്കുന്ന മാതാപിതാക്കള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ഇതേ ശിക്ഷ തന്നെ ലഭിക്കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്ടിലെ ശിശുവികസന പദ്ധതി ഓഫീസര്‍ക്കും ശൈശവ വിവാഹത്തെ കുറിച്ച് പരാതി നല്‍കാം.
മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ മുന്നേറിയതോടെ ഗള്‍ഫുകാര്‍ക്ക് പെണ്ണ് കിട്ടാതായി എന്ന വിലയിരുത്തലിനേക്കാള്‍ കൂടുതല്‍ ശരി വിവാഹ പ്രായത്തിന്റെ പ്രശ്‌നമാണെന്ന് പലരും വിശദീകരിക്കുന്നു. കാലേക്കൂട്ടി ആലോചന നടത്തി ഏകദേശ ധാരണ ആയ ശേഷം മാത്രം വിവാഹത്തിനായി അവധിയെടുത്ത് നാട്ടിലേക്ക് പോകുകയെന്നതാണ് ഇതിനുള്ള പരിഹാരം. ഒരു മാസത്തെ അവധിയെടുത്തുപോയി വിവാഹം കഴിഞ്ഞു മടങ്ങാമെന്ന് കരുതുന്നവരാണ് കുടുങ്ങുന്നത്.
പുതിയ ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് വിമാനം കയറുന്നതിനുമുമ്പ് പെണ്ണിനെ ബുക്ക് ചെയ്യേണ്ടിവരുമെന്നാണ് അനുഭവസ്ഥരായ ആസാദിന്റെയും മുഹമ്മദിന്റെയും കമന്റ്. പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പറഞ്ഞുവെക്കുന്ന രീതി വ്യാപകമാകുന്നുമുണ്ട്. ദീര്‍ഘമായ ഇടവേളയില്‍ ഇത്തരം പറഞ്ഞുവെക്കലുകള്‍ പൊളിയുന്നുവെന്നത് മറ്റൊരു പ്രശ്‌നമാണ്.
Photo

സുഡാനി ജയിച്ചു, മല്‍ബു തോറ്റു
-------------------------------------------------------
ടാക്‌സിക്കാരന്‍ സുഡാനി ജപമാല ഉരുട്ടി.
മല്‍ബു അയാളെ ശപിച്ചു.

രണ്ടുപേരും പോലീസിനുവേണ്ടി കാത്തിരുന്നു.
അര മണിക്കൂറായി.

സാധാരണ തലങ്ങും വിലങ്ങും പോകാറുള്ളതാണ് പോലീസ് വാഹനങ്ങള്‍. ആവശ്യം വന്നപ്പോള്‍ പൊടി പോലും കാണാനില്ല.

ഇനിയിന്ന് ഓട്ടം പോയില്ലെങ്കിലും വേണ്ട, നിന്നോട് കാശ് വാങ്ങാതെ വിടില്ലെന്ന പ്രഖ്യാപനത്തോടെയാണ് സുഡാനിയുടെ നില്‍പ്.

ചോദിച്ചുറപ്പിച്ചാണ് ടാക്‌സിയില്‍ കയറിയതെങ്കിലും കൃത്യം മൂന്ന് മിനിറ്റിനകം ഇറങ്ങിയതിനാല്‍ കൂലി നല്‍കാന്‍ ബാധ്യസ്ഥനല്ലെന്നാണ് മല്‍ബുവിന്റെ ന്യായം.

അതേസമയം, പോലീസ് വന്നാല്‍ ഇതൊക്കെ എങ്ങനെ വിശദീകരിച്ചു ബോധ്യപ്പെടുത്തുമെന്ന കാര്യത്തില്‍ മല്‍ബുവിന് ആശങ്കയുണ്ട്. അടുത്തുള്ള രണ്ട് കടകളില്‍ കയറി അറബി അറിയുന്ന ഒരു മലയാളിക്കുവേണ്ടി പരതിയെങ്കിലും കിട്ടിയില്ല.

മലയാളിയില്ലാത്ത കടയോ എന്നു സംശയിച്ചു മല്‍ബു.

സുഡാനിയുടെ കണ്ണുവെട്ടിച്ച് എങ്ങോട്ടെങ്കിലും ഒരോട്ടം വെച്ചുകൊടുത്താലോ എന്നായി ചിന്ത.
വേണ്ട, ആജാനുബാഹുവായ അയാള്‍ പിറകെ ഓടിപ്പിടിച്ചാലോ?

മല്‍ബു കടയില്‍ കയറിയപ്പോള്‍ അയാള്‍ പിറകെ വന്ന് ഡോറിനുനേരെ നിന്നു. ഒരേസമയം ജപമാല ഉരുട്ടിയും ഫോണില്‍ സംസാരിച്ചും നില്‍ക്കുന്ന അയാളുടെ കണ്ണ് മല്‍ബുവില്‍നിന്ന് മാറുന്നില്ല.

പൊട്ടന്‍ സുഡാനി തന്നെ.

അല്ലെങ്കില്‍ രണ്ടാ മൂന്നോ ഓട്ടം പോകേണ്ട സമയം കളഞ്ഞ് 15 റിയാലിനുവേണ്ടി ഇങ്ങനെ കാത്തുനില്‍ക്കുമോ?

ഇനിയിപ്പോ വരുന്ന പോലീസുകാരന്‍ ഇയാളുടെ ചങ്ങാതിയെങ്ങാനും ആയിരിക്കുമോ? അങ്ങനെയാണെങ്കില്‍ നഷ്ടപ്പെടുത്തിയ ഓട്ടത്തിന്റെ കാശ് കൂടി ഈടാക്കിക്കൊടുക്കാന്‍ പോലീസുകാരനു സാധിക്കും.

അടുത്ത ചങ്ങാതിയോടെന്ന പോലെയാണല്ലോ അയാള്‍ ഫോണില്‍ പോലീസുകാരനോട് സംസാരിച്ചതെന്നോര്‍ത്ത് മല്‍ബുവിന് ആധി കൂടി.

പറയാന്‍ വശമില്ലെങ്കിലും അറബി കേട്ടാല്‍ മല്‍ബുവിനു മനസ്സിലാകും. എല്ലാ ഭാഷകളും അങ്ങനെ തന്നെയാണ്. കേട്ടാല്‍ തിരിയും.

ഓട്ടം റദ്ദാക്കി കാറില്‍നിന്ന് ഇറങ്ങാനുണ്ടായ കാരണം എങ്ങനെ പോലീസുകാരനോട് വിശദീകരിക്കുമെന്ന് തിരിച്ചു മറിച്ചും ആലോചിക്കുകയാണ് മല്‍ബു.

പോലീസുകാരെ മാത്രമല്ല, ഏതു പരിശോധകനെ കണ്ടാലും അറബിയില്‍ ഒരക്ഷരം മിണ്ടരുതെന്നും വേണമെങ്കില്‍ ഇംഗ്ലീഷില്‍ നാല് വാക്ക് പറയാമെന്നുമാണ് മുന്‍ഗാമികള്‍ നല്‍കിയിരിക്കുന്ന പാഠം. ഊമയെപ്പോലെ നില്‍ക്കുന്നതും ഉചിതമാണ്.

തട്ടിമുട്ടി പിടിച്ചുനില്‍ക്കാവുന്ന അറബി കൈയിലുണ്ടെങ്കില്‍പോലും ഒരക്ഷരം മിണ്ടരുത്.

ഇന്നാളൊരു ദുബായിക്കാരന്‍ മക്കയിലെത്തി. പാസ്‌പോര്‍ട്ട് മുറിയില്‍ വെച്ച് പുറത്തിറങ്ങിയ ഉടന്‍ പിടിയിലാവുകയും ചെയ്തു. പോലീസിനേക്കാളും നന്നായി അറബി കാച്ചി.
പാസ്‌പോര്‍ട്ട് ഹോട്ടല്‍ മുറിയിലുണ്ട്. അവിടംവരെ വന്നാല്‍ കാണിച്ചുതരാം.

പോലീസ് അയാളേം കൊണ്ട് ഹോട്ടലിലേക്കല്ല, നേരെ സ്‌റ്റേഷനിലേക്കാണ് പോയത്.
പോലീസുകാരോട് സോറി പറഞ്ഞ് അയാളെ ഇറക്കിക്കൊണ്ടുവരുമ്പോള്‍ അളിയന്റെ അളിയന്‍ പറഞ്ഞു: നാവടക്കിവെച്ചാല്‍ മതിയാരുന്നു.

ഇതിപ്പോള്‍ അങ്ങനെയല്ല.

ടാക്‌സി ഡ്രൈവര്‍ സുഡാനിയുടെ വാദം ഖണ്ഡിക്കാന്‍ പോലീസുകാരനോട് കാര്യം വിശദീകരിച്ചേ മതിയാകൂ.
പടച്ചവനേ, അറബി അറിയുന്ന ഒരു മലയാളിയെ നീ ഇതുവഴി കൊണ്ടുവരണേ എന്നു പ്രാര്‍ഥിച്ചുകൊണ്ട് മല്‍ബു സുഡാനിയുടെ കൈയിലെ ജപമാലയിലേക്കുതന്നെ നോക്കി.

ആ ജപമാലയാണ് കഥയിലെ വില്ലന്‍.

25 റിയാലാണ് സുഡാനി ഡ്രൈവര്‍ ചാര്‍ജ് പറഞ്ഞതെങ്കിലും 15 ന് ഉറപ്പിച്ചാണ് ടാക്‌സിയില്‍ കയറിയത്. മുന്നോട്ടു നീങ്ങിയ കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാതിരുന്നത് ആരുടെയോ ഭാഗ്യം.

സൈക്കിളില്‍നിന്ന് വീണ ചിരി പാസാക്കിയ സുഡാനിയുടെ കൈയില്‍ ജപമാല കണ്ട മല്‍ബു പറഞ്ഞു:

വണ്ടി ഓടിക്കുമ്പോള്‍ ഇതുരുട്ടേണ്ട. മനസ്സില്‍ ധ്യാനിച്ചാലും മതി. ഇപ്പോള്‍ കണ്ടില്ലേ, ഇടിക്കാത്തതു ഭാഗ്യം.

സ്തുതി എണ്ണിക്കൊണ്ടുതന്നെ വേണമെന്ന് അയാള്‍.
എന്നാല്‍ വേറെ വണ്ടിയില്‍ പോയിക്കോളാമെന്ന് പറഞ്ഞ് ഇറങ്ങിയതാണ് മല്‍ബു.

കൂലി തന്നിട്ട് പോയാല്‍ മതിയെന്ന് സുഡാനിയും.
ഈ തര്‍ക്കമാണ് ഒടുവില്‍ പോലീസിനെ വിളിക്കുന്നതില്‍ കലാശിച്ചത്.

പത്ത് മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ പോലീസ് രംഗപ്രവേശം ചെയ്തു. ഇഖാമ വാങ്ങി നോക്കിയശേഷം മല്‍ബുവിനോട് പറഞ്ഞു:

ഡ്രൈവര്‍ക്ക് 15 റിയാല്‍ കൊടുക്കൂ.

കൂടുതല്‍ ഒന്നും ചോദിച്ചില്ല, പറഞ്ഞില്ല.

അതു കൊടുക്കുകയും അവര്‍ സ്ഥലംവിടുകയും മല്‍ബു സ്വതന്ത്രനാവുകയും ചെയ്്തു.

കാര്യം പറയാന്‍ പോലും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് തളര്‍ന്നുപോയ മല്‍ബു റോഡിന്റെ മറുവശത്ത് ഒരു ബൂഫിയ കണ്ടു.

അവിടെ ചെന്നപ്പോള്‍ തിളച്ച എണ്ണയില്‍ താമിയ വറുത്തെടുക്കുന്നയാളുടെ ഇടതു കൈയില്‍ വീണ്ടും അതു കണ്ടു- ജപമാല.

വണ്ടിയോടിക്കുന്നില്ലല്ലോ, അയാള്‍ ഉരുട്ടിക്കോട്ടെ. മല്‍ബു മനസ്സില്‍ പറഞ്ഞു.
പെട്ടെന്ന് അയാള്‍ ബൂഫിയയുടെ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു:
ആയിരം.

മല്‍ബു കൗതുകത്തോടെ ചോദിച്ചു:
എന്താണ് ആയിരം?

അയാള്‍ ജപമാലയില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു:
താമിയയുടെ എണ്ണം.

ഇതുവെച്ചാണോ എണ്ണുന്നത്?
അതെ, എണ്ണം പിഴക്കാതിരിക്കാന്‍ ഇതാണ് സൂപ്പര്‍.

ജപമാലയുടെ പര്‍പ്പസുകളോര്‍ത്ത് അന്തംവിട്ടുപോയി മല്‍ബു.

Post has attachment
ഉസ്താദിന്റെ ചതി
നാട്ടില്‍നിന്നു വരുന്ന മൊയ്തുവിനെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു മല്‍ബു.
നാണിയും ഹൈദ്രോസും അച്ചായനും കൂട്ടിനുണ്ട്.
വിമാനമിറങ്ങി മണിക്കൂര്‍ ഒന്നല്ല, രണ്ടു കഴിഞ്ഞു. കാത്തിരിക്കുന്ന ബന്ധുക്കളിലേക്കും കൂട്ടുകാരിലേക്കും ഓരോരുത്തരായി ഇറങ്ങി വരുന്നേയുള്ളൂ.

വല്ലാത്തൊരു ലേറ്റ് തന്നെ. ആദ്യായിട്ടാ ഇത്രേം നേരം- അച്ചായന്‍ പിറുപിറുത്തു.
കാലിന്റെ ആപ്പീസ് പൂട്ടീന്ന് നാണിയും.
ബോറടി മാറ്റാന്‍ പല നാട്ടുകാരുടെ വരവേല്‍പ് രീതികളിലെ വൈവിധ്യം ആസ്വദിക്കുകയാണ് മല്‍ബു.

കെട്ടിപ്പിടിച്ച് ഞെരുക്കിയും ചുംബിച്ചും കൈ പിടിച്ചു കുലുക്കിയും സുഡാനി. വന്നിറങ്ങിയ യാത്രക്കാരനെ പൊതിഞ്ഞ് ചിരിച്ചുല്ലസിക്കുന്ന ഫിലിപ്പിനോകള്‍. നിറഞ്ഞ ചിരിയോടെ ആര്‍ യു ഓക്കേന്നു ചോദിച്ചുകൊണ്ടൊരു യൂറോപ്യന്‍.

യാത്രക്കാരന്‍ തള്ളിവരുന്ന ട്രോളി പിടിച്ചു തള്ളാന്‍ വെമ്പുന്ന ബന്ധുക്കളായ ഹിന്ദികള്‍.

വേണ്ടാന്നേ, ഞാന്‍ തള്ളിക്കോളാന്ന് പറയുന്ന മലയാളിയുടെ ഭവ്യത. വേഷങ്ങള്‍ മുതല്‍ നടത്തം വരെ പലവിധം. നോക്കിയിരുന്നാല്‍ ഓരോരോ കൗതുകം കണ്ടെത്താം.

നിന്നു കാലു കുഴഞ്ഞ അച്ചായന്‍ മൊയ്തുവിന്റെ തല കണ്ടാല്‍ മിസ്സടിക്കണമെന്ന് നാണിയോട് ശട്ടം കെട്ടി ദൂരെയെവിടെയോ ഇരിക്കാന്‍ പോയി.

എന്തൊരു ലേറ്റാ ഇത് പടച്ചോനെ. ഒരു എയര്‍പോര്‍ട്ടിലും കാണൂല ഇത്രേം ലേറ്റ്. കൗണ്ടറില്‍ ആരും ഇരിപ്പുണ്ടാവില്ല. ച്യുയിംഗം ചവയ്ക്കാനും പുകക്കാനും മൊബൈലില്‍ കളിക്കാനും ഇറങ്ങിക്കാണും: നാണി ശപിച്ചുകൊണ്ടേയിരുന്നു.

തൊട്ടപ്പുറത്ത് മുത്തുവിന് സ്വാഗതം എന്നെഴുതിയ ബോര്‍ഡ് പിടിച്ചുകൊണ്ട് ഏതാനും മലയാളി പയ്യന്‍സിന്റെ കലപില. വേറെ ഒന്നുരണ്ടു ഹോട്ടലുകാരും യാത്രക്കാരന്റെ പേരെഴുതിയ ബോര്‍ഡ് പിടിച്ച് നില്‍പുണ്ട്.
ആരാ ഈ മുത്തു?
മുത്തുവിനെ അറിയില്ലേ. അറിയപ്പെടുന്ന പാട്ടുകാരന്‍: അവരിലൊരാള്‍ പറഞ്ഞു.
കല്യാണം കഴിക്കാന്‍ നാട്ടില്‍ പോയി കായി കാലിയാക്കി മടങ്ങുന്ന റൂംമേറ്റാണെന്ന് മറ്റൊരു ഫ്രീക്കന്റെ തിരുത്ത്.

നിങ്ങളെ അറിയുന്ന മുത്തുവല്ലേ വരുന്നത്. അയാളെ നിങ്ങള്‍ക്കും അറിയാം. പിന്നെ എന്തിനാ ഈ ബോര്‍ഡും എഴുത്തുമൊക്കെ.
ചുമ്മാ... കെട്ടാന്‍ പോയിട്ട് പെണ്ണു കിട്ടാതെ മടങ്ങുന്നോനല്ലേ. അവന്‍ ഇനീം ഞങ്ങടെ മുത്താണെന്ന് ആശ്വസിച്ചോട്ടെ.

മുത്ത് മുത്തു സിന്ദാബാദ്. ഫ്രീക്ക•ാരുടെ മുദ്രാവാക്യം അല്‍പം ഉച്ചത്തില്‍ തന്നെയായിരുന്നു. സെക്യൂരിറ്റിക്കാരന്റെ നോട്ടത്തില്‍ ആവേശം പെട്ടെന്നു തണുത്ത അവര്‍ ശാന്തരും അനുസരണശീലമുള്ളവരുമായി.

ഫോണ്‍ റിംഗ് ചെയ്ത് എവിടെ എത്തീന്ന് ചോദിച്ചപ്പോള്‍ ലൈന്‍ അടുത്തെത്തീന്ന് മൊയ്തുവിന്റെ മറുപടി.

ഒരു അരമണിക്കൂര്‍ കൂടി മതിയാകും.
കൗണ്ടറില്‍ ഇരിക്കുന്നയാള്‍ എഴുന്നേറ്റു പോകാതിരിക്കാന്‍ പ്രാര്‍ഥിച്ചോളൂന്ന് മല്‍ബു ഉപദേശിച്ചു.

വിശന്നിട്ട് വയ്യെന്ന് വയറില്‍ പിടിച്ചു തിരുമ്മിക്കൊണ്ട് നാണി.

ഇനീം വൈകിയാല്‍ പത്തിരീം ഇറച്ചീമൊക്കെ പുളിച്ചുപോകില്ലേ?
മൊയ്തു കൊണ്ടുവരുന്ന ഇറച്ചീം പത്തിരീം കൊതിച്ച് ആരും ഒന്നും കഴിച്ചിട്ടില്ല.

അതേക്കുറിച്ച് ആലോചിക്കുമ്പോള്‍തന്നെ നാവില്‍ വെള്ളമൂറും.
അര മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ മൊയ്തുവിന്റെ തല കണ്ടു.

മിസ്സടിച്ച് അച്ചായനെ വരുത്തി ആചാര മര്യാദകളോടെ എല്ലാവരും കൂടി മൊയ്തുവിനെ വരവേറ്റു.

ട്രോളി പിടിച്ചുവാങ്ങി തള്ളിയത് നാണി. കാറില്‍ കയറിയ പാടേ നാണി അന്വേഷിച്ചു.
പത്തിരീം ഇറച്ചീം ഹാന്റ് ബാഗിലല്ലേ മൊയ്തൂ. ടൈം കുറേ ആയില്ലേ? മോശായിക്കാണുമോ?

എന്താ കാറില്‍നിന്നു തന്നെ അടിക്കാനാണോന്ന് അച്ചായന്‍.
വണ്ടി സൈഡാക്കി കഴിച്ചിട്ടു പോകാല്ലോ?
അതേക്കുറിച്ചൊരു തീരുമാനമാകുമ്പോഴേക്കും മൊയ്തു പറഞ്ഞു:
ഇറച്ചീം പത്തിരീം ഇല്ലാട്ടോ. നല്ല ബീഫിനുവേണ്ടി കുറേ ട്രൈ ചെയ്തു. കിട്ടിയില്ല. റിയലി സോറി.

ഇറച്ചി പോട്ടെ, അതാര്‍ക്കുവേണം. അപ്പത്തരങ്ങളില്ലേ: ബീഫ് വിരുദ്ധനായ അച്ചായന്‍ ചോദിച്ചു.

പത്തിരിക്കും ഇറച്ചിക്കും പുറമെ, ഉന്നക്കായയും മണ്ടയും കേക്കുമൊക്കെയാണ് മൊയ്തുവിന്റെ വരവിനെ ആകര്‍ഷകമാക്കാറുള്ളത്.
ദിവസങ്ങളോളം ഫഌറ്റില്‍ സ്വാദ് നിറയ്ക്കുന്ന പലഹാരങ്ങള്‍.

അതും ഇല്ല എന്നു മൊയ്തു പറഞ്ഞതോടെ എല്ലാവരം നിശ്ശബ്ദരായി.
ബേക്കറിയില്‍നിന്നു വാങ്ങിയ ചില സാധനങ്ങളേയുള്ളൂ.
അപ്പക്കാരത്തീനെ ഉസ്താദ് ചതിച്ചതാണ് കാരണം: മൊയ്തു പറഞ്ഞു.

മൊയ്തുവിന്റെ നാട്ടില്‍ രുചികരമായ പലഹാരങ്ങള്‍ ഉണ്ടാക്കുന്ന അപ്പക്കാരത്തിയെ റൂമിലെ എല്ലാവര്‍ക്കും അറിയാം. അയ്യോ. അവരെ ഉസ്താദ് എന്തു ചെയ്തു- നാണി ചോദിച്ചു.

എല്ലാ പ്രാവശ്യവും വീട്ടില്‍ വന്ന് അപ്പം ചുട്ടു തരുന്ന അപ്പക്കാരത്തി ഇക്കുറി ഉസ്താദിനോടൊപ്പം ഉംറക്കു പോയി. യാത്ര കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ ഉസ്താദ് പറഞ്ഞുപോലും- 20 ദിവസം പുറത്തിറങ്ങരുത്. അപ്പപ്പണിക്ക് വിളിക്കാന്‍ പോയപ്പോള്‍ അവരു പറയാ... ഇനി പത്ത് ദിവസം കൂടി ബാക്കിയുണ്ട്. അത്യാവശ്യാണെങ്കില്‍ യാത്ര നീട്ടിക്കോന്ന്.

ഉംറ ചെയ്തവരെ വീട്ടില്‍ അടച്ചിടുകയോ. അങ്ങനെ ഉണ്ടാകുമോ: അച്ചായന്‍ ചോദിച്ചു. വിമാനത്തിലല്ലേ അവര്‍ ഉംറക്കു പോയി മടങ്ങിയത്. വല്ലാത്തൊരു നിയമം തന്നെ.

അതേയ്, അങ്ങനെ നിയമമൊന്നുമില്ല. ഉസ്താദിന്റെ അടവായിരിക്കും: നാണി പറഞ്ഞു.

എന്തടവ്?
ഇരുപത് ദിവസം വീട്ടിലിരിക്കാന്‍ പറ്റിയില്ലെങ്കില്‍ ചെയ്ത ഉംറ പോയീന്നും വീണ്ടും പോണോന്നും പറഞ്ഞ് പുതിയ ബുക്കിംഗ് എടുക്കാലോ?
Photo

Post has attachment
മായാത്ത പുഞ്ചിരി
ഫവാസേ, മോനേ ഫവാസേ...
ബോധം വീണ്ടുകിട്ടാത്ത മകനെ നോക്കി ഉമ്മ ഷഹ്‌നാസ് വിളിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് അത് നൊമ്പരക്കാഴ്ചയായി.
ഞാന്‍ വിളിച്ചാല്‍ എന്റെ മോന്‍ കേള്‍ക്കുമെന്നുകൂടി അവര്‍ പറഞ്ഞപ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ നനഞ്ഞു.
ചിലര്‍ പൊട്ടിക്കരഞ്ഞു.

മകനുനേരിട്ട ദുരന്തത്തോട് ഷഹ്‌നാസ് എങ്ങനെ പ്രതികരിക്കുമെന്ന വേവലാതിയിലായിരുന്നു ഇസ്മായില്‍.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഫൈസലിയയിലെ ഫഌറ്റില്‍നിന്ന് അധികം ദൂരെയല്ലാത്ത ഇര്‍ഫാന്‍ ആശുപത്രിയില്‍ ഫവാസിനെ കണ്ടെത്തിയപ്പോള്‍ ഉമ്മയോട് തല്‍ക്കാലം പറയേണ്ടെന്നായിരുന്നു സ്വയം തളര്‍ന്നു പോയ ഇസ്മായില്‍ പറഞ്ഞുകൊണ്ടിരുന്നത്.

പറയാതിരിക്കുന്ന ഓരോ നിമിഷവും അവര്‍ നീറിനിറിക്കഴിയേണ്ടിവരുമെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് പാതിയെങ്കിലും സമ്മതം മൂളിയത്.

മൂത്ത മകന്‍ ഷഹ്ബാസിനോടൊപ്പം ഫഌറ്റില്‍ചെന്ന് ഫവാസിനു ചെറിയൊരു അപകടം പറ്റിയെന്നു പറഞ്ഞതു മുതല്‍ തിങ്കളാഴ്ച ഉച്ചക്ക് ജിദ്ദ റുവൈസിലെ മഖ്ബറയില്‍ അവനു യാത്രാമൊഴി ചൊല്ലുന്നതുവരെ ഷഹ്‌നാസ് കാണിച്ചത് അസാമാന്യ ക്ഷമയും കാരുണ്യവാനായ നാഥനിലുള്ള ശുഭപ്രതീക്ഷയുമാണെന്ന് പറയാതിരിക്കാന്‍ വയ്യ.

ഇര്‍ഫാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി മുറിയില്‍ ലൈഫ് സപ്പോര്‍ട്ടോടു കൂടി ഫവാസിനെ കണ്ടെത്തേണ്ടിവരുമെന്ന് വെള്ളിയാഴ്ച രാത്രി അവനെ അന്വേഷിച്ചിറങ്ങുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല.

സിഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം വിദ്യാലയമായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനുവേണ്ടി മനോഹരമായ രണ്ടു ഗോളുകള്‍ നേടിയ ഫവാസിനെ വീട്ടില്‍ കാത്തിരിക്കുകയായിരുന്നു വാപ്പ ഇസ്മായില്‍.

സമയം ഒരു മണി കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീണ്ടും മൊബൈലില്‍ വിളിച്ചു നോക്കിയത്. അപ്പോഴേക്കും അത് സ്വിച്ച് ഓഫായിരുന്നു. മിനിറ്റുകള്‍ കടന്നുപോയപ്പോള്‍ അവന്റെ കൂട്ടുകാരെയൊക്കെ വിളിച്ചു നോക്കി. എല്ലാവരും വീടണഞ്ഞിരിക്കുന്നു.

രണ്ടു മൂന്ന് കൂട്ടുകാര്‍ ഒരു ഭാഗത്തും മത്സരം നടന്ന ഗ്രൗണ്ടിനു ചുറ്റും ഇസ്മായിലും ഒരു തവണ അന്വേഷണം നടത്തി. യാതൊരു സൂചനയും ലഭിക്കാതെ മടങ്ങിയ ഇസ്മായില്‍ എന്റെ ഫോണിലേക്ക് വിളിക്കുമ്പള്‍ സമയം രണ്ട് മണിയായിരുന്നു.
ഉറക്കമായെന്നറിഞ്ഞപ്പോള്‍ കാര്യം പറയാതെ ഫോണ്‍ വെച്ച ഇസ്മായിലിനെ തിരിച്ചുവിളിച്ച് അന്വേഷിച്ചപ്പോഴാണ് ഫവാസ് വീട്ടിലെത്തിയില്ലെന്ന വിവരം പറയുന്നത്.

ഇസ്മായിലിനോടും മകന്‍ ഷഹ്ബാസിനോടുമൊപ്പം ആ രാത്രി ഞാനും ചേര്‍ന്നു.
പോലീസുകാര്‍ ഇഖാമ പരിശോധന ശക്തമാക്കി പലരേയും പടികൂടുന്ന സമയമാണ്. ഇഖാമയും ഫോണുമൊക്കെ കളഞ്ഞുപോയ ഫവാസ് പോലീസ് പിടിയിലായിക്കാണുമെന്നാണ് മനസ്സ് പറഞ്ഞിരുന്നത്. പോലീസിന്റെ എമര്‍ജന്‍സി നമ്പര്‍ പല തവണ ട്രൈ ചെയ്ത ശേഷം കിട്ടി. അറബി വശമുള്ള ഇസ്മായില്‍ തന്നെ സംസാരിച്ചു. പേരും ഇഖാമ നമ്പറും നല്‍കിയപ്പോള്‍ അങ്ങത്തലക്കല്‍നിന്ന് മറുപടി ലഭിച്ചു. ഫവാസ് എന്ന പേരില്‍ ആരും പിടിയിലായിട്ടില്ല.
വിവരം സിസ്റ്റത്തില്‍ ലഭിക്കാത്തതു കൊണ്ടായിരിക്കും. പോലീസ് സ്റ്റേഷനില്‍ ചെന്ന് നോക്കാമെന്ന് തീരുമാനിച്ചു ഞങ്ങള്‍.
മൂവരുടേയും കണ്ണിലെന്ന പോലെ അന്തരീക്ഷത്തിലും ജല കണങ്ങള്‍. മഴ ഇത്തിരി ശക്തിപ്പെട്ടു തുടങ്ങിയിരുന്നു. ജിദ്ദയിലെ പോലീസ് സ്റ്റേഷനുകള്‍ എവിടെയൊക്കെയെന്ന് ഗൂഗിള്‍ ചെയ്തു നോക്കി. സമീപത്തെത്തിയിട്ടും സഹാഫ സ്ട്രീറ്റിലെ പോലീസ് സ്റ്റേഷന്‍ ഞങ്ങളുടെ കണ്ണില്‍ പെടാന്‍ രണ്ടു മൂന്നു തവണ കറങ്ങേണ്ടിവന്നു.
ഷഹ്ബാസ് വണ്ടിയോടിക്കവെ, ഇസ്മായില്‍ പറഞ്ഞുകൊണ്ടിരുന്നു.
എവിടെയായിരിക്കും എന്റെ മോന്‍?
അവന്‍ വല്ലതും കഴിച്ചു കാണുമോ?
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ കുഴങ്ങിയ ഞാന്‍, പരീക്ഷയടുത്തിട്ടും ഫുട്‌ബോള്‍ കളിക്കാന്‍ പോയതിന് നിങ്ങള്‍ വാപ്പയും ഉമ്മയും വഴക്കു പറഞ്ഞിരുന്നോ എന്നു ചോദിച്ചു നോക്കി.
പരീക്ഷക്കുള്ള തയാറെടുപ്പിനായി, അവസാനത്തെ മാച്ചിനായി പോയ അവനെ ഞാന്‍ തന്നെയാണ് യാത്രയാക്കിയതെന്ന് ഇസ്മായില്‍. പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ ഫോണില്‍ വിളിച്ചിരുന്നുവെന്നും ഗോള്‍ നേടിയ കാര്യമൊക്കെ പറഞ്ഞുവെന്നും ഷഹ്ബാസ്.
സഹാഫ പോലീസ് സ്റ്റേഷനിലെത്തുമ്പോഴേക്കും ഞങ്ങള്‍ വിളിച്ചുണര്‍ത്തിയതിനെ തുടര്‍ന്ന് തനിമയുടെ ജനസേവന വിഭാഗത്തെ നയിക്കുന്ന സി.എച്ച്. ബശീര്‍ അവിടെ എത്തിയിരുന്നു. സ്റ്റേഷനകത്ത് ഇസ്മായിലിനെ മാത്രം നിര്‍ത്തി പോലീസുകാര്‍ ഞങ്ങളെ പുറത്താക്കി.
സ്റ്റേഷനില്‍ രേഖപ്പെടുത്തിയ അറസ്റ്റുകളുടെ പട്ടിക നോക്കിയപ്പോള്‍ അതിലൊന്നും ഇല്ല. ഇസ്മായിലുമായി പോലീസുകാരന്‍ അകത്തു ചെന്ന് കസ്റ്റഡി റൂമും പരിശോധിച്ച ശേഷം കൈമലര്‍ത്തി. അടുത്ത ദിവസം ഉച്ചക്ക് രണ്ട് മണിക്കെത്തി പരാതി നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും.
സമയം, നാല് മണിയേ ആയിട്ടുള്ളൂ. ഉച്ചയാകാന്‍ ഇനിയും മണക്കൂറുകളെത്ര കിടക്കുന്നു. ശക്തി കൂടിയും കുറഞ്ഞമുള്ള മഴ പോലെ തന്നെ ഞങ്ങളുടെ മനസ്സും പല വഴിക്കായി. 999 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വീണ്ടും വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
മറ്റൊരു പോലീസ് സ്റ്റേഷന്‍ തേടിപ്പോകുന്നതിനു മുമ്പ് മഴ ശക്തിപ്പെട്ടു. ഒരിക്കല്‍ കൂടി സിത്തീന്‍ പാലം വഴി ചുറ്റുമ്പോഴാണ് റോഡരികില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് ഫവാസ് കൊണ്ടുപോകാറുള്ളതു പോലുള്ള കറുത്ത ബാഗ് കിടക്കുന്ന കാര്യം ഇസ്മായില്‍ പറഞ്ഞത്. ആദ്യ കറക്കത്തിലും ഇസ്മായില്‍ അത് കണ്ടിരുന്നുവെങ്കിലും അങ്ങനെയൊരു ചിന്ത പോയിരുന്നില്ല.
മഴയില്‍ അതൊരു റബര്‍ ട്യൂബ് പോലെയാണ് തോന്നിച്ചത്. എങ്കിലും ഷഹ്ബാസ് കാര്‍ പിറകോട്ടെടുത്ത് നോക്കി. തുറന്നു കിടന്ന ആ ബാഗ് ഫവാസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ രണ്ടു പേര്‍ക്കും എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. തളര്‍ന്നുപോയ ഇസ്മായിലിനെ കാറില്‍ തന്നെ ഇരുത്തി. അപ്പോള്‍ പോലും ഞങ്ങളുടെ ചിന്ത പോയത് പിടിച്ചുപറിക്കാരിലേക്കായിരുന്നു. അപകടം നടന്ന ഒരു സൂചനയും അവിടെ കാണാനുണ്ടായിരുന്നില്ല. റോഡിന്റെ മറുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിനു സമീപത്തേക്ക് പോയി. ഞങ്ങളുടെ ദയനീയ സ്ഥിതി കണ്ട ആ പോലീസുകാരന്‍ വയര്‍ലെസിലുടെ അന്വേഷിച്ചു. മറ്റൊരു പോലീസ് വാഹനത്തെ വിളിച്ചുവരുത്തി. യാതൊരു സൂചനകളുമില്ല.
ആശുപത്രികളിലേക്ക് അന്വേഷണം നീട്ടാന്‍ ആ പോലീസുകാരാണ് നിര്‍ദേശിച്ചത്. പരിക്ഷീണനായ ഇസ്മായിലിനെ കൊണ്ടപോകാന്‍ ആംബുലന്‍സ് വിളിക്കാമെന്ന് അവര്‍ പറഞ്ഞെങ്കിലും സമചിത്തത വീണ്ടെടുത്ത ഷഹ്ബാസ് തന്നെ ഇര്‍ഫാന്‍ ആശുപത്രിയിലേക്ക് കാറോടിച്ചു.
ആദ്യ ചോദ്യത്തില്‍ തന്നെ അവിടെ ഫവാസ് ഇസ്മായിലുണ്ടെന്ന് എമര്‍ജന്‍സി വിഭാഗത്തിലെ സെക്യൂരിറ്റിക്കാരന്‍ പറഞ്ഞപ്പോള്‍ അല്‍ഹംദുലില്ലാഹ്.. കാരുണ്യവാനെ സ്തുതിച്ചു കൊണ്ട് ഞങ്ങള്‍ അങ്ങോട്ട് കുതിച്ചു. പക്ഷേ, ഫവാസിന്റെ കിടപ്പ് ഞങ്ങളെ തളര്‍ത്തിക്കളഞ്ഞു.
ലൈസന്‍സില്ലാത്ത ഒരു സ്വദേശി പയ്യന്‍ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ച അവനെ റെഡ്ക്രസന്റ് ആംബുലന്‍സാണ് ഒരു മണിയോടെ ആശുപത്രിയിലെത്തിച്ചത്.
അലംഘനീയമാണ് വിധി.
പ്രതീക്ഷ കൈവിടാതെ രണ്ടുദിവസത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷം അവന്‍ നമുക്കെല്ലാവര്‍ക്കും ചെല്ലേണ്ടിടത്തേക്ക് നേരത്തെ പോയി.
സമപ്രായക്കാരെല്ലാം കൊതിച്ചുപോകുന്ന കൂട്ടുകാരനായിരുന്നു ഫവാസ്. പഠനത്തിലും സ്‌പോര്‍ട്‌സിലുമുള്ള മികവ് മാത്രമല്ല, മനോഹരമായ അവന്റെ ഖുര്‍ആന്‍ പാരായണവും നമസ്‌കാരത്തിലൂള്ള കൃത്യനിഷ്ഠയും അധ്യാപകരേയും കൂട്ടുകാരുടെ മാതാപിതാക്കളേയുമൊക്കെ ആകര്‍ഷിച്ചിരുന്നു.
നിറഞ്ഞ ചിരിയോടെ മാത്രമേ ഫവാസിനെ ഞാന്‍ കണ്ടിട്ടുള്ളൂ. ഏതു ചോദ്യത്തിനും അവന്റെ പക്കല്‍ ഉത്തരമുണ്ടാകും. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മുന്‍നിര കളിക്കാരനായ അവന്‍ തൊടുക്കുന്ന ചാട്ടൂളി പോലെ.
ജീവിതത്തെ ഗൗരവത്തോടെ സമീപിക്കാനുള്ള പാഠങ്ങള്‍ ലഭിച്ചതോടൊപ്പം മാതാപിതാക്കളുടെ നര്‍മബോധവും അവന്‍ സ്വന്തമാക്കിയിരുന്നു.
വാപ്പയുടേയും ജ്യേഷ്ഠന്റേയും സാന്നിധ്യത്തില്‍ അവനെ കുളിപ്പിച്ച ശേഷവും പിന്നീട് റുവൈസ് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിനുമുമ്പും അവനെ അവസാനമായി കണ്ട നൂറുകണക്കിനാളുകളുടെ മനസ്സിലും ചുണ്ടിലും പ്രാര്‍ഥനകള്‍ മാത്രമായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്ന സഹപാഠികളും കൂട്ടുകാരും ആരുടേയും കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു.
എന്തിനു പ്രയാസപ്പെടണം. അവന്‍ സ്വര്‍ഗത്തില്‍ നമ്മെ കാത്തിരിക്കുകയല്ലേ ഉമ്മാ? സ്വന്തം ഉമ്മയെ ആശ്വസിപ്പിക്കാന്‍ ഷഹ്‌നാസ് ഉപയോഗിച്ച വാക്കുകളാണിത്.
കാരുണ്യാവനായ നാഥാ.. ഞങ്ങളുടെ പ്രാര്‍ഥനകള്‍ നീ സ്വീകരിക്കുകയും സ്വര്‍ഗത്തില്‍ ഫവാസിനോടൊപ്പം ഒരുമിച്ചു കൂട്ടുകയും ചെയ്യേണമേ.. (ആമീന്‍)
Photo
Photo
1/28/16
2 Photos - View album
Wait while more posts are being loaded