'സമകാലിക കേരളത്തിൽ അങ്ങേയറ്റം കാൽപനികവൽക്കരിച്ചു കഴിഞ്ഞ ബാല്യകാല സ്മരണകൾ എന്ന സാഹിത്യ രൂപത്തിന്റെ അപനിർമ്മിതി' - 'ചുവന്ന ബാഡ്ജ്' എന്ന തൻറെ പ്രഥമ നോവലിനെ ശ്രീ രാജേഷ് വർമ്മ വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്‌. സമകാലിക മലയാളത്തിന്റെ ബാല്യകാലസ്മരണകളിൽ മുഴുവൻ കാല്പനിക ഛായ പടർന്നിരിക്കുന്നുവെന്ന ധ്വനി ഈ വാക്കുകളിലുണ്ട്.

ഇക്കഴിഞ്ഞ മുപ്പതാം തീയ്യതിയായിരുന്നു തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ 'ചുവന്ന ബാഡ്ജി'ന്റെ പ്രകാശനം. കാൽപനികത എന്തോ മോശം സംഗതിയാണെന്ന ഒരു മുൻവിധി ആ പ്രസ്താവനയിലടങ്ങിയിട്ടുണ്ടോ എന്ന സംശയത്തോടെയാണ് നോവൽ പ്രകാശനം ചെയ്യാനെത്തിയ ശ്രീ. പി കെ രാജശേഖരൻ സംസാരിച്ചു തുടങ്ങിയത്.

പക്ഷേ, ഭൂതകാലത്തിന്റെ മഹത്വവൽക്കരണം എന്ന ഫാഷിസ്റ്റ് തന്ത്രത്തിന്റെ വിഷമിറക്കാൻ വേണ്ടി അകാൽപനികമായ ഭൂതകാലത്തിന്റെ മറുവിഷം പ്രയോഗിക്കുന്നു എന്നു പറഞ്ഞാണ് രാജേഷ് വർമ്മ തന്റെ നോവൽ സംഗ്രച്ചിരിക്കുന്നത്.

കാൽപനികതയെ മനം നോക്കി പ്രസ്ഥാനമെന്നു വിളിച്ചത് കേസരിയായിരുന്നത്രേ. അവ്യക്തമായ ദുഃഖവും വികാരപരതയിലൂന്നിയ ഉൽകടമായ ആദർശ ഭ്രമവുമൊക്കെ കാൽപനികതയുടെ മുഖമുദ്രകളായിരുന്നു. അതിനാൽ തന്നെ സാഹിത്യത്തറവാടുകളിൽ കാൽപനികതയ്ക്ക് എന്തോ ഒരു കുലീനതയുടെ കുറവ് കൽപ്പിച്ചിരുന്നോ ആവോ!
എനിക്കറിയില്ല.

നോവൽ കയ്യിൽ കിട്ടി രണ്ടു ദിവസത്തിനകം വായിച്ചു തീർത്തു. എന്തായാലും, 'ചുവന്ന ബാഡ്‌ജ്‌' ആദർശ ഭ്രമത്തിന്റെ ഭൂതകാലക്കുളിരല്ല അനുഭവപ്പെടുത്തിയത്. മറിച്ച്, ചരിത്രത്തിൻറെ ചൂടാണ് തന്നത്. ലളിതമായ ആഖ്യാനത്തിലൂടെ ചരിത്ര സന്ദർഭങ്ങളെ വിദഗ്ദ്ധമായി ചേർത്ത് വെച്ച് നെയ്തുണ്ടാക്കിയ ഈ നോവൽ വായനയെ പൊള്ളിച്ച് മുന്നേറുകയാണുണ്ടായത്.

നാസികൾ ഓരോ കാലഘട്ടത്തിലും പല പേരുകളിലാകാം സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാം കാണെക്കാണെ തന്നെയാണ് ഫാഷിസം അവതരിക്കുന്നതും ഭീമാകാരം കൈക്കൊള്ളുന്നതും. ഭാഷയുടെയും വംശത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ വെറുപ്പിന്റെ വിത്തുകൾ നമുക്കിടയിൽ വിതയ്ക്കാൻ എന്തെളുപ്പമാണ്!

സാംസ്കാരിക ബോധത്തെ ഞങ്ങളുടേതും അവരുടേതും എന്നാക്കി തിരിച്ച് അപരനെ ദാക്ഷിണ്യമേതുമില്ലാതെ ദ്രോഹിക്കുന്നതും ഉന്മൂലനം തന്നെ ചെയ്യുന്നതും എത്ര അനായാസമാണെന്നതിന് ചരിത്രത്തിൽ പല ഉദാഹരണങ്ങളുമുണ്ട്. സമൂഹമെന്ന നിലയിൽ അതിനുള്ള കൺസെന്റ് (consent) നമ്മൾ എങ്ങിനെയൊക്കെ നിർമ്മിച്ചു കൊടുക്കുന്നു എന്നത് അതിശയകരമാണ്.

ഫാഷിസത്തിന് പടർന്നു കയറാനുള്ള കൺസെന്റിന്റെ സമൂഹ നിർമ്മിതി ഒരു ആറാം ക്ലാസ്സുകാരന്റെ കണ്ണുകളിലൂടെ സംഭ്രമജനകമായ ഒരു നോവലായി രാജേഷ് പറയുകയാണ്. നമുക്കോരോരുത്തർക്കും പരിചിതമായ കാര്യങ്ങൾ മാത്രമാണ് നോവലിലുടനീളം. നാം പലപ്പോഴും ആഗ്രഹിച്ചതോ ചിന്തിച്ചതോ ആയ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങൾ മാത്രം. എഴുപതുകളുടെ കഥയായി 'ചുവന്ന ബാഡ്ജ്' ഇത് പറയുമ്പോഴും നമ്മുടെ ചിന്തകൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ലെന്നതാണ് ഇവിടെ പരമ പ്രധാനം.

ഇന്നത്തെ നമ്മെ പാകപ്പെടുത്തിയിരിക്കുന്ന, നമുക്കറിയാവുന്ന, നമ്മുടെ ചരിത്രം മറ്റൊരു വിധമായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ നാം എങ്ങിനെയാകുമായിരുന്നു എന്ന രീതിയിലാണ് ഈ അപരിചിത (alternate history) നോവൽ പുരോഗമിക്കുന്നത്. മലയാളത്തിൽ ഇത്തരമൊരു ആഖ്യാനത്തിനു പൂർവ മാതൃകകളുണ്ടോ എന്നെനിക്കറിയില്ല.

പല തരം മലിനാധിനിവേശങ്ങൾ നമുക്ക് ചുറ്റും കുടകളുയർത്തുന്ന ഒരു പുരീഷ കാലത്താണ് നാം ജീവിക്കുന്നത്. അവയുടെ ശീതളിമയിൽ രമിക്കാനാണ് നമുക്കേറെയിഷ്ടം. അവിടെ ഉയിർ കൊള്ളുന്ന ഏകാധിപതികൾക്ക് ദാസ്യപ്പെടാൻ വെമ്പി നിൽക്കുന്നൊരു ഗൂഢ മനസ്സ് സമൂഹത്തിനുണ്ടെന്നത് സമകാലിക സംഭവങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്.

അതിനാൽ, 'ചുവന്ന ബാഡ്ജ്' വർത്തമാനത്തിന്റെ കഥ തന്നെയാണ്, ഭാവിയെ കുറിച്ചുള്ള ഒരു അസ്വസ്ഥതയുമാണ്.

ഏറെ വൈകിയാലും, എത്ര ക്ഷീണിച്ചാലും, ജാഗ്രതയുടെ കണ്ണുകൾ അടഞ്ഞു പോകാതെ നാം കാവലിരിക്കുക തന്നെ വേണമെന്ന നിശിതമായ ഓർമ്മപ്പെടുത്തലാണ് ഈ നോവൽ.

മികച്ച ഈ വായനാനുഭവത്തിന് നന്ദി, ശ്രീ രാജേഷ് വർമ്മ!
+Rajesh R Varma രാജേഷ് ആര്‍. വര്‍മ്മ​​


Photo
Shared publiclyView activity