Profile cover photo
Profile photo
Sureshkumar Punjhayil
1,911 followers
1,911 followers
About
Sureshkumar Punjhayil's posts

Post has attachment
മരുന്നുകൂട്ടിലെ മാലാഖമാർ ...!!!
.
പുറത്ത് , ഇരുട്ടിന്റെ കറുത്ത തുള്ളികളുമായി കോരിച്ചൊരിയുന്ന മഴയത്ത് ജീവന്റെ നിശ്വാസം പങ്കിട്ട് തെളിഞ്ഞും മങ്ങിയും കത്തുന്ന മിന്നാമിന്നി ബള്ബുകള്ക്കിടയിൽ ആ കുഞ്ഞു മോന്റെ ജീവനും കയ്യിലെടുത്ത് അതിന് കാവലിരിക്കുമ്പോൾ കുറച്ചകലെ തന്റെ ഒറ്റമുറിപ്പുരയിൽ തന്റെ അമ്മയുടെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്തെ തണുപ്പിനടിയിൽ കിനിഞ്ഞു നിൽക്കുന്ന ചൂടുമേറ്റ് പനിക്കോളിൽ വിറച്ച് അർദ്ധബോധത്തിൽ മയങ്ങുന്ന തന്റെ ഉണ്ണിയെ അവൾ മറന്നിരുന്നില്ല ഒട്ടും ...!
.
ജീവന്റെ കണികകൾ ഓരോന്നായി ആ ചൂടുള്ള കുഴലുകളിലൂടെ അവൾ ആ കുഞ്ഞിലേക്ക് പകരുമ്പോൾ അവിടെ ആ ചുമരുകൾക്കു പുറത്ത് തന്റെ ഹൃദയം ചേർത്തുവെച്ചുകൊണ്ട് അവളെപോലെ ഒരു രാത്രിയും പകലുമായി ജലപാനം പോലുമില്ലാതെ പ്രാർത്ഥനയോടെ മാത്രം ആ കുഞ്ഞിന്റെ അമ്മയുമുണ്ടെന്നത് എന്തുകൊണ്ടോ അവളപ്പോൾ ഓർക്കാൻ കൂട്ടാക്കിയുമില്ല . തനിക്ക് ഈ ഭൂമിയിൽ ആകെയുള്ള അവകാശത്തെ മുറുകെ പിടിച്ചുകൊണ്ട് അടഞ്ഞ ആ വാതിലുമുന്നിൽ ദൈവത്തിന്റെ കരുണയും കാത്ത് ആ അമ്മയും കാത്തിരിക്കുകതന്നെയാണ് അപ്പോൾ അവിടെ ..!
.
കൈവിട്ടുപോകാതിരിക്കാൻ ഒരു സാധ്യതയുമില്ലെങ്കിലും അവളുടെ ശ്രമം അവസാനത്തേതാണ് . ആ അമ്മയ്ക്കുവേണ്ടി മാത്രമല്ല, ഒരു "അമ്മ" കൂടിയായ തനിക്കു വേണ്ടിയുമെന്നപോലെ . പാതിപോലും പ്രവർത്തിക്കുന്നതായി ആ ശരീരത്തിൽ ഇനിയുമൊന്നും അവശേഷിച്ചിട്ടില്ലെങ്കിലും ദൈവത്തിന്റെ കരവിരുത് തങ്ങളിലൂടെയാണ് കടന്നെത്താറുള്ളതെന്ന് ആരോപറഞ്ഞതായി അവളപ്പോൾ ഓർത്തുപോയി . ഇടവേളകൾ ക്രമീകരിച്ച് കൃത്യമായെത്തുന്ന ഡോക്ടർ പോലും ഇനി ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നിട്ടും അവൾ കൈവിടാൻ തയ്യാറായിരുന്നില്ല ആ ജീവനെ ....!
.
തന്റെ കുഞ്ഞിനെ ഇതുപോലെ തന്നെ തിരിച്ചുതന്നേക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ ജീവൻ അവന്റെ 'അമ്മ തന്റെ കയ്യിൽ ഇന്നലെ രാത്രി വെച്ചുതന്നത് അവളെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു അപ്പോൾ . ആശുപത്രി മാനേജ്മെന്റിന് വേണ്ടിമാത്രം ഇനി എങ്ങിനെയാണ് ഈ ശരീരം കാത്തുവെക്കുക . വയ്യ . അവൾ അങ്ങിനെതന്നെ ആ നിശ്വാസം മാത്രമെങ്കിലും ബാക്കിവെച്ച് ആ കുഞ്ഞിനെ അതിന്റെ അമ്മയെ തിരിച്ചേൽപ്പിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടതും അതുകൊണ്ടുതന്നെ ....!
.
നിശ്ചലതയിൽ ഒരു വായുകണികയുടെ താളം മാത്രം ബാക്കിവെച്ച് ആ അമ്മയുടെ അടുത്തുനിന്നും തിരിച്ചിറങ്ങുമ്പോൾ ആ കുഞ്ഞൊഴിഞ്ഞ കിടക്കയിൽ ഒരു വൃദ്ധനും സ്ഥാനം പിടിച്ചിരുന്നു . കയ്യിലെടുത്തു പിടിച്ച ഊർദ്ധ ശ്വാസവുമായി , തന്റെ കരസ്പർശമേൽക്കാനായി .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Post has attachment
പിൻവിളികൾ ...!!!
.
അവർ മൂന്നുപേർ
ഒന്നിനുമേലെ ഒന്നായി
ഒന്നിന് പുറകെ ഒന്നായി ...!
.
ഒന്നാമന് പിന്നിൽ രണ്ടുപേർ
മൂന്നാമന് മുന്നിൽ രണ്ടുപേർ
രണ്ടാമനാകട്ടെ
മുന്നിലും പിന്നിലും ഓരോരുത്തരും ...!
.
ഒന്നാമൻ വലത്തോട്ടും
രണ്ടാമൻ ഇടത്തോട്ടും
മൂന്നാമൻ നേരെയും നടന്നാൽ
പുറകിലേക്ക് നടക്കാൻ
ആരുണ്ട് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ 

Post has attachment
വലിയവരുടെ വലിയ ഭാഷ ...!!!
.
രണ്ടുവാക്കെഴുതി
നാലുപേരറിഞ്ഞ്
ആദരവുനേടുമ്പോൾ
ഞാൻ എന്നിലേക്കൊന്ന്
തിരിഞ്ഞുനോക്കും ....!
.
അപ്പോഴെനിക്കവിടെ
എന്നേക്കാൾ
എനിക്കുമേലെയുള്ള
വലിയവരെ കാണാം ....!
.
പിന്നെ ഞാൻ എന്നെ
അവർക്കൊപ്പമോ
അതിനുമേലെയോ
സ്വയം പ്രതിഷ്ഠിക്കും
എന്നെ തന്നെ മറന്ന് .....!
.
അതിനു ശേഷം
എനിക്ക് പുച്ഛമാണ്
എല്ലാറ്റിനെയും എല്ലാവരെയും
പരിഹാസവും അവജ്ഞയുമാണ്
പ്രകൃതിയോട് പോലും ....!
.
കാരണം,
ഞാൻ വലിയവനെന്ന്
മറ്റുള്ളവർക്ക്‌
ബോധ്യം വരണമെങ്കിൽ
എന്റെ അസ്തിത്വത്തെ,
എന്റെ ആത്മീയതയെ
മറ്റുള്ളവർക്ക് പരിഹസിക്കാൻ
ഇട്ടുകൊടുത്തേപറ്റൂ ....!
.
പക്ഷെ
അപ്പോഴും ഞാൻ ഓർക്കുന്നില്ല
വെളിച്ചമുണ്ടെങ്കിലേ
നിഴലുമുള്ളൂവെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ


Post has attachment
ഇനിയും വിരിയാത്ത മുട്ടകൾ ...!!!
.
ഈ ഭൂമിയിൽ നമ്മളെ പോലെതന്നെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ അവകാശമുള്ളവരാണ് പക്ഷിമൃഗാതികളും സസ്യജാലങ്ങളും . എങ്കിലും എല്ലാവരെയുമൊന്നും ഉൾക്കൊള്ളാൻ ഉള്ള കഴിവൊന്നും ഇല്ലെങ്കിലും പറ്റുന്നത് ചെയ്യാതിരിക്കാറുമില്ല . അതുകൊണ്ടാണ് ജനലിനു പുറകിൽ ആ ഇണപ്രാവുകൾ കൂടുകൂട്ടാനെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്തുമാറ്റി അവർക്കവിടെ സൗകര്യം ചെയ്തുകൊടുത്തത് ....!
.
പക്ഷി മൃഗാതികൾ വീടിനകത്തുകയറുന്നത് വീട് വൃത്തികേടാക്കുംഎന്നും ചിലപ്പോൾ രോഗങ്ങൾ വരും എന്നും പറഞ്ഞ് എന്റെ സഹധർമിണി അവരെ അത്ര പ്രോത്സാഹിപ്പിക്കാൻ നിന്നില്ലെങ്കിലും എന്റെ മോളും മോനും അവയ്ക്ക് വേണ്ട വെള്ളവും ചിലപ്പോഴൊക്കെ ഭക്ഷണവും കൊടുക്കാനും തുടങ്ങി . ചില സമയങ്ങളിൽ അതവരുടെ സ്വൈര്യ വിഹാരത്തിനും സ്വകാര്യതയ്ക്കും ഭംഗം വരുത്തുന്നു എന്നുതോന്നിയപ്പോൾ ഞാനവരെ അതിൽനിന്നും വിലക്കുകയും ചെയ്തു ...!
.
കൂടൊരുക്കി അതിൽമുട്ടയുമിട്ട് ഇണപ്രാവുകൾ മാറിമാറി അതിനു അടയിരിക്കാൻ തുടങ്ങിയപ്പോഴേ കുട്ടികൾ ചോദിക്കാൻ തുടങ്ങിയിരുന്നു എന്നാണു കുഞ്ഞു പ്രാവ് വരികയെന്ന് . കുറെ ദിവസം ശല്യപ്പെടുത്താതെ കാത്തിരിക്കണമെന്ന് പറഞ്ഞപ്പോൾ കുട്ടികൾ പിന്നെ ആ വഴിക്ക് പോകാതെയുമായി . ഏസിയുടെ വെള്ളം വീഴാതെയും പുറത്തെ കാറ്റിൽനിന്നും സാധങ്ങൾ വന്നുവീഴാതെയും ഞാനും അവയെ കരുതലോടെ കാത്തുവെച്ചു .....!
.
ദിവസങ്ങൾ കഴിഞ്ഞിട്ടും മുട്ട വിരിയാതെവന്നപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി . കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിരിയാത്ത ആ മുട്ടയുപേക്ഷിച്ച് ആ പ്രാവുകൾ വേദനയോടെ എങ്ങോട്ടോ ആ കൂടുപേക്ഷിച്ച് പറന്നുപോയി . വിഷമത്തോടെയും അതിലേറെ അത്ഭുതത്തോടെയുമാണ് ഞാനതു നോക്കിനിന്നത് . എന്തുകൊണ്ടാണ് ആ മുട്ട വിരിയാതിരുന്നതെന്നത് കുട്ടികളെയും എന്നെയും വല്ലാതെ അതിശയിപ്പിച്ചു ....!
.
കുറച്ചു ദിവസങ്ങൾക്കുശേഷം ആ കൂട്ടിലേക്ക്‌ വേറെ രണ്ടു ഇണപ്രാവുകൾ പറന്നെത്തി . മുട്ടയിട്ട് അവയും അടയിരിക്കാൻ തുടങ്ങി . ഇക്കുറി ഞങ്ങളുടെ ഭാഗത്തുനിന്നും യാതൊരു ശല്യവും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു . സ്വന്തം ജീവിതത്തിൽ ഇത്രയും ശ്രദ്ധായുണ്ടായിരുന്നെങ്കിൽ എന്നേ ഞാനൊക്കെ നന്നായി പോയേനെ എന്ന് ഭാര്യ എന്നെ കളിയാക്കുകയും ചെയ്തു . എന്നിട്ടും ആകാംക്ഷയോടെ ഞങ്ങൾ കാത്തിരുന്നു ....!
.
ഇക്കുറിയും പക്ഷെ ഭാഗ്യം തുണച്ചില്ല . ആ മുട്ടയും വിരിയാതെ പ്രാവുകൾ പറന്നുപോയത് ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു . ഞങ്ങൾ ജാഗ്രതയോടെ പുറത്തുകടന്ന് കൂടും പരിസരവും നിരീക്ഷിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തത് കൊണ്ട് വേദനയോടെ തിരിച്ചെത്തി . മക്കളും ഞാനും ചിന്തിച്ചുകൊണ്ടിരിക്കെ , ഈ ചിന്തകൾ പരീക്ഷയെകുറിച്ചായാൽ കുറച്ചു മാർക്കെങ്കിലും കൂടുതൽ വാങ്ങാമല്ലോ പിള്ളേരെ എന്ന എന്റെ ഭാര്യയുടെ കളിയാക്കൽ ഞങ്ങൾ കണ്ടില്ലെന്നു വെച്ചു .....!
.
അങ്ങിനെ വീണ്ടും മൂന്നാമതും അവിടെ മറ്റൊരു പ്രാവിൻ കുടുംബം താമസത്തിനെത്തി . പ്രതീക്ഷയോടെ അതിലേറെ അത്ഭുതത്തോടെ കാത്തിരുന്ന ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ആസ്ഥാനത്താക്കിക്കൊണ്ട് അവയും മുട്ടയിട്ട് അടയിരിക്കാനും പതിവുപോലെ മുട്ടവിരിയാതെ പറന്നുപോവുകയും ചെയ്തിരിക്കുന്നു .ഇനിയും ഇതിന്റെ കാരണമറിയാതെ ഞങ്ങളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ 

Post has attachment
ഒരു നാടുകാഴ്ച ....!!!

പനി
പശു
പട്ടി
.......
മരണമെത്തിക്കാൻ
പിന്നെയും
ദൂതരൊത്തിരി ....!
.
മരണം
പക്ഷെ
വഴിമുടക്കിയിട്ടും
കാഴ്ചക്കെത്തുന്ന
വാഴുന്നോർക്ക്
സദ്യയിൽ
ഉപ്പു പോരെന്നും ...!
.
ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ 

Post has attachment
അമ്മിഞ്ഞയുമായി ഓടുന്ന ഒരമ്മ ...!!!
.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇറ്റാലിയൻ നഗരമായ മിലനോയിലെ പ്രാന്ത പ്രദേശത്തെ ഒരു തെരുവോര കോഫി ഷോപ്പിൽ പരസ്യമായി തന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുക്കുന്ന ഒരമ്മയെ കണ്ടുകൊണ്ടാണ് ഞാനും എന്റെ സുഹൃത്തും അങ്ങോട്ട് കയറിയത് . സുഹൃത്ത് കാപ്പിക്ക് ഓർഡർ കൊടുക്കാൻ പോയപ്പോൾ ഞാൻ ആ അമ്മയ്ക്കടുത്തിരുന്നു . ഒരു അമ്മിഞ്ഞ കുഞ്ഞിന്റെ വായിലും മറ്റേ അമ്മിഞ്ഞ അവന്റെ കയ്യിലും കൊടുത്തുകൊണ്ട് ആ കുഞ്ഞിനാൽ തന്റെ നഗ്നത ചുറ്റിപ്പിടിച്ച് തനിക്ക് ചുറ്റുമുള്ള ലോകം മുഴുവൻ ആ കുഞ്ഞിന്റെ നിഷ്കളങ്കമായ കണ്ണുകളിലേക്ക് ആവാഹിച്ച ആ അമ്മ എന്റെയും അമ്മയെ ഓർമ്മിപ്പിച്ചു അപ്പോൾ ....!
.
എന്റെ നാലാമത്തെ വയസ്സിൽ എനിക്കൊരു അനിയൻ ഉണ്ടാകും വരെ ഞാൻ കുടിച്ച അമ്മിഞ്ഞപ്പാലിന്റെ സ്നേഹം ആ അമ്മയുടെ മുഖത്തും ഞാൻ അനുഭവിച്ചെടുത്തു ആ നിമിഷത്തിൽ . ഇതുപോലെ, നഗ്നമായ എന്റെ അമ്മയുടെ മാറിൽ പാടത്തായാലും പറമ്പിലായാലും ആൾക്കൂട്ടത്തിലായാലും അടുക്കളയിലായാലും കുസൃതികൾ കാട്ടി ഞാൻ അമ്മിഞ്ഞ കുടിച്ചിരുന്നത് നാൽപതു വർഷങ്ങൾക്ക് മുൻപായിരുന്നു എന്ന് അതിശയമായി തോന്നി എനിക്ക് ....!
.
പിന്നീടൊരിക്കൽ പുതിയ ഒരു യാത്രക്കിടയിൽ അവിടെ സാമാന്ന്യം നല്ല തിരക്കുള്ള ആ റെയിൽവേ സ്റ്റേഷനിൽ എനിക്കുള്ള തീവണ്ടിയും കാത്ത് ആളൊഴിഞ്ഞ ഒരിടത്ത് ഞാനിരിക്കുമ്പോൾ നവജാത ശിശുക്കൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ടെലിവിഷനിലെ ആ പരസ്യം എന്നെ കുറച്ചു ദിവസങ്ങൾ പുറകിലേക്ക് കൊണ്ടുപോവുകയായിരുന്നു . ഓർമ്മകളിൽ നിന്നും പിന്നെ ഞാനിറങ്ങിയത് കരയുന്ന ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് ഒരു യുവതി എനിക്ക് മുന്നിലൂടെ വെപ്രാളപ്പെട്ട് നടക്കുന്നതും കണ്ടുകൊണ്ടാണ് ...!
.
നിർത്താതെ കരയുന്ന ആ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ അവർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട് . എന്നിട്ടും കുഞ്ഞ് കരച്ചിൽ നിർത്താത്തത് എന്നിലും സംശയങ്ങൾ ഉണർത്തി . ഇനി ഇവരെങ്ങാനും കുഞ്ഞിനെ മോഷ്ടിച്ചുകൊണ്ടുവരുന്നതാണോ എന്നുപോലും ഞാൻ സംശയിച്ചു . പലയിടങ്ങളിലും ഇരിക്കാനും കുഞ്ഞിനെ ആശ്വസിപ്പിക്കാനും അവർ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവരെ തന്നെ ഉറ്റുനോക്കുന്ന ആളുകളിൽനിന്നും അവർ അപ്പോഴൊക്കെയും അസ്വസ്ഥതയോടെ പിന്മാറുകയുമായിരുന്നു . ഒടുവിൽ വിശ്രമമുറിയിൽ കയറി, അവിടുന്നും തിരിച്ചിറങ്ങി വരുന്ന അവർ പിന്നെ ഒരു ഒഴിഞ്ഞ മൂലയിൽ കുഞ്ഞിനേയും മടിയിലെടുത്ത് ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ഒരുകൂട്ടം ആളുകൾ അവിടെയും എത്തിയത് ....!
.
അവിടെനിന്നും എഴുന്നേറ്റ് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ആ യുവതിക്കടുത്തേക്ക് അവരുടെ അമ്മയെന്ന് തോന്നിക്കുന്ന മറ്റൊരു സ്ത്രീ എത്തി അവർ എന്തോ സംസാരിക്കുന്നത് കണ്ടപ്പോഴാണ് എനിക്കും ശ്വാസം നേരെ വീണത് . ഞാൻ സംശയിക്കുന്ന വിധമുള്ള ആളുകളല്ല അവരെന്ന വിശ്വാസം എന്നിൽ ഉടലെടുത്തതോടെ പിന്നെ ഞാനും ആശ്വസിച്ചു . കുറച്ചു കൂടി സമയം അവർ രണ്ടു പേരും കൂടി അപ്പോഴും കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ വെപ്രാളത്തോടെ വീണ്ടും ചുറ്റും നോക്കാൻ തുടങ്ങി ..... !
.
അങ്ങിനെ അധികം തിരക്കില്ലാത്ത ഞാനിരിക്കുന്ന ഇടം ശ്രദ്ധയിൽ പെട്ടപ്പോൾ അവർ അങ്ങോട്ടുവന്നു . ഒന്നുമടിച്ചു നിന്നശേഷം ആ യുവതിയുടെ നിര്ബന്ധത്താൽ അവരുടെ 'അമ്മ എന്റെയടുത്തുവന്ന് സങ്കോചത്തോടെ പറഞ്ഞു , കുഞ്ഞിനൽപ്പം പാലുകൊടുക്കാനാണ് ഒന്ന് മാറി ഇരുന്നുതരാമോ എന്ന് . സന്തോഷത്തോടെ ഞാൻ എഴുന്നേറ്റുമാറിയതും ആ യുവതി വിങ്ങുന്ന മാതൃത്വത്തോടെ അവിടെ ധൃതിയിലിരുന്ന് തന്റെ വസ്ത്രമുയർത്തി കുഞ്ഞിനെ മുലയൂട്ടാൻ തുടങ്ങി . അവരെ ശ്രദ്ധിക്കാതെ കുറച്ചു മാറിനിൽക്കുമ്പോൾ ഞാൻ വല്ലാതെ വ്യാകുലപ്പെടുകയായിരുന്നു ...!
.
നാൽപ്പത് വർഷങ്ങൾക്കിപ്പുറം സമത്വവും സ്വാതന്ത്ര്യവും അടക്കം മുഴുവൻ അവകാശങ്ങളും വാശിയോടെ നേടിയെടുക്കുന്ന ഈ പുതുയുഗത്തിൽ ഒരമ്മയ്ക്ക്‌ തന്റെ മാതൃത്വത്തിലും കാമത്തിന്റെ നഗ്നത തേടാത്ത ഒരു സമൂഹത്തിനുമുന്നിൽ സ്വാതന്ത്ര്യത്തോടെ വിശ്വാസത്തോടെ അവരുടെ കുഞ്ഞിന് ഒരു പൊതു ഇടത്തിൽ വെച്ച് അമ്മിഞ്ഞപ്പാൽ കൊടുക്കാൻ കൂടി കഴിയുന്നില്ലെങ്കിൽ സമൂഹമേ, പിന്നെ നാം നേടിയതിനെല്ലാം എന്തർത്ഥമാണുള്ളത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.


Post has attachment
ഉറങ്ങാതെ ഒരച്ഛൻ ...!!!
.
വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു കഴിയുന്ന സഹപ്രവർത്തകനെ കാണാനും അദ്ദേഹത്തിനുവേണ്ട കാര്യങ്ങൾ ചെയ്യാനും വേണ്ടിയാണ് ഞങ്ങൾ ആ വലിയ ആശുപത്രിയിലെത്തിയത് . പതിവിനു വിപരീതമായി സന്ദർശക സമയമായിരുന്നിട്ടും അവിടെ തീരെ തിരക്കില്ലായിരുന്നു എന്നത് ശരിക്കും ഞങ്ങളെ ആഹ്ലാദിപ്പിച്ചു . ജനങ്ങൾ സൗഖ്യത്തോടെയിരിക്കുമ്പോഴാണല്ലോ ആശുപത്രികൾ ശൂന്യമാവുക ....!
.
വിതുമ്പി നിൽക്കുന്ന വിജനമായ ആ നീളൻ വരാന്തയിലൂടെ ഏറെദൂരം നടന്ന് ഞങ്ങൾ അത്യാഹിത വിഭാഗത്തിലെത്തി , ഡോക്ടറുടെ അനുമതിയോടെ സഹപ്രവർത്തകനെ സന്ദർശിച്ചു . ആരോഗ്യനില ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ചശേഷം ആശ്വാസത്തോടെ , അടിയന്തിരമായി നാട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ ഇങ്ങോട്ടെത്തിക്കാനുള്ള കാര്യങ്ങളും മറ്റു അത്യാവശ്യ കടലാസുപണികൾക്കും വേണ്ടി കൂടെവന്ന യൂറോപ്യനായ HSC മാനേജരും അറബിയായ GRO യും ആശുപത്രി ഓഫിസിലേക്ക് പോയപ്പോൾ ഞാൻ കുറച്ചു സമയം അദ്ദേഹത്തോടൊപ്പം കൂടെ ഇരുന്നു , പ്രാർത്ഥനയോടെ ...!
.
കുറച്ചു കഴിഞ്ഞ് മുറിക്കു പുറത്തിറങ്ങി ഒഴിഞ്ഞു കിടക്കുന്ന ഒരു ഇരിപ്പിടത്തിലേക്കു നീങ്ങുമ്പോഴാണ് മറ്റൊരു അത്യാഹിതവിഭാഗത്തിനുമുന്നിൽ പ്രസവിച്ച് അധിക നാളായിട്ടില്ലാത്ത ഇരട്ടക്കുട്ടികളെയും കൊണ്ട് പ്രതീക്ഷയോടെ ഇരിക്കുന്ന ഒരു വൃദ്ധനെ കണ്ടത് . ഒറ്റനോട്ടത്തിൽ തന്നെ നമ്മുടെ നാട്ടിലെ ഒരു നാട്ടിൻപുറത്തുകാരനാണെന്നു മനസ്സിലാകുംവിധമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രധാരണം പോലും . അഥിതികൾക്കായുള്ള മനോഹരമായ ഇരിപ്പിടങ്ങൾ വിട്ട് വെറും നിലത്ത് ചമ്രംപടിഞ്ഞ് , ഉറങ്ങുന്ന ആ രണ്ടു കുട്ടികളെയും മടിയിൽവെച്ചിരിക്കുന്ന അദ്ദേഹത്തിന് അപ്പോൾ എന്റെ അച്ഛന്റെയും ഭാവവുമായിരുന്നു എന്ന് എനിക്ക് തോന്നി ....!
.
ഞാൻ അദ്ദേഹത്തെ നോക്കി , സഹതാപം വരുത്താനുള്ള ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ട് പിന്നെ വെറുതെ ഒന്ന് ചിരിച്ചപ്പോൾ അദ്ദേഹം മറുപടിയായി തന്ന ചൂടുള്ള ഒരു തുള്ളി കണ്ണുനീർ എന്റെ നെഞ്ചുപൊള്ളിച്ചു . പിന്നെ പെട്ടെന്ന് എഴുന്നേറ്റ് അദ്ദേഹത്തിനടുത്തെത്തി ആ തലയിൽ തടവി കാര്യമന്ന്വേഷിച്ചപ്പോൾ എന്നിൽ അമർഷമാണ് നുരഞ്ഞിറങ്ങിയത് ആദ്യം . ...!
.
അമ്മയില്ലാതെ നോക്കി വളർത്തിയ ഒരേഒരു പൊന്നുമോൾ എല്ലാം ഉപേക്ഷിച് അവൾക്കിഷ്ടമുള്ള ഒരുത്തന്റെകൂടെ ഇറങ്ങിപോകുന്നതിലെ വേദനയേക്കാൾ , അവളുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠയും വ്യാകുലതയും കരുതലും സൂക്ഷിക്കുന്ന ഒരച്ഛന്റെ മനസ്സിനുമേലെ ആവേശത്തോടെ ആഞ്ഞു ചവിട്ടിനിന്നുകൊണ്ട് മാധ്യമങ്ങളും സാമൂഹിക സംഘടനകളും ആര്ഭാടപൂർവ്വം ആഘോഷിച്ചു നടത്തിയ ഒരു വിവാഹ മാമാങ്കത്തിന്റെ ഇരയാണ് അകത്ത് അർദ്ധപ്രാണയായി കിടക്കുന്നതെന്ന് ആ അച്ഛൻ നിർവികാരതയോടെ പറഞ്ഞപ്പോൾ എന്നിൽ എന്തോ, വല്ലാത്തൊരു പുച്ഛമാണ് അപ്പോൾ നിറഞ്ഞത് ...!
.
വിവാഹത്തിനുശേഷം വിദേശത്തു ജോലിയുള്ള ഭർത്താവിനൊപ്പം മകൾ വെല്ലുവിളിച്ചെന്നപോലെ യാത്രയാകുന്നത് ആകാംക്ഷയോടെ നോക്കിനിന്ന ആ അച്ഛന് പിന്നെ അറിയാൻ കഴിഞ്ഞത് മകളുടെ ദുരിതപൂർണ്ണമായ ജീവിതകഥയാണ് . ഒന്നും ചെയ്യാനാകാതെ ഉരുകിയൊലിച്ചുനിന്ന ആ അച്ഛൻ പിന്നെയും കുറച്ചുനാളുകൾക്ക് ശേഷം കേട്ടത് മകൾ ഇരട്ടക്കുട്ടികളെ പ്രസവിച്ചെന്നും രോഗിയായി ആശുപത്രിയിലാണെന്നുമാണ് . ആരുംനോക്കാനില്ലാതെ അനാഥയായി ആശുപത്രി ജീവനക്കാരുടെ കാരുണ്യത്തിൽ അവളും പിറന്നയുടനെയുള്ള അവളുടെ രണ്ടുകുട്ടികളും ജീവിക്കുന്നുവെന്നത് ആ അച്ഛനെ വല്ലാതെ നൊമ്പരപ്പെടുത്തി . എംബസ്സിയുടെ സഹായത്തോടെ അങ്ങിനെയാണ് വൃദ്ധനായ ആ അച്ഛൻ അങ്ങോട്ട് ഓടിവന്നത് ...!
.
ഇനിയെന്തുചെയ്യണം എന്നറിയാതെ , മുലകുടിക്കാൻകൂടി തുടങ്ങിയിട്ടില്ലാത്ത രണ്ടുമക്കളെയും മാറത്തടക്കി ഇരിക്കുന്ന ആ അച്ഛനെ നോവിന്റെ ആ വിജനതയിൽ ഒറ്റക്കുവിട്ടുപോരാൻ ഒരച്ഛനായ എനിക്ക് കഴിയുമായിരുന്നില്ല . അപ്പോഴേക്കും തങ്ങളുടെ ജോലികൾ തീർത്ത് അങ്ങോട്ട് കടന്നുവന്ന എന്റെ സഹപ്രവർത്തകരുടെ സഹായത്തോടെ അവരെ നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം അടിയന്തിരമായി ചെയ്തുതീർക്കുമ്പോൾ ഞാൻ ചുറ്റും അന്വേഷിക്കുകയായിരുന്നു , അവരുടെ വിവാഹത്തിന് കൊട്ടുംകുരവയും ആർപ്പുവിളികളുമായി ആവേശത്തോടെ കൂടെനിന്നിരുന്ന ആ വലിയ സമൂഹത്തെ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ 

Post has attachment
ഞാനുമൊരു മരം നടുന്നു , ഇന്നലെയിൽ ....!!!
.
വീട്ടിലെ തൊടിയിലെ
വലിയ കുളം മണ്ണിട്ട് മൂടി ,
അതിനടുത്തുകൂടെയൊഴുകുന്ന
തോടും നികത്തി ,
കുളത്തിനു ചുറ്റുമുണ്ടായിരുന്ന
കാവും അതിലെ വലിയ മരങ്ങളും
മുറിച്ചുമാറ്റി ,
മാധ്യമങ്ങളെയും
സോഷ്യൽ മീഡിയയെയും
സാക്ഷിയാക്കി
ഇന്നീ പരിസ്ഥിതി സംരക്ഷണ ദിനത്തിൽ
വർദ്ധിച്ച ആവേശത്തോടെ
അവിടെ ഞാനുമൊരു മരം നടുന്നു
എനിക്കും എന്റെയീ ഭൂമിക്കും
നാളേയ്ക്കും വേണ്ടി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ 

Post has attachment
പ്രണയത്തിന്റെ മതം ...!!!
.
മനുഷ്യൻ
വിശപ്പുകൊണ്ട് ചത്തുവീഴുമ്പോഴും
അവൻ എന്തുകഴിക്കണമെന്ന്
വാശിപിടിക്കുന്നതിലും
പ്രകൃതിയിൽ പോലും അധിനിവേശം നടത്തി
അടയാള ചിന്ഹങ്ങൾകൊണ്ട്
അധികാരം പിടിച്ചടക്കുന്നതിലും
പിഞ്ചുകുട്ടികളെ പോലും
തീവ്രവാദത്തിലേക്ക് തള്ളിയിടുന്നതിലും
മത്സരിച്ചു വിജയിക്കുന്ന
മതമേ
പ്രണയത്തെയെങ്കിലും നിനക്കൊന്ന്
വെറുതെ വിട്ടുകൂടെ ...?
പ്രണയം എന്നത് രണ്ട് ആത്മാക്കളുടെ
അതിജീവനത്തിനുള്ള അവസാന ശ്രമം മാത്രമല്ലേ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ 

Post has attachment
പശു ഒരു ഉപകരണവുമാകുമ്പോൾ ...!!!
.
പശു
ഒരു ഉപകരണവുമാണ്
വിഡ്ഢികളാക്കപ്പെടുന്ന
ഒരു ജനതയ്ക്കുമേൽ
ഭിന്നിപ്പിന്റെ കൗശലത്തോടെ
ബുദ്ധിമാന്മാരുടെ
മേൽക്കോയ്മയ്ക്കുവേണ്ടി
സാമർഥ്യത്തോടെ
ഉപയോഗിക്കപ്പെടുന്ന
ഒരു
രാഷ്ട്രീയ ഉപകരണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ 
Wait while more posts are being loaded