Profile cover photo
Profile photo
Anu
7,172 followers
7,172 followers
About
Anu's posts

Public
സരിതയുടെ സിഡിയുടെ പുറകേ നടന്ന മാധ്യമങ്ങളെയാണ് പലരും മംഗളത്തോട് ഉപമിക്കുന്നത്. അതിനോട് പരിപൂർണമായി വിയോജിക്കുന്നു.
ഒരു പരാതിയെയും അതിനെ അന്വേഷിച്ചുപോയ പൊലീസിനെയുമാണ് മാധ്യമങ്ങൾ പിന്തുടർന്നത്. സരിത കേസിലാകെയും സംഭവിച്ചത് സമാനമായ കാര്യമാണ്. തട്ടിപ്പുകേസ്, അതിനായി തന്നെ ദുരുപയോഗം ചെയ്തുവെന്ന സ്ത്രീയുടെ പരാതിമേലുണ്ടായ അന്വേഷണം...
അതിനെയൊക്കെ യുട്യൂബിൽ കാണുന്ന കമ്പി ഫോൺകാളുകളുടെ നിലവാരത്തിൽ ഒരാളുടെ സ്വകാര്യഭാഷണത്തെ എടുത്ത് ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്യുന്നതിന് വിവരക്കേട് മാത്രം പോര, തൊലിക്കട്ടിയും ഉളുപ്പില്ലായ്മയും കൂടി വേണം.

Post has attachment
Public
കോൺഗ്രസ് വിതച്ചതാണ് ബിജെപി കൊയ്യുന്നത്

Public
കോൺഗ്രസ് വിതച്ചതാണ് ബിജെപി കൊയ്യുന്നത്

പാടത്ത് വിതച്ചവർതന്നെ എല്ലാക്കാലത്തും കൊയ്ത്തുകാരാവുമെന്ന് പ്രതീക്ഷിക്കരുത്. നമ്മളുകൊയ്യുന്ന വയലുകളൊക്കെ നമ്മുടേതാവുമെന്ന് പറഞ്ഞുനടക്കാനേ പറ്റൂ. അതുള്ളതാവില്ലെന്ന് ചരിത്രം തെളിയിച്ചതാണ്.

മറ്റൊന്നുമല്ല, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെപ്പറ്റിത്തന്നെയാണ്. ബിജെപിയുടെ പടുകൂറ്റൻ വിജയത്തെപ്പറ്റിയും. ബിജെപി നേതൃത്വം പോലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന അവകാശവാദം മാത്രം വോട്ടെണ്ണലിന് മുമ്പുവരെയും ഏതായാലും മുന്നൂറ് സീറ്റെന്ന് വോട്ടെണ്ണൽ തുടങ്ങിക്കഴിഞ്ഞും അവകാശപ്പെട്ടിടത്തുനിന്നാണ് 324 സീറ്റെന്ന വിജയത്തിലേക്കെത്തിയത്. വിജയത്തിന് പിന്നിൽ ഹിന്ദുവോട്ടുകളുടെ കൺസോളിഡേഷനാണെന്ന് ഒട്ടുമിക്കവാറും പേരും അവകാശപ്പെടുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തോട് താരതമ്യം ചെയ്താൽ വോട്ടുകളുടെ കാര്യത്തിൽ ചെറുതായെങ്കിലും നേട്ടമുണ്ടാക്കിയത് മായാവതി മാത്രമാണ്. എന്നാൽ 2012ലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലത്തോട് താരതമ്യം ചെയ്താലോ, പ്രയോജനം ബിജെപിക്കും. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഇത്തവണ ഒന്നിച്ച് മത്സരിച്ചതുകൊണ്ട് അവരുടെ വേറിട്ടുള്ള വോട്ട് ഷെയർ എടുത്തിട്ട് കാര്യമില്ലതാനും.
എങ്കിലും ചരിത്രം പരിശോധിച്ചാൽ ഏറ്റവും നഷ്ടം ഉണ്ടാകാൻ സാധ്യത കോൺഗ്രസിന്റെ വോട്ടുകളിലാവണം. അതിനുള്ള കാരണക്കാരോ കോൺഗ്രസ് തന്നെയും. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ കോൺഗ്രസിന്റെ സ്ഥാനത്ത് ബിജെപി ഇരിപ്പുറപ്പിച്ചു എന്ന ലളിതമായ മറുപടിയാണ് എനിക്ക് പറയാനുള്ളത്. അത് വിശദീകരിക്കണമെങ്കിൽ സ്വാതന്ത്ര്യസമരകാലം മുതലുള്ള കോൺഗ്രസിന്റെ ചരിത്രം പരിശോധിക്കണം.
ബാലഗംഗാധരതിലകനിൽ തുടങ്ങി ഇന്നുവരെയും കോൺഗ്രസിൽ ഒരു ശക്തമായ വിഭാഗം എക്കാലത്തും മൃദുഹിന്ദുത്വമോ തീവ്രഹിന്ദുത്വമോ ആയ സമീപനം പുലർത്തുന്നവരായിരുന്നു എന്നുകാണാം. ഇവരുടെ പിന്മുറക്കാർ കോൺഗ്രസിനെ ഉപേക്ഷിച്ച് കൂടുതൽ ശക്തരായ ബിജെപിയിലേക്ക് ചേക്കേറുന്നതും എല്ലാക്കാലത്തും നാം കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ബിജെപി ശക്തിപ്രാപിച്ച കാലത്ത്.
ബിജെപിയുടെ മുൻ തലമുറയായിരുന്ന ഹിന്ദുമഹാസഭയോട് ചേർന്നുനിന്നിരുന്നയാളാണ് ഗാന്ധിജി ലോകമാന്യപട്ടം നൽകി ആദരിച്ച ബാലഗംഗാധര തിലകും ലാലാ ലജ് പത് റായിയുമെന്ന് ചരിത്രം പറയുന്നു. ഇവർ രണ്ടുപേർക്കും കോൺഗ്രസിൽ ശക്തമായ സ്ഥാനങ്ങളുമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കപ്പെടാനും പിന്നീട് രാജ്യം വെട്ടിമുറിക്കാനും കാരണമായത് കോൺഗ്രസിൽ ആരോപിക്കപ്പെട്ട ഹിന്ദുത്വവികാരമാണെന്നത് മറക്കരുത്. 1923ൽ സവർക്കർ ദ്വിരാഷ്ട്രവാദം ഉന്നയിച്ചപ്പോൾ പോലും രാജ്യം വിഭജിക്കലിനെക്കുറിച്ച് മുസ്ലിംലീഗ് അവകാശങ്ങൾ ഉന്നയിച്ചിരുന്നില്ലെന്ന് ചരിത്രം പറയുന്നു. അവസാന നിമിഷം വരെയും സ്വതന്ത്രഭരണാവകാശമുള്ള മുസ്ലിം പ്രവിശ്യകളെന്ന വാദമാണ് ലീഗ് മുന്നോട്ടുവച്ചത്. മുഹമ്മദലി ജിന്നയും രാജേന്ദ്രപ്രസാദും തമ്മിൽ ഇതേക്കുറിച്ച് നടന്ന ചർച്ചകൾ അലസിപ്പിരിയാൻ ഇടവരുത്തിയ സംഭവങ്ങളെക്കുറിച്ചുകൂടി പരിശോധിച്ചാൽ അക്കാലത്തുതന്നെ കോൺഗ്രസിലുണ്ടായിരുന്ന ഹിന്ദുത്വസമീപനം വ്യക്തമാവുന്നതേയുള്ളൂ.
ഗാന്ധിജിയുടെ കാലത്തുതന്നെ കോൺഗ്രസിൽ ഹിന്ദുദേശീയതാവാദികൾക്കുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്ന മറ്റൊരു സംഭവമാണ് ഹിന്ദുമഹാസഭയുടെ സഹചാരിയായിരുന്ന പണ്ഡിറ്റ് കെ.എം. മുൻഷിക്ക് കോൺഗ്രസിൽ നിന്നും അദ്ദേഹത്തിന്റെ നിലപാടുകളുടെ പേരിൽ പുറത്തുപോകേണ്ടിവന്നതും കഷ്ടിച്ച് നാലുവർഷങ്ങൾക്കുള്ളിൽ അവയിൽ മാറ്റം വരുത്താതെ തന്നെ തിരിച്ചുവരാനാവുന്നതും.
ഗാന്ധിജിയുടെ കൊലയ്ക്കുശേഷം ഒട്ടൊന്ന് പിൻവാങ്ങിനിന്ന ഹിന്ദുമഹാസഭ വർദ്ധിത വീര്യത്തോടെ തിരിച്ചുവരുന്നത് 1949ൽ ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം സ്ഥാപിച്ചുകൊണ്ടാണ്. അന്ന് അതിന് പൂർണപിന്തുണ നൽകിയതോ അന്നത്തെ യുണൈറ്റഡ് പ്രൊവിൻസിലെ മുഖ്യമന്ത്രിയായിരുന്ന ജി.ബി.പന്തും അദ്ദേഹത്തിന്റെ സംരക്ഷകനായിരുന്ന ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായിപട്ടേലും. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് കോൺഗ്രസിന്മേലുണ്ടായിരുന്ന വിശ്വാസം ഒരു പരിധി വരെ നഷ്ടപ്പെടാൻ ഇടയാക്കിയ ആ സംഭവത്തിൽ നിന്നും കോൺഗ്രസിനെ രക്ഷിച്ചെടുത്തത് ജവഹർലാൽ നെഹ്റുവെന്ന പ്രഖ്യാപിത സോഷ്യലിസ്റ്റിന്റെ നിലപാടുകളാണ്. നെഹ്രുവിന്റെ രോദനങ്ങളും രോഷപ്രകടനങ്ങളും പോലും കണക്കിലെടുക്കാൻ ജിബി പന്തിന് മനസ്സുണ്ടായിരുന്നില്ലെന്ന് ചരിത്രം പറയുന്നു.
പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഹിന്ദു-മുസ്ലിം കലാപങ്ങളിൽ പലപ്പോഴും കോൺഗ്രസ് നേതാക്കൾക്ക് അപ്രധാനമല്ലാത്ത പങ്കുണ്ടായിരുന്നു. കോൺഗ്രസിലെ വിഭാഗീയതയോ നേതാക്കളുടെ ഹിന്ദുത്വസംരക്ഷക നിലപാടുകളോ ഇവിടെയെല്ലാം വിഷയമായിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ ഉരുക്കുമുഷ്ടിയിൽ നിന്നും പുറത്തുകടന്ന് രാജീവ് ഗാന്ധിയിലേക്കെത്തുമ്പോഴേക്കും വീണ്ടും കോൺഗ്രസിലെ മൃദു-തീവ്രഹിന്ദു സമീപനത്തിന് ശക്തി പ്രാപിക്കാനായി. വോട്ട് ലക്ഷ്യമാക്കി സംസ്ഥാന നേതാക്കൾ നടത്തിയിരുന്ന ഒത്തുതീർപ്പുകൾക്കപ്പുറം വടക്കേയിന്ത്യയിലെ ഹിന്ദുസംഘടനകൾക്ക് ആശ്വാസമായത് രാജീവ് ഗാന്ധി ബാബറി മസ്ജിദിനുള്ളിലെ രാമക്ഷേത്രം ആരാധനക്കായി തുറന്നുകൊടുത്ത നടപടിയായിരുന്നു. അതിൽ പിടിച്ചാണ് ബിജെപിയെന്ന രാഷ്ട്രീയകക്ഷി ജനിക്കുന്നതും ശക്തിപ്രാപിക്കുന്നതും.
രാജീവ് ഗാന്ധിയുടെ മരണശേഷം മസ്ജിദ് തകർക്കലിന് ബിജെപി നേതൃത്വം നൽകിയപ്പോൾ കണ്ണടച്ചിരുട്ടാക്കിയ നരസിംഹറാവുവെന്ന പ്രധാനമന്ത്രിയാണ് കോൺഗ്രസിന്റെ കാൽച്ചുവട്ടിലെ അവസാനത്തെ മണ്ണും നീക്കംചെയ്തത്. അക്കാലമായപ്പോഴേക്കും ഹിന്ദുത്വ വാദികൾക്ക് ശക്തമായ ഒരു രാഷ്ട്രീയ കക്ഷി ഉണ്ടാവുകയും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകളുടെ ആവശ്യം ഇല്ലാതാവുകയും ചെയ്തു. അതേസമയം മുസ്ലിം വോട്ടുകളെ ഭിന്നിപ്പിക്കാൻ പലതായിപ്പിരിഞ്ഞ സോഷ്യലിസ്റ്റ് കക്ഷികൾക്കും പുതുതായി ഉയർന്നുവന്ന തീവ്ര മുസ്ലിം സംഘടനകൾക്കും കഴിഞ്ഞു എന്നതും പ്രസക്തമാണ്.
മറ്റൊരു ശ്രദ്ധേയമായ കാര്യം കോൺഗ്രസിൽ നിന്നുണ്ടായ കൊഴിഞ്ഞുപോക്കാണ്. സീറ്റുനഷ്ടത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കും തിരിച്ച് അപൂർവമായെങ്കിലും ബിജെപിയിൽ നിന്നും കോൺഗ്രസിലേക്കും നേതാക്കൾ കാലുമാറുന്നത് പതിവ് കാഴ്ചയായി മാറിയിരുക്കുന്നു. ഏറ്റവും അവസാനമായി റീത്ത ബഹുഗുണ ജോഷി എന്ന നേതാവിനെത്തന്നെ ഉദാഹരിക്കാവുന്നതേയുള്ളൂ. അങ്ങോട്ടുമിങ്ങോട്ടും മാറാൻ തക്ക വ്യത്യാസങ്ങളേ ഈ രണ്ട് പാർട്ടികൾക്കും ഉള്ളൂ എന്ന ബോധ്യമാണ് ഇരുവിഭാഗം നേതാക്കൾക്കുമുള്ളത് എന്നതാണ് ഇതിലെ ഏറ്റവും ദയനീയമായ വസ്തുത.
കോൺഗ്രസ് കുറേശെയായി തൃപ്തിപ്പെടുത്താൻ ശ്രമിച്ച ഹിന്ദുത്വ താല്പര്യങ്ങൾക്ക് കൂടുതൽ കരുത്തരായ മറ്റൊരു സംരക്ഷകരെത്തിയപ്പോൾ അവർക്ക് പിന്തുണയേറി എന്നതാണ് ബിജെപി കൈവരിക്കുന്ന നേട്ടത്തിനുപിന്നിലുള്ളത്. ഗുജറാത്ത് പോലെയുള്ള വർഗീയ പരീക്ഷണശാലകളിൽ വിജയം കൈവരിച്ച നരേന്ദ്രമോഡിയെന്ന കരുത്തനായ ഹിന്ദുത്വതാല്പര്യ സംരക്ഷകനുള്ളപ്പോൾ കോൺഗ്രസിന്റെ ദുർബലമായ പിന്തുണയുടെ ആവശ്യം ഹിന്ദുത്വവാദികൾക്ക് ഇല്ലാതെയാവുന്നു. തങ്ങൾ ഒരു നൂറ്റാണ്ടോളമായി രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി വിതച്ചിരുന്ന ഹിന്ദുത്വത്തിന്റെ വിത്തുകളുടെ വിള കൊയ്യാൻ ഇപ്പോൾ ബിജെപിക്കാണ് കഴിയുക. അതാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നാം കണ്ടതും.


Post has shared content
Public
വീണ്ടും 'സദാചാര'ത്തെക്കുറിച്ചുതന്നെ
--------------------------------------------------------
ഉപ്പുകരുവാട് എന്നൊരു തമിഴ് സിനിമ ഈയിടെ കണ്ടതാണ്. മകളെ നായികയാക്കാനായി സിനിമ നിർമ്മിക്കുന്ന ഒരു കച്ചവടക്കാരൻ. റിഹേഴ്സലൊക്കെക്കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങേണ്ട ദിവസം മകൾ കാമുകനൊപ്പം ഒളിച്ചോടിപ്പോയതായി അറിഞ്ഞ് സർവം നശിപ്പിക്കാൻ തയ്യാറെടുത്ത് തോക്കുമെടുത്ത് ഇറങ്ങിയ അയാൾക്ക് ഒരു വെളിപാടുണ്ടാവുന്നു. ഇക്കണ്ട കാലമത്രയും സാഹിത്യത്തിലും സിനിമയിലുമെല്ലാമുള്ള പ്രണയങ്ങളെയെല്ലാം പിന്താങ്ങിയ തനിക്ക് സ്വന്തം മകളുടെ പ്രണയത്തെ എന്തുകൊണ്ട് അംഗീകരിക്കാനാവുന്നില്ലെന്ന വെളിപാട്.
എന്തുകൊണ്ട് എന്നുള്ള ചോദ്യം ഉയർത്തേണ്ട നേരമായെന്ന് പറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം. സദാചാര പൊലീസിംഗെന്ന് പരസ്യമായി അറിയപ്പെടുന്ന സംഭവത്തിനെതിരെ പ്രതിഷേധവുമായി വീണ്ടും ഒരു വർഷത്തിനുശേഷം മറൈൻഡ്രൈവിൽ മലയാളി യുവത്വം അഥവാ യുവത്വത്തിന്റെ വളരെ ചെറിയൊരു ഭാഗം ഒത്തുചേർന്നപ്പോൾ കഴിഞ്ഞ ചുംബനസമരത്തിനോടുണ്ടായ പ്രതികരണമായിരുന്നില്ല ഇന്നലെ ഉണ്ടായത്. ഏറ്റവും രസകരമായത് കഴിഞ്ഞവർഷത്തെ സമരത്തിനെ എതിർത്തുതോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയ വലിയൊരു വിഭാഗം ഇന്നലെ അതിനോട് പ്രതികരിക്കാതിരിക്കുകയോ ദുർബലപ്രതികരണത്തിനൊരുങ്ങുകയോ അതിനെ പിന്തുണക്കുക പോലുമോ ചെയ്തു എന്നതാണ്. മലയാളിയുടെ സോകോൾഡ് സദാചാരബോധം ഒരു വർഷം കൊണ്ട് ആവിയായിപ്പോയി എന്ന് കരുതാനും മാത്രം വിഡ്ഢിത്തം ഇത് വായിക്കുന്നവർക്കെന്നപോലെ തന്നെ എഴുതുന്നയാളിനും ഒട്ടുമില്ല. അപ്പോ മറ്റെന്തോ ആണ് സംഭവിച്ചത് എന്നത് വ്യക്തം. അതിനുപിന്നിലെ കക്ഷിരാഷ്ട്രീയ ചരടുവലികൾ ഏറെക്കുറെ വ്യക്തമായ നിലക്ക് അതവിടെ നിൽക്കട്ടെ.
പ്രഖ്യാപിത സംഘിവൃത്തങ്ങൾ പോലും ശവസേനയുടെ സദാചാരപൊലീസിംഗിനെ തള്ളിപ്പറഞ്ഞിട്ടും നവമാധ്യമങ്ങളിലെ സംഘിബന്ധുക്കൾ, സ്വന്തം പെങ്ങളോ മക്കളോ ആയിരുന്നു മറൈൻ ഡ്രൈവിലുണ്ടായിരുന്നതെങ്കിലോ എന്ന സ്ഥിരം സാങ്കൽപ്പിക ചോദ്യവുമായി കറങ്ങി നടപ്പുണ്ട് എന്നത് വേറേ കാര്യം. പതിവുപോലെ തന്നെ ആ ചോദ്യത്തെ ചവറ്റുകൊട്ടയിലേക്കുപോലും അർഹതപ്പെട്ടതല്ല എന്ന ഉത്തമബോധ്യത്തോടെ ഉപേക്ഷിക്കുകയേ വഴിയുള്ളൂ.
പക്ഷേ ഒറ്റനോട്ടത്തിൽ അതിലും പ്രധാനമായ ഒരു ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും അത്യാവശ്യം മുന്നിട്ടുനിന്ന് പ്രവർത്തിക്കുന്ന ചിലരെങ്കിലും ഉന്നയിക്കുന്ന ആ ചോദ്യം ആദ്യമായി കേൾക്കുന്നവർക്ക് ശരിയെന്ന് തോന്നുകയും ചെയ്യാം. കേരളം മുഴുവൻ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ കൊച്ചുകുട്ടികൾ പോലും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാകുന്ന വാർത്തകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അതിനെതിരെയൊന്നും തെരുവിലിറങ്ങാത്ത യുവാക്കൾ സദാചാര പൊലീസിംഗെന്ന് അറിയപ്പെടുന്ന, ഒരു വിഭാഗം മനുഷ്യർ ഉള്ളുകൊണ്ടെങ്കിലും ന്യായീകരിക്കുന്ന, നടപടിക്കെതിരെ എന്തുകൊണ്ട് തെരുവിലിറങ്ങുന്നു എന്നതാണ് ആ ചോദ്യം.
ശരിയല്ലേ... റോബിനച്ചനോ മറ്റ് പീഡകർക്കോ എതിരെയൊന്നും ആരും തെരുവിലിറങ്ങിക്കണ്ടില്ലല്ലോ. പിന്നെന്തിനാണിപ്പോൾ?
ശരിക്കും നിർദോഷമായ ഒരു ചോദ്യം തന്നെയാണിത്. ന്യായമെന്ന് ഒറ്റക്കാഴ്ചയിൽ തോന്നുകയും ചെയ്യാം. ശവസേനയുടെ പേരിൽ ചൂരലുമായിറങ്ങിയവരിലൊരാൾ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണെന്ന സേനാനേതാവിന്റെ ഏറ്റുപറച്ചിലോ ഇവരെ ആരോ കൂലിക്കിറക്കിയതാണെന്ന മുഖ്യമന്ത്രിയുടെയോ ബീജേപ്പീ നേതാവിന്റെയോ സംശയങ്ങളോ ഒക്കെ അവിടെ നിൽക്കട്ടെ. പക്ഷേ ആദ്യം പറഞ്ഞ ഏറ്റുപറച്ചിലിൽ ഒളിഞ്ഞുകിടക്കുന്ന ഒരു യാഥാർത്ഥ്യം കാണാതെ പോകാനാവില്ല.
ഖദറിടുകയോ കാവിക്കൊടി പിടിക്കുകയോ സമത്വവും സാഹോദര്യവും മുദ്രാവാക്യത്തിലൂടെ വിളിച്ചുകൂവുകയോ ചെയ്യുന്ന ആണും പെണ്ണുമടങ്ങുന്ന നമ്മുടെ സമൂഹത്തിൽ ആർക്കും സേനക്കാരെപ്പോലെ ചൂരലുമായിറങ്ങാവുന്നതേയുള്ളൂ. അടച്ചിട്ട മുറിക്കുള്ളിലോ പുറത്തോ ഒരാണും പെണ്ണുമിരിക്കുന്നതായറിഞ്ഞാൽ പൊലീസിനെ വിളിക്കാനോ നാട്ടുകാരെ വിളിച്ചുകൂട്ടാനോ വാതിൽ തല്ലിപ്പൊളിക്കാനോ കൂട്ടംകൂടി തല്ലിവീഴ്ത്താനോ നാണംകെടുത്താനോ ഒക്കെ ആഞ്ഞുപോകുന്ന ആ മനസ്സുണ്ടല്ലോ, അതിന് കൊടിയുടെയും കുപ്പായത്തിന്റെയും നിറങ്ങളോടോ വിളിക്കുന്ന മുദ്രാവാക്യങ്ങളോടോ ഒന്നും ഒരു ബന്ധവുമില്ല. സംഘിയെന്നോ കമ്മിയെന്നോ ആണ്ടിയെന്നോ സുഡാപ്പിയെന്നോ ഒന്നുമുള്ള ഒരു വ്യത്യാസവും ആ മനസ്സുകൾക്കില്ല. ലളിതമായി 'ആണത്തം' ഭരിക്കുന്ന മനസ്സ് മാത്രമേയുള്ളൂ അതിൽ.
ഇതേ ആണത്തം ഭരിക്കുന്ന മനസ്സുകളാണ് ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തിലേക്കും അവർ പുറത്തിറങ്ങിയ സമയത്തിലേക്കും അവരുടെ കുടുംബചരിത്രത്തിലേക്കും വിരൽ ചൂണ്ടി അത് അവളുടെ തന്നെ കുറ്റമാണ് എന്ന് ആർത്തുവിളിക്കുന്നത്. ഈ ആണത്തമനസ്സുകൾ പുരുഷന്മാരുടേത് മാത്രമല്ല, ഒട്ടുമിക്ക സ്ത്രീകളുടേതും കൂടിയാണ്. രണ്ട് വയസ്സായ പെൺകുട്ടിയെപ്പോലും ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിപ്പിക്കണമെന്നും കണങ്കാൽ പോലും പുറത്തുകാണരുതെന്നും വാശിപിടിക്കുന്ന അമ്മമാർ പോലും ഇതേ ആണത്തനോട്ടങ്ങളുടെ അതേ കരയിൽത്തന്നെ വിശ്രമിക്കുന്നവരാണ്. താനൊരു പെൺകുട്ടിയാണെന്നും തന്റെ ഉടുനടകൾ പോലും തന്നെ ഇരയാക്കാൻ തക്ക ഉപാധിയാണെന്നും കുഞ്ഞിലേതന്നെ അവളെ ബോധിപ്പിക്കാൻ ശ്രമിക്കുന്നവർ. സദാചാരത്തിന്റെ പേരിൽ ചൂരലെടുത്ത് പാർക്കിലിറങ്ങുന്നവർ കുറ്റക്കാരാവില്ലെന്ന് ഒരു തോന്നൽ വളരുംകാലത്ത് ആ കുട്ടിക്ക് ഉണ്ടായിവന്നാൽ അത്ഭുതപ്പെടേണ്ടതുമില്ല.
ഈ ചൂരലെടുത്ത് ഇറങ്ങുന്ന ആൺവർഗങ്ങളോടൊപ്പം ഇതേ മൂല്യങ്ങൾ സ്വീകരണമുറിയിലോ അടുക്കളയിലോ ഇരുന്ന് പങ്കുവയ്ക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക സ്ത്രീകളും. എന്തിന്, സ്ത്രീ സമത്വവും പുരോഗമനവാദവുമൊക്കെ പ്രസംഗിക്കുന്ന ചില ബുദ്ധിജീവിസ്ത്രീകളെങ്കിലും അതീവരഹസ്യമായി ഇതേ മൂല്യങ്ങളുമായി മുന്നിട്ടിറങ്ങുന്നത് കണ്ടിട്ടുമുണ്ട്. അപ്പോൾപ്പിന്നെ പൂർണമായി പുരുഷാധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിലെ ആണുങ്ങളുടെ കാര്യം പറയണോ.
ഈ സമൂഹത്തിന്റെ ഉപോത്പന്നം തന്നെയാണ് നാം ഇന്നുകാണുന്ന ലൈംഗികാതിക്രമങ്ങളും. ഒരു സ്ത്രീയെ അല്ലെങ്കിൽ കുട്ടിയെ തന്റെ കാമപൂരണത്തിനായി (അത് മഞ്ച് വാങ്ങിക്കൊടുത്തോ ലൈംഗികാവയവത്തിൽ കമ്പികുത്തിയിറക്കിയോ എന്നത് വിഷയമല്ല) ഉപയോഗിക്കുന്ന ആൺമനസ്സിന്റെയാണ് ശരിക്കുള്ള പ്രശ്നം. ആണധികാരം എന്നതുതന്നെയാണ് പ്രധാന വിഷയം. സദാചാരം പഠിപ്പിക്കലിലും ലൈംഗികാതിക്രമങ്ങളിലുമെല്ലാം അവൾ-അവൻ ബോധം ചുമക്കുന്ന, പെണ്ണെന്നാൽ കാമപൂരണത്തിനുള്ള ഉപകരണമാണെന്ന് ചിന്തിക്കുന്ന ആൺ മനസ്സുകൾ മാത്രമേയുള്ളൂ. അതിനെ പിൻപറ്റുന്ന സ്ത്രീകളുടെ മനസ്സും അതുതന്നെയാണ്.
സദാചാരവിരുദ്ധ സമരങ്ങൾ ആ മനസ്സുകളോടാണ് നടക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യത - അത് ആണിന്റേതായാലും പെണ്ണിന്റേതായാലും- നിങ്ങളുടെ കാര്യമല്ലെന്ന് മനസ്സിലാക്കിക്കലാണ് ഈ സമരങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. ആ മനസ്സിലാക്കലിലാണ് ആത്യന്തികമായി ലൈംഗികാതിക്രമങ്ങൾ അലിഞ്ഞില്ലാതാകാൻ പോകുന്നതും. അല്ലാതെ ആണിനും പെണ്ണിനുമിടക്ക് ആരൊക്കെയോ കെട്ടിയുയർത്തുന്ന അധികാരത്തിന്റെ മതിലുകളിൽ തടഞ്ഞല്ല.

മനുഷ്യരേ,
നിങ്ങൾ പ്രണയിക്കുക!
കൈകോർത്ത് നടക്കുക,
കായലോരത്ത് ഇരുന്ന് കാറ്റ് കൊള്ളുക!

ഉപദ്രവിക്കാൻ വരുന്ന കേരകന്മാരുടെ കൈയ്യിൽ നിന്ന് ചൂരൽ വാങ്ങി അവരെ തിരിച്ച് തല്ലി ആ പിശാചുക്കളെ എന്റെ സ്വന്തം നാടിന്റെ മണ്ണിൽ നിന്ന് ഓടിക്കുക.

പങ്കിലക്കാട് നിങ്ങൾക്കുള്ളതാകുന്നു. - ഡിങ്കൻ
Photo

Public
കാമ്പസിൽ അക്രമം കാട്ടാനൊന്നുമല്ലല്ലോ, ഒന്ന് പ്രേമിക്കാനല്ലേ പോയത്...

Public
സിമിയുടെ ഇംഗ്ലീഷ് പോസ്റ്റ് കണ്ടപ്പോ എഴുതണം എന്ന് വിചാരിച്ചതാ... മടി കാരണം മുടങ്ങി. എന്നാലും എഴുതിക്കളയാം എന്ന് ഇപ്പൊ കരുതുന്നു.
ഞാൻ സിമിയെപ്പോലെ തന്നെ പഠിച്ചത് മലയാളം മീഡിയം സ്‌കൂളിലാണ്. ടീച്ചർമാർ പോലും ഇംഗ്ലീഷ് സംസാരിക്കാൻ വിചാരിച്ചാലും നടപ്പില്ല എന്ന നിലയിലുള്ള സ്‌കൂൾ. ഹൈസ്‌കൂളിൽ ഒമ്പതാം ക്‌ളാസ്സിലെ ഒരു പാഠത്തിൽ had had എന്നൊരു പ്രയോഗം വന്നപ്പോൾ ഒരു had വെട്ടിക്കളഞ്ഞു പ്രശ്നം പരിഹരിച്ചയാളാണ് ഞങ്ങടെ ടീച്ചർ. എഴുത്തുകാരന് അല്ലെങ്കിൽ അച്ചടിക്ക് പിശക് പറ്റാമല്ലോ.
പ്രീ-ഡിഗ്രിക്ക് ചേർന്നപ്പോ ജാങ്കോ പെട്ടൂടാ എന്ന നില ആയിരുന്നു. അതിന്റെ പ്രധാന പ്രശ്നം സാധാരണ ഇംഗ്ലീഷ് മനസിലാകായ്ക അല്ലായിരുന്നു. പക്ഷെ സാങ്കേതിക ഇംഗ്ലീഷിന്റെ അപര്യാപ്തത... അതുകൊണ്ട് ക്ലാസ് കട്ട് ചെയ്യലും ഒക്കെ ശീലമാക്കി രക്ഷപെട്ടു. എന്നാലും ജയിച്ചുകൂടി.
ഹൈസ്‌കൂൾ എത്തിയപ്പോഴേക്കും ഞങ്ങളുടെ ഇംഗ്ലീഷിനെ അങ്ങനെ വെറുതെ വിടരുത് എന്നൊരു തോന്നൽ അച്ഛന് വന്നുകൂടിയതുകൊണ്ട് മലയാളം പത്രത്തിനൊപ്പം ഇന്ത്യൻ എക്സ്‌പ്രസും വരുത്തി തുടങ്ങി. വെറുതെ വരുത്തൽ മാത്രമല്ല. വായിക്കുകയും വേണം. രാത്രി എത്തിക്കഴിഞ്ഞാൽ ഒരു പ്രധാന വാർത്ത വായിച്ചു എന്താണെന്നത് അച്ഛനെ പറഞ്ഞു കേൾപ്പിക്കണം എന്നതായിരുന്നു ഡ്യൂട്ടി. അത്യാവശ്യം ഇംഗ്ലീഷ് വായിക്കാൻ പറ്റും എന്ന ശീലം അതുകൊണ്ട് കിട്ടി. എങ്കിലും അച്ഛനെ കബളിപ്പിക്കാൻ ചില്ലറ സൂത്രപ്പണികളൊക്കെ ചെയ്തിട്ടുമുണ്ട്.
പ്രീ-ഡിഗ്രി കഴിഞ്ഞതോടെ എന്റെ കോളേജ് പഠനം ഞാൻ തന്നെ അംഗ നിർത്തി. അല്ലറ ചില്ലറ ജോലികളും ചില കോഴ്‌സുകളും ചെയ്ത് ഒരു വിധത്തിൽ രണ്ട വര്ഷം തള്ളിക്കളഞ്ഞു. അതിന്റെ കൂടെ ബികോമിന് കേരളാ സർവകലാശാലയുടെ തപാൽ പഠനത്തിനും ചേർന്നു. അമ്മാവനൊപ്പം കൊൽക്കത്തയിലേക്ക് കുടിയേറാൻ ശ്രമിച്ചതും അക്കാലത്താണ്. ഒരു വിധം ഇംഗ്ലീഷ് തെറ്റിച്ചും മുറിച്ചുമൊക്കെ പറയാനും സെക്രട്ടറിപ്പണി എടുക്കാനായി എഴുതാനും ശീലമാക്കിയതും അക്കാലത്തുതന്നെ.
ഇംഗ്ലീഷ് പുസ്തക വായന, പാട്ട് കേൾക്കൽ തുടങ്ങിയതൊക്കെ അന്ന് കൊൽക്കത്തവാസക്കാലത്തു കുറേശെ തുടങ്ങിയതാണ്. അയൽവാസിയായിരുന്ന പെണ്കുട്ടിയുമായുള്ള ചങ്ങാത്തത്തിന്റെ ഭാഗമായിരുന്നു അത്.
തിരിച്ചുനാട്ടിലെത്തി പത്രപ്രവർത്തനം തുടങ്ങിയത് മലയാളത്തിൽ. ഇംഗ്ലീഷിന് ബലം നൽകിയത് അക്കാലത്തെ കത്തെഴുത്താണ്. അന്നും അതിനു മുൻപും എന്റെ ഇംഗ്ലീഷ് പഠനത്തിന് ഉണ്ടായിരുന്ന പ്രധാന പ്രശ്നം വർഷങ്ങൾക്ക് ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത്. ഡിസി ബുക്സിന്റെ ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടു ആയിരുന്നു എന്റെ ഇംഗ്ലീഷ് പഠനത്തിന്റെ അടിസ്ഥാനം. കത്തെഴുതലിനും പുസ്തക വായനക്കും എല്ലാം ആശ്രയിച്ചിരുന്നത് അതിനെയായിരുന്നു. വായിക്കുന്ന പുസ്തകങ്ങളിലെ മനസിലാകാത്ത വാക്കുകൾ എഴുതി അവയുടെ അർഥം മലയാളത്തിൽ എഴുതിയിട്ടിരുന്ന നിരവധി നോട്ട് ബുക്കുകളിൽ ഒന്ന് നാട്ടിൽ പോക്കിനിടെ ഇപ്പോൾ കണ്ടെത്തിയപ്പോഴാണ് വാക്കുകളുടെ അർഥം മാത്രമാണ് ഞാൻ പഠിച്ചതെന്നും അവയുടെ ഉപയോഗങ്ങൾ അന്ന് പഠിച്ചിട്ടില്ല എന്നും മനസിലാക്കിയത്.
കത്തെഴുത്തിലൂടെ കൈവരിച്ച ഒരു അപാരമായ ആത്മവിശ്വാസം ഉണ്ടായിരുന്നു എനിക്ക്. സംസാരത്തിലും അതുപോലെ തന്നെ. ഇപ്പോൾ ആലോചിക്കുമ്പോൾ അത് അത്ര അടിസ്ഥാനം ഉണ്ടായിരുന്ന ആത്മവിശ്വാസം ഒന്നുമല്ലായിരുന്നു. കാരണം അന്ന് ഉപയോഗിച്ച പല വാക്കുകളും ശരിയായ അർത്ഥത്തിൽ പോലുമായിരുന്നില്ല ഞാൻ ഉപയോഗിച്ചത്.
മൂന്ന് വർഷത്തോളം പത്രപ്രവർത്തകൻ ആയി ജോലിചെയ്ത ശേഷം പ്രസ്സ്‌ക്ലബ്ബിൽ കോഴ്‌സിന് ചേർന്നു. ഏഴ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു ക്‌ളാസ്സ്‌മുറി. അവിടെ ഒപ്പം ഉണ്ടായിരുന്ന പകുതിയോളം പേർ ഇപ്പോൾ പ്രമുഖ മാധ്യമങ്ങളിൽ ഉണ്ടെന്നത് സന്തോഷം.
ജീവിതത്തെ മാറ്റിമറിച്ചത് അന്ന് ഒപ്പമുണ്ടായിരുന്ന ഗോപീകൃഷ്ണനാണ്. മലയാളം എഴുത്തുകാരനാവണമെങ്കിൽ ദില്ലിയിൽ പോകണമെന്നും കേരളത്തിൽ നിന്നാൽ ഒന്നുമാവില്ലെന്നും പറഞ്ഞ് ദിവസങ്ങളോളം അവൻ നടത്തിയ ബോധവത്കരണത്തിന്റെ ഫലമായാണ് ഞങ്ങൾ ദില്ലിക്ക് ട്രെയിൻ കയറുന്നത്.
മാസങ്ങളുടെ അലച്ചിലിന് ശേഷം ഇന്തോറിൽ ഫ്രീപ്രസ് ജേർണലിൽ ജോലിക്ക് കയറുമ്പോഴാണ് ഇംഗ്ലീഷ് പത്രപ്രവർത്തനം തുടങ്ങിയത്. അപ്പോഴാണ് ആദ്യമായി ലോംഗ്മാൻ ഇംഗ്ലീഷ് ഇംഗ്ലീഷ് ഡ്ക്ഷ്ണറിയെ ആശ്രമയിക്കാൻ തുടങ്ങിയതും അതുവരെ പഠിച്ച ഇംഗ്ലീഷ് പ്രയോഗങ്ങൾ പലതും തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞതും.
വായിച്ചും എഴുതിയും വെട്ടിയും തിരുത്തിയും ഇംഗ്ലീഷ് പഠിച്ചുകൊണ്ടേയിരിക്കുന്നു. അന്നുണ്ടായിരുന്ന അതേ ആത്മവിശ്വാസം തന്നെയാണ് ഇപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നത്. മുന്നിൽവച്ച ഡിക്ഷ്ണറി നോക്കി സംശയം തീർത്ത് കോപ്പി എഡിറ്റ് ചെയ്യുന്ന കാലത്തിൽനിന്നും തൊട്ടടുത്ത വിൻഡോയിൽ തുറന്ന ഓൺലൈൻ ഡിക്ഷ്ണറി നോക്കി സംശയനിവാരണം വരുത്തി മുന്നോട്ടുപോകുന്ന അവസ്ഥയിലേക്ക് സാങ്കേതികവിദ്യ വളർന്നു. അപ്പോഴും സംശയങ്ങളില്ലാതാവുന്നില്ല, ആത്മവിശ്വാസവും.
പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും കോളജുകളിലും പഠിച്ചുവന്നിട്ടും ഭാഷയിൽ തപ്പിത്തടഞ്ഞ് വീഴുന്നവർക്ക് ഇല്ലാത്തത് അതേ ആത്മവിശ്വാസമാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. അത് എന്നിൽ ഉണ്ടാക്കിയെടുത്തത് ഞാൻ വളർന്ന സാഹചര്യങ്ങളും കടന്നുപോന്ന വഴികളും തന്നെയായിരുന്നു. തെറ്റ് മനസ്സിലാക്കി തിരുത്താനുള്ള മനസ്സ് കൂടി ഉണ്ടായാൽ ആർക്കും കീഴടക്കാവുന്നതേയുള്ളൂ ഭാഷയെ

Public
ലക്ഷ്മി നായരെ പുറത്താക്കുന്നതിനേക്കാൾ ബുദ്ധി അവരെ സ്വയം മാറിനിൽക്കാൻ അനുവദിക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം.
പുറത്താക്കിയാൽ നിയമപരമായി അതിനെ നേരിട്ട് അവർക്ക് തിരിച്ചുവരാൻ ഒരു സാധ്യത നൽകലാണ്. സ്വയം മാറിനിൽക്കുന്ന ആളിന് കേസ് പറഞ്ഞു തിരിച്ചുവരാൻ പറ്റില്ലല്ലോ.

Public
നദിയുടെ മാത്രമല്ല, മനുഷ്യാവകാശ ധ്വംസനം അനുഭവിക്കുന്ന എല്ലാവരുടെയും കാര്യത്തിൽ ഇടതുപക്ഷ സർക്കാർ ഇടപെടുകതന്നെ വേണം... അതിനൊക്കെ വേണ്ടിയാണ് ഞങ്ങൾ വോട്ട് പിടിച്ചത്. മറ്റേ സർക്കാർ എടുത്ത നടപടികൾ ആണേൽ അത് പിൻവലിക്കാനുള്ള ആർജവം കാണിക്കണം. 

Public
ഉപ്പൂപ്പാ....
എന്താ മോനെ ഫൈസീ ...
ആരാ ഉപ്പൂപ്പാ ഫേക്ക് മനുഷ്യർ?
മനസിലുള്ള തങ്ങളുടെ യഥാർത്ഥ സ്വഭാവം പുറത്തുകാണിക്കാതെ മറ്റൊരാളാണെന്നു ഭാവിക്കുന്നവരാണ് മോനേ യഥാർത്ഥ ഫേക്കുകൾ...
അതെങ്ങനെയാ ഉപ്പൂപ്പാ...
ഉദാഹരണത്തിന്, പുരോഗമന വാദവും അവിശ്വാസവും പരസ്യമായി പ്രസംഗിക്കുകയും രഹസ്യമായി പള്ളീടെയും അമ്പലത്തിന്റെയുമൊക്കെ തിണ്ണ നിറങ്ങുകയും ചെയ്യുന്നവർ,
യുക്തിവാദം പറഞ്ഞുനടക്കുകയും രഹസ്യമായി ജ്യോത്സ്യന്മാരെയും വാസ്തു വിദഗ്ദ്ധരെയും പിന്തുടർന്ന് ഉപദേശം തേടുകയും ചെയ്യുന്നവർ,
ജാതി-മത വിരുദ്ധ പ്രഭാഷണം നടത്തിക്കൊണ്ടുതന്നെ അതിന്റെയൊക്കെ പേരിൽ അഭിമാനം കൊള്ളുന്നവർ,
മനുഷ്യാവകാശ പ്രസംഗം നടത്തി നദിയുടെയും കമലിന്റേയുമൊക്കെ പേരിൽ ഉറഞ്ഞുതുള്ളുമ്പോഴും രഹസ്യമായി അയൽക്കാരനെതിരെ കള്ളക്കേസ് കൊടുത്തു അതിന്റെ പിന്നാലെ സ്വാധീനവും കൊണ്ട് നടക്കുന്നവർ,
സ്ത്രീപക്ഷം പറഞ്ഞു അരങ്ങ് തകർക്കുമ്പോഴും പെണ്ണുങ്ങളെ വ്യക്തികളായിപോലും അംഗീകരിക്കാത്തവർ.....
ഇവരൊക്കെയാണ് മോനേ ഫൈസീ യഥാർത്ഥ ഫേക്കുകൾ.
അപ്പൊ ചുരുക്കിപ്പറഞ്ഞാൽ അവനവൻ എന്താണ് എന്നത് പരസ്യമാക്കാതെ മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു നടക്കുന്ന എല്ലാവരും ഫേക്കുകൾ തന്നെയാണ് അല്ലെ ഉപ്പൂപ്പാ...
അതന്നെ ഫൈസീ ... എല്ലാം നിനക്ക് മനസിലായല്ലോ ഇപ്പൊ.

Public
കുറുക്കിക്കുറുക്കിവറ്റിച്ച കടലല്ല,
നീറിനീറ്റി ഒലിച്ചിറങ്ങുന്ന
വിയർപ്പാണ് ജീവിതത്തിൽ ഉപ്പ് കൂട്ടുന്നത്.
Wait while more posts are being loaded