Profile cover photo
Profile photo
Muralikrishna Maaloth
5,782 followers -
A man who loves traveling. 27 year old cricket freak. Not a decent celebrity. Ugly and overweight.
A man who loves traveling. 27 year old cricket freak. Not a decent celebrity. Ugly and overweight.

5,782 followers
About
Posts

Post has attachment
സ്റ്റിച്ച് എടുക്കാൻ ആശുപത്രിയിൽ പോയതാണ്. മാൻ, യൂ ലുക്ക് ലൈക്ക് കെ എൽ രാഹുൽ എന്ന് ഡോക്ടർ അനന്ത് കുമാർ. വിരാട് കോലി ആകാൻ വേണ്ടി വളർത്തിയ താടിയാണ് സർ എന്ന്‌ പറയണം എന്നുണ്ടായിരുന്നു. ഇത്രയേലും ആയല്ലോ എന്ന് കരുതി പറഞ്ഞില്ല :)
Photo

33 വയസ്സായി എനിക്ക്. ഇപ്പോഴും എന്നെ മോനേ എന്നോ അല്ലെങ്കിൽ കുഞ്ഞീ എന്നോ മാത്രം വിളിക്കുന്ന ഒരാൾ ഉണ്ട്. കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും അത് എന്റെ അമ്മയാണ് എന്ന്. കാര്യം പത്മാവതിയമ്മ ഈ പറഞ്ഞ രണ്ടും വിളിക്കും എങ്കിലും തരം പോലെ മുരൂ എന്നും മുരുകാ എന്നും ഒക്കെ വിളിച്ചുകളയും. ഇത് പക്ഷേ എന്റെ വല്യേട്ടൻ ആണ്. ഞാൻ തന്നെ പറഞ്ഞ് ഉണ്ണ്യേട്ടനെ കുറിച്ച് നിങ്ങളിൽ പലർക്കും അറിയാം. നേരിട്ട് കണ്ടിട്ടില്ലാത്തവർ പോലും പലരും അങ്ങനെ ഒരു എട്ടനെ എനിക്കും വേണം എന്ന് ഉണ്ണ്യേട്ടനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. പക്ഷേ അതിലും ബഹുരസമാണ് വല്യേട്ടൻ കഥകൾ.

എന്നെക്കാൾ 10 വയസിന് മൂപ്പുണ്ട് വല്യേട്ടന്. ഞങ്ങൾ രണ്ടിനെക്കാളും സുന്ദരൻ, സുമുഖൻ, പൂച്ചക്കണ്ണൻ. സുഖിമാനുമാണ്. ഏട്ടൻ നടന്നു തീർക്കാത്ത നാടില്ല, കാണാത്ത സിനിമകൾ ഇല്ല. പണ്ട്, കുഞ്ഞീനെ നോക്കാൻ ആള് വേണ്ടേ എന്ന് ചോദിച്ചു സ്കൂളിൽ പോക്ക് നിർത്താൻ ഒരുങ്ങിയ ആളാണ്. വല്യേട്ടനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമകളും സ്കൂളുമായി ചുറ്റിപ്പറ്റിയാണ്. ചുള്ളി സ്കൂളിൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. എടക്കാനത്തെ വീട്ടിൽ നിന്നും നാല് കിലോമീറ്റർ ദൂരം ഉണ്ട് ചുള്ളി എൽ പി സ്കൂളിലേക്ക്. നാലാം ക്‌ളാസ് കഴിഞ്ഞാൽ പിന്നെ എട്ട് കിലോമീറ്റർ ദൂരത്തുള്ള മലോത്ത് കസ്ബ തന്നെ ശരണം. അന്നൊക്കെ കസ്ബയിൽ പോകാൻ ഉള്ള ഒരു ക്രാഷ് കോഴ്‌സ് ആണ് ചുള്ളി സ്കൂളിലെ നാല് വർഷം.

പറയുമ്പോൾ നല്ല റോഡ് പോലും ഇല്ല. കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന റബ്ബർ എസ്റ്റേറ്റുകളും നെടുനീളൻ കവുങ്ങിൻ തോട്ടങ്ങളും കൈത്തോടുകളും താണ്ടി വേണം സ്കൂളിൽ എത്താൻ. ഊട് പാട് വഴികൾ. ഇടക്ക് നെടും കയറ്റങ്ങൾ. സ്കൂൾ ബസ് ഒന്നും ഇല്ലാത്ത ആ കാലത്ത് കൂട്ടത്തിൽ എനിക്ക് മാത്രം ഉണ്ടായിരുന്ന ലക്ഷുറി ആയിരുന്നു വല്യേട്ടൻ. രാവിലെ എന്നെ തോളത്ത് ഇരുത്തി സ്കൂളിൽ കൊണ്ടുവിടും. വൈകിട്ട് ഞാൻ സ്കൂൾ വിട്ട് ഇറങ്ങണമെങ്കിൽ വല്യേട്ടൻ വരണം. തോളത്ത് ഇരുന്ന്, നന്നേ വെളുത്ത ആ ചെവികൾ പിടിച്ചു തിരിച്ചു പീ പീ എന്ന് ഹോണടിച്ചും ഇടക്ക് വെള്ളം സഹിതം വൈപ്പർ ഓണ് ചെയ്തും ഞാൻ ഒരു അഞ്ചു വയസുകാരന് ആവും വിധം ആ പാവത്തെ ദ്രോഹിച്ച് ഡ്രൈവർ കളിച്ചു. എന്നാലും ഈ പ്രായം വരെ എന്നെ നുള്ളി നോവിച്ചിട്ടില്ല ഇഷ്ടൻ.

നുള്ളി നോവിക്കില്ല എന്നേയുള്ളൂ എന്നാലും വേറെ ചില നമ്പറുകൾ ഉണ്ട് വല്യേട്ടന്റെ കയ്യിൽ. അതിലൊന്ന് ഇങ്ങനെ. ഞാൻ നാലിലോ മറ്റോ പഠിക്കുന്ന സമയം. 'കുഞ്ഞീ നീ പോയി മുത്തപ്പന്റെ വീട്ടിൽനിന്നും തോട്ടി എടുത്തിറ്റ് വാ ഞാൻ മാങ്ങ പറിച്ചുതരാം' എന്ന് വല്യേട്ടൻ. പുളിമാങ്ങ ഉപ്പും കാന്താരിയും കൂട്ടി തട്ടുന്ന സീൻ ഓർത്തതും വായിൽ കപ്പലോട്ടാനുള്ള വെള്ളം. നോടിനേരം കൊണ്ട് തോട്ടി റെഡി. 'നീ കൈകൾ തലക്ക് മുകളിലാക്കി ഒരു കൂട പോലെ പിടിച്ചു നിന്നോ ഞാൻ കൃത്യം കയ്യിലേക്ക് മാങ്ങ പറിച്ചിടാം' എന്ന് ഏട്ടൻ. മേലേക്ക് നോക്കിയാൽ കണ്ണിൽ പൊടി വീഴും പോലും. എന്തൊരു സ്നേഹം. എന്തൊരു കരുതൽ. എന്റെ കണ്ണ് നിറഞ്ഞുപോയി.

ശരിക്കും കണ്ണ് നിറയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ദുഷ്ടൻ വലിച്ച് തലയിൽ ഇട്ടത് വലിയൊരു ഉറുമ്പിൻകൂട്. എന്നോളം പോന്ന ചുവന്ന ഉറുമ്പുകൾ. മുടിയിൽ, ചെവിയിൽ, കഴുത്തിൽ, മൂക്കിൽ, ഒരു നിമിഷം കൊണ്ട് അണ്ഡകടാഹങ്ങളിലും കേറി ഉറുമ്പുകൾ അറഞ്ചം പുറഞ്ചം കടിതുടങ്ങി. അന്ന് വല്യേട്ടൻ മുത്തപ്പന്റെയും അമ്മയുടെയും കയ്യിൽ നിന്നും വാങ്ങിക്കൂട്ടിയത്തിന് കണക്കില്ല. ഇത് കൊണ്ട് നിർത്തി എന്ന് ആരെങ്കിലും വിചാരിച്ചാൽ വിചാരിച്ചവർക്ക് തെറ്റി, അതാണ് വല്യേട്ടൻ.

നീന്തൽ പഠിപ്പിക്കാം എന്ന് പറഞ്ഞ് ഒരിക്കൽ ഉണ്ണ്യേട്ടനെ കുളത്തിൽ കൂട്ടിക്കൊണ്ടുപോയി. രണ്ടുകാലും പിടിച്ച് മേലേക്ക് തൂക്കി നീന്തിക്കോ എന്ന് പറഞ്ഞു. കണ്ണും മൂക്കും വായും മുഖവും വെള്ളത്തിലായി കയ്യിട്ടടിച്ചുപോയി ഉണ്ണ്യേട്ടൻ. കഴിഞ്ഞ മാസം നാട്ടിൽ പോയപ്പോഴും ഏട്ടനനിയന്മാർ അമ്മയ്ക്കൊപ്പം വട്ടം കൂടിയിരുന്ന് ഈ കഥ പറഞ്ഞു. വല്യേട്ടന് അപ്പോഴും ആ പഴയ കള്ളച്ചിരി തന്നെ. അല്ലെങ്കിലും ഉണ്ണ്യേട്ടനെ വല്യേട്ടന് പണ്ടേ അത്ര പിടിക്കില്ല എന്നാണ് വെപ്പ്. തീരെ കുഞ്ഞായിരുന്നപ്പോൾ ഉണ്ണ്യേട്ടനെ നോക്കാൻ ഏല്പിച്ചു അമ്മ എന്തോ പണിക്ക് പോയ തക്കം നോക്കി വാഴക്കുണ്ടിൽ കൊണ്ടുവെച്ചിട്ടുണ്ട് പോലും വല്യേട്ടൻ.

ഇപ്പൊ ഇതൊക്കെ പറയാൻ എന്തുകാര്യം എന്നായിരിക്കും അല്ലേ. ഉണ്ട് അതിന് ഒരു കാരണം. ടിക്കറ്റ് പോലും ബുക്ക് ചെയ്യാതെ കിട്ടിയ ബസിലൊക്കെ കയറി എന്നെ കാണാൻ വന്നിരിക്കുന്നു വല്യേട്ടൻ. അതും ഏട്ടത്തിയെയും കുഞ്ഞിനെയും കൂട്ടി. രാത്രി പത്ത് മണിക്ക് മൈസൂർ എത്തിയാണ് എന്നോട് പോലും പറയുന്നത്. ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയി എന്നറിഞ്ഞത് മുതൽ കുഞ്ഞീനെ കാണണം എന്നും പറഞ്ഞ് എരിപോരി കൊണ്ട് നടക്കുകയായിരുന്നു പോലും. ഉച്ചക്ക് പന്ത്രണ്ടര കഴിഞ്ഞു എത്തിയപ്പോ. ക്ഷീണിച്ചു. കള്ളച്ചിരി ഒക്കെ മാഞ്ഞു തുടങ്ങിയിരിക്കുന്നു, തലയിൽ ഒറ്റക്കും തെറ്റക്കും വെള്ളിവരകൾ. വയസ്സാകുകയാണ്. കുറേ നേരം നോക്കിനിന്ന് കുറേ ഉമ്മയും തന്ന് വൈകിട്ട് ആറ് മണിക്ക് ഇറങ്ങിപ്പോകുകയും ചെയ്തു. ഒരു ദിവസം കൂടി നിന്നിട്ട് പോകാം എന്ന് പറഞ്ഞിട്ട് കേട്ടില്ല.

വല്യേട്ടൻ അങ്ങനെയാണ്. ചിലർ അങ്ങനെയാണ്. ചോദ്യവും ഉത്തരങ്ങളും ഉണ്ടാകില്ല. ഒന്നും ആഗ്രഹിക്കാതെ, ഉപാധികൾ ഇല്ലാതെ, ഒരിക്കലും ഒരു പരിഭവം പറയാതെ നമ്മളെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്ന ചിലർ. ആ സ്നേഹമുള്ളത് കൊണ്ടാണ് അപ്പൻഡിക്‌സ് ഉള്ളിൽ വെച്ച് പൊട്ടിയാലും ആകാശം ഇടിഞ്ഞു വീണാലും നമ്മൾ ഇങ്ങനെ പുല്ല് പോലെ ചിരിച്ചു നിൽക്കുന്നതും...

Feeling blessed :)

ഒരു അപ്പൻഡിക്‌സ്‌ ഉണ്ടാക്കിയ കഥ

വയറ് കടിക്കുന്നു അമ്മേ..
പറയേണ്ട താമസം വെളുത്തുള്ളിയും കല്ലുപ്പും അമ്മ വായിൽ വെച്ചു തന്നിരിക്കും. അതിപ്പോ സ്കൂളിൽ പോകാൻ മടിയായിട്ട് പറഞ്ഞാലും പറമ്പിൽ പണിയെടുക്കാൻ മടിയായിട്ട് പറഞ്ഞാലും അമ്മ മടി കൂടാതെ എനിക്കത് തരും. അതിലൊരു കള്ളത്തരം ഉണ്ടോ എന്നുപോലും ആലോചിക്കില്ല. ചെറുപ്പം മുതലേ ഇടക്കിടെ വയർ വേദന വരുന്ന ഒരു പ്രകൃതമാണല്ലോ എനിക്ക്. ആ വയറ് വേദനക്ക് പിന്നിലും ഉണ്ട് ഒരു കഥ. കഥകൾ പറയണമതിനല്ലോ മാനുഷജന്മം.

അട്ടേങ്ങാനം പാലക്കൊച്ചിയിലെ വീട്ടിൽ അച്ഛനും ഞാനും ഒറ്റക്ക് കഴിയുന്ന കാലം, എനിക്ക്‌ കഷ്ടി 11 വയസ് കാണും. എന്നും കഞ്ഞിയും ചമ്മന്തിയും. ചമ്മന്തി അല്ലെങ്കിൽ ഉപ്പേരി. കഞ്ഞിക്ക് മാത്രം ഒരു മാറ്റവും ഉണ്ടാകില്ല. ഒരു ദോശ തിന്നാൻ കൊതി ആയിട്ട് ചോറ് അരച്ചു മാവാക്കി ചട്ടിയിൽ ഒഴിച്ചു നോക്കിയ അനുഭവം വരെ അന്ന് എനിക്കുണ്ട്, പൊട്ടൻ. അതിന്റെ പേരിൽ ഏട്ടന്മാർ ഇനി കളിയാക്കാൻ ബാക്കിയൊന്നും ഇല്ല.

അങ്ങനെയിരിക്കെയാണ് ഈ വയറ് വേദനയുടെ ട്രിക്ക് ഉരുത്തിരിഞ്ഞു വരുന്നത്, കാര്യം ലേശം ദേഷ്യക്കാരൻ ഒക്കെ ആണെങ്കിലും അസുഖം എന്നു കേട്ടാൽ അച്ഛൻ വയ്യാതാകും, അച്ഛാ വയറുവേദന എന്ന് പറഞ്ഞാൽ അങ്ങനെ തന്നെ എന്നെ എടുത്ത് അട്ടേങ്ങാനത്തേക്ക് ഒരു ഓട്ടം വെച്ചു കൊടുക്കും. അവിടന്ന് രാജപുരം വരെ ബസിൽ. സമദ് ഡോക്ടറുടെ ക്ലിനിക്കാണ് ഉന്നം. ഇരുമ്പിന്റെ രുചിയുള്ള ഒരു ടോണിക്കാണ് മിക്കവാറും എല്ലാ അസുഖങ്ങൾക്കും സമദ് ഡോക്ടറുടെ പ്രധാന ആയുധം.

ഇന്ന് വരെ ആ സാധനം ഞാൻ കുടിച്ചു നോക്കിയിട്ടില്ല. പൂജാമുറിയുടെ പുഷ്പ ദ്വാരത്തിലൂടെ കുപ്പി ചെരിച്ചു പിടിച്ചു ഒഴുക്കി കളയും. പിറ്റേന്ന് രാവിലെ നോക്കിയാൽ ഭിത്തിയിൽ മരുന്ന് പോയ വരയിലൂടെ മണിയൻ ഉറുമ്പുകൾ നിരനിരയായി കേറി വരുന്നത് കാണാം. അപ്പൊ പിന്നെ എന്തിനാണ് ഈ വയറുവേദന എന്ന് നിങ്ങൾക്കും തോന്നുന്നുണ്ടാകും അല്ലേ, അവിടെയാണ് ട്വിസ്റ്റ്. സമദ് ഡോക്ടറെ കണ്ട് പുറത്തിറങ്ങിയാൽ അടുത്തുള്ള ഹോട്ടലിൽ നിന്നും ചൂട് പൊറോട്ടയും മുട്ടറോസ്റ്റും വാങ്ങിത്തരും അച്ഛൻ. രാജപുരം വരെ വന്നതിനുള്ള ടോക്കൻ. അതിനു വേണ്ടിയായിരുന്നു എണ്ണമില്ലാത്ത ഈ വയറു വേദന നാടകങ്ങൾ. ഇത്രയും ചരിത്രം.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ തുടങ്ങിയതാണ് ഒരു വയറ് വേദന. വേദന എന്ന് പറഞ്ഞാൽ കൊല്ലുന്ന വേദന. ജീവിതത്തിൽ ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത വേദന. ഇരിക്കാനും നിൽക്കാനും കിടക്കാനും വയ്യ. ഫുഡ് ഇൻഫെക്ഷൻ ആണ് എന്ന് ആദ്യം കരുതി. രാത്രി 1 മണി ആയിക്കാണണം. തൊണ്ടയിൽ കൈ കുത്തിക്കയറ്റി ലോകം പൊട്ടുമാർ ശബ്ദം ഉണ്ടാക്കി ഛർദിച്ചു നോക്കി. ഒച്ച കേട്ട് താഴെ വീട്ടിൽ നിന്നും അച്ഛനും അമ്മയും എഴുന്നേറ്റ് വന്നു. പക്ഷെ വേദന മാത്രം മാറുന്നില്ല. രാവിലെ വരെ കടിച്ചു പിടിച്ചു ഇരുന്നു, അടുത്തുള്ള ക്ലിനിക്കിൽ പോയി ഒരു ഇൻജക്ഷൻ എടുത്തു. നോ രക്ഷ.

മാറും മാറും എന്ന് കരുതി വീട്ടിൽ വന്ന് വളഞ്ഞുകുത്തി കിടന്നു. ഇല്ല. പയർ മണി പോലെ പാഞ്ഞു നടക്കുന്ന ചെക്കന്റെ കിടപ്പ് കണ്ട് വീട്ടുകാർക്കും വേവലാതി. ടീച്ചറുടെ അച്ഛനാകട്ടെ ഓരോ പത്തു മിനുട്ടിലും പടി കയറി മേലെ വന്ന് വേദന മാറിയോ എന്നു നോക്കുന്നു. എന്റെ വേദനയിലും കഷ്ടമാണ് അച്ഛന്റെ മുഖം കണ്ടാൽ. ഇങ്ങനെയും മക്കളെ സ്നേഹിക്കുന്ന അച്ചന്മാർ ഉണ്ടാകുമോ.. പണ്ട് ഇല്ലാത്ത വേദനക്കാരനായ എന്നെയും തൂക്കി അട്ടേങ്ങാനത്തേക്ക് ഓടിയപ്പോൾ അച്ഛന്റെ കണ്ണിലും ഇതേ വിങ്ങൽ ആയിരുന്നിരിക്കണം. അന്ന് ഞാൻ അത് ശ്രദ്ധിച്ചില്ല. മഹാപാപം.

വൈകുന്നേരത്തോടെ സംഗതി തിരിഞ്ഞു. അപ്പൻഡിക്‌സ് ആണ്. ആശുപത്രിയിൽ വന്നു. ഒരു കീഹോൾ സർജറി കൊണ്ട് വേദന മാറി. ഇഷ്ടൻ അകത്തു ബസ്റ്റ് ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഒന്നു ഞെട്ടിയത് ഒഴിച്ചാൽ വേറെ പ്രശ്നമൊന്നും ഇല്ല. ഇപ്പൊ ഇതാ വീട്ടിൽ പോകാൻ സമയം കാത്ത് ഇരിക്കുന്നു.. കുറച്ചു ദിവസം റെസ്റ്റ് വേണം. തോന്നും പോലെ നടന്നതല്ലേ, ഇനി കുറച്ചു ദിവസം തൊഴുത്തിൽ തന്നെയാണ് പുല്ലും വെള്ളവും.

ജീവിതത്തിൽ ആദ്യമായിട്ടാണ് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. അതും മൂന്ന് ദിവസമൊക്കെ.
അതിന്റെ ഒരു വല്ലായ്കയാണ്. മൂന്ന് ദിവസവും ടീച്ചർ കട്ടയ്ക്ക് കൂടെ തന്നെ ഉണ്ട്.. സെപ്റ്റംബർ അഞ്ചിന്റെ കാളരാത്രി മുതൽ കഥയും കവിതയുമായി മറ്റൊരാൾ കൂടി കൂടെയുണ്ട്. ലോകത്തിന്റെ മറ്റൊരു മൂലയ്ക്ക് നിന്നും ചുള്ളിക്കാടിന്റെയും നന്ദിതയുടെയും സച്ചിദാനന്ദന്റെയും കവിതകൾ നിർത്താതെ അയച്ചുതന്ന് എന്നെ ഉറങ്ങാൻ വിടാതിരുന്ന ഒരാൾ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കൂട്ടുകാരി. അവരോടും കൂടി നന്ദി പറഞ്ഞ് വേണം ജീവിതത്തിലെ ആദ്യത്തെ ആശുപത്രിവാസം കഴിഞ്ഞു ഇറങ്ങാൻ...

കഥകൾ ആലോചിച്ച് ഇരിക്കുമ്പോൾ ആഷ്‌ലി വിളിക്കുന്നു... 'എടാ അപ്പൻഡിക്‌സ്‌ ഇല്ലാത്തവനേ..'
'ഉണ്ടായിരുന്നതാണ് സർ, അവർ മുറിച്ചെടുത്തതാണ്‌..' :)

ഓണസദ്യ 2017

വീടിനടുത്ത് ഒരു കേരള ഹോട്ടലുണ്ട്. ഹോട്ടൽ എന്നൊന്നും പറഞ്ഞൂട, പാർസൽ മാത്രം. പത്മപ്രിയയെ പറ്റി ശൈലൻ പറഞ്ഞത് ഓർമിപ്പിക്കുന്ന ചിരട്ടപ്പുട്ട് ഒന്നിന് 30 രൂപ. കടലാക്രമണത്തിന് 35 രൂപ. പിന്നെയെന്താ പുട്ട് പൊതിഞ്ഞ് തരുന്ന ചേച്ചിയെ ഓർത്ത് ഇടക്കിടെ അവിടെ പോകും. വളരെ മുമ്പാണ്, ഒരു ദിവസം അവിടെ പോയപ്പോൾ പുതിയൊരു ഐറ്റം, പൊതിച്ചോറ് - ശനിയാഴ്ച സ്പെഷലാണ്. ഇതെന്താ എന്ന് ചോദിച്ചപ്പോൾ, വാട്ടിയ ഇലയിൽ ചോറും ഉപ്പേരിയും അച്ചാറും മുട്ട പൊരിച്ചതും - ഇതാണ് സെറ്റപ്പ്. നൂറ്റമ്പതോ ഇരുന്നൂറോ എന്തോ ആണ് വില.

ഉള്ളിലുള്ള ഐറ്റത്തിലല്ല, പൊതിച്ചോറ് എന്ന പേരിലാണ് കാര്യം എന്ന് അന്ന് മനോഹരമായി ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞിരുന്നു. മലയാളികൾക്ക് അൽപം നൊസ്റ്റാൾജിയയുടെ അസുഖമുള്ളത് ശരിക്കും മുതലാക്കുകയാണല്ലേ എന്ന് ഞാനും കളിയാക്കി. പക്ഷേ ഈ പറഞ്ഞത് ശരിക്ക് മനസിലാകാൻ ഇന്നലെയൊരു ഓണസദ്യ കഴിക്കേണ്ടിവന്നു. ഹോട്ടലിന്റെ പേരാണ് കേമം - എന്റെ കേരളം. സ്ഥലം അള്‍സൂർ. സാധാരണ നമ്മളീ കേരള മെസ് കണ്ടാ ചവിട്ടിവിടലാണ് പതിവ്, ഇന്നലെ പെട്ടുപോയി.

പറയുമ്പോ ചോറുണ്ട്, ഉപ്പേരിയും കായ് വറുത്തതും സാമ്പാറും അച്ചാറും കാലനും ഓളനും കർണാടക ആണേലും പപ്പടവും നാല് തരം പായസവും ഒക്കെയുണ്ട്. രണ്ട് കു‍ഞ്ഞിപ്പിള്ളേരടക്കം ആറ് ഊണ് പറഞ്ഞിട്ട് തന്നത് നാല് പ്ലേറ്റ് ചോറ്, നോക്കിയപ്പോ ഇത് കഴിച്ചിട്ട് വീണ്ടും തരാമെന്ന്. അത് പിന്നെ ചോദിച്ചുമില്ല തന്നതുമില്ല. ചോറ് തന്നില്ലേലും ബില്ല് കിടിലനായിരുന്നു കേട്ടോ. ആറ് ഊണിന് ജിഎസ്ടി അടക്കം 5500 രൂപ. ജിഎസ്ടി മാത്രം വരും 998 രൂപ. തെറ്റില്ലാത്ത ഊണ് ഒന്നിന് 916 രൂപേ. അങ്ങനെ ഓണം പൊളിച്ച്.

കാര്യം ഓണമൊക്കെയാണ്, എന്നുമ്പറഞ്ഞ് ഇമ്മാതിരി നെറികേട് കാട്ടാമോ എന്റെ മലയാളി ബ്രോസ്. കാണം വിറ്റോണമുണ്ണാൻ പോയവന്റെ കോണം വരെ കീറിപ്പോകുന്ന സദ്യയായിപ്പോയി. ഓണം തെണ്ടി ഉണ്ടതിന്റെ ഒരു കഥ ചുള്ളിക്കാടിന്റെ ചിദംബര സ്മരണയിലുണ്ട്, നമ്മളിവിടെ ഓണമുണ്ട ശേഷമാണ് തെണ്ടിപ്പോയത് എന്ന് മാത്രം. രാത്രി എട്ട് മണിക്ക് കേറീട്ടും മുപ്പത് മിനുട്ടോളം ക്യൂ നിൽക്കണം എന്റെ കേരളത്തിൽ ഒരു കസേര ഒപ്പിക്കാനെന്ന് കൂടി ഓർക്കുമ്പഴാണ് പുട്ടും കടലയും പൊതിഞ്ഞ് പണ്ട് ചേച്ചി പറഞ്ഞ കാര്യം ശരിക്കും മിന്നിയത് - പേരിലാണ് കാര്യം. പേരിൽ മാത്രമാണ് കാര്യം.

ഫീലിങ് - ഹെന്റെ കേരളം എത്ര സുന്ദരം. ഇനി ഈ വഴിക്കില്ല.

Post has attachment
ഹാപ്പിയോണം.
Photo

പട്ടാളം പള്ളിക്ക് മേൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ ഒരു നിമിഷം കൂടി കാത്തുനിൽക്കില്ല എന്ന് തോന്നിയ ഒരു വൈകുന്നേരമാണ് തുണ്ടുകടലാസിൽ വിനയചന്ദ്രൻ മാഷിനെ അവൾക്കെഴുതിക്കൊടുത്തത് - ഒരു മഴനനയാൻ നീ കൂടെയുണ്ടായിരുന്നെങ്കിൽ / ഓരോ തുള്ളിയെയും നിന്റെ പേരിട്ട് വിളിക്കുമായിരുന്നു / ഒടുവിൽ നാം ഒരു മഴയാകും വരെ - എന്ന്. ഞാൻ കണ്ട ഏറ്റവും മനസുറപ്പുള്ള പെണ്ണ്, പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ മറുകുറിപ്പ് എഴുതി. ''പൊട്ടാ നീ ഇതിപ്പോ നനയാൻ തുടങ്ങുന്നേ ഉള്ളൂ? എത്ര കാലമായി നിന്നോടൊപ്പം ഞാനീ മഴ നനയുന്നു!!'' പിന്നെയൊരു പെയ്ത്തായിരുന്നു. ഇടവപ്പാതി മാറിനിൽക്കുന്ന പ്രണയപ്പെയ്ത്ത്.

വീക്കെൻഡ് സ്പെഷൽ മഴയാണ് ബാംഗ്ലൂരിൽ. ചെക്കനെ പൊത്തിപ്പിടിച്ച് സ്വർഗം കണ്ടുറങ്ങുമ്പോൾ അലാം, ഓഫീസിൽ പോകണം. കുറേ നേരം മഴ നോക്കി നിന്നു, മാറുന്നില്ല. പിന്നെ ബാക്ക് പാക്കിൽ ഡ്രസും എടുത്തുവെച്ച് മഴയിലേക്കിറങ്ങി. മഴയെന്ന് പറഞ്ഞാൽ ശരവർഷം മഴ. വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ, ഉച്ചത്തിൽ കവിതകൾ പാടി ഞാനും. വെയ്റ്റിങ് ഷെൽട്ടറുകളിൽ ഒതുങ്ങിനിൽക്കുന്നവർ അന്തംവിട്ട് നോക്കുന്നു, സംഗതി ശരിയാണ് റോഡിൽ വേറെ ഒരൊറ്റ ടൂ വീലറില്ല. ആളൊഴിഞ്ഞ റോഡിലെ വെള്ളക്കെട്ടിൽ ചിത്രം വരച്ച് കാറുകൾ ചീറിപ്പായുന്നു. തണുത്ത് വിറച്ച് പല്ല് കൂട്ടിയിടിക്കുന്നു. ഊട്ടുപുരയിൽ നിന്നും ഒരു ചൂട് ചായ. കൂട്ടിന് ആവി പറക്കുന്ന അപ്പവും കടലക്കറിയും - പ്രമാദം.

ഉള്ളിലവളാണ്, അവൾ മാത്രം. ഏറെക്കാലം ഞാൻ മറന്നിരുന്നവൾ. 'നിനക്ക് വേണ്ടി ഞാനെന്റെ ജീവിതം വേണ്ടെന്ന് വെക്കാം. എന്നാലും നിന്റെയൊപ്പം ജീവിക്കാൻ എനിക്ക് പറ്റില്ല, ഞാൻ വരില്ല' എന്ന് പറഞ്ഞവൾ. എങ്ങുമെത്തില്ല എന്നറിയാമായിരുന്നിട്ടം പരസ്പരം പ്രണയിക്കാതിരിക്കാൻ പറ്റാത്തത് കൊണ്ട് മാത്രം പ്രണയിച്ചു പോയവൾ. അതുവരെ അറിയാത്ത ജീവിതം പലതും എന്നെ പഠിപ്പിച്ചത് അവളാണ്. കുളിക്കുമ്പോൾ മാത്രം കരയാറുള്ള മറ്റൊരു കൂട്ടുകാരിയുണ്ട് എനിക്ക്, സ്വന്തം കവിൾത്തടങ്ങൾക്ക് പോലും കണ്ണുനീർ കൊടുക്കാത്തൊരു കിലുക്കാംപെട്ടി. ശരിയാണ്, അങ്ങനെ പറ്റുമെന്ന് ഇന്ന് എനിക്കും മനസിലായി. വാശി തീർക്കാനെന്ന പോലെ മഴ തിമിർത്തുപെയ്യുന്നു.. പ്രണയവും മഴയും കവിതയും ചേർത്ത് വെച്ചവനെ തല്ലണം - ഹോ എന്തൊരു ഫീലിങ്.

റിച്ച്മണ്ട് റോഡിലെ വെള്ളം മുഴുവൻ എന്റെ മേൽ തെറിപ്പിച്ച് ഒരു തമിഴ്നാട് രജിസ്ട്രേഷൻ ടാക്സി. എന്ന കൊടുമൈ സർ. നോക്കിയപ്പോ അയാൾ ചിരിക്കുന്നു, സോറി പറയുകയാണ്. ഞാനും ചിരിച്ചു. വൈകുന്നേരങ്ങളിൽ ഇഷ്ടം പോലെ നനഞ്ഞിട്ടുണ്ട്, ഇതാദ്യമായിട്ടാണ് ഇത്ര രാവിലെ. കൊതിതീരെ മഴയിലും പ്രണയത്തിലും മുങ്ങി കണ്ട വഴിയിലെല്ലാം ഓടിച്ച് ഓഫീസിലെത്തി. നനഞ്ഞതെല്ലാം പിഴിഞ്ഞ് മാറിയുടുത്ത് സീറ്റിലിരുന്നു. ഫോൺ ബെല്ലടിയോട് കൂടി ഫ്ളാഷ് ബാക്ക് തീർന്നു, ടീച്ചറാണ്. 'നിങ്ങൾ ഇതെവിടാണ്, ഓഫീസിലെത്തിയോ'. 'എത്തി'. 'കാറെടുത്ത് പോയിക്കൂടായിരുന്നോ'. 'സാരമില്ല'. 'ശരി' - കോൾ കട്ട് ചെയ്തു. ഇയർഫോൺ ചെവിയിൽ തിരുകി. ഹരിഹരനും കെ എസ് ചിത്രയും പാടിത്തുടങ്ങി...

''നീ കാറ്റ്ര്.. ഞാൻ മരം,
എന്ന സൊന്നാലും തലൈയാട്ടുവേൻ
നീ മഴൈ.. ഞാൻ ഭൂമി,
യെങ്ങ് വിഴുന്താലും യേന്തി കൊള്ളുവേൻ.
നീ വിഴി.. ഞാൻ ഇമൈ,
ഉന്നൈ സേരും വരെയ്ക്കും ഞാൻ ഉയിർത്തിരുപ്പേന്‍...''

പ്രണയമാണെങ്ങും.. പ്രണയം മാത്രം <3

വെളിപാടിന്റെ പുസ്തകം.

വല്ലോം പറഞ്ഞാൽ പറയും ഞാനും ദിലീപ് ഫാനാണെന്ന്. എന്നാലും പറയാതെ വയ്യ, ഒറിജിനൽ അനൂപ് മേനോൻ ഡബിൾ റോളിൽ വന്നിരുണേ ഇതിലും നന്നായേനെ.

ഫലം, ലേശം സോഫ്റ്റ് കോർണർ ഉണ്ടായിരുന്ന ലിച്ചിയെയും വെറുത്തുപോയി.

ഇതൊക്കെ ദിലീപ് ഫാൻസ് കൂവി വേണം തോൽപ്പിക്കാൻ എന്ന്‌ കണ്ട് പിടിച്ച മഹാനെ, ആന്റണി പെരുമ്പാവൂരിന്റെ കൂടെ ഫ്‌ളക്‌സ് അടിച്ചുവെക്കണം.

റേറ്റിങ് ഒന്നും ഇല്ല. കൂറ പടം.

Post has attachment
ഓഫീസിലെ ഓണപ്പൂക്കളത്തിന്റെ അവസാനഘട്ട മിനുക്ക് പണികളിൽ ഈ ഞാൻ ;)

#Onam2017
Photo

Post has attachment
പണ്ട്, എടക്കാനത്തെ വീട്ടിൽ നിന്നും നേരെ നോക്കിയാൽ അടുത്ത കുന്നിൻമുകളിൽ നക്സൽ ബേബിച്ചേട്ടന്റെ വീട് കാണാമായിരുന്നു. ആള് നക്സലായിരുന്നോ എന്നൊന്നും അറിയില്ല, പക്ഷേ നല്ല കിടിലൻ നാടൻവാറ്റ് കിട്ടും അവിടെ. ഒരൊറ്റ ഗ്ലാസടിച്ചാൽ പരലോകം കാണും. ജയിംസേട്ടന്റെ വീടരികത്തൂടി കുമാരേട്ടന്റെ തോട്ടം ചാടിക്കടന്ന് ഒരുകിലോമീറ്ററോളം താഴേക്ക് പോയാല്‍ എടക്കാനം ചാലായി. ആനയൊലിച്ചുപോകുന്ന ഒഴുക്കുണ്ടാകും ചിലപ്പോൾ. ആ ചാലിൽ കൂറ്റൻ ഡൈനമോ വെച്ച് കറക്കിയാണ് കുഞ്ഞുവർക്കിച്ചേട്ടൻ കറണ്ടുണ്ടാക്കിയിരുന്നത്. എടക്കാനം ചാല് മുറിച്ചുകടന്ന് വർക്കിച്ചേട്ടന്റെ വളപ്പിലൂടെ ഒരു കിലോമീറ്ററോളം കുത്തനെ കയറിയാൽ ബേബിച്ചേട്ടന്റെ വീട്ടിലെത്താം.

ഏതാണ്ടതാണ് ഇപ്പുറത്തെ കുന്നിൽനിന്നും ജോഗ് ഫാൾസ് നോക്കിനിന്നപ്പോള്‍ ഓര്‍മവന്നത്. രാജാ, റാണി, റോറർ, റോക്കറ്റ്.. ഒന്നിനോടൊന്ന് തൊട്ട് 830 അടിയിലേക്ക് ഹുങ്കാരശബ്ദമുണ്ടാക്കി വീണ് തകർക്കുകയാണ്. അടുത്ത് കാണാൻ വഴിയുണ്ട്. താഴേക്ക് പടിയിറങ്ങിയാൽ മതി. കൊടുംകാട്ടിലൂടെ 1400 പടികൾ. നല്ല വൃത്തിക്ക് സിമന്റ് ചെയ്തിട്ടിരിക്കുന്നു, കൈവരിയുമുണ്ട്. പോകാമെന്ന് ടീച്ചർ, പോയേ പോകണം എന്ന് വിവാൻ. ഒന്നും നോക്കീല കുത്തനെ പടിയിറങ്ങി. ഇറങ്ങി പാതിയെത്തിയപ്പോഴാണ് തിരിഞ്ഞത്, കാണും പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. തിരിച്ചുകേറാൻ വിയർക്കേണ്ടിവരും.

ടീച്ചറേയും മോനെയും നോക്കി, ഈ സാഹസം വേണോ എന്ന് തിരിച്ചുവരുന്നവർ ചോദിക്കുന്നു. ചിലരൊക്കെ തളർന്ന ചിരിയോടെ ടാറ്റ തരുന്നു. പിന്നെയും ഇറങ്ങി. 1200 പടിയെങ്കിലും ഇറങ്ങിയപ്പോഴേക്കും എനർജി തീർന്നു. സമയം വൈകിത്തുടങ്ങി, മഴ ഇപ്പോ പെയ്യും എന്ന മട്ടിൽ. താഴേക്ക് അധികമാരും പോകുന്നില്ല. 'കാണാൻ കൊതിക്കുമാ കൗതുകം കൂടിയും കാണാൻ കഴിഞ്ഞാൽ മറഞ്ഞുപോകും' എന്ന് ചങ്ങമ്പുഴ പാടിയതൊക്കെ വെറുതെയാണ്, ഇനീം അടുത്ത് പോയിരുന്നെങ്കിൽ ഇനിയും തകർപ്പനായേനെ കാഴ്ച. അത് മൂന്നരത്തരം. എന്നിട്ടും മനസില്ലാ മനസോടെ ഇറക്കം നിര്‍ത്തി. നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കി, തിരിഞ്ഞുനോക്കി തിരിച്ചുകയറി.

എന്നിട്ടും മോനെ ചുമക്കേണ്ടിവന്നു. പറ്റാതായപ്പോൾ നടത്തി. 'കാല് വേദനെ' എന്ന് മോൻ കരഞ്ഞുകൊണ്ടിരുന്നു. കുന്ന് കയറി വന്നവർ ടാറ്റ തന്നതല്ല കേറല്ലേ, കേറല്ലേ എന്ന് കാണിച്ചതാണ് എന്ന് അപ്പോഴാണ് മനസിലായത്. ഒരുവിധം മേലെയെത്തി. മുഹൂർത്തം നോക്കിയിരുന്ന പോലെ മഴയുമെത്തി. കൊടുംമഴയത്ത് കുറച്ച് നേരം. മഴമാറിയതും വീണ്ടും പുറത്തിറങ്ങി. കൈയ്യെത്തുംദൂരത്ത് നിന്നും മടങ്ങിയ സങ്കടത്തോടെ ഇക്കരക്കുന്നിൽ നിന്നും വെള്ളച്ചാട്ടം നോക്കിനിന്നു. ബാക്കിപടികളും കൂടി ഇറങ്ങണമായിരുന്നു എന്ന് നിർത്താതെ പറഞ്ഞുകൊണ്ടിരിക്കവേ, ഒരു നിമിഷം, കോടമഞ്ഞിറങ്ങിവന്ന് എല്ലാവരെയും മൂടി. അക്കരക്കുന്നിലെ വെള്ളച്ചാട്ടം പോയിട്ട് അടുത്ത് നിൽക്കുന്ന ടീച്ചറെ വരെ കാണാൻ വയ്യ. മാലോത്തെ കാടിറങ്ങിയ ശേഷം എത്ര കാലം കഴിഞ്ഞാണെന്നോ ഒന്ന് കോടയിൽ മുങ്ങി സ്വയംമറക്കുന്നത്.

മനസ് ഒരു നിമിഷം കൊണ്ട് കുന്നിറങ്ങി. നക്സൽ ബേബിച്ചേട്ടൻ കശുമാങ്ങ വാറ്റിയെടുത്ത മെർക്കുറി അന്നനാളത്തിലൂടെ എരിപോരി കൊണ്ടിറങ്ങി. മനസിനൊപ്പം ഇന്നതെന്ന് തിരിച്ചറിയാൻ പറ്റാത്ത വഴികളിലൂടെ പാഞ്ഞു. സർവ്വ പാപഘ്നയും രത്നഗർഭയുമായ പ്രകൃതി തൂവെള്ളനിറമുള്ള കൈകൾകൊണ്ട് ഞങ്ങളെ പൊത്തിപ്പിടിച്ചു. തലേന്നത്തെ ബസ് യാത്ര ഒരു നരകമായിരുന്നു, ഇതാണ് സ്വർഗം. ഇതാണ് പരമാനന്ദം. പാതിജീവന്റെ കൈ പിടിച്ച് സർഗസമാധിയിലെന്ന പോലെ ഞാൻ സർവ്വദുഖങ്ങളും മറന്ന് കണ്ണുംപൂട്ടി നിന്നു. ഉള്ളിൽ കുട്ടന്റെ ശബ്ദത്തിൽ വയലാർ പാടുന്നു.. 'ജീവൻ ജീവനിൽ പൂക്കുമാ രംഗങ്ങൾ ജീവിപ്പിക്കുന്ന ചൈതന്യം..''

കണ്ണ് തുറന്നത് അതിലും അതിമാരകമായ ഒരു കാഴ്ചയിലേക്ക്. ഒരു കർട്ടൻ നീക്കുന്ന ലാഘവത്തോടെ പ്രകൃതീമയി കോടമഞ്ഞിനെ ഒരു വശത്തേക്ക് നീക്കുന്നു. യാത്രയ്ക്കിടെ മൊബൈൽഫോൺ തൊടുന്നത് പോലും അലർജിയായ ടീച്ചറതാ ഓടിനടന്ന് വീഡിയോ പിടിക്കുന്നു. മഞ്ഞ് മാറി ആദ്യം ഇടത്ത് ഒറ്റക്ക് നിൽക്കുന്നൊരു വെള്ളച്ചാട്ടം. പിന്നെ രാജ, റോറർ, റോക്കറ്റ്, റാണി.. ഒന്നിന് പിറകെ ഒന്നായി ജോഗ് വശ്യമനോഹരിയായി മുന്നിൽ മുടിയഴിച്ചിട്ട് നിൽക്കുന്നു. ഇത് വരെ കണ്ടതൊന്നും ഒന്നുമല്ല, വെറും തീയറ്റർ പ്രിന്റ്. ഇതാണ് പളുങ്ക്, സാക്ഷാൽ എച്ച് ഡി. കുറച്ച് കാലത്തേക്കൊന്നും കണ്ണിൽനിന്ന് മറയാത്ത ആ മായക്കാഴ്ച വരച്ചിടാൻ വാക്കുകൾ പോര. സൈൻ ഓഫ് തരാനെന്നപോലെ മഴ തകർത്ത് പെയ്തു. ഞങ്ങൾ ജോഗ് വിട്ടിറങ്ങി.
Photo

നമ്മുടെ ഒരു പിഡിഎഫ് ഫാക്ടറി ഉണ്ടായിരുന്നില്ലേ??

ഇപ്പോ ആവശ്യം ടി പത്മനാഭന്റെ ഗൗരിയാണ്.

+സുധി
Wait while more posts are being loaded