അട്ടപ്പാടിയിൽ പ്രതീക്ഷ നൽകുന്നവർ
- - - - - - - - - - - - - - - - - - - -- - - - - - - - - -

"സാധ്യതകളുടെ പൊന്നുവിളയുന്ന ഊര്‌ "

അട്ടപ്പാടി ഗൂളിക്കടവ് മലവാരം ഊരിലെ തോതിമൂപ്പനും ഊരുവാസികളും തങ്ങൾക്കവകാശപ്പെട്ട ഭൂമി സമരം ചെയ്താണ് പിടിച്ചെടുത്തത്. പട്ടയം കിട്ടിയ മിച്ചഭൂമിയുടെ കാര്യത്തിൽ വനംവകുപ്പുമായി തർക്കമുണ്ടായിരുന്നു. രണ്ടുപ്രാവശ്യം വനംവകുപ്പ് കൃഷി നശിപ്പിച്ച് ഇവരെ ഇറക്കിവിടാൻ ശ്രമിച്ചു. ഇപ്പോൾ മുപ്പത്തിയഞ്ചോളം ഏക്കർ ഭൂമിയാണ് തോതി മൂപ്പനും കുടുംബത്തിനുമുള്ളത്. എൺപതോളം കുടുംബങ്ങളാണ് ഗൂളിക്കടവ് മലവാരം ഊരിൽ. കൃഷിസ്ഥലത്തുണ്ടാക്കിയ താത്കാലികവീട്ടിലാണ് തോതിമൂപ്പന്റെ താമസം; മകനും കുടുംബവും ഊരിലെ വീട്ടിലും. കപ്പ, വാഴ, ചോളം എന്നിവയാണ് വാണിജ്യാടിസ്ഥാനത്തിൽ മൂപ്പനും കുടുംബവും കൃഷിചെയ്യുന്നത്. ചീര, തക്കാളി, പയർ, ചേമ്പ്, ചേന, ബീൻസ് തുടങ്ങിയവ വീട്ടാവശ്യത്തിനും കൃഷിചെയ്യുന്നു. തന്റെ ഊരിൽ ഒരു ശിശുമരണംപോലും ഉണ്ടായിട്ടില്ലെന്ന് മൂപ്പൻ അഭിമാനത്തോടെ പറയുന്നു.


തോതിമൂപ്പനെയും കൂട്ടരെയും അലട്ടുന്ന പ്രശ്നം വെള്ളമില്ലായ്മയാണ്. മുകളിൽ കാവുണ്ടിക്കല്ലിൽനിന്നുള്ള തോടാണ് ഇവർക്ക് ആശ്രയം. തോടരികിലെ മണൽ മുഴുവൻ വാരിക്കഴിഞ്ഞു. കുന്ന് മുഴുവൻ നശിപ്പിച്ച് ക്വാറികളും റിസോർട്ടുകളും കാറ്റാടികളുമായി. ഇപ്പോൾ വേനൽത്തുടക്കത്തിലേ തോടു വറ്റാൻ തുടങ്ങും. വെള്ളത്തിന്റെ പ്രശ്നമില്ലാതിരുന്ന കാലത്ത് 100 ക്വിന്റൽ നെല്ലുവരെ ഉത്പാദിപ്പിച്ചിരുന്നതായി തോതി മൂപ്പൻ പറഞ്ഞു.
അഹാഡ്‌സ് കൃഷിയും ലക്ഷ്യമാക്കേണ്ടിയിരുന്നു
അട്ടപ്പാടിയിലെ പരിസ്ഥിതിപുനഃസ്ഥാപനത്തിനായി ജപ്പാന്റെ സഹകരണത്തോടെ നടപ്പാക്കിയതാണ് അഹാഡ്‌സ് (അട്ടപ്പാടി ഹിൽ ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി) പദ്ധതി. പരിസ്ഥിതി ഒരു പരിധിവരെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും (പുനഃസ്ഥാപിതമായ പരിസ്ഥിതി പരിപാലനക്കുറവുകൊണ്ടും ചൂഷണംകൊണ്ടും പഴയപടി ആകാറായി എന്നത് വേറെകാര്യം) ആദിവാസികളുടെ കൃഷിയെ പദ്ധതി ബാധിച്ചു.
അല്പമെങ്കിലും കൃഷി ചെയ്തിരുന്ന ആദിവസികൾ അഹാഡ്‌സിന്റെ വരവോടെ അതുമായി ബന്ധപ്പെട്ട പ്രവൃത്തികളിലേക്ക് തിരിഞ്ഞു. ഭൂമി തരിശ്ശിട്ട് അഹാഡ്‌സ് നൽകുന്ന വരുമാനമാർഗങ്ങളിലേക്ക് അവർ ശ്രദ്ധ തിരിച്ചു. ആ വരുമാനം ഒരു ദിവസം നിലയ്ക്കുമെന്നോ ഉപജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കേണ്ടിവരുമെന്നോ ആ പാവങ്ങൾ അറിഞ്ഞിരുന്നില്ല. മാത്രമല്ല, ആദിവാസികളെ കൃഷിചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികളൊന്നും അഹാഡ്‌സിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതുമില്ല. ആദിവാസി കർഷകർ ദീർഘകാലവിളകൾക്ക് സഹായം വേണമെന്ന് പലവട്ടം ആവശ്യമുന്നയിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. പുതിയ കൃഷിരീതികൾ പരിചയപ്പെടുത്തുകയോ ജലസേചനമാർഗങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്തില്ല. അഹാഡ്‌സിന്റെ വിപുലമായ പ്രവർത്തനപദ്ധതികളിൽ കാർഷികവൃത്തിക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അഹാഡ്‌സിന്റെ അവസാനകാലത്ത് ധാന്യകൃഷിക്ക് സഹായം നൽകാൻ ശ്രമം ഉണ്ടായെങ്കിലും അപ്പോഴേക്കും അഹാഡ്‌സ് പദ്ധതിതന്നെ അവസാനിച്ചു.
വെള്ളമുണ്ടെങ്കിൽ പൊന്നൻ ഇനിയും പൊന്ന് വിളയിക്കും
ആദിവാസികൾ കൃഷിയിൽനിന്ന്‌ അകലുമ്പോഴും കൃഷിയെ നെഞ്ചോടുചേർത്ത് പിടിക്കുകയാണ് തേക്കുവട്ട ഊരിലെ പൊന്നനും കുടുംബവും. അഞ്ചേക്കറോളം ഭൂമിയാണ് ഇവർക്കുള്ളത്. ഇതിലില്ലാത്ത കൃഷിയൊന്നുമില്ല. പന്ത്രണ്ടാം വയസ്സിൽ കൃഷിയിടത്തിലിറങ്ങിയ പൊന്നന് ഇപ്പോൾ വയസ്സ് 57. പാടത്തും പറമ്പിലും കൂട്ടായി ഭാര്യ കാളിയമ്മയും മക്കളും കൊച്ചുമക്കളും. പുറമേനിന്ന് ആരെയും പണിക്ക് വിളിക്കേണ്ട കാര്യമില്ല. ഉപ്പും റേഷനരിയും മാത്രം പുറമേനിന്ന് വാങ്ങിയാൽ മതി, ഈ കുടുംബത്തിന്.
65 തെങ്ങ്, 500 വാഴ, നെല്ല്, മരച്ചീനി, റാഗി, തുവര, ചോളം, മധുരക്കിഴങ്ങ്, പയർ, ചേമ്പ്, ചേന, ഉള്ളി, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കുരുമുളക്, നിലക്കടല, തീറ്റപ്പുൽ... പട്ടിക നീളുന്നു. ഒരിഞ്ച് സ്ഥലം പോലും വെറുതേയിടുന്നില്ല. കൃഷിക്ക് രാസവളമോ കീടനാശിനിയോ ഉപയോഗിക്കാറില്ല. സംസ്ഥാന സർക്കാരിന്റെ 2016-ലെ കർഷകജ്യോതി പുരസ്കാരജേതാവുകൂടിയാണ് പൊന്നൻ. ഏഴു പശുക്കളും 20 ആടുകളും 60 നാടൻ കോഴികളും ഈ കർഷകനുണ്ട്. വയലുഴാൻ മാടുകളെയാണ് ഉപയോഗിക്കുന്നത്. പശുക്കൾ നാടൻ ഇനമാണ്. ആട്ടിൻപാൽ ആട്ടിൻകുട്ടികൾക്ക് മാത്രമുള്ളതാണ്.മക്കളായ കൃഷ്ണകുമാർ, കൃഷ്ണവേണി, രമേശ്, ഗണേശൻ, രാജി, മദനഗോപാലൻ എന്നിവരും കൃഷിയുടെ വഴിയേയാണ്. എന്നാൽ, ആവശ്യത്തിന് വെള്ളം കിട്ടാത്തതാണ് ഈ കർഷകനെ കുഴക്കുന്നത്.
എങ്ങുമെത്താതെ അട്ടപ്പാടി ജലസേചനപദ്ധതി
മഴനിഴൽപ്രദേശമായ കിഴക്കൻ അട്ടപ്പാടിയെ ഹരിതാഭമാക്കാൻ ഉദ്ദേശിച്ച് ശിരുവാണി നദിയിൽ അണക്കെട്ട് വിഭാവനം ചെയ്തത് 1971-ൽ. ഇതുവരെ ഒന്നും നടന്നില്ല. പദ്ധതിക്കായി സ്ഥാപിച്ച ഓഫീസുകളും ജീവനക്കാരും അന്നുമുതലുണ്ട്. ചിറ്റൂരിനടുത്ത് വെങ്കക്കടവിലാണ് അണക്കെട്ട് നിർമിക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അട്ടപ്പാടി ജലസേചനപദ്ധതിക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പാരിസ്ഥിതികാഘാതപഠനത്തിന് കഴിഞ്ഞവർഷം അനുമതി നൽകി. പക്ഷേ, പഠനം തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും, തമിഴ്‌നാടിന്റെ എതിർപ്പുകാരണം അനുമതി പിൻവലിച്ചു.
കാവേരി ട്രിബ്യൂണൽ വിധിയനുസരിച്ച് കേരളത്തിന് ഭവാനിത്തടത്തിൽനിന്ന് ലഭിക്കേണ്ടത് 3.66 ടി.എം.സി. വെള്ളമാണ്. ഇപ്പോൾ ഒരു തുള്ളിപോലും കിട്ടുന്നില്ല. അട്ടപ്പാടി ജലസേചനപദ്ധതി നടപ്പാക്കി ശിരുവാണിപ്പുഴയിൽനിന്ന് 2.87 ടി.എം.സി. വെള്ളമെടുക്കാനാണ് അനുമതി.പുതൂർ പഞ്ചായത്തിൽ കൃഷിക്ക് വെള്ളമെത്തിക്കാനുള്ള അരളി പദ്ധതി, മുക്കാലിക്കടുത്ത് കരുവാരംപാമ്പുംതോട്ടിലെ പദ്ധതി എന്നിവയും പ്രാവർത്തികമാക്കാൻ തമിഴ്‌നാട് തടസ്സം നിൽക്കുന്നു. പദ്ധതികൾ തുടങ്ങുംവരെ വെള്ളം തമിഴ്‌നാടിന് ഉപയോഗിക്കാമെന്നാണ് ട്രിബ്യൂണൽ വിധി. അതുകൊണ്ട് പദ്ധതികളാരംഭിക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്.
വേണ്ടതല്ല ആദിവാസികൾക്ക് ലഭിച്ചത് -രാജൻ ഗുരുക്കൾ
ആദിവാസികൾക്ക് എന്തുവേണമെന്ന് തീരുമാനിക്കുന്നത് പദ്ധതികൾക്ക് രൂപം കൊടുക്കുന്നവരാണ്. അതുകൊണ്ട് പലപ്പോഴും അവർക്ക് വേണ്ടതല്ല ലഭിച്ചത്. പൊതുസമൂഹത്തിന് എല്ലാ ആദിവാസികളും ഒരുപോലെയായിരിക്കും. പക്ഷേ, ഇരുളരും കുറുമ്പരും മുഡുകരും എല്ലാ അർഥത്തിലും വ്യത്യസ്തരാണ് ഉപജീവനരീതിയിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും എല്ലാം. അതുകൊണ്ട് അവരുടെ ആവശ്യങ്ങളും വ്യത്യസ്തങ്ങളാണ്. പദ്ധതികൾകൊണ്ട് പലർക്കും വീടുണ്ടായി, തൊഴിലുണ്ടായി. കുട്ടികൾക്ക് കുറച്ചൊക്കെ അക്ഷരാഭ്യാസം കിട്ടി. പക്ഷേ, അവർ കൂടുതൽ ആശ്രിതരായിത്തീർന്നുവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മനസ്സുവെച്ചാൽ കേരളത്തിന്റെ പച്ചക്കറിക്കൊട്ട
വേണ്ടത്ര ജലസേചനസൗകര്യമുണ്ടെങ്കിൽ കേരളത്തിനാവശ്യമായ മുഴുവൻ പച്ചക്കറിയും അട്ടപ്പാടിയിൽ ഉത്പാദിപ്പിക്കാം. അതിനാവശ്യമായ വളക്കൂറുള്ള ധാരാളം ഭൂമി പല കാരണങ്ങളാൽ തരിശുകിടക്കുകയാണിവിടെ. ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭൂമി അഹാഡ്‌സ് കെട്ടിടത്തിന് തൊട്ടടുത്താണ്. നന്നായി കൃഷിചെയ്യാവുന്ന ഏകദേശം രണ്ടായിരം ഏക്കറോളം ഭൂമിയാണ് ഇവിടെയുള്ളത്. ഇതേപോലെ നിരവധി സ്ഥലങ്ങൾ വേറെയുമുണ്ട്. ജലസേചനസൗകര്യവും കാട്ടുമൃഗശല്യത്തിൽനിന്ന് രക്ഷയുമുണ്ടെങ്കിൽ ഇവിടെ പൊന്ന് വിളയിക്കാം.
കൃഷി ചെയ്യുന്നവർക്ക് ഒരു സർക്കാർ സഹായവും കിട്ടുന്നില്ലെന്ന് ഇവിടെ അല്പം കൃഷിയുള്ള ഭൂതിവഴി ഊരിലെ രേശന്റെ മകൾ ചിത്രവേണി പറഞ്ഞു. അഹാഡ്‌സിന് തൊട്ടടുത്തുള്ള ഭൂമിയിൽ വാഴയും തെങ്ങും കൃഷിചെയ്തിട്ടുണ്ട് ഇവർ. ഇവിടത്തെ കർഷകർ ചേർന്ന് രൂപവത്കരിച്ച ഭൂതിവഴി വെജിറ്റബിൾ ക്ലസ്റ്ററിൽ അംഗവുമാണ്. 20 അംഗങ്ങളുള്ള ക്ലസ്റ്ററിന്റെ അഗളി പഞ്ചായത്ത് ഓഫീസിനുമുമ്പിലുള്ള പച്ചക്കറി സ്റ്റാൾ നടത്തുന്നതും ചിത്രവേണിയാണ്. നിലവിൽ ആദിവാസികളുടെയോ മറ്റ് കൃഷിക്കാരുടെയോ ഉത്പന്നങ്ങൾ വിൽക്കാൻ ഒരു സംവിധാനവും അട്ടപ്പാടിയിലില്ല. വ്യാപാരികൾ പറയുന്ന വിലയ്ക്ക് സാധനങ്ങൾ വിൽക്കേണ്ടിവരുന്നു. ഹോർട്ടികൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് ബ്ലോക്ക് പഞ്ചായത്തുവഴി വിപണനകേന്ദ്രം ‘നിർമിതി’യെക്കൊണ്ട് നിർമിക്കാൻ തുടങ്ങിയത് പത്തുവർഷം മുമ്പേ. പണി പകുതിയിൽ നിൽക്കുന്നു.

http://www.mathrubhumi.com/features/social-issues/attappady-tribals-1.1988500
Shared publiclyView activity