ഗോധ്ര സംഭവത്തിന്റെ പിറ്റേ ദിവസം പ്രാദേശിക ഭാഷാ പത്രമായ സന്ദേശിൽ ഒരു വാർത്ത വന്നിരുന്നു, വലിയ പ്രാധാധ്യത്തോടെ. പത്തോളം ഹിന്ദു യുവതികളുടെ 'മാനഭംഗം' ചെയ്യപ്പെട്ട രീതിയിലുള്ള മൃതദേഹങ്ങൾ ഗോധ്രയിലെ നദീതീരത്തു നിന്ന് കണ്ടെടുത്തു എന്നായിരുന്നു വാർത്ത. ആ വാർത്ത വ്യാജമായിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലായിരുന്നു. സന്ദേശ് വാർത്ത, പൊട്ടിത്തെറിക്കാൻ കാത്തിരുന്ന ജനങ്ങൾക്കിടയിൽ വളരെ വേഗം പ്രചരിച്ചു. മുൻപൊരിക്കലുമില്ലാത്ത വിധം 2002 ലെ വംശഹത്യാക്കാലത്ത് സ്ത്രീകൾ ക്രൂരമായി ആക്രമിക്കപ്പെടാൻ കാരണം ഇതായിരുന്നു. പതിനഞ്ച് ദിവസങ്ങൾക്കു ശേഷം പത്രം, വാർത്ത പിൻവലിച്ചു. പക്ഷേ ആ ദിവസങ്ങളിൽ മനുഷ്യർ ക്രൂരമായി കൊല്ലപ്പെട്ടു കൊണ്ടേയിരുന്നു. പ്രാദേശിക ചാനലുകളേയും പത്രങ്ങളേയും വംശഹത്യാ കാലത്ത് തെറ്റായി ഉപയോഗപ്പെടുത്തിയതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിലും പറയുന്നുണ്ട്. വർഗ്ഗീയ കലാപങ്ങളുടെ നാട് തന്നെയായിരുന്നു എക്കാലവും ഗുജറാത്ത്. പക്ഷേ ആ ഒരൊറ്റ വ്യാജവാർത്ത 2002 ലെ വംശഹത്യയ്ക്ക് ഉൾപ്രേരകമായി മാറി. കൃത്യമായ ആസൂത്രണങ്ങൾ നടത്തി, പാകപ്പെടുത്തി, ഒരുക്കിയിട്ട് കാത്തിരുന്ന കൊലക്കളത്തിലേക്ക് കത്തിച്ചിട്ട തിരിയായിരുന്നു ആ വ്യാജവാർത്ത.

കുമ്മനം രാജശേഖരന്റെ വ്യാജട്വിറ്റർ ദൃശ്യങ്ങൾക്കും സന്ദേശ് വാർത്തയുടെ ഭൗത്യം തന്നെയാണ് ഉണ്ടായിരുന്നത്. അത് സംഘപരിവാറിന്റെ ദേശീയ നയപരിപാടിയാണ്. തൽക്കാലം ഉദ്ദേശ്യം നടന്നില്ല എന്ന് മാത്രം. പക്ഷേ പല രൂപത്തിലും ഭാവത്തിലും അവസരം കിട്ടുന്ന എല്ലാ പഴുതുകളിലും വൈകാരികതയുടെ കത്തിച്ചു പിടിച്ച തിരികൾ തിരുകി വെയ്ക്കാൻ ശ്രമിക്കുന്നുണ്ട് സംഘപരിവാർ. ശോഭാ സുരേന്ദ്രൻ വൈധവ്യത്തെക്കുറിച്ച് ഉച്ചത്തിൽ വികാരഭരിതയാവുന്നത് ഈ ഉദ്ദേശ്യത്തോടെയാണ്. വർഗ്ഗീയ കലാപങ്ങളുടെ മാത്രമല്ല രാഷ്ട്രീയ കലാപങ്ങളുടെയും ചെറുതല്ലാത്ത ചരിത്രമുണ്ട് കേരളത്തിന്. പുരോഗമന നാട്യങ്ങൾ കൊണ്ട് മറച്ചു പിടിച്ചാൽ മറയുന്നതല്ല ആ ചരിത്രം. എളുപ്പം മുറിവേൽക്കുന്ന, ദുർബലമായ വൈകാരികത. ഒന്ന് പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ള വൈകാരികത. ക്രൂരമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന സംഘപരിവാറിന് ഈ പ്രകോപനമാണ് രാഷ്ട്രീയ പ്രവർത്തനം.

അഹിംസാ സൂക്തങ്ങൾ ഉരുവിട്ടും പരസ്പരം പഠിപ്പിച്ചും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് കർട്ടനിടാനാവില്ല. കൊലകളുടേയും പ്രതികാര കൊലകളുടേയും കാരണങ്ങൾക്ക് അതിനു പുറത്തുള്ളവരിൽ നിന്ന് സൊലൂഷൻ കണ്ടെത്താനും കഴിയില്ലായിരിക്കും. പക്ഷേ അവിടത്തെ വയലൻസ് യാഥാർത്യമാണ്. കൊന്നു തള്ളുന്ന, മരിച്ച വീഴുന്ന ആർ.എസ്.എസുകാരും സി.പി.എമ്മുകാരും യാഥാർത്യമാണ്. കൊല്ലില്ലെന്ന് തീരുമാനിക്കേണ്ടതും ഇവർ തന്നെ.

- fb / Manila C Mohan
Shared publiclyView activity