വേനൽക്കാലത്തെ ഞായറാഴ്ചകളിൽ ഞാനും അനിയനും അടിമപ്പണിയുടെ ഇരകളായിരുന്നു. അച്ഛനും അമ്മയും വീട്ടിലിരിക്കുന്ന ദിവസമാണു. വെട്ടം വീഴുന്നതും വിളി വരും. രണ്ടുമൂന്ന് വിളികൾക്കൊന്നും നമ്മൾ അനങ്ങൂല്ല. കമ്പ് വലിച്ചൊടിക്കുന്ന ശബ്ദം കേട്ടാൽ പിന്നെ ഒറ്റച്ചാട്ടമാണു മുറ്റത്തോട്ട്. അറ്റൻഷനിൽ നിൽക്കുമെന്ന് വിചാരിച്ചാണു ചാട്ടമെങ്കിലും പലപ്പോഴും നാലുകാലിലായിരിക്കും ലാൻഡിങ്ങ്. അഥവാ അറ്റൻഷൻ പൊസിഷൻ മാനേജ് ചെയ്ത് ലാൻഡ് ചെയ്താലും പുറകേ ചാടുന്ന അനിയൻ റൗഡി എന്നെ ശവാസനത്തിലേക്ക് തള്ളിയിടും. ഞങൾടെ ലാൻഡിങ് കഴിഞ്ഞാൽ അച്ഛൻ വടികളഞ്ഞ് വല്യ നീളൻ തോട്ടിയെടുത്ത് തോളിൽ വച്ച് മലകയറാൻ തുടങ്ങും. ബക്കറ്റും തൂക്കി പുറകേ ഞങ്ങളും.

കശുവണ്ടി പറിക്കാനുള്ള പോക്കാണു. മഞ്ഞയും ചുവപ്പും നിറങ്ങളിൽ വിളഞ്ഞ് പഴുത്ത് നിൽക്കുന്ന കശുമാങ്ങകളെ കൊമ്പുകുലുക്കി താഴെ വീഴ്ത്തി കശുവണ്ടിയെ പിരിച്ച് വേർപെടുത്തി ബക്കറ്റിലാക്കണം. സർവ്വ കശുമാവിൻ ചുവട്ടിലും പെറുക്ക് ഞങ്ങൾടെ ജോലിയാണു. ഉടുപ്പെല്ലാം കശുമാങ്ങ കറയാകുന്നതിനു എല്ലാം കഴിയുമ്പോ അമ്മയുടെ വക വേറെ. എന്തിനേറെ പറയണു ഞായറാഴ്ചകൾ എല്ലാം ക്രൂരന്മാരായിരുന്നു.

അങ്ങനെ ക്രൂരത നിറഞ്ഞ ഒരു ഞായറാഴ്ച ഞങ്ങൾ വലിച്ചെറിയുന്ന കശുമാങ്ങകൾ കണ്ട് അയലോക്കത്തെ ജിജി ചേച്ചി പറഞ്ഞു, ഇതു കൊണ്ട് വൈനുണ്ടാക്കാൻ പറ്റുമെന്ന്. ഒരു വിവരണോം തന്ന്. ഞാനും അനിയനും കണ്ണിൽക്കണ്ണിൽ നോക്കി ഡൺ പറഞ്ഞു. ഒന്നും കളയാതെ എല്ലാം പെറുക്കിക്കൂട്ടി വച്ച്. ക്രൂരക്രൂരതകളവസാനിപ്പിച്ച് അച്ഛനുമമ്മയും ഒരു കല്യാണത്തിനു പോയി. ഒറ്റ സെക്കന്റ് പോലും പാഴാക്കാതെ കശുമാങ്ങകളെ താഴെയെത്തിച്ച് കഴുകി വെടിപ്പാക്കി ചെരുവത്തിലിട്ട് മരക്കൈയിലു കൊണ്ട് ഇടിതുടങ്ങി. ഇടിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത് കുറേ പഞ്ചസാരയിട്ടിളക്കി കുപ്പീലൊഴിച്ച് അതിലേക്ക് ഒരുപിടി ഗോതമ്പും ദൈവത്തെ ധ്യാനിച്ച് വലിച്ചെറിഞ്ഞ് കോർക്ക് ഇടിച്ച് കയറ്റി അടച്ച് മണലിൽ കുഴിച്ചിട്ടു. തെളിവുകളെല്ലാം നശിപ്പിച്ച് മര്യാദരാമനും രാമിയുമായ് നമ്മൾ അച്ഛനേയും അമ്മയേയും കാത്തിരുന്നു.

പതിനഞ്ചാം ദിവസം കുപ്പി മണലീന്ന് പൊക്കണം‌. ദിവസമെണ്ണിയിരുന്ന ഞങ്ങൾക്ക് മുന്നിൽ പിന്നേം ക്രൂര ഞായർ. സംയമനത്തോടെ രാവിലത്തെ അടിമപ്പണികൾ കഴിഞ്ഞ് ഒരവസരത്തിനായ് ഞങ്ങൾ കാത്തിരുന്നു. ഉച്ചയുറക്ക നേരത്ത് ഞങ്ങൾ പണിതുടങ്ങി. കുപ്പിപൊക്കി. പക്ഷെ കോർക്ക് ഊരിവരണില്ല. കമിഴ്ത്തിയും കുലുക്കിയും ഒക്കെ നടത്തിയ ശ്രമങ്ങൾ പാഴായി.
അങ്ങനെയാണു കോർക്ക് കടിച്ചൂരാൻ ഞാൻ പ്രയത്നം തുടങ്ങിയതു. സർവശക്തിയുമെടുത്ത് കോർക്കിൽ കടിച്ച് പിടിച്ച് ഒറ്റവലി. ചീറ്റിപ്പോയ ഓലപ്പടക്കത്തിന്റെ ശബ്ദത്തോടെ കോർക്കു കുപ്പിയിൽ നിന്ന് വേർപെട്ട്. തുറന്ന കുപ്പിയിൽ നിന്ന് പുറത്തേക്ക് ചീറ്റിയ ദ്രാവകം ഒട്ടും പുറത്ത് പോകാതെ എന്റെ കണ്ണിലേക്കും മൂക്കിലേക്കും വായിലേക്കും പതഞ്ഞൊഴുകി. നുരഞ്ഞ്പൊന്തിയൊഴുകിപ്പോകുന്ന വൈനെ തടുത്ത് നിർത്തി അടയ്ക്കാൻ അനിയൻ ശ്രമം നടത്തുന്നു. വൈനെന്ന ദ്രാവകം ഇടിച്ച് കയറിയ ആഘാതത്തിൽ വായിലകപ്പെട്ട കോർക്കെടുക്കാനാവാതെ ഞാൻ കണ്ണുമിഴിക്കുന്നു. ഇതിന്റെ ഇടയിലേക്ക് വലിഞ്ഞ് കയറി വന്ന അച്ഛനും അമ്മയും കൂടി ആയപ്പോഴേക്കും ആ ഞായറാഴ്ച എന്നിലെ വൈൻ മേക്കർ ദിവംഗതയായി.

മുതിർന്നതെന്നും മൂത്തതെന്നും ഉള്ള ആനുകൂല്യത്തിൽ എക്സ്ട്രാ കിട്ടിയ അടികളുടെ നീറ്റലിൽ മനംനൊന്ത് പട്ടിണികിടന്ന് പ്രതിഷേധിക്കുന്ന എന്റെയടുത്ത് മൂക്കുമുട്ടെ കപ്പയും ചിക്കനും അടിച്ചുകയറ്റീട്ട് വന്ന അനിയന്റെ ചോദ്യം, അത് ശരിക്കും വൈനാരുന്നോടി, എനിക്കിച്ചിരിപോലും കിട്ടീല്ല എന്ന്. ഒറ്റച്ചവിട്ടിനു അവനെ കട്ടിലിൽ നിന്ന് താഴെ വീഴ്ത്തി ഞാൻ കപ്പേം ചിക്കനും കഴിക്കാൻ പോയി. ഇനി അതിനും കൂടെ മനസ്താപപ്പെടാൻ വയ്യ!
Shared publiclyView activity