ബാലരമയും പൂമ്പാറ്റയും കഴിഞ്ഞ് 'മ' പ്രസിദ്ധീകരണങ്ങളോടെ അന്ത്യശ്വാസം വലിക്കേണ്ടിയിരുന്ന എന്റെ വായനാലോകത്തെ വെന്റിലേറ്റർ കടലോരത്ത് ഒരു ബാലൻ എന്ന റഷ്യൻ പുസ്തകമായിരുന്നു. രണ്ട് നോവലുകളുള്ള ആ പുസ്തകം ഒരു നാലാംക്ലാസുകാരിക്ക് സമ്മാനിച്ചപ്പോൾ വായനയുടെ ആകാശങ്ങളിലേക്കുള്ള ഏണിപ്പടിയാകുമെന്ന് അമ്മാവൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. മനോഹരമായ പുറംചട്ടയിൽ കട്ടിയുള്ള ബൈന്റും ക്വാളിറ്റിയുള്ള പേപ്പറും പ്രിന്റിങ്ങും. ഒറ്റരാത്രി കൊണ്ട് ഒരു നോവൽ‌ വായിച്ചുതീർത്തു. മൈമോസപ്പൂക്കളുടെ ഗന്ധം. ചെറി തിന്ന് ചുവന്നുപോയ ന്യൂറ എന്ന പെൺകുട്ടി. കാറ്റിൽ വീണുചിതറിപ്പോയ മക്രോണി. ഉരുളക്കിഴങ്ങ് പുഴുങ്ങുന്ന കോസ്ത്യയുടെ അമ്മ. അന്നുവരെ വായിച്ചതിൽ നിന്നെല്ലാം വിത്യസ്തമായി എന്റെ മനസിൽ ഇമേജറികൾ രൂപപ്പെട്ട് സന്തോഷവും ദു:ഖവും എല്ലാം അനുഭവപ്പെട്ടു തുടങ്ങി. ആ പുസ്തകം ആയിരക്കണക്കിന് പ്രാവശ്യം ഞാൻ വായിച്ചിട്ടുണ്ടാകണം. കാരണം അതായിരുന്നു എന്റെ ആദ്യത്തെ പുസ്തകം.

വായിച്ച് തീർന്നെന്നറിഞ്ഞപ്പോൾ അമ്മാവൻ ചോദിച്ചു, എന്താണു ഈ നോവലുകളുടെ ഉള്ളടക്കം എന്ന്. കോസ്ത്യ അമ്മാവന്റെ വീട്ടിൽ പോകുന്നു, സഷൂക് മീൻപിടിക്കാനും. എത്ര സിമ്പിൾ! അമ്മാവൻ ഒന്നും മിണ്ടിയില്ല. എന്റെ ഉത്തരത്തിൽ എന്തോ പന്തികേട് എനിക്കും തോന്നി.

പുസ്തകങ്ങൾ ശരിക്കും വെന്റിലേറ്ററായി.വായിക്കാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥ. ഒന്നും കിട്ടാതെ വരുമ്പോൾ കുഞ്ഞാന്റിയുടെ പുസ്തകങ്ങൾ എടുത്ത് വായിക്കും. സർക്കസും പോരാട്ടവും ഒക്കെ പഠിക്കുന്നതിനും മൂന്നുവർഷം മുൻപ് വായിച്ച് തീർത്തു. അച്ഛനോട് ഞാൻ കടപ്പെട്ടിരിക്കുന്നത് അന്നെനിക്ക് എടുത്തു തന്ന ലൈബ്രറി മെമ്പർഷിപ്പിനോടാണു.

ആദ്യത്തെ പുസ്തകം കിട്ടി രണ്ടുവർഷം കഴിഞ്ഞപ്പോൾ ലീവിനെത്തിയ അമ്മാവനോട് ഞാൻ പറഞ്ഞു, സാഹചര്യങ്ങൾ രണ്ട്കുട്ടികളെ പാകപ്പെടുത്തി എടുക്കുകയാണു ഈ നോവലുകളിൽ. കുട്ടികളുടെ ലോകത്തിൽ നിന്നും മാറി ഉത്തരവാദിത്തമുള്ള മകനോ സുഹൃത്തോ ഒക്കെ ആയിത്തീരുകയാണു ഇതിലെ കഥാപാത്രങ്ങൾ. അന്നത്തെ ചോദ്യത്തിന്റെ ഉത്തരമാണെന്ന് ഞാനോർമ്മിപ്പിച്ചപ്പോൾ രണ്ടു വർഷം വേണ്ടിവന്നെന്ന് ചിരിച്ചു.

ആ ഉത്തരം പറയാൻ എന്നെ പ്രാപ്തയാക്കിയത് എംടിയെന്ന മഹാനായ എഴുത്തുകാരന്റെ പുസ്തകങ്ങളായിരുന്നു. വായന തീവ്രമായ വൈകാരിക അനുഭവമാകുന്നത് എംടിയിലൂടെയായിരുന്നു. മൗനത്തിന്റെ ആഴവും പ്രണയത്തിന്റെ ആർദ്രതയും വിഷാദത്തിന്റെ സൗന്ദര്യവും ദു:ഖത്തിന്റെ സാന്ദ്രതയും എനിക്ക് മുന്നിൽ അനാവൃതമായി. ചെത്തിമിനുക്കിയ കല്ലുകളെന്നപോൽ വാക്കുകളെ ഒതുക്കത്തോടെ നിരത്തി എംടി ശൈലിയിൽ ഇന്ദ്രജാലം സൃഷ്ടിച്ചു. അതിന്റെ മോഹവലയത്തിലാണു ഞാനിപ്പോഴും. ഇനിയുമൊരായിരം പൂർണ്ണ ചന്ദ്രന്മാരെ കാണാൻ ആ ഇന്ദ്രജാലക്കാരൻ ബാക്കിയാകട്ടെ...
Shared publiclyView activity