രണ്ടായിരത്തിയേഴ് എട്ട് കാലം. രാവിലെ പത്ത് മണിവരെ കിടന്നുറങ്ങാൻ പറ്റുന്ന സുന്ദര സുരഭില കാലം. അപ്പോഴാണു റൂമേറ്റ് നിത്യ എന്നെ ഉരുട്ടി വിളിക്കുന്നത്. നല്ലൊരു കുക്കാണെങ്കിലും ഹോസ്റ്റലിൽ കുക്കാൻ പറ്റാത്ത അവസ്ഥയിൽ മനം നൊന്തുഴറുന്ന ടീമാണു. വാർഡന്റെ കണ്ണുവെട്ടിച്ചുണ്ടാക്കുന്ന നൂഡിൽസായിരുന്നു അന്നത്തെ ഏറ്റവും വല്യ പാചകം. വിളി കേട്ടപ്പോ വല്ല ഫുഡ്ഡടീം ആയിരിക്കുമെന്നോർത്ത് ചാടിപ്പിടഞ്ഞെണീറ്റ്. അപ്പൊ പറയണു എന്റെ ശബ്ദം വേണന്ന്. എന്താണ്ട് റെക്കോർഡിങ്ങിനു. സ്വന്തം ശബ്ദം കാസറ്റിൽ റെക്കോർഡ് ചെയ്ത് കേട്ട് ഞെട്ടി ആ വൃത്തികേട് സ്വന്തം തൊണ്ടയിൽ നിന്നുത്ഭവിച്ചതാണെന്ന തിരിച്ചറിവിൽ ജീവിതമേ മടുത്ത വ്യക്തിയായ എന്നോട് തന്നെ ലെവളിത് പറയണം.

അച്ഛൻ ടേപ്പ് റെക്കോർഡർ വാങ്ങുന്ന വരെ ചിത്രക്കൊപ്പം നിൽക്കുന്ന ഭാവഗായികയെന്നായിരുന്നു എന്റെ വിചാരം. പാട്ടോട് പാട്ടുമായിരുന്നു. ടേപ്പ് റെക്കോർഡ് കൊണ്ടുവന്ന സന്ധ്യക്ക് അച്ഛൻ എന്നോട് പാടാൻ പറഞ്ഞു. ഞാൻ ചന്ദനലേപസുഗന്ധം ഭാവഗായികയായ് ആലപിച്ച്. അച്ഛനത് പ്ലെ ചെയ്തതും ഞാൻ ഞെട്ടിത്തരിച്ച്. കാളരാഗം എന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ ഭീകരതയോടെയും ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ ഞാൻ തളർന്നില്ല. ഭാവാത്മകമായി പാടിയാലും അല്ലെങ്കിലും ഞാൻ പാടുന്ന പാട്ടുകൾക്കെല്ലാം ഒരേ ഈണമാണെന്ന തിരിച്ചറിയലിൽ പിന്നെ അധികം അധ്വാനിക്കാൻ പോകാതെ ഞാനെന്റെ കച്ചേരി തുടർന്നു. പക്ഷെ പബ്ലിക് സ്പെയ്സുകളിൽ എന്റെ ഭാവഗാനം പുറത്തെടുക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. ആ എന്നോടാണിവൾ റെക്കോർഡിങ്ങിനു വരണമെന്ന് പറഞ്ഞത്!

എണീറ്റതിലും സ്പീഡിൽ ഞാനെന്റെ ബോഡിയെ തിരികെ ബെഡ്ഡിലേക്ക് ലാൻഡ് ചെയ്യിച്ച്. പക്ഷെ ആളു പിന്തിരിയുന്നില്ല. എന്റെ ശബ്ദമാധുര്യമല്ല ഗാംഭീര്യമാണു വേണ്ടതെന്ന് പറഞ്ഞപ്പോ എനിക്ക് ബോധിച്ച്. പാട്ടല്ല എന്നൂടി കേട്ടതോടെ അവിടംവരെ പോകാമെന്നായി.

കുളിച്ചൊരുങ്ങി സാധകം ചെയ്യാൻ കുളമില്ലാത്തോണ്ട് ചുമച്ച് കുരച്ച് കണ്ഠശുദ്ധിവരുത്തി റെക്കോർഡിങ്ങിനുപോയി. ശ്രീ റെഡിയായി ഇരിക്കണു റെക്കോർഡിങ്ങ് നടത്താൻ. സംഭവം എയർടെല്ലിനു വേണ്ടിയാണു. മൺസൂൺ ഹംഗാമ ഓഫേർസ് എല്ലാരും വിളിക്കുമ്പോ കേൾക്കണം. പേപ്പർ നോക്കി വായന തുടങ്ങി. അപ്പൊ ദാ താളം പോരാ ഭാവം പോരാന്നുമ്പറഞ്ഞ് ശ്രീ. എക്സൈറ്റ്മെന്റ് വേണം ത്രില്ലു വേണം പ്ലസന്റായിരിക്കണം. ഞാൻ നിത്യേനെ നോക്കി കണ്ണുരുട്ടുന്നു. അവളാകട്ടെ ദിപ്പോ ശര്യാവും ഒന്നൂടി പറയെന്ന്.

പറഞ്ഞ് പറഞ്ഞ് എന്റെ പരിപ്പിളകി. ശബ്ദത്തിന്റെ ഗാംഭീര്യം ഇപ്പോ വിസിലു വരാൻ പോകുന്ന പ്രഷർകുക്കറിന്റെ അവസ്ഥേലും. ഒരുവിധത്തിൽ എന്തൊക്കെയോ ധമാക്ക എന്നൊക്കെ പറഞ്ഞു വച്ച്. ഏത് റെക്കോർഡിങ്ങുകാരനും ഒരു നെല്ലിപ്പടിയൊക്കെ കാണുല്ലോ. അത് പലവട്ടം കണ്ടതുകൊണ്ടാവണം ബാക്കി താളവും ഭാവവും സോഫ്റ്റ്‌വെയർ വച്ച് ശര്യാക്കാമെന്ന് പറഞ്ഞ് ശ്രീ എന്നെ പാക്ക് ചെയ്തു.

ദിപ്പൊ വരും എന്റെ ശബ്ദമെന്ന് പറഞ്ഞ് കുറച്ച് നാൾ എയർടെല്ലു കൂട്ടുകാരെയെല്ലാാമ് വിളിയോട് വിളി. എന്റെ അകാരണമായ സ്നേഹം കണ്ട് അവരെല്ലാം അന്തംവിട്ട്. പിന്നെയാണു ആ ഭീകരസത്യമറിഞ്ഞത്, അപ്പ്രൂവലിനു പോയ ഓഡിയോ കേട്ട് ഏതോ എയർടെൽ മേധാവി ചോദിച്ചെന്ന് പിള്ളേരെക്കൊണ്ടാണോ ഡബ്ബ് ചെയ്യിച്ചതെന്ന്. ചോദ്യം മാത്രല്ല, അങ്ങേരത് റിജക്റ്റും ചെയ്തു. എന്തിനേറെ പറയുന്നു അങ്ങനെ രണ്ടാമത്തെ റെക്കോർഡിങ്ങും ദുരന്തമായവസാനിച്ചു. അന്നെടുത്ത പ്രതിജ്ഞ കാരണം ഒരു മലയാള സിനിമയിൽ ഡബ്ബ് ചെയ്യാൻ കിട്ടിയ മൂന്നാമത്തെ അവസരം ഞാൻ വേണ്ടെന്ന് വച്ച്. മലയാളത്തിന്റെ നഷ്ടം, അല്ലാതെന്ത് പറയാൻ!
Shared publiclyView activity