Profile cover photo
Profile photo
Sarija Sivakumar
ദൈവത്തിനു ബോറടിച്ചിരുന്നപ്പോ ചെയ്ത ക്രിയേഷനായതുകൊണ്ടാണ് ഞാനിങ്ങനെ തലതിരിഞ്ഞു പോയത് , അല്ലാണ്ടെന്റെ കുഴപ്പമൊന്നുമല്ലെന്ന് ആത്മാർത്ഥമായങ്ങ് വിശ്വസിക്കുന്നു.
ദൈവത്തിനു ബോറടിച്ചിരുന്നപ്പോ ചെയ്ത ക്രിയേഷനായതുകൊണ്ടാണ് ഞാനിങ്ങനെ തലതിരിഞ്ഞു പോയത് , അല്ലാണ്ടെന്റെ കുഴപ്പമൊന്നുമല്ലെന്ന് ആത്മാർത്ഥമായങ്ങ് വിശ്വസിക്കുന്നു.
About
Sarija Sivakumar's posts

ലോഫ്ലോറിൽ ഓടിക്കയറി സീറ്റുപിടിച്ച് യുടൂബിൽ പോസ് ചെയ്തു വച്ചിരുന്ന ഐൻസ്റ്റീനെ പിന്നെയും കാണാൻ തുടങ്ങി. ടൈം ട്രാവൽ! പാസ്റ്റ് എങ്ങോട്ടും പോയിട്ടില്ല, ഫ്യൂച്ചർ വരാത്തതല്ല, അതിലേക്കൊക്കെ കടന്നു ചെല്ലാൻ നമുക്ക് തൽക്കാലം വഴിയില്ല.

എങ്ങനെ വഴിയുണ്ടാക്കി പാസ്റ്റിൽ പോയി ചിലയിടങ്ങളൊക്കെ ഒന്നു കറക്റ്റ് ചെയ്ത് ബട്ടർഫ്ലൈ എഫക്റ്റ് പോലെ ജീവിതം ശര്യാക്കാമെന്ന് ചിന്തിക്കുമ്പോഴാണു തൊട്ടുമുന്നിലെ ഉയർന്ന പെട്ടിപ്പുറം സീറ്റിലേക്ക് ഒരമ്മച്ചി എത്തിപ്പിടിച്ച് കയറി ബാലൻസ് ചെയ്തിരിക്കുന്നത് കണ്ടത്. ഒട്ടും സെയ്ഫല്ലാത്ത പിടിവള്ളികളൊന്നുമില്ലാത്ത സീറ്റാണത്. പൊക്കമില്ലാത്തവർക്ക് കാലു നിലത്തൂന്നി ബാലൻസ് ചെയ്യാനുമാകില്ല. അനാവശ്യമായെപ്പോഴും പ്രവർത്തിക്കുന്ന സഹാനുഭൂതി ഉണർന്നെന്നെ കുത്താൻ തുടങ്ങി. അമ്മച്ചിക്ക് വിൻഡോ സൈഡ് സീറ്റ് കൊടുത്ത് ഞാൻ ഓപ്പോസിറ്റ് പെട്ടിപ്പുറത്ത് അഡ്ജസ്റ്റ് ചെയ്ത്. ഇനി വിഡിയോ കാണുക സാധ്യമല്ല. ബാലൻസ് തെറ്റി മറിഞ്ഞുവീഴാനും അത് ഞാൻ ഫെയ്സ് ചെയ്തിരിക്കുന്ന സഹയാത്രികരെല്ലാം കാണാനും അവളു മൊബൈലിൽ കുത്തിക്കൊണ്ടിരുന്ന് പറ്റീതാ എന്ന കുറ്റപ്പെടുത്തൽ ഉറപ്പായതുകൊണ്ടും എല്ലാം എക്സിറ്റ് ചെയ്ത് പുറത്തേക്ക് നോക്കിയിരുന്നു.

അപ്പോ ദാ അമ്മച്ചി തോണ്ടുന്നു, ടൈമെന്തായെന്ന്, ഒൻപതര എന്നുമ്പറഞ്ഞ് ഞാൻ പിന്നേം പുറത്ത് നോക്കിയിരുന്നു.ഹെഡ്ഫോൺ ചെവിയിൽ തന്നെ ഇരിക്കുന്നത് കൊണ്ട് ശബ്ദങ്ങളൊന്നും അധികം ബാധിക്കുന്നില്ല. അപ്പോഴാണു അമ്മച്ചിയെന്നെ ചെറഞ്ഞു നോക്കുന്നത് ശ്രദ്ധിക്കുന്നത്. ഞാൻ നോക്കിയതും അമ്മച്ചി പറയുന്നു, "ചെവീലു ഈ കുന്ത്രാണ്ടമൊക്കെ വച്ചോണ്ടിരുന്നാൽ കാറ്റുകയറാതെ ചെവിയടഞ്ഞ് കേൾവിക്കുറവുണ്ടാകും."
" ഹെന്തോന്ന്" ഞാനന്തംവിട്ട്. ഇവരാണെങ്കി ഉച്ചഭാഷിണി പോലെ നോയിസിയായ ശബ്ദത്തിലാണു സംസാരിക്കുന്നത്.എല്ലാവരും നോക്കുന്ന് ചിരിക്കുന്ന്.
"ഇപ്പോഴത്തെ പെൺപിള്ളെരും കൂടി ഇതും ചെവീ തിരുകി നടപ്പാ, പണ്ടത്തെകാലത്ത് ഇതൊന്നും നടക്കൂല്ലാർന്ന്. ഇപ്പൊ നെഗളിപ്പല്ലേ എല്ലാത്തിനും." അമ്മച്ചി അവസാന ആണീം അടിച്ച്.

ഒന്നുമ്മിണ്ടാതെ കണ്ണടച്ച് അനങ്ങാതിരുന്ന് ഞാനെന്നെ ആശ്വസിപ്പിച്ച്. അപ്പോ ദേ പിന്നേംഅമ്മച്ചി തോണ്ട്ന്ന്.
"അവിടിരുന്നുറങ്ങിയാ മറിഞ്ഞ് എന്റെ മേലേക്ക് വീഴും, ഉറങ്ങാതിരി. അല്ലേൽ തന്നെ ആ കുന്ത്രാണ്ടോം ചെവീലുവച്ചിരുന്നാ പിന്നെ ബോധോണ്ടോ" അമ്മച്ചി പിന്നേം ഞാനെടുത്ത് മാറ്റാതെ ചെവീൽ വച്ചിരിക്കുന്ന ഹെഡ്ഫോണിമ്മേൽ തൂങ്ങാൻ തുടങ്ങി. അമർത്തിച്ചിരിക്കുന്നവരും സഹതാപത്തോടെ നോക്കുന്നവരും ചുറ്റിലും.

വേലീലിരുന്ന പാമ്പിനെയെടുത്ത് വീട്ടിലു വച്ച സ്ഥിതീലു ഞാൻ. ആ പെട്ടിപ്പുറമാരുന്നേൽ അള്ളിപ്പിടിച്ചിരുന്നു അവനവന്റെ കാര്യം നോക്കുമായിരുന്ന അവർക്ക് സീറ്റ് കൊടുത്ത് പണിവാങ്ങിയ ഞാനാരായി!!

ബാലരമയും പൂമ്പാറ്റയും കഴിഞ്ഞ് 'മ' പ്രസിദ്ധീകരണങ്ങളോടെ അന്ത്യശ്വാസം വലിക്കേണ്ടിയിരുന്ന എന്റെ വായനാലോകത്തെ വെന്റിലേറ്റർ കടലോരത്ത് ഒരു ബാലൻ എന്ന റഷ്യൻ പുസ്തകമായിരുന്നു. രണ്ട് നോവലുകളുള്ള ആ പുസ്തകം ഒരു നാലാംക്ലാസുകാരിക്ക് സമ്മാനിച്ചപ്പോൾ വായനയുടെ ആകാശങ്ങളിലേക്കുള്ള ഏണിപ്പടിയാകുമെന്ന് അമ്മാവൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. മനോഹരമായ പുറംചട്ടയിൽ കട്ടിയുള്ള ബൈന്റും ക്വാളിറ്റിയുള്ള പേപ്പറും പ്രിന്റിങ്ങും. ഒറ്റരാത്രി കൊണ്ട് ഒരു നോവൽ‌ വായിച്ചുതീർത്തു. മൈമോസപ്പൂക്കളുടെ ഗന്ധം. ചെറി തിന്ന് ചുവന്നുപോയ ന്യൂറ എന്ന പെൺകുട്ടി. കാറ്റിൽ വീണുചിതറിപ്പോയ മക്രോണി. ഉരുളക്കിഴങ്ങ് പുഴുങ്ങുന്ന കോസ്ത്യയുടെ അമ്മ. അന്നുവരെ വായിച്ചതിൽ നിന്നെല്ലാം വിത്യസ്തമായി എന്റെ മനസിൽ ഇമേജറികൾ രൂപപ്പെട്ട് സന്തോഷവും ദു:ഖവും എല്ലാം അനുഭവപ്പെട്ടു തുടങ്ങി. ആ പുസ്തകം ആയിരക്കണക്കിന് പ്രാവശ്യം ഞാൻ വായിച്ചിട്ടുണ്ടാകണം. കാരണം അതായിരുന്നു എന്റെ ആദ്യത്തെ പുസ്തകം.

വായിച്ച് തീർന്നെന്നറിഞ്ഞപ്പോൾ അമ്മാവൻ ചോദിച്ചു, എന്താണു ഈ നോവലുകളുടെ ഉള്ളടക്കം എന്ന്. കോസ്ത്യ അമ്മാവന്റെ വീട്ടിൽ പോകുന്നു, സഷൂക് മീൻപിടിക്കാനും. എത്ര സിമ്പിൾ! അമ്മാവൻ ഒന്നും മിണ്ടിയില്ല. എന്റെ ഉത്തരത്തിൽ എന്തോ പന്തികേട് എനിക്കും തോന്നി.

പുസ്തകങ്ങൾ ശരിക്കും വെന്റിലേറ്ററായി.വായിക്കാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥ. ഒന്നും കിട്ടാതെ വരുമ്പോൾ കുഞ്ഞാന്റിയുടെ പുസ്തകങ്ങൾ എടുത്ത് വായിക്കും. സർക്കസും പോരാട്ടവും ഒക്കെ പഠിക്കുന്നതിനും മൂന്നുവർഷം മുൻപ് വായിച്ച് തീർത്തു. അച്ഛനോട് ഞാൻ കടപ്പെട്ടിരിക്കുന്നത് അന്നെനിക്ക് എടുത്തു തന്ന ലൈബ്രറി മെമ്പർഷിപ്പിനോടാണു.

ആദ്യത്തെ പുസ്തകം കിട്ടി രണ്ടുവർഷം കഴിഞ്ഞപ്പോൾ ലീവിനെത്തിയ അമ്മാവനോട് ഞാൻ പറഞ്ഞു, സാഹചര്യങ്ങൾ രണ്ട്കുട്ടികളെ പാകപ്പെടുത്തി എടുക്കുകയാണു ഈ നോവലുകളിൽ. കുട്ടികളുടെ ലോകത്തിൽ നിന്നും മാറി ഉത്തരവാദിത്തമുള്ള മകനോ സുഹൃത്തോ ഒക്കെ ആയിത്തീരുകയാണു ഇതിലെ കഥാപാത്രങ്ങൾ. അന്നത്തെ ചോദ്യത്തിന്റെ ഉത്തരമാണെന്ന് ഞാനോർമ്മിപ്പിച്ചപ്പോൾ രണ്ടു വർഷം വേണ്ടിവന്നെന്ന് ചിരിച്ചു.

ആ ഉത്തരം പറയാൻ എന്നെ പ്രാപ്തയാക്കിയത് എംടിയെന്ന മഹാനായ എഴുത്തുകാരന്റെ പുസ്തകങ്ങളായിരുന്നു. വായന തീവ്രമായ വൈകാരിക അനുഭവമാകുന്നത് എംടിയിലൂടെയായിരുന്നു. മൗനത്തിന്റെ ആഴവും പ്രണയത്തിന്റെ ആർദ്രതയും വിഷാദത്തിന്റെ സൗന്ദര്യവും ദു:ഖത്തിന്റെ സാന്ദ്രതയും എനിക്ക് മുന്നിൽ അനാവൃതമായി. ചെത്തിമിനുക്കിയ കല്ലുകളെന്നപോൽ വാക്കുകളെ ഒതുക്കത്തോടെ നിരത്തി എംടി ശൈലിയിൽ ഇന്ദ്രജാലം സൃഷ്ടിച്ചു. അതിന്റെ മോഹവലയത്തിലാണു ഞാനിപ്പോഴും. ഇനിയുമൊരായിരം പൂർണ്ണ ചന്ദ്രന്മാരെ കാണാൻ ആ ഇന്ദ്രജാലക്കാരൻ ബാക്കിയാകട്ടെ...

പണ്ട് പണ്ട് പണ്ട്, ഞാനൊക്കെ ഭൂമിയിലവതരിക്കുന്നതിനും മുന്നേ ഞാലിക്കാരുടെ വീട്ടിലെ കൊച്ചാപ്ല പറമ്പ് കിളച്ചോണ്ടിരിക്കുമ്പോ തൂമ്പാ എന്തിലോ പോയി തട്ടി. ഝിലും എന്നൊരു ശബ്ദോം കേട്ട്. തൂമ്പാ താഴെ വച്ച് രണ്ടുകൈയ്യും കൊണ്ട് കൊച്ചാപ്ല മണ്ണുമാന്താൻ തുടങ്ങി. മാന്തിപ്പൊക്കിയെടുത്തത് ഒരമ്മിക്കല്ല്. കറുപ്പ് പിടിച്ചിരിക്കണ അമ്മിക്കല്ലിൽ കൊട്ടിയാൽ പക്ഷെ ഝിലും ആണു കേൾക്കുന്നത്. ഒന്നു കഴുകാൻ പോലും മെനക്കെടാതെ സംഭവം തോർത്തിൽ പൊതിഞ്ഞ് കൊച്ചാപ്ല തട്ടാന്റടുത്തേക്കോടി. തട്ടാൻ എന്റെ അപ്പൂപ്പൻ കൊടുത്ത സ്വർണ്ണം കൊണ്ട് നെക്ലേസ് പണിയുന്ന തിരക്കിലാർന്ന്. രഹസ്യായ് കാണിച്ചുകൊടുത്ത ഐറ്റത്തിൽ തട്ടാൻ വല്യ താല്പര്യമൊന്നും കാണിച്ചില്ല.

"ഹാ, വല്ല പിത്തളയുമാരിക്കും, കൊച്ചാപ്ല പോയേച്ച് പിന്നെ വാ, ഞാനൊന്നുരുക്കി നോക്കാം."

കൊച്ചാപ്ല പിന്നേം കിളയ്ക്കാൻ പോയി.

രണ്ടാം ദിവസം കൊച്ചാപ്ല പിന്നേം തട്ടാനെക്കാണാൻ ചെന്നു.

"എന്തായി തട്ടാനെ നുമ്മടെ അമ്മിക്കല്ല്?"

"ഓഹ്, അത് പൊകഞ്ചുപോയ് കൊച്ചാപ്ലേ, മുഴോൻ ചെമ്പ്, സമയം മെനക്കേടായി, അല്ലാണ്ടെന്ത്"

തട്ടാന്റെ സമയം മെനക്കെടുത്തിയതിൽ ഖേദിച്ച കൊച്ചാപ്ല അരയിലെ മുണ്ടിന്റെ കോന്തലയിൽ കെട്ടിയിട്ട നാലണത്തുട്ടുകൾ അഴിച്ചെടുത്ത് കൊടുത്ത്. പക്ഷെ വിശാലഹൃദയനായ തട്ടാൻ അതു മടക്കിക്കൊടുത്ത് കൊച്ചാപ്ലേടെ ആദരവിനു പാത്രമായി.

ഒരാഴ്ചകഴിഞ്ഞ് അപ്പൂപ്പൻ നെക്ലേസ് വാങ്ങാൻ ചെന്നപ്പോ തട്ടാന്റെ പീടിക മരപ്പലകയിൽ കമ്പിയിട്ട് പൂട്ടിയിരിക്കുന്നു. മരപ്പലക ചിതലരിച്ചിട്ടും തട്ടാൻ പ്രത്യക്ഷപ്പെട്ടില്ല. അങ്ങനെയാണു എന്റെയമ്മയുടെ ആഭരണത്തിൽ നിന്ന് മൂന്നുപവന്റെ നെക്ലേസ് കുറഞ്ഞത്.

പിന്നേയും കുറച്ച്കാലം കഴിഞ്ഞപ്പോഴാണു തട്ടാൻ മറ്റൊരു നാട്ടിലെ ജ്വല്ലറി മുതലാളിയായ കാര്യം നാട്ടുകാരറിയുന്നത്. അപ്പോഴും പാവം കൊച്ചാപ്ല പറമ്പ് കിളച്ച് ജീവിച്ചോണ്ടിരുന്നു! 

ഫഹദാണു താരം. ഹീറോയിസത്തിന്റെ പൊടിപ്പും തൊങ്ങലുകളുമില്ലാത്ത വേഷങ്ങൾ ചെയ്ത് അഭിനയ ജീവിതത്തിനു കരുത്തു നൽകുന്ന നടൻ.
സിനിമയെക്കുറിച്ച് പറഞ്ഞാൽ സമൂഹത്തിന്റെ ഒരു നേർപതിപ്പ് സ്ക്രീനിൽ. അത്രയും സിമ്പിൾ. തമാശയ്ക്കുവേണ്ടിയുള്ള തമാശുകളില്ല. അനാവശ്യമായ ഒരു സീൻ പോലുമില്ല. സാരോപദേശങ്ങളില്ല. പോലീസുകാരായി അഭിനയിച്ച ആൾക്കാരെ കണ്ടുപിടിച്ച കാസ്റ്റിങ്ങ് ഡയറക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പ്രത്യേകിച്ച് ആ യൂണിഫോമിടാത്ത പോലീസുകാരന്റെ കാര്യത്തിൽ. ന്യൂ ജനറേഷൻ പിള്ളേരിൽ താരങ്ങൾ കുറവാ, അഭിനേതാക്കളാണു കൂടുതലും‌. അതാണു മലയാള സിനിമയ്ക്ക് വേണ്ടതും.

നായകനെ ഇന്റ്രൊഡ്യൂസ് ചെയ്യാൻ മാത്രം തിരക്കഥയിൽ ഒരു പേജെഴുതി അതു പറയിക്കാൻ ഒരു സഹനടനേയും വയ്ക്കുന്ന സീനുകൾ കണ്ട് ചെകിടിച്ചുപോയി. ഇനിയെങ്കിലും താരങ്ങൾക്കുവേണ്ടി സിനിമയുണ്ടാക്കുന്നത് നിർത്താൻ നേരമായെന്ന ബോധോദയം മലയാള സിനിമയ്ക്കുണ്ടാകട്ടെ!

ഗോവയിൽ നിന്ന് തിരിച്ച്‌ പോരുന്ന ട്രെയിൻ രാത്രി പതിനൊന്നുമണിക്കായിരുന്നു. ഒൻപത് മണിയായപ്പോഴേക്കും സ്റ്റേഷനെത്തി. നല്ല തിരക്കാണു പ്ലാറ്റ്ഫോമിൽ. ആളുകൾ നിലത്തൊക്കെ കൂട്ടംകൂടിയിരിക്കുന്നു. മൂന്ന് കുട്ടികളും ഉണ്ട് ഞങ്ങളുടെ കൂട്ടത്തിൽ. നോക്കുമ്പോൾ പേ & റെസ്റ്റ് അവൈലബിളാണു. ഒരാൾക്ക് 30 രൂപ. എ.സി, ബാത്രൂം ടോയ്ലറ്റ്, ടീവി എല്ലാമുണ്ട്. സ്വസ്ഥമായി കയറിയിരുന്നു. കുഞ്ഞന്മാർ ഉറക്കവുമായി. ട്രെയിൻ ടൈമായപ്പോൾ നേരെ ഇറങ്ങി ട്രെയിനിൽ കയറി.

ഇന്നലെ തമ്പാനൂരിൽ നിന്ന് നാഗർകോവിലിലേക്ക് പോകുന്ന ബസിൽ ആറുമാസം പ്രായമുള്ള ഒരു കുട്ടി നിർത്താതെ കരയുന്നു. രണ്ടമ്മൂമ്മമാരാണു കൂടെ. അവരു കുപ്പിപ്പാലു കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ തട്ടിമാറ്റുകയാണു കുഞ്ഞ്. കരഞ്ഞ് കരഞ്ഞ് കണ്ണും മൂക്കും മുഖമൊട്ടാകെ ചുവന്ന കുഞ്ഞിനെ കണ്ട് യാത്രക്കാരിൽ മിക്കവർക്കും ഒരു വിങ്ങലുണ്ടായി. അമ്മൂമ്മയോട് കാര്യം തിരക്കി. അവർ വളരെ വിഷമിച്ചു പറയുന്നു, മൂത്ത കുഞ്ഞിനു അസുഖമായിട്ട് ശ്രീചിത്രയിൽ അഡ്മിറ്റാണു. കൈക്കുഞ്ഞുമായി പേഷ്യന്റിന്റെ കൂടെ നിൽക്കാൻ പറ്റില്ല അതുകൊണ്ട് അമ്മൂമ്മമാർ രണ്ടും ഈ കുഞ്ഞുമായ് തിരികെ പോവുകയാണു. പക്ഷെ കുഞ്ഞ് ഒന്നും കഴിക്കുന്നില്ല, നിർത്താതെ കരച്ചിലും. തക്കലയാണു അവർക്ക് ഇറങ്ങേണ്ടത്. രണ്ടുമണിക്കൂർ യാത്രയുണ്ട്. ശാരീരിക അസ്വസ്ഥതയാണോ എന്നറിയാൻ ഞാൻ ഡയപ്പർ മാറ്റിയിട്ട് എത്ര നേരമായി എന്നൊക്കെ ചോദിച്ചു. അരമണിക്കൂർ പോലുമായിട്ടില്ല. അതിനിടയിൽ കുഞ്ഞിന്റെ അമ്മ ഫോൺ ചെയ്തു. ആദ്യം കേട്ടത് കുഞ്ഞിന്റെ കരച്ചിലാവണം. അവരും കരഞ്ഞുപോയിട്ടുണ്ടാവണം. അമ്മൂമ്മ ആശ്വസിപ്പിക്കുന്നുണ്ട്. വീട്ടിൽ ചെന്നാൽ എല്ലാം ശര്യാകും , നീ സമാധാനിക്ക് എന്നൊക്കെ.
കുഞ്ഞിനെ കൈയ്യിലെടുത്ത് പുറം കാഴ്ചകളിലേക്ക് ശ്രദ്ധതിരിക്കാൻ ഞാൻ ശ്രമിച്ചു. ഒന്നോ രണ്ടോ മിനുറ്റുകളുടെ നിശബ്ദതയ്ക്കു ശേഷം എന്റെ മുഖത്തേക്ക് നോക്കി പിന്നെയും കരച്ചിൽ. ഞാനിറങ്ങുന്നയിടമായപ്പോഴേക്കും കരഞ്ഞ് തളർന്നുറക്കമായി.

ഹോസ്പിറ്റലുകളോടനുബന്ധിച്ചും അത്യാവശ്യം റെസ്റ്റ് റൂമുകളുണ്ടെങ്കിൽ ഇവർക്ക് അവിടെ തങ്ങുകയോ അമ്മയ്ക്ക് ഇടയ്ക്ക് വന്ന് പാലൂട്ടി തിരിച്ചു പോവുകയും ചെയ്യാമല്ലോ എന്നോർത്തുപോയി. എത്രമാത്രം പ്രാക്റ്റിക്കലാണു എന്നറിയില്ല, ആ കുഞ്ഞു മുഖം മനസ്സിൽ തോന്നിച്ചതാണു :-/

Post has attachment
മഴക്കാലം തണുത്ത് വിറയ്ക്കുന്നൊരോർമ്മയാണു. എല്ലാം തണുത്തിരിക്കും, ഉടുപ്പുകളും പുതപ്പുകളും സ്റ്റീൽ പ്ലേറ്റുകളും എല്ലാം. രാത്രികളിൽ ആവിപറക്കുന്ന കഞ്ഞിക്ക് മുന്നിൽ കുളിർന്ന് വിറച്ചിരിക്കും. വാഴക്കൂമ്പ് തോരനും പപ്പടം കാച്ചിയതും ആവിപറക്കുന്ന കഞ്ഞിക്കൊപ്പം ചൂടോടെ വിളമ്പും. തണുപ്പിനൊരൽപ്പം ശമനം കിട്ടും.

നേരം പുലർന്നാൽ മഴയിലേക്കിറങ്ങും. മഴയുടെ പ്രളയത്തിൽ കുതിർന്ന് പതുപതുത്ത മണ്ണിൽ ചവിട്ടുമ്പോൾ ചുറ്റും വെള്ളം കിനിയും. ഓലപ്പുല്ലുകൾക്കിടയിലെങ്ങും തെളിനീരുപോലുള്ള വെള്ളക്കെട്ടുകൾ. വെള്ളത്തിനടിയിൽ ചാഞ്ഞുകിടക്കുന്ന ഓലപ്പുല്ലുകളുടെ പച്ച ഏറ്റവും സുന്ദരമാകും. കാലെല്ലാം വിളറി വെളുത്ത് തണുപ്പിൽ ചുരുങ്ങും. എന്നിട്ടും മഴക്കാലത്ത് മാത്രം രൂപപ്പെടുന്ന അരുവികളുടെ ഉറവിടം തേടി പിന്നെയും വെള്ളത്തിലൂടെ നടക്കും. പാറകൾക്കിടയിലൂടെ കുത്തിയൊലിച്ച് വരുന്ന വെള്ളച്ചാട്ടങ്ങളുണ്ടാക്കുന്ന മഴക്കാലം.

തിരിമുറിയാതെ മഴപെയ്യുന്ന ഞാറ്റുവേലപ്പെരുമയും തലകുത്തനെ നട്ടാലും ഞാറ്റുവേല കിളിർപ്പിക്കുമോ എന്റെ ചെടിക്കമ്പിനെ എന്ന പരീക്ഷണവും കാലഹരണപ്പെട്ടു. ഓർമ്മകൾ മാത്രമേ ഓർമ്മിക്കാനുള്ളൂ.

അമ്മയുടെ മഴക്കഥകൾ കേട്ടാവേശപ്പെട്ട മകനെ അച്ഛൻ മഴയൊഴുകുന്നിടങ്ങളിലേക്ക് കൊണ്ടുപോയപ്പോൾ...
PhotoPhotoPhotoPhoto
26/06/2017
5 Photos - View album

ഒരേ ഇടങ്ങളിലൂടെ എന്നുമുള്ള യാത്രകൾ ചിലപ്പോഴൊക്കെ വിരസമാകും. ആ വിരസത മാറ്റാനാണു എഴുത്ത് തുടങ്ങിയത്‌. ഇടയ്ക്ക് അതും വിരസമാകും. അങ്ങനെയാണു ജിയോ സിനിമയിൽ കണ്ണുവയ്ക്കുന്നത്. മണലിൽ തലപൂഴ്ത്തിയ ഒട്ടകപ്പക്ഷിയായെന്നു ചുരുക്കം.

ഇടയ്ക്കൊന്നു തല ഉയർത്തിയപ്പോഴാണു ഏറ്റവും മുന്നിലെ കമ്പിയിൽ പിടിച്ച് നിൽക്കുന്ന കൊച്ചു കൈ കണ്ടത്. തിരക്കിലാരും സീറ്റൊഴിഞ്ഞ് കൊടുത്തിട്ടില്ല. സിനിമ ഓഫ് ചെയ്ത് ബാഗെടുത്ത് നിലത്ത് വച്ച് അടുത്ത് നിന്ന സ്ത്രീയെക്കൊണ്ട് ആ കുട്ടിയുടെ അമ്മയെ വിളിപ്പിച്ചു. ആശ്വാസത്തോടെ അവർ കുട്ടിയെ എന്റെയടുത്തേക്ക് നീക്കി വിട്ടു. എടുത്ത് മടിയിലേക്കിരുത്തുമ്പോൾ തൂവലുപോലെ ഒരു കനമില്ലായ്മ തോന്നി. ശരിയാണു , തീരെ മെലിഞ്ഞ കൈകളും വിരലുകളും. സ്കൂൾ യൂണിഫോമിന്റെ നീലയ്ക്ക് ചേർന്ന ക്യൂട്ടക്സിട്ട നഖങ്ങൾ.
"സ്കൂളിൽ പോകുവാണോ? " ഞാനൊരു കൊഞ്ചലോടെ ചോദിച്ചു. മറുപടിയില്ല. മുഖം തിരിച്ച് എന്റെ നേരെ നോക്കി. വിടർന്ന ഒരു ചിരിയോടെ സംസാരിക്കാൻ തുടങ്ങി. ശബ്ദമില്ലാതെ അവൾ സംസാരിച്ചു. പിന്നെ അതൊന്നു സ്ഥിരീകരിക്കാനാകും കൈകൾ കൊണ്ട് സൈൻ ലാങ്വേജിൽ കാണിച്ചു തന്നു. ഒന്നുകൂടെ സുരക്ഷിതമായ് അവളെ ഞാനെന്റെ നെഞ്ചോട് ചേർത്തു. നിറയെ കുട്ടിയുടുപ്പുകളുടെ കട കണ്ടപ്പോൾ അവൾ ആവേശത്തോടെ കൈകൾ കൊണ്ട് സംസാരിച്ചു. ഞാനും എല്ലാം ചിരിച്ച് ശ്രദ്ധിച്ചു. വഴിയോരത്തെ പലതിനെക്കുറിച്ചും അവൾ പറഞ്ഞു.‌ പക്ഷെ വെടിവച്ചാൻ കോയിലിലെ പടക്കങ്ങളോ മറ്റൊരു ശബ്ദങ്ങളോ അവൾ അറിയുന്നുണ്ടായിരുന്നില്ല.

കുഞ്ഞു കണ്ണുകളിലെ ആവേശവും ചിരിയും രാവിലത്തെ ഇളംകാറ്റിൽ ഉറക്കം തൂങ്ങി. എന്റെ മുഖത്തേക്ക് തല ചേർത്തുവച്ച് അവൾ ചേർന്നിരുന്നു. പിന്നെ എന്റെ മുഖം ഇടത്തേക്ക് മാറ്റി വലതു കവിളിനോട് ചേർന്നിരുന്നു. ഉറക്കം അവളെ എന്റെ തോളിലേക്ക് ചായ്ച്ചു. നിമിഷങ്ങൾക്കകം അവൾ ഗാഢനിദ്രയിലായി. ഫാസ്റ്റിന്റെ വേഗതയിൽ ഓരോ വളവിലും അവളുണരുമോ എന്ന് ഞാനാശങ്കപ്പെട്ടു. എന്റെ കൈകളിൽ കോർത്ത് വച്ചിരുന്ന കുഞ്ഞുവിരലുകൾ അയഞ്ഞടർന്നുമാറി. ഒരു കിളിക്കുഞ്ഞിനെയെന്നവണ്ണം ഞാനവളെ പൊതിഞ്ഞു വച്ചു.

സമയം കടന്നുപോയി. അവളുണരും മുൻപ് ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്തു, ബ്യൂട്ടിഫുൾ എന്നതിനു സൈൻ ലാങ്വേജ് തേടി‌. സിമ്പിളായിരുന്നു അത് പഠിക്കാൻ. ബസ് തമ്പാനൂരെത്തി. അവളെ മെല്ലെ കുലുക്കി ഉറക്കമുണർത്തി. അമ്മ വന്ന് കൈപിടിച്ച് അവൾ നടക്കാനൊരുങ്ങുമ്പോൾ ഞാൻ ബ്യൂട്ടിഫുൾ എന്ന് പറഞ്ഞു. വിടർന്നൊരു ചിരിയോടെ അവൾ ബൈ പറഞ്ഞു. ഞാൻ പറഞ്ഞത് അവൾക്ക് മനസിലായോ എന്നെനിക്കുറപ്പില്ല പക്ഷെ എന്റെ സൗഹൃദം അവൾ തിരിച്ചറിഞ്ഞു എന്നത് സത്യമാണു. മിടുമിടുക്കിയായി അവൾ സ്വയം അടയാളപ്പെടുത്തുന്നത് ഞാനിപ്പോഴേ സ്വപ്നം കാണുന്നു...

നേരം വെളുപ്പിക്കരുതേ ദൈവമേ എന്നു പ്രാർത്ഥിച്ചിട്ടാണു എന്നും കിടക്കാറു. പത്തിരുപത് വർഷമായി പ്രാർത്ഥന തുടങ്ങീട്ട്, ദൈവത്തിനോ എനിക്കോ യാതൊരുമാറ്റവുമില്ല.
കറങ്ങുന്ന ഭൂമിക്കും കറങ്ങാത്ത സൂര്യനുമ് ആർക്കും മാറ്റമില്ല. നാലഞ്ചു വർഷം മുൻപ് സിറ്റിയിലെ പുതിയ വാടക വീട്ടിലെ രണ്ടാമത്തെ മാസത്തിലെ അങ്ങനെ എഴുന്നേൽക്കേണ്ടി വന്ന ഒരു വെളുപ്പാൻ കാലത്ത് ചായക്ക് വെള്ളം വച്ച് ഭിത്തീൽ ചാരി നിന്ന് ബാക്കിയുറക്കം തുടങ്ങി. പലദിവസവും പാത്രം കരിഞ്ഞപ്പോഴാണുറക്കം തെളിഞ്ഞതെന്ന പരമാർത്ഥം ഞാനാരോടും പറയാറില്ല. ഇന്നെന്തായാലും പാത്രം കത്തുന്നതിനു മുൻപ് കണ്ണുതുറക്കണം എന്ന പ്രതിജ്ഞ എടുത്തോണ്ടിരുന്നപ്പോത്തന്നെയുറങ്ങിപ്പോയതോണ്ട് പൂർത്തിയാക്കാൻ പറ്റിയില്ല.

നല്ല ചൂട് മുഖത്തടിച്ചപ്പോഴാണു കണ്ണു തുറക്കുന്നത്. നോക്കുമ്പോ അടുക്കളയിലവിടിവിടെ നീലജ്വാലകൾ. സിലിണ്ടറിന്റെ മുകളിൽ ഞാനെടുത്ത് വച്ച കിച്ചൺ ടൗവ്വൽ കത്തുന്നു. അടുത്ത് സ്ലാബിലിരുന്ന ഹോർലിക്സ് പാക്ക് കത്തുന്നു. കടലാസു പോലുള്ള സർവ്വതും കത്തുന്നു. റെഗുലേറ്ററിനു ചുറ്റും ക്രൗൺ പോലെ നീലജ്വാലകൾ. ശിവാന്ന് അലറിവിളിച്ചു. ഓടി വന്ന ശിവൻ അപ്പോഴും തിളച്ചു കൊണ്ടിരുന്ന വെള്ളം കണ്ട് സ്റ്റൗ ഓഫ് ചെയ്തു. മോനെയുമെടുത്ത് പുറത്തേക്ക് പോ എന്ന് ഒച്ചവച്ചു. മരവിച്ച് നിൽക്കുന്ന എന്നെ നോക്കി വഴക്കുപറഞ്ഞ് ശിവൻ തന്നെ മോനെ ഉറക്കത്തിൽ നിന്നെടുത്ത് പുറത്തേക്കോടി, പുറകെ ചെല്ലാൻ എന്നോട് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.

ഒരു ഫുൾ സിലിണ്ടറാണു. ആ വീടുതന്നെ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. പാതിവഴി വന്ന ഞാൻ തിരിച്ച് അടുക്കളയിലേക്കോടി. റെഗുലേറ്ററിന്റെ മുകളിൽ കത്തിക്കൊണ്ടിരുന്ന ടൗവ്വലെടുത്ത് മാറ്റി നോബ് തിരിക്കാൻ നോക്കുമ്പോ അതുരുകി മെഴുകുപോലിരിക്കുന്നു. അവശേഷിച്ചതിൽ പിടിച്ച് തിരിക്കുമ്പോൾ കൈപൊള്ളിയടർന്നു. പക്ഷെ നോബ് തിരിഞ്ഞോഫായി. മോനെ പുറത്ത് നിർത്തി ശിവൻ തിരിച്ചോടി വന്നു. സിലിണ്ടറോഫായി, ഇനി തീ കെടുത്തിയാ മതീന്ന് ഞാൻ പറഞ്ഞത് കേട്ട് അവിശ്വാസത്തോടെ എന്നെ നോക്കി ധൃതിയിൽ കത്തുന്ന ടൗവ്വലും മറ്റു കടലാസ് പാക്കുകളും എല്ലാം എടുത്ത് വെളിയിലിട്ടു. സിലിണ്ടർ അനക്കരുതെന്ന് പറഞ്ഞ് ഏജൻസിയുടെ നമ്പറിൽ വിളിച്ചു. പലതു വിളിച്ചപ്പോൾ ഒന്നിൽ കിട്ടി. കാര്യം പറഞ്ഞപ്പോ ഇപ്പോ ആളെ അയക്കാമെന്ന് പറഞ്ഞു. പൊള്ളിയടർന്ന കൈ ഐസ് വെള്ളത്തിലിട്ട് ഞാൻ നടന്നതൊക്കെ റീവൈൻഡ് ചെയ്ത് പിന്നേമ്മ് പിന്നേമ്മ് ഞെട്ടിക്കൊണ്ടിരുന്നു .

ഏജൻസിയുടെ ആൾക്കാർ വന്നു, സിലിണ്ടറിൽ നിന്ന് റെഗുലേറ്റർ ഊരാൻ ശ്രമിച്ചു. കൈയ്യിലെടുത്തപ്പോഴാണു മനസിലായത് അതെത്രമാത്രം ഉരുകിയിരുന്നു എന്ന്. ഇതാരാ ഓഫ് ചെയ്തതെന്ന് അയാളു ചോദിച്ചതും ഐസ് വെള്ളത്തിൽ കൈയ്യിട്ടിരിക്കുന്ന എന്നെ ശിവൻ ചൂണ്ടിക്കാണിച്ചു. ഉരുകിയ നോബിൽ പിടിച്ച് തിരിച്ച് ഓഫ് ചെയ്തപ്പോഴേക്കും അതൊരു ഷെയ്പ്ലെസ് സംഭവമായ് രുപാന്തരപ്പെട്ടിരുന്നു. ഒന്നാമത്തെ സംഭവം , റെഗുലേറ്ററിൽ ടെസ്റ്റഡ് ഓക്കെ എന്നില്ലായിരുന്നു. രണ്ടാമത് സിലിണ്ടറിന്റെ പൊസിഷൻ ഉയർന്നതായത്. പൊസിഷൻ ഉയർന്നതായതു കൊണ്ടും ഫുൾസിലിണ്ടറിന്റെ പ്രഷറും ക്വാളിറ്റിയില്ലാത്ത റെഗുലേറ്ററും കൂടി ആയപ്പോ പൂർത്തിയായി. ലീക്ക് ചെയ്തത് റെഗുലേറ്ററിൽ നിന്ന്.
എല്ലാം മാറ്റിയിട്ട് എന്റെ ധീരതയെ അഭിനന്ദിച്ച് പോകാൻ നേരത്തെ ലെവന്മാർ കാശൂ ചോദിച്ചു. ഇതിനൊക്കെ കാശു വാങ്ങുവോ എന്നന്തംവിട്ട് നിന്ന എന്നെ നോക്കി കണ്ണുരുട്ടി ശിവൻ പോയി പൈസ എടുത്തോണ്ട് കൊടുത്ത്. പുതിയ റെഗുലേറ്ററിന്റെ കാശാന്ന് തോന്നണു.

ഇതെല്ലാം വിളിച്ച് പറഞ്ഞപ്പോ അമ്മ, കണ്ടോ കണ്ടോ കണിയാൻ പറഞ്ഞത് അച്ചട്ടാ, വെള്ളത്തിൽ നിന്നും തീയിൽ നിന്നും രണ്ട് മരണയോഗങ്ങൾ . വെള്ളത്തീന്ന് രക്ഷപെട്ടപ്പോ ആദ്യത്തെ മരണയോഗം പരാജയപ്പെട്ട്, ഇപ്പൊ ദാ ഗ്യാസ് പൊട്ടിത്തെറിക്കാത്തതുകൊണ്ട് രണ്ടാമത്തെ യോഗവും അടിയറവ് പറഞ്ഞിരിക്കുന്നു. അപ്പോ ഞാനിനി ചിരഞ്ജീവിയാണെന്നാണോ എന്ന എന്റെ ആക്കിയ ചോദ്യത്തിനു ഹേയ് , വയസായി മുതുക് വളഞ്ഞ് ചുമച്ച് കൊരച്ച് ചാവാനാ വിധീന്നുള്ള മറുപടി കേട്ട് തൃപ്തിയായി ഫോൺ വച്ച്. 

പൊടിമഴ വീഴാൻ തുടങ്ങി, കൈത്തണ്ടിലെ രോമങ്ങളിൽ നനുത്ത മുത്തുകളായ് മഴ തിളങ്ങി. കുടപ്പുറങ്ങളിൽ തരുതരാ പെയ്യുന്ന പൊടിമഴയെക്കുറിച്ച് ഓർക്കുമ്പോഴാണു കുട മറന്നത് തിരിച്ചറിഞ്ഞത്. കാഴ്ചയെ മറച്ച് പെയ്യുന്ന പൊടിമഴയിലേക്ക് വന്ന ബസിൽ ചാടിക്കയറുമ്പോൾ എത്തേണ്ടിടം മാത്രമേ നോക്കിയുള്ളു. മെയിന്രോഡ് വിട്ട് ഇടവഴിയിലേക്ക് ബസ് തിരിയുമ്പോഴാണു മനസിലായത് ഗ്രാമപ്രദേശങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് പോകുന്നതാണെന്ന്.

കാലവർഷം നനച്ചെടുത്ത മണ്ണ് പതുപതുത്ത് കിടക്കുന്നു. തിളങ്ങുന്ന ഇലപ്പച്ചകൾ‌. മഴത്തുള്ളികൾ ഇറ്റുവീഴുന്ന മന്ദാരച്ചെടികൾ, പൂത്ത് നിൽക്കുന്ന ചെമ്പരത്തിവേലികൾ, തളിരിലകളുമായ് മാങ്കൂട്ടങ്ങൾ, തെങ്ങോലത്തുമ്പിലിരുന്ന് ചിറക് മിനുക്കുന്ന പ്രാവിങ്കൂട്ടങ്ങൾ. എങ്ങും ഇടതൂർന്ന് മരങ്ങൾ‌. പച്ചപ്പിന്റെ കൂടാരങ്ങൾക്ക് ഭംഗം വരാതെ ഒതുങ്ങിയിരിക്കുന്ന വീടുകൾ.

ഒരായുസിന്റെ അധ്വാനം കൊണ്ട് പ്രകാശം വീഴാത്തത്ര നിബിഢമായി അപ്പൂപ്പനുണ്ടാക്കിയെടുത്ത മരത്തണലുകളെ ഓർത്തു. മാവും പ്ലാവും ആഞ്ഞിലിയും പുളിയും പനകളും കാപ്പിയും ഈറയും എല്ലാം ഞാൻ കളിച്ചു നടന്നയിടങ്ങളാണു. അപ്പൂപ്പൻ മാത്രമല്ല കുഞ്ഞപ്പൻ ചേട്ടനും പൈലോച്ചേട്ടനും കൃഷ്ണഞ്ചാച്ചനും എന്നുവേണ്ട ആ നാട്ടിലെല്ലാവരും അനേകം വൃക്ഷങ്ങൾക്കുടമകളാണു.അപ്പനപ്പൂപ്പന്മാർ നട്ട മരങ്ങളെ ഇളംതലമുറകളിലേക്ക് അടയാളപ്പെടുത്തുന്നുമുണ്ട്. തലമുറകൾ മണ്ണിലേക്ക് തിരിച്ചുപോകുമ്പോഴും തലയുയർത്തി നിൽപ്പുണ്ട് അവർ നട്ട മരങ്ങൾ!

അടുത്തവീട്ടിലെ ചേച്ചിയുടെ ഉപജീവനമാർഗങ്ങളിലൊന്ന് ആടുമാടുകളാണു. പുല്ലുപറിയ്ക്കാൻ വയലിലേക്ക് പോകുമ്പോഴും വരുമ്പോഴും എന്റെ അവധിദിവസങ്ങളിൽ ഞങ്ങൾ വർത്തമാനം പറയും. പാടത്തെ കൈയ്യോന്നിയും മറ്റുപല ഔഷധച്ചെടികളും എനിക്ക് കൊണ്ട് തരാറുമുണ്ട്. മുടി വളരാൻ അശേഷം താല്പര്യമില്ലാത്തതുകൊണ്ട് എണ്ണ കാച്ചാൻ നിൽക്കാതെ ഞാനെല്ലാം കുഴിച്ചു വയ്ക്കും.

കഴിഞ്ഞയാഴ്ച വന്നപ്പോ ചേച്ചിയുടെ മുഖത്തൊരു വൈക്ലബ്യം. "എന്നാ പറ്റി ചേച്ചി" എന്ന എന്റെ കോട്ടയം മലയാളത്തെ "ഓഹ് , എന്തെരു പറ്റാനപ്പീ, ഒരാട് ചത്ത്" എന്ന തിരോന്തോരം മലയാളം കൊണ്ട് മറുപടി പറഞ്ഞു. കാര്യം കഷ്ടമാണു. കാരണം അജ്ഞാതവും‌. ചേച്ചി കട(ചന്ത)യിൽ പോയി തിരികെ വരുമ്പോൾ ആട് കൂട്ടിൽ ചത്തുകിടക്കുന്നു. പൊരിവെയിൽ മുതൽ പാമ്പ് , അസുഖം എന്നിങ്ങനെ വിവിധകാരണങ്ങൾ ഞാൻ അനലൈസ് ചെയ്യാൻ ശ്രമിച്ചു. അനുശോചനം അറിയിച്ച് പുല്ലുകെട്ട് തിരിച്ച് തലയിലേറ്റാൻ ഹെൽപ്പ് ചെയ്തു. "ആഹ് അഞ്ഞൂറ് രൂപ കിട്ടി, കിട്ടിയതായി" എന്നു ചേച്ചിയുടെ ആത്മഗതം. അറവുകാരൻ വന്ന് അഞ്ഞൂറു രൂപേം കൊടുത്ത് ചത്ത ആടിനെ കൊണ്ടുപോയെന്ന്!! ഞായറാഴ്ച മട്ടൺ വാങ്ങിയടിച്ച സർവ്വ മട്ടൺപ്രേമികളേം ഞാൻ മനസാ സ്മരിച്ച് അനുശോചിച്ച്.

പറഞ്ഞ് വന്നത് കേന്ദ്രസർക്കാർ പഴയനിയമങ്ങളൊക്കെ പൊടിതട്ടി എടുത്തോണ്ട് വരുന്നതിന്റെ ന്യായീകരണം മീറ്റിന്റെ ക്വാളിറ്റി കൂട്ടാൻ കൂടിയാണെങ്കിൽ ദയവ് ചെയ്ത് അതിൽ ആടിനും ഒരു സ്ഥാനം കൊടുത്ത് മട്ടൺപ്രേമികളുടെ ആരോഗ്യത്തിൽക്കൂടി ശ്രദ്ധപതിപ്പിക്കണം. ആ പരിഗണനയ്ക്കായി ഗോമാതാവിന്റെ അനിയത്തിയായി കണ്ട് ആട്കുഞ്ഞമ്മയെന്ന് നാമകരണം നടത്താനും മട്ടൺപ്രേമീസ് ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Wait while more posts are being loaded