ബംഗാളിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ടി എന്ത് ചെയ്തു എന്നത് മറ്റൊരു കാര്യം. ചുവടെ പോയിന്റുകളായി കൊടുക്കുന്നു. 2004 മേയ് മാസത്തില്‍ യുണൈറ്റഡ് നേഷന്‍സ് പശ്ചിമ ബംഗാളിലെ മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ചൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍:-

a) 2000-01 വര്‍ഷത്തെ ബംഗാളിലെ State Domestic Product [SDP] 17,860 കോടി രൂപയായിരുന്നു [പഠനം നടത്തിയപ്പോഴത്തെ രൂപയുടെ വിലയനുസരിച്ച്]. ഇന്ത്യയുടെ മൊത്തം ശരാശരി നോക്കുമ്പോള്‍, വളരെ ഉയര്‍ന്നതാണിത് [ഇന്ത്യയില്‍ 9-ആം സ്ഥാനം].

b) Net State Domestic Product [NSDP] വളര്‍ച്ചാ നിരക്ക്, 1961-71സമയത്തെ 2.24-ല്‍ നിന്നും, 1972-81 സമയത്ത് 3.23 ആക്കുവാനും, 1982-91 സമയത്ത് 4.24-ഉം പിന്നീട് 1991-2002 സമയത്തത് 6.75 ശതമാനമാക്കുവാനും ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞു. 1980-ന് ശേഷമുണ്ടായ ഭക്ഷ്യധാന്യോല്പാദനത്തിലെ കുതിച്ച് കയറ്റമാണ് ബംഗാളിനെ ഇക്കാര്യത്തില്‍ സഹായിച്ചതെന്ന് എടുത്ത് പറയുന്നു. 1990-കളോടെ വളര്‍ച്ച stagnated ആയെങ്കിലും, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ധാന്യമുല്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന സ്ഥാനം നിലനിര്‍ത്തുവാന്‍ ബംഗാളിന് കഴിഞ്ഞിരുന്നു. 

c) 1993-94 മുതല്‍ 2000-01 വരെയുള്ള സമയത്തെ വളര്‍ച്ചാ നിരക്ക് 7 ശതമാനമാണ്. ആ സമയത്തെ ഇന്ത്യയുടെ ശരാശരി എന്ന് പറയുന്നത് 6.1 ശതമാനവും.

d) കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമങ്ങളെ പഴങ്കഥയാക്കിക്കൊണ്ട്, 1980-ന് ശേഷം ഭക്ഷ്യോല്പദനരംഗത്ത് ഇടതുമുന്നണി ഗവണ്‍മെന്റ് കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ മൂലം, മിച്ചഭക്ഷണ [surplus food] സംസ്ഥാനമായി മാറി. 1977-ല്‍ അധികാരത്തിലേറ്റ ഇടതു സര്‍ക്കാരിന്റെ കൃഷി നയങ്ങള്‍ ഇതിന് ഊര്‍ജ്ജമേകി എന്ന് വേണം കരുതുവാന്‍.

e) ജനന, മരണ, ശിശുമരണ നിരക്കുകള്‍ 1990-ല്‍ [യഥാക്രമം 28.2, 8.4, 63] നിന്ന് 2000-ല്‍ [യഥാക്രമം 20.5, 8.8, 51] എത്തിയപ്പോള്‍ കുറയ്ക്കുവാന്‍ സാധിച്ചു. ഇതേ കാലയളവില്‍ ദേശീയ ശരാശരികള്‍ 1990 [യഥാക്രമം 30.2, 9.7, 80], 2001 [യഥാക്രമം 25.4, 8.4, 66] ആയിരുന്ന് എന്ന് കൂടെ ചേര്‍ക്കുന്നു. 1982 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ശിശുമരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവായിരുന്നു. ഇവിടെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം, 1994-96 കാലഘട്ടത്തില്‍ ദേശീയ ശരാശരിയില്‍ ശിശുമരണ നിരക്കിലെ മെച്ചപ്പെടുത്തല്‍ 2.7 ശതമാനവും, ബംഗാളില്‍ 11.29 ശതമാനവുമായിരുന്നു. 1996-98 കാലഘട്ടത്തില്‍ ദേശീയ മെച്ചപ്പെടല്‍ പൂജ്യവും, ഇടതുമുന്നണി ഭരിക്കുന്ന ബംഗാളില്‍ 3.63 ശതമാനവുമായിരുന്നു.

f) 1000 ചതുരശ്ര കിലോമീറ്ററിലെ ആകെ റോഡ് ദൂരം [road length], ബംഗാളിലേത് 753.40 കിലോമീറ്ററും, ദേശീയ ശരാശരി 484.96 കിലോമീറ്ററുമാണ്. ജില്ലാപരിഷത്തുകള്‍ക്കടിയിലുള്ള കണക്കെടുക്കുകയാണെങ്കില്‍, 1977-78 കാലഘട്ടത്തിലെ 270.84 കിലോമീറ്ററില്‍ നിന്ന് 1997-ലെ 349.03 കിലോമീറ്ററിലെത്തിക്കുവാന്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് കഴിഞ്ഞു. ഇടതുസര്‍ക്കാരിന്റെ അധികാരവികേന്ദ്രീകരണ നയങ്ങളും ഈയവസരത്തില്‍ പ്രശംസയര്‍ഹിക്കുന്നു.

g) ഭൂപരിഷ്കരണ/പുനര്‍വിതരണ നിയമങ്ങളും മറ്റും കൊണ്ടുവന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ 1977-ന് ശേഷമുള്ള കാലഘട്ടത്തില്‍ ഗ്രാമീണ തൊഴില്‍ വളര്‍ച്ചാ നിരക്ക് [rural employment growth rate] ഏകദേശം 2 ശതമാനം ആയിരുന്നു. 1990-കള്‍ക്ക് ശേഷമുണ്ടായ ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രതിഫലനമാകാം, ഗ്രാമീണ തൊഴിലുകള്‍ പ്രധാനമായും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുളകളിലുള്ള വളര്‍ച്ചാ നിരക്ക് 0.5-1 ശതമാനമായിക്കുറഞ്ഞു.

ഇത്രയും പറഞ്ഞത് പശ്ചിമ ബംഗാള്‍ ഒരു സ്വര്‍ഗ്ഗമാണ് എന്ന് തെളിയിക്കുവാനല്ല. ബംഗാളിന് ബംഗാളിന്റേതായ പ്രശ്നങ്ങള്‍ പലതുമുണ്ട്. ബംഗാളിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് പറയുന്നത് ദേശീയ ശരാശരിയുടെ ഏകദേശം മൂന്നിരട്ടി വരുന്ന ജനസാന്ദ്രതയാണ് [2000-ലെ കണക്ക് പ്രകാരം ചതുരശ്ര കിലോമീറ്ററില്‍ 904 പേര്‍]. ബംഗാളിന്റെ വളക്കൂറുള്ള മണ്ണുകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചേക്കേറുന്ന ആളുകള്‍ക്ക് പുറമെ, ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് വന്ന അഭയാര്‍ത്ഥികളും ഈ പ്രശ്നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 1981-91-ലെ 24.73 ശതമാനത്തില്‍ നിന്ന് 1991-2001-ലെ 17.84 ശതമാനമാക്കി കുറച്ചിട്ട് പോലും [ഇന്ത്യയാകെയുള്ള കുറവ് 2.5 ശതമാനമാണ്, ബംഗാളിന്റേത് 6.9 ശതമാനവും], ജനസാന്ദ്രത 1991-ലെ 767-ല്‍ നിന്നും 2001-ലെ 904-ലേക്ക് കൂടുകയാണുണ്ടായത്. ഈ ഉയര്‍ന്ന ജനസാന്ദ്രത ആവശ്യപ്പെടുന്നത്, [ഇതുവരെയും പൂര്‍ണ്ണമല്ലാത്ത] അടിസ്ഥാന സൗകര്യവികസനവും ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലുമൊക്കെയാണ്. യഥാര്‍ത്ഥവികസനത്തിന്റെ മുഖം അങ്ങനെയായിരിക്കണമെങ്കിലും, വികസനമെന്ന പേരില്‍ ഇന്നറിയപ്പെടുന്ന ജിഡിപി/എസ്‌ഡിപി വര്‍ദ്ധനവ് അങ്ങനെയുള്ള നടപടികള്‍ കൊണ്ട് വരില്ലല്ലോ? ഇത് വരെ ബംഗാള്‍ നേടിയതൊക്കെ ഈ അതിഭീമമായ ജനസാന്ദ്രതയുടെ സമ്മര്‍ദ്ദത്തിനെതിരെ നിന്നാണ് എന്ന് കൂടി പ്രിയപ്പെട്ട വിമര്‍ശകര്‍ ആലോചിക്കേണ്ടതുണ്ട്. 

കൃഷിയെ അടിസ്ഥാനമാക്കി വികസിച്ച ബംഗാളിന് 1990-കള്‍ക്ക് ശേഷമുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളും, കര്‍ഷക വിരുദ്ധ അന്താരാഷ്ട്ര കരാറുകള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കൃഷിരംഗം തകര്‍ന്നു. അതിന്റെ ഫലമായി ഗ്രാമീണ മേഖലകളില്‍ തൊഴിലില്ലായ്മ കൂടി. സ്വാഭാവികമായും അവര്‍ കൃഷിയിതര ജോലികളിലേര്‍പ്പെട്ടു. അത്തരക്കാരാണ് നമ്മുടെ നാട്ടിലേക്കും വരുന്നത്.
Shared publiclyView activity