ആശൂത്രിക്കാലം ഭാഗം 3

( https://plus.google.com/+MubarakMerchant/posts/MwcR7jxWsr6 ഭാഗം 1)
( https://plus.google.com/+MubarakMerchant/posts/LELyXirxyVE ഭാഗം 2)

ബുദ്ധിയും ബോധമണ്ഡലവും ഇല്ലാതാക്കി കിടത്തിയ എന്റെ ശരീരത്ത് അവമ്മാരൊക്കെക്കൂടി എന്തൊക്കെ ചെയ്തെന്നോ എന്റെ ഇപ്പൊളത്തെ അവസ്ഥ എന്താണെന്നോ ഒന്നും ന്യൂറോ ഐസിയുവിലെ പലതരം ബീപ് ശബ്ദങ്ങൾക്കിടയിലേക്ക് ഉണർന്ന് വന്ന എനിക്ക് ഒരുപിടിയും കിട്ടിയില്ല.

ബോധം വന്ന ആദ്യത്തെ രാത്രി ഭീകരമായിരുന്നു. മെഷീനുകളുടെ നിയന്ത്രണത്തിലും നെഴ്സുമാരുടെ മേൽനോട്ടത്തിലുമായി കിടക്കുന്ന കുറെപ്പേർ. പിം പിം പിം എന്ന് ഓരോ ബെഡിലെയും മെഷീനുകളിൽ നിന്ന് ഇടതടവില്ലാതെ മുഴങ്ങുന്ന ശബ്ദം. കയ്യിൽ കെട്ടി വെച്ചിരിക്കുന്ന പാഡ് ഇടയ്ക്കിടെ ബി പി നോക്കാനായി മുറുകുന്നു, അയയുന്നു. ഇനി ഇവനെങ്ങാൻ ബോധം തെളിഞ്ഞില്ലെങ്കിലോ എന്ന് കരുതി ഭക്ഷണം തരാൻ ഓക്സിജൻ മാസ്കിനിടയിലൂടെ മൂക്കിനകത്തുകൂടി ഇട്ടിരിക്കുന്ന ട്യൂബ്.

ന്യൂറോ ഐസിയു ആയിരുന്നതുകൊണ്ട് മൊത്തം പത്ത് മുപ്പത് രോഗികളുള്ളതിൽ ഞാനൊഴികെ ഒരാൾക്കും ബോധമില്ലായിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു, ഞരക്കമോ മൂളലോ സംസാരമോ ആരിൽനിന്നും കേട്ടില്ല. ഇടയ്ക്കിടെ ഉണരുന്ന ഞാൻ മാത്രം വെള്ളം വേണമെന്ന് പറയും. പിന്നെ ഓക്സിജൻ മാസ്ക് വലിച്ച് പറിക്കും. അപ്പൊ മെഷീൻ പിപ്പിപ്പീ അടിക്കും, നേഴ്സ് വന്ന് അത് തിരികെ പിടിപ്പിക്കും. ഇതങ്ങനെ പലവട്ടം തുടർന്നപ്പൊ "ചേട്ടന് ഉറക്കമൊന്നുമില്ലേ ചേട്ടാ" എന്ന് നേഴ്സ് ചോദിക്കുന്ന അവസ്ഥ വരെ എത്തി കാര്യങ്ങൾ. ഒടുവിൽ എപ്പൊഴോ ഉറങ്ങി പിറ്റേന്ന് എപ്പോളോ ഉണർന്നു.

"മേരീ, കൈ പൊക്കൂ.. കാലു പൊക്കൂ" എന്നൊക്കെ കുറച്ച് അപ്പുറത്തുള്ള ബെഡിലെ രോഗിയോട് ആരോ ആജ്ഞാപിക്കുന്നത് കേട്ട് തല പതുക്കെ ചെരിച്ച് നോക്കി. ഒരു പാവം അമ്മച്ചി അവിടെ വെട്ടിയിട്ട വാഴ പോലെ ഒരനക്കവുമില്ലാതെ കിടപ്പുണ്ട്. എന്റെ ശരീരത്ത് പിടിപ്പിച്ചിട്ടുള്ളതുപോലെ തന്നെ മൂത്രം പോകാനുള്ള കുഴൽ, ഇസിജി മെഷീന്റെ വള്ളികൾ, അരമണിക്കൂർ കൂടുമ്പൊ വരിഞ്ഞ് മുറുക്കി ബ്ലഡ് പ്രെഷർ ചെക്ക് ചെയ്യാൻ വേണ്ടി കയ്യിൽ കെട്ടിയിരിക്കുന്ന കുന്ത്രാണ്ടം തുടങ്ങി എല്ലാ സാധനങ്ങളും അമ്മച്ചിയുടെ ദേഹത്തും ഉണ്ട്. കയ്യും കാലും പൊക്കാൻ പറഞ്ഞ ഡോക്ടറെ ഇഷ്ടമല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു, അങ്ങേരു പൊയ്ക്കഴിഞ്ഞപ്പൊ നേഴ്സിനെ വിളിച്ച് കൈയും കാലുമൊക്കെ ഇളക്കി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു മേരിച്ചേച്ചി.

ഇതിനിടെ എന്നെ എഴുന്നേൽപ്പിച്ച് ഇരുത്തൽ, ഓക്സിജൻ മാസ്ക് മാറ്റൽ, മൂക്കിലെയും മൂത്രത്തിന്റെയും ട്യൂബ് ഊരിക്കളയൽ, വായ കഴുകിക്കൽ മുതലായ കാര്യങ്ങൾ ഒരു നേഴ്സ് വന്ന് ചെയ്ത് തന്നു. പിന്നെ ചായ, കുറച്ച് കഴിഞ്ഞപ്പൊ ദോശ, ഉച്ചയ്ക്ക് കഞ്ഞി അങ്ങനെ ഓരോന്ന് മുറപോലെ വന്നു. ഇതിനിടെ രണ്ടുപേർ ഒരു എക്സ് റേ മെഷീൻ തള്ളിക്കൊണ്ടുവന്ന് വെച്ച് ഓപ്പറേറ്റ് ചെയ്ത് നിക്ഷേപിച്ച സാധനങ്ങൾ യഥാ സ്ഥാനത്തുണ്ടോ എന്നറിയാൻ ഫോട്ടോ ഒക്കെ എടുത്തോണ്ട് പോയി. കുറച്ച് കഴിഞ്ഞപ്പൊ ജൂനിയേഴ്സും അസിസ്റ്റന്റ്സും ഒക്കെയായ ഡോക്ടേഴ്സിന്റെ പര്യടനം. അവസാനം, ബോധമില്ലാതെ കിടന്ന എന്റെ കഴുത്ത് തുരന്ന് നെർവുകളെ ഡീകമ്പ്രസ് ചെയ്ത് ഇംപ്ലാന്റുകൾ നിക്ഷേപിച്ച് തുന്നിക്കെട്ടിവിട്ട മനുഷ്യനും വന്നുപോയി. ഇവരുടെയൊക്കെ സംസാരത്തിൽ നിന്ന് കുറെ നേരം കഴിഞ്ഞാൽ കഴുത്തിലെ മുറിവിൽ നിന്ന് ഇട്ടിട്ടുള്ള ഡ്രെയിൻ ട്യൂബ് കൂടി മാറ്റിയാൽ എനിക്ക് മുറിയിലേക്ക് മാറാമെന്ന് മനസ്സിലായി.

വൈകുന്നേരമായപ്പോൾ അതും മാറ്റി ആ ദ്വാരത്തിനു രണ്ട് സ്റ്റിച്ചും ഇട്ടുതന്ന് ജാസ്മിൻ കൊണ്ടു കൊടുത്ത എന്റെ ഉടുപ്പുകളുമിടുവിച്ച് കുട്ടപ്പനാക്കി റൂമിലേക്ക് മാറ്റാൻ റെഡിയാക്കി ഇരുത്തി. വീൽ ചെയറിനായുള്ള കാത്തിരുപ്പിനിടയിൽ ഐസിയു മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സിൽ തോന്നിയ വികാരം, 'സമയമാകുമ്പൊ ഇങ്ങ്ട് കേറ്റാൻ അവസരം കൊടുക്കാണ്ട് അങ്ങ്ട് എടുത്തോളണേ തമ്പുരാനേ' എന്ന് മാത്രമായിരുന്നു. അത്ര ദയനീയമായിരുന്നു അവിടെ കണ്ട ഓരോ രോഗിയുടെയും അവസ്ഥ.

കുറച്ച് കഴിഞ്ഞപ്പൊ റൂമിലേക്ക് മാറി. മാറിമാറി വരുന്ന ഉറക്കത്തിന്റെയും ഉണർവ്വിന്റെയും അവസ്ഥകളായിരുന്നു അന്നും പിറ്റേദിവസവും. ആരൊക്കെയോ വരുന്നു, പോകുന്നു. ഓപ്പറേഷൻ കഴിഞ്ഞ് മൂന്നാം ദിവസം റൗണ്ട്സിനുവന്ന ഡോക്ടർ പറഞ്ഞു, "ഇന്ന് വീട്ടിൽ പോകാം."
ഹാവൂ.. സമാധാനമായി.
ഡിസ്ചാർജ് ബില്ലും അതിന്റെ അപ്രൂവലുമൊക്കെ കാത്തിരിക്കുന്നതിനിടയിൽ ജാസ്മിൻ ചോദിച്ചു:
"അതേയ്, ഒരു കാര്യം ചോദിക്കാനുണ്ട്."
ഉം?
"അന്ന് ഓപ്പറേഷൻ കഴിഞ്ഞ് തിയറ്ററീന്ന് ഐസിയുവിലേക്ക് മാറ്റുന്നവഴിക്ക് നിങ്ങളെ കാണിക്കാമെന്ന് പറഞ്ഞപ്പൊ ഞാൻ ഓടിച്ചെന്ന് കാത്ത് നിൽക്കുവാരുന്നു. കുറെ നേരം കഴിഞ്ഞപ്പൊ പച്ച ഗൗണും മുഖം മൂടിയുമിട്ട ഒരു ബറ്റാലിയൻ ആൾക്കാർ സ്ട്രെച്ചറും തള്ളിക്കൊണ്ട് വന്ന് എന്റെ മുമ്പിൽ നിർത്തി. അപ്പൊ ഇങ്ങക്ക് കുറച്ച് ബോധമൊക്കെ വന്ന് തുടങ്ങിയിരുന്നു. ഒരാൾ കയ്യിൽ തട്ടി വിളിച്ചപ്പൊ നിങ്ങൾ കണ്ണുതുറന്ന് എന്നെ നോക്കി ചിരിച്ചു. എന്നിട്ട് ചുറ്റുമുള്ളവരെ നോക്കീട്ട് ചോദിച്ചു, വേറീസ് സുദർശൻ? എന്ന്. നിങ്ങളങ്ങനെ രണ്ടുമൂന്ന് പ്രാവശ്യം ചോദിച്ചു. ചുറ്റുമുണ്ടായിരുന്നവരൊക്കെ 'സാറെവിടെ, സാറെവിടെ' എന്ന് ചോദിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഏറ്റോം പുറകീന്ന് ആജാനബാഹുവായ മറ്റൊരു മുഖം മൂടി പ്രത്യക്ഷപ്പെടുകയും നിങ്ങടെ കയ്യിൽ പിടിച്ച് 'ഞാനിവിടെയുണ്ട്' എന്ന് പറയുകയും നിങ്ങൾ പുഞ്ചിരിച്ചോണ്ട് വീണ്ടും ബോധം കെടുകയും ചെയ്തു. ആരാ സുദർശൻ? നിങ്ങക്ക് എന്നെക്കാളും വലുതാണോ അങ്ങേര്?"

ഹഹഹഹഹഹ സുദർശനെ നിനക്ക് മനസ്സിലായില്ലേ? എനിക്ക് ചിരി അടക്കാനായില്ല.

"ഇല്ല, ആരാ?"

എടീ അങ്ങേരാ എന്നെ ഓപ്രേഷൻ ചെയ്ത ഡോക്ടർ. ഒരാഴ്ച മുമ്പ് ഓപ്പിയിൽ കണ്ടതിനുശേഷം ഞാൻ അങ്ങേരെ കണ്ടിട്ടേ ഇല്ലായിരുന്നു. ഓപ്പറേഷൻ ടേബിളിൽ എന്റെ ബോധം കെടുന്നതുവരെയും അങ്ങേരില്ലായിരുന്നു. അങ്ങേരുതന്നെയാണോ ഇത് ചെയ്തേന്ന് ഉപബോധമനസ്സിൽ വരെ എനിക്ക് സംശയം ഉണ്ടായിരുന്നെന്ന് വേണം കരുതാൻ. അതാവും ഞാൻ അങ്ങനെ ചെയ്തത്.

(സത്യത്തിൽ അത് തന്നെയാവും സംഭവിച്ചത്. ശസ്ത്രക്രിയയിൽ വിദഗ്ധനും പ്രഗൽഭനും സർവ്വോപരി അൺ എത്തിക്കലായി ഒന്നും ചെയ്യാത്ത ആൾ എന്ന് അറിയാവുന്നവർക്കിടയിൽ പ്രശസ്തി ഉള്ളയാളുമായ ഈ ഡോക്ടറുടെ സേവനം ലഭിക്കാൻ വേണ്ടി മാത്രമാണ് ആസ്റ്ററും ലേക്ക് ഷോറും ഒക്കെ ഒഴിവാക്കി എറണാകുളം മെഡിക്കൽ ട്രസ്റ്റ് എന്ന തുരുമ്പും കൂട്ടിൽ ചെന്നത്. ഓപ്പറേഷൻ തിയറ്ററും ഐസിയുവും പോലുള്ള ഇടങ്ങളെല്ലാം ലോകോത്തര നിലവാരമുള്ളതും ഡോക്ടർമാർ അന്താരാഷ്ട്ര പ്രശസ്തരുമാണ്. പക്ഷെ വാർഡുകളിലും മുറികളിലുമൊക്കെ ഗതകാല പ്രൗഢി മാത്രമേയുള്ളൂ. മുറി കിട്ടാൻ വേണ്ടിവന്ന കഷ്ടപ്പാട് ആദ്യ ഭാഗത്ത് വായിച്ചല്ലോ. ഓപ്പറേഷൻ കഴിഞ്ഞ് മുറിയിലേക്ക് മാറിയപ്പോൾ തലഭാഗം പൊക്കിവയ്ക്കാവുന്നതരം ബെഡ് കിട്ടാൻ പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.)

കഥ കഴിഞ്ഞു, ഞാൻ ശേഷിക്കുന്നു

Shared publiclyView activity