വിരസമായ ഒരു ഹാംഗൌട്ട് ചർച്ചയ്ക്കിടെ പതിവുപോലെ സെൽഫി എടുത്ത് “പാവത്തുങ്ങൾക്കെന്തിനിത്ര സൌന്ദര്യം തന്നു” എന്നു അങ്കൂഷിച്ചിരിക്കുമ്പോ ആണു, ഒരിക്കലും സിസ്റ്റത്തിലെയോ, മനസ്സിന്റെയോ ഹാർഡ് ഡിസ്കുകളിൽ നിന്നു ഒരിക്കലും ഡെലിറ്റ് ചെയ്യില്ല എന്നുറപ്പിച്ച് സൂക്ഷിച്ചു വച്ച വേറൊരു നീലപ്പടം ഓർമ്മ വന്നത്. ഏതാണ്ട് രണ്ടര വർഷം മുന്നത്തെ ഞാൻ. അവനവനറ്റെ അത്യാവശ്യ കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടി കിടപ്പിലായിപ്പോയ ഒരു കാലഘട്ടം. കരഞ്ഞു കരഞ്ഞ് ജീവനും, ചോരയും മുഴുവൻ കണ്ണിലൂടെ ഊർന്നുപോയ വിഷാദക്കാലം. എന്റെ തന്നെ ജീവിതമാണോ ഇതെന്ന് വിശ്വസിക്കാനാവാതെ ഇരുന്നുപോയ ദിവസങ്ങൾ. ആ ഫോട്ടൊയിൽ അല്പം എങ്കിലും കണ്ണുകളിൽ ജീവൻ തോന്നിപ്പിക്കാൻ കാരണം എന്റെ മോൻ ആണു. “ചിരിക്കടീ’ എന്ന് കൽപ്പിച്ച് അന്നേരം മുന്നിൽ വന്ന അവനോടുള്ള സ്നേഹം ആണ്. അതല്ലെങ്കിൽ ഏതാണ്ട് കണ്ടാൽ കണ്ണടയ്ക്കാൻ മറന്ന് മരിച്ചുപോയ ആൾക്കാരെപ്പോലുണ്ടാരുന്ന്.

അത്രയ്ക്കങ്ങ് വർക്കഹോളിക്ക് ആയിപ്പോയതിന്റെ അനന്തരഫലമായിരുന്നു ആ ബേൺ ഔട്ടും, തുടർന്നു വന്ന വിഷാദവും. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ, ചില ദിവസങ്ങളിലെ ഭക്ഷണം ഒന്നോ രണ്ടോ ചായ എന്നതിൽ ഒതുക്കി,അതിനു മുകളിൽ അലർജി ടാബ്ലറ്റുകൾ വാരി വിഴുങ്ങി, രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം ഉറങ്ങി ഒരേ ഓട്ടം. ഒടുവിൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയത്, ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട സമയത്തു ആയിരുന്നു. മനസ്സ് വിചാരിക്കുന്നിടത്ത് ശരീരം എത്താത്ത അവസ്ഥ. എഴുന്നേൽക്കൽ അത്ര എളുപ്പം ഒന്നും ആയിരുന്നില്ല. ഒരടി വച്ചാൽ അടുത്ത നിമിഷം പത്തടി താഴ്ചയിലേയ്ക്ക് വീണുപോകും. വീണ്ടും എഴുന്നേറ്റ് നടക്കും. എന്നാലും എനിക്ക് എന്നോട് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ യുദ്ധങ്ങളിൽ ഒന്നായിരുന്നു ഇത്. Dreamer turned seeker കട്ട ഫൈറ്റർ ആയി മാറിയ ഘട്ടം ആയിരുന്നു അത്.

ഡിപ്രഷൻ അനുഭവിക്കുന്നവർക്കു മാത്രം മനസ്സിലാകുന്ന ഒന്നാണ്. മറ്റുള്ളവർക്കത് തമാശയൊ, അഹമ്മതിയോ, വേഷം കെട്ടലോ നമ്മളെക്കുറിച്ച് നമുക്കു തന്നെ ഉള്ള തെറ്റിദ്ധാരണയോ ഒക്കെ ആയി തോന്നും. “ഒക്കെ നിന്റെ തോന്നലാ“ എന്ന ആ സമയത്തെ ചിലരുടെ ഡയലോഗിനോളം വെറുപ്പ് ജീവിതത്തിൽ ഇന്നുവരെ മറ്റൊന്നിനോടും തോന്നിയിട്ടില്ല. എത്ര വിചാരിച്ചാലും കൈ കാൽ അനക്കാൻ ആകാതെ ഇരുന്നു പോകുന്ന എന്റെ മരവിപ്പിനെ, ഒന്നെഴുന്നേൽക്കാൻ പറ്റിയാൽ ഞാൻ ചെയ്യാൻ വച്ച നൂറായിരം കാര്യങ്ങളെ, ഞാൻ പോകാനിരിക്കുന്ന അനേകായിരം യാത്രകളെ, എന്റെ പാനിക് അറ്റാക്കുകളെ എങ്ങനെയാണു ഞാൻ ഇതുങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടത്.

തിരിച്ചുള്ള യാത്രയിൽ ഏറ്റവും സഹായിച്ചത് എന്നോടു തന്നെ ഉള്ള പ്രേമം ആയിരുന്നു. ഇപ്പോ ദിവസത്തിൽ ഏറിയ പങ്കും മാറ്റി വയ്ക്കുന്നത് എന്നെത്തന്നെ പ്രേമിയ്ക്കാൻ ആണു. സമയത്ത് നല്ല ഫൂഡ്, എക്സർസൈസ്, 8 മണിക്കൂർ ഉറക്കം, അത്യാവശ്യം അലമ്പ് അതൊക്കെ കഴിഞ്ഞുള്ള കാര്യങ്ങളേ ഉള്ളു. എല്ലാം കഴിഞ്ഞ് ഇങ്ങനെ സെൽഫി എടുത്തതോ, കണ്ണാടിയിലോ നോക്കി പത്തിരുപത് ഐ ലവ് യൂ പറയും.
Love that sparkle in my eyes

Photo
Shared publiclyView activity