അറുബോറും അശ്ലീലവുമായ സിനിമാക്കാഴ്ചകളിൽ നിന്ന് ഒരു ‌മോചനമാണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും'. സിനിമയെക്കുറിച്ച് കൂടുതൽ അഭിപ്രായം എഴുതേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഓണലൈനിൽ പൊതുവെ മികച്ച അഭിപ്രായങ്ങൾ മാത്രമേ കാണുന്നുള്ളൂ. മഹേഷ് പോലെ സിനിമാറ്റിക് ആയ ഫൺ പ്രതീക്ഷിച്ചു പോയ ഒരു പക്ഷത്തിന്റെ നേരിയ നിരാശ മാത്രം അപൂർവമായി കാണാം. അതൊഴിച്ചു നിർത്തിയാൽ അനേകം നല്ല അഭിപ്രായങ്ങൾ ആണ് ചുറ്റും. ഓൺലൈനിലെ അഭിപ്രായങ്ങൾ ടിക്കറ്റ് വില്പന ആയി മാറണമെന്നില്ല എന്നത് കൊണ്ട് കാണാൻ താല്പര്യമുള്ളവർ പിന്നത്തേയ്ക്ക് മാറ്റിവെയ്ക്കാതെ എളുപ്പമെളുപ്പം തിയേറ്ററിലേയ്ക്ക് ചെല്ലുന്നതാവും ഉചിതം.

നിരവധി രീതിയിൽ ആസ്വദിക്കാനും ആസ്വാദനം എഴുതാനും സാധിക്കുന്ന സിനിമ ആണ് തോണ്ടിമുതൽ. കഥാപാത്രങ്ങൾ തമ്മിലുള്ള പവർ റിലേഷനെ മുൻ നിർത്തി എഴുതാം. മനുഷ്യാവസ്ഥ എന്ന നിസ്സഹായതയെ മുൻ നിർത്തി എഴുതാം. ബ്യൂറോക്രസിയും അധികാരവും മുൻ നിർത്തി കാഫ്കസ്കു ആയ നിരീക്ഷണങ്ങൾ ആവാം. പൂർണമായും ഏയ്സ്തറ്റിക് ആയ ആസ്വാദനം എന്ന നിലയിൽ ചെറിയ സംഭവങ്ങളും കഥയും ഉപയോഗിച്ച് പതിയെ ലെൻസിന്റെ വട്ടം വലുതാക്കി വലിയ ലോകത്തെ എങ്ങിനെ സംവിധായകൻ കാഴ്ചക്കാരനു മുന്നിലേക്ക് തുറന്നു വെയ്ക്കുന്നു എന്ന് വിശദമായി പഠിക്കാം. സ്ഥലത്തെയും സമയത്തെയും വിദഗ്ധമായും എന്നാൽ കാഴ്ചക്കാരനു മനസിലാക്കാൻ ബുദ്ധിമുട്ടില്ലാത്ത വിധം ലളിതമായും സിനിമയെന്ന കാന്വാസിലേയ്ക്ക് എങ്ങിനെ പകർത്തിയിരിക്കുന്നു എന്നതും പ്രധാനമാണ്. ഇവയിലേതെങ്കിലും ഒന്നിൽ ഒതുങ്ങാതെ ഒരേ സമയം എല്ലാ വശങ്ങളെയും പരിചയപ്പെടുത്തുന്ന ആസ്വാദനം മാത്രമേ ഈ സിനിമയെ സംബന്ധിച്ച് പൂർണമാകൂ.

അത്തരമൊന്നെഴുതാൻ തൽക്കാലം അശക്തനായത് കൊണ്ട് ഒരേ ഒരു രംഗത്തെ മുൻ നിർത്തി ഒരു ചെറിയ മാർക്സിയൻ വായന മാത്രം പങ്കു വെയ്ക്കുന്നു. രണ്ട് മനുഷ്യർ തമ്മിൽ ചെറിയ തർക്കം ഉന്തിലും തള്ളിലും കലാശിച്ചത് പരിഹാരത്തിനായി പോലീസ് സ്റ്റേഷനിലെത്തുന്ന ഒരു രംഗം. ഒരു കമ്പനിയുടെ മൊബൈൽ ടവർ തന്റെ പറമ്പിൽ സ്ഥാപിച്ച് ചെറിയ അധികവരുമാനം നേടാം എന്ന് ഒരാൾ കരുതുന്നു. ( supposedly) പാരിസ്ഥിതിക പ്രത്യാഘാതമോർത്ത് അയാൾ അത് വേണ്ടെന്ന് വെയ്ക്കുന്നു. അയാളുടെ അയൽക്കാരൻ അവസരം മുതലാക്കി ടവർ സ്വന്തം പറമ്പിലാക്കുന്നു, താമസം വേറെ വീട്ടിലാക്കുന്നു. ആദ്യത്തെയാളുടെ പരാതി 'ഇപ്പൊ വരുമാനം മൊത്തം അയാൾക്കും റേഡിയേഷൻ മൊത്തം എനിക്കും ' എന്നാണ്. (മൊബൈൽ ടവർ ശരിക്കും പാരിസ്ഥിതിക അപകടമാണോ എന്നത് ഇവിടെ വിഷയത്തിനു പുറത്താണ്).

മൂലധനം ഇന്ന് മനുഷ്യരോട് ചെയ്യുന്നത് ഇതാണ്. ബംഗാളിൽ ഒരു കാർഫാക്റ്ററി സ്ഥാപിക്കാൻ സർക്കാർ പരമാവധി സഹായം ചെയ്തില്ലെങ്കിൽ ഗുജറാത്ത് അത് ചെയ്യും. കേരളം മുൻ പിൻ ചിന്തിക്കാതെ വിഴിഞ്ഞം പദ്ധതി അപ്രൂവ് ചെയ്തില്ലെങ്കിൽ തമിഴ്‌നാട് അത് കൊണ്ടുപോകും എന്നതാണ് ഭീഷണി. ഇവിടെ കോമൺ ഇന്ററസ്റ്റ് എന്നത് ചിന്തിക്കാൻ മനുഷ്യർക്ക് അവകാശമില്ല. ന്യൂക്ലിയാർ പ്ലാന്റായാലും തുറമുഖമായാലും അതിന്റെ തിന്മയും നന്മയും ഒരുമിച്ച് അനുഭവിക്കേണ്ടവരാണ് കേരളത്തിൽ ഉള്ളവരും തമിഴ്നാട്ടിൽ ഉള്ളവരും. കേരളത്തിൽ പ്രകൃതിനശീകരണം നടന്നാൽ തമിഴ്നാടിനു കൂടെ ഭീഷണിയാണ്, തിരിച്ചും. പദ്ധതികൾ കൊണ്ടുള്ള ഗുണവും ഉണ്ടെങ്കിൽ ഇരുകൂട്ടർക്കും അവകാശപ്പെട്ടതാകണം, അതാണ് ശരി. അല്ലെങ്കിൽ തന്നെ കേരളത്തിൽ ഉള്ളവർ തൊഴിലിനു ചെന്നൈയിലും കോയമ്പത്തൂരും പോകുമ്പോൾ തമിഴ്നാട്ടുകാർ പല ആവശ്യങ്ങൾക്കും കേരളത്തിലും താമസത്തിനെത്തുന്നു. പരസ്പരസഹകരണമുണ്ടാകേണ്ടിടത്ത് അനാവശ്യമായ പരസ്പരമൽസരമാണ് ഉണ്ടാകുന്നത്. ഗ്ലോബലൈസേഷനു ശേഷം ഇത് വർദ്ധിക്കുകയാണ് ചെയ്യുന്നത്. മൂലധനത്തിനു സ്വന്തം താല്പര്യങ്ങൾ നടക്കണമെന്നേയുള്ളൂ. മനുഷ്യർ സഹകരിക്കുന്നതിനു പകരം സദാ മൽസരത്തിൽ ഏർപ്പെടുന്നതാണ് അതിനു സൗകര്യം. നമ്മളതിനു തഞ്ചത്തിൽ നിന്നു കൊടുക്കുകയും ചെയ്യുന്നു.

ദാറ്റ്സ് ഓൾ ഫോർ റ്റുഡേ. സൈനിങ് ഓഫ്.
Shared publiclyView activity