ഒരു തോക്കും ഒരു കട്ടിലും ഒരു ക്യാമറയും രണ്ട് അഭിനേതാക്കളും - ഇത്രയും കിട്ടിയാൽ താൻ ഒരു സിനിമാ പിടിച്ച് കാണിച്ച് തരാം എന്ന് ആൽഫ്രഡ് ഹിച്കോക്ക് അഭിപ്രായപ്പെട്ടു എന്നാണ് കഥ. ശരിയാണോ എന്നറിയില്ല. ഹിച്കോക്കിനെപ്പോലെ ഒരാൾക്ക് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഒരു നല്ല സിനിമ പിടിക്കാൻ വമ്പൻ ക്യാന്വാസും ബഡ്ജറ്റും സാബു സിറിലും ആവശ്യമില്ല എന്നത് എന്തായാലും സത്യമാണ്. അവസാനമായി സംവിധാനം ചെയ്ത 'Family Plot' എന്ന സിനിമയിലും ഈ സിനിമ മിനിമലിസത്തിന്റെ മാജിക് കാണാം. അന്ധവിശ്വാസങ്ങൾ, ക്രൈം, ഇത് രണ്ടും പശ്ചാത്തലമാകുന്ന അന്തരീക്ഷത്തിന്റെ മൂഡ് സൃഷ്ടിക്കാനുംഅതിലേക്ക് കാഴ്ചക്കാരനെ പിടിച്ചിടാനും ഏതാനും മിനിട്ടുകൾ മതി സംവിധായകന്.
നന്നായി എഴുതിയ തിരക്കഥയും നല്ല ദൃശ്യഭാഷയുമാണ് ഈ ഫിലിമിന്റെയും നട്ടെല്ല്. ചുരുങ്ങിയ എണ്ണം കഥാപാത്രങ്ങളേയുള്ളൂ. അവർക്കിടയിൽ പരസ്പരം ഇഴപിരിയുന്നതും ആകാംക്ഷ ഉളവാക്കുന്നതുമായ ഒരു പ്ലോടാണ് സിനിമയുടേത്. അതിൽ അന്ധവിശ്വാസത്തിന്റെ അന്തരീക്ഷം ഉണ്ട്. ക്രൈമുണ്ട്, ക്രിമിനൽസ് ഉണ്ട്‌. ഡിറ്റക്റ്റീവ് സിനിമയുടെ അംശങ്ങളുണ്ട്. അതിന്റെ മുകളിൽ ഹിച്കോകിന്റെ കൃത്യതയാർന്ന വിഷ്വൽ ഗ്രാമർ കൂടെയുണ്ട്.

ഉദാഹരണത്തിന് ജോർജ് എന്ന (കപട) ഡിറ്റക്റ്റീവും മിസിസ് മാലോണിയും തമ്മിൽ സെമിത്തേരിയിൽ വെച്ചുള്ള ഒരു കാറ്റ് ആൻഡ് മൗസ് കളി. ഡിറ്റക്റ്റീവിന്റെ കയ്യിൽ പെടാതെ രക്ഷപ്പെടണം എന്നതാണ് മിസിസ് മലോണിയുടെ ആവശ്യമെങ്കിൽ അവരെ ഇന്റ്രൊഗേയ്റ്റ് ചെയ്യണം എന്നതാണ് ജോർജിന്റെ ആവശ്യം. ഇരുവരുടെയും ശരീരചലനങ്ങൾ ഒരു ബേഡ്സ് ഐ വ്യൂ ഷോട്ടിലൂടെയാണ് ഹിച്കോക് ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ചലിക്കുന്നേയില്ല. പരിമിതവിഭവം കയ്യിലുള്ള ഒരു സംവിധായകൻ ചെയ്യുക ഇവിടെ ക്യാമറ തലങ്ങും വിലങ്ങും കുലുക്കുക ആവും. ഒപ്പം ഇഷ്ടം പോലെ ഷോട് ബ്രേയ്ക് ചെയ്തുകൊണ്ടേയിരിക്കും. If you cannot convince them, confuse them എന്ന തത്വമായിരിക്കും പിന്തുടരുന്നത്. അത്തരം തരികിട പരിപാടികൾ ഹിച്കോക്കിനു ആവശ്യമില്ല. തീർത്തും നിശ്ചലമായ ഒരു ഫ്രയിമിനുള്ളിൽ കഥാപാത്രങ്ങളുടെ ചലനങ്ങളും ശരീരഭാഷയുമുപയോഗിച്ച് കാഴ്ചക്കാർക്ക് സ്ക്രീനിൽ നടക്കുന്നതെന്ത് എന്ന് എളുപ്പം മനസിലാക്കാവുന്ന ദൃശ്യഭാഷയാണ് ഈ സീനിൽ ഹിച്കോക് ഉപയോഗിക്കുന്നത്. നല്ല സിനിമയുടെ ലക്ഷണം പ്രേക്ഷകനെ കൺഫ്യൂസ് ചെയ്യിക്കാതെ കാഴ്ചകളെ അവതരിപ്പിക്കാൻ കഴിയുക എന്നതാണ്.

(സ്യൂഡോ-ആർട് സിനിമകളിൽ ക്യാമറ നിശ്ചലമാക്കി വെയ്ക്കുന്ന ഏർപ്പാടുണ്ട്. ക്യാമറ ഏതെങ്കിലും മരച്ചില്ലയ്ക്കുള്ളലോ ഫാനിന്റെ മണ്ടയ്ക്കോ കൊണ്ട് കെട്ടിത്തൂക്കി അഞ്ച് മിനിട്ട് ഒരേ ഫ്രെയിമിൽ വല്ലതുമൊക്കെ കാണിക്കും. അത് ഫിലിം മേയ്ക്കിങ് അല്ല കാപട്യമാണ്).

ജോർജും കാമുകിയും മദ്യലഹരിയിൽ ബ്രേയ്ക് പൊട്ടിയ കാറിൽ ചുരമിറങ്ങുന്ന മറ്റൊരു രംഗം. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായമില്ലാതെ ചിത്രീകരിച്ച ഈ രംഗത്തിൽ - കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷം , കാറിന്റെ വേഗത, അളന്നു മുറിച്ച എഡിറ്റിങ്. ഇത്രയും കൊണ്ട് 'എഡ്ജോഫ് സീറ്റ്' എന്ന് വിശേഷിപ്പിക്കുന്ന തരം ത്രില്ലിങ് സീക്വൻസ് സൃഷ്ടിച്ചിരിക്കുന്നു. അതാണ് സിനിമ. 
Photo
Shared publiclyView activity