ഉച്ച കഴിഞ്ഞ് , സായന്തനം തുടങ്ങിയേക്കും എന്ന് തോന്നിച്ച സമയത്ത് നിരഞ്ജനും രവിയും സിഗരറ്റ് വലിക്കാൻ ഇരുന്നു. ഹോസ്റ്റലിന്റെ ടെറസിൽ, വാട്ടർ ടാങ്കിന്റെ തൂണിൽ ചാരിയിരുന്ന് കൊണ്ടാണ് വലിക്കാൻ തീരുമാനമായത്. വേണമെങ്കിൽ ബീച്ചിലോ പെട്ടിക്കടയുടെ പരിസരത്തോ റൂമിൽ തന്നെയോ ധൂമപാനം ആകാമായിരു‌ന്നു. എന്നാൽ ഇത്തരം അവസരങ്ങളിൽ പൊതുവെ വാടർടാങ്കിനു കീഴെ ആണ് പതിവ്. നമ്മുടെ സിനിമാറ്റിക് കാഴ്ച ഒരു ഹെലികോപ്റ്റർ ലോങ് ഷോട്ടിൽ തുടങ്ങാൻ അത് സഹായിക്കും എന്ന ഗുണവുമുണ്ട്.

പല അർഥത്തിലും നിരഞ്ജന്റെയും രവിയുടെയും ജീവിതങ്ങളുടെ സൂചിക കൂടെയാണ് തുറന്ന ടെറസ്. തൽക്കാലം അവരുടെ ജീവിതത്തിൽ സ്ത്രീസാന്നിദ്ധ്യമില്ല. വീണ്ടുമൊരു കാലത്ത്‌ നിരഞ്ജൻ ജെന്നിഫറോടും രവി നിവേദിതാ മേനോനോടും ചേരും. പിന്നീട് പിരിയും. എന്നാൽ കാലത്തിന്റെ ഈ പ്രത്യേക ബിന്ദുവിൽ അവർ ശൂന്യമായ ടെറസിൽ , ഓപ്പൺ എയറിൽ ഇരുന്ന് പുകവലി അനുഷ്ഠിക്കുകയാണ്. ഇപ്പോൾ അതാണ് അവരുടെ രംഗധർമം.

നിരഞ്ജന്റെ കയ്യിൽ കളർചോക്കുകൾ ഉണ്ട്. അത് കൊണ്ട് അയാൾ ടെറസിന്റെ അരമതിലിൽ ജെന്നിഫറിന്റെ ചിത്രം വരയ്ക്കുന്നു. 'കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്നു മോഹങ്ങൾ' എന്ന് റേഡിയോവിൽ നിന്നും പാട്ടുകേൾക്കാം. സത്യത്തിൽ ആകാശവാണിയിൽ 'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' ആരംഭിയ്ക്കാൻ ഇനിയും ഒന്നര മണിക്കൂർ എങ്കിലും ഉണ്ട്. നിരഞ്ജൻ ചിത്രം വരയ്ക്കുന്നു എന്നത് കൊണ്ട് മാത്രം സായാഹ്നസമ്പ്രേഷണം ഇന്ന് നേരത്തെ ആരംഭിച്ചതാണ്.

" നിനക്കറിയാമോ രവി, ആറ്റത്തിനകത്തെ രണ്ട് ഇലക്ട്രോണുകൾക്ക് ഒരേ ക്വാണ്ടം അവസ്ഥകൾ ഉണ്ടായിരിക്കാൻ പറ്റില്ല. സാധ്യമല്ല തന്നെ!"

"ഒരർഥത്തിൽ ജീവിതം എന്ന് പറയുന്നത് തന്നെ അങ്ങിനെയല്ലേ, നിരഞ്ജൻ?"

" ചിലപ്പോഴൊക്കെ രസതന്ത്രം എനിക്ക് മനസിലാവുന്നു എന്ന് വരെ തോന്നിപ്പോവുന്നു. ഇനി അങ്ങിനെ തന്നെ ആവുമോ?"

"അദ്വൈതമായ അവസ്ഥകളെപ്പറ്റി ആദിശങ്കരൻ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ എഴുതിയിരിക്കുന്നു. സത്യത്തിൽ രണ്ട് ഇലക്ട്രോണുകൾ പോലുമില്ല. നീ 'തത്വമസി' വായിച്ചില്ലേ "

"ഇല്ല. 'ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു' വായിച്ചിട്ടുണ്ട്"

"രണ്ടും അടിസ്ഥാനപരമായി ഒന്നു തന്നെ. പക്ഷെ നിരഞ്ജൻ നീ നിന്റെ വായനയുടെ ചക്രവാളത്തെ വിശാലമായി വളർത്തേണ്ടതുണ്ട്. സയൻസ് വായിക്കണം നീ. സി. രാധാകൃഷ്ണനെ വായിച്ചിട്ടുണ്ടോ?"

"ഇല്ലെടാ. ജെനിയെ നോക്കിയിരിക്കുമ്പോഴാണ് രസതന്ത്രം പോലും എനിക്ക് മനസിലാവുന്നത്. സി. രാധ ഒക്കെ വളരെ ടഫല്ലേ? "

"വളരെ ടഫാണ്. സയൻസ് അറിയില്ലെങ്കിൽ മനസിലാക്കാൻ ബുദ്ധിമുട്ടാണ് "

തുടർന്ന് ഇരുവർക്കുമിടയിലെ പുകച്ചുരുളുകൾക്കിടയിൽ ഏതാനും നിമിഷങ്ങൾ മൗനം തളം കെട്ടിക്കിടന്നു. അന്തരീക്ഷത്തിലെ എല്ലാ ഒച്ചകളും ഒറ്റയടിക്ക് ഇല്ലാതായി. ആകാശവാണി പോലും നിശ്ശബ്ദമായി. സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത. സൂചി‌ വീഴാഞ്ഞത് കൊണ്ട് മാത്രം കേട്ടില്ല എന്നേയുള്ളൂ. ഈ നിമിഷം ആകാശത്തിലൂടെ മാലാഖമാർ കടന്നുപോവുക ആയിരിക്കും എന്ന് രവി അഭിപ്രായപ്പെട്ടു. അത്തരം നിമിഷങ്ങളിൽ ആണ് ഭൂമിയിൽ പരിപൂർണനിശ്ശബ്ദത ഉണ്ടാകുന്നത്. നിരഞ്ജൻ രവിയോട് പൂർണമായും യോജിച്ചു.

"ജെനി വളയുന്നില്ലെടാ". ഞൊടിയിടയിലണ് തത്വചിന്തയിൽ നിന്നും നിരഞ്ജൻ പ്രായോഗികജീവിതത്തിന്റെ മടുപ്പിക്കുന്ന യാഥാർഥ്യങ്ങളിലേക്കിറങ്ങി വന്നത്.

" നിലോഫർ?"

"അവൾ ഇനിയും പിടി തരാത്ത ഒരു പ്രഹേളിക ആണ്".

"നീ വായന പുതുക്കണം നിരഞ്ജൻ. അതാണ് വേണ്ടത്"

"വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊന്നും എന്നെ മനസിലാക്കാൻ പറ്റുന്നില്ലെഡാ. ഫ്രണ്ട്സിനും ടീച്ചേഴ്സിനും ആർക്കും പറ്റുന്നില്ല." വരിവരിയായി മൂന്ന് സാഡ് സ്മൈലി‌ ഇമോട്ടിക്കോൺ നിരഞ്ജൻ മുഖത്ത് പ്രദർശിപ്പിച്ചു.

"നീ വായിക്കണം നിരഞ്ജൻ. അതാണ് വേണ്ടത്. നീ വായന പുതുക്കണം. സയൻസ് വായിക്കണം. ദെറീദയിൽ തുടങ്ങിനോക്കൂ. അല്ലെങ്കിൽ സി.രാധയിൽ. "

മൗനത്തിന്റെ രണ്ടാം തിരമാല അവർക്കിടയിൽ ജന്മമെടുത്തു. അപ്പോഴാണ് ക്യാമറ വളരെ വേഗത്തിൽ സൂം ഔട് ആകുന്നതും മേഘങ്ങളിലേക്ക് പ്രവേശിക്കുന്നതും. നിരഞ്ജനെയും രവിയെയും അവരുടെ ആകുലതകൾക്കിടയിൽ തനിയെ വിട്ടാണ് ക്യാമറ പിൻ ചലിക്കുന്നത്. ആകാശത്തിൽ പറവകൾ പ്രത്യക്ഷപ്പെടുന്നു. ക്യാമറ അവയ്ക്ക് പിറകെ പായുന്നു. നഗരപ്രദക്ഷിണം നടത്തി ബീച്ചിലെത്തുന്നു. താഴേയ്ക്ക്. സൂമിൻ. അവിടെ ജെനിയും നിലോഫറും ഇരിപ്പുണ്ട്.

(സത്യത്തിൽ ഇത് ക്യാമറയുടെ ചലനങ്ങൾ ആയിരുന്നില്ല. ബഡ്ജറ്റ് പ്രശ്നങ്ങൾ കാരണം ലോക്കൽ സ്റ്റുഡിയോയിലെ രഘുനന്ദനൻ ചെയ്ത വി.എഫ്.എക്സ് ഇഫക്റ്റ് ആയിരുന്നു. ബീച്ചിലേക്ക് സൂമിൻ ആയ ശേഷം വി.എഫ്.എക്സ് അവസാനിക്കുകയും നിയന്ത്രണം സിനിമാറ്റോഗ്രാഫർക്ക് തിരിച്ചു കിട്ടുകയും ചെയ്തു).

അല്പനേരമായി ജെനിയും നിലോഫറും അവിടെ എത്തിയിട്ട്. സമയത്തിന്റെ ക്രമം നോക്കിയാൽ രവിയും നിരഞ്ജനും പുകവലിച്ചു തുടങ്ങിയ സമയം മുതൽ ഇവരിവിടെ ഇരുന്നു സംസാരിക്കുന്നുണ്ട്. എന്നാൽ തിരക്കഥയിൽ ആ രംഗങ്ങളും സംഭാഷണവും മിസ്സായിരിക്കുന്നു. ഇപ്പോൾ ഫ്രയിമിൽ ഇല്ലെങ്കിലും ഈ രംഗത്ത് ആഷിക്കും അവരോടൊപ്പം ഉണ്ട്. അടക്കാനാവാത്ത മൂത്രശങ്ക അയാളെ മൂത്രപ്പുര അന്വേഷിച്ച് അയച്ചിരിക്കയാണ്. മറ്റു ദിവസങ്ങളിൽ ആൺസുഹൃത്തുക്കളോടൊപ്പം രാത്രികാലങ്ങളിൽ ബീയറടിക്കാൻ വരുമ്പോൾ കടലിൽ തന്നെ കൃത്യം നിർവഹിക്കാറാണ് പതിവ്. ഇന്നിപ്പോൾ നേരം ഇരുട്ടിയിട്ടില്ലാത്തത് കൊണ്ടും ജനസാന്നിധ്യം കൂടുതൽ ഉള്ളത് കൊണ്ടും സിവിലിയൻ ഉത്തരവാദിത്വങ്ങളോടു കൂറു കാണിച്ചേക്കാം എന്ന്‌ കരുതിയതാണ്. അയാൾ കുറച്ച് കഴിഞ്ഞാൽ കോൺ ഐസ്ക്രീമുകളും ആയി ഫ്രയിമിലേക്ക് തിരിച്ചുവരും.

ഇപ്പോൾ നിലോഫറിനും ജെനിക്കും അല്പം പിറകിൽ സൗണ്ട് ഡിസൈനർ സമർഥമായി ഒളിപ്പിച്ചു വെച്ച പ്രധാനമൈക്കിൽ നിന്നുള്ള സംഭാഷണങ്ങളാണ് നമ്മൾ കേൾക്കുന്നത്. കടൽക്കാക്കകൾ, കടലവില്പനക്കാരൻ, കടൽത്തിരമാലകൾ എന്നിവയുടെ ശബ്ദവും സെക്കന്ററി ചാനലുകളിൽ പശ്ചാത്തലമായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്.

"പ്രണയത്തിന്റെ നിറമാണല്ലേ ഇപ്പോൾ ആകാശത്തിനും"

"തീരങ്ങളിൽ ഇരിക്കുന്ന നാം ആരാണ് ജെനീ?"

"നമ്മൾ ആ കടൽക്കാക്കകളെപ്പോലെ സ്വതന്ത്രരായ പറവകളല്ലേ?"

"എന്തോ"

"നീയെന്താണാലോചിക്കുന്നത്?"

"ബി.എ. കഴിഞ്ഞ് ജേണലിസത്തിനു പോകുന്ന കാര്യം വീട്ടിൽപ്പറഞ്ഞപ്പോൾ പപ്പായും മമ്മായും സമ്മതിക്കുന്നില്ല. എം.എയും ബിഎഡും മതി എന്ന് അവർ പറയുന്നു"

"ഓ എന്ത് ബോറായിരിക്കും അത് അമ്മൂ".

" അതേടാ. എനിക്ക് സ്വതന്ത്ര്യമായി ആ പറവയെപ്പോലെ തിരമാലകൾക്കു മേലെ പറന്നുയരണം. ലോകം മുഴുവൻ ചുറ്റിക്കാണണം എനിക്ക്. ഒരു നല്ല റിപ്പോർട്ടറാവണം. പച്ചയായ ജീവിതങ്ങൾ വായനക്കാർക്ക് മുന്നിൽ തുറന്ന് വെയ്ക്കണം."

"ഓ എന്റെ അമ്മൂ. എന്ത് റൊമാന്റിക് ആണ് നീ. നിനക്ക് ഞാൻ കെട്ടിപ്പിടിച്ചൊരുമ്മ തരട്ടെ"

"എനിക്കു വേണ്ടി ഒരു നിരഞ്ജൻ ലോകത്തെവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവും അല്ലേ ജെനീ".

" ഉം"

മൗനത്തിന്റെ മൂന്നാം തിരമാല പ്രത്യക്ഷപ്പെടുന്നതിവിടെയാണ്. ആദ്യപ്രവേഗം, അകലം‌, ത്വരണം എന്നിവ പരിശോധിച്ചാൽ നേരത്തെ നിരഞ്ജരവികളുടെ ഹോസ്റ്റലിനു മുകളിലൂടെ പറന്ന മാലാഖമാർ ബീച്ചിനടുത്ത് എത്താറായി എന്നത് പ്രസ്താവ്യമാണ്. അല്ലെങ്കിലും മാജിക്കൽ റിയലിസത്തിന്റെ നിരന്തരസാന്നിദ്ധ്യം കൊച്ചിയിൽ ഇക്കാലയളവിൽ അനുഭവപ്പെടുന്നുണ്ട്. മാർകേസിന്റെ പുതിയ എഡിഷൻ തൃശ്ശൂർ എറണാകുളം കറന്റ് ബുക്സ് ശാഖകളിൽ വിതരണത്തിനെത്തിയ ശേഷമാണെന്ന് വിദഗ്ധമതം.

"വാട്സ് ദ ഡീൽ വിത് ദിസ് ആഷിക് ഗൈ? വാട്സ് യുവർ തോട്"

"ഐ ‌തിങ്ക് ഹീ ഈസ് ജെനുവിൻ. ഹീ‌ ഹാസ് എജുകേറ്റഡ് ഒപ്പീനിയൻ ഓൺ ജെൻഡർ ടോപിക്സ്"

"ദാറ്റ്സ് ഗുഡ്"

" ഫ്യൂച്ചറിൽ സിനിമാനടിയെ വിവാഹം കഴിക്കുമെന്നും മാര്യേജിനു ശേഷവും ഭാര്യയെ അഭിനയിക്കാൻ സമ്മതിക്കും എന്നൊക്കെ പറയുന്നു".

"അതൊക്കെ കല്യാണത്തിനു മുൻപേ ഓൾ ബോയ്സ് ടെൽ. അവൻ ഒരു പീകോക്ക് ഫെമിനിസ്റ്റ് ആയിരിക്കുമോ എന്ന് ഞാൻ ഭയക്കുന്നു അമ്മൂ".

" മേബി. ഹൂ നോസ്. ജെനി അവൻ വരുന്നുണ്ടെന്ന് തോന്നുന്നു".

മൂന്ന് ഐസ്ക്രീം കോണുകളും ക്യാമറാബാഗുമായി അത്രയും ദൂരം ഒറ്റയ്ക്ക് നടന്നു വന്ന ആഷിക്കിനെ ജെനിയും നിലോഫറും അകമഴിഞ്ഞ് അഭിനന്ദിക്കാൻ മറന്നില്ല. ഹൗ സ്വീറ്റ് ഓഫ് യൂ എന്ന്‌ വരെ നിലോഫർ പറഞ്ഞുപോയി. ശേഷം ആഷിക് ക്യാമറ ബാഗ് തുറന്നു നികോൺ പുറത്തെടുത്തു. പുട്ടുകുറ്റികളോളം പോന്ന ലെൻസുകളുടെ കമനീയമായ ഒരു ശേഖരം ആഷിഖിന്റെ ബാഗിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അടുത്തിരിക്കുന്നത് ഗലീലിയോ തന്നെ ആണെന്ന് തോന്നിപ്പോയി ജെന്നിഫറിന്. വൈദ്യശാസ്ത്രം ഇന്വൊളന്ററി എന്ന് വിളിക്കുന്ന ഒരു തരം ആക്ഷനിലൂടെ നിലോഫർ സ്വന്തം മുടിയിഴകളെ ഒതുക്കുക്കയും പൊട്ട് നേരെയാക്കുകയും ചെയ്തു.

ആഷിഖ് അലസമായി ചിത്രങ്ങൾ പകർത്തുന്നു‌. അത് വഴി കടന്നു പോയ ഭിക്ഷയെടുക്കാൻ നടക്കുന്ന വൃദ്ധന്റെ പടം ശ്രദ്ധയോടെ തന്നെ എടുത്തു. അന്നത്തെക്കാലത്ത് ഡിജറ്റൽ ക്യാമറയില്ല, ഫിലിമാണ്. എന്നാൽ കഥാപാത്രങ്ങൾ ആരും ഏതെങ്കിലും പ്രത്യേകകാലത്തോ ദേശത്തോ ബന്ധിതം അല്ലാത്തത് കൊണ്ട് ആഷിഖിന്റെ ക്യാമറ ഡി.എസ്‌.എൽ.ആർ ആയി രൂപാന്തരം പ്രാപിക്കുകയാണ്. ജെനിയ്ക്കും നിലോഫറിനും ചിത്രം സ്ക്രീനിൽ കാണിച്ചുകൊടുക്കുകയും ചെയ്തു.

"ശ്രദ്ധിച്ചു നോക്കൂ ജെനി. ആ വൃദ്ധന്റെ മുഖത്തെ ചുളിവുകളുടെ ഡീറ്റെയ്ല്സ് നോക്കൂ. ഓസം മാൻ. നിക്കോൺ ആയത് കൊണ്ടാണ്‌. കാനൺ ആയിരുന്നെങ്കിൽ ഇത്രയ്ക്ക് ഡീറ്റെയ്ല്സ് കിട്ടില്ല. കളർ ടെമ്പറേച്ചറും ശരിയാവില്ല"

"ഓ നോക്കൂ ആഷിഖ് അതാ ഒരു പറവ! എത്ര മനോഹരമായിരിക്കുന്നു. വൈ ഡോണ്ട് യൂ ക്ലിക് എ ഷോട്"

ആഷിഖ് ഝടുതിയിൽ 85 എം എം ലെൻസ് ഊരി 35 എം.എം ഇട്ടു. പുനർചിന്തിയിൽ അത് മാറ്റി 24 എം.എം ഇട്ടു. തിരിച്ച് 35 ഇട്ടാലോ എന്ന് ഗാഢമായി ചിന്തിച്ചു.

"ഓ ഷിറ്റ് അത് പോയല്ലോ"

"ഓ അസ്തമനസൂര്യൻ എത്ര മനോഹരമായിരിക്കുന്നു. ആകാശം ഏതോ ചിത്രകാരന്റെ വിശാലമായ ക്യാന്വാസ് പോലെ ഇരിക്കുന്നു അല്ലേ"

ഇതിനിടയിൽ ആഷിക്ക് 24 എം.എം മാറ്റി 85 ഇടുന്നു. പിന്നെ 35 ഇടുന്നു. വീണ്ടും 24 ഇടുന്നു.

"ഐ തിങ്ക് ദ സൺ ഈസ് ഓൾമോസ്റ്റ് ഗോൺ. ആഷിഖ് പ്ലീസ് റ്റേക് എ ഫോട്ടോ ഓഫ് അമ്മൂ ആൻഡ് മീ "

"ഓ നോ ജെനീ. ലൈറ്റ് പോയി. യൂ സീ ലൈറ്റ് ഈസ് കമിങ് ഫ്രം ദേയർ ആൻഡ് ദ ആംഗിൾ സജസ്റ്റ് ദാറ്റ്...

"ഫ്ലാഷിട്ട് എടുത്താൽ പോരേ"

തദവസരത്തിൽ ആഷിഖിന്റെ മുഖത്ത് പ്രത്യക്ഷമായ ഭാവം വ്യക്തമാക്കുന്ന ഇമോട്ടിക്കോൺ ഇരുപത്തൊന്നാം നൂറ്റാണ്ട് മൊത്തവും ഡിജിറ്റൽ ഡിസൈനേഴ്സ് ശ്രമിച്ചിട്ട് നടന്നില്ലെന്ന് പിന്നീട് കാലം രേഖപ്പെടുത്തുന്നു. 'ഫ്ലാഷിട്ട് ഫോട്ടോ എടുക്വേ?' എന്ന് അതീവ ദുർബലമായ ശബ്ദത്തിൽ ആഷിഖിന്റെ ആത്മഗതം റെക്കോഡിൽ പതിഞ്ഞതായി സൗണ്ട് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ ഫൈനൽ കട്ടിൽ ഈ ഭാഗം ഉൾപ്പെടുത്തിയില്ല. പകരം തിരമാലകൾ ആഞ്ഞടിക്കുന്ന ചില സ്റ്റോക് ഷോട്ടുകളിലേക്ക് ചിത്രവും ശബ്ദവും തിരിച്ചു വിടുകയാണ് ഉണ്ടായത്.

കഥ ഇവിടെ അവസാനിക്കുന്നില്ല. അത് കാലത്തിനും മുൻപും പിൻപുമായി ഇനിയും തുടരേണ്ടതുണ്ട്. തൽക്കാലം രംഗം ഫേഡൗട് ആവുന്നെന്നേ ഉള്ളൂ.

ഡിസ്കൈമൾ : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം. ജീവിച്ചിരിക്കുന്നവർക്കോ മരിച്ചവർക്കോ ഫേസ്ബുക് അക്കൗണ്ടുള്ളവർക്കോ കഥാപാത്രങ്ങളുമായി സ്വയം ഐഡന്റിഫൈ ചെയ്യാൻ തോന്നിയാൽ അത് സ്വന്തം ഉത്തരവാദിത്വത്തിൽ ആയിരിക്കും. കമ്പനി ബാധ്യത ഏറ്റെടുക്കുന്നതല്ല. പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം.


Shared publiclyView activity