Profile cover photo
Profile photo
Amal Jyothi College of Engineering (AJCE)
61 followers -
Life in its fullest
Life in its fullest

61 followers
About
Amal Jyothi's posts

Post has attachment
പുണ്യപിതാവിന്റെ സ്‌മരണക്കു മുൻപിൽ ആദരാജ്ഞലികൾ

1987 മുതല്‍ 2001 വരെ കാലഘട്ടത്തില്‍ കാഞ്ഞിരപ്പള്ളിരൂപതയെ അതിധീരമായും എന്നാല്‍ സ്വതസിദ്ധമായ ശാന്തതയോടുംകൂടി നയിച്ച അഭിവന്ദ്യ വട്ടക്കുഴി പിതാവ്‌, രൂപതയുടെ കൗമാരദിശയിലെ വളര്‍ച്ച ശോഭനമാക്കിയ മഹത്‌ വ്യക്തിത്വമാണ്‌. വിനയാന്വിത സേവനം പ്രവര്‍ത്തനശൈലിയാക്കിയിരുന്ന പിതാവായിരുന്നു അദ്ദേഹം. പതിനാലു വര്‍ഷങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വവും ആത്മീയചൈതന്യവും സൗമ്യസാന്നിദ്ധ്യമായി സേവനം ചെയ്തിട്ട്‌, യോഗ്യനായ പിന്‍ഗാമിക്കു വഴിമാറിക്കൊടുത്ത്‌ പിന്‍വാങ്ങിനില്‍ക്കുന്ന പിതാവിന്റെ ചിത്രം ആ സവിശേഷ വ്യക്തിത്വത്തിന്റെ രൂപരേഖ തന്നെയാണ്‌. രൂപതാദ്ധ്യക്ഷനായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കു പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയും അവരുടെ പ്രവര്‍ത്തനമികവിനെ രൂപതയുടെ വളര്‍ച്ചയ്ക്കായി സമന്വയിപ്പിക്കുയും ചെയ്ത വട്ടക്കുഴി പിതാവിന്റെ ശൈലി, “എന്റെ നുകം വഹിക്കുവാന്‍ എളുപ്പമുള്ളതും ഭാരം ലഘുവുമാണ്‌” എന്ന ദൈവവചനം നമ്മെ അനുസ്മരിപ്പിക്കുന്നു.
അഭിവന്ദ്യ വട്ടക്കുഴി പിതാവ്‌ രൂപതാസാരഥ്യത്തില്‍നിന്നു വിരമിച്ച വേളയില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബുള്ളറ്റിനില്‍ അദ്ദേഹത്തെപ്പറ്റി വന്ന ഒരു ലേഖനത്തിലെ വാക്കുകള്‍ ആ വ്യക്തിത്വത്തിന്റെ ആര്‍ജ്ജവമുള്ള ചിത്രം വരച്ചുകാണിക്കുന്നുണ്ട്്‌. “ഒച്ചപ്പാടുകളില്ലാത്ത, ഒച്ചപ്പാടുകളുണ്ടാക്കാത്ത, ആള്‍ക്കൂട്ടങ്ങളില്‍നിന്ന്‌ ആരുമറിയാതെ ഒഴിഞ്ഞുമാറി നില്‍ക്കുന്ന വ്യക്തിത്വം. ആ മുഖത്തുപോലും ആഴമേറിയ ഒരുതരം നിസ്സംഗത – സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം ഒന്നുപോലെ. കര്‍ത്തവ്യ ബാഹുല്യത്തിന്റെ തിരുക്കളില്‍ നിന്നൊഴിഞ്ഞാലുടന്‍ സ്വന്തം വായനാമുറിയുടെ സ്വച്ഛതയിലേക്ക്‌ ഒതുങ്ങിയിരുന്ന പ്രകൃതം, ഈ വ്യക്തിസവിശേഷത രൂപതാദ്ധ്യക്ഷനെന്ന നിലയില്‍ നിശബ്ദമായി വലിയ കാര്യങ്ങള്‍ ചെയ്യാനും ചെയ്യിക്കാനും ഉപയുക്തമായി. അധികാരബോധം തെല്ലുമില്ലാത്ത അദ്ദേഹത്തിന്റെ “മാനേജ്മെന്റെ്‌ ശൈലി” എല്ലാവരുടെയും പങ്കാളിത്വം ഉറപ്പാക്കാന്‍ ഉതകുന്നതായിരുന്നു. ആ ശൈലിയില്‍ അനേക കാര്യങ്ങള്‍ വിജയകരമായി നടപ്പാക്കുമ്പോഴും അവകാശവാദങ്ങളില്ല. നേടിയതൊക്കെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തണമെന്ന നിര്‍ബന്ധവുമില്ല. പിതൃസമാനമായ സംതൃപ്തിയോടെ എല്ലാവരെയും അംഗീകരിക്കുന്നതായിരുന്നു പിതാവിന്റെ രീതി. ആ വ്യക്തിത്വശൈലി രൂപതയുടെ ഒരു കാലഘട്ടത്തെ ചൈതന്യവത്താക്കി. രൂപതയ്ക്കും രൂപതാംഗങ്ങള്‍ക്കുമായി അദ്ദേഹം ചെയ്ത നിരവധി കാര്യങ്ങള്‍ “ഇടംകൈ അറിയാതെ വലംകൈ ചെയ്ത നന്മകൾ ആയിരുന്നു.
തന്റെ ശുശ്രൂഷാകാലത്ത്‌ വട്ടക്കുഴി പിതാവ്‌ നടത്തിയത്‌ ധീരമായ ചുവടുവയ്പ്പുകളായിരുന്നെന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷവും ഇന്നു നമ്മള്‍ മനസ്സിലാക്കുന്നു. ആലംബഹീനരും മരണാസന്നരുമായവര്‍ക്കായി എലിക്കുളത്ത്‌ ആരംഭിച്ച സെറനിറ്റി ഹോം, വികലാംഗര്‍ക്കായി കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിച്ച ഹോം ഓഫ്‌ പീസ്‌, രോഗാവസ്ഥയിലും വാര്‍ദ്ധക്യത്തിലും വൈദികര്‍ക്ക്‌ അഭയമാകുന്ന വിയാനിഹോം എന്നീ സ്ഥാപനങ്ങള്‍ ഇതിനു മകുടോദാഹരണങ്ങളാണ്‌.
രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആദ്ധ്യാത്മിക ഊര്‍ജ്ജം പകരാനായി തുടങ്ങിയ ആവേ മരിയ പ്രാര്‍ത്ഥനാകേന്ദ്രവും അജപാലനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ അണക്കരയില്‍ പണിതീര്‍ത്ത പാസ്റ്ററല്‍ ആനിമേഷന്‍ സെന്റെറും പിതാവിന്റെ ആജപാലന ഔത്സുക്യത്തിന്റെ പ്രതീകങ്ങളാണ്‌.
ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ രൂപതയ്ക്ക്‌ അകത്തും പുറത്തും പ്രത്യേകിച്ച്‌ ഹൈറേഞ്ചു പ്രദേശത്തും ഉണര്‍വും പുതു ആവേശവുമുണര്‍ത്തിയ കുട്ടിക്കാനം മരിയന്‍ കോളേജും ഏറെ പ്രതിസന്ധികളിലൂടെ നേടിയെടുത്ത അമല്‍ജ്യോതി എന്‍ജിനിയറിംഗ്‌ കേളേജിന്റെ തുടക്കവും കാഞ്ഞിരപ്പള്ളി രൂപതയെ വിദ്യാഭ്യാസ ഉന്നതിയില്‍ എത്തിച്ച ധീരമായ ചുവടുവയ്പ്പുകളായിരുന്നു. മലനാട്‌ ഡവലപ്പ്മെന്റ്‌ സൊസൈറ്റിയും പീരുമേട്‌ ഡവലപ്പ്മെന്റ്‌ സൊസൈറ്റിയും അമലാ കമ്മ്യൂണിക്കേഷന്‍സും രാഷ്ട്രീയഭരണാധികാരികളുടെപോലും പ്രശംസ നേടിയെ പ്രവര്‍ത്തന മേഖലകളായി പ്രശസ്തിയാര്‍ജ്ജിച്ചതും വട്ടക്കുഴി പിതാവിന്റെ പ്രോത്സാഹനത്താലാണെന്ന്‌ അവയുടെ മുന്‍ ഡയറക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എല്ലാറ്റിലുമുപരിയായി, രൂപതയിലെ വിവിധ അജപാലന ഡിപ്പാര്‍ട്ടുമെന്റ്കളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകുവാന്‍ പിതാവു നല്‍കിയ കരുതലോടെയുള്ള പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അന്നത്തെ ഡയറക്ടര്‍മാര്‍ വികാരവായ്പ്പോടെയാണ്‌ ഓര്‍മ്മിക്കുന്നത്‌. ഇവയൊക്കെയും ക്രിസ്തുശിഷ്യത്വത്തിന്റെ മുഖമുദ്രയായ സ്നേഹവും കൂട്ടായ്മയും രൂപതാകേന്ദ്രത്തിലും ഇടവകകളിലും നിലനിര്‍ത്താന്‍ പര്യാപ്തമാകും വിധത്തിലാകണമെന്നതായിരുന്നു പിതാവിന്റെ വീക്ഷണം.
ഭരണസാരഥ്യത്തില്‍നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുമ്പോഴും, വിശ്രമം വേണ്ടായെന്നുവച്ച്‌ അജപാലന ശുശ്രൂഷയില്‍ ആനന്ദം കണ്ടെത്തുന്ന പിതാവിന്റെ സാന്നിദ്ധ്യം എപ്പോഴും ഇടവകകളിലും സ്ഥാപനങ്ങളിലും തുടർന്നിരുന്നു. കൂടുതല്‍ തീവ്രമായ പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും വിചിന്തനത്തിലൂടെയും പിതാവു സംഭരിച്ചിരുന്ന ഊര്‍ജ്ജമാണ്‌ ഭരണമില്ലാതെ ശുശ്രൂഷ തുടരുന്നതിന്‌ അദ്ദേഹത്തെ സഹായിച്ചിരുന്നത് . ആ ധന്യജീവിതത്തിന്റെ എല്ലാ സന്ദർഭങ്ങളിലും, തികഞ്ഞ നിസ്സംഗതയോടും ശാന്തതയോടുംകൂടെ ഒരു ചെറു പുഞ്ചിരിതൂകി, കൈകൂപ്പി നില്‍ക്കുകയേയുള്ളു അഭിവന്ദ്യ വട്ടക്കുഴി പിതാവ്‌. “എന്നാല്‍ അങ്ങനെയാകട്ടെ” എന്ന സമാപ്ത വാക്യവും. പുണ്യപിതാവിന്റെ സ്‌മരണക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded