Apple Inc ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നാണ്. അതിന്റെ CEO സ്ഥാനത്തിരുന്ന ഒരാളെപ്പറ്റിയുള്ള നമ്മുടെ സാധാരണ സങ്കല്പം എന്തായിരിക്കും? പാരമ്പര്യമായി ബിസിനസ് കുടുംബത്തിലെ അംഗം, ഏതെങ്കിലും നല്ല ബിസിനസ് സ്‌കൂളിൽ നിന്ന് MBA, ബിസിനസ് ലോകത്ത് പടർന്നു കിടക്കുന്ന കുടുംബബന്ധങ്ങൾ, പോളിഷ്ഡ് & സോഫിസ്റ്റിക്കേറ്റഡ് എന്നിങ്ങനെ കുറ കാര്യങ്ങൾ നമ്മൾ പ്രതീക്ഷിക്കും. സ്റ്റീവ് ജോബ്സ് ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ അതീതനായ ഒരു മനുഷ്യൻ ആയിരുന്നു.

ദത്തെടുക്കപ്പെട്ട, ആത്മീയപ്രകാശം തേടി ടീനേജ് സമയത്ത് ഇന്ത്യയിൽ നീം കരോലി ബാബയുടെ ആശ്രമം തപ്പി വന്നിട്ട് ഡൽഹി ഉത്തർ പ്രദേശ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലൊക്കെ അലഞ്ഞു നടന്നിട്ടുള്ള, ഹിപ്പി ലൈഫ്‌സ്‌റ്റൈലിൽ കുറേക്കാലം ഉണ്ടായിരുന്ന, സെൻ ബുദ്ധിസ്റ് കൂട്ടായ്മകളിൽ അംഗമായ, കല്യാണം ഒരു ജാപ്പനീസ് ആത്മീയാചാര്യൻ ആശീർവദിച്ച, കല്യാണത്തിന് മുന്നേയുള്ള ബന്ധത്തിലെ മകളെ അംഗീകരിക്കാതിരുന്ന, വെജിറ്റേറിയനായിരുന്ന, വേഗൻ ആയിരുന്ന, ക്യാൻസർ ബാധിച്ചപ്പോൾ ആദ്യ ഒരു വർഷത്തോളം ആധുനിക ചികിത്സ നിരസിച്ച് പകരം ഉഡായിപ്പ് ചികിത്സ സ്വീകരിച്ച, കലയും സംഗീതവും ഒരുപാട് ഇഷ്ടപ്പെട്ട, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത, സൈക്കഡലിക്സ് ഡ്രഗ്സ് LSD ഒക്കെ അടിച്ചു നടന്ന അനുഭവങ്ങളെ ജീവിതത്തിൽ ചെയ്ത മൂന്നാലു പ്രധാന കാര്യങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ചിട്ടുള്ള, 23 വയസിൽ മില്യണയർ ആയ, 25 വയസിൽ 100 മില്യൺ ഉണ്ടാക്കിയ, ധനം പാരമ്പര്യമായി ലഭിക്കാത്ത അതിധനികരുടെ (ഫോർബ്‌സ്) പട്ടികയിൽ ഇടംപിടിച്ച ചുരുക്കം ചിലരിൽ ഒരാളാണു സ്റ്റീവ് ജോബ്സ് എന്ന ബിസിനസുകാരൻ.

1955-ൽ ജനിച്ച സ്റ്റീവ് ജോബ്സ് ആപ്പിൾ കമ്പനി തുടങ്ങുന്നത് 1976-ൽ ആണ്. അതായത് 21-ആം വയസിൽ. കാലിഫോർണിയയിലെ ലോസ് ആൾട്ടോസിൽ സ്റ്റീവിന്റെ വീടിന്റെ ഗരാജ് ആയിരുന്നു കമ്പനി ഓഫീസ്. സ്റ്റീവിന്റെ കൂട്ടുകാരൻ സ്റ്റീവ് വോസ്നിയാക്ക് അസെംബിൾ ചെയ്ത Apple 1 എന്ന കമ്പ്യൂട്ടർ വിറ്റുകൊണ്ടായിരുന്നു തുടക്കം. ഒരു സാധാരണ സർക്യൂട്ട്/മഥർബോർഡും രണ്ടു മൂന്നു എക്സ്റ്റൻഷൻ പോർട്ടുകളും അടങ്ങുന്ന ഒരു വളരെ ലളിതമായ ഒരു അസെംബ്ലി ആയിരുന്നു അത്. കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ ഉദ്ദേശിച്ചാണ് ആ മൈക്രോപ്രൊസസ്സർ യൂണിറ്റ് ഇറക്കിയത്. Mike Markkula എന്ന വിരമിച്ച ഇന്റൽ പ്രോഡക്ട് മാനേജരെക്കൊണ്ട് പണം മുടക്കിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ജോബ്‌സിന്റെ മാർക്കറ്റിങ്ങ് വിജയം. പത്ത് മാസം കൊണ്ട് ഏകദേശം നൂറ്റിയെഴുപത്തഞ്ച് Apple 1 കമ്പ്യൂട്ടർ $666.66 വെച്ച് വിറ്റുപോയി. 1977-ൽ സ്റ്റീവ് വോസ്നിയാക്ക് Apple 2 കമ്പ്യൂട്ടർ ഡിസൈൻ ചെയ്തു. സാധാരണക്കാരെ ഉദ്ദേശിച്ച് ആദ്യമായി വിപണിയിലിറക്കി വമ്പൻ വിപണനം നടത്തിയ കമ്പ്യൂട്ടർ ഇതാണെന്നു പറയാം. ഇതിനു ശേഷം ആപ്പിൾ കമ്പനിയ്ക്ക് പുരോഗതിയുടെ കാലമായിരുന്നു. ഏകദേശം 5 മില്യണിൽ അധികം Apple 2 കമ്പ്യൂട്ടറുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

1983-ൽ പെപ്‌സിയുടെ അന്നത്തെ CEO ആയിരുന്ന John Sculley-യെ അവിടെ നിന്നും ഇറക്കി ആപ്പിളിന്റെ CEO ആക്കുന്നതിൽ സ്റ്റീവ് വിജയിച്ചു. സമ്മതിപ്പിക്കാൻ വേണ്ടി അന്ന് സ്റ്റീവ് സ്കളിയോട് ചോദിച്ച ഒരു ചോദ്യം വളരെ പ്രശസ്തമാണ് - "Do you want to spend the rest of your life selling sugared water, or do you want a chance to change the world?"

1984-ൽ ആണ് ആപ്പിളിന്റെ ഏറ്റവും പ്രശസ്തമായ കമ്പ്യൂട്ടറുകളിൽ ഒന്ന് എന്നു പറയാവുന്ന Macintosh ഇറക്കിയത്. ഇതിനകം അമേരിക്കയിലെ ബിസിനസ് രംഗത്ത് ഒരു സെലിബ്രിറ്റി ആയിരുന്ന സ്റ്റീവ് മാകിന്ടോഷിന്റെ ലോഞ്ച് അതി ഗംഭീരമാക്കി. എന്നാൽ ഈ കമ്പ്യൂട്ടർ അത്ര അധികം വിറ്റുപോയിരുന്നില്ല, പ്രധാനമായും ബിൽഗേറ്സിന്റെ വിൻഡോസും മറ്റു IBM PC ക്ളോണുകളും മാർക്കറ്റ് ഷെയർ പിടിച്ചിരുന്നു.

സ്റ്റീവിന്റെ ചെറുപ്പകാലത്തെ കുറിച്ച് അൽപ്പം - സിറിയയിൽ നിന്നും അമേരിക്കയിൽ കുടിയേറിയ ഒരു അറബ് മുസ്ലിം അച്ഛനും സ്വിസ്സ്-ജർമൻ ഒറിജിൻസ്‌ ഉള്ള അമേരിക്കക്കാരി അമ്മയ്ക്കും വിവാഹപൂർവ്വ ബന്ധത്തിൽ ഉണ്ടായ കുട്ടിയായിരുന്നു സ്റ്റീവ്. ജനിച്ച ഉടനെ സ്റ്റീവിനെ സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിലെ പോൾ-ക്ലാര സ്റ്റീവ് ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. പോൾ-ക്ലാര ദമ്പതികൾ രണ്ടുപേർക്കും കോളേജ് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവർ ധനികരും ആയിരുന്നില്ല, സാധാരണ മധ്യവർഗ്ഗ കുടുമ്പം ആയിരുന്നു. സ്‌കൂൾ സമയത്ത് സ്റ്റീവ് ഒരു ഒറ്റയാനായിരുന്നു, പഠനത്തിൽ പ്രത്യേകിച്ച് താൽപ്പര്യം ഒന്നും കാണിച്ചിരുന്നില്ല, പല സ്‌കൂളുകളും മാറിയിരുന്നു. സീനിയർ സ്‌കൂൾ സമയത്ത് സ്റ്റീവ് ഇലക്ട്രോണിക്സ് ഹോബി പ്രോജക്ടുകൾ ചെയ്തിരുന്നു. അത് ചെയ്തിരുന്ന മറ്റു ചില കുട്ടികളുമായി മാത്രമായിരുന്നു സ്റ്റീവിന്റെ ചങ്ങാത്തം. റീഡ്ഡ് കോളേജിൽ ചേർന്ന് ബിരുദം പഠിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ വര്ഷം തന്നെ കോഴ്സ് നിർത്തി. പിന്നീട് കാലിഗ്രാഫി ക്ലാസുകളിൽ ചെന്നിരിക്കുമായിരുന്നു. ആ അനുഭവം ആപ്പിൾ കമ്പ്യൂട്ടറുകളുടെ ഫോണ്ട് സിസ്റ്റവും ഗ്രാഫിക്‌സും ഡിസൈൻ ചെയ്യാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നു പിന്നീട് സ്റ്റീവ് പറഞ്ഞിട്ടുണ്ട്.

സീനിയർ സ്‌കൂൾ സമയത്താണ് സ്റ്റീവ് മറ്റൊരു സ്റ്റീവിനെ പരിചയപ്പെടുന്നത് - സ്റ്റീവ് വോസ്നിയാക്ക്. വോസ്നിയാക്ക് ശരിക്കും ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ജീനിയസ് ആയിരുന്നു. സിനിമകളിൽ ഒക്കെ കാണുന്ന ഇരുട്ടു മുറിയിൽ അടച്ചിരുന്നു ഗെയിം കളിക്കുകയും കമ്പ്യൂട്ടർ പ്രോഗ്രാം എഴുതുകയും ഒക്കെ ചെയ്യുന്ന ഒരു അന്തർമുഖൻ. കമ്പ്യൂട്ടർ ഗെയിമുകൾക്കു വേണ്ട പ്രോഗ്രാമുകൾ എഴുതുക എന്നത് വോസ്നിയാക്കിന്റെ ഹോബി ആയിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡയുടെ കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്തതിനു കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ബ്ലൂ ബോക്സ് എന്ന പേരിൽ ഫോൺലൈൻ ഹാക്ക് ചെയ്യുന്ന ഒരു യൂണിറ്റ് സഹ-ഹാക്കേഴ്‌സിന് വിറ്റ് തന്റെ ചുറ്റുവട്ടത്ത് പ്രശസ്തനായി. ആപ്പിളിന്റെ ആദ്യ കംപ്യൂട്ടറുകളുടെ ഒക്കെ സാങ്കേതിക ബുദ്ധി വോസ്നിയാക്കിന്റെ ആയിരുന്നു. സ്റ്റീവ് ജോബ്സ് ഈ ജീനിയസ് അസെമ്പിൾ ചെയ്ത കംപ്യൂട്ടറുകൾ എങ്ങനെ മാർക്കറ്റു ചെയ്യാം എന്നും വിൽക്കാം എന്നും കണ്ടുപിടിച്ച സെയിൽസ്/മാർക്കറ്റിങ്ങ് ജീനിയസ് ആയിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വളരെ രസകരമാണ്. ആപ്പിൾ തുടങ്ങുന്നതിനു മുൻപ് ജോബ്സ് ജോലി ചെയ്തിരുന്ന Atari Inc എന്ന ഗെയിം കമ്പനിക്കു വേണ്ടി ജോബ്‌സിന്റെ പല സങ്കീർണ്ണ പ്രോജക്ടുകളും ചെയ്‌തു കൊടുത്തിരുന്നത് വോസ്നിയാക്ക് ആയിരുന്നു. പിന്നീട് Apple 1, Apple 2 എന്നീ കമ്പ്യൂട്ടറുകൾ പ്ലാൻ ചെയ്തപ്പോൾ അതിന്റെ ഹാർഡ്-വെയർ, സർക്യൂട്ട് ബോർഡ്, ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയെല്ലാം ഡിസൈൻ ചെയ്തത് വോസ്നിയാക്ക് ഒറ്റക്കായിരുന്നു. അവരുടെ രണ്ടു പേരുടെയും ചില സ്വകാര്യ സ്വത്തുകൾ വിറ്റിട്ടാണ് അവർക്ക് Apple കമ്പനി തുടങ്ങാനും ആദ്യ ബോർഡുകൾ അസെംബിൾ ചെയ്യാനുമുള്ള പണം കിട്ടിയത്. HP (Hewlett-Packard)-ലെ എഞ്ചിനീയർ ജോലി വിട്ടിട്ടാണ് വോസ്നിയാക്ക് Apple തുടങ്ങിയത്. ഒരു യാഥാർത്ഥ എഞ്ചിനീയർ ആയ വോസ്നിയാക്കിന് മാനേജ്‌മെന്റിൽ യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. 1985-ഓടെ അദ്ദേഹം ആപ്പിളിൽ നിന്ന് വിരമിച്ച് സ്റ്റോക്ക് ഒക്കെ വിറ്റു. പല ടെക്‌നോളജി കമ്പനികളും സ്റ്റാർട്ട് ചെയ്യുകയും ഫണ്ട് ചെയ്യുകയും ഒക്കെ ചെയ്തു. ജോബ്‌സുമായി മരിക്കുന്നതു വരെ അടുപ്പം തുടർന്നിരുന്നെങ്കിലും 2000-ങ്ങളിൽ "ഞങ്ങൾ തമ്മിൽ പഴയ അടുപ്പം ഇല്ല" എന്ന വോസ്നിയാക്ക് തുറന്നു പറഞ്ഞിട്ടുണ്ട്.

1985 സമയത്ത് സ്റ്റീവ്, ഒരു ബില്യൺ ഡോളർ വിറ്റുവരവ് ഉള്ള ആപ്പിൾ കമ്പനി നയിക്കുന്ന, തൊട്ടതെല്ലാം പൊന്നാക്കുന്ന, ബിസിനസ് ലോകത്തെ രാജാവായിരുന്നു, ഒരു മുപ്പത് വയസുകാരന് ബിസിൻസ് ലോകത്ത് നേടാനാവുന്നത് എല്ലാം നേടി കഴിഞ്ഞിരുന്നു. ഇനി ഈ തുടക്കം മുതലാക്കി, അതിന്റെ തുടർച്ചയായി ആപ്പിൾ കമ്പനിയിൽ അടുത്ത നേട്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും എന്നു തീർച്ചയായും ആരും പ്രതീക്ഷിക്കും. എന്നാൽ ഇവിടെയാണ് സ്റ്റീവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്ററ് കടന്നു വരുന്നത്. സ്റ്റീവ് തുടങ്ങി വലുതാക്കിയ കമ്പനിയിൽ നിന്നും സ്റ്റീവ് പുറത്താക്കപ്പെട്ടു. അതും "ഇങ്ങനെ പഞ്ചസാര വെള്ളം വിറ്റു നടന്നാൽ മതിയോ, ലോകം മാറ്റി മറിക്കണ്ടേ" എന്നു ചോദിച്ച് സ്റ്റീവ് തന്നെ പെപ്സിയിൽ നിന്ന് വിളിച്ച് കൊണ്ട് വന്ന ജോൺ സ്കളിയാൽ. പ്രൊഡക്ടുകൾ ഡിസൈൻ ചെയ്യുക, മാർക്കറ്റു ചെയ്യുക, എന്നതിലായിരുന്നു സ്റ്റീവിന്റെ താൽപ്പര്യം മുഴുവൻ. മാനേജ്‌മെന്റ് ബോർഡ്, ഷെയർഹോൾഡർമാർ, പുറത്ത് നിന്നുള്ള റെഗുലേറ്റർമാർ എന്നിവരോടൊക്കെ ഇടപെടാൻ സ്റ്റീവിന് യാതൊരു താൽപ്പര്യവും ഇല്ലായിരുന്നു. അവരിൽ നിന്നൊക്കെ തന്നെ രക്ഷിക്കാൻ വേണ്ടിയാണ് ശരിക്കും സ്കളി എന്ന വിദഗ്ദ്ദനെ സ്റ്റീവ് ആപ്പിളിൽ എത്തിച്ചത് തന്നെ. 1985 സമയത്ത് മാകിന്റോഷ് ഉദ്ദേശിച്ച പോലെ വിറ്റുപോകുന്നില്ലായിരുന്നു. പഴയ പടക്കുതിര Apple 2 ആയിരുന്നു കമ്പനിയ്ക്ക് വരുമാനം ഉണ്ടാക്കിയിരുന്നത്. കമ്പനി നടത്തിപ്പിനെപ്പറ്റി സ്റ്റീവും സ്കളിയും തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവാൻ തുടങ്ങി. ഓപ്പൺ ആർക്കിടെക്ച്ചർ ഉള്ള Apple 2 പോലത്തെ കമ്പ്യൂട്ടറുകൾ ഉണ്ടാക്കണോ അതോ ക്ലോസ്‌ഡ്‌ ആർക്കിടെക്ച്ചർ ഉള്ള മാകിന്റോഷ് പോലെയുള്ള കമ്പ്യൂട്ടർ ഉണ്ടാക്കണോ എന്നതായിരുന്നു തർക്കങ്ങളുടെ ഒരു കാരണം. 1985 മെയിൽ CEO ആയ സ്കളി കമ്പനി സ്ട്രക്ച്ചർ മാറ്റി സ്റ്റീവിന്റെ അധികാരം കുറയ്ക്കാൻ ശ്രമിച്ചു. 1985 സെപ്റ്റമ്പറിൽ സ്റ്റീവ് കമ്പനിയിൽ നിന്ന് രാജി വെച്ചു.

ആപ്പിളിൽ നിന്നിറങ്ങിയ സ്റ്റീവ് NeXT Inc എന്ന അടുത്ത കമ്പനി തുടങ്ങി. $9999.99 വിലയുള്ള നെക്സ്റ്റ് കമ്പ്യൂട്ടറുകൾ പ്രധാനമായും കോളേജുകളെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉന്നം വെച്ചുള്ളതായിരുന്നു. ഇന്റർനെറ്റിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ടിം ബെർണേഴ്‌സ് ലീ നെക്സ്റ്റ് കമ്പ്യൂട്ടർ ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബ് ഡിസൈൻ ചെയ്‌തത്‌ എന്നാണു അറിവ്. പേഴ്‌സണൽ കമ്പ്യൂട്ടർ എന്നതിനു ഒരു പടി മുന്നിൽ ഇന്റർപേഴ്‌സണൽ കമ്പ്യൂട്ടർ എന്ന ക്യാറ്റഗറിയിൽ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ ഉള്ള നെക്സ്റ്റ് ക്യൂബ് എന്ന അടുത്ത വേർഷൻ കമ്പ്യൂട്ടറും ഇറക്കി. ഈ കമ്പ്യൂട്ടറുകൾ ഒക്കെ സാങ്കേതികമായി അതിമികച്ചവ ആയിരുന്നെങ്കിലും വളരെ വിലകൂടിയവയും ആയിരുന്നതിനാൽ ഇവയ്ക്ക് അധികം വിപണി ഉണ്ടായിരുന്നില്ല.

1986 സമയത്ത് ലൂക്കാസ് ഫിലിംസ്-ൽ നിന്നുള്ള ഒരു ആനിമേഷൻ ഗ്രൂപ്പിനെ പറിച്ചെടുത്ത് പിക്‌സാർ (Pixar) എന്ന ആനിമേഷൻ ഫിലിം സ്റ്റുഡിയോയും സ്റ്റീവ് ഫണ്ട് ചെയ്തിരുന്നു. ഡിസ്നിയുമായി ചേർന്ന് പിക്‌സാർ പ്രശസ്തമായ പല ആനിമേഷൻ സിനിമകളും ഇറക്കിയിട്ടുണ്ട് - ടോയ് സ്റ്റോറി സീരീസ് , എ ബഗ്‌സ് ലൈഫ്, ഫൈന്ഡിങ്ങ് നെമോ, ഇൻക്രെഡിബിൾസ് സീരീസ് എന്നിങ്ങനെ അക്കാദമി അവാർഡുകൾ നേടിയ ഒരു കൂട്ടം സിനിമകൾ. 2005-ൽ ഡിസ്‌നി Pixar-നെ ഒരു ഓൾ സ്റ്റോക്ക് ഡീലിൽ വാങ്ങിച്ചപ്പോൾ സ്റ്റീവ് ജോബ്സ് ഡിസ്നിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡർ ആയി.

ആപ്പിളിൽ നിന്ന് പുറത്താക്കപ്പെട്ട സ്റ്റീവ് നെക്സ്റ്റ് കമ്പ്യൂട്ടറും Pixar-ഉം വഴി ബിസിനസിൽ തുടർന്നു. നെക്സ്റ്റ് അധികം ലാഭം ഉണ്ടാക്കിയില്ലെങ്കിലും സങ്കീർണ്ണമായ കമ്പ്യൂട്ടറുകൾ ഉണ്ടാക്കുന്ന കമ്പനി എന്ന പേര് നേടിയിരുന്നു. അതെ സമയം ആപ്പിൾ കമ്പ്യൂട്ടർ സ്റ്റീവിന്റെ നേതൃത്വം ഇല്ലാതെ ബിസിനസിൽ തകർന്നു തുടങ്ങി, സ്റ്റോക്ക് വില കുറഞ്ഞു വന്നുകൊണ്ടിരുന്നു, ലാഭം ഇല്ലാതായിത്തുടങ്ങി. സ്കളിയും തുടർന്ന് വന്ന CEO-കളും സ്റ്റീവിന്റെ കമ്പനിയെ നയിക്കുന്നതിൽ പരാജയപ്പെട്ടു. അവസാനം 1997-ൽ ആപ്പിൾ കംപ്യൂട്ടേഴ്സ് NeXT Inc-നെ വാങ്ങി സ്റ്റീവ് ജോബ്‌സിനെ കമ്പനിയിൽ തിരിച്ചെത്തിച്ചു. താൽക്കാലിക CEO ആയി തിരിച്ചെത്തിയ സ്റ്റീവ് ഏതാനും വർഷങ്ങൾക്കു ശേഷം ഔദ്യോഗിക CEO ആയി. കമ്പനിയെ വീണ്ടും ലാഭത്തിലേക്കെത്തിക്കാൻ സ്റ്റീവ് പല പരിഷ്കാരങ്ങളും നടത്തി, പല ഡിവിഷനുകളും നിർത്തലാക്കി, കുറേപ്പേരെ ഒക്കെ പിരിച്ച് വിട്ടു. സ്റ്റീവ് iMac സീരീസിനെ പുനരുജ്ജീവിപ്പിച്ചു. Apple Computers Inc എന്ന പേര് മാറ്റി Apple Inc എന്ന പേര് സ്വീകരിച്ച് കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തേയ്ക്ക് പ്രവേശിച്ച് ആ രംഗത്തെ മുഴുവനായി ഇളക്കിമറിച്ച iPod, iPhone, iPad എന്നിങ്ങനെയുള്ള ഒരു കൂട്ടം പ്രോഡക്ട് മാർക്കറ്റിൽ എത്തിച്ച് ആപ്പിളിനെ വീണ്ടും ലാഭത്തിലെത്തിച്ചു.

2004-ൽ സ്റ്റീവിന് ക്യാൻസർ ബാധിച്ചു എന്ന് സ്റ്റീവ് തന്നെ ആപ്പിൾ കമ്പനിയെ അറിയിച്ചു. ഒരുവർഷത്തോളം ആധുനിക ചികിത്സ നിഷേധിച്ച് ഭക്ഷണനിയന്ത്രണരീതികളും മറ്റു ഉഡായിപ്പ് ചികിത്സാ രീതികളും പരീക്ഷിക്കുകയായിരുന്നു സ്റ്റീവ്. ആദ്യമേ റേഡിയേഷനും മറ്റു ചികിത്സകളും തുടങ്ങിരുന്നെങ്കിൽ ഒരുപക്ഷെ സ്റ്റീവ് രക്ഷപെട്ടെനെ എന്ന് അഭിപ്രായമുള്ള വിദഗ്ദർ ഉണ്ട്. 2004 അവസാനം ട്യൂമർ മാറ്റാനുള്ള ഓപ്പറേഷന് സ്റ്റീവ് വിധേയനായി. ഇതിനു ശേഷം വർഷങ്ങളോളം സ്റ്റീവ് കമ്പനിയെ നയിച്ചിരുന്നു. 2006, 2008-ലെ ഒക്കെ ആപ്പിൾ കോണ്ഫറന്സുകളിൽ പ്രധാന പ്രസംഗങ്ങൾ നടത്തിയിരുന്നത് സ്റ്റീവ് തന്നെ ആയിരുന്നു. പക്ഷെ സ്റ്റീവിന്റെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുകയായിരുന്നു, 2009 മുതൽ സ്റ്റീവ് ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ വേണ്ടി കമ്പനി കാര്യങ്ങളിൽ നിന്ന് മാറിനിന്നു തുടങ്ങി. 2011 ഓഗസ്റ്റിൽ സ്റ്റീവ് കമ്പനിയിൽ നിന്ന് വീണ്ടും രാജിവെച്ചു, ഇത്തവണ അവസാന വട്ടം. സ്റ്റീവിന്റെ അസാന്നിധ്യത്തിൽ ആക്ടിങ്ങ് CEO ആയി പ്രവർത്തിച്ചിരുന്ന ടിം കുക്ക് ആപ്പിൾ CEO ആയി. ഒക്ടോബർ 5 2011-നു നേരത്തെ ചികിൽസിച്ച പാൻക്രിയാറ്റിക് ക്യാൻസറിന്റെ രണ്ടാമൂഴത്തിൽ സ്റ്റീവ് മരിച്ചു.

സ്റ്റീവിനെ മറ്റു കോർപ്പറേറ്റു CEO-കളിൽ നിന്ന് വ്യത്യസ്ഥനാക്കുന്ന ഒരു കാര്യം സ്റ്റീവിന്റെ ബൊഹീമിയൻ ലൈഫ്‌സ്റ്റൈൽ ആയിരുന്നു. സീനിയർ സ്‌കൂൾ സമയം മുതൽ ഉള്ള സ്റ്റീവിന്റെ ഒരു ഗേൾഫ്രണ്ട് ആയിരുന്നു ക്രിസാൻ ബ്രണ്ണാൻ. ഇവർ തമ്മിലുള്ള ബന്ധം അതി സങ്കീർണ്ണമായിരുന്നു. ഇവർ പലപ്പോഴും ഒന്നിച്ച് താമസിച്ചിരുന്നു, ഇടയ്ക്കൊക്കെ അകന്നിരുന്നു, രണ്ടു പേർക്കും ഈ ബന്ധം തുടരുമ്പോൾ തന്നെ മറ്റു പലരുമായും ബന്ധങ്ങൾ ഉണ്ടായിരുന്നു. ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ രണ്ടു പേരും തയ്യാറായിരുന്നില്ല. Apple കമ്പ്യൂട്ടർ വിജയമാവുന്നതിനു തൊട്ടു മുന്നേ ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു. സ്റ്റീവ് ആ മകളെ അംഗീകരിക്കാനോ ക്രിസാനെ പ്രസവസമയത്ത് സംരക്ഷിക്കാനോ തയാറായില്ല. സ്റ്റീവിന്റെ കമ്പനി വിജയമായിക്കഴിഞ്ഞ് ക്രിസാൻ പല തവണ സ്റ്റീവിന്റെ പക്കൽ നിന്ന് ചെറിയ തുകകൾ മേടിച്ചിരുന്നു. ഒടുവിൽ കോടതിയിൽ പിതൃത്വ പരിശോധന നടത്തി സ്റ്റീവ് പിതാവാണെന്ന് കണ്ടു ക്രിസാനും മകൾ ലിസയ്ക്കും ജീവനാംശം കൊടുക്കാൻ സ്റ്റീവിനോട് കോടതി ആവശ്യപ്പെട്ടു. ആപ്പിളിന്റെ ഒരു കമ്പ്യൂട്ടർ ആയ Lisa-ക്ക് ഈ മകളുടെ പേരാണ് നൽകിയതെന്ന വാദം സ്റ്റീവ് ഒരുപാട് വർഷങ്ങൾ നിരസിച്ചിരുന്നെങ്കിലും അവസാനം ആ കുട്ടി വളർന്നു കഴിഞ്ഞ് അംഗീകരിച്ചിരുന്നു. 1983-ലെ ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയർ ആയി സ്റ്റീവിനെ പരിഗണിച്ചിരുന്നെങ്കിലും ഈ വിവാദം കൊണ്ട് അത് സ്റ്റീവിന് നൽകാതെ കമ്പ്യൂട്ടറിനെ മെഷീൻ ഓഫ് ദി ഇയർ ആയി ടൈം പ്രഖ്യാപിച്ചിരുന്നു. പിതൃത്വ പരിശോധന റിപ്പോർട്ടിൽ വന്ന "probability of paternity for Jobs, Steven... is 94.1%" എന്നതിനെപ്പറ്റി സ്റ്റീവ് നടത്തിയ "28% of the male population of the United States could be the father" എന്ന കമന്റ് വിവാദമായിരുന്നു. ലിസക്ക് ഏകദേശം പത്ത് വയസായ സമയം മുതൽ സ്റ്റീവും ലിസയുമായി ഒരു നല്ല ബന്ധം ഉടലെടുത്തിരുന്നു എന്ന് വിലയിരുത്തപ്പെടാറുണ്ട്. എന്നാലും അവർ തമ്മിൽ ഇടയ്ക്കിടയ്ക്ക് പിണക്കങ്ങളും ഉണ്ടാകുമായിരുന്നു. അവർക്കായി കൊടുത്തിരുന്ന വീട് വിൽക്കാൻ ക്രിസാൻ ശ്രമിച്ചത് ലിസ തടഞ്ഞില്ല എന്ന് ആരോപിച്ച്, ലിസയ്ക്ക് കോളേജ് ഫീസ് അടയ്ക്കാനള്ള പണം നൽകാൻ സ്റ്റീവ് ഒരു തവണ വിസമ്മതിച്ചിട്ടുണ്ട്. സ്റ്റീവിന്റെ ഒരുപാട് നാളായുള്ള സുഹൃത്തും ആപ്പിൾ ജോലിക്കാരനും ലിസയോട് പിതൃതുല്യമായ അടുപ്പവുമുള്ള Andy Hertzfeld ആണ് ലിസയുടെ പഠനം മുടങ്ങാതിരിക്കാൻ $25000 വരുന്ന ആ തുക അടച്ചത്. സ്റ്റീവിനെ ആപ്പിളിൽ നിന്ന് പുറത്താക്കിയ സമയത്ത് സ്റ്റീവ് തന്റെ നേരത്തത്തെ ചെയ്തികളിൽ പശ്ചാത്തപിച്ചിരുന്നെന്നും തന്നോട് മാപ്പ് ചോദിച്ചിരുന്നെന്നും ക്രിസാൻ വെളിപ്പെടുത്തിയിട്ടുണ്ട്.

ആർട്ട്, മ്യൂസിക്ക്, എസ്തെറ്റിക്സ്, ഡിസൈൻ ഇതിലൊക്കെ സ്റ്റീവിന് തന്റേതായ ഒരു ഗംഭീര ടേസ്റ്റും കാഴ്ചപ്പാടും ഉണ്ടായിരുന്നു. Modernist architectural style of Joseph Eichler, Industrial designs of Braun's Dieter Rams, Buddhism എന്നിങ്ങനെ പല കാര്യങ്ങൾ സ്റ്റീവിൽ സ്വാധീനം ചെലുത്തിയിരുന്നു. ഡിസൈനിന്റെ കാര്യത്തിൽ സ്റ്റീവ് ഒരു പെർഫെക്ഷനിസ്റ് ആയിരുന്നു. പ്രോഡക്ട് കേസ്, കളർ കോമ്പിനേഷനുകൾ, എസ്തെറ്റിക്സ് എന്നിങ്ങനെ മറ്റു പലരും ശ്രദ്ധിക്കാത്ത പല കാര്യങ്ങളിലും സ്റ്റീവിന് ഭാന്തമായ ശ്രദ്ധ ആയിരുന്നു. ബ്രോഷറുകളിൽ പോലുമുള്ള ചില കളർ ഷെഡുകൾക്കൊക്കെ ഉദ്ദേശിക്കുന്ന ഷേഡ്\ടോൺ ലഭിക്കുന്നത് വരെ പലതവണ മാറ്റി മാറ്റി ചെയ്യിക്കുന്നത് സ്ഥിരമായിരുന്നു. Vic Gundotra എന്ന ഗൂഗിൾ എക്സിക്യൂട്ടീവ് ഗൂഗിൾ മാപ് ഐഫോണിൽ ചേർക്കുന്നതിനുള്ള പ്രൊജക്ടിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു വാരാന്ത്യത്തിൽ സ്റ്റീവ് ജോബ്‌സിൽ നിന്ന് നേരിട്ട് ഒരു ഫോൺ വിളി കിട്ടിയതിനെക്കുറിച്ച് പറയാറുണ്ട് - സ്റ്റീവ് വിളിച്ചത് രണ്ടാമത്തെ O-യ്ക്ക് ഉപയോഗിച്ച മഞ്ഞയുടെ ഷേഡ് തെറ്റായതിൽ തനിക്കുള്ള അസംപ്‌തൃപ്തി രേഖപ്പെടുത്താനായിരുന്നു. ചില ആപ്പിൾ സ്റ്റോറുകളും ഇന്റീരിയർ ഡിസൈനിൽ സ്റ്റീവ് നേരിട്ട് ഇടപെട്ടിരുന്നു. കമ്പ്യൂട്ടറുകളുടെ ഉള്ളിലുള്ള സർക്യൂട്ട് ബോർഡുകളിൽ ഉള്ള അലൈൻമെന്റ് എന്നത് അധികം ആരും ശ്രദ്ധിക്കുന്ന ഒരു കാര്യം ആണെന്ന് തോന്നുന്നില്ല. എന്നാൽ ആരും കാണാത്ത ആ ബോർഡുകളിൽ പോലും ചിപ്പുകൾ നേരെ അലൈൻ ചെയ്യാൻ വേണ്ടി സ്റ്റീവ് തന്റെ ടെക്നിക്കൽ ടീമിനെ നിർബന്ധിച്ചിരുന്നു.

പ്രൊഡക്ടുകൾ വിഭാവന ചെയ്യുന്നതിലും, അതിൽ അതുവരെ അപ്രാപ്യം എന്നു തോന്നിയിരുന്ന ഫീച്ചറുകൾ ഉൾപ്പെടുത്താനും അത് തന്റെ ടെക്നിക്കൽ ടീമിനെക്കൊണ്ട് ചെയ്യിച്ചെടുക്കാനും സ്റ്റീവിന് കഴിഞ്ഞിരുന്നു. കമ്പനികൾ സാധാരണ ചെയ്യുന്ന ഒരു കാര്യം ആണ് മാർക്കറ്റ് റിസേർച്ച് - അതായത് ഒരു പ്രോഡക്ട് ഇറക്കിയാൽ ആൾക്കാർ അത് വാങ്ങുമോ എന്നു നേരത്തെ റിസർച്ച് നടത്തി കണ്ടെത്തൽ. സ്റ്റീവിനെ സംബന്ധിച്ചിടത്തോളം ഇതൊരു അനാവശ്യ ഇടപാടായിരുന്നു, സ്റ്റീവ് അതിൽ വിശ്വസിച്ചിരുന്നില്ല. ആൾക്കാർക്ക് ആവശ്യമുള്ള സാധനങ്ങൾ മാർക്കറ്റിൽ എത്തിക്കുക എന്നതായിരുന്നില്ല സ്റ്റീവിന്റെ രീതി. ആൾക്കാർ അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രോഡക്ടും എക്സ്പീരിയൻസും ഉണ്ടാക്കുക, എന്നിട്ട് അത് ഉപയോഗിക്കാൻ ആൾക്കാരെ നിർബന്ധിക്കുക എന്നതായിരുന്നു സ്റ്റീവിന്റെ സ്റ്റൈൽ. അതിൽ സ്റ്റീവ് വിജയിച്ചിരുന്നു, ഓരോ തവണയും. ഉപഭോക്താക്കൾ അതെ വരെ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഓരോ പ്രൊഡക്ടിലും ഉണ്ടായിരുന്നത് കൊണ്ട് അവയുടെ ഒക്കെ നിർമ്മാണം അത്യന്തം സങ്കീർണ്ണമായിരുന്നു. സ്റ്റീവിന് ആവശ്യമുള്ള ഫീച്ചേഴ്സ് പലതും അന്നത്തെ ടെക്‌നോളജി അനുസരിച്ച് നിർമ്മിക്കാൻ സാധ്യമല്ലാത്തവ ആയിരുന്നു. എഞ്ചിനീയർമാർക്ക് സ്റ്റീവിന്റെ പല നിർദ്ദേശങ്ങളും അപ്രായോഗികമായാണ് തോന്നിയിരുന്നത്. എന്നാൽ അവരെ ഒക്കെ സമ്മതിപ്പിക്കുന്നതിലും അപ്രാപ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ നിര്ബന്ധിക്കാനും സ്റ്റീവിന് ഒരു പ്രത്യേക കഴിവായിരുന്നു. സ്റ്റീവ്സ് റിയാലിറ്റി ഡിസ്റ്റഷൻ ഫീൽഡ് ("reality distortion field") എന്ന പേരിൽ പ്രശസ്തമായ ഒരു കാര്യം ഉണ്ടായിരുന്നു. അതായത് യാഥാർത്ഥ്യത്തെ വളച്ചൊടിച്ച് കാഴ്ച്ചക്കാരെ വിശ്വസിപ്പിക്കാനുള്ള സ്റ്റീവിന്റെ കഴിവ്. സ്റ്റീവിന്റെ കൂടെ ജോലി ചെയ്യുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. തനിക്ക് വേണ്ട കാര്യം നേടിയെടുക്കാൻ വേണ്ടി കൂടെയുള്ളവരെ ഏതറ്റം വരെയും നിർബന്ധിക്കാൻ സ്റ്റീവിന് മടിയില്ലായിരുന്നു. ജീവിതത്തിൽ മുഴുവൻ സമയവും അന്തർമുഖൻ ആയിരുന്നെങ്കിലും, എന്തെങ്കിലും കാര്യം നേടിയെടുക്കണമെങ്കിൽ ഏതൊരാളെയും കൈയിലെടുക്കാനും അയാളെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആളായി ബോധ്യപ്പെടുത്താനും കാര്യം നടത്തിയെടുക്കാനും സ്റ്റീവിന് കഴിഞ്ഞിരുന്നു.

നേരത്തെ പറഞ്ഞിരുന്ന പോലെ സ്റ്റീവ് വോസ്നിയാക്ക് ആയിരുന്നു ആദ്യകാല ആപ്പിൾ കമ്പ്യൂട്ടറുകൾ ഉണ്ടാക്കിയ ടെക്നിക്കൽ ബുദ്ധി. സ്റ്റീവ് ജോബ്സ് ടെക്നിക്കൽ അറിവ്, എഞ്ചിനീയറിങ്ങ് എന്നിവയിൽ വോസ്നിയാക്കിനു അടുത്തെങ്ങും എത്തിയിരുന്നില്ല. പക്ഷെ ആ കമ്പനിയിൽ ആദ്യകാലത്ത് അവർ രണ്ടു പേരും തുല്യ അവകാശികൾ ആയിരുന്നു. ജോബ്‌സിന്റെ മാർക്കറ്റിങ്ങ് & സെയിൽസ് പാഠവം ആണ് ആപ്പിളിനെ ആപ്പിൾ ആക്കിയത് എന്നു വേണമെങ്കിൽ പറയാം. സ്റ്റീവ് ആപ്പിൾ കമ്പനിയ്ക്കായി നടത്തിയ മാർക്കറ്റിങ്ങ് ക്യാമ്പെയിനുകൾ പിന്നീട് പല മാർക്കറ്റിങ്ങ് കോഴ്‌സുകളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയവയാണ്. 1984-ലെ സൂപ്പർ ബോൾ-ൽ ആപ്പിൾ "1984" എന്ന പേരിൽ ഒരു കൊമേർഷ്യൽ ഇറക്കിയിരുന്നു. ആ കൊമേർഷ്യൽ ന്യൂസ് ഐറ്റം ആയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് - അത്ര വലുതായിരുന്നു അതിന്റെ ഇമ്പാക്ട്. താൻ ഇറക്കാൻ പോകുന്ന പ്രൊഡക്ടുകളെ പറ്റി ഹൈപ്പ് ഉണ്ടാക്കാനും ഉപഭോക്താവിനെ ആകർഷിക്കാനും പ്രോഡക്ട് ഉയർന്ന ക്വാളിറ്റിയിൽ ഉണ്ടാക്കാനും അത് മാരകമായി ലോഞ്ച് ചെയ്യാനും, ഉപഭോക്താവിന് അത് വരെ ഇല്ലാതിരുന്ന ഒരു അനുഭവം കൊടുക്കാനും ഉപഭോക്താവിനെ ഫാൻ ആക്കി മാറ്റാനും സ്റ്റീവിന് സാധിച്ചു.

സ്റ്റീവിന്റെ മറ്റൊരു പ്രശസ്ത ഇടപെടൽ ആയിരുന്നു ആപ്പിളിന്റെ കോണ്ഫറന്സുകളും പ്രോഡക്ട് ലോഞ്ച് ഇവന്റുകളും. ഇവയിലൊക്കെ കീ-നോട്ട് അഡ്രസ് മിക്കവാറുനടത്തിയിരുന്നത് സ്റ്റീവ് ആയിരുന്നു. ഈ ഇവന്റുകൾ ഓരോന്നും റോക്ക്-ഷോ പോലെ അതിമനോഹരവും വിജയകരവുമാക്കാൻ സ്റ്റീവിന് കഴിഞ്ഞു. സ്റ്റേജിൽ സ്റ്റീവ് ഒരു മജീഷ്യനും പ്രാസംഗികനും റോക്ക്സ്റ്റാറും ലോകത്തിലെ ഏറ്റവും നല്ല സെയിൽസ്മാനും ഒക്കെ ആയിരുന്നു. സ്റ്റീവ് ആപ്പിളിലെ ജോലിക്കാർക്കായി ചെയ്തിരുന്ന വാർഷിക മീറ്റിങ്ങുകളും റിട്രീറ്റുകളും ഒക്കെ ഇതേ പോലെ ആരാധിക്കപ്പെട്ട ഇവന്റുകൾ ആയിരുന്നു. ജോലിക്കാരെ കമ്പനി വിഷൻ എന്താണെന്ന് പറഞ്ഞു മനസിലാക്കാനും അതിനു വേണ്ടി പ്രവർത്തിക്കാൻ പ്രചോദിപ്പിക്കാനും ആ ഷോ-കളിൽ കൂടി സ്റ്റീവിന് സാധിച്ചിരുന്നു.

എല്ലാ ജോലികളിലും ചിലർ ജീനിയസുകളായി അവതരിക്കും. അവർ പാഠപുസ്തകങ്ങളിൽ നിന്ന് വിദ്യ അഭ്യസിച്ച എല്ലാം തികഞ്ഞ പുസ്തകപ്പുഴുക്കൾ ആയിരിക്കില്ല. പകരം എഞ്ചിനീയറിങ്ങോ മാനേജ്‌മെന്റോ മാർക്കറ്റിങ്ങോ എന്താണ് അവരുടെ മേഖല അതിൽ അവർ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും, അന്ന് വരെ അസാധ്യമെന്ന് വിശ്വസിക്കപ്പെട്ടിരുന്നത് നേടിയെടുക്കും, പുതിയ പ്രവർത്തനമാർഗങ്ങൾ കണ്ടെത്തും. അവരുടെ രീതികൾ പിന്നീടുളള കാലം പാഠപുസ്തകങ്ങളായി എഴുതപ്പെടും, പഠിപ്പിക്കപ്പെടും. അങ്ങനെ ഒരാളായിരുന്നു സ്റ്റീവ് ജോബ്സ്. അമേരിക്കയുടെ കോർപ്പറേറ്റ് ലോകത്ത് ഇങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാൻ സാധ്യതയും ഇല്ല. സീയിയോകൾക്കിടയിലെ ഒരു ബൊഹീമിയനും ബൊഹീമിയൻസിനിടയിലെ ഒരു സീയിയെയും ആയിരുന്നു സ്റ്റീവ്.

Photo
Shared publiclyView activity