"പ്രമുഖന്മാരെ" തട്ടിയിട്ട് മലയാള പൊതു ഇടങ്ങളിൽ നടക്കാൻ പറ്റില്ല. ഇവരെ ഒക്കെ പ്രമുഖർ ആക്കുന്നത് ഇവരെന്തു ചെയ്യുന്നു എന്ന് സദാസമയവും നോക്കി നടക്കുന്ന വായനക്കാർ തന്നെ ആണ്. ഒരു പ്രമുഖൻ അങ്ങോട്ട് പോയി, ഒരു പ്രമുഖ തുമ്മി എന്നൊക്കെ ഉള്ള വാർത്തകൾക്ക് മറ്റു വാർത്തകൾക്ക് കിട്ടാത്ത ഹിറ്റും റീച്ചും കിട്ടുന്നു എന്ന് മനസിലാക്കിയത് കൊണ്ടാണ് മലയാളത്തിലെ മാ മാധ്യമങ്ങൾ ഇത്തരം വാർത്തകളും പീഡിപ്പിച്ചതിന്റെ സ്കെച്ചും ഒക്കെ ഇട്ട് വിശദമായി വിവരിക്കുന്നത്. സമൂഹം മൊത്തത്തിൽ അൽപ്പം ഒരു സംസ്കാരം കൈവരിക്കുന്നതല്ലാതെ ഇതിനു മറ്റൊരു പ്രതിവിധിയും ഇല്ല താനും. ഇത് ഇവിടുത്തെ മാത്രം കാര്യമല്ല, അമേരിക്കയിലും മറ്റുപലയിടത്തുമൊക്കെ പ്രമുഖർ തുമ്മുന്നതിന്റെ ഡീറ്റെയിൽസ് നോക്കി നടക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ പൊതുവെ അത് പേജ് 3 ക്യാറ്റഗറിയിൽ ആണ് വരുന്നത്. കേരളത്തിലെ കാര്യത്തിൽ ഇങ്ങനെ എന്തെങ്കിലും ഒരു സംഭവം കിട്ടിയാൽ പിന്നെ എല്ലാ പേജിലും ഇത് തന്നെ ആണ് വാർത്ത, ഇതല്ലാതെ വാർത്തയേ ഇല്ല.

വിമർശിക്കാനായി പോലും ഈ മാതിരി ചവറുകൾ വായിച്ച് നോക്കുന്നത് ഈ ചവറുകൾ ഇനിയും ഇതേ പോലെ തുടർന്ന് കൊണ്ട് പോകാൻ മാധ്യമങ്ങൾക്ക് പ്രോത്സാഹനം കൊടുക്കൽ ആണ്. വേണ്ടത്, ഈ പ്രമുഖന്മാരുടെയും പ്രമുഖമാരുടെയും ഒക്കെ ഡീറ്റെയിൽസ് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ ബഹിഷ്കരിക്കൽ ആണ്. മാസികയിൽ വന്നാൽ ആ മാസിക ആരും വാങ്ങരുത്, വെബ്-സൈറ്റിൽ വന്നാൽ ആ വെബ്-സൈറ്റിന്റെ ട്രാഫിക്ക് കുറയണം. ഇതിനു പകരം കുറെ ഞരമ്പുകൾ വായിച്ചാസ്വദിക്കാനും കുറെ പരിഷ്കാരികൾ വിമർശിക്കാനും വേണ്ടി ഈ വാർത്തകൾ ഒക്കെ ഹൃദിസ്ഥം ആക്കുമ്പോൾ മാധ്യമക്കാരൻ ഉദ്ദേശിച്ചതാണു നടക്കുന്നത്. അത് തിരുത്താൻ വായനക്കാരുടെ വായനാ സംസ്കാരം മാറിയേ പറ്റൂ.. ചവറു സ്വീകരിക്കില്ല എന്ന കർശന നിലപാട് എടുത്താൽ മാത്രമേ ചവർ പ്രക്ഷേപണം ചെയ്യുന്നത് നിൽക്കൂ.

വരാൻ പോകുന്ന ഒരു വീഡിയോയെ പേടിയോടെ കാത്തിരിക്കുന്ന ചില ആളുകളെയും സോഷ്യൽ മീഡിയയിൽ കണ്ടു. അതും മാറേണ്ട നിലപാടാണ്. ആദ്യമേ തന്നെ നഗ്നത മാന്യതയുടെ അളവുകോൽ ആവരുത്. അതെ പോലെ തന്നെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വീഡിയോ ഇരയുടെ മാന്യത കളയുന്നില്ല, പകരം അത് പീഡിപ്പിച്ചവനെതിരെയുള്ള ഏറ്റവും ശക്തമായ തെളിവാകും എന്ന് ഇവിടുത്തെ നിയമസംവിധാനത്തിനു ഉറപ്പു വരുത്താനുളള അവസരം ആണ്. ആ തരത്തിൽ ഒരു പൊതുബോധം ഉണ്ടാക്കാൻ സമൂഹത്തിൽ ഉള്ളവർക്ക് ബാധ്യതയുണ്ട്. നാളെ ഈ പ്രമുഖനും നടിയും ഒക്കെ മാറി സാധാരണക്കാരുടെ വീഡിയോ വന്നാൽ കാണാൻ ആളില്ലാത്ത ഒരു അവസ്ഥ ഉണ്ടാക്കാൻ ആവശ്യമായ പൊതുബോധ നിർമ്മിതിയ്ക്ക് ശ്രമിക്കാൻ നമ്മൾക്കൊക്കെ ബാധ്യതയുണ്ട്.

ഓൺലൈൻ പത്രങ്ങളിലും പോർട്ടലുകളിലും ഒക്കെ ഓരോ ന്യൂസ് ഐറ്റത്തിനും പ്രത്യേകം കിട്ടുന്ന ഹിറ്റ് ഒക്കെ അവർ ട്രാക്ക് ചെയ്യുന്നുണ്ട് എന്നുറപ്പാണ്. ഹിറ്റ് കൂടാൻ ഏത് വാർത്ത കൊടുക്കണം, അത് എങ്ങനെ എഴുതണം എന്നൊക്കെ മാധ്യമപ്രവർത്തകർക്ക് കൃത്യമായി മനസിലാക്കാൻ ഈ വാർത്ത തിരിച്ചുള്ള ഹിറ്റ് കൗണ്ട് അവരെ സഹായിക്കുകയും ചെയ്യും. മലയാളത്തിലെ ഒരു മാധ്യമത്തിന്റെ ഒക്കെ ഒരു ദിവസം ഉള്ള അകെ ഹിറ്റ്, ഒരു വാർത്തയ്ക്ക് കിട്ടാവുന്ന ആകെ ഹിറ്റ് എത്ര എന്ന് ഊഹിച്ച് നോക്കുക. അതിൽ നിന്ന് ബോധമുളള ഒരു സെറ്റ് ആൾക്കാർ മാറി നിന്നാൽ അത് ശ്രദ്ധിക്കപ്പെടാൻ ഉള്ള ഒരു പെർസെന്റേജ് ആകാൻ നല്ല സാധ്യതയുണ്ട്. ചവർ സ്വയം വായിക്കാതിരിക്കുക, പറ്റുന്ന മറ്റുള്ളവരെ ബോധവൽക്കരിക്കുക എന്നത് എല്ലാവർക്കും ചെയ്യാൻ പറ്റുന്നതാണ്.
Shared publiclyView activity