മനോരമ ഇന്നൊരു നല്ല കാര്യം ചെയ്തിട്ടുണ്ട്, പോലീസുകാർ വാഹന പരിശോധയ്ക്കെന്നും പറഞ്ഞ് ജനങ്ങളെ ജീപ്പു നിൽക്കുന്നിടത്തേയ്ക്ക് നടത്തി ബുദ്ധിമുട്ടിയ്ക്കരുതെന്നും അവർ നിൽക്കുന്നിടത്തേയ്ക്കു പോയി പരിശോധനകൾ നടത്തണമെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതിനെ തെല്ലും ആ ജനസേവകർ വകവച്ചിട്ടില്ലെന്ന് ജനത്തിനെയും മുഖ്യമന്ത്രിയെത്തന്നെയും ബോധ്യപ്പെടുത്താൻ സ്വയമ്പൻ മൂന്നു പടങ്ങളുടെ സഹായത്തോടെ ഒരു വാഹനപരിശോധന വാർത്ത ഇന്നത്തെ പത്രത്തിൽ നൽകി! റോഡിന്റെ ഇങ്ങേക്കരയിൽ നിന്ന് വാഹനത്തിന്റവിടേയ്ക്ക് നടന്നു പോകുന്ന പെൺകുട്ടിയുടെ പടത്തോടെ തന്നെ. വർത്തയോടൊപ്പം അല്പം സെന്റിമെന്റ്സും !

പോലീസ് എന്നും ഭരണകൂടത്തിന്റെ വിശ്വസ്തസേവകരാണ്. അങ്ങനെ ആയിരുന്നേ പറ്റൂ. ഇല്ലെങ്കിൽ ലോ ആൻഡ് ഓർഡർ കടലാസ്സു പുലിയാവും. ഉന്നത ജനാധിപത്യ വ്യവസ്ഥയിലൊക്കെ പുലികളില്ലാ‍യിരിക്കാം. ഇക്കിളിയാക്കിയാൽ പോലും പൂ തന്നു വിടും. എന്നാലിവിടെ പോലീസിന്റെ ആത്മവീര്യമെന്നാൽ ഭരണകൂടത്തിന്റെ ആത്മവീര്യം കൂടിയാണ്. അടിക്കാനും മൂത്രം കുടിപ്പിക്കാനും മാത്രമല്ല കൊല്ലാനും ചുട്ടുകരിക്കാനുംകൂടി അധികാരമുള്ള വർഗം. പോലീസിന്റെ ആത്മവീര്യത്തെപ്പറ്റി നേരത്തേ അഭിമാനംകൊണ്ടിരുന്ന ഒരു നേതാവ് കരുണാകരനായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരിക്കൽ സുപ്രസിദ്ധമായ വേഗതയിൽ അദ്ദേഹത്തിന്റെ കാറു പായുന്നതിനുള്ള സൗകര്യാർത്ഥം, റോഡിൽനിന്ന് ആളെ ഒഴിപ്പിക്കാൻ പാഞ്ഞുവന്നലൊട്ടു ലൊടാക്കു ജീപ്പിൽ ഒരു പോലീസു തല പുറത്തേയ്ക്കു നീണ്ടു വന്നിട്ട് മാറിനില്ലെടാ ബാക്കിൽ ഒരു $#%^& വരണെടാ.. എന്ന് പറഞ്ഞു കേട്ടാ ഒരോർമ്മയുണ്ട്. പോലീസുകാരെ ചിരിച്ചുകൊണ്ട് എന്നും സഹായിച്ചു പോന്നിട്ടുള്ള ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അധികാരം നഷ്ടപ്പെട്ട നാളിൽ സ്വന്തം വർഗപരമായ പ്രത്യേകതകൾകൊണ്ട് അബോധാത്മകമായി വെളിപ്പെട്ട ഒരു പദപ്രയോഗമായിരുന്നിരിക്കാം അത്. ഈ വാഹനപരിശോധനയെപ്പറ്റി മറ്റൊരു ഓർമ്മയുണ്ട്.. ഇതുപോലെ തണലത്ത് ഒതുക്കിയിട്ട ജീപ്പിൽ ഇരകാത്ത ഉദ്യോഗസ്ഥൻ നിൽക്കുന്നു. കോൺസ്റ്റബിൾമാർ ഇരകളെ വഴിയിൽ വച്ച് പിടിച്ച് സമക്ഷം ഹാജരാക്കുന്നു. പരിശോധന വിശദമായതിനാൽ അവിടെ ഒരു ക്യൂ രൂപപ്പെട്ടിരിക്കുന്നു. കൂടുതലും ഇരകൾ ഓട്ടോ റിക്ഷാക്കാർതന്നെ. അതിലൊരാളുടെ വാഹനബുക്ക് മൊത്തം നനഞ്ഞത് എസ് ഐയ്ക്ക് കാണാനായി അയാൾ ജീപ്പിന്റെ ബോണറ്റിൽ പടർത്തിയിട്ടു. “നിന്റെ #@$% ഒണക്കാനുള്ള സ്ഥലമല്ല ഇത്. “ എന്നു പറഞ്ഞായിരുന്നു യജമാന്റെ ആക്രോശം. ഉണക്കാനുള്ള ഉചിതമായ സ്ഥലവും അടുത്ത വാക്യത്തിൽ അയാൾ പറഞ്ഞു... അത് ആ പാവപ്പെട്ട പയ്യന്റെ വീട്ടിലെ സ്ത്രീയുടെ പാവാടയുടെ അടിയിലാണ്...

പോലീസുകാർ നമ്മുടെ അടുത്തുവന്ന് വാഹനപുസ്തക പരിശോധനയൊക്കെ നടത്തുന്ന കാര്യം സംഭാവ്യമാണോ എന്തോ? കാര്യമിങ്ങനെയൊക്കെ ആണെങ്കിലും പോലീസ് നമ്മുടേതല്ലേ? അപ്പുറത്ത് ചെന്നാലും ഇപ്പുറത്തു വന്നാലും അവിടെ തിരുവായിൽനിന്നും ഉതിരുന്ന മൊഴിമുത്തുകളുടെ ആഘാതശേഷി ചില്ലറയല്ലെന്നതുകൊണ്ടും അതിന്റെ വീര്യം ഇല്ലാതായാൽ, പോലീസുതന്നെ ‘എന്റെ ആത്മവീര്യം ഇവിടെയുണ്ടായിരുന്നതെവിടേ‘ എന്ന് തിരിഞ്ഞു കളിക്കും എന്നതുകൊണ്ടും റോഡു തരണം ചെയ്യുക എന്നത് ഭാരിച്ച പണിയല്ല.

ഇന്ന് മറ്റൊരു പോലീസ് കഥകൂടിയുണ്ട്, തന്റെ ഫയലിൽ തന്റെ അഭാവത്തിൽ തന്റെ പേരു വച്ച് ആരും എഴുതേണ്ടതില്ലെന്ന ഡി ഐ ജിയുടെ സർക്കുലറാണത്..


Shared publiclyView activity