കേരളത്തിലെ മികച്ച ലൈബ്രറികളിലൊന്നാണ് തൃശ്ശൂരിലെ കേരളസാഹിത്യ അക്കാദമി ലൈബ്രറി. അവിടുള്ള പുസ്തകങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഗവേഷണത്തിനു ചില സഹായങ്ങളൊക്കെ അക്കാദമി ചെയ്യുന്നുണ്ട്. അത്തരത്തിലുണ്ടായ പുസ്തകമാണ് പി ഭാസ്കരനുണ്ണിയുടെ ‘പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം‘. മറ്റൊന്ന് വി വി കെ വാലത്തിന്റെ ‘കേരളത്തിലെ സ്ഥലചരിത്രങ്ങൾ‘. പ്രൊഫ സാവിത്രി ലക്ഷ്മണൻ രചിച്ച ‘നാടകത്തിന്റെ ആദ്യത്തെ 28‘ എന്ന പുസ്തകവും ആ വഴിക്ക് ലഭിച്ച രചനയാണ്. മലയാള നാടകങ്ങളുടെ ആദ്യകാലത്ത് വെളിച്ചം വീഴാതിരുന്ന ചിലയിടങ്ങളിലേക്ക് പുസ്തകം പ്രകാശം മിന്നിക്കുന്നുണ്ട്. കേരളത്തിലെ ഗദ്യനാടകത്തിന്റെ പിതൃസ്ഥാനം കേരളവർമ്മ വലിയകോയിത്തമ്പുരാന് നൽകിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതാണ് അതിലൊന്ന്. കേരളവർമ്മയ്ക്കു മുൻപുണ്ടായിരുന്ന ആൾമാറാട്ടത്തെ (1866) ഉള്ളൂർ സാഹിത്യ ചരിത്രത്തിൽ നോവലാക്കി അവതരിപ്പിച്ചു. കേരളവർമ്മയുടെ ശത്രു ആയില്യം തിരുന്നാൾ വിവർത്തനം ചെയ്തുവച്ച ശാകുന്തളം ഗദ്യപരിഭാഷ (1880) വിസ്മൃതിയിൽ പോയി. 1882 നു മുൻപ് വെളുത്തേരി കേശവൻ വൈദ്യൻ വിവർത്തനം ചെയ്ത ശാകുന്തളവും സുബ്രഹ്മണ്യ ശാസ്ത്രികളുടെ ആര്യമ്മാലാ നാടകവും ആരും ശ്രദ്ധിച്ചില്ല. അഥവാ.. ശ്രദ്ധിക്കാതിരിക്കാൻ അന്നത്തെ കൊട്ടാരം ബുദ്ധിജീവിവിഭാഗം ശ്രദ്ധിച്ചു.

പക്ഷേ ഇതിനിടയിൽ 1893 ൽ കൃഷ്ണമിശ്രന്റെ പ്രബോധചന്ദ്രോദയം നാടകത്തിന് മലയാളത്തിൽ ഒരു തർജ്ജുമയുണ്ടായി. ( കുമാരനാശാനും തർജ്ജിമ ചെയ്തിട്ടുള്ള നാടകമാണിത്) പ്രൊഫ. സാവിത്രീ ലക്ഷ്മണന്റെ പുസ്തകത്തിൽ ഇതിന്റെ കർത്താവ് കോന്നനാത്ത് ശങ്കുണ്ണി മേനോനാണ്. ഒരു പ്രതി തൃശ്ശൂരിൽ അപ്പൻ തമ്പുരാൻ ലൈബ്രറിയിലുണ്ടെന്ന് ‘ആഖ്യാനങ്ങളുടെ പുസ്തകം‘ എഴുതിയ രാജേന്ദ്രൻ എടത്തുംകര വ്യക്തമാക്കിയിട്ടുള്ള ഈ പുസ്തകത്തിന്റെ രചയിതാവ് ഒരു സ്ത്രീയാണെന്ന കാര്യവും അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കൊന്നനാത്ത് കുട്ടിപ്പാറുവമ്മയാണ്. കൊച്ചിരാജാവിന്റെ മന്ത്രിയായിരുന്ന രാമന്റെ മകളാണ് കുട്ടിപ്പാറുവമ്മ. അത്ര പ്രസിദ്ധയായ വ്യക്തിയുടെ കൃതിയായിട്ടുപോലും പ്രസാധകനായ ശങ്കുണ്ണിമേനോണ്ടെ പേരിലാണ് പുസ്തകം അറിയപ്പെട്ടത്. തോട്ടക്കാട് ഇക്കാവമ്മ, കുഞ്ഞുകുട്ടിത്തങ്കച്ചി, ലക്ഷ്മിയമ്മ, പാലിയത്ത് ഓമനക്കുഞ്ഞമ്മ, സി എം ചിന്നമ്മ, എ ജി തങ്കമ്മ എന്നിവർക്കൊപ്പം നാടകചരിത്രം അനുസ്മരിക്കേണ്ട പേരായിരുന്നു കുട്ടിപ്പാറുവമ്മയുടെയും. എന്തുകൊണ്ടോ മറവിയിൽ പോയി. സാവിത്രീ ലക്ഷ്മണൻ ഈ പുസ്തകത്തെപ്പറ്റി എഴുതുന്നുണ്ടെങ്കിലും രാജേന്ദ്രൻ പറയുന്ന മട്ടിൽ, അപ്പൻ തമ്പുരാൻ വായനശാലയിൽ അതു കണ്ടതായി തോന്നുന്നില്ല.

തിരുവനന്തപുരത്തെ തിയേറ്റർ ഫെസ്റ്റിവൽ നടക്കുമ്പോൾ മലയാള നാടകത്തിന്റെ പൂർവകാലം പശ്ചാത്തലമായി വന്നതാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിൽ ഓച്ചിറവേലുകുട്ടിതുടങ്ങി ഉള്ളവരാണ് ചിത്രങ്ങളിൽ. വേദിയിൽ സ്ത്രീ നാടകങ്ങൾ പരീക്ഷണങ്ങളുമായി മുന്നേറുന്നുണ്ട്. അനുപമ റോയിയുടെ മഹാഭാരതവും അലിയാരുടെ ‘ഒരു എന്തിനു എന്തിനു പെൺകുട്ടി‘യും രാജശ്രീസാവന്തിന്റെ മറാത്തി ഏകാംഗ നാടകവും സ്ത്രീപക്ഷ അരങ്ങിന്റെ ലാവണ്യവും സംഘർഷവും ഒപ്പം കൂട്ടുന്നതാണ്. ഇക്കൂട്ടത്തിൽ ഇനി വരാനുള്ളത് (മരിച്ചുപോയ) കന്നയ്യലാലിന്റെ മണിപ്പൂരി നാടകം പെബെറ്റാണ്. ശരൺ കുമാർ ലിംബാളെയുടെ അക്കർമാശിയുടെ നാടകാവതരണം നിർവഹിച്ചത് മറാത്താഗ്രൂപ്പായ രാഗയാണ്. രൺധീർ കുമാർ ഒരുക്കിയ നാടകം കാണാനായി മാത്രം ലിംബാളെ ഇവിടേ വന്നു. അദ്ദേഹം പറഞ്ഞു. ‘നാടകം പൂർണ്ണമായും രൺധീറിന്റെയാണ്. എനിക്ക് 25 വയസ്സുണ്ടായിരുന്നപ്പോഴുള്ള കഥയാണ്. ( എങ്കിലും ഇപ്പോഴും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നും ഇല്ല) ഇവരെല്ലാം വിളിച്ചതുകൊണ്ട് സ്റ്റേജിലേക്ക് വന്നതാണ്. ഇവിടെ നിന്നുകൊണ്ട് സംസാരിക്കാൻ എന്റെ ഭാഷ അത്ര പോര.. അക്കർമാശി മാതൃഭൂമി ബുക്സ് മലയാളത്തിൽ ഇറക്കി. അതു സർവകലാശാലയിൽ പാഠപുസ്തകമായിരുന്നു. ഒരു ഭാഗം ഇപ്പോൾ പത്തിൽ പഠിക്കാനുണ്ട്. എനിക്കിപ്പോൾ തോന്നുന്നത് ഞാൻ മറാത്തി സാഹിത്യകാരനല്ല, മലയാള സാഹിത്യകാരനാണെന്നാണ്....‘

അപ്പോൾമാത്രം ഞാൻ തലയ്ക്കു മുകളിലുയർത്തി ഉച്ചത്തിൽ കൈയടിച്ചു.

ഇറോം ശർമ്മിള എല്ലാം മറന്നു വിശ്രമിക്കാൻ കേരളത്തിലേക്കു വരുമ്പോൾ, ഇവിടെ വന്നു നിന്ന് നിങ്ങൾ ഞാൻ മലയാളി എഴുത്തുകാരനാണെന്നു പറയുമ്പോഴൊക്കെയാണു സാർ, മലയാളിയായിരിക്കുന്നതിൽ ചില അഭിമാനമൊക്കെ തോന്നുന്നത്... 
Shared publiclyView activity