2010 -നു ശേഷം ലോകമെമ്പാടുമുണ്ടായ ചലച്ചിത്രങ്ങളുടെ ഉണർന്നെഴുന്നേൽപ്പുമായി കൂട്ടിയിണക്കിക്കൊണ്ട് തിരുവനന്തപുരത്ത് ആദ്യം ആധുനികീകരിച്ച തിയേറ്റർ ശ്രീ പദ്മനാഭയായിരുന്നു. വിവരവിനിമയ സാങ്കേതികവിദ്യയെകൂട്ടുപിടിച്ച് ദൃശ്യവിപ്ലവത്തിനു ചലച്ചിത്രങ്ങൾ അരങ്ങൊരുക്കുമ്പോൾ അല്പം മുൻപേ നടന്ന് ശ്രീ പദ്മനാഭ വഴികാട്ടി. കൊള്ളാവുന്നൊരു മാറ്റമായി അത് അടയാളപ്പെടുത്തുമ്പോൾത്തന്നെ തിയേറുകളിൽ ദേശീയഗാനം കേൾപ്പിക്കുക എന്ന പതിവുകൂടി തുടങ്ങിവച്ചത് ഈ ആധുനീകരണത്തിന്റെ പതാകാവാഹകയായിരുന്നു എന്ന കാര്യം ശ്രദ്ധിക്കണം. ദേശീയഗാനത്തെ എഴുന്നേറ്റു നിന്നു ബഹുമാനിക്കണമെന്ന സുപ്രീം കോടതി വിധിയെപ്പറ്റിയുള്ള ചിന്ത ബീജരൂപത്തില്പോലും മൂലകാണ്ഡത്തിൽനിന്നു പുറപ്പെട്ടു തുടങ്ങാത്ത കാലമാണ്. ആധുനികതയ്ക്കൊപ്പം അതിനൊട്ടും ഇണങ്ങാത്തതെന്നു നമ്മൾ വിചാരിച്ചു വശായിരുന്ന പഴഞ്ചൻ ആചാരമുറകൾക്ക് കൂടി പ്രാധാന്യംകൊടുത്തുകൊണ്ട് ഒരു തിയേറ്റർ മുന്നോട്ടു വച്ച് ചുവടിനെപ്പറ്റി ആലോചിക്കുമ്പോൾ അദ്ഭുതം തോന്നുന്നു. അതാവട്ടെ പ്രവചനസ്വഭാവം ഉള്ളതായി തീരുകയും ചെയ്തു. അർത്ഥം തീരെ ഇനിയും ബോധ്യമാവാത്ത ഒരു പാട്ടിനെയും അതിന്റെ രചനാപശ്ചാത്തലത്തെയും പറ്റി ബഹുമാനംകൂറിയില്ലെന്ന പേരും പറഞ്ഞ് തൊട്ടടുത്തിരിക്കുന്നവനെ ഒറ്റികൊടുക്കാനും ജയിലിൽ കേറ്റാനും ഉത്സാഹിച്ച ജനസമൂഹത്തെ വാർത്തെടുക്കാൻവരെ (മഹാരാഷ്ട്രാ മന്ത്രി രോമാഞ്ചം കൊണ്ടതുപോലെ അങ്ങനെ ഇന്ത്യാക്കാരെ ഒന്നിക്കാൻ...) സഹായിച്ച ഒരു മാറ്റമാണ് കേരളത്തിൽ ‘ശ്രീപദ്മനാഭ‘ ഉണ്ടാക്കി വച്ചത്.

സൺഡേ ഹോളിഡേ എന്ന സിനിമ കാണാൻ പോകുമ്പോൾ പതിവുപോലെ ഇപ്പോൾ ഇരട്ടയായി തീർന്ന ശ്രീ പദ്മനാഭയിലെ ദേശീയഗാനത്തിന് സുപ്രീം കോടതി നിർദ്ദേശങ്ങളുടെ കൈത്താങ്ങില്ല. സ്ക്രീനിൽ ദേശീയപതാക ഉലയുന്നില്ല. പകരം കാണിക്കുന്നത് ബധിരരും മൂകരുമായ കുട്ടികൾ പശ്ചാത്തല സംഗീതത്തിന്റെ താളത്തിൽ ആംഗ്യഭാഷയിൽ പാട്ടുപാടുന്ന സുപ്രസിദ്ധമായ വീഡിയോ ആണ്. അത് ഒരു ചിത്രീകരണമാണ്. ഔദ്യോഗികമായിട്ടാണെങ്കിൽ ദേശീയഗാനത്തിന്റെ നാടകീകരണം അതിനെ അപമാനിക്കുന്നതിനുതുല്യമാണ്. ചിത്രത്തിൽ ദേശഭക്തിയ്ക്കല്ല ഊന്നൽ, മറിച്ച് വിഭിന്നശേഷിക്കാരായ കുട്ടികളുടെ വികാരത്തള്ളിച്ചയ്ക്കാണ്. സ്ക്രീനിൽ ദേശീയപതാക കാണിച്ച് സാഹിത്യത്തോടെയുള്ള സംഗീതം 51 സെക്കന്റുകൊണ്ട് കേൾപ്പിക്കുന്നത് കാണികളുടെ മനസ്സിൽ ദേശഭക്തിയും ( അതിന്റെ ഉപോത്പ്പന്നമായ, നേരത്തെ നമ്മൾ കണ്ടതുപോലെയുള്ള സഹജീവി വെറുപ്പും, ഗോവയിൽ സലിൽ ചതുവേദി, മുംബായിൽ ഒരു ആഫ്രിക്കൻ വനിത, കേരളത്തിൽ സൽമാൻ.. ഒരുപാടുപേരുണ്ട് അഖിഅലഭാരതീയ ഐക്യം ഊട്ടി ഉറപ്പിക്കുന്ന ഈ പ്രക്രിയയുടെ മറ്റേവശമായ അഖിലഭാരതീയ ദേശഭക്തവിരുദ്ധ വെറുപ്പിനിരയായവർ) ഉത്പാദിപ്പിക്കാനാണെങ്കിൽ ഈ വീഡിയോ ശ്രമിക്കുന്നത് ഇത്തരക്കാരായ കുട്ടികളോട് സഹതാപംകൂടി ഉണ്ടാക്കാനാണ്. നിയമപ്രകാരം അതു പാടില്ലാത്തതാണ്. . 51 സെക്കന്റുകൊണ്ട് തീരുന്ന പാട്ട്, ഈ ചിത്രീകരണത്തിൽ മൂന്നു മിനിട്ടോളം എടുക്കുന്നുണ്ട്. സുപ്രീം കോടതി അനുശാസിച്ച പ്രധാന കാര്യം, ദേശീയസ്വത്വത്തെയും ദേശീയോദ്ഗ്രഥനത്തെയും ഭരണഘടനാപരമായ ദേശഭക്തിയെയും അധിഷ്ഠിതമായ നടപടിക്രമത്തെ കൃത്യമായി പിന്തുടരുകയല്ല ചിത്രീകരണങ്ങൾ ചെയ്യുക, മറിച്ച് അവ അവയുടേതായ വൈകാരികമണ്ഡലത്തെ സൃഷ്ടിക്കുകയാവും. അത് ചട്ടത്തിനു വിരുദ്ധമാണ്.

അതു കാണുന്നതിൽ കുഴപ്പമൊന്നും ഇല്ല. ശാരീരികശേഷികൾ കുറഞ്ഞ കുട്ടികളും അത്യഭിമാനപൂർവം ദേശീയഗാനം അവരുടെ (ആംഗ്യ) ഭാഷയിൽ ആലപിച്ചുകൊണ്ട് നടത്തുന്ന പ്രകടനം ഒരു കാഴ്ചവസ്തുവാണ്. അതിനെ ദേശഭക്തിയുണ്ടെന്ന് ബോധ്യപ്പെടുത്താനായി എഴുന്നേറ്റുനിന്ന് ബഹുമാനിക്കേണ്ടതില്ല. പക്ഷേ വല്ല ഗത്യന്തരവുമുണ്ടോ? ദേശസ്നെഹംകൊണ്ട് കൊടുമ്പിരികൊള്ളുമ്പോൾ ആളുകൾക്ക് ഇതു വല്ലതും മനസ്സിലാവുമോ? എഴുന്നേറ്റു നിന്നപ്പോൾ ഒരു കാര്യം മനസ്സിലായി. പാവ് ലോവിന്റെ പരീക്ഷണത്തിലെ പട്ടിയെപോലെ ഏതു മണിയടിക്കുമ്പോഴും ദേശസ്നേഹ ഉമിനീരു് ഉറവയെടുക്കുന്ന മട്ടിൽ മാറ്റിത്തീർത്ത നമ്മൾ, ഇപ്പോൾ മറ്റൊരു കാഴ്ചവസ്തുവാണ്...
Photo
Shared publiclyView activity